

കഴിഞ്ഞ രണ്ട് വർഷമായി ഞാൻ ത്രിഫ്റ്റ് ഷോപ്പുകളിൽ കയറിയിറങ്ങാൻ തുടങ്ങിയിട്ട്. വെള്ളിയാഴ്ച ഉച്ചകളിലും ശനിയാഴ്ച രാവിലെകളിലും.
കൂടുതലും ഞാൻ ഒറ്റയ്ക്കാണ് പോകാറ്. വെള്ളിയാഴ്ചകളിൽ ചിലപ്പോൾ പ്രീതിയും എന്റെ കൂടെ വരും. എന്റെ സുഹൃത്തൊന്നുമല്ല പ്രീതി. ഞാൻ ജോലിചെയ്യുന്ന ഹരോൾഡ് വാഷിംഗ്ടൺ ലൈബ്രറിയിൽ എന്നെക്കൂടാതെയുള്ള ഒരേയൊരു ഇന്ത്യക്കാരിയാണ്. എന്റെ അപ്പുറത്തെ ക്യൂബിക്കിളിലാണ് അവളുടെ ഇരിപ്പിടം. എല്ലാ ദിവസവും ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കും വൈകിട്ട് നാല് മണിക്കും ഭർത്താവിനെ വിളിച്ച്
“ചപ്പാത്തി കഴിച്ചോ? ഇന്നത്തെ മുട്ടക്കറിയാണോ അതോ ഇന്നലത്തെ പനീർ ആണോ നല്ലത്? ഇന്ന് വൈകുന്നേരം ഞാനെന്താ ഉണ്ടാക്കണ്ടേ?”എന്നൊക്കെയുള്ള അന്വേഷണത്തിലൂടെ താനൊരു ഉത്തമകുടുംബിനിയാണെന്നും ഇങ്ങനൊന്നും വിളിച്ച് ഭർത്താവിനോട് തിരക്കാത്ത എനിക്ക് ഉത്തമ കുടുംബിനിയുടെ ഗിരിശൃംഗത്തിൽ കൊടി നാട്ടാനുള്ള യോഗ്യത ഇല്ലെന്നും കക്ഷി കണ്ണിൽ തെളിയുന്ന മോറൽ സുപ്പീരിയോരിറ്റിയോടെ ഇടയ്ക്കിടയ്ക്ക് പറയും. പ്രീതിയുടെ ഈ കുത്തുകളൊന്നും എന്നെ ഒരുതരിപോലും അലട്ടാറില്ല.
ഉച്ചഭക്ഷണത്തിന് ഒരു മണിക്കൂർ ബ്രേക്ക് കിട്ടുമ്പോഴാണ് ഞങ്ങൾ ത്രിഫ്റ്റ് ഷോപ്പിലേയ്ക്ക് പോകുന്നത്. ആ കടകളിൽ കാലെടുത്തു വയ്ക്കുമ്പോൾത്തന്നെ ഒരു പ്രത്യേക മണം വന്നു മൂക്കിൽ തട്ടും. ഉപേക്ഷിക്കപ്പെട്ട വസ്തുക്കളുടെ മണമാണത്. ചെരുപ്പുകൾ, ബാഗുകൾ, സ്‌കാർഫുകൾ, ബെൽറ്റുകൾ, ചെറിയ മൊട്ടുസൂചി വരെ സങ്കടഭാവത്തോടെയാണ് അവിടെ കിടക്കുന്നത്.
ചിലപ്പോൾ തോന്നും, ഇതൊരു വലിയ സെമിത്തേരിയാണെന്ന്. ആളുകൾ വന്ന് അവർക്ക് വേണ്ടത് എടുക്കുന്നു. വീട്ടിൽ കൊണ്ടുപോകുന്നു. കഴുകിയെടുക്കുന്നു. ഉപയോഗിക്കുന്നു. ബൂം! പെട്ടെന്ന് അതിനെല്ലാം ജീവൻ വയ്ക്കുന്നു!
ഓരോ ത്രിഫ്റ്റ് ഷോപ്പും എനിക്കൊരു പ്രതീക്ഷയാണ്, നിരാശയും!
പ്രീതി പാത്രങ്ങളുടെ വിഭാഗത്തിലേക്ക് പോകുമ്പോൾ, പടപടാ മിടിക്കുന്ന ഹൃദയത്തോടെ ഞാൻ വസ്ത്രങ്ങളുടെ വിഭാഗത്തിലേയ്ക്ക് നടക്കും. നിറങ്ങൾ അനുസരിച്ച് തൂക്കിയിരിക്കുന്ന ഉടുപ്പുകൾ -കിളിപ്പച്ച, മരപ്പച്ച, കാട്ടുപച്ച, ഇളംപച്ച, കരിമ്പച്ച... പിന്നെ കരിനീല, മഷിനീല, രാജനീല... അവയ്ക്കപ്പുറം തൂങ്ങിയാടുന്ന കറുത്ത വസ്ത്രങ്ങൾ. അങ്ങോട്ടേക്കാണ് എന്റെ നോട്ടവും ഓട്ടവും. അവിടെയെങ്ങാനും എന്റെ ആൻ ക്ലെയിൻ ജാക്കറ്റ് കാണുമോ എന്നറിയാനാണ് ഞാൻ ധൃതിയിൽ ഓടുന്നത്.
എന്റെ ആൻ ക്ലെയിൻ ജായ്ക്കറ്റ്!
കറുകറുത്ത നിറം. മുട്ടറ്റം നീളം. സിപ്പർ അല്ല. പകരം വലിയ ബട്ടൻസുകളാണ്.
മറ്റുള്ളവർക്കത് വെറുമൊരു സാധാരണ ജാക്കറ്റ് ആയിരിക്കാം. പക്ഷേ, എനിക്കത് ഒരു മാന്ത്രിക കോട്ടായിരുന്നു. അതിന്റെ മാജിക് എനിക്കു മാത്രമേ അറിയുമായിരുന്നുള്ളൂ എന്നുമാത്രം.
അതു വാങ്ങിയ ദിവസം ഞാനിപ്പോഴും ഓർക്കുന്നുണ്ട്.
ഡിഗ്രി ഒന്നാംവർഷം അപ്പയ്ക്ക് വന്ന ഒരു ചെറിയ ഹാർട്ട് അറ്റാക്ക് ഡിഗ്രി മൂന്നാം വർഷം എന്നെ കല്ല്യാണപ്പന്തലിലെത്തിച്ചു. കണ്ണടയുന്നതിനു മുൻപ് തീർക്കേണ്ട ഭാരിച്ച പല ഉത്തരവാദിത്വങ്ങളിൽ ഏറ്റവും ഭാരമുള്ളതായി അപ്പയ്ക്ക് തോന്നിയത് എന്റെ കല്ല്യാണമായതുകൊണ്ട്, ഡിഗ്രി കഴിഞ്ഞ് എം.ബി.എ മോഹവുമുള്ള എന്നെ, അതിപ്പോ കല്ല്യാണം കഴിഞ്ഞാലും പഠിക്കാമല്ലോ എന്ന പതിവ് ഡയലോഗുകൊണ്ട് മുട്ടുകുത്തിച്ചു.
ചെറുക്കൻ ഷിക്കാഗോയിൽനിന്നുള്ള ഒരു എന്‍ജിനീയർ ആണെന്നറിഞ്ഞപ്പോൾ അന്നുതന്നെ ഞാൻ ഇന്റർനെറ്റിൽ കയറി യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോയുടേയും നോർത്ത് വെസ്റ്റേണിന്റേയും വെബ്സൈറ്റുകൾ പരതി എം.ബി.എയ്ക്ക് ചേരാൻ എന്തൊക്കെ വേണം, എത്ര ചെലവ് വരും എന്നെല്ലാം നോക്കി.
“അവിടെ കോളേജ് ഭയങ്കര ചെലവല്ലേ? നിന്റെ ചെറുക്കന്റെ കയ്യിൽ അതിനൊക്കെയുള്ള കാശ് കാണുമായിരിക്കുമല്ലേ?”
എന്നു കൂട്ടുകാർ ചോദിച്ചപ്പോൾ
“ചെറുക്കന്റെ കയ്യിൽ കാശുണ്ടേലും ഇല്ലേലും
എനിക്ക് ജോലി ചെയ്ത് പഠിക്കാലോ”
എന്നു ഞാൻ മറുപടി പറഞ്ഞു. ഈ രണ്ടു കോളേജിൽ ഒരിടത്ത് എന്തുവന്നാലും പഠിക്കാൻ ചേരുമെന്ന് ഞാൻ എന്നോട് തന്നെ പ്രതിജ്ഞ ചെയ്തു.
അങ്ങനെയാണ് ജനുവരി മാസത്തിലെ കൊടുംതണുപ്പിൽ ഞാൻ ഷിക്കാഗോയിൽ എത്തിയത്. ആദ്യമായിട്ട് മഞ്ഞ് കണ്ടത് ഒരാഴ്ച കഴിഞ്ഞ് ഭർത്താവ് ഓഫീസിൽ പോയ ഒരു പകലാണ്.
ഡൗൺ ടൗണിലെ രണ്ട് ബെഡ്‌റൂം അപ്പാർട്ട്‌മെന്റിലെ ജനാലയിൽ മുഖം ചേർത്തുവെച്ച്, പഞ്ഞിക്കഷണങ്ങൾ പറന്നുനടക്കുന്ന ആകാശത്തേയ്ക്ക് നോക്കിനിന്നപ്പോൾ എന്തോ സങ്കടം മനസ്സിനെ പൊതിഞ്ഞു. അന്നു രാവിലെ അമ്മയെ നാട്ടിലേയ്ക്ക് ഫോണിൽ വിളിച്ച് കരഞ്ഞു. എന്തിനാണ് കരയുന്നതെന്നോ എന്റെ മനസ്സിൽ തോന്നുന്ന സങ്കടത്തിനു വ്യക്തമായ രൂപം കൊടുക്കാനോ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല.
“നീയിങ്ങനെ കരഞ്ഞ് എന്നെ വിഷമിപ്പിക്കല്ലെ ഭാനു” അമ്മയുടെ ശബ്ദമിടറി. ഫോൺ വയ്ക്കാൻ നേരം എന്തോ ഓർത്തപോലെ ചോദിച്ചു:
“ജോയ്ക്ക് സ്നേഹമല്ലേ നിന്നോട്?”
കല്ല്യാണം കഴിഞ്ഞ് ഇരുപത്തഞ്ചോ മുപ്പതോ വർഷം കഴിഞ്ഞവരോട് ചോദിച്ചാൽപോലും ഈ ചോദ്യത്തിനു തൃപ്തികരമായ മറുപടി കിട്ടാറില്ല. അപ്പഴാ ഒരു മാസംപോലും തികയാത്ത എന്നോട് ഈ അന്വേഷണം!
“സ്നേഹമുണ്ടോ ഇല്ലയോ എന്നു തുരന്നുനോക്കാൻ ഞാനെന്താ ചുണ്ടെലിയോ മറ്റോ ആണോ?”
എന്നാണ് എന്റെ വായിൽ വന്നത്.
“തർക്കുത്തരമല്ലാതെ വേറെ ഒന്നും പറയരുത് എന്റെ മോള്.”
എന്നുപറഞ്ഞ് അമ്മ ഠപ്പേന്ന് ഫോൺ വെച്ചിട്ട് പോയി.
ഞങ്ങളുടെ വീട്ടിലെ പതിവാണിത്. ഒരു സങ്കടത്തിനും ആർത്തലച്ച് വളരാനുള്ള വെള്ളവും വളവും തരുന്ന രീതി അവിടെയില്ല. എന്തെങ്കിലും വിഷമമുണ്ടോ, എന്തെങ്കിലും നടക്കാതെ പോയോ-ആ ഒരു ദിവസം മാത്രം കരയാം, എണ്ണിപ്പെറുക്കി പരാതി പറയാം. അടുത്ത ദിവസം “വാട്ട് ഈസ് നെക്സ്റ്റ്” എന്ന ചോദ്യവും അതിനുള്ള ഉത്തരവും മാത്രമേ പാടുള്ളൂ. അതുകൊണ്ട് അമ്മ ഫോൺ കട്ട് ചെയ്തിട്ട് പോയതിൽ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല. അങ്ങനെ അമ്മ ശ്വാസം മുട്ടിച്ചുകൊന്ന എന്റെ സങ്കടത്തെ അവിടെത്തന്നെ ഉപേക്ഷിച്ചിട്ട് ഞാൻ നാട്ടിൽനിന്നു കൊണ്ടുവന്ന പെട്ടികൾ അൺപാക്ക് ചെയ്യാൻ തുടങ്ങി.
പുട്ടുകുറ്റി, പാലപ്പച്ചട്ടി, മീൻ ചട്ടി, ഇടിയപ്പത്തിന്റെ അച്ച്, ഇഡ്ഡലിച്ചെമ്പ്, ദോശക്കല്ല്, പ്രസ്റ്റീജ് പ്രഷർ കുക്കർ - ഇതൊക്കെ മുട്ടാതേം തട്ടാതേം ഇരിക്കാൻ പാകത്തിന് ഷെൽഫുകളിൽ അടുക്കി. ഇതൊന്നും ഉപയോഗിക്കാൻ അറിയില്ലല്ലോ എന്ന നാണക്കേടും പേടിയും ഞാൻ അതിന്റെകൂടെ തന്നെ ഭദ്രമായി അടുക്കി. യുട്യൂബും ബ്ലോഗുകളും ഉണ്ടല്ലോ എന്നു സ്വയമാശ്വസിച്ചു.
അപ്പാർട്ട്‌മെന്റ് ഒരുക്കാനും അത്യാവശ്യ സാധനങ്ങൾ വാങ്ങാനും വന്ന ദിവസങ്ങളിൽ പുറത്തേയ്ക്ക് പോകേണ്ടതായി വന്നപ്പോഴെല്ലാം ജോയുടെ ഓവർസൈസ്ഡ് ജാക്കറ്റാണ് ഇട്ടത്. മരപ്പൊത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന പക്ഷിയുടെ മുഖം കണ്ടിട്ടില്ലേ! അതുപോലെയായിരുന്നു ഭർത്താവിന്റെ ജായ്ക്കറ്റിലെ ഹുഡിക്കുള്ളിൽ എന്റെ മുഖം. ഒരു ദിവസം ആ ഹുഡിയുടെ പൊത്തിലുള്ള എന്റെ മുഖത്തേയ്ക്കും പിന്നെ അടിമുടിയും സൂക്ഷിച്ചു നോക്കിയിട്ട് ഭർത്താവ് പറഞ്ഞു:
“രാവിലെ ഓഫീസിൽ പോകുന്ന വഴി മാർഷൽസിൽ ഇറക്കാം. വൈകുന്നേരം ഓഫീസു കഴിഞ്ഞ് വന്നു ഞാൻ പിക്ക് ചെയ്യാം. കട മുഴുവൻ ചുറ്റിനടന്ന് കാണൂ.”
ഉച്ചയ്ക്ക് തൊട്ടടുത്തുള്ള സബ്‌വേയിൽനിന്ന് സാൻവിച്ച് കഴിക്കാൻ പത്ത് ഡോളറും തന്നു.
എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. ആദ്യമായാണ് ഇവിടെ വന്നിട്ട് തനിയെ ഒരു കടയിൽ പോകാൻ പറ്റുന്നത്. അതും രാവിലെതൊട്ട് വൈകുന്നേരം വരെ! ഈ കട മടുക്കുമ്പോൾ അടുത്ത കടയിൽ കയറാം. ആ കട മടുക്കുമ്പോൾ അതിനടുത്ത കട. എന്റെ സന്തോഷം ഭർത്താവിൽ പ്രത്യേകിച്ചൊരു പ്രതികരണവും ഉണ്ടാക്കിയില്ല. “വെള്ളം കുടിക്കണം” എന്നുമാത്രം പറഞ്ഞു.
മരങ്ങൾ തിങ്ങിനിൽക്കുന്ന ഒരു കാട്ടിനുള്ളിലേയ്ക്ക് കയറുന്നതുപോലെയാണ് ആദ്യമായി മാർഷൽസിനുള്ളിൽ കാലുകുത്തിയപ്പോൾ എനിക്കു തോന്നിയത്. മരങ്ങൾക്കും മൃഗ ങ്ങൾക്കും പകരം ഡ്രസ്സുകളും വിന്റർ കോട്ടുകളും ഷോളുകളും ചെരുപ്പുകളും ബൂട്ടുകളുമാണെന്നു മാത്രം.
വൈകുന്നേരം ഭർത്താവ് വരുന്നതുവരെ സമയമുള്ളതുകൊണ്ട് ഒരു ധൃതിയുമില്ലാതെ ഞാൻ കോട്ടുകളോരോന്നും തൊട്ടും തലോടിയും വില നോക്കിയും അലസമായി നടന്നു. ചുരുങ്ങിയത് ഒരന്‍പതെണ്ണമെങ്കിലും ഞാനിട്ടുനോക്കിയിട്ടുണ്ടാവണം. ഇട്ടതൊരെണ്ണംപോലും എനിക്കിഷ്ടപ്പെട്ടില്ല. മടുത്തിട്ട് ഞാൻ ഹാൻഡ്ബാഗ് സെക്ഷനിലേയ്ക്ക് നടന്നു.
അപ്പോഴാണത് കണ്ടത്, അടുക്കിവെച്ച ബാഗുകളുടെ മുകളിൽ ഒരു കറുത്ത ജാക്കറ്റ് എന്നെ കാത്തിരിക്കുന്നതുപോലെ വിടർന്നുകിടക്കുന്നു. ബാഗിന്റെ സെക്ഷനിൽ എത്തിയപ്പോൾ എന്നാൽപ്പിന്നെ ബാഗ് വാങ്ങിയേക്കാം കോട്ടിപ്പൊ വേണ്ടാ എന്നാർക്കോ വീണ്ടുവിചാരമുണ്ടായതുപോലെ!
ജാക്കറ്റിന്റെ മുകളിലൂടെ വിരലോടിച്ചപ്പോൾ എന്തു പതുപതുത്തത് എന്നു മനസ്സിലോർത്തു.
ഞാനതുമായി കണ്ണാടിക്കു മുന്നിലേയ്ക്ക് ചെന്നു.
കൈകളുടെ അറ്റത്ത് വെണ്ണപോലെ മൃദുവായ കറുത്ത ഫർ തുന്നിച്ചേർത്തിട്ടുണ്ടായിരുന്നു. കൈകൾ കയറ്റി, വലിച്ച് പാകത്തിനിട്ട്, മുൻവശത്തെ ബട്ടനുകൾ ഓരോന്നോരോന്നായി ഇട്ടപ്പോൾ എനിക്ക് വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ശരീരത്തിലൂടെ മിന്നൽപ്പിണർ പാഞ്ഞുപോയതുപോലെ!
എന്നെ വെച്ച് തയ്‌ച്ചതുപോലെ കിറുകൃത്യം. എന്റെ ശരീരത്തിന്റെ ഒരോ വളവിലും വടിവിലും ആ കോട്ടിന്റെ നനുത്ത കമ്പിളിത്തുണി പറ്റിച്ചേർന്നു കിടന്നു. കോളറിലെ ഫെർ, കഴുത്തിൽ, പൂച്ചക്കുഞ്ഞിനെപ്പോലെ ഉരുമ്മി. കണ്ണാടിയിൽ കണ്ട ആളെ എത്ര നോക്കിയിട്ടും മതിയാകുന്നില്ല. അത്രയ്ക്ക് ഭംഗി! ചാഞ്ഞും ചെരിഞ്ഞും കണ്ണാടിക്കു മുന്നിൽനിന്നു. ഈ ജാക്കറ്റിൽ വിശദീകരിക്കാൻ പറ്റാത്ത എന്തോ ഒരു മാജിക്ക് ഉള്ളതുപോലെ.
കോട്ടിന്റെ പോക്കറ്റിൽ കയ്യിട്ടുനോക്കി. അതും പെർഫെക്റ്റ്. മനസ്സില്ലാമനസ്സോടെ ഞാൻ കോട്ട് ഊരി. കോട്ടിന്റെ കഴുത്തിൽ തുന്നിച്ചേർത്തിട്ടുള്ള ദീർഘചതുരാകൃതിയിലുള്ള റ്റാഗിൽനിന്ന് കോട്ടിന്റെ ബ്രാന്റ് ആൻ ക്ലെയിൻ എന്നു വായിച്ചെടുത്തു.
നൂറിൽ നൂറ്റിപ്പത്ത് മാർക്കിട്ടു ഞാനാ കോട്ടിന്.
ഇനി വേറെ ഒരു കോട്ട് തപ്പി കടകൾ തോറും കയേറണ്ട ആവശ്യമേയില്ല.
പക്ഷേ, ഒരു പ്രശ്നം: എന്റെ പേരിൽ ക്രെഡിറ്റ് കാർഡില്ല. ജോ വരുമ്പോൾ മാത്രമേ വാങ്ങാൻ പറ്റൂ. കാർട്ടിൽ വയ്ക്കാൻ പേടി - എന്റെ കണ്ണ് തെറ്റിയാൽ ആരെങ്കിലും എടുത്തുകൊണ്ട് പോയാലോ? ഉച്ചഭക്ഷണംപോലും കഴിക്കാതെ, കൗണ്ടറിൽ ഏല്പിക്കാതെ, കയ്യിൽത്തന്നെ പിടിച്ചുനിന്നു ജോ വൈകുന്നേരം വരുന്നതുവരെ.
കടയുടെ അകത്തേയ്ക്ക് കയറിവന്ന ഭർത്താവ് കോട്ട് വാങ്ങി തിരിച്ചും മറിച്ചും നോക്കി. വില നോക്കി. മറ്റു കോട്ടുകളുടെ വിലയും നോക്കി. എല്ലാം നൂറും നൂറ്റമ്പതും ഡോളർ. എന്റെ ആൻ ക്ലെയിന് മുപ്പത്തൊന്‍പമ്പത് ഡോളറേ ആയുള്ളൂ എന്നത് ജോയെ സന്തോഷിപ്പിച്ചു എന്നെനിക്കു തോന്നി.
കൗണ്ടറിലെ സ്ത്രീ പുഞ്ചിരിച്ചുകൊണ്ട് “ഹൗ ആർ യു മൈ ഡിയർ?” എന്നു ചോദിച്ചു. രാവിലെ വീട്ടിൽനിന്നിറങ്ങിയ കഥ തൊട്ട്, ബാഗ് റാക്കിൽനിന്ന് ഈ കോട്ട് കിട്ടിയതും ഉച്ചയ്ക്ക് ഭക്ഷണംപോലും കഴിക്കാതെ ഞാനീ കോട്ടിനെ കാത്തതുംവരെ ഞാനാ സ്ത്രീയെ പറഞ്ഞു കേൾപ്പിച്ചു.
ചിലതിനു മറുപടിയായി അവരുറക്കെ ചിരിച്ചു ചിലതിന് “ഓഹ് നോ” എന്നാശ്ചര്യം
പ്രകടിപ്പിച്ചു. ബില്ലടിച്ച് ഭർത്താവിന്റെ കയ്യിൽ കൊടുക്കുന്നതുവരെ ഞങ്ങൾ സംസാരവും ചിരിയും തുടർന്നു.
ഭർത്താവ് മുന്നിൽ നടന്നു. മാർഷൽസിന്റെ കവർ നെഞ്ചോട് ചേർത്ത്‌വെച്ച് നവവധുക്കളിൽ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേകതരം വിധേയത്വത്തോടെ ഞാൻ പുറകെ നടന്നു.
വണ്ടിയിൽ കയറിയ ഉടനെ ജോ പറഞ്ഞു: “ഇവിടെ കടകളിൽ “ഹൗ ആർ യൂ” എന്നാരെങ്കിലും ചോദിക്കുന്നത് അവരുടെ ജോലിയുടെ ഭാഗമാണ്. അതിന് “ഫൈൻ, താങ്ക്യു”ന്നു മാത്രം പറഞ്ഞാൽ മതി. നമ്മുടെ കുടുംബചരിത്രവും ഭൂമിശാസ്ത്രവുമൊന്നും വിളമ്പേണ്ട കാര്യമില്ല.”
ഇതിപ്പോ രണ്ടാമത്തെ തവണയാണ് ഭർത്താവ് ഇതെന്നോട് പറയുന്നത്. ഷിക്കാഗോയിൽ വന്ന ആദ്യ ദിവസം അത്യാവശ്യം വീട്ടുസാധനങ്ങൾ വാങ്ങാൻ വാൾമാർട്ടിൽ പോയപ്പോൾ ഇതേപ്പോലൊരു സംഭവമുണ്ടായി. അന്നും ജോ എനിക്ക് തിരുത്തിത്തന്നിരുന്നു.
****
ഷിക്കാഗോയിലേയ്ക്ക് ശൈത്യകാലം ഒരു കനത്ത പുതപ്പ്പോലെ ഇറങ്ങിവന്ന് നഗരത്തെ അപരിചിതവും എന്നാൽ, മനോഹരവുമായ ഒന്നാക്കി മാറ്റി. ലേക്ക് എഫക്റ്റ് സ്നോ മിഷിഗൻ അവന്യൂവിലെ ഉയരമുള്ള കെട്ടിടങ്ങളെ വെള്ളപ്പൊടിയാൽ മൂടി. നാട്ടിൽ വല്ല്യമ്മച്ചിയുടെ പഞ്ചസാരപ്പാവിൽ പൊതിഞ്ഞ ജിലേബിപോലെ.
പുതിയ ജാക്കറ്റിൽ, ഞാൻ കൂടുതൽ ദൂരം സഞ്ചരിക്കാൻ തുടങ്ങി. നഗരത്തെ കഷണം കഷണമായി കണ്ടെത്തി.
പൊതുഗതാഗതത്തെക്കുറിച്ച് ജോയ്ക്ക് ആശങ്കകൾ ഉണ്ടായിട്ടും ഞാൻ എൽ ട്രെയിൻ ഉപയോഗിക്കാൻ പഠിച്ചു. “കയറുമ്പോഴും ഇറങ്ങുമ്പോഴും എനിക്ക് മെസ്സേജ് അയക്കണം” എന്ന് ജോ പറഞ്ഞത് ഞാൻ കൃത്യമായി അനുസരിക്കാറുണ്ടായിരുന്നു. എങ്കിലും ചിലപ്പോൾ, കൾച്ചറൽ സെന്ററിലെ സൗജ ന്യ പിയാനോ കോൺസർട്ടുകൾ കേൾക്കാൻ ഇറങ്ങുന്ന സ്റ്റോപ്പുകളിൽ ഞാൻ മെസ്സേജ് അയക്കാൻ ‘മറന്നു’പോകും.
ഡൗൺടൗണിൽ, ഹാരോൾഡ് വാഷിംഗ്ടൺ ലൈബ്രറിയിലെ എന്റെ ആദ്യത്തെ ജോലി ഇന്റർവ്യൂനു ഞാനീ കോട്ട് ധരിച്ചാണ് പോയത്.
“വളരെ പ്രൊഫഷണൽ” എന്ന് അഭിമുഖം നടത്തിയ ആൾ അഭിപ്രായപ്പെട്ടിരുന്നു.
ജോയ്ക്ക് പ്രമോഷൻ കിട്ടിയ അന്നുരാത്രി, ഞങ്ങൾ ആർ.പി.എം ഇറ്റാലിയനിൽ ഡിന്നർ കഴിച്ചപ്പോഴും ഞാനീ കോട്ട് ധരിച്ചിരുന്നു. യാതൊരു പരിചയവുമില്ലാത്ത, സ്‌റ്റൈലിഷായ രണ്ട് സ്ത്രീകളും ഒരു ചെറുപ്പക്കാരനും എന്റെ കോട്ടിനെ പുകഴ്ത്തി പറഞ്ഞപ്പോൾ ഞാൻ ശരിക്കും അമ്പരന്നു. സന്തോഷവും തോന്നി.
ഒരു മാസം മുൻപ് ഓഹെയർ വിമാനത്താവളത്തിൽ ഇറങ്ങിയ, ഇവിടെ ഇണങ്ങിച്ചേരാൻ പാടുപെടുമോ എന്നു പേടിച്ച, പറിച്ചുനടപ്പെട്ട വധു മാത്രമല്ല, ഈ കാറ്റുനിറഞ്ഞ തെരുവുകളിലൂടെ ആത്മവിശ്വാസത്തോടെ നടക്കാനും കൂടി കഴിയുന്ന ഒരാളാണ് ഞാൻ എന്നു തിരിച്ചറിഞ്ഞു. അത്രയ്ക്ക് ആത്മവിശ്വാസമാണ് ഈ ജാക്കറ്റ് എനിക്കു നൽകിയത്.
ഹാരോൾഡ് വാഷിംഗ്ടൺ ലൈബ്രറിയിൽ വെച്ച് ഞാൻ സാറയെ കണ്ടുമുട്ടി, ഒരു ഇ.എസ്.എൽ അദ്ധ്യാപിക, സംഭാഷണ സർക്കിളുകൾ നടത്തുന്നവൾ. സാറയുടെ കണ്ണുകൾക്കു ചുറ്റും സൈക്കിൾ കമ്പിപോലെ ചിരി വരകളുണ്ടായിരുന്നു, നരച്ചമുടി പിക്സി കട്ടിൽ വെട്ടിയിട്ടിരുന്നു, എന്റെ ഭർത്താവ് കുറ്റംപറയുന്ന തരത്തിൽ.
“നിന്റെ ഇംഗ്ലീഷ് നല്ലതാണല്ലോ, ഇഡിയങ്ങളെക്കുറിച്ച് വളരെ നല്ല ധാരണയുണ്ട്” ഒരു സെഷനുശേഷം സാറ പറഞ്ഞു.
“ഇംഗ്ലീഷ് മീഡിയം സ്കൂൾ” ഞാൻ വിശദീകരിച്ചു. “പക്ഷേ, അമേരിക്കൻ ആക്സന്റ് ഒന്നും മനസ്സിലാകുന്നില്ല.”
“അത്രേ ഉള്ളോ”
സാറ ചിരിച്ചു.
“നീ ഞങ്ങളുടെ പുസ്തക ക്ലബ്ബിൽ ചേര്. ഞങ്ങൾ എല്ലാ വ്യാഴാഴ്ചയും വൈകുന്നേരം കൂടാറുണ്ട്. ഇവിടത്തെ ആക്സന്റ് മനസ്സിലാക്കാൻ ഒരു നല്ല മാർഗ്ഗമാണത്.”
“ഓ, എനിക്കറിയില്ല...” ഞാൻ ആശങ്കയോടെ ജാക്കറ്റിന്റെ ബട്ടണുകളിൽ വിരലോടിച്ചു.
“മീറ്റിംഗ് വൈകുന്നേരമായതുകൊണ്ടാണ്...”
“വൈകുന്നേരം ഒറ്റയ്ക്ക് വിടാൻ നിന്റെ ഭർത്താവിനു വിഷമമുണ്ടെങ്കിൽ അദ്ദേഹത്തേയും കൂടെ കൂട്ടിക്കോ” സാറ ശ്രദ്ധയോടെ പറഞ്ഞു. എന്റെ വാചകങ്ങൾ മിക്കവാറും “ജോ പറഞ്ഞു...” എന്നു തുടങ്ങുന്നത് അവർ ശ്രദ്ധിച്ചിരുന്നു എന്നു തോന്നുന്നു.
അന്നു വൈകുന്നേരം,
പുസ്തക ക്ലബ്ബിനെക്കുറിച്ചുള്ള
ചിന്തകളിൽ മുഴുകി, ഞാൻ വീണ്ടും ഭക്ഷണം കരിച്ചുകളഞ്ഞു. തെറ്റ് ചൂണ്ടിക്കാണിച്ച് വഴക്ക് പറയുന്നതുപോലെ സ്‌മോക്ക് അലാറം ഞങ്ങളുടെ അപ്പാർട്ട്‌മെന്റിൽ മുഴങ്ങി.
ജോ സെൻസറിനു താഴെ കിച്ചൻ ടവൽ വീശിക്കൊണ്ട് സ്‌മോക്ക് അലാറത്തിനൊപ്പം എന്റെ അശ്രദ്ധകളെക്കുറിച്ചു പറഞ്ഞു. ഭർത്താവിന്റെ വിശദീകരിക്കാനാവാത്ത വിശ്വാസങ്ങളിൽനിന്നും കല്പനകളിൽനിന്നും ശാസനകളിൽനിന്നും ഉയരുന്ന അദൃശ്യമായ പുകയേറ്റ് വാടി ചുങ്ങിച്ചുരുങ്ങി പോകാതിരിക്കാൻ എനിക്ക് എല്ലാ ജനാലകളും നന്നായി തുറന്നിടേണ്ടിവന്നു.
“എനിക്ക് പാചകം ഇഷ്ടമാണ്. ചെയ്ത് ശീലമില്ലാത്തതുകൊണ്ടാണ്. പക്ഷേ, ഞാൻ ഒത്തിരി ഇംപ്രൂവ് ചെയ്തിട്ടുണ്ട്.”
“തീർച്ചയായും.” ഭർത്താവിന്റെ സ്വരം സൗമ്യവും യുക്തിപരവുമായിരുന്നു. “അതുകൊണ്ടാണ് നീ കൂടുതൽ കാര്യങ്ങൾ ഏറ്റെടുക്കുന്നതിനു മുന്‍പ് ശരിയായി സെറ്റിൽ ആകണമെന്നു ഞാൻ കരുതുന്നത്. നീ പറഞ്ഞ ആ ലൈബ്രറി ഗ്രൂപ്പുകളൊന്നും ഇപ്പോ വേണ്ട, കുറച്ചുകൂടി കഴിയട്ടെ, അല്ലേ?”
എന്നാൽ, അടുത്ത വ്യാഴാഴ്ച, എന്തായാലും ഞാൻ പുസ്തക ക്ലബ്ബിൽ പോയി. അവർ ‘മിസ്സിസ് ഡാലോ വേ’ വായിക്കുകയായിരുന്നു-ഒരു പാർട്ടി പ്ലാൻ ചെയ്യുന്ന സ്ത്രീയെക്കുറിച്ചുള്ള കഥ. എന്നാൽ, യഥാർത്ഥത്തിൽ അത് മറ്റെല്ലാത്തിനെക്കുറിച്ചുമായിരുന്നു. ലൈബ്രറിയുടെ മൂന്നാംനിലയിലെ ചർച്ചാമുറിയിൽ, എന്റെ ആൻ ക്ലെയിൻ ജാക്കറ്റ് ഒരു സംരക്ഷണ ചിറക്പോലെ കസേരയിൽ വിരിച്ചിട്ട്, ഏഴ് സ്ത്രീകൾ തിരഞ്ഞെടുപ്പുകൾ, വ്യക്തിത്വം, പ്രതീക്ഷകളുടെ ഭാരം എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നത് ഞാൻ അത്ഭുതത്തോടെ കേട്ടിരുന്നു.
“വൈകിയതിനു സോറി” ഞാൻ പിന്നീട് ജോയ്ക്ക് മെസ്സേജ് അയച്ചു. “ഗ്രോസറി ലൈൻ വളരെ നീണ്ടതായിരുന്നു.”
വ്യാഴാഴ്ചകളിലെ ‘ഗ്രോസറി ഷോപ്പിംഗ്’ എന്റെ പ്രാണവായുവായി മാറി. ജാക്കറ്റ് ധരിച്ച്, ഒരു ഒഴികഴിവായി ജായ്ക്കറ്റിന്റെ പോക്കറ്റിൽ ഒരു ഗ്രോസറി ബാഗും കരുതി, ഞാൻ അപ്പാർട്ട്‌മെന്റിൽനിന്നു പുറപ്പെടും. ചിലപ്പോൾ ഞാൻ ശരിക്കും സാധനങ്ങൾ വാങ്ങും. ഫ്രഷ് മാർക്കറ്റിലെ നിരകളിലൂടെ ധൃതിയിൽ നടന്ന്, എന്റെ കഥയെ സാധൂകരിക്കാനുള്ള സാധനങ്ങൾ തിരഞ്ഞെടുക്കും. ചില ദിവസങ്ങളിൽ, വേറെ ഒന്നും വാങ്ങാനില്ലാത്ത ദിവസങ്ങളിൽ, ഞാൻ കടയിൽനിന്ന് ഒരു കെട്ട് പൂക്കൾ വാങ്ങും. ലൈബ്രറിയിലെ ജോലിയിൽനിന്നു കിട്ടുന്ന വളരെ തുച്ഛമായ ശമ്പളം രണ്ടു ദിവസം കഴിഞ്ഞാൽ വാടിപ്പോകുന്ന പൂക്കൾക്കുവേണ്ടി ചെലവഴിക്കുന്നത് മണ്ടത്തരമാണെന്ന് എനിക്കറിയാം. പക്ഷേ, എന്റെ അപ്പാർട്ട്‌മെന്റിനേയും എന്നെ നോക്കിയിരിക്കുന്ന എന്റെ ഉടമസ്ഥനേയും ഓർക്കാതിരിക്കാൻ എന്റെ കയ്യിൽ ഭംഗിയുള്ള എന്തെങ്കിലും വേണമെന്നുള്ളത് ചില ദിവസങ്ങളിൽ എനിക്ക് അത്യാവശ്യമായിരുന്നു.
എന്നാൽ, ലൈബ്രറിയിലെ ആ രണ്ട് മണിക്കൂറുകളിൽ, ഞാൻ വെറും ഭാനു മാത്രമായിരുന്നു, ആരുടേയും ഭാര്യയായിരുന്നില്ല.
എനിക്ക് കൃത്യമായിട്ടിണങ്ങുന്ന ജാക്കറ്റണിഞ്ഞ്, മറ്റുള്ളവരുടെ പ്രതീക്ഷകളുടെ ഭാരമെന്താണെന്നറിയുന്ന സ്ത്രീകളുടെയിടയിൽ, ഉപാധികളോടെയുള്ള സ്നേഹം നൽകുന്ന പ്രത്യേകതരം ഏകാന്തതയ്ക്കുമിടയിൽ ഞാൻ വെറും ഞാൻ മാത്രമായിട്ടിരുന്നു.
വസന്തകാലം ഷിക്കാഗോയിലേയ്ക്ക് ഒരു മെല്ലെയുള്ള ഉണർവ്പോലെ വന്നു. തടാകത്തിനരികിലെ നടപ്പാതയിൽ മഞ്ഞുരുകി. മിഷിഗൻ തടാകത്തിനരികിലൂടെ മൈലുകളോളം നടക്കാമെന്നു ഞാൻ കണ്ടെത്തി. നീലയുടേയും ചാരനിറത്തിന്റേയും നിഴലുകളിൽ വെള്ളം അനന്തമായ സാരി
പോലെ വിരിഞ്ഞുകിടന്നു. ഓരോ ദിവസവും കൂടുതൽ കൂടുതൽ സ്വന്തമായി തോന്നുന്ന ഈ നഗരത്തിൽ ചില ദിവസങ്ങളിൽ ജാക്കറ്റില്ലാതേയും നടക്കാമെന്നായി. എന്നാൽ, ചില ദിവസങ്ങളിൽ ജാക്കറ്റിന്റെ ആവശ്യമില്ലെങ്കിലും ഞാനത് ധരിച്ചു.
“ഇതു നോക്കൂ, നിനക്ക് ചിലപ്പോ താല്പര്യം കാണുമായിരിക്കും” ഒരു വ്യാഴാഴ്ച സാറ പുസ്തക ക്ലബ്ബ് മേശയിലൂടെ ഒരു ലഘുലേഖ നീക്കിക്കൊണ്ട് പറഞ്ഞു. “കൾച്ചറൽ സെന്റർ സൗജന്യ ഫോട്ടോഗ്രഫി വർക്ക്‌ഷോപ്പുകൾ നടത്തുന്നുണ്ട്. ശനിയാഴ്ച രാവിലെ രണ്ട് മണിക്കൂർ മാത്രം.”
ജോയുടെ പ്രതികരണം മുൻകൂട്ടി ഊഹിച്ചുകൊണ്ട് ഞാൻ ലഘുലേഖ പഠിച്ചു: “എനിക്ക് ക്യാമറ പോലുമില്ല.”
“നിന്റെ ഫോൺ ഉപയോഗിക്കൂ” മറ്റൊരു പതിവ് പുസ്തക ക്ലബ് അംഗം നിർദ്ദേശിച്ചു. “മിക്ക തുടക്കക്കാരും അങ്ങനെയാണ് ചെയ്യുന്നത്.”
അന്നു രാത്രി, അത്താഴം ഉണ്ടാക്കുമ്പോൾ ഞാൻ മനസ്സിൽ ആ സംഭാഷണം പരിശീലിച്ചു. എന്നാൽ, അവസാനം ക്ലാസ്സിനെക്കുറിച്ച് പറഞ്ഞപ്പോൾ, ജോയുടെ പ്രതികരണം എന്നെ അത്ഭുതപ്പെടുത്തി.
“ഫോട്ടോഗ്രഫിയോ?” ലാപ്‌ടോപ്പിൽനിന്നു മുഖമുയർത്തി. “അത് നല്ല കാര്യമാണല്ലോ. നമുക്കു നല്ല ഒരു ക്യാമറ വാങ്ങണം. ഫാമിലി ഫംഗ്ഷൻസിനൊക്കെ ഫോട്ടോ എടുക്കാമല്ലോ.”
ഇത്ര എളുപ്പം ജോ സമ്മതിക്കുമെന്നു ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. പിന്നീട്, ഞാൻ മനസ്സിലാക്കി, ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതത്തെക്കുറിച്ച്, അദ്ദേഹത്തിന്റെ സങ്കല്പത്തിന് ഇണങ്ങുന്ന കാര്യങ്ങൾക്ക് അദ്ദേഹത്തിന്റെ പിന്തുണ എളുപ്പം ലഭിക്കും. കുടുംബഫോട്ടോകൾ? തീർച്ചയായും. ആർട്ട് ഫോട്ടോഗ്രഫി? അത് വേറെ കാര്യം.
ക്ലാസ്സുകൾ എനിക്ക് മറ്റൊരു ഷിക്കാഗോയിലേയ്ക്കുള്ള ജാലകമായി മാറി.
മില്ലേനിയം പാർക്കിലെ തെരുവ് സംഗീതജ്ഞർ, വേനൽക്കാല ഉത്സവങ്ങളിൽ നൃത്തം ചെയ്യുന്ന പ്രായമായ ദമ്പതികൾ, ക്രൗൺ ഫൗണ്ടനിൽ, വെള്ളത്തിൽ കുളിച്ച് തിമിർക്കുന്ന കുട്ടികൾ -ഇവയെല്ലാം ഞാൻ ക്യാമറയിൽ പകർത്തി. ബീനിന്റെ വളഞ്ഞ പ്രതലത്തിൽ പ്രതിഫലിച്ച നിര വധി സെൽഫികളിൽ എന്റെ ആൻ ക്ലെയിൻ പ്രത്യക്ഷപ്പെട്ടു. ആ ഫോട്ടോകളിൽ എന്റെ ചുണ്ടും അതിനൊപ്പം കണ്ണുകളും എല്ലായ്‌പ്പോഴും ചിരിച്ചു. ആൻ ക്ലെയിൻ ധരിച്ചപ്പോഴൊന്നും എന്റെ ചിരിയിൽ വഞ്ചനയുടെ നിറമില്ലായിരുന്നു.
“ഇതെല്ലാം വളരെ നന്നായിരിക്കുന്നു” എന്റെ ഫോണിലൂടെ സ്‌ക്രോൾ ചെയ്തുകൊണ്ട് സാറ പറഞ്ഞു. ഞങ്ങൾ പുസ്തക ക്ലബ്ബിനു മുന്‍പ് കോഫിക്ക് കാണാൻ തുടങ്ങിയിരുന്നു. ഞങ്ങളുടെ വർത്തമാനങ്ങൾ സാഹിത്യത്തിനുമപ്പുറത്തേയ്ക്ക് വളർന്നു.
“പ്രത്യേകിച്ച് ഈ കൈകളുടെ സീരീസ്-പ്രാവുകൾക്ക് തീറ്റകൊടുക്കുന്ന വൃദ്ധ, ക്രേപ്പ് ഉണ്ടാക്കുന്ന തെരുവ് കച്ചവടക്കാരൻ...”
“കുടുംബചടങ്ങുകളിൽ കൂടുതൽ ശ്രദ്ധകൊടുക്കാനാണ് ജോ പറയുന്നത്.” ഞാൻ സാറയോട് പറഞ്ഞു. “ആർട്ട് ഫോട്ടോഗ്രഫി പ്രായോഗികമല്ലെന്ന് അദ്ദേഹം പറയുന്നു...”
സാറയുടെ നിശ്ശബ്ദത വളരെയേറെ സംസാരിച്ചു. “നിനക്കെന്താണ് തോന്നുന്നത്?”
“ഒരു ഭാര്യ കാണിക്കേണ്ട അടിയറവിന്റെ ശരിയായ അളവ് ഞാൻ കാണിക്കുന്നതുകൊണ്ടാണ് എനിക്കിത്രയുമെങ്കിലും ചെയ്യാൻ പറ്റുന്നത്, കൂടുതൽ പുഷ് ചെയ്യാതിരിക്കുന്നതാണ് ബുദ്ധി” എന്ന് ഞാൻ സാറയോട് പറഞ്ഞപ്പോൾ, എത്ര പറഞ്ഞിട്ടും മനസ്സിലാകാത്ത ഒരു കുട്ടിയെ ശാസിക്കുന്നതുപോലെ
“ഓ ഭാനു ഭാനു” എന്നു പറഞ്ഞു തല ഒരു പ്രത്യേക തരത്തിൽ ഇളക്കി എന്തിനോടോ പ്രതിഷേധം രേഖപ്പെടുത്തി.
സാറയ്ക്ക് മറുപടി നൽകാൻ കഴിയുന്നതിനു മുന്‍പ്, ജോയുടെ മെസ്സേജ് എന്റെ ഫോണിൽ വന്നു:
“എവിടെയാണ്? ആരുടെ കൂടെയാണ്?”
ഞാൻ ധൃതിയിൽ പിടഞ്ഞെഴുന്നേറ്റു. മിഷിഗൺ തടാകത്തിന്റെ കരയിൽ ആളുകൾ പട്ടം പറത്തുന്നുണ്ടായിരുന്നു. ചരട് എപ്പോൾ വലിക്കണമെന്നും എപ്പോൾ അയച്ചുവിടണമെന്നും ഉടമസ്ഥർ നിശ്ചയിക്കുന്ന ആ പട്ടങ്ങൾ ആകാശത്ത് പൊങ്ങിപ്പറക്കുന്നത് കണ്ടുകൊണ്ടാണ് ഞാൻ അപ്പാർട്ട്‌മെന്റിലേയ്ക്ക് ധൃതിയിൽ നടന്നത്.
മിഷിഗൻ അവന്യൂവിലെ ഇലകൾ സ്വർണ്ണനിറത്തിലേയ്ക്ക്, പിന്നെ ചുവപ്പിലേയ്ക്ക്, അതിനുശേഷം തവിട്ടു നിറത്തിലേയ്ക്ക് മാറി. ഞാൻ എന്റെ ക്യാമറയിലൂടെ ആ മാറ്റങ്ങൾ പകർത്തി.
എന്നാൽ, ഞാൻ മറ്റൊന്നുംകൂടി രേഖപ്പെടുത്തുകയായിരുന്നു-ഞങ്ങളുടെ വിവാഹത്തിൽ വളരുന്ന നിശ്ശബ്ദത, അപ്പാർട്ട്‌മെന്റിൽ ഞാനും ജോയും ശ്രദ്ധയോടെ പരസ്പരം ഒഴിഞ്ഞുമാറി സഞ്ചരിക്കുന്ന രീതി.
മൂന്നാമത്തെ വിന്ററിൽ, ഡിസംബറിലെ അവസാനത്തെ ഞായറാഴ്ച, പള്ളിയിൽ വെച്ചാണ് എന്റെ കോട്ട് നഷ്ടപ്പെട്ടത്. പ്രസംഗസമയത്ത് അച്ചൻ പറയുന്നതൊന്നും ശ്രദ്ധിക്കാതെ ഞാൻ വർണ്ണജനാലകളിലൂടെ വരുന്ന വെളിച്ചം മരബെഞ്ചുകളിൽ സൃഷ്ടിക്കുന്ന പാറ്റേണുകൾ പഠിക്കുന്നതിൽ മുഴുകിയിരിക്കുകയായിരുന്നു എന്നുള്ളത് നേരാണ്. പക്ഷേ, കുർബാന കഴിഞ്ഞ് കാപ്പി കുടിക്കാൻ പോയപ്പോൾ ഹാളിലെ മുറിയിൽ, മിസ്സസ് ഗാർസിയയുടെ നീലക്കോട്ടിനും ആ പച്ച പാർക്കയ്ക്കുമിടയിൽ എന്റെ ആൻ ക്ലെയിൻ തൂക്കിയിട്ടത് എനിക്ക് നല്ല ഓർമ്മയുണ്ട്. കാപ്പി കുടിച്ച് തിരിച്ചുവന്നപ്പോൾ അതവിടെ കാണുന്നില്ല. എന്റെ കോട്ട് ആരെടുത്തുകൊണ്ടുപോയി? പരിഭ്രമിച്ച്, ഓടിനടന്ന് ഞാൻ പള്ളി മുഴുവൻ തപ്പി.
എല്ലാ ഞായറാഴ്ചയും കളഞ്ഞുകിട്ടിയ സാധനങ്ങൾ സൂക്ഷിക്കുന്ന മുറിയിൽ കുർബാനയ്ക്ക് മുന്നേ ഞാനെത്തി. ഒരു കുഞ്ഞു കടലാസിൽ കോട്ടി ന്റെ ലക്ഷണങ്ങൾ എഴുതി അവരെ ഏല്പിച്ചു. കഴുത്ത് ഭാഗത്ത് കുത്തുവിട്ടത് തുന്നിച്ചേർത്തത് വരെ ഞാനതിൽ എഴുതിയിട്ടുണ്ടായിരുന്നു.
“ഇതുവരെ ഇവിടെ വന്നിട്ടില്ല” കണ്ണുകളിൽ സഹതാപത്തോടെ മിസ്സിസ് പീറ്റേഴ്‌സൺ പറയും.
“അറിയാമോ, എന്റെ ജോർജ് ജീവിച്ചിരുന്നപ്പോൾ, ഞാൻ വളരെയധികം കൊതിയോടെ കൊണ്ടുനടന്ന സാധനങ്ങൾ ചിലപ്പോഴൊക്കെ ‘നഷ്ടപ്പെടാറുണ്ടായിരുന്നു.’ എന്റെ നന്മയ്ക്കുവേണ്ടിയാണെന്ന് അദ്ദേഹം പറയുമായിരുന്നു.”
അവർ തുടർന്നു:
“പേടിക്കേണ്ട, കളഞ്ഞുകിട്ടുന്നെതല്ലാം ആറ് മാസം വരെ ഞങ്ങളിവിടെ സൂക്ഷിക്കും. അതു കഴിഞ്ഞും ഉടമസ്ഥർ വന്നില്ലെങ്കിൽ മാത്രമേ ഞങ്ങളത് ഡൊണേറ്റ് ചെയ്യുകയുള്ളൂ.”
തിരച്ചിൽ എന്നെ വിഴുങ്ങി. അടുത്ത ആറു മാസവും ലോസ്റ്റ് ആൻഡ് ഫൗണ്ട് മുറിയിൽ പ്രതീക്ഷയോടെ ഞാൻ കയറി, നിരാശയോടെ തിരിച്ചിറങ്ങി.
ഒരു ദിവസം മിസ്സിസ് പീറ്റേഴ്‌സൺ പറഞ്ഞു:
“അടുത്തുള്ള ത്രിഫ്റ്റ് ഷോപ്പുകളിലൊന്നു പോയി നോക്കിക്കോട്ടോ. ചിലപ്പോൾ അറിയാതെ എടുത്ത് ഡൊണേറ്റ് ചെയ്യാൻ സാധ്യതയുണ്ട്.”
അങ്ങനെയാണ് ത്രിഫ്റ്റ് ഷോപ്പുകളിലേയ്ക്കുള്ള എന്റെ തീർത്ഥാടനം തുടങ്ങിയത്. ജോ എഴുന്നേൽക്കുന്നതിനും മുൻപ് എഴുന്നേറ്റ് സാധനങ്ങൾ വാങ്ങാനുണ്ടെന്നോ ഡ്രൈ ക്ലീൻ സ്റ്റോറിലേയ്ക്കെന്നോ കുറിപ്പെഴുതി വെച്ചിട്ട് ഞാനെന്റെ ശനിയാഴ്ചത്തെ കുരിശിന്റെ വഴി തുടങ്ങും. പത്ത് മൈൽ ചുറ്റളവിലുള്ള ഓരോ സെക്കന്റ് ഹാൻഡ് കടകളിലും കയറിയിറങ്ങും. ആദ്യം നോർത്ത് ക്ലാർക്കിലുള്ള ബ്രൗൺ എലഫന്റ് ത്രിഫ്റ്റ് ഷോപ്പ്, പിന്നെ കമ്പർലാൻഡിലെ സാൽവേഷൻ ആർമി, അവസാനം മിൽവാക്കി അവന്യൂവിലുള്ള വില്ലേജ് ഡിസ്‌കൗണ്ട്.
മഞ്ഞുകാലം കടുത്തു. എന്റെ തിരച്ചിൽ കൂടുതൽ നിരാശാജനകമായി.
“സോറി, ഇന്ന് ആൻ ക്ലെയിൻ ഇല്ല”
സ്ഥിരം കാണുന്ന പരിചയംകൊണ്ട്, ബ്രൗൺ എലഫന്റിലെ, എന്റെ ഇളയ സഹോദരനെ ഓർമ്മിപ്പിക്കുന്ന കെവിൻ എന്ന ആ കൗമാരക്കാരൻ ക്ലാർക്ക് പറഞ്ഞുതുടങ്ങും:
“പക്ഷേ, കുറെ നല്ല കാൽവിൻ ക്ലെയിൻ വന്നിട്ടുണ്ട്...”
അവന് എന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയായിരുന്നു.
“ഈ കോട്ട് നിനക്കിത്ര ഇഷ്ടമായിരുന്നെങ്കിൽ ആൻ ക്ലെയിൻ കമ്പനിയോട് തന്നെ എഴുതി ചോദിച്ചൂടായിരുന്നോ?”
പിന്നെ അവന്റെ പതിവ് കുശലം തുടങ്ങും: “ഹേയ്, നീ ആ കൾച്ചറൽ ഫെസ്റ്റിവലിന്റെ ഫോട്ടോസ് ഡെവലപ്പ് ചെയ്തോ?”
“ഫോണിൽ വളരെയധികം സ്പേസ് എടുക്കുന്നുവെന്നു പറഞ്ഞ് ജോ അതെല്ലാം ഡിലീറ്റ് ചെയ്തു.”
ഞാൻ മെല്ലെ കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു: “എന്റെ രഹസ്യ ക്ലൗഡ് അക്കൗണ്ടിൽ ഞാൻ നേരത്തെ ബാക്കപ്പ് എടുത്തിട്ടുണ്ടെന്ന് അദ്ദേഹത്തിന് അറിയില്ല.”
എത്ര പെട്ടെന്നാണ് ഭർത്താവ് എതിർച്ചേരിയിലും ഞാനും എന്റെ ആരുമല്ലാത്ത കെവിനും ഒരു ചേരിയിലുമായത്.
കമ്പർലാൻഡിലെ സാൽവേഷൻ ആർമിയാണ് അടുത്ത സ്റ്റോപ്പ്. അവിടുത്തെ വോളണ്ടിയർ, ഗ്ലോറിയ ചൂടുള്ള ചായയുമായി കാത്തിരിക്കും. “ആ മൂലയിലുള്ള ഇന്ത്യൻ കടയിൽനിന്ന് നിനക്കുവേണ്ടി പ്രത്യേകം വാങ്ങിച്ചതാണ്.” അവർ വിശദീകരിച്ചു.
അവസാനത്തെ സ്റ്റോപ്പായ മിൽവാക്കി അവന്യൂവിലെ
വില്ലേജ് ഡിസ്‌കൗണ്ട് രാവിലെ പത്തുമണിക്ക് തുറക്കും. അമീറ, രാവിലത്തെ സൂപ്പർവൈസർ, ഞങ്ങളുടെ വർത്തമാനങ്ങൾക്കായി കൗണ്ട റിനു പിന്നിൽ ഒരു കസേര സൂക്ഷിച്ചു തുടങ്ങി.
“ഇന്ന് ആൻ ക്ലെയിൻ
പോയിട്ട്, കറുത്ത നിറത്തിൽപോലും ഒന്നുമില്ല” അവർ പുറകിലത്തെ മുറി പരിശോധിക്കാൻ പോകുമ്പോൾ പറഞ്ഞു.
“പക്ഷേ, പറ നീ എം.ബി.എയ്ക്ക് അപ്ലൈ ചെയ്ത കാര്യം ജോയോട് പറഞ്ഞോ?”
ഞാൻ കോട്ടുകൾ തൂങ്ങിക്കിടക്കുന്ന റാക്കിൽ വിരലോടിച്ചു-കമ്പിളി, കോട്ടൺ, പോളിസ്റ്റർ -ഒന്നുമെന്റെ ആൻ ക്ലെയിൻ പോലെയല്ല.
“ഇല്ല, ഇതുവരെ പറഞ്ഞിട്ടില്ല.”
“എപ്പോൾ പറയും?”
കോട്ടിന്റെ പോക്കറ്റിൽ ഒളിപ്പിച്ച അഡ്‌മിഷൻ ലെറ്ററിനെക്കുറിച്ച് ആലോചിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
“പറയണം.”
“ഭാനൂന് അറിയ്വോ, ഞാനി പ്പോഴും അൾജീരിയയിലെ എന്റെ ഹോസ്പിറ്റൽ സ്വപ്നം കാണാറുണ്ട്. ഇരുപതു വർഷം ഫിസിഷ്യനായിട്ടിരുന്ന ആളാ ഇവിടെ ദേ...”
പറഞ്ഞത് മുഴുമിപ്പിക്കാതെ അമീറ ചിരിച്ചു. നിരാശയുടെ നിഴലുണ്ടായിരുന്നു ആ ചിരിയിൽ.
“പക്ഷേ, കുട്ടികൾ-എം.ഐ. ടീം, സ്റ്റാൻഫോഡുമല്ലേ. അതെന്തൊരു നല്ലതാ?”
“അതെ, മാഷാല്ലാഹ്! കരീമും കാസിമും നന്നായിട്ട് പോകുന്നുണ്ട്. മാലികിന്റെ
ബിസിനസ്സും തഴച്ചുവളരുന്നുണ്ട്.”
ഹാങ്ങറുകൾ നേരെയാക്കിക്കൊണ്ട് അമീറ പറഞ്ഞു:
“പക്ഷേ, എനിക്ക് ചില ദിവസങ്ങളിൽ രാവിലെ എഴുന്നേൽക്കാൻപോലും തോന്നാറില്ല. ഞാനിവിടെയൊരു ക്ലിനിക്കിൽ ആഴ്ചയിലൊരിക്കൽ രണ്ടു മണിക്കൂർ പോകുന്ന കാര്യം പറഞ്ഞിട്ടില്ലേ. ആ രണ്ട് മണിക്കൂർ മാത്രമേ ജീവിക്കുന്നതായിട്ട് എനിക്ക് തോന്നാറുള്ളൂ.”
പറയാൻ പറ്റാത്ത ഒത്തിരി സങ്കടങ്ങളുടെ കനത്തിൽ മുന്നോട്ടാഞ്ഞ് അമീറ പറഞ്ഞു:
“ഭാനു, നീയിങ്ങനെ സംശ യിച്ച് നിൽക്കുന്നതും സ്വപ്ന ങ്ങൾ ഒതുക്കിവെച്ച് ഒതുക്കിവെച്ച് അവസാനം അതില്ലാതാകുന്നത് വരെ എത്തിക്കുന്നതും കാണുമ്പോൾ എനിക്ക് എന്നെത്തന്നെയാ ഓർമ്മവരുന്നത്. എനിക്ക് ഇവിടെ മെഡിക്കൽ പരീക്ഷ എഴുതി ഡോക്ടറായി തുടങ്ങാമായിരുന്നു. പക്ഷേ, കുട്ടികളുടെ പഠനവും മാലിക്കിന്റെ ബിസിനസ്സുമൊക്കെയായി ഞാൻ തന്നെയാ അതു വേണ്ടാന്നു തീരുമാനിച്ചത്. ഇപ്പോ അതോർത്ത് വിഷമിക്കാത്ത ഒറ്റ ദിവസം പോലുമില്ല. നീ എന്നെപ്പോലെ മണ്ടത്തരം ചെയ്യല്ലേ.”
അമീറ പറഞ്ഞത് മുഴുവൻ ഞങ്ങൾക്കിടയിൽ തങ്ങിനിന്നു-രണ്ട് ജീവിതത്തിന്റെ ഭാരവുമായി: ഉപേക്ഷിച്ചുപോന്ന ഒരു ജീവിതവും പൂർണ്ണമായി ജീവിക്കാൻ കഴിയാതെപോയ മറ്റൊരു ജീവിതവും!
അമീറയുടെ സങ്കടങ്ങൾ എന്റെ കൂടെ നിഴൽപോലെ വീട്ടിലേയ്ക്ക് പിന്തുടർന്നു.
അന്നത്തെ വൈകുന്നേരം അപ്പാർട്ട്‌മെന്റിൽ അസാധാരണമായ നിശ്ശബ്ദതയായിരുന്നു. ഡിഷ് വാഷറിന്റെ മൃദുവായ മുര ളൽ മാത്രം, മൂന്നരവർഷത്തെ വിവാഹജീവിതത്തിൽ എന്റെ സ്വന്തം ഹൃദയമിടിപ്പ് പോലെ പരിചിതമായ ശബ്ദം.
ജോ പഠനമുറിയിലായിരുന്നു, ഞാൻ പകർത്തിയ മിഷിഗൻ തടാകത്തിന്റെ ശൈത്യകാല ചിത്രങ്ങൾക്കിടയിൽ. ജോ അതെല്ലാം നോക്കു ന്നുണ്ടെന്നുള്ളത് എനിക്കറിഞ്ഞൂടായിരുന്നു. കൊഴിഞ്ഞ ഇലകൾപോലെ മേശപ്പുറത്ത് ചിതറിക്കിടന്നു ആ ചിത്രങ്ങൾ-തീരത്തെ മഞ്ഞുരൂപങ്ങളുടെ കറുപ്പും വെളുപ്പും മാത്രമുള്ള ദൃശ്യങ്ങൾ.
“ഇതൊക്കെ വളരെ നന്നായിട്ടുണ്ട്”
മധ്യത്തിൽ മരവിച്ചുനിന്ന തിരമാലകളുള്ള ഒരു ചിത്രത്തിന്റെ അരികിലൂടെ വിരലോടിച്ചുകൊണ്ട് മുഖമുയർത്താതെ അദ്ദേഹം പറഞ്ഞു: “ഇതെന്നെ കാണിക്കാമായിരുന്നു.”
അപ്രതീക്ഷിതമായ ആ പ്രശംസ ഞങ്ങൾക്കിടയിൽ എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ച് നിന്നു.
എന്റെ കൈ അറിയാതെ ജാക്കറ്റ് പോക്കറ്റിലേയ്ക്ക് നീങ്ങി. കഴിഞ്ഞ ആഴ്ച മുതൽ അവിടെ കൂടുകൂട്ടിയ നോർത്ത് വെസ്റ്റേൺ അഡ്‌മിഷൻ
ലെറ്റർ. മടക്കിയും നിവർത്തിയും തുണിപോലെ മൃദുവായിപ്പോയ മടക്കുകളോടെ കിടക്കുന്നിടത്ത് തൊട്ടു.
“ഞാൻ ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു”
ഓരോ വാക്കും അളന്നുതൂക്കി ഞാൻ പറഞ്ഞു.
“വീണ്ടും പഠിക്കുന്നതിനെക്കുറിച്ച്.”
ജോ ഒരു ഫോട്ടോ മറിച്ചുനോക്കി. പിൻവശത്ത് അപ്പർച്ചർ സെറ്റിങ്ങുകളേയും ഷട്ടർ സ്പീഡുകളേയും കുറിച്ചുള്ള എന്റെ കുറിപ്പുകൾ വായിച്ചു.
“കൂടുതൽ ഫോട്ടോഗ്രഫി ക്ലാസ്സുകളാണോ?”
“അല്ല എം.ബി.എ നോർത്ത് വെസ്റ്റേണിൽ.” മഞ്ഞുകാലത്തെ ശ്വാസംപോ ലെ വാക്കുകൾ പുറത്തുവന്നു, കാണാവുന്നതും തിരിച്ചെടുക്കാനാവാത്തതുമായി.
“കഴിഞ്ഞ ആഴ്ച എനിക്ക് അവിടുന്ന് അഡ്‌മിഷൻ ലെറ്റർ കിട്ടി.”
തുടർന്നുള്ള നിശ്ശബ്ദത മഞ്ഞുപെയ്യാൻ പോകുന്നതിനു തൊട്ടുമുന്‍പുള്ള നിമിഷം പോലെയായിരുന്നു-ലോകം മുഴുവൻ ശ്വാസമടക്കിപ്പിടിച്ചിരിക്കുന്നപോലെ. ജോ തുടർന്നും എന്റെ ഫോട്ടോകൾ പരിശോധിച്ചുകൊണ്ടിരുന്നു.
“എനിക്ക് സ്കോളർഷിപ്പ് കിട്ടിയിട്ടുണ്ട്” ഞാൻ പെട്ടെന്ന് കൂട്ടിച്ചേർത്തു. “ലൈബ്രറിയിലെ ജോലിയും പാർട്ട് ടൈമായി തുടരാം.”
അവസാനം അദ്ദേഹം മുഖമുയർത്തിയപ്പോൾ, എനിക്ക് ആ ഭാവം തിരിച്ചറിയാമായിരുന്നു
ആദ്യകാലത്ത് സൂപ്പർമാർക്കറ്റിൽ ചില്ലറത്തുട്ടുകളിൽനിന്നും ക്വാർട്ടറും പെനിയും നിക്കലും തപ്പിയെടുക്കാൻ ഞാൻ ബുദ്ധിമുട്ടുമ്പോഴുള്ള അക്ഷമ നിറഞ്ഞ അതേ ഭാവം!
ജോയുടെ ഓഫീസ് സുഹൃത്തുക്കളുടെ ഒപ്പം ഡിന്നറിനു പോകുമ്പോൾ എന്റടുക്കൽ പുരുഷ സുഹൃത്തുക്കൾ മിണ്ടുമ്പോൾ മുഖത്ത് വരുന്ന അതേ മുറുക്കം!
“നമുക്കൊരു പ്ലാൻ ഉണ്ടായിരുന്നല്ലോ ഭാനു, നിന്റെ അപ്പയും അമ്മയും എന്റെ പേരന്റ്‌സും പ്രതീക്ഷിക്കുന്നുണ്ട്... നമ്മുടെ പ്രായം മുന്നോട്ടുപോകുവാ.”
ഞാൻ ഇട്ടിരുന്ന ജാക്കറ്റ് പെട്ടെന്ന് കനം വെച്ചതുപോലെ, പ്രതീക്ഷകളുടെ ഭാരംപോലെ. ഞാൻ ഓർത്തു-ബുക്ക് ക്ലബ്ബിലെ സ്ത്രീകൾ ചർച്ച ചെയ്യുന്നത്, സാറ ക്യാമറ ലെൻസിന്റെ ഫോക്കസ് ക്രമീകരിക്കാൻ പഠിപ്പിക്കുന്നത്, ഓരോ തവണ ഫോട്ടോ എടുക്കുമ്പോഴും തടാകം പുതിയ രൂപത്തിൽ കാണപ്പെടുന്നത്, അമീറയുടെ നിരാശകൾ...
“പ്ലാൻസിനു മാറ്റം വരാലോ” ജാക്കറ്റിലെ ബ്രാസ് ബട്ടണുകളിൽ തൊട്ടുകൊണ്ട് ഞാൻ മൃദുവായി പറഞ്ഞു, “ചിലപ്പോൾ അതു വേണ്ടിവരും.”
ജോ ഫോട്ടോകൾ നേരെയാക്കി അടുക്കിവെച്ചു, പരിചയസമ്പന്നമായ കൃത്യതയോടെ അവയുടെ വക്കുകൾ ഒരേ നിരയിലാക്കി. “നീ മാറിപ്പോയി” അദ്ദേഹം പറഞ്ഞു, അതു കുറ്റപ്പെടുത്തലാണോ വെറും നിരീക്ഷണമാണോ എന്ന് എനിക്കു മനസ്സിലായില്ല.
“അതേ” ഞാൻ മറുപടി പറഞ്ഞു. ഷിക്കാഗോയിൽ എത്തിയതിനുശേഷം ആദ്യമായി എന്റെ ശബ്ദത്തിൽ മാപ്പപേക്ഷയുടെ സ്വരമില്ലായിരുന്നു. “ഞാൻ മാറി.”
പെട്ടെന്നെനിക്ക് എന്റെ ജാക്കറ്റ് എവിടെയാണെങ്കിലും, എന്തുവന്നാലും കണ്ടുപിടിച്ചിട്ട് തന്നെ കാര്യം എന്നൊരു ധൃതി വന്നു. ഞാനോടിപ്പോയി
കംപ്യൂട്ടറിന്റെ മുന്നിൽ ചെന്നിരുന്ന് ആൻ ക്ലെയിൻ സ്വറ്റർ, ജായ്ക്കറ്റ്, കോട്ട് എന്നീ കീ വേഡ്‌സ് ഉപയോഗിച്ച്, ഇന്റർനെറ്റിൽ പരതാൻ തുടങ്ങി. ആദ്യമായിട്ട് അന്വേഷിച്ചപ്പോൾ ആയിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റി എട്ട് സാധനങ്ങളാണ് ഈ ബ്രാന്റിൽ പൊങ്ങിവന്നത്. എന്റെ കോട്ടുപോലെ തോന്നിച്ചതെല്ലാം സൂം ചെയ്ത് നോക്കി. അതൊന്നും എന്റേതല്ല എന്നു തിരിച്ചറിഞ്ഞപ്പോൾ നിരാശയോടെ അടുത്തതിലേയ്ക്ക് നീങ്ങി. അങ്ങനെ ഏതെങ്കിലും ഒരു ആൻ ക്ലെയിൻ ജായ്ക്കറ്റായിരുന്നില്ല എനിക്ക് വേണ്ടത്. എന്റേതുതന്നെ എനിക്കു കിട്ടണമായിരുന്നു.
ബ്രൗൺ എലഫന്റിലെ കെവിൻ പറഞ്ഞതുപോലെ, ആൻ ക്ലെയിൻ കമ്പനിക്ക് ഒരു കത്തെഴുതി നോക്കിയാൽ പ്രയോജനമുണ്ടാകുമോ എന്നായി അടുത്ത ചിന്ത.
“പ്രിയപ്പെട്ട ആൻ ക്ലെയിൻ”
എന്നു തുടങ്ങുന്ന കത്തിൽ ഞാൻ അമേരിക്കയിൽ പുതിയ വധുവായി എത്തിയതും അക്കാലങ്ങളിൽ അനുഭവപ്പെട്ട ഏകാന്തതയെക്കുറിച്ചും മാർഷൽസിൽനിന്നും വാങ്ങിയ ഈ കോട്ട് കഴിഞ്ഞ മൂന്നു മഞ്ഞുകാലം എന്നെ ചെറുചൂടായി പൊതിഞ്ഞതും ആദ്യമായി പ്രേമലേഖനമെഴുതുന്ന കാമുകിയെപ്പോലെ മിടിക്കുന്ന ഹൃദയത്തോടെ, വിറയ്ക്കുന്ന കൈകളോടെ ഞാൻ എഴുതി:
“ഈ മൂന്നു വർഷവും മറ്റൊരു ജായ്ക്കറ്റ് വേണമെന്നുപോലും എനിക്ക് തോന്നിയിട്ടില്ല. അത്രയ്ക്കെന്നെ പൂർണ്ണയാക്കിയിരുന്നു ഈ ആൻ ക്ലെയിൻ. ഒരു സ്ത്രീക്ക് ഒന്നിലും പൂർണ്ണ സംതൃപ്തയാകാൻ പറ്റില്ല എന്നായിരുന്നു ഞാൻ കരുതിയിരുന്നത്. കിട്ടുന്നതുകൊണ്ട് തൃപ്തിപ്പെടുന്നവർക്കുള്ളതാണ് ഈ ഭൂമിയിലെ സന്തോഷം എന്നു കുഞ്ഞുനാൾതൊട്ടെ എന്നെ ആരൊക്കെയോ പഠിപ്പിച്ചുവെച്ചിരുന്നു.”
ഇത്രയുമെഴുതിയപ്പോഴേയ്ക്കും ഞാൻ കരഞ്ഞുപോയി. കണ്ണു തുടച്ച് ഞാൻ ടൈപ്പിംഗ് തുടർന്നു.
“ഇഷ്ടമില്ലാത്തത് മനസ്സില്ലാമനസ്സോടെ കൂടെ കൊണ്ടുനടക്കുന്നതും ഇഷ്ടമുള്ളത്, വിലകുറഞ്ഞതാണെങ്കിലും നിറ വോടെ ഉപയോഗിക്കുമ്പോൾ അനുഭവിക്കുന്ന സന്തോഷവും തൃപ്തിയും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നു ഞാൻ കൃത്യമായി തിരിച്ചറിഞ്ഞത് ഈ ആൻ ക്ലെയിൻ ജാക്കറ്റ് എന്റെ കയ്യിൽ വന്നതിനുശേഷമാണ്.
എന്നെന്റെ കയ്യിൽ നിന്നീ കോട്ട് നഷ്ടപ്പെട്ടോ അന്നു മുതൽ ഒരു ഭ്രാന്തിയെപ്പോലെ ഞാൻ അലഞ്ഞുനടക്കുകയാണ്. എന്റെ മനസ്സിന്റെ സമാധാനം നഷ്ടപ്പെട്ടു. ഞാൻ കയറാത്ത ത്രിഫ്റ്റ് ഷോപ്പുകളില്ല. പോകുന്ന എല്ലാ കടകളിലും ഞാനെന്റെ ഫോൺ നമ്പർ കൊടുത്തിട്ടാണ് മടങ്ങുന്നത്. എന്റെ അഭ്യർത്ഥനയുടെ ഗൗരവവും തീവ്രതയും പിടികിട്ടാത്തതുകൊണ്ടാവണം ഇന്നേവരെ ഒരു ഫോൺകോളും എന്നെ തേടി വന്നിട്ടില്ല.
ഞാൻ ഈ കത്തിനോടോപ്പം ഒരു ഫോട്ടോയും വയ്ക്കുന്നു. താഴെ സ്റ്റൈൽ നമ്പറും ചേർക്കുന്നു: AK-1924-BLK
നിങ്ങളുടെ വെയർഹൗസിൽ ഇതേപോലുള്ള ജായ്ക്കറ്റ് ഉണ്ടോ? അഥവാ ഇനി ഇല്ലെങ്കിൽ ഇതേ മോഡൽ ഒരെണ്ണം എനിക്ക് ഉണ്ടാക്കി തരാൻ പറ്റുമോ? പണമൊരു പ്രശ്നമല്ല. ഇതെന്റെ അവസാന ശ്രമമാണ്. ഒരുപക്ഷേ, നിങ്ങ ൾക്കെന്നെ സഹായിക്കാൻ പറ്റുമായിരിക്കും. നിങ്ങൾക്കു
മാത്രമേ എന്നെ സഹായിക്കാൻ പറ്റുകയുള്ളൂ.
പ്രതീക്ഷയോടെ,
നന്ദിയോടെ,
ഭാനു മറിയം ജോസ്.”
രാത്രി ഡിന്നർ ഒരുക്കിക്കൊണ്ടിരുന്നപ്പോഴാണ് ആൻ ക്ലെയിൻ കസ്റ്റമർ സർവ്വീസിൽനിന്ന്, അവരുടെ മറുപടി വന്നത്.
“We regret to inform you that this style has been discontinued...”
പരിപ്പുകറി അടുപ്പിൽ കരിയാൻ വിട്ടിട്ട് ഞാൻ കിടപ്പുമുറിയിൽ കയറി കതകടച്ച് തേങ്ങി തേങ്ങി കരഞ്ഞു.
“ആ ജാക്കറ്റിനെന്താ ഇത്ര വല്ല്യ പ്രത്യേകതാന്ന് എനിക്കു മനസ്സിലാകുന്നില്ല. വെറുമൊരു സാദാ കോട്ട്!
വാതിലിനു പുറത്ത് നിന്ന് ജോ പറഞ്ഞു.
“അല്ലെങ്കിൽത്തന്നെ അലമാരിയിൽ വേറെ എത്ര നല്ല കോട്ടുകളിരിക്കുന്നു. എന്നോ കളഞ്ഞുപോയ ഒരു പൊട്ട കോട്ടിന്റെ പുറകെ... വേറെ ഒരു പണിയുമില്ല...”
“എനിക്കത് വെറും ഒരു കോട്ടല്ല...” എന്നു വിതുമ്പുന്നതിനിടയിൽ ഞാൻ പറഞ്ഞത് കേൾക്കാൻ നിൽക്കാതെ ജോയുടെ കാലടികൾ ഒച്ചവെച്ച് അകന്നു.
ഞാനെന്റെ ഡ്രസ്സിങ് റൂമിലേയ്ക്ക് നടന്നു. അവിടെ ഹാംഗറുകളിൽ തൂങ്ങിക്കിടക്കുന്ന വിന്റർ കോട്ടുകളുടെ എണ്ണെമെടുത്തു.
പത്തെണ്ണം! നഷ്ടപ്പെട്ട
കോട്ടിനോട് സാമ്യം തോന്നി വാങ്ങിച്ചുകൂട്ടിയതാണ് ഇതെല്ലാം. ഒറ്റ ഒരെണ്ണംപോലും എനിക്കിഷ്ടവുമില്ല. എന്റെ വാർഡ്രോബ് ഇപ്പോൾ കോട്ടുകൾകൊണ്ട് കുത്തിനിറഞ്ഞ് ശ്വാസംമുട്ടിയാണ് നിൽക്കുന്നത്. എനിക്കിഷ്ടമില്ലാത്ത ഈ കോട്ടുകളുടെ ഇടയിൽനിന്നു ഞാൻ ജോയ്ക്കൊപ്പമുള്ള എന്റെ ജീവിതത്തെക്കുറിച്ചാലോചിച്ചു. തുടർച്ചയായുള്ള തിരുത്തലുകൾകൊണ്ട് എനിക്കു വന്നിരുന്ന തലവേദന, നെഞ്ച് വേദന എന്നിവയെക്കുറിച്ചോർത്തു.
ഞാൻ ഒരു ചെറിയ സൂട്ട്‌കേസ് പാക്ക് ചെയ്തു.
എം.ബി.എ അഡ്‌മിഷൻ ലെറ്റർ, ബാക്കപ്പ് ചെയ്ത ഫോട്ടോകൾ, കുറച്ച് ആഴ്ചകൾക്കു മുന്‍പ് സാറ രഹസ്യമായി നൽകിയ വനിതാ ഷെൽട്ടറിന്റെ ബിസിനസ് കാർഡ് ഇതെല്ലാം ഞാനതിൽ നേരത്തെത്തന്നെ എടുത്തുവെച്ചിരുന്നു.
രാവിലെ ഒരു കുറിപ്പെഴുതി നൈറ്റ് സ്റ്റാന്റിൽ വെച്ചു:
I lost myself when I lost that jacket. Or maybe I finally found myself. Either way, I can’t stay.
- ഭാനു
പുറത്ത്, കാറ്റ് അതിന്റെ മുഴുവൻ ശക്തിയിലും എന്റെ തോളിൽ അടിച്ചു. മിഷിഗൻ തടാകം ശൈത്യകാല ആകാശത്തിനു കീഴിൽ നീലകലർന്ന ചാരനിറത്തിൽ മുന്നിൽ പരന്നുകിടന്നു. ഫോൺ എടുത്തു ഞാൻ ഒരു ചിത്രം പകർത്തി: മഞ്ഞിൽ നിഴൽ, തോളുകൾ ഉയർത്തിപ്പിടിച്ച്, മുന്നോട്ട് നീങ്ങുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates