സജിനി എസ് എഴുതിയ കഥ തുരങ്കരഹസ്യം

സജിനി എസ് എഴുതിയ കഥ തുരങ്കരഹസ്യം
Updated on
5 min read

ബാഹുലേയനെ ദിനേശന് നേരിട്ടറിയില്ല. അമ്മ പറഞ്ഞുപറഞ്ഞ് ഒരു ബാഹുലേയൻ അങ്ങനെ അയാളുടെ ഉള്ളിൽ ഉൽഖനനപ്പെട്ട് കിടപ്പു തുടങ്ങിയിട്ട് കാലം കുറെയായി.

“നമ്മുടെ കുടുംമ്മോം ബാഹുലേയനും തമ്മിലൊള്ള അട്പ്പം ഇന്നോ ഇന്നലെയോ തുടങ്ങീതല്ല ദിനേശാ.”

“നെനക്കത് മനസ്സിലായിക്കോളും. എന്തായാലും നീ അയാളെ തപ്പിപ്പിടിച്ചെടുക്കണം. തെക്കെങ്ങാണ്ടും ഉണ്ടവൻ. വലിയ നെലേലാന്നാ പറഞ്ഞെ.”

“ആരു പറഞ്ഞു.” ദിനേശൻ സംശയത്തോടു ചോദിച്ചു.

“അതറിയില്ല ദിനേശാ. എന്റെ തോന്നലാ.”

“തോന്നലൊക്കെ ശരിയായിട്ടുണ്ടല്ലോ.”

ശരിയാണ്. തോന്നലുകളുടെ ഒരു കെട്ടു ചുമടുമായാണ് അമ്മയുടെ ജീവിതമെന്ന് ദിനേശന് പലപ്പോഴും തോന്നിയിട്ടുണ്ട്.

“അപ്പഴ് ഞാൻ തെക്കോട്ടേയ്ക്കാ പോണേന്നൊക്കെ ഇപ്പ അമ്മയ്ക്കറിയാം അല്ലേ?” അയാളുടെ ചോദ്യത്തിനുള്ള മറുപടി ആലോചിക്കുന്നതുപോലെ കണ്ണുകൾ അടച്ചിരുന്നുവെങ്കിലും അമ്മ ബാഹുലേയനെ ചുരുട്ടിവച്ചിരിക്കുന്ന ഓർമ്മകളുടെ പായ വീണ്ടും നിവർത്തുകയാണ്.

“അന്നവൻ തീരെ ചെറുതായിരുന്നു. നമ്മടെ പറമ്പിന്റെ അതിരിൽ നിന്നിരുന്ന ആ ആഞ്ഞിലിമരം നിനക്കോർമ്മയില്ലേ ദിനേശാ.”

“ആ ഒര് മരത്തെച്ചൊല്ലിയാര്ന്ന് അപ്രത്തെ വീട്ടുകാരുമായി വഴക്ക് തൊടങ്ങ്യേ.”

“വഴക്കോ-അമ്മ ഇതെന്താ ഈ പറേണെ. എല്ലാരുമായും ലോഹ്യത്തിലാരുന്നൂന്നാ, ഞാങ്കേട്ടെക്കണെ.”

അമ്മയോടങ്ങനെ പറഞ്ഞുകൊണ്ട് ദിനേശൻ ആ ആഞ്ഞിലിമരത്തെപ്പറ്റി ആലോചിക്കാൻ തുടങ്ങി.

“അല്ല അമ്മേ ആ ആഞ്ഞിലീം ഈ ബാഹുലേയനും തമ്മിലെന്താ.”

സാധാരണയായി ദിനേശന്റെ മറുചോദ്യങ്ങൾ അമ്മയ്ക്കിഷ്ടമല്ലായിരുന്നു. പക്ഷേ, ഈ ചോദ്യത്തിനുള്ള മറുപടി അമ്മ പറഞ്ഞത് നേർത്ത ഒരു ചിരിയോടെയായിരുന്നു.

“അതല്ലേ രസം. അവനന്നാ വാക്കുതർക്കം തടഞ്ഞതെങ്ങനാന്ന് അറിയുവോ ദിനേശാ നെനക്ക്. അവനാ ആഞ്ഞിലിമരത്തെ കെട്ടിപ്പിടിച്ചൊരൊറ്റ നിൽപ്പ്. അവന്റെ കുഞ്ഞുകൈവെള്ള മരത്തൊലിയുടെ പരുപരുപ്പിൽ ചുവന്നു തുടുത്തത് ഇന്നും ഞാനോർക്കുന്നു.”

“ഞാനന്ന് അവന്റെ കുഞ്ഞിക്കയ്യിലൊരുമ്മേം കൊടുത്ത് പറഞ്ഞതെന്താന്നോ.”

“മനുഷമ്മാരങ്ങനയാ. ചെലപ്പം എണങ്ങും പിന്നെ പിണങ്ങും.”

“എന്നാലും ഒരു നാരിഴ സ്നേഹം അവര്‌ടെ എടേൽ കാണും.”

“അല്ലെങ്കിപ്പിന്നെ മനുഷനല്ലാതാകണം. അമ്മ ദീർഘനിശ്വാസമുതിർത്ത് പിന്നീട് നിശ്ശബ്ദയായി. ഭൂതകാലത്തിലെ ആ ആഞ്ഞിലിയുടെ തായ്‌ത്തടിയിൽ ചാരി നിൽക്കുകയായിരുന്നിരിക്കണം അമ്മയപ്പോൾ.”

ആ മരത്തിൽനിന്നു വീണ ഇലകളും പഴുത്തുചാടിയ ആഞ്ഞിലി കായ്കളും വഴക്കിന്റെ വിത്തായിരിക്കണം പാകിയിട്ടുണ്ടാകുക എന്ന് ദിനേശനു കുസൃതി തോന്നി.

ദിനേശൻ അമ്മ പറഞ്ഞ അന്നത്തെ ആ വഴക്കിന്റെ വേരുകൾ പരതി. എല്ലാ കാലങ്ങളിലും എല്ലാ കുലങ്ങളിലുമുള്ളതുപോലെ അതിരു മാന്തുന്ന ഒരു കാരണവർ അതിർത്തിക്കല്ലിനു ചുറ്റും തെറിച്ചീളുകൾ ചിതറിപ്പിക്കുവാനുണ്ടായിരുന്നിരിക്കണം. അന്നും.

അതൊന്നുമല്ലെങ്കിൽ

ആ ഒരാഞ്ഞിലിക്കിരുപുറവുമുള്ള രണ്ടു പേരുടെ അവിഹിത വേഴ്ചകൾ കാലത്തിന്റെ പെരുംപാച്ചിലിൽ കാമം മുഴുവൻ ഒഴുക്കിക്കളഞ്ഞ് പിന്നീട് വൈരാഗ്യത്തിന്റെ വേരുകളായി

പാമ്പുകളെപ്പോലെ ഇണചേർന്നു കിടന്നിട്ടുണ്ടാകാം.

“ഭൂമിയുള്ള കാലത്തോളം അവിഹിതവും ഉണ്ടാകുമല്ലോ.” അന്നു രാത്രി ദിനേശന്റെ ആഞ്ഞിലിക്കഥയിലെ

സംശയങ്ങൾക്ക് അറുതിവരുത്തി ഭാര്യ പറഞ്ഞു.

അയാൾ ബാഹുലേയനെ തൽക്കാലമുപേക്ഷിച്ച് യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. അമ്മ വെറും നിലത്ത് കാൽനീട്ടിയിരുന്നു നാമം ചൊല്ലൽപോലെ എന്തൊക്കെയോ ശബ്ദം കുറച്ച് ഉരുവിടുന്നുണ്ടായിരുന്നു.

“ബാഹുലേയന് എന്തേലുമൊക്കെ കൊടുത്തുവിടണന്നൊക്കെ അമ്മ പറയണ്‌ണ്ട്. എന്നെക്കൊണ്ടൊന്നും വയ്യാട്ടോ. അമ്മ ചോദിക്കുമ്പം കൊടുക്കാനുള്ളതൊക്കെ ബാഗിലുണ്ടന്നങ്ങ് കാച്ചിയേക്കണം.”

ചിത്രീകരണം/സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം/സചീന്ദ്രന്‍ കാറഡുക്ക

ഭാര്യ നടുവിനു കൈകുത്തിനിന്ന് മനോഹരമായ ഒരു കള്ളം പറയാൻ പഠിപ്പിച്ചതിന്റെ ഗർവ്വിൽ ഒരു കള്ളച്ചിരിയോടെ ദിനേശനെ നോക്കി

“അമ്മേടെ ഒര് ബാഹുലേയൻ.” അവൾ ദേഷ്യത്തോടെ പറഞ്ഞ് ഏതോ പകൽ സീരിയൽ കാണാനായി ടി.വി ഓൺ ചെയ്തു.

പിറ്റേന്ന് വെളുപ്പിനാണ് തിരുവനന്തപുരത്തേയ്ക്കുള്ള ട്രെയിൻ.

ദിനേശൻ ധൃതിയിൽ ഒരുക്കങ്ങൾ ഓരോന്നായി തീർത്തു.

തിരുവനന്തപുരത്തൊരു ജോലി ദിനേശന്റെ സ്വപ്നമായിരുന്നതിനാൽ അയാൾ പതിവിലേറെ ഉത്സാഹിയായിരുന്നു. പക്ഷേ, അമ്മ ആഗ്രഹിച്ചതനുസരിച്ച് ബാഹുലേയനു കൊടുക്കാനായി ഒന്നും കരുതാത്തതിനാൽ ദിനേശനു നേരിയ വിഷമം തോന്നി. ഒന്നുമല്ലേലും അമ്മ അത്ര കാര്യായിട്ട് പറഞ്ഞതല്ലേ.

യാത്രയിൽ അയാൾ പുറംകാഴ്ചകൾ ശ്രദ്ധിച്ചതേയില്ല. ചിന്തകൾ അവ്യക്തതയോടെ ഒളിച്ചു കളിക്കുന്നു. ഒരു കണക്കിനു ഭാര്യ പറഞ്ഞതിലും കാര്യമുണ്ട്. ഏതു ബാഹുലേയൻ? ആർക്കറിയാം. ഭൂതകാലത്തിൽ ജീവിക്കുന്ന അമ്മയുടെ ഏതോ ഒരു ബാഹുലേയൻ. വർത്തമാനത്തിന്റേയും ഭാവിയുടേയും കിളിച്ചീട്ടുകൾ അമ്മയ്ക്ക് നഷ്ടമായിട്ട് കാലം കുറെയായി. ദിനേശനും അങ്ങനൊരാളെ കണ്ടതായി ഓർക്കുന്നേയില്ല. അമ്മയല്ലാതെ മറ്റാരും അയാളെക്കുറിച്ച് പറയുന്നതും കേട്ടിട്ടില്ല.

പിന്നെയാർക്കുവേണ്ടി എന്തു കൊണ്ടുപോകുവാൻ എന്നയാൾ സമാധാനിച്ചിരുന്നു. പരിചിതമല്ലാത്ത പുതിയ നഗരജീവിതത്തിൽ ദിനേശന് അങ്കലാപ്പായിരുന്നു. ഓഫീസും നഗരവും ജോലിയും. ഇതിനിടയിലെ ഒരു ഘട്ടത്തിൽ ബാഹുലേയൻ എന്ന പേരുപോലും അയാൾ മറന്നിരുന്നു.

ഇടയ്ക്കെപ്പോഴോ ഓർമ്മവന്നപ്പോൾ അയാൾ സങ്കടത്തോടെ അമ്മയെപ്പറ്റി ആലോചിച്ചു. ഭാര്യയുടെ വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾകൂടി വായിച്ചപ്പോൾ അയാളിലേയ്ക്ക് ആധി പടർന്നു. അമ്മ വീണ്ടും വീണ്ടും ഹൃദയത്തിൽ ചേർന്നുനിന്ന് ബാഹുലേയനെത്തന്നെ ഉൾകാഴ്ചകളിലേക്ക് അടുപ്പിക്കുന്നു.

“നിങ്ങടെ അമ്മേക്കൊണ്ട് വല്യ ഉപദ്രവാ. ചെലപ്പളൊന്നും അതിനൊറക്കോം ഇല്ല. എപ്പളും എന്തൊക്കെയോ വായടയ്ക്കാതെ പിറുപിറുത്തോണ്ടിരിക്കും. നിങ്ങൾക്കിതൊന്നും കാണണ്ടല്ലോ.”

“അതുപോട്ടെ, അയാളെ കണ്ടുപിടിച്ചോ. അയ്യോ അയ്യാക്കടെ പേര് കിട്ടണില്ലല്ലോ.”

“ബാഹുലേയനെ അല്ലേ” -ദിനേശൻ അവളുടെ സംശയം തീർത്തു.

“ഇല്ല. ഒന്നും നടക്കണില്ല. ഈ പെരുംനഗരത്തിൽ

ഞാനെവിടെച്ചെന്നു തെരക്കാനാ? ആർക്കും ആരെയും അറിയില്ലെന്നാ എനിക്ക് തോന്നണെ.”

“പിന്നെയാ ഉണ്ടോ ഇല്ലയോന്നുപോലും അറിയാത്ത ഒരു ബാഹുലേയനെ കണ്ടുപിടിക്കണെ.”

മറുപടികൾ തിടുക്കത്തിൽ നൽകി തുടർചോദ്യങ്ങൾ ഒഴിവാക്കാനായി ദിനേശൻ ഫോൺ കട്ടു ചെയ്തു കിടന്നു.

“നീ ഓർക്കണില്ലേ. ബാഹുലേയനാ നിന്റെച്ഛനെ മരണത്തീന്ന് രക്ഷിച്ചെ അന്നൊരിക്കൽ.”

അമ്മ നെഞ്ചിലേക്ക് കല്ലെടുത്ത് വയ്ക്കുന്നതുപോലെ എവിടൊക്കെയോ വന്നുനിന്നു മുൻപ് പലതവണ പറഞ്ഞു പതംവന്ന കഥകൾ പറഞ്ഞുകൊണ്ടേയിരിക്കുന്നതായി ദിനേശനു തോന്നി.

“ഒരിക്കല് തീവണ്ടിയാപ്പീസിലെ പണീം കഴിഞ്ഞെത്തിയ അന്നല്ലേ അച്ഛൻ കെടപ്പായി പോയത്. അതൊക്കെ നീ ഓർക്കണില്ലേ ദിനേശാ.”

“തീവണ്ടിയാപ്പിസിന് കൊറച്ചപ്രത്തെ പുല്ലാനിക്കാടുകൾ നെറയെ മനുഷമ്മാരാന്നാ അച്ഛൻ പറയണെ.”

“ജീവനുള്ളോരല്ല. മരിച്ചവർ.”

“മരിച്ചവരും ജീവിക്കണ്ണ്ട് ദിനേശാ.”

“ജീവിതത്തിന്റെ കൊളുത്തീന്ന് വിട്ട് തീവണ്ടിക്ക് മുന്‍പിൽ ചാടിയോര്.”

“ഓ അച്ഛനാ കഥകള് പറേണ കേട്ട് ഒത്തിരി രാത്രികളില്

എന്റെ ഒറക്കം പോയിട്ടൊണ്ട് ദിനേശാ.”

“നീയന്ന് കൊച്ചാ. നീ ഒറങ്ങീന്ന് ഒറപ്പ് വരുത്തീട്ടാ അച്ഛനാ കാഴ്ചകള് പറയാറുള്ളെ.”

“ഇവർക്കൊക്കെ എന്താ ധൈര്യം എന്റെ ലക്ഷ്മിയേ. എന്നൊരു നൂറുപ്രാവശ്യം പറയും അങ്ങേര്. നിന്റെ അച്ഛന്റെ ഒരു കാര്യം.”

“ഭർത്താവും ഭാര്യേം മക്കളും കാമുകീം കാമുകനും.”

“അവര്‌ടെ സങ്കടങ്ങള് കേൾക്കണന്നൊക്കെ ആ തീവണ്ടിക്കും ആഗ്രഹം കാണൂല്ലേ ലക്ഷ്മീ. പക്ഷേ, തീവണ്ടി അതിന്റെ ഒരു കുടന്ന ശ്വാസം എടുക്കുമ്പോഴേയ്ക്കും അതിന്റെ ചിന്തകളെ തകിടം മറിച്ച് ഈ മനുഷമ്മാര് ഈയ്യാമ്പാറ്റകളെപ്പോലെ അതിന്റടുത്തേയ്ക്ക് പറന്നെത്തി ഒറ്റപ്പെടച്ചിൽ.”

“ജീവിതത്തിന്റെ കഥ കഴിയും.”

“ലക്ഷ്മീ നെന്നോട് ഒരു ദിവസം ഞാനൊരു രഹസ്യം പറയും.”

“എപ്പഴ്.”

ഞാനെന്റെ ദിനേശാ നിന്നെ ചേർത്ത് പിടിച്ച് അച്ഛനോട് ചോദിക്കും.

“അപ്പഴച്ഛൻ പറയുവല്ലേ. സമയമായിട്ടില്ലന്ന്. പറയാൻന്ന്.”

“എത്ര നാള് അങ്ങേരെന്നെ പറ്റൂച്ചൂന്നറിയോ നിനക്ക്.”

ചിത്രീകരണം/സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം/സചീന്ദ്രന്‍ കാറഡുക്ക

ആ രഹസ്യം പറഞ്ഞേയില്ല. പറയാതെയല്ലേ പെട്ടെന്നങ്ങ് തീർന്നുപോയെ പുള്ളിയും. അമ്മ പിന്നെ എപ്പഴൊക്കെയോ ആ രഹസ്യത്തിന്റെ വാതിലും തൊറക്കണ്ത് കാത്തിരുന്നുപോലും.

“നിങ്ങള് ആരേങ്കിലും ഉപദ്രവിച്ചിട്ടുണ്ടോ മനുഷ്യാ. അതാണോ ആ രഹസ്യം.”

“പറയ് മനുഷ്യാ. ആരാണേലും കൊഴപ്പോല്ല. ഞാനങ്ങട് സഹിച്ചു എന്തേ.”

“ഇങ്ങനൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട് ദിനേശാ നിന്റച്ഛനോട്.”

പക്ഷേ, രഹസ്യങ്ങളുടെ താക്കോൽ കൂട്ടം മനസ്സിലിട്ട് ചുഴറ്റി അച്ഛനങ്ങ് യാത്രയായില്ലേ.

അമ്മ ജീവിതത്തിൽ ആ രഹസ്യജാലകത്തിനടുത്തുതന്നെ ഊണിലും ഉറക്കത്തിലും കാലും നീട്ടിയിരുപ്പായീന്നാണ് ദിനേശന് തോന്നിയിട്ടുള്ളത്.

“പിന്നെ നിന്റെച്ഛനൊണ്ടല്ലോ. അങ്ങേര് എന്തു പറഞ്ഞാലും അതിന് തീവണ്ടീമായിട്ട് ബന്ധോണ്ടാകും.”

“ഒരിക്കൽ പണികഴിഞ്ഞെത്തിയ അങ്ങേര്‌ടെ കൂടെയാ ബാഹുലേയനും വന്നെ. വന്ന വഴിയേ ജലപാനം നടത്താതെ അച്ഛൻ നേരെ എന്റടുത്തേയ്ക്കാ വന്നെ.”

“ഇതാ നെനക്കൊരു മോൻ” എന്നും പറഞ്ഞ് ബാഹുലേയനെ എന്റരികിൽ നിർത്തി അച്ഛനങ്ങ് സംസാരിക്കാൻ തുടങ്ങി.

ലക്ഷ്മീ കേക്കണൊണ്ടോ. ഇന്ന് തീവണ്ടിക്ക് പച്ചക്കൊടീം കാണിച്ചോണ്ട് നിന്ന ഞാനൊന്ന് വീഴാന്തൊടങ്ങി.

“ഹൃദയം നിന്നുപോകാന്തൊടങ്ങ്യോന്നൊരു സംശയം.”

“ദൈവാണേൽ ജീവിതത്തിനു പച്ചക്കൊടി കാണിച്ചാലല്ലേ നമ്മടെ ശരീരത്തിന് അനങ്ങാമ്പറ്റൂ.”

“ഞാൻ കൊഴഞ്ഞുവീഴാൻ തൊടങ്ങീതും ഈ ബാഹുലേയൻ അവന്റെ കുഞ്ഞിക്കൈകൾ കൊണ്ട് എന്നെ ഒന്നു തൊട്ടു.”

“ഹൊ എന്തൊരു തൊടലായിരുന്നു അതെന്നറിയുവോ ലക്ഷ്മീ. ജീവിതത്തിനും മരണത്തിനുമിടയിലുള്ള ഒരുമാത്ര നേരത്തെ ഊർജ്ജം. അതീന്നാ ലക്ഷ്മീ ചുരുണ്ടുപോയ ജീവന്റെ പച്ചക്കൊടി ഞാൻ ചുളിവുമാറ്റി നിവർത്തിയെടുത്തത്. അവനേംകൊണ്ട് അവന്റെ അമ്മ ജീവിതത്തീന്ന് എറങ്ങി പോകാന്തൊടങ്ങീതാ തീവണ്ടീടെ മുന്നിലേക്ക്. അമ്മയ്ക്ക് സമയനിഷ്ഠ പാലിക്കണം എന്നുള്ളതോണ്ട് ആണെന്നു തോന്നുന്നു മോന്റെ കൈ വിടുവിച്ച് ആദ്യമേ തന്നെ ഒറ്റപ്പോക്ക്. ഒരു കാര്യത്തിലും സമയം തെറ്റിക്കരുതെന്ന് മോനെ പഠിപ്പിച്ചതായിരിക്കും. അതോ അവസാന ശ്വാസം വിടുന്നതിനു മുൻപ് മോൻ രക്ഷപ്പെട്ടോട്ടെ എന്ന് കര്തീതോ ആ പാവം.”

“എല്ലാം എന്റെ കൺമുന്നിലായിരുന്നു ലക്ഷ്മീ.”

“ഒരുപക്ഷേ, എന്നെ രക്ഷിക്കാനായി ദൈവം അവനെ എന്റെയരികിൽ എത്തിച്ചതായിരിക്കും. അതോ അവനെ രക്ഷിക്കാൻ എന്നെ നിയോഗിച്ചതോ? എല്ലാം ഓരോരോ നിയോഗങ്ങൾ അല്ലേ. അച്ഛനങ്ങനേം പറഞ്ഞു ദിനേശാ.”

“അന്നത്തെ ദിവസം മുഴുവൻ അച്ഛൻ കരഞ്ഞു. ആദ്യായിട്ടായിരുന്നു അച്ഛന്റെ കരച്ചിൽ ഞാൻ കണ്ടതെങ്കിലും ഞാനത് തടസ്സപ്പെടുത്തീല്ല ദിനേശാ.”

അമ്മയുടെ കഥാതീരങ്ങൾ പിന്നെയും വിസ്തൃതമായിക്കൊണ്ടിരുന്നു. അന്നൊക്കെ എന്നിട്ട് എന്നിട്ട് എന്ന പതിവുചോദ്യങ്ങൾ കഥാന്ത്യം വരെ ദിനേശൻ ചോദിച്ചുകൊണ്ടേയിരുന്നു.

ഉത്തരമില്ലാത്ത “എന്നിട്ട്” എന്ന ചോദ്യങ്ങൾക്കെല്ലാമുള്ള വലിയ മറുപടിയായിത്തീർന്നു അമ്മയുടെ ജീവിതം എന്നു പറയുന്നതാകും ശരി. ഓർമ്മപ്പെരുക്കങ്ങളിൽ അമ്മ എപ്പോഴൊക്കെയോ ബാഹുലേയനെ തിരക്കിക്കൊണ്ടേയിരുന്നുവെങ്കിലും ഒടുവിൽ അമ്മ പറയും:

“എന്നാലും ഒരു രഹസ്യം ബാക്കിണ്ട് ദിനേശാ. അച്ഛൻ പറയാത്തതായി. എല്ലാ മനുഷന്മാർക്കും ഇങ്ങനൊക്കെ രഹസ്യങ്ങൾ ഉണ്ടാകുമായിരിക്കും.”

“ഇപ്പഴീ ബാഹുലേയൻ തന്നെ പിടിതരാത്ത ഒരു രഹസ്യമല്ലേ” എന്ന് ദിനേശന് അമ്മയോട് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, അമ്മയിൽ കുടിയിരിക്കുന്ന ഇരുണ്ട നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെല്ലുവാൻ ദിനേശനു ഭയം തോന്നിയിരുന്നു.

“നിങ്ങക്ക് ബാഹുലേയനെ കണ്ടുപിടിക്കാമ്പറ്റുവോ. ഇല്ലല്ലോ?” ഭാര്യയുടെ സന്ദേശം മൊബൈലിൽ പച്ചകുത്തിക്കിടന്നു.

“അമ്മ ഇവ്‌ടെ കെടന്നു കയറു പൊട്ടിക്കുവാ. ഇപ്പള് രാത്രീം പകലും ഇത് തന്നെയാ പറച്ചില്.”

“ദാ ഇതു കണ്ടോ.” ഭിത്തിയോട് പുറം തിരിഞ്ഞിരുന്ന് രാത്രിയോട് പിറുപിറുക്കുന്ന അമ്മയുടെ ചിത്രം ഭാര്യ ദിനേശന് വാട്ട്‌സ്ആപ്പ് ചെയ്തു. ഭിത്തിക്കപ്പുറത്ത് ഭൂതകാലം ഒരു തീവണ്ടി ബോഗിയെപ്പോലെ നിരങ്ങിനീങ്ങുന്നുണ്ടാകും. ദിനേശൻ കരുതി.

എന്തായാലും ഇനി സമയം കളയാനില്ല. ഇന്നു മുതൽ ബാഹുലേയനെ തേടിപ്പോകണം.

ഓഫീസിൽ അയാൾക്ക് സുഹൃത്തുക്കൾ തീരെ കുറവായിരുന്നു. ആദ്യം സംഘടനാ ഓഫീസിൽനിന്നുതന്നെ അന്വേഷണം തുടങ്ങാമെന്ന് ദിനേശൻ തീരുമാനിച്ചു. ഏതു കാര്യത്തിനും അവിടെ ബന്ധപ്പെട്ടാൽ മതിയെന്ന് ഉറപ്പ് കിട്ടീട്ടുണ്ടല്ലോ. അവിടെ ഒരാൾ തെരുവിലേയ്ക്കുള്ള ഇടവഴികളും നഗരത്തിരക്കുകളിൽനിന്ന് ഊളിയിട്ട് ഇറങ്ങാനുള്ള തന്ത്രങ്ങളും പറഞ്ഞുകൊടുത്തു.

“സൂക്ഷിച്ചുവേണം അന്വേഷണം. പട്ടണമാണെന്നോർക്കണം.”

ചിത്രീകരണം/സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം/സചീന്ദ്രന്‍ കാറഡുക്ക

വഴിതെറ്റിക്കാൻ ഭൂതങ്ങളെപ്പോലെ ഒത്തിരി ബാഹുലേയന്മാർ വേഷംമാറി വരും. മറ്റൊരാൾ ദിനേശന് ഉപദേശം നൽകി.

അവിടവിടെയായി മൂന്നു ബാഹുലേയൻമാരുണ്ട് എന്ന ആദ്യ അറിവ് അയാൾക്ക് ഊർജ്ജം നൽകി.

ഇനിയും മറഞ്ഞിരിക്കുന്ന കുറെയേറെ ബാഹുലേയന്മാരുണ്ടാകുമെന്നും അയാൾ ആശ്വസിച്ചു.

ഒരു ബാഹുലേയൻ നാഗർകോവിലുകാരനാണ്. ദിനേശന്റെ വിക്കിയുള്ള തമിഴ് ചോദ്യങ്ങൾക്ക് അയാൾ മണിമണിയായി മറുപടി നൽകി.

“സാർ തമിഴ് പറഞ്ഞ് വിഷമിക്കണ്ട. നാഗർകോവിലല്ലേ. മലയാളോം പറയും ഞങ്ങള്. മലയാളത്തിൽ ചോദിച്ചാൽ മതി.”

അയാൾ ദിനേശന്റെ നാട്ടിലൊന്നും വന്നിട്ടേയില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു.

ഇത് അമ്മയുടെ ബാഹുലേയനല്ല. ദിനേശൻ തീർപ്പു കൽപ്പിച്ചു.

പിന്നൊരു ബാഹുലേയൻ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. തൊഴിൽ തേടി വലഞ്ഞ് ഒടുവിൽ കിട്ടിയ ശിപായിപ്പണിയിൽ മുഴുകി നിസ്സംഗതയോടെ കഴിയുന്നവൻ. ദിനേശന്റെ ഒറ്റച്ചോദ്യത്തിൽ തന്നെ അയാൾ മറുപടി നൽകി:

“എന്റെ പൊന്നു സാറേ. ഈ ബാഹുലേയനെന്നുള്ള പേരുതന്നെ മാറ്റാൻ നടക്കുവാ ഞാൻ. കുറച്ചൂടെ നല്ല ജോലി കിട്ടീട്ട് വേണം. ഗസറ്റില് ഒക്കെ കൊടുക്കണ്ടേ. ചെലവില്ലേ. എന്തായാലും ഞാനാ ബാഹുലേയനല്ലാട്ടോ.”

ആശുപത്രിയിലെ മോർച്ചറി കാവൽക്കാരനായ മൂന്നാമത്തെ ബാഹുലേയനും കയ്യൊഴിഞ്ഞതോടെ ദിനേശൻ നിരാശപ്പെട്ടു. ഇനി അമ്മയോട് എന്താണ് പറയുക.

കുറെയേറെ ബാഹുലേയന്മാരെ കാണിച്ചുതരാമെന്നു പറഞ്ഞ് ദിനേശനു പതിവായി ചായ നൽകുന്ന രാജേന്ദ്രൻ പ്രലോഭിപ്പിച്ചിരുന്നു.

അടുത്ത അവധി ദിവസത്തിൽ അന്വേഷണം ആരംഭിക്കാമെന്ന് അയാൾ

ഉറപ്പു പറഞ്ഞു.

ദിനേശന്റെ ഉറക്കം കെട്ടുപോയിരുന്നു.

മൊബൈലിൽ ഭാര്യയുടെ സന്ദേശപ്രവാഹം.

“ഇന്നമ്മയ്ക്ക് സംസാരം കുറവായിരുന്നു. ഒരു കാര്യം മാത്രമേ ചോദിച്ചുള്ളൂ.

ബാഹുലേയൻ എന്നെ വിളിച്ചോന്ന്. ഞാനന്തംവിട്ടുപോയി. ആരെയാ അമ്മ ബാഹുലേയനായി ഉദ്ദേശിക്കണെ. നിങ്ങളെയോ?”

“നിങ്ങൾ വിളിച്ചോന്നു തന്നെയാ അമ്മ ചോദിച്ചെ.” അവൾ ദേഷ്യം അറിയിക്കാനായി മുഖം വക്രിച്ച രൂപങ്ങളെ തെരുതെരെ ഒഴുക്കിവിട്ടു വാട്ട്‌സ്ആപ്പിലേക്ക്.

ബാഹുലേയൻ എന്ന പേരുമാറ്റി അവൻ തന്നെയാ ദിനേശൻന്ന് ആക്കിയതുപോലും. ഭാര്യ അമ്മയുടെ വാക്കുകൾ സന്ദേശമാക്കി കുത്തിനോവിക്കുവാൻ വരുന്നു. ദിനേശൻ പച്ചയുടെ തരംഗത്തിൽ ചുവപ്പായും നീലയായും കറുപ്പായും നിറമില്ലായ്മയായും രൂപാന്തരപ്പെട്ടതുപോലെ. മറുസന്ദേശം ടൈപ്പുചെയ്യാൻ അയാളുടെ വിരലുകൾ വിമുഖത കാണിച്ചു. ദിനേശനു മുന്നിൽ മൊബൈൽ പെട്ടെന്ന് അണഞ്ഞു. ഭാര്യയും അപ്രത്യക്ഷയായി.

അയാളിലേക്ക് അകാരണമായ ഒരു ഭീതി ഇടിച്ചുകയറി. അയാൾ അവളെ പാതിരാത്രിയിൽ തന്നെ ഫോൺ ചെയ്തു.

“ഓരോരോ തോന്നലുകളാ അമ്മയ്ക്ക്.” ഭാര്യ ഉറക്കച്ചടവോടെ പറയുന്നുണ്ടായിരുന്നു.

“അപ്പഴ് അമ്മ പറേണതൊക്കെ അവിടെ നിൽക്കട്ടെ.” അവൾ ദേഷ്യത്തിലായിരുന്നു.

“സൊന്തം മോനെ തിരിച്ചറിയാത്ത ഒരു തള്ളേം പേരുപോലും ഓർമ്മയില്ലാത്ത ഒരു മോനും. അവർക്ക് ഓർമ്മയില്ലെന്ന് വയ്ക്കാം. നിങ്ങൾക്കോ?”

“സത്യം പറ നിങ്ങളാരാ. ദിനേശനോ ബാഹുലേയനോ.”

മൊബൈലിൽ വീണ്ടും വേറൊരു സന്ദേശവാഹകന്റെ പച്ചവെളിച്ചം തെളിയുന്നു.

“ബാഹുലേയന്മാരെ കാണാൻ പോകണം നാളെ. ചായക്കടക്കാരന്റെ സന്ദേശമാണ്. ദിനേശൻ ഫോൺ വലിച്ചെറിഞ്ഞ് കമിഴ്ന്ന് കിടന്ന് തന്റെ മുഖം ഓർത്തെടുക്കാൻ ശ്രമം തുടങ്ങി. അമ്മ പറഞ്ഞ ആഞ്ഞിലിമരവും പച്ചക്കൊടിയുമായി നിൽക്കുന്ന ഒരച്ഛനും. എത്ര ബദ്ധപ്പെട്ട് ആലോചിച്ചിട്ടും മനസ്സിലേക്ക് വന്നതേയില്ല.”

അയാൾ ചായക്കടക്കാരന് മറുപടി അയച്ചു.

ബാഹുലേയനെയല്ല, ദിനേശനെയാണ് അന്വേഷിക്കേണ്ടത്.

ദിനേശൻ ഇപ്പുറത്ത്, അപ്പുറത്ത് നിന്നുള്ള നീലവര ശരികളെ കാത്തിരുന്ന് മയങ്ങി.

മയക്കത്തിൽ ഭൂമിയുടെ അറ്റം വരെ നീണ്ടുകിടന്ന വിജനമായ ഒരു റെയിൽവേ ട്രാക്കിലൂടെ നിലം തൊടാതെ ധൃതിയിൽ പോയ നഗ്നപാദങ്ങൾ കണ്ട് അയാൾ ഞെട്ടി ഉണർന്നു.

ഒരു നീളൻ തുരങ്കം ഇരുളിൽ രൂപപ്പെട്ടു വരുന്നത് അയാളറിഞ്ഞു.

ഒടുവിൽ വെളിച്ചത്തിലേയ്ക്ക് കടന്നതും പച്ചക്കൊടിയുടെ ഒരായിരം അലകളിൽ മുങ്ങി നിവർന്നതും ആരോ കൈവെള്ളയിൽ ഉമ്മവെച്ചതും ഒരു കൺമിന്നലിന്റെ ഇത്തരിവെട്ടത്തിലെന്നതുപോലെ ദിനേശനെ ഉണർച്ചയിലേക്ക് പ്രവേശിപ്പിച്ചതും ഓർമ്മയിൽ കുരുങ്ങവെ ആഞ്ഞിലിയില തളിരുകളുടെ കാറ്റ് വന്ന് മൃദുവായി സംസാരിക്കാൻ തുടങ്ങി.

എന്നിട്ടോ എന്ന ചോദ്യം ആരോ മന്ത്രിച്ചുകൊണ്ടേയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com