രവി എഴുതിയ കഥ 'നില്‍പ്പന്‍'

രവി എഴുതിയ കഥ 'നില്‍പ്പന്‍'
Updated on
7 min read

ന്ന് വൈകുന്നേരം നഗരത്തില്‍ അലഞ്ഞുതിരിയേണ്ട എന്ന് അവള്‍ നിശ്ചയിച്ചു. പകരം ആദാമിന്റെ ചായക്കടയില്‍നിന്ന് ഇത്തിരി പത്തിരിയോ മറ്റോ വാങ്ങി വീട്ടിലേക്ക് ചെല്ലാമെന്നും. സ്വന്തമായി വാങ്ങിയ വീട്.

ഒറ്റപ്പെണ്ണിന് വാടകയ്ക്ക് ഫ്ലാറ്റ് കിട്ടാത്ത നാടല്ലേ. വാങ്ങേണ്ടിവന്നു അവസാനം ഒന്ന്. കുറേ കാലത്തേയ്ക്ക് കടപ്പെട്ടിരിക്കുമെന്നുണ്ടെങ്കിലും എങ്ങനെയൊക്കെയോ അത് ഒപ്പിച്ചെടുത്തതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.

മുന്‍പ് താമസിച്ചിരുന്ന കൗസ്തുഭത്തില്‍ കാവല്‍ക്കാര്‍ക്ക് എന്നെ നിരീക്ഷിച്ചു മതിയായി. ഒരിക്കല്‍ പോലും ഒരു ആണ് എന്നെ കാണാന്‍ വരലോ ഞാന്‍ ആരെയെങ്കിലും കൂടെ കൂട്ടിക്കൊണ്ടുപോവലോ ഉണ്ടായിട്ടില്ലാത്തതില്‍ എന്തൊ രു ഉല്‍ക്കണ്ഠയായിരുന്നു അവര്‍ക്കും എന്റെ അയല്‍വാസികള്‍ക്കും. അത് പാടില്ല എന്നുതന്നെയാണ് കീഴ്‌വഴക്കം. പക്ഷേ, ഞാന്‍ അതൊന്നു ലംഘിച്ചുകാണാഞ്ഞിട്ട് സകലര്‍ക്കും പൊറുതിമുട്ടി.

അഥവാ കുരുപൊട്ടി. ഭയങ്കരമായിരുന്നു ഏവരുടേയും ജാഗ്രത്ത്. പ്രത്യേകിച്ച് അഴകോ മിടുക്കോ ഒന്നും ഇല്ലാത്ത

സാധാരണക്കാരിയായിട്ടും എന്നെ അവര്‍ വളരെ കാര്യമായി പരിഗണിച്ചുകൊണ്ടിരുന്നു.

അന്നും എനിക്ക് ആകെ വിളിക്കണമെന്നു തോന്നി യത് ഷാരഡി മാഷെ മാത്രമായിരുന്നല്ലോ.

ചിലര്‍ പിഷാരോഡി, ഷാരവടി, ഷാര്‍ഡി, പ്ഷാരടി എന്നിങ്ങനെ പലവിധത്തില്‍ വിളിക്കും അദ്ദേഹത്തെ. മാഷ് എന്ന് എല്ലാവരും ഒരേപോലെയാണ് ഉച്ചരിക്കുക എന്നു തോന്നുന്നു. മൂപ്പര്‍ എവിടത്തെ എന്ത് മാഷായിരുന്നു എന്നൊന്നും ചോദിച്ചില്ല ഞാന്‍ എന്തായാലും. പാടുമോ അത്ര ജിജ്ഞാസ.

മാഷുണ്ടോ പക്ഷേ, വിളിച്ചാല്‍ വരുന്നു.

മിഠായിത്തെരുവില്

പണ്ടൊന്നു കൂട്ടിമുട്ടി

കൂട്ടുകാരായിത്തീര്‍ന്ന

കഥയുണ്ടല്ലോ

കിളിച്ചുണ്ടന്‍ മാമ്പഴങ്ങള്‍

കൊതിതീരെ പൂളിത്തിന്നാന്‍

വിളിച്ചിട്ടും ചെല്ലാത്ത

കടമുണ്ടല്ലോ...

ആ പാട്ട് എഴുതിയ വിദ്വാനല്ലേ. അത് മൂപ്പരുടേതാണെന്നറിഞ്ഞപ്പോള്‍ പക്ഷേ, എന്തെന്നില്ലാത്ത കൗതുകം തോന്നി. കുറച്ചുനേരം ഒപ്പം ഇരിക്കാന്‍ ഇടയായാല്‍ ചോദിക്കാന്‍ ഒരു കുസൃതി ഞാന്‍ എപ്പോഴും കരുതിവെച്ചിരുന്നു. “മാഷേ ഈ മാമ്പഴത്തിന് വല്ല ദ്വയാര്‍ത്ഥവും ഉണ്ടോ, പൂവമ്പഴത്തിനൊക്കെ പതിവുള്ളതുപോലെ?”

ഛീ, ഞാനൊന്നും ആരായില്ല അങ്ങനെ, ഉവ്വോ. അസഭ്യത്തേയും അശ്ലീലത്തേയും ആശ്ലേഷിക്കാനോ. ഛായ്!

പിന്നെ രണ്ട് വാക്കുകളുടെ അര്‍ത്ഥം ചോദിക്കാനുണ്ടായിരുന്നു. അതില്‍ ഒന്ന് കുറേ കേട്ടിട്ടുണ്ടെങ്കിലും സ്‌പഷ്ടമായി മനസ്സിലായിട്ടില്ലാത്തതാണ്. മറ്റേത് എന്താണെന്നൊക്കെ ഏകദേശം രൂപമുള്ളതെങ്കിലും എനിക്ക് ഒരിക്കലും സാധിച്ചിട്ടില്ലാത്തതെങ്കിലും ഞാന്‍ കൊതിക്കുന്ന ഒന്ന്?

കൊതി വേണ്ട, അത് കാംക്ഷ ആക്കാം.

ഊഹിച്ചു തുടങ്ങിയോ എല്ലാവരും,

എന്നാല്‍ കേള്‍ക്കട്ടെ.

ഒന്ന് ക്വികീ, മറ്റേത് നില്പന്‍.

പെഡിയ നോക്കി കുറേ

ഗ്രഹിച്ചിട്ടൊക്കെയുണ്ട് സംഗതി. ഒരു ബാര്‍ സങ്കല്പിക്കുക. ഒരാള്‍ക്ക് പെട്ടെന്ന് ഒന്നോ ഒന്നരയോ ഒറ്റ വീര്‍പ്പില്‍ വിഴുങ്ങി സ്ഥലം വിടണമെങ്കില്‍ കസേരകളില്‍ ഇരിക്കാന്‍ കൂട്ടാക്കാതെ അത് നിര്‍വ്വഹിക്കുന്ന സമ്പ്രദായമുണ്ട്. ഉടനടി മോന്തിയിട്ട് പുറത്തു ചാടാം. റ്റിപ്‌സ് കൊടുക്കണമെന്നില്ല അപ്പോള്‍ എന്ന സൗകര്യവുമുണ്ട്.

പിന്നെ ക്വികീ അല്ലേ. അതിനുമേല്‍ വിവരിച്ചതുമായി സാമ്യമുണ്ടോ സാമ്യം. അത് എന്തായാലും എല്ലാവര്‍ക്കും തെറ്റിദ്ധാരണകളെങ്കിലും ഉള്ള ഒരു വസ്തുതയായിരിക്കും എന്ന് തീര്‍ച്ച.

പണ്ട് പട്ടാളക്കാരുടെ ഇടയിലാണ് അത് ആദ്യം പ്രചരിച്ചിരിക്കുക. യുദ്ധത്തിനു പുറപ്പെടുന്നതിനു തൊട്ടുമുന്‍പ് ഇണയെ അപ്പുറത്തേക്ക് മാറ്റിനിര്‍ത്തിയിട്ട് പെട്ടെന്ന് ഒരെണ്ണം. അതേപ്പോലെ യുദ്ധം കഴിഞ്ഞ് വീട്ടിലെത്തിയാലും പതിവുണ്ടത്രേ ഈ ഝടുതി.

വ്രതം ആചരിച്ച് മലയ്ക്ക്

പോവുന്നവര്‍ക്കും അറിയാം.

എന്നാല്‍, എന്നെപ്പോലെ ഒരു ഏകാകിക്ക് ജീവിതത്തില്‍ ഒരിക്കലും വേണ്ടിവരുന്നില്ലായിരിക്കും ഈ തിരക്കിട്ടുള്ള പരിപാടി.

അല്ല, പെണ്ണ് ഒറ്റയ്ക്ക് താമസിച്ചാല്‍ എന്താണ് കുഴപ്പം എന്നാണ് ഇവരൊക്കെ ധരിച്ചിട്ടുണ്ടാവുക. സ്വയംഭോഗം ചെയ്ത് താന്തയായി ഞാന്‍ മോഹാലസ്യപ്പെട്ടുപോവും എന്നോ. ഞാനോ.

ഹോ, എനിക്ക് നഗ്നത ഉണ്ടോ എന്നുപോലും എനിക്കറിയില്ല, എന്നിട്ടാണ്!...

ഷാരഡി മാഷ് എങ്ങാനും എന്റെ കൂടെ വന്നിരുന്നെങ്കില്‍ ഹാലിളകുമായിരുന്നോ ഇവര്‍ക്ക്. വന്ദ്യവയോധികന്‍ ഒക്കെ പണ്ടല്ലേ. ഇപ്പോള്‍ വയസ്സായിട്ടുള്ളവരാണ് കൂടുതല്‍ അക്രമം കാണിക്കുന്നത് എന്നു വന്നപ്പോള്‍ ആ വിധത്തില്‍ കാണാറില്ല മുതിര്‍ന്നവരെ ആരും എന്നായി. പ്രാപ്തര്‍ തന്നെ അവരും.

ഇന്നാളെന്നോ വിളിച്ചപ്പോള്‍ മാഷ് വിശദീകരണമൊന്നുമില്ലാതെ വേഗം ഒഴിഞ്ഞുമാറിയത് ഓര്‍ക്കുന്നില്ലേ.

“അതേയ്... കുട്ടീ, ഞാന്‍ സംസാരിക്കാന്‍ നിക്കണില്ല്യ. ശകലം കഴിച്ചിട്ടുണ്ടേയ് ഞാന്‍.”

“അരിഷ്ടാണോ, ആസവാണോ?”

“ഹൂച് ആണ് ഇന്ന്.”

“ഓഹോ... നന്നായി. ഒറ്റയ്ക്കായിരുന്നോ ഒരാള്‍?”

“ആങ്ങ്, വഴിപാടുപോലെ എന്നു പറയാം. പക്ഷേ, അതുകൊണ്ട് തന്നോട് സൊള്ളാന്‍ ഒരു മടി.”

“അതെന്തിനാണ് വൈമനസ്യം.”

“ഛായ്, വൈക്ലബ്യം ഒന്നൂല്ല്യ കുട്ടീ... ഒരു പഴഞ്ചന്‍ സദാചാരി ഉണ്ടാവുംല്ലോ എന്റെ ഉള്ളിലും.”

“ആഹാ, അതുവ്വോ.”

“ഓ, അതുവ്വേ... ഹ ഹ ഹ, ഉവ്വേ!..‌.”

മാഷ് ഒറ്റയ്ക്കായിത്തീര്‍ന്ന കഥ എന്നോ കേട്ടറിഞ്ഞതാണ്. സഹധര്‍മ്മിണി ചെയ്തത് ആത്മഹത്യയായിരുന്നു. മാഷ് ആത്മകഥ എഴുതിയില്ലെങ്കിലും അത് കേട്ടവര്‍ക്കെല്ലാം വ്യസനമായി.

കുറച്ചുകാലത്തേയ്ക്ക് ഒന്നിച്ച് ചെറുനാരങ്ങ ഉപ്പിലിടുന്ന ഒരു രീതിയുണ്ടായിരുന്നത്രേ അവരുടെ വീട്ടില്‍. മാഷ് അന്ന് ചന്തയില്‍നിന്ന് മൊത്തമായി കുറേ നാരങ്ങ വാങ്ങിക്കൊണ്ടുവന്നു. എന്നിട്ട് വലിയ ഒരു ഉരുളിയില്‍ ഇട്ട് അതത്രയും ചെറുതായി ഒന്ന് വറുത്തെടുത്തു. പിന്നീട് ഭരണിയിലേക്ക് അവ പകരുന്നതിനു മുന്‍പ് മാഷ് നിലത്ത് ചമ്രം പടിഞ്ഞിരുന്ന് ഓരോ നാരങ്ങയായി കയ്യിലെ കോറത്തുണിയിലേയ്ക്കെടുത്ത് അതിലെ എണ്ണമയം തുടച്ചുകളഞ്ഞുകൊണ്ടിരുന്നു. നോക്കിനില്‍ക്കുന്നവര്‍ക്ക് അതെല്ലാം ഒരു അനുഷ്ഠാനമാണ് എന്ന പ്രതീതി ഉണ്ടാക്കുമാറ്.

“ദെഹണ്ണത്തിന്റെ ഒരു പാരമ്പര്യമുണ്ട് ഹേ എനിക്ക്... സാമാന്യം വലിയ സദ്യകളൊക്കെ ഏറ്റെടുത്തു നടത്തിയിട്ടുണ്ട്. പണ്ടത്തെ ഷെഫ് തന്നെ. ഇന്നിപ്പോള്‍ കൊച്ചുപെണ്‍കുട്ടികള്‍ക്കൊക്കെ ഹീറോ അല്ലേ അയാള്‍... ഹ ഹ ഹാ...”

അങ്ങനെ നാരങ്ങ മുഴുവനും ഭരണിയില്‍ ആക്കി അടച്ചുകെട്ടിയതിനു ശേഷം കുറച്ച് താമസിച്ചാണ് അവര്‍ അന്ന് ഉറങ്ങാന്‍ കിടന്നത്. അതുകൊണ്ടുതന്നെ രാവിലെ മാഷ് ഉണരാന്‍ കാല്‍മണിക്കൂര്‍ വൈകി. എന്നിട്ട് കണ്ണു തുറന്നു നോക്കുമ്പോഴെന്താണ്?

ഭാര്യ അതാ തൂങ്ങിനില്‍ക്കുന്നു.

“എന്തിനായിരുന്നൂന്ന് നിശ്ചയല്ല്യ കുട്ടീ. ഒരു സൂചനയും തന്നിരുന്നൂല്ല്യ. നോക്കൂ, ഒന്നിച്ചിരുന്ന് അത്രയും നാരങ്ങയൊക്കെ ഉപ്പിലിട്ടിട്ടേയ്... എനിക്ക് വന്ന ഒരു സങ്കടം എന്റെ കുട്ടീ... അതൊക്കെക്കൂടി ഞാന്‍ എന്തു ചെയ്യുംന്ന്!”

“ഏതൊക്കെ കൂടി?”

“ആ നാരങ്ങ അത്രയും.”

എന്നിട്ട് മാഷ് പതുക്കെ ചിരിച്ചു. വിഷാദച്ചുവ കലര്‍ന്ന ഒരു ഇളി. ഏത് ദാരുണമായ സംഭവത്തേയും ഇങ്ങനെ ഒരു മന്ദഹാസംകൊണ്ട് പൊതിയാം എന്ന് ലോകത്തെ പഠിപ്പിച്ചവനാണ് മാഷ്.

“അധികം വൈകാതെ ഞാന്‍ മരിക്കാന്‍ കിടക്കുമ്പോള്‍ എങ്ങനെയാണ് അവളുടെ മുഖത്തേയ്ക്കു നോക്കി എല്ലാറ്റിനും മാപ്പ്, ഓമനേ എന്ന് മന്ത്രിക്കേണ്ടത് എന്ന് പലവുരു പരിശീലിച്ചതും വെറുതെയായി...”

ഭാഗ്യത്തിന് ആരും മാഷെ സംശയിക്കുകയോ ചോദ്യം ചെയ്യുകയോ ഉണ്ടായില്ല അന്ന്. ഇന്നായിരുന്നെങ്കിലോ, ആദ്യത്തെ പ്രതിയോ സാക്ഷിയോ ഒക്കെ ആയി മാറാന്‍ എളുപ്പമല്ലേ ഇപ്പോള്‍. അഗ്നിപരീക്ഷയ്ക്ക് ഇരിക്കേണ്ടിവന്നേനെ മാഷ്.

സംഭവിച്ച നഷ്ടത്തെക്കാളും വലുതല്ല അതും.

വിഷയം മാറ്റാനായി അന്നും ഞാന്‍ നില്പനെയാണ് ആശ്രയിച്ചത്. അവള്‍ ഓര്‍ത്തു. മാഷ് വിങ്ങിപ്പൊട്ടുന്നത് കാണാന്‍ വയ്യായിരുന്നു.

മൂപ്പരുടെ അടുത്തുനിന്നുതന്നെയാണ് ആ വാക്ക് ആദ്യം കേട്ടത് എന്നാണ് ഓര്‍മ്മ.

“ഈ നിന്നുകൊണ്ട് കുടിച്ചാല്‍ കാല്‍ കടയില്ലേ മാഷേ?”

“കാല്‍ കടയുന്നത് കട്ടിലിനല്ലേ.”

“ഏങ്!”

“ഓ, തനിക്കൊന്നും പിടികിട്ടില്ല അത് ഞങ്ങളുടെ കുട്ടിക്കാലത്തെ ചൊല്ലാണ്. പിന്നെ, വളരുന്ന പ്രായത്തില്‍ ഒരു കാല്‍കടച്ചില്‍ ഉണ്ടാവുമല്ലോ. എപ്പോഴും ഉണ്ടായിരുന്നു എനിക്കൊക്കെ. എന്നിട്ട് അമ്മയുടെ അടുത്തുചെന്ന് കരഞ്ഞാല്‍ ചിലപ്പോള്‍ ഉഴിഞ്ഞുതരും. അല്ലെങ്കിലോ, സ്നേഹപൂര്‍വ്വം എന്ന വ്യാജേന പ്രാകും - “കാല്‍ കടയാനെന്താ കട്ടിലാ നിയ്യ്?”

ഒന്നും തിരിയില്ല എന്ന് തിരിച്ചറിഞ്ഞു അപ്പോഴേയ്ക്കും ഞാന്‍. പണ്ടെങ്ങാണ്ടത്തേയോ ഭാഷയും സംസ്കാരവുമൊക്കെയാണെന്നു തോന്നുന്നു കേട്ടിട്ട്. വള്ളുവനാടന്‍ ആയിരിക്കുമോ ആവോ.

ഷാരഡി മാഷ് വരാന്‍ മടിച്ചിരിക്കുകയായിരുന്നെങ്കില്‍ പാരഡി മാഷ് നേരെ വിപരീതമായിരുന്നു. “ദെന്താ ബ്രോ, പുതിയ വീട്ടിലേക്ക് ഞങ്ങളെയൊക്കെ ഒന്ന് ക്ഷണിക്ക്ന്നേ.”

“ഏയ്, വീട് എന്നു പറയാന്‍ മാത്രം ഒന്നൂല്ല്യ. മൂന്നു മൂന്നര മുറികള്‍ ചേര്‍ത്തുവെച്ചത്... അത്രേള്ളൂ.”

“എന്നാലും സഹപ്രവര്‍ത്തകരല്ലേ, ഞങ്ങളെ ഒക്കെ ഒന്ന് വിളിക്ക്... ചെറിയ ഒരു സല്‍ക്കാരം ഒക്കെ നടത്തെന്നേ.”

“ഏയ് അതിനുള്ള സൗകര്യമൊന്നുമില്ല മാഷേ അവിടെ... എനിക്കൊട്ട് ഇതൊന്നും ശീലവുമില്ല.”

“തീന്‍മേശ ഇല്ലാന്നാണോ... ഞങ്ങള്‍ മര്യാദയ്ക്ക് അടങ്ങിയൊതുങ്ങി തറയിലിരുന്നോളാംന്നേ.”

“അതല്ല മാഷേ, നിങ്ങള്‍ക്കൊക്കെ മുഷിയും. ആകെ അലങ്കോലമാണ്, ഞാന്‍ ഭംഗി യായി വെയ്ക്കുകയൊന്നുമില്ല അവിടം. സ്വകാര്യവൃത്തികേട് ആയി ഇരിക്കാനാണ് ഞാന്‍ അത് വാങ്ങിയതു തന്നെ.”

“ഓഹോ അങ്ങനെയോ!” മാഷ് പെട്ടെന്ന് സൊറ വിട്ട് ഒരു ഈണത്തിലേക്ക് ചാടി, “ഒരു മുറിവു മാത്രം ഉണക്കാതെ വെയ്ക്കാം ഞാന്‍ അതിഗൂഢമെന്നുടെ ആരാമത്തില്‍...”

വെറുതെയല്ലല്ലോ മാഷെ എല്ലാവരും പാരഡിമാഷ് എന്നു വിളിക്കുന്നത്. ദ്രുതകവനത്തിന്റെ ആശാനാണത്രേ. എത്ര പെട്ടെന്നാണെന്നോ ഓരോന്ന് പടയ്ക്കുക. കുട്ടികള്‍ക്ക് പ്രേമലേഖനം എഴുതാന്‍ പ്രോത്സാഹനം നല്‍കുന്നുണ്ട് എന്നുകൂടി കേട്ടു.

മിക്കപ്പോഴും ശരിക്കുള്ള പാട്ടിന്റെ ഒന്നോ രണ്ടോ വാക്കു മാറ്റി ആശയം ആകമാനം തകിടം മറിക്കുന്നതിലാണ് മൂപ്പര്‍ക്ക് രസം. അസാരം ശൃംഗാരം ആവുമല്ലോ സ്വാഭാവികമായും അവ എല്ലാം. ഉദാഹരണം വേണമെങ്കില്‍ യഥേഷ്ടം ഉണ്ട്.

ആടകള്‍ അഴിച്ചെന്റെ ആത്മനാഥാ നിന്‍ മുന്നില്‍ ആടണം എനിക്കൊന്ന് മനംകുളിരേ, അരയിലൊറ്റ മുണ്ടുടുത്ത പെണ്ണേ, അടിയിലൊന്നുമിട്ടിട്ടില്ലാത്ത പെണ്ണേ, ബ്രാഹാമുഹൂര്‍ത്തത്തില്‍ പ്രാണസഖീ നീ, അരക്കെട്ടു മറയ്ക്കുന്നൊരവളുടെ മടിയില്‍ ആയിരമാണ്‍നോട്ടങ്ങള്‍...

“അന്നം പോല്‍ നടന്നുപോകുമഭിരാമീ നിന്റെ ആരാമമൊന്നു കാണാന്‍ മോഹമായി” എന്ന വരിയെ അപനിര്‍മ്മാണം ചെയ്യാന്‍ പറ്റാതെ ടിയാന് ഉണ്ടായ ധര്‍മ്മസങ്കടം!

“വാസ്തവത്തില്‍ എന്നെ ഒരു മീംട്രോള്‍ സ്‌പൂഫ് വിദഗ്ദ്ധന്‍ എന്നു വിളിക്കേണ്ടതാണേ.”

‘മിഠായിത്തെരുവില്’ എന്ന ഗാനം ഷാരഡി മാഷ് പണ്ടത്തെ ഏതോ പാട്ടിന്റെ പാരഡി ആയി ചമച്ചതാണ് എന്ന്

ചൂണ്ടിക്കാണിക്കുക തീര്‍ച്ചയായും ഈ മാഷ് തന്നെ ആവുമല്ലോ. “കുപ്പായക്കീശമേല്‍ കുങ്കുമപ്പൊട്ടു കണ്ട് കൂട്ടുകാരിന്നെന്നെ കളിയാക്കി” എന്നൊരു ചലച്ചിത്രഗാനം ഉണ്ടായിരുന്നത്രേ.

“പാടി കേള്‍ക്കണോ ഡെയ്സീ അത്... വേണോ?”

“അയ്യോ, ഇപ്പോള്‍ വേണ്ട മാഷേ.”

“ഞാന്‍ തരക്കേടില്ലാതെ പാടും... പേടിക്കണ്ടാന്നേ.”

“അതുകൊണ്ടല്ല മാഷേ... ഞാന്‍ അരസിക ആയിപ്പോയില്ലേ.”

“എന്നാല്‍, ഞാന്‍ ഡെയ്സിയെപ്പറ്റിയുള്ള ആ പാട്ട് രണ്ടുവരി: ഓ മൈ ഡെയ്സീ നിന്റെ ഗിറ്റാറിന്‍ മാറിലെത്ര കമ്പി...”

“മാഷേ നിര്‍ത്ത്... വില്‍ യൂ!”

ശാസിക്കേണ്ടിവന്നു എന്നത് ശരിയാണ്. മാറ് എന്നു പാടുമ്പോള്‍ തന്നെ മൂപ്പരുടെ വായില്‍നിന്ന് കുമിളകള്‍

പൊഴിയുന്നുണ്ട്. അങ്ങനെയാണെങ്കില്‍ അതേപ്പോലെയുള്ള മറ്റേ തെറിവാക്ക് ആണെങ്കിലോ.

ഇയാളോടാണ് ഞാന്‍ നില്പന്‍ എന്നാല്‍ എന്താണെന്ന് ചോദിക്കേണ്ടിയിരുന്നത്... ഹ്ം. നിന്നുകൊണ്ട് മറ്റേത് ചെയ്യുന്നത് എന്നുതന്നെയാവും അയാള്‍ വിളമ്പുക. സ്വയം നിയന്ത്രിക്കാന്‍ കഴിയില്ലെന്നുവെച്ച് ആക്രമിക്കാമോ മറ്റുള്ളവരെ?

സഭ്യാനന്തരകാലത്തിന്റെ പ്രതിനിധി എന്നാവും സ്വയം വിശേഷിപ്പിക്കുന്നത് ഇദ്ദേഹം.

ഇങ്ങനെ നേരത്തേ വീട്ടിലേക്ക് വന്ന ഒരു ദിവസമല്ലേ വഴിയരികില്‍ ആ സാധനം കിടക്കുന്നത് കണ്ടത്. ഉപയോഗിച്ച് എറിഞ്ഞുകളഞ്ഞ ഒരു കോന്‍ഡം. എന്നാല്‍ അതിന്റെ അകത്ത് ശേഖരിക്കപ്പെട്ടത് പുറത്തുപോവാതിരിക്കാനെന്ന വണ്ണം അറ്റത്ത് ഒരു കെട്ട് ഇട്ടിരിക്കുന്നു. അകത്തുള്ളത് അതുതന്നെയാവില്ലേ... ശുക്ലം ക്ലിപ്തം.

എന്തിനാണാവോ ആരായാലും ഇങ്ങനെ ചെയ്തത്. എക്‌സിബിഷനിസ്റ്റ് എന്ന പ്രദര്‍ശനപ്രിയന്‍ ആയിരിക്കുമോ ആ ഗഡി. അല്ലാതെ ഇങ്ങനെ ചെയ്തിട്ട് ആര്‍ക്ക് എന്തു നേട്ടം. ആ ദ്രവ്യം സൂക്ഷിക്കാന്‍ ആര്‍ക്കാണ് ഇത്ര വ്യഗ്രത.

അല്ല, ഇന്നും കണ്ടേയ്ക്കുമോ ആ കണി. അവള്‍ മുന്നോട്ടു നീങ്ങാന്‍ ഒന്ന് അറച്ചു. എന്നാല്‍, ശങ്കിച്ചു നില്‍ക്കാന്‍ അവള്‍ക്ക് മടിയുമുണ്ടായിരുന്നു. കണി - ആ കാഴ്ചവസ്തു കാത്തുകിടക്കുന്നുണ്ടെങ്കിലോ ഇന്നും എന്നെ.

ആഹാ, അത് അവിടെത്തന്നെ ഉണ്ടല്ലോ ഇപ്പോഴും. അത് ശ്രദ്ധിച്ചിട്ടേയില്ല എന്ന മട്ടില്‍ കടന്നുപോവുക തന്നെ. അതുതന്നെയാണ് അഭികാമ്യം.

അവള്‍ സ്വന്തം വാതിലിനു മുന്നില്‍ എത്തിയിട്ടേ പിന്നെ ശ്വാസം വിട്ടുള്ളൂ. കണ്ണു തുറന്നതും ഉള്ളൂ. ഏതോ ആഭാസന്റെ താളത്തിനൊത്ത് തുള്ളാന്‍ ഞാന്‍ എന്താണ് ബൊമ്മയോ.

എന്നാലും എന്തിനാവാം ഒരാള്‍ അത് അവിടെ നിക്ഷേപിച്ചിരിക്കുന്നത്. എങ്ങനെയാണ് ഒരു പരിക്കും പറ്റാതെ അത് അവിടെത്തന്നെ സ്ഥിതിചെയ്യുന്നത്. ഒരു കാക്കയ്ക്കും പട്ടിക്കും വേണ്ട അത്.

അതോ ഇപ്പോള്‍ കണ്ടത് പുതിയ ഒന്നാണെന്നുണ്ടോ, ങ്ഹേ! അങ്ങനെയാണെങ്കില്‍ എന്തിനാണ് ആ വ്യക്തി അത് ആവര്‍ത്തിക്കുന്നത്. എന്തെങ്കിലും സന്ദേശം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ അയാള്‍. ആണെങ്കില്‍ ആര്‍ക്ക് എന്ത് സന്ദേശം.

അത് ധാരാളമായി ഉള്ള ഒരാള്‍ ദാനത്തിനു സന്നദ്ധനായി നില്‍പ്പുണ്ടെന്നോ.

അതുപോലെ അമൃതായി മറ്റൊന്നുമില്ലെന്നോ.

അവള്‍ അവജ്ഞയോടെ മുഖം ചുളിച്ചു. എന്താണ് ഈ ലമ്പടന്മാരുടെയെല്ലാം വിചാരം. ഇപ്പോഴും അവര്‍ സ്വയം അനിഷേധ്യരായി കരുതുന്നുണ്ടെന്നോ.

അതായത് സുഹൃത്തേ,

പ്രകോപിപ്പിക്കാനൊന്നും വരണ്ട എന്നെ. പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചാലും പ്രയോജനമില്ല. എനിക്ക് വേണമെങ്കില്‍ ഞാന്‍ സ്വീകരിക്കുമായിരുന്നല്ലോ.

എന്തിന് ഈ കരഞ്ഞുതീര്‍ക്കല്‍ കോപ്രായം.

ആരാവും ആവോ ഈ അഭ്യുദയകാംക്ഷി അശരീരി.

അല്ലെങ്കിലും പൊതുവേ പെണ്ണുങ്ങള്‍ക്ക് ആണ് ഒരു അത്യാവശ്യമല്ല എന്നു വന്നുകഴിഞ്ഞില്ലേ. സംതൃപ്തിയടയാന്‍ മാര്‍ഗ്ഗങ്ങള്‍ വേറെ ഉണ്ടല്ലോ. പിന്നെ എന്താണ് ഉള്ളത്. താന്‍ നിമിത്തം ഒരു ശരീരാവയവം വളരുന്നതും കുലച്ചുനില്‍ക്കുന്നതും കാണുന്നതിലുള്ള കൗതുകം. അതു മാത്രമല്ലേയുള്ളൂ ബാക്കി. അതിനെച്ചൊല്ലി ഇത്ര നെഗളിപ്പ് വേണോ ആണിന്.

ബീജം വേണ്ടവര്‍ക്ക് വേറെ നിവൃത്തിയില്ല എന്നുമാത്രം.

മാത്രമല്ല, അടുത്ത കൊല്ലത്തോടെ തന്നെ സ്ത്രീകള്‍ വ്യാപകമായി കൃത്രിമ പുരുഷന്മാരെ ആശ്രയിച്ച്... ഊം ഉം, വിനിയോഗിച്ചു തുടങ്ങിയേക്കും എന്നല്ലേ കണക്ക്.

കുശലപ്രശ്നം എന്ന നിലയ്ക്ക് “ആഹാരം കഴിച്ചോ” എന്ന് ചോദിച്ചിട്ടുള്ളതും ഷാരടി മാഷോട് മാത്രമായിരിക്കും ഒരുപക്ഷേ.

“എനിക്ക് വിശപ്പില്ല കുട്ടീ... ഞാന്‍ ഇഡ്ഡലി കഴിച്ചു.”

“എന്ത് ഇഡ്ഡലി... ഇടശ്ശേരി ഇഡ്ഡലിയോ.”

“ഇടശ്ശേരി ഇഡ്ഡലി എന്നൊന്നില്ലാ!”

“ശരി വേണ്ട... വേണമെങ്കില്‍ ഞാന്‍ ദോശയുണ്ടാക്കിത്തരാം... അരിമാവുണ്ട് വീട്ടില്‍, പോരുന്നോ.

“ഇല്ല, ഞാന്‍ ഇത്തിരി കൂടുതലാണ് ഇന്ന്, കുട്ടീ... തല്‍ക്കാലം ഇവിടെ ഇരിക്കാം കുറച്ചുനേരം.”

മാഷ് വഴിയില്‍ വീണുകിടക്കുന്നത് കണ്ടിട്ടുള്ളതിനാല്‍ ചോദിച്ചുപോയതായിരുന്നു. വേണ്ടെങ്കില്‍ വേണ്ടല്ലോ. ഈ ഷാരഡിയുടേയും പാരഡിയുടേയും ഇടയില്‍ കിടന്നു മരുവാന്‍ ഞാന്‍ എന്താണ്, പെന്‍ഡുലം എന്ന ജീവിതമോ.

രണ്ടാളും ഒന്നാണെന്നുണ്ടോ ഇനി. എന്റെ വിഭ്രാന്തിയാവില്ലല്ലോ ഇതെല്ലാം. അല്ലല്ല, യാഥാര്‍ത്ഥ്യം തന്നെ. ഷാരഡി മാഷ് ബഹുമാന്യനായ ഒരാളല്ലേ... എഴുത്തുകാരനൊക്കെ ആയ ഒരാള്‍. ഏതാനും പാട്ടുകള്‍ എഴുതിയിട്ടുള്ളതിനാല്‍ നാട്ടുകാര്‍ക്കും പരിചിതന്‍. മറ്റേത് ഇപ്പോള്‍ ഒപ്പം ജോലിചെയ്യുന്ന സമപ്രായക്കാരന്‍.

സര്‍ക്കാര്‍ നിരോധിച്ചെങ്കിലും മാഷേ എന്ന വിളി മുറയ്ക്ക് നടക്കുന്നുണ്ട്. ആണ്‍ മന്ദബുദ്ധികളാണ് എന്നാല്‍, കെല്പില്ലാത്തവരെങ്കിലും തിണ്ണമിടുക്കുകൊണ്ട് ജയിച്ചുനില്‍ക്കുന്നവര്‍. “മാഷന്മാര്‍...

മാഷന്മാരേ നിങ്ങള്‍ സര്‍വ്വജ്ഞ ദൈവങ്ങളല്ലോ...”

എപ്പോഴോ അവള്‍ അങ്ങനെ കിടന്ന് ഉറങ്ങിപ്പോയി. ഉണര്‍ന്നു നോക്കുമ്പോള്‍ വല്ലാത്ത തലക്കനം. ഓക്കാനം വരുന്നുമുണ്ട് ഒപ്പം. അവധി എടുക്കേണ്ടിവരുമോ എന്ന് പേടിച്ചുകൊണ്ട് അവള്‍ മെത്തമേല്‍ ഇരുന്ന് കിതച്ചു. അതിനകം ആകമാനം വിയര്‍ത്തുകുളിച്ചിരുന്നു.

ആര്‍ക്കെങ്കിലും എന്റെ കഷ്ടപ്പാടുകള്‍ അറിയാമോ?

ഞാന്‍ അനാഘ്രാതകുസുമമായി ജീവിച്ചാല്‍ ഇവര്‍ക്കൊക്കെ എന്താണ് ചേതം. വൃത്തികെട്ട ചില പാട്ടുകള്‍ എന്നെപ്പറ്റി അവര്‍ ഉണ്ടാക്കിയിട്ടില്ല എന്നാരു കണ്ടു. ഹോ. ഈ മാഷന്മാരുടെ ഇടയില്‍ ഓരോ നാളും തള്ളിനീക്കാന്‍ പെടുന്ന പാട്!

“മറ്റാരും കാണാത്ത പൂമീന്‍ തുള്ളും മാറാണേ” എന്ന വരിയില്‍ ഒരു അക്ഷരം മാറ്റി അത് മൂളിക്കൊണ്ടിരിക്കുന്നുണ്ടാവില്ലേ മറ്റവന്‍ മിക്കവാറും. ശപ്പന്‍!...

ഒടുക്കം എങ്ങനെയൊക്കെയോ സ്വയം വാരിക്കൂട്ടി ഒരുങ്ങി പുറത്തിറങ്ങി പടിക്കലെത്തിയപ്പോള്‍ അവിടെ അതാ നില്‍ക്കുന്നു ഷാരഡി മാഷ്. ക്ഷീണിതനായിട്ടുണ്ട് മാഷ് അങ്ങേയറ്റം. പക്ഷേ, ഞാന്‍ എന്തുചെയ്യാനാണിപ്പോള്‍. അവള്‍ പുഞ്ചിക്കാനാവാതെ പകച്ചുനിന്നു.

“കുട്ടി ഇന്ന് ലീവ് എടുക്കാമോ കുട്ടീ.”

“ങ്ഹേ... എന്തിന്!”

“ഒറ്റ ദിവസം കുട്ടീ... എനിക്കുവേണ്ടി.”

ആ യാചന അവളെ കുഴക്കി. അവധി എടുക്കാനാവാത്ത അവസ്ഥയായതിനാല്‍ നന്നായി ക്ലേശിച്ചാണ് എഴുന്നേറ്റുനിന്നത്. ഛര്‍ദ്ദിക്കുകയും ചെയ്തു ഒരിക്കല്‍. മനംപിരട്ടല്‍ അസഹ്യമായപ്പോള്‍ വായില്‍ കൈ കടത്തി അത് സാധിച്ചു.

ഈ മാഷെക്കൊണ്ട് തോറ്റല്ലോ ദൈവമേ. എന്തിന് ദ്രോഹിക്കുന്നു ഒരു പാവം സ്ത്രീയെ ഇവരെല്ലാം ഇങ്ങനെ. മാഷായാലെന്ത്, ഷാരഡിയായാലെന്ത്, എന്തു കുന്തമായാലെന്ത്?

“എടുക്കാമോ ഒറ്റ ദിവസം... ങ്ഹേ?”

“എന്താ മാഷ് ഈ പറയുന്നത്.”

“അല്ല മോളേ, ഇന്ന് വേണമെങ്കില്‍ ഞാന്‍ കൂടെ വരാം ഇപ്പോള്‍.”

“വേണമെങ്കിലോ... ആര്‍ക്ക് വേണമെങ്കില്‍!”

“അല്ല കുട്ടീ, തീരെ വയ്യ എനിക്ക്. നീ അന്നൊക്കെ എന്നെ വിളിച്ചപ്പോള്‍ വേറെ എന്തെങ്കിലും ഉദ്ദേശ്യം ഉണ്ടായിരുന്നോ എന്നൊന്നും എനിക്കറിയില്ല... പക്ഷേ, ഇപ്പോള്‍ ഞാന്‍ വരുന്നത് ഒട്ടും വയ്യാഞ്ഞിട്ടാണ്... ഇത്തിരി വിശ്രമം വേണം.”

അവള്‍ നിന്നനില്‍പ്പില്‍ കലിതുള്ളിയില്ല എന്നേയുള്ളൂ. കാരണവരല്ലേ എന്നു കരുതി ആദരവ് കാണിച്ചപ്പോള്‍ അതിനു കിട്ടിയ പ്രതിഫലം നോക്കൂ. സകല ആണുങ്ങളും ഇമ്മാതിരി കോന്തന്മാര്‍ തന്നെയായിരിക്കുമല്ലേ.

“മോളേ വയ്യാഞ്ഞിട്ടാണ് എനിക്ക്.”

“ദയവായി വെറുതെ വിടാമോ എന്നെ - മനുഷ്യാ!”

വിട്ടില്ല. പെട്ടെന്ന് അയാള്‍ അടുത്തേയ്ക്ക് അണഞ്ഞ് അവളുടെ കയ്യില്‍ പിടിച്ചു. “വിടില്ല ഞാന്‍ മോളേ. വേറെ ആരാധകരൊന്നും ഇല്ല എനിക്ക് ഇപ്പോള്‍.”

“അതിന് ഞാനെന്തു വേണം.”

“ഉപേക്ഷ കാണിക്കരുതേ... സഹായിക്കണേ. ഇന്നലെ പാടുള്ളതിലധികം ആചമിച്ചു. നീചനാരി നിന്‍ കയ്യില്‍ നിന്നല്ലാതെ ആചമിച്ചേറെ വ്യാജമദ്യങ്ങള്‍ - ഛെ, തെറ്റിയല്ലോ വൃത്തം.”

“ഞാന്‍ പോകുന്നു... എനിക്ക് വൈകും.”

“അംഗനേ നീയങ്ങു പോവതെങ്ങനെ...”

ഛീ, ഞാന്‍ അയാളുടെ കൈ തട്ടിമാറ്റി. എന്നാലും ഇതായിരുന്നല്ലേ മൂപ്പരുടെ മനസ്സിലിരിപ്പ്. വേറേ ആവശ്യം കൊണ്ടായിരുന്നോ ഞാന്‍ വിളിച്ചത് എന്ന്. എന്നാലും എങ്ങനെ തോന്നി ഈ മൊയിന്തിന് എന്നെപ്പറ്റി അങ്ങനെ തോന്നാന്‍.

“ഒന്നും മിണ്ടുന്നില്ലല്ലോ നീ.”

“പാഥസാം നിചയം വാര്‍ന്നൊഴിഞ്ഞളവ് സേതുബന്ധനോദ്യോഗമെന്തെടോ... പോയി തുലയ് മാഷേ.”

“നോക്ക്, ഞാന്‍ ഇതുവരെ ആരോടും ഇങ്ങനെ കെഞ്ചിയിട്ടില്ല... അറിയില്ലേ നിനക്ക് ഏന്ത്യാനിച്ചീ... ഏണീവിലോചനേ, മര്യാദയ്ക്ക് ലീവ് എടുത്ത് എന്റെ കൂടെ വാ... എനിക്ക് നിന്റെ കുന്ത്രാണ്ടം ഒന്നും വേണ്ട, അറിയാമല്ലോ... നീ ക്ഷണിച്ചപ്പോഴൊക്കെ നിരസിച്ചതല്ലേ ഞാന്‍.”

“ഹെലോ, നിങ്ങള്‍ വല്ലാതെ അതിരുകടക്കുന്നു. ഒരു സാധുവല്ലേ എന്നു വിചാരിച്ച് ക്ഷമിക്കുമ്പോള്‍ അതില്‍നിന്നും മുതലെടുക്കുന്നോ.”

“നോക്ക് മോളേ, ഗതികേട് കൊണ്ടാണ്. മേലാസകലം വേദനയാണ്. ഏതു നിമിഷവും കുഴഞ്ഞുവീണു മരിച്ചേയ്ക്കാം ഞാന്‍... സത്യമാണ്, ആലങ്കാരിക ഭാഷയല്ല... അത്ര അവശനും നിസ്സഹായനുമാണ്, എടീ ഒന്നു വിശ്വസിക്ക്. ഇത്തിരി കിടന്നാല്‍... ഒന്നു മയങ്ങിയാല്‍ ശരിയാവും പിന്നെ... പിന്നെ ഞാന്‍ പൊയ്ക്കോളാം... പ്ലീസ്.”

“പറ്റില്ല.”

നീ പശ്ചാത്തപിക്കും എടീ... പ്രായശ്ചിത്തം ഇല്ലാത്ത പാപമാണ് നീ ഇപ്പോള്‍ ചെയ്യുന്നത്. ഇങ്ങനെ ഞാന്‍ ഇരന്നിട്ടും... ഞാനൊക്കെ ആഞ്ഞ് ശപിച്ചാലുണ്ടല്ലോ.”

“ആളുകള്‍ നോക്കുന്നു ദുര്‍വ്വാസാവേ... വഴിമാറ്.”

“മോളേ,” പൊടുന്നനെ അയാള്‍ അവളുടെ മുന്നില്‍ നിലത്തേയ്ക്ക് കുമിഞ്ഞു. എന്നിട്ട് മുഖം പൊത്തിക്കൊണ്ട് അയാള്‍ വിതുമ്പി: “നിനക്ക് എന്നോട് അനുകമ്പ കാണും എന്ന് ധരിച്ചത് എന്റെ തെറ്റ്. എന്നെയുണ്ടല്ലോ... ദഹിപ്പിക്കില്ല എന്റെ ജഡം, അറിയാമോ. കുത്തനെ നിര്‍ത്തിയിട്ട് കുഴിച്ചിടുകയാണ് ചെയ്യുക. എട്ടൊമ്പതടി ആഴത്തില്‍ ഒരു കുഴി തീര്‍ത്തിട്ട് ഹ്ം...നിര്‍ത്തിയിട്ടാണ് മറവുചെയ്യുക... ഹ്ം...”

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com