സോണിയ റഫീക്ക് എഴുതിയ കഥ 'ഉംവെല്‍റ്റ്'

സോണിയ റഫീക്ക് എഴുതിയ കഥ 'ഉംവെല്‍റ്റ്'
Updated on
12 min read

The only true voyage would be not to visit strange lands but to possess other eyes to see the hundreds of universes that each of them sees -

Marcel Proust.

ച്ഛന്റെ വണ്ടിയുടെ വെളിച്ചം കാത്ത് തിണ്ണയിലിരുന്ന ധനു മുറ്റത്തെ മാവിൽനിന്നുയരുന്ന പലയിനം പക്ഷികളുടെ സങ്കരശബ്ദം കേട്ട് ഓരോന്നിന്റേയും അർത്ഥം വ്യാഖ്യാനിക്കാൻ ശ്രമിച്ചു. ഇക്കിളെടുക്കുന്നതുപോലെ കരയുന്ന ഏതോ ഒരു പക്ഷി കുളക്കരയിലെ പാതിരാക്കൊക്കിന്റെ ശകാരങ്ങൾക്ക് മറുപടി കൊടുക്കുന്നു. ഞെട്ടിൽ തൂങ്ങിക്കിടന്ന് പഴുത്തമാങ്ങ തുരന്നുതിന്നുന്ന ബുൾബുൾപക്ഷി അങ്ങകലെ കേൾക്കുന്ന രാപ്പാടിയുടെ നീണ്ടപാട്ടിനെ കണ്ണുമിഴിച്ച് നോക്കുന്നു. ഇവർക്ക് അന്യോന്യം മനസ്സിലാകുന്നുണ്ടാകുമോ? എന്താണ് ഈ ആശയവിനിമയങ്ങളുടെ പൊരുൾ?

അത്താഴം മേശമേൽ നിരത്തിവച്ചിട്ട് ലാലു വിളി തുടങ്ങി: “ധനൂ, വായോ...”

“വെയിറ്റ് ലാലുച്ചേട്ടാ,ഞാനിന്ന് അച്ഛനൊപ്പം കഴിക്കാം.” ചപ്പാത്തി തണുത്ത് വടിയാകുമെന്ന പ്രാക്കോടെ ലാലു അടുക്കളയിലേയ്ക്ക് മറഞ്ഞു. ലാലുവിനു സന്ധ്യയ്ക്ക് തന്നെ രണ്ടെണ്ണം അടിച്ച് കിടന്നുറങ്ങാനാണ് വെപ്രാളപ്പെട്ടുള്ള അത്താഴം വിളമ്പലെന്ന് ധനുവിനറിയാം. ലാലുവിന്റെ ക്ലീൻ ഷേവ് മുഖവും പുരികങ്ങളുടെ കമാനവും കവിളുകളുടെ ഇളക്കവും ഒരു കഥകളി കലാകാരനെ ഓർമ്മിപ്പിക്കും. പത്താം ക്ലാസ്സിലെ ബോർഡ് എക്സാം കഴിഞ്ഞുള്ള അവധിയാണ്, പതിനൊന്നിൽ ഏത് വിഷയം എടുക്കും എന്നതിൽ ധനുഷ് പ്രതാപ് എന്ന ധനുവിനു സംശയമില്ല. അവനും അച്ഛനെപ്പോലെ ഒരു പരിസ്ഥിതി ശാസ്ത്രജ്ഞൻ ആയാൽ മതി.

തിണ്ണയിലിരുന്ന് തിരിഞ്ഞുനോക്കുമ്പോൾ ഊണുമുറിയുടെ ഇടതുവശത്തായി കാണുന്നത് അമ്മയുടെ മുറിയാണ്. അവിടെ ഒരു ചുമരൊപ്പിച്ച് നീളത്തിൽ പണിത അലമാരയ്ക്കുള്ളിൽ അമ്മ വായിക്കാറുള്ള സാഹിത്യ പുസ്തകങ്ങളാണ്. നോവലുകളും കഥകളും കവിതകളുമായി അവ ഇടയ്ക്കിടെ അവനെ പ്രലോഭിപ്പിക്കാറുണ്ട്. എങ്കിലും അമ്മ പിണങ്ങിപ്പോയതിനുശേഷം ധനുവിന്റെ വെക്കേഷൻ കാലം അധികവും അച്ഛന്റെ ശാസ്ത്രസംബന്ധിയായ പുസ്തകങ്ങളുള്ള വായനാമുറിയിലായിരുന്നു. അവിടെ ഓരോ പുസ്തകത്തട്ടിലും അവൻ ഓരോ ഗന്ധങ്ങൾ അറിഞ്ഞു - മൃഗങ്ങളുടെ ചൂര്, ഗന്ധകത്തിന്റെ ചീഞ്ഞമുട്ട മണം, ബ്ലാക്ക് ഹോളുകളുടെ നിർവ്വികാര ഗന്ധം, ഈജിപ്തിലെ മമ്മികളുടെ തൈലങ്ങളുടെ പുരാതന ഗന്ധം. അമ്മ വീട് വിട്ടുപോയിട്ട് രണ്ടു വർഷത്തിലേറെയായി. ഡിവോഴ്‌സ് എന്ന വാക്ക് അച്ഛൻ ഒരിക്കലും ഉച്ചരിച്ചു കേട്ടിട്ടില്ല. അത് സംഭവിച്ചിരിക്കാം! ഒരുപക്ഷേ, വ്യത്യസ്ത ഇനങ്ങളിലെ ഈ പക്ഷികളെപ്പോലെ തന്റെ അച്ഛന്റേയും അമ്മയുടേയും ഉംവെൽറ്റ് വ്യത്യസ്തങ്ങൾ ആയിരുന്നിരിക്കാം, അതാവും അവർ പിരിഞ്ഞതെന്ന് ധനു ഇടയ്ക്കിടെ ഓർക്കും.

മണി പത്ത് കഴിഞ്ഞിട്ടും അച്ഛൻ എത്തിയില്ല. മുറ്റത്തെ ബൾബിനു ചുറ്റും പാറുന്ന ഈയാംപാറ്റകളെ തുരത്തുവാനായി ലാലു വെട്ടമണച്ചു. ചൂടാറാത്ത ബൾബിന്റെ ഫിലമെന്റിൽ അപ്പോഴും ചെറുകനൽ എരിയുന്നുണ്ടായിരുന്നു. ചില്ലിനുള്ളിലെ ആ ത്രികോണ വെളിച്ചത്തിലേയ്ക്ക് ധനുവിന്റെ കണ്ണുകൾ തുറിച്ചു. അതിനുള്ളിലെ താപം ആവാഹിക്കാൻ അവന്റെ ഞരമ്പുകൾ പിടഞ്ഞു. അന്നുവരെ ഉറക്കത്തിലമർന്നിരുന്ന ഏതൊക്കെയോ കോശങ്ങൾ ഞൊടിയിടെ പിടഞ്ഞുണർന്നു. അവ അവനെ തിണ്ണയിൽനിന്നും എഴുന്നേൽപ്പിച്ച് സ്റ്റൂളിനു മുകളിൽ കയറ്റി നിർത്തി. അവൻ ആ ബൾബിനെ മനസ്സുകൊണ്ടും വിരലുകൊണ്ടും ഒരുപോലെ ആശ്ലേഷിച്ചു. വിരൽത്തുമ്പുകളിലൂടെ പടർന്ന പൊള്ളൽ അവന്റെ ഉള്ളം ജ്വലിപ്പിച്ചു. ലാലു ഓടിവന്നതും സ്റ്റൂളിൽനിന്നും വീണുകിടന്ന അവനെ എടുത്തതും സ്വപ്നംപോലെ ധനു അറിഞ്ഞു. പൊള്ളിയ വിരലുകളിൽ മരുന്നു പുരട്ടിക്കൊണ്ട് അയാൾ അച്ഛനെ ഫോണിൽ വിളിക്കുന്നത് കിടപ്പുമുറിയിൽ ഇരുന്ന് അവൻ കേൾക്കുന്നുണ്ടായിരുന്നു: “പ്രതാപ് സാറേ, എത്താറായോ? ധനു കാത്തിരുന്ന് മുഷിഞ്ഞപ്പോ... ആഹ് പേടിക്കാനൊന്നുമില്ല, വരുമ്പോ പറയാം.”

ധനുവിനു ശരീരമാകെ വിയർപ്പു പൊടിഞ്ഞു. ആറു മാസങ്ങൾക്കു മുൻപ് ബോർഡിംഗ് സ്കൂളിൽനിന്നും ഇതുപോലൊരു വെക്കേഷനു വന്നപ്പോൾ കൂടെ ഇഷാനും ഉണ്ടായിരുന്നു. കൊവിഡ് കാല യാത്രാവിലക്ക് കാരണം ഇഷാന് ഖത്തറിലെ മാതാപിതാക്കൾക്കടുത്തേയ്ക്ക് പോകാനായില്ല, ബോർഡിംഗ് പൂട്ടിയപ്പോൾ അവൻ തന്റെ പ്രിയ സുഹൃത്തിനൊപ്പം പോന്നു.

മുറ്റത്ത് പ്രതാപിന്റെ വണ്ടി വന്നുനിന്നപ്പോൾ ലാലു ഓടിച്ചെന്നു: “സാറേ, കഴിഞ്ഞ തവണ ആ ചെക്കനൊപ്പം വന്നതുകൊണ്ട് വല്യ കുഴപ്പമില്ലായിരുന്നു. ഇത്തവണ...”

“നിന്നോട് ഞാൻ പറഞ്ഞതല്ലേ അവന്റെമേൽ ഒരു കണ്ണ് വേണമെന്ന്.”

പ്രതാപ് ധനുവിനെ ചേർത്തുപിടിച്ചുകൊണ്ട് അത്താഴത്തിനു വന്നിരുന്നു. അയാൾ മകന്റെ വിരലുകൾ പിടിച്ചുനോക്കി, ചുവന്ന കുമിളകളായി വീർത്ത വിരൽത്തുമ്പുകളിൽ മുത്തി. നമ്മുടെ ഈയലുകളും കാലിഫോർണിയയിലെ തീവേട്ട വണ്ടുകളായ മെലനോഫിലകളും അനുഭവിക്കുന്ന താപാസക്തി എന്തെന്ന് അനുഭവിച്ചറിയാൻ ചെയ്തതാണെന്ന് അവൻ അച്ഛനോട് കുറ്റസമ്മതം നടത്തിയപ്പോൾ പ്രതാപ് ചിരിച്ചുകൊണ്ട് പറഞ്ഞു: “നമുക്ക് കുറ്റാകൂരിരുട്ടായി തോന്നു ന്ന ഇടങ്ങളിൽ നിറങ്ങൾ കാണാനും നിതാന്ത നിശ്ശബ്ദത അനുഭവപ്പെടുന്ന ഇടത്ത് ശബ്ദങ്ങൾ കേൾക്കാനും നിശ്ചലം എന്നു തോന്നുന്ന ഇടങ്ങളിൽ ചലനങ്ങൾ കണ്ടെത്താനും സാധിക്കുന്ന ജന്തുക്കളുണ്ട്. ലൈംഗികാവയവങ്ങളിൽ കണ്ണുകളുള്ള ജീവികളുണ്ട്, മുട്ടുകാലിൽ കാതുകളുള്ളവ, കാലിൽ മൂക്കുള്ളവ, ചർമ്മമാകെ നാവുകളുള്ളവ. അങ്ങനെ എന്തെല്ലാം വൈവിധ്യങ്ങൾ! വെട്ടുകിളികളുടെ വയറ്റിലാണ് ചെവി, വെട്ടിലുകളുടെ മുട്ടിലാണ് കാത്, കൊതുകുകൾ കൊമ്പുകൾ ഉപയോഗിച്ച് കേൾക്കുന്നു, ചില ചിത്രശലഭങ്ങൾക്ക് കാതുകൾ ചിറകിലാണ്. അതിന്റെയൊക്കെ ഉംവെൽറ്റിലേക്ക് കടന്നുചെന്ന് അവയെ മനസ്സിലാക്കാൻ നമുക്കാവില്ല ധനൂ. തിരിച്ച് അവയ്ക്കും നമ്മുടെ ലോകത്തേക്ക് കടക്കാനാവില്ല.”

ഉംവെൽറ്റ് (umwelt) എന്ന ജർമ്മൻ വാക്കിനർഥം ‘പരിസ്ഥിതി’ എന്നാണെന്ന് ധനു കേട്ടിട്ടുണ്ട്. പരിസ്ഥിതി എന്നാണ് അർത്ഥമെങ്കിലും അതിന് ഒരു ജീവിയുടെ സംവേദനാത്മക അന്തരീക്ഷം എന്നൊരു ആഴമുള്ള അർത്ഥം കൂടിയുണ്ട്. ഇന്ദ്രിയാവബോധം ഓരോ ജന്തുവിനും വ്യത്യസ്തമാണ്, ഒന്നും നാം കാണുന്നതുപോലെയല്ല, നാം അനുഭവിക്കുന്നതെല്ലാം അനുഭവസാധ്യമല്ലാത്ത എന്തിൽ നിന്നൊക്കെയോ അരിച്ചെടുത്ത ചില പാഠഭേദങ്ങൾ മാത്രമാണ്. ഉമ്മവയ്ക്കുന്നതുപോലെ ചുണ്ടുകൾ കൂർപ്പിച്ചുകൊണ്ട് ലാലു ഉംവെൽറ്റ് എന്ന പദത്തെ വലിച്ചെടുക്കാൻ ശ്രമിച്ചു.

“മോനെന്താ അമ്മയുടെ മുറി യിലുള്ള കഥാപുസ്തകങ്ങളൊന്നും വായിക്കാത്തത്? നല്ല രസമുള്ള ഫിക്ഷനൊക്കെ ഉണ്ടല്ലോ. സോഫീസ് വേൾഡ് ഒക്കെ വായിക്കാരുന്നില്ലേ? എത്ര ഇമാജിനേറ്റീവ് ആണത്.”

“നോ അച്ഛാ, എനിക്ക് അച്ഛനെപ്പോലെ സയിന്റിസ്റ്റ് ആയാൽ മതി.”

“അതിനെന്താ! നിനക്ക് സയൻസിനു നല്ല മാർക്ക് ഉള്ളതല്ലേ. പക്ഷേ, വേറെയും ലോകങ്ങൾ നമ്മളറിയണം.”

ശാസ്ത്രം വായിച്ചെടുക്കേണ്ട രീതിയിൽത്തന്നെ വായിച്ചെടുക്കണമെന്ന് പതിവുപോലെ അവനെ ഉപദേശിച്ചപ്പോൾ പ്രതാപിനുള്ളിൽ ലിസിയുടെ കുലുങ്ങിച്ചിരിയുടെ പ്രതിധ്വനികൾ മുഴങ്ങി. അവൾ പറഞ്ഞുകൊടുക്കാറുള്ള കഥകൾ ധനുവിനുള്ളിൽ ഉപ്പുപാടങ്ങൾപോലെ ഉറഞ്ഞുകിടപ്പുണ്ടെന്ന് അയാൾക്കറിയാം.

അന്നു രാത്രി തുറന്നിട്ട ജനാലയിലൂടെ ഇറ്റുവീഴുന്ന നിലാവെളിച്ചത്തിൽ മുറിയിലെ വെളിച്ചം കെട്ട ബൾബിലേക്ക് നോക്കി അവൻ കിടന്നു. കണ്ണുകൾ അടഞ്ഞപ്പോൾ ധനു ഏതോ മരുഭൂമിയിൽനിന്നുയരുന്ന തീജ്വാലകളിലേക്ക് വീണു. തീയേറ്റ അവന്റെ രോമങ്ങൾ മഞ്ഞ നിറത്തിൽ പ്രകാശിക്കാൻ തുടങ്ങി, അവ എഴുന്നുനിന്ന് ഏതോ മുദ്രാവാക്യം ചൊല്ലുന്നു. ധനുവിന്റെ കണ്ണുകൾ തീവ്രപ്രകാശത്തിന്റെ ആഘാതമേറ്റ് മുറുകെയടഞ്ഞു, ഇടയ്ക്കിടെ അവ ഇമവെട്ടുകയും വിറകൊള്ളുകയും ചെയ്തു.

1925 ആഗസ്ത്; രാവിലെ പതിനൊന്ന് ഇരുപതിന് കാലിഫോർണിയയിലെ കൊലിംഗ പട്ടണത്തിലെ പ്രധാനപ്പെട്ടൊരു എണ്ണ സംഭരണിക്കുമേൽ തീവ്രമായൊരു മിന്നൽ പാഞ്ഞിറങ്ങി. ആ മിന്നൽപ്പിണരേറ്റ് എണ്ണ സംഭരണി ഒരു അഗ്നിത്തടാകമായി മാറി, തുടർന്നുള്ള മൂന്നു ദിവസം അതു നിന്നുകത്തി. ആകാശത്തെ ആലിംഗനം ചെയ്യാനെന്നവിധം തീജ്വാലകൾ ഉയരങ്ങളിലേക്ക് പൊന്തിയപ്പോൾ, ഒൻപത് മൈലുകളോളം അകലെ വസിക്കുന്നവർക്കുപോലും ആ വെളിച്ചത്തിൽ വായിക്കാനാവുമെന്നായി. ആ വെളിച്ചത്തിൽ അവർ അതിശയകരമായൊരു കാഴ്ച കൂടി ദർശിച്ചു - അനേകം ചെറിയ കറുത്ത പൊട്ടുകൾ ഒരു തിരശ്ശീലപോലെ പറന്നുവന്ന് ആ തീച്ചൂളയിലേക്ക് കൂപ്പുകുത്തുന്നു. അങ്ങകലെയുള്ള ഏതോ വനത്തിൽനിന്നും പാറിവന്ന തീവേട്ട വണ്ടുകൾ ആയിരുന്നു അവ. മെലനോഫില എന്നു പേരുള്ള ഈ വണ്ടുകൾ തീയിലും ചൂടിലും ആകൃഷ്ടരാകുന്നു. അര ഇഞ്ച് മാത്രം നീളമുള്ള ഈ വണ്ടുകളെ പൊള്ളുന്ന ഖനികളിലും സിമന്റ്‌ ഫാക്ടറിയുടെ ചൂളകളിലും പഞ്ചസാര സംസ്കരണശാലകളിലെ തിളയ്ക്കുന്ന സിറപ്പിനുള്ളിലും കാണാം. തീയിൽ എടുത്തുചാടുന്ന ഈ വണ്ടുകൾ ഭൂമിയിൽ എവിടെയും കാണാനാവാത്ത, ഒരു ജന്തുവർഗ്ഗത്തിനും അനുഭവപ്രാപ്യമല്ലാത്തവിധം അതിവിചിത്രമായ രതിയിലാണ് ഏർപ്പെടുന്നത്. ചുറ്റും ഒരു കാട് നിന്നുകത്തുമ്പോൾ, എണ്ണപ്പാടങ്ങൾ ജ്വാലകളുയർത്തുമ്പോൾ, അവർ ഏറ്റവും ഉന്മാദികളായി മാറുന്നു. തുടർന്ന് എരിഞ്ഞടങ്ങിയ ചാര ത്തിലും കരിഞ്ഞ തടിയുടെ തോലിലും പെൺവണ്ടുകൾ മുട്ടകളിടുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കൾ ഒരു ഏദൻ തോട്ടത്തിലേക്കാണ് കടക്കുക, അവ യഥേഷ്ടം തടി തുരന്നുതിന്നുന്നു. തീയേറ്റ് മൃതപ്രായരായി നിൽക്കുന്ന മരങ്ങൾക്ക് അവയുടെ ആക്രമണത്തെ ചെറുക്കാനുള്ള കെല്പുണ്ടാവില്ല. കത്തുന്ന കനലിനും എരിയുന്ന ചാരത്തിനും ഇടയിൽ ജീവിക്കുന്ന ഈ പുഴുക്കളെ തിന്നാൻ മറ്റു ജന്തുക്കൾക്കും അടുക്കാനാവില്ല. അവ ശാന്തമായി, സ്വസ്ഥമായി, ഭയമേതുമില്ലാതെ തീയുടെ സംരക്ഷണയിൽ വളർന്ന് വണ്ടുകളായി മാറി സ്വന്തം

തീച്ചൂളകൾ തേടി പറന്നകലുന്നു.

കൊലിംഗയിലെ എണ്ണസംഭരണി ഒരു വരണ്ട മരുഭൂപ്രദേശത്താണ്, ഈ വണ്ടുകൾ അന്ന് എൺപത് മൈലുകളോളം അകലെയുള്ള ഒരു വനത്തിൽനിന്നുമാണ് പറന്നെത്തിയത്. തീജ്വാലകളുടെ ഇൻഫ്രാറെഡ് രശ്മികളിൽ ആകൃഷ്ടരായി വന്നവർ. എന്തു വിചിത്ര ജീവിയാണിതെന്ന് ഗൂഗിളിൽ നോക്കി ആശ്ചര്യപ്പെട്ടുകൊണ്ട് അവൻ വിയർത്തു നനഞ്ഞ ടീഷർട്ട് ഊരിമാറ്റി.

ഉറക്കം മുഴുക്കാതെ കട്ടിലിൽത്തന്നെ കിടന്ന അവന് ലാലു ചായ കൊണ്ട് കൊടുത്തു. അവൻ തലയിണയിൽനിന്നും ഊർന്നിറങ്ങി വന്നൊരു മൂട്ടയെ കയ്യിലെടുത്തു പരിശോധിച്ചു. എന്നിട്ട് തിരികെ തലയിണയ്ക്കുള്ളിലേയ്ക്ക് തന്നെ വച്ചു.

സൂര്യൻ നെറ്റിയിൽ തൊട്ടുവിളിച്ചപ്പോഴാണ് ധനു എണീറ്റ് ആറിത്തണുത്ത ചായ കുടിച്ചത്. വിരലുകൾ അമർത്തുമ്പോൾ നല്ല നീറ്റൽ. ചുമരിൽ പതിച്ചിരുന്ന ഫോട്ടോ ഫ്രെയ്‌മുകൾക്കുള്ളിലേക്ക് വെയിൽ കടന്നുചെല്ലുന്നു. ചില്ലിനുള്ളിൽ കറുപ്പും വെളുപ്പും നിറങ്ങളിൽ ധനുവിന്റെ അപ്പൂപ്പനും അമ്മൂമ്മയും പിന്നെ ഏതൊക്കെയോ അമ്മാവന്മാരും ഇരിക്കുന്നു. അവൻ ജനിക്കും മുൻപ് മരിച്ചുപോയവരുടെ ചിത്രങ്ങളാണേറെയും. എല്ലാവർക്കും ഒരേ നിറം. ജനാലയിലൂടെ മൂളിവന്ന ഈച്ച തന്റെ അപ്പൂപ്പനേയും അമ്മൂമ്മയേയും ബ്ലാക്ക് ആന്റ് വൈറ്റ് ആയിട്ടു തന്നെയാകുമോ കാണുന്നത്? അല്ല, ഈച്ച അവരെ മറ്റേതോ നിറത്തിലാണ് കാണുന്നതെന്ന് അവൻ വെറുതെയങ്ങ് ഉറപ്പിച്ചു. അമ്മയും അച്ഛനും തമ്മിലുള്ള പ്രണയവിവാഹം അവർ എതിർത്തിരുന്നു. അമ്മയെ അവർക്ക് ഒട്ടും ഇഷ്ടമായിരുന്നില്ലെന്നു കേട്ടിട്ടുണ്ട്. അപ്പോൾ അമ്മ അവരെ കാണുന്ന നിറം മറ്റൊന്നായിക്കൂടെ? അത് അമ്മയുടെ ഉംവെൽറ്റ് ആവാം!

പ്രതാപ് ലാബിലേക്ക് പോകാൻ ഇറങ്ങവേ അവനെ അടുത്തേക്ക് വിളിച്ചു. പത്തിലെ റിസൾട്ട് വന്ന ദിവസം കൂടിയായിരുന്നു അത്. എല്ലാത്തിനും എ പ്ലസ് ഉണ്ടെന്നതിൽ അവനത്ര സന്തോഷം ഉള്ളതായി പ്രതാപിന് അനുഭവപ്പെട്ടില്ല. അവന്റെ തലയിൽ തലോടി റെസ്റ്റ് എടുക്കൂ എന്നുമാത്രം പറഞ്ഞുകൊണ്ട് അയാൾ യാത്രയായി. ലാബിലേക്ക് പോകും വഴി അയാൾ അഭിനന്ദനങ്ങൾ അറിയിക്കാൻ ഇഷാനെ വിളിച്ചു: “അങ്കിൾ, ഹൗ ഈസ് ഹീ?”

“അത് ഞാൻ മോനോടല്ലേ ചോദിക്കേണ്ടത്! ഹഹ... എന്നെക്കാളേറെ നിങ്ങളല്ലേ എപ്പോഴും ഒരുമിച്ചുള്ളവർ.” പ്രതാപ് എന്തോ മുനവെച്ച് ചോദിക്കുന്നതുപോലെ തോന്നിയത് കൊണ്ടാവണം ഇഷാൻ പറഞ്ഞു: “അങ്കിൾ, കഴിഞ്ഞ മാസം ധനുവിന്റെ കണ്ണിന് അപകടം സംഭവിച്ചത് ഓർമ്മയില്ലേ? ഡു യു നോ ഹൌ ഇറ്റ് ഹാപ്പെൻഡ്?”

അന്ന് ബോർഡിംഗിലെ വാർഡൻ വിളിച്ചുപറഞ്ഞിരുന്നത് കണ്ണിനു ഇൻഫെക്ഷനായി ധനുഷ് ആശുപത്രിയിലായെന്നാണ്. രണ്ടു ദിവസത്തിൽ അസുഖം ഭേദമായി തിരികെ ക്ലാസ്സിലേക്ക് പോവുകയും ചെയ്തിരുന്നു.

മനുഷ്യരുടെ കണ്ണുകളിലെ ലെൻസുകൾ അൾട്രാവയലറ്റ് രശ്മികളെ തടയും. എന്നാൽ, സർജറി വഴിയോ അപകടങ്ങൾ മുഖേനയോ ലെന്‍സിനു തകരാർ സംഭവിച്ചവർക്ക് വെള്ളകലർന്ന നീല വെളിച്ചമായി അൾട്രാവയലറ്റ് രശ്മികളെ കാണാനാവും. ഇത് ക്ലോഡ് മോണെ എന്ന ചിത്രകാരനു സംഭവിച്ചിട്ടുള്ളതാണ്. എൺപത്തിരണ്ടാം വയസ്സിൽ ഇടതു കണ്ണിന്റെ ലെന്‍സ് നഷ്ടമായ ചിത്രകാരൻ അൾട്രാവയലറ്റ് പ്രകാശങ്ങൾ കാണാൻ തുടങ്ങി. ആമ്പൽ പൂക്കളിൽനിന്നും പ്രതിഫലിച്ചുവരുന്ന വെള്ളകലർന്ന നീലപ്രകാശത്തെ അദ്ദേഹം വർണ്ണങ്ങളിൽ ചാലിച്ചു. തൂമഞ്ഞിൻ നിറത്തിനുപകരം അദ്ദേഹത്തിന്റെ ആമ്പലുകൾക്ക് വെള്ളകലർന്ന നീല നിറമായിരുന്നു.

അന്നു രാത്രി മെസ്സിൽ ഇരുന്ന് നെറ്റിയിലേക്ക് വീണുകിടന്ന മുടി ഒതുക്കി വച്ചുകൊണ്ട് ചപ്പാത്തി പിച്ചിത്തിന്നുകയായിരുന്നു ധനു. ഇഷാനും അരികിലുണ്ട്. ചുണ്ടുകൾ ഗ്ലാസിനോട് അടുപ്പിച്ചപ്പോൾ വെള്ളത്തിന്റെ നിറമില്ലായ്മയെ അവൻ അടുത്തറിഞ്ഞു. അതിനുള്ളിൽ ഒരു നീല ആമ്പൽ വിടരുന്നതായി അവൻ കണ്ടു. അഭൗമമായൊരു നീല അവയുടെ ഇതളുകളിൽ പടർന്നിരുന്നു. ക്ലോഡ് മോണെ കണ്ട ആമ്പലിന്റെ അതേ നിറം, “മോണെയുടെ വാട്ടർ ലില്ലി പോണ്ട്.” മനുഷ്യനേത്രങ്ങൾക്ക് അപ്രാപ്യമായ ആ നിറക്കാഴ്ച ലഭിക്കണമെങ്കിൽ കണ്ണുകൾക്കുള്ളിലെ ലെന്‍സിന് അപകടം സംഭവിക്കണം. അങ്ങനെയാണല്ലോ മോണെ ആ നിറം ചിത്രങ്ങളിൽ ചാലിച്ചത്. കണ്ണിന്റെ കോർണിയയ്ക്ക് ചേതം വരുത്തുന്ന ചില രാസപദാർത്ഥങ്ങളുണ്ട്, അതിൽ പലതും ഹോസ്റ്റലിൽത്തന്നെ ഉണ്ടല്ലോ എന്നവൻ ഓർത്തു. ലാലുവിനെപ്പോലൊരു അടുക്കളക്കാരൻ അവിടെയുമുണ്ട്, തോമാച്ചേട്ടൻ ഫിറ്റ് ആയെന്നുറപ്പായപ്പോൾ ധനു അടുക്കളയിലേക്ക് കടന്നു, കപ്‌ബോർഡുകൾക്കുള്ളിൽ ടോർച്ചടിച്ച് പരിശോധിച്ചു.

വിനാഗിരി കുപ്പി ഉടുപ്പിനുള്ളിൽ ഒളിപ്പിച്ചുകൊണ്ട് അവൻ വേഗത്തിൽ അടുക്കള വിട്ടു. അടുത്തമുറിയിൽനിന്നും തോമാ ച്ചേട്ടന്റെ കൂർക്കം വലികൾ പാണ്ടിലോറിയുടെ ഈണത്തിൽ മുഴങ്ങുന്നുണ്ടായിരുന്നു.

വിനാഗിരിയിൽ ഉള്ളത് അസെറ്റിക്ക് ആസിഡാണെന്ന് അവനറിയാം. അത് കോർണിയയ്ക്ക് ഹാനികരമായ രാസവസ്തുവാണ്. കുപ്പി തുറന്നപ്പോൾ രൂക്ഷഗന്ധം അവന്റെ തലച്ചോറിനെ പുകച്ചു. കുപ്പിയുടെ അടപ്പിലേക്ക് ഒരല്പം ഒഴിച്ചുവെച്ചിട്ട് അവൻ മുറി ഭദ്രമായി പൂട്ടി. കണ്ണാടിയിൽ നോക്കിക്കൊണ്ട് അടപ്പിലെ ദ്രാവകം ഇടതുകണ്ണിലേക്ക് ഇറ്റിച്ചു. നിന്ന നിൽപ്പിൽ മൂത്രമൊഴിച്ചുപോയി. എരിച്ചിലും നീറ്റലും കാരണം ധനു അറിയാതെ നിലവിളിച്ചു. കണ്ണുകൾ കഴുകിയിട്ടും പുകച്ചിലും നീറ്റലും മാറിയില്ല, ലോകമാകെ ഇരുളടയുമ്പോലെ. നിമിഷങ്ങൾക്കുള്ളിൽ ഇടത് കണ്ണ് ഉപ്പനെപ്പോലെ ചുവന്നു. കണ്ണ് വല്ലാതെ വീർത്തുവരുകയും തലകറങ്ങുകയും ചെയ്തപ്പോൾ അവൻ ഇഷാനെ വിളിച്ചുണർത്തി. അവന്റെ ഉടുപ്പിൽനിന്നും വമിക്കുന്ന വിനാഗിരി ഗന്ധത്തെക്കുറിച്ച് ഇഷാൻ വാർഡനോട് പറഞ്ഞു. ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കുമ്പോൾ ഇഷാൻ അവനോടൊന്നും ചോദിച്ചില്ല. ധനുവിന്റെമേൽ എപ്പോഴും ഒരു കണ്ണ് വേണമെന്ന നിർദ്ദേശം അന്ന് വാർഡൻ ഇഷാനു നൽകിയിരുന്നു. കൂടാതെ ദൂരെയുള്ള മാതാപിതാക്കളെ വേവലാതിപ്പെടുത്തണ്ടെന്ന ന്യായത്തിൽ ആരോടും പറയരുതെന്ന് ഇഷാനെ വിലക്കുകയും ചെയ്തു.

മുറ്റത്ത് ഉണക്കാനിട്ടിരുന്ന ലാലുവിന്റെ വസ്ത്രങ്ങളിൽ പൂമ്പാ റ്റകൾ വന്നുപറ്റുന്നു. വർണ്ണപ്രപഞ്ചങ്ങളാണ് ലാലുവിന്റെ ലുങ്കികളും ഷർട്ടുകളും. ഏറ്റവും കുറഞ്ഞത് നാല് നിറങ്ങളെങ്കിലും ഇല്ലാത്ത ഒരു വസ്ത്രവും അയാൾക്കില്ല. ധനുവിനാണെങ്കിൽ beige നിറത്തിലെ പാന്റുകളാണിഷ്ടം, ഷർട്ടുകൾ അവനധികവും വെള്ളയോ നീലയോ ആണ്. ധനുവിന്റെ വസ്ത്രങ്ങൾ കഴുകുമ്പോൾ നരച്ചുകൊരച്ച നിറമെന്നു പറഞ്ഞ് ലാലു ചുണ്ടുകൾ വക്രിച്ചു കാട്ടാറുണ്ട്.

ചുമരിൽ അച്ഛൻ പണ്ട് ആഫ്രിക്കയിലെ മസായ് മാറയിൽ പോയപ്പോൾ എടുത്ത രണ്ടു മൂന്ന് ചിത്രങ്ങൾ അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പം ഇരിപ്പുണ്ട്. അവ അവരെപ്പോലെ നിറമറ്റവയല്ലെന്നു മാത്രം. അന്തിസൂര്യന്റെ ചുവപ്പിൽ മസായ് മാറയിലെ സഫാരിക്കിടെ അച്ഛൻ പകർത്തിയ കടുവയുടെ ചിത്രമാണ് ധനുവിന് ഏറെയിഷ്ടം. ചെഞ്ചുവപ്പിൽ തിളച്ചുനിൽക്കുന്ന സൂര്യഗോളത്തെ വിഴുങ്ങാനെന്നപോലെ വായ പിളർന്നുനിൽക്കുന്ന കടുവ, ചുറ്റും മഞ്ഞനിറത്തിൽ ഉണങ്ങി നിൽക്കുന്ന പുൽച്ചെടികൾ. കടുവയുടെ ദേഹത്തെ കറുത്ത വരകൾ നമ്മുടെ കണ്ണുകളിലേക്ക് തറച്ചു കയറുന്നത്ര തീക്ഷ്ണതയുള്ള ചിത്രം. പുൽപ്പടർപ്പിനിടയിലൂടെ ദൂരെനിന്നും ഒരു പെൺകടുവ നടന്നടുക്കുന്നതായി കാണാം. തന്റെ ഇണയെ അവൻ കാണുന്നത് ധനു കാണുന്ന അതേ നിറത്തിലാകുമോ? കടുവയ്ക്ക് വർണ്ണാന്ധനായ ഒരു മനുഷ്യന്റെ കാഴ്ചയാണുള്ളത്. ഇണയുടെ മിനുപ്പുള്ള ശരീരത്തിന്റെ നേരിയ ഓറഞ്ച് നിറം അതിനു മങ്ങിയ പച്ചനിറമായാണ് കാണുക.

ധനുവിനു നാല് വയസ്സുള്ളപ്പോൾ പ്രതാപ് ഈ ചിത്രം ക്യാമറയിൽ പകർത്തവെ അരികിലേക്ക് നടന്നടുക്കുന്ന പെൺകടുവയെ കൂടി ഫ്രെയ്മിൽ ഉൾപ്പെടുത്തണമെന്ന് അമ്മ നിർബ്ബന്ധം പിടിച്ചത് അവനോർത്തു. എങ്കിൽ മാത്രമേ ആ ചിത്രത്തിനൊരു കഥ പറയാനുണ്ടാവൂ എന്നായിരുന്നു അവരുടെ വാദം. പ്രതാപ് എതിർത്തു: “നോക്ക് ലിസ, നമ്മുടെ ഫോക്കസ് ആ കടുവയിലാണ്, സൂര്യൻ അസ്തമിക്കും മുൻപ് എനിക്ക് ഈ ലൈറ്റിൽത്തന്നെ അവനെ പകർത്തണം. പെൺകടുവ നടന്നുവരും വരെ കാക്കാനാവില്ല.” അച്ഛന്റെ ഉംവെൽറ്റിൽ കഥകൾ ഉണ്ടായിരുന്നില്ല, അമ്മയുടേതിൽ അതു മാത്രവും.

റിസൾട്ട് വന്നത് പ്രമാണിച്ച് ലാലു രാത്രി അടുക്കളയിൽ പായസം ഉണ്ടാക്കുകയാണ്. നെയ്യിൽ വേവുന്ന അണ്ടിപ്പരിപ്പിന്റേയും തേങ്ങാക്കൊത്തിന്റേയും മണം ധനുവിന്റെ നാസികകളെ വിടർത്തി.

തന്റെ ഘ്രാണശക്തി മറ്റുള്ളവരെക്കാൾ കൂടുതലാണോ എന്നവൻ സംശയിച്ചു. പായസത്തിന്റെ മണം കടുത്തു. ഒപ്പം മുറ്റത്തുവീണ മാങ്ങയുടെ അഴുകിയ ഗന്ധവും കരിയിലകൾക്കിടയിൽ കിടന്ന് കരിയുന്ന പ്ലാസ്റ്റിക്കിന്റെ രാസഗന്ധവും കിട്ടുന്നുണ്ട്.

മുറ്റത്തെ മാവിനരികിലൂടെ പടിക്കെട്ടുകൾ ഇറങ്ങിച്ചെന്നാൽ കാണുന്ന നികത്തിയ നെൽപ്പാടത്ത് എല്ലാമുണ്ട് - പാമ്പും തവളയും എലിയും അട്ടയും നീർക്കോലിയും എല്ലാം. പാമ്പുകൾ നാവുകൊണ്ടാണ് മണം പിടിക്കുന്നതെന്ന് അവൻ വായിച്ചിട്ടുണ്ട്. രണ്ടായി പിളർന്ന അഗ്രങ്ങളുള്ള ചുവന്ന നാവുനീട്ടി അവ എലികളെ മണത്തുപിടിക്കുന്നത് അവനിന്നുവരെ നേരിൽ കണ്ടിട്ടില്ല. ധനു മൂക്ക് അടച്ചുപിടിച്ചുകൊണ്ട് നാവ് നീട്ടി ചുറ്റും പരതി. പടിക്കെട്ടിറങ്ങവെ അവൻ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചിട്ടു. പൊന്തകൾക്കിടയിലൂടെ പൂർണ്ണ നഗ്നനായി നടന്നു നീങ്ങവെ അവൻ കൈകൾ വിടർത്തി ആകാശത്തേക്ക് നോക്കി. ഇരുൾ; ഒറ്റ നക്ഷത്രമില്ല, ചന്ദ്രനെ കാർമേഘം അപ്പാടെ വിഴുങ്ങിയിരിക്കുന്നു. കാളിന്ദിപോലെ ആകാശം കറുത്ത കണ്ണുകൾ ഉരുട്ടി ഭൂമിയെ നോക്കുന്നു. പക്ഷേ, ആ ഇരുളിലും അവൻ കണ്ടു - രണ്ടായി വിടർന്ന നാവിൻതുമ്പ് നീട്ടി തല ഇടത്തേയ്ക്കും വലത്തേയ്ക്കും തിരിക്കുന്ന അണലി, എലി പോയ വഴി തിരയുകയാണവൻ. നാവിന്റെ ഇടതു പാതിയാണ് എലിഗന്ധം പിടി ച്ചെടുക്കുന്നതെങ്കിൽ അവൻ ഇടത്തേക്ക് തിരിയും. ധനു കണ്ണടച്ച് തുറക്കുന്നതിന്റെ

നാലിരട്ടി വേഗത്തിൽ അണലി പൊന്തയിൽനിന്നും ചാടിവന്നു. ഞൊടിയിടയിൽ അവൻ എലിയെ ആഞ്ഞുകൊത്തി വിഷം പകർന്നു. എലി പ്രാണരക്ഷാർത്ഥം ഓടി മറഞ്ഞു. വിഷം അതിന്റെ ശരീരത്തിൽ പ്രവർത്തനം തുടങ്ങാൻ അല്പസമയമെടുക്കും, അതിനായി അണലി ക്ഷമയോടെ കാത്തിരുന്നു. ഏതാനും മിനിട്ടുകൾക്കുശേഷം അവൻ തന്റെ നാവു നീട്ടി ചത്ത ഇരയുടെ ഗന്ധം പിടിച്ച് ഇഴഞ്ഞുനീങ്ങും. സ്വന്തം വർഗ്ഗത്തിലെ പാമ്പുകൾ കടിച്ച എലിയിൽനിന്നും മറ്റു പാമ്പുകൾ കടിച്ച എലികളെ തിരിച്ചറിയാൻ അതിനു കഴിയും. മറ്റാരുടേയും ഇരയ്ക്കുമേൽ അവർ അവകാശം സ്ഥാപിക്കില്ല. ധനു അനങ്ങാതെ നിന്നു, അണലി എവിടെ പോയെന്ന് പിന്നീട് അവനു കണ്ടെത്താനായില്ല. എലിയേയും കണ്ടില്ല. കശേരുക്കൾ തെളിഞ്ഞു നിന്ന അവന്റെ നെഞ്ചിന്‍കൂട് ശക്തമായി മിടിക്കുന്നുണ്ടായിരുന്നു, ചുറ്റും കാണുന്ന ഇരുട്ടിലേക്ക് അവൻ സ്വയം ഒളിക്കാൻ ശ്രമിച്ചു. ഇരുട്ട് ഉടുപ്പാക്കുകയും ആ ഉടുപ്പ് അവനെ കാർന്നുതിന്നുകയും ചെയ്തു. ഇത്രയും ഇരുട്ടിൽ ഒറ്റയ്ക്ക് ഇത്രയധികം ജന്തുക്കളോടൊപ്പം അവൻ ഇന്നേവരെ അകപ്പെട്ടിട്ടില്ല. ധനുവിന് ഉറക്കെ കരയണമെന്നു തോന്നി, പക്ഷേ, ശബ്ദം ഉയരുന്നില്ല. വീടിനുള്ളിലെ കിടക്കയുടെ ചൂടിൽനിന്നും വാതിലുകളുടെ കാവലിൽനിന്നും വസ്ത്രങ്ങളുടെ സുരക്ഷയിൽനിന്നും താൻ എത്രയോ അകലെയാണിപ്പോൾ. മറ്റേതോ ഭൂഖണ്ഡത്തിൽ അകപ്പെട്ടതു പോലെ അവൻ കിടുകിടെ വിറച്ചു. തവളകളുടെ വിളികൾ ഏതോ കാലത്തെ ഗുഹാമനുഷ്യരെ പോലും ഉയിർത്തെഴുന്നേല്‍പ്പിച്ചു നിർത്തുന്ന തരം ആജ്ഞാശേഷി ഉള്ളതായിരുന്നു. അവൻ കാൽമുട്ടുകളിൽ കൈകളൂന്നി സർവ്വശക്തിയും ആവാഹിച്ച് ഒരു വിളി വിളിച്ചു. ലാലു ഓടിവന്നതും അവനെ ചേർത്തുപിടിച്ചതും മാത്രമാണ് ഓർമ്മ.

ധനുവിനു ക്ലാസ് തുടങ്ങാൻ ഇനി എട്ടു ദിവസങ്ങൾ കൂടിയേ ഉള്ളൂ. പത്തിലെ എ പ്ലസ്സിന് പ്രതാപ് അവനൊരു ഇൻസ്‌ക്ട് കളക്ഷൻ ബോക്സാണ് സമ്മാനമായി വാങ്ങിക്കൊടുത്തത്. പ്രാണികളെ പിടിക്കാനുള്ളൊരു വലയും അവയെ ശേഖരിക്കാനുള്ള ജാറും ചത്ത പ്രാണികളെ കുത്തിവയ്ക്കാനുള്ള മൊട്ടുസൂചികളും ചിറകുകൾ

വിടർത്തി ഭംഗിയായി പ്രദർശിപ്പിക്കാനുള്ള ബോർഡും അടങ്ങുന്ന ഒരു കിറ്റായിരുന്നു അത്.

ധനു വലവീശി അനേകം ചിത്രശലഭങ്ങളേയും പ്രാണികളേയും പിടിച്ചുവെങ്കിലും ഒന്നിനേയും അവൻ ബോക്സിനുള്ളിൽ തറച്ചുവെച്ചില്ല. അവയെ പിടിച്ചിട്ടു വെറുതെ പറത്തി വിടുകയാണുണ്ടായത്. ഗിഫ്റ്റിനോടൊപ്പം ഉണ്ടായിരുന്ന അവയുടെ ശവപ്പെട്ടി അടുക്കളയിൽ മസാല ഇട്ടുവയ്ക്കാൻ ലാലു കൈക്കലാക്കി. പ്രാണികളെ ജാറിലിട്ടു വെച്ച് കുറേനേരം നിരീക്ഷിക്കും, ശേഷം അവൻ അവയെ പറത്തിവിടും. എങ്കിലും മത്സരങ്ങൾക്ക് അത്തപ്പൂക്കളം ഇടാറുള്ളത് പോലെ കൃത്യമായ രൂപഘടനയിൽ നിർമ്മിച്ച വലയ്ക്ക് നടുവിലായി ഇരയെ കാത്ത് ക്ഷമയോടെ ഇരിക്കുന്ന ചിലന്തിയെപ്പോലെ അവനൊരിക്കലും ഒരു പ്രാണിയേയും പിടിക്കാൻ സാധിച്ചില്ല. വലയ്ക്ക് അരികിലൂടെ ഒരു ഈച്ച പറന്നുപോകുമ്പോൾ, അതിന്റെ ചിറകടിയിൽനിന്നും ജനിക്കുന്ന വായുതരംഗങ്ങളിലൂടെ ചിലന്തിക്ക് ഈച്ചയുടെ സാന്നിധ്യം അറിയാനാകും. അവനൊരിക്കൽപോലും കണ്ണുകളുടെ സഹായമില്ലാതെ ഒരു പ്രാണിക്കു നേരെയും വലവീശാൻ സാധിച്ചിട്ടില്ലല്ലോ.

ദിവസങ്ങൾ കടന്നുപോകവേ, ധനു അവധി കഴിഞ്ഞു തിരികെ ഹോസ്റ്റലിലേക്കു പോയാൽ മതിയെന്ന ഭാവമായി ലാലുവിന്. ഓരോ ദിവസവും ഓരോ കുഴപ്പങ്ങളിൽ ചെന്ന് തലവയ്ക്കുന്ന അവനെ നോക്കാൻ ഒരാൾ മാത്രം പോരെന്നായി. കഴിഞ്ഞ വെക്കേഷൻ കാലത്ത് ഇഷാൻ കൂടി ഉണ്ടായിരുന്നതിനാൽ ധനുവിന് ഈവക വികൃതികൾ കുറവായിരുന്നെന്ന് ലാലു ഓർത്തു. മനുഷ്യനറിയാനാവുന്നതിനപ്പുറം ഒരു ഇന്ദ്രിയലോകം നിലനിൽക്കുന്നുണ്ടെന്നും നമുക്കു കാണാനും കേൾക്കാനും രുചിക്കാനും സാധി ക്കാത്തവയൊക്കെ മറ്റു പല ജന്തുക്കൾക്കും എളുപ്പത്തിൽ അനുഭവയോഗ്യമാകുന്നു എന്നതും ധനുവിനെ അലട്ടുന്നുവെന്ന് ലാലുവിനു മനസ്സിലായില്ല.

ഊണിനു നല്ല ഉഗ്രൻ ആറ്റുമീൻ പൊരിച്ചതായിരുന്നു സ്‌പെഷ്യൽ. ധനുവിന്റെ കൂടെയിരുന്ന് മുള്ളുകൾ ഇളക്കിക്കൊടുത്തുകൊണ്ടാണ് ലാലു അതു മുഴുവൻ അവനെക്കൊണ്ട് തീറ്റിച്ചത്. അപകട സാധ്യതയുള്ള വസ്തുക്കൾ, ആയുധങ്ങൾ (മുള്ള് ആണെങ്കിൽപ്പോലും) അവന്റെ കൈവശം കൊടുക്കരുതെന്ന് പ്രതാപ് പറഞ്ഞിരുന്നു. ധനു മീനിന്റെ കണ്ണുകളിലേക്ക് നോക്കി. വെള്ളത്തിനടിയിൽ നീന്തിത്തുടിക്കുന്ന അവയുടെ സഞ്ചാരപാത നമുക്ക് അദൃശ്യമാണ്. എന്നാൽ, മറ്റു മീനുകൾക്ക് കൃത്യമായി അതറിയാം. വെള്ളത്തിൽ പാതകൾ ഉണ്ടോ? ആ പാതകൾ എങ്ങനെ തിരിച്ചറിയും? നീർനായകൾ ഇരകളായ ചെറുമീനുകളെ പിടിക്കുന്നത് അവയുടെ സഞ്ചാര പാത പിന്തുടർന്നാണ്. മീനുകൾ പോയ ജലവഴികളിൽ ഒരു ബോട്ട് പോകുമ്പോൾ ജനിപ്പിക്കുന്ന അലകൾപോലെ ചെറിയ സ്പന്ദനങ്ങൾ ജനിക്കുന്നു. ആ ജലസ്പന്ദനങ്ങളെ നീർനായകൾ നൂറോളം മീറ്റർ അകലത്തുനിന്നും കാലടിപ്പാടുകൾപോലെ പിന്തുടരുന്നു. നീർനായകൾ അവയുടെ നീണ്ട മീശ ഉപയോഗിച്ചാണ് ഈ ജലചിഹ്നങ്ങളെ തിരിച്ചറിയുക. അന്നു പതിവില്ലാതെ പ്രതാപും ഊണിനു വീട്ടിലെത്തിയിരുന്നു. മടങ്ങിപ്പോക്കിനുള്ള ദിനങ്ങൾ അടുക്കവേ അയാൾക്ക് ധനുവിനോട് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. പക്ഷേ, പറയാൻ തുടങ്ങുമ്പോൾ, ഉടൻ അയാൾക്ക് ലിസിയെ ഓർമ്മവരും, അവനു താൻ പറയുന്നത് മനസ്സിലാകുമോ, ഇല്ലെങ്കിൽ അവൻ തന്നെ വെറുക്കുമോ എന്ന ഭയം അയാളെ മൂകനാക്കി.

“അച്ഛാ ഞാൻ എന്റെ തലയിണയിൽ ഒരു മൂട്ടയെ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്, കാണണോ?”

പ്രതാപ് ചിരിച്ചുകൊണ്ട് പറഞ്ഞു: “നിന്റെ പുതിയ പെറ്റ് ആണോ അത്? അതിനാവശ്യം രക്തമാണ്. മനുഷ്യശരീരത്തിന്റെ ചൂടും രോമത്തിന്റെ സ്പർശവും ചർമ്മത്തിൽനിന്നും വിഗിരണം ചെയ്യുന്ന ബ്യുട്ടൈറിക് ആസിഡിന്റെ ഗന്ധവുമാണ് അതിനു പ്രധാനം. അതാണ് അതിന്റെ മൂന്ന് ഉംവെൽറ്റുകൾ. പച്ചവിരിച്ച മരങ്ങളും ചുവന്ന റോസാപ്പൂവും നീലാകാശവും അതിന്റെ ലോകത്തിന്റെ ഭാഗ മല്ല. മൂട്ട മനപ്പൂർവ്വം അവയെ വിസ്മരിക്കുന്നതല്ല, മറിച്ച് അതിന് അവയൊന്നും നിലനിൽക്കുന്നതായി അറിയില്ല, അഥവാ അനുഭവയോഗ്യമല്ല എന്നതാണ് സത്യം.”

ലിസിയുടെ പുസ്തകക്കൂട്ടങ്ങളിലേക്ക് അവനധികം കടക്കാറില്ലെങ്കിലും അവന്റെ ഉള്ളം അതിനൊപ്പമാണെന്ന് പ്രതാപിനു പലവട്ടം തോന്നിയിട്ടുണ്ട്. ശാസ്ത്രമാണ് അവൻ വായിക്കുക, അവനാവേണ്ടതും ഒരു ശാസ്ത്രജ്ഞനാണ്, പക്ഷേ, അവൻ ശാസ്ത്രത്തെ ലിസിയുടെ ഭാവനാലോകത്തിട്ടാണ് കാച്ചിയെടുക്കുന്നത്. പ്രതാപിന് അവന്റെ രണ്ടായി വകുപ്പെടുത്തു കാതോളം നീട്ടി വളർത്തിയ മുടിയിൽ ലിസിയുടെ കഥാചുരുളുകൾ ദൃശ്യമായി.

ഊണിനുശേഷം ആറ്റിൽ നീന്താൻ പോകണമെന്നു പറഞ്ഞപ്പോൾ, ലാലു ആദ്യം എതിർത്തെങ്കിലും അവനൊപ്പം കൂട്ട് പോയാൽ മതിയെന്ന് പ്രതാപ് നിർദ്ദേശിച്ചതിന്റെ ബലത്തിൽ അവർ ആറ്റിന്‍കരയിലേക്ക് പോയി. ധനു നീന്തിത്തുടിക്കുമ്പോൾ ലാലു വസ്ത്രങ്ങളുമായി കരയ്ക്കിരുന്നു. ആറ്റിനപ്പുറമുള്ള പൊന്തക്കാടുകളിൽനിന്നും ഒരു നീല പൊന്മാൻ വെള്ളത്തിലേക്ക് നോക്കി തപസ്സിരിക്കുന്നു. വെള്ളത്തിനടിയിലെ മീനുകളെ ലക്ഷ്യംവെച്ച് അതിന്റെ കൂർത്ത ചുണ്ടുകൾ വിറകൊണ്ടു. തണുത്ത വെള്ളം ധനുവിന്റെ രോമകൂപങ്ങൾ ഉൾപ്പെടെ ശരീര രന്ധ്രങ്ങളിലൂടെയെല്ലാം കയറിയിറങ്ങി. അവനു വല്ലാത്ത ഉന്മേഷം തോന്നി. വെള്ളത്തിനടിയിലൂടെ അവൻ മീനുകളെ പിന്തുടർന്നു. ഒരു കൂരി മീനിന്റെ പിന്നാലെ അല്പദൂരം നീന്തിയപ്പോൾ മിന്നായംപോലെ അതെങ്ങോ മാഞ്ഞുപോയി. ശേഷം മഞ്ഞയിൽ കറുത്ത കുത്തുകളുള്ളൊരു കുട്ടൻപ്പൊത്തൽ മീനിനു പിന്നാലെ ധനു ഊളിയിട്ടു, അതും അവന്റെ കണ്ണിൽ പൊടിയിട്ടുകൊണ്ട് ആറിന്റെ അടിത്തട്ടിലെ ചരൽക്കല്ലുകൾക്കിടയിലേക്ക് മറഞ്ഞു. ഏതോ യൂട്യൂബ് വീഡിയോയിൽ മയങ്ങിയിരുന്ന ലാലു നോക്കുമ്പോൾ ധനുവിനെ കാണുന്നില്ല. അയാൾ ആറ്റിലേക്കെടുത്തു ചാടി. വെള്ളം കുടിച്ചു വയറുവീർത്ത ധനുവിനെ പൊക്കി കരയ്ക്ക് കിടത്തി വയറു ഞെക്കിക്കളഞ്ഞു. അച്ഛനോട് പറയരുതേയെന്ന് ലാലുച്ചേട്ടൻ പറഞ്ഞപ്പോൾ അത് ധനുവിനും ഒരാശ്വാസമായി. ചിലന്തികൾ പ്രാണികളെ പിടിക്കുന്നതുപോലെയോ നീർനായകൾ മീനുകളെ കണ്ടെത്തുന്നതുപോലെയോ പെരുമാറാൻ തന്റെ ഉംവെൽറ്റ് അനുവദിക്കുന്നില്ലല്ലോ എന്നോർത്ത് ധനു അസ്വസ്ഥനായി.

തിരികെ വീട്ടിലേക്ക് വരുമ്പോൾ സാൽവദോർ ദാലിയെപ്പോലെ മീശ വിടർത്തി നിൽക്കുന്ന ചുവന്നുപഴുത്ത റംബൂട്ടാൻ പഴങ്ങൾ കുറെയെണ്ണം ലാലു അവനു പറിച്ചുകൊടുത്തു. കയ്യെത്താത്ത ഉയരങ്ങളിൽ നിൽക്കുന്ന പഴങ്ങൾ വവ്വാലുകൾ കൊണ്ടു പോകുമല്ലോയെന്ന് ഓർത്ത് ലാലുവിന്റെ മനസ്സ് എരിഞ്ഞു. നിപ്പയുടെ പേര് പറഞ്ഞ് പ്രതാപ് ഇടയ്ക്കിടെ ലാലുവിനെ പേടിപ്പിക്കുന്നത് കൊണ്ട് “കൊണ്ടോയി തിന്നോട്ടെ...” എന്ന മട്ടായി മാറിയിട്ടുണ്ട് ഇപ്പോൾ വവ്വാലുകളോട്.

വവ്വാലുകൾ പുറപ്പെടുവിക്കുന്ന വിളികൾ മനുഷ്യകേൾവിക്ക് അപ്പുറമാണ്. ഉന്നത തീവ്രതയിൽ വവ്വാലിന്റെ വായിൽനിന്നും പുറപ്പെടുന്ന സൈറൺപോലുള്ള ശബ്ദം കേട്ടാൽ നമ്മുടെ ചെവി അടിച്ചുപോകുമെന്ന് ധനു ലാലുവിനോട് പറഞ്ഞു. ലോകത്ത് ജീവിച്ചിരിക്കുന്ന ഏതൊരു ജന്തുവിനെക്കാളും ഉച്ചസ്വരം അവയ്ക്ക് ഉല്പാദിപ്പിക്കാനാവും. ഭാഗ്യത്തിനു നമുക്കത് കേൾക്കാനാവുന്നില്ലെന്നു വേണം പറയാൻ. അപ്പോൾ വവ്വാലുകൾ സ്വന്തം ശബ്ദം കേട്ടാ ലോ? അവരുടെ ചെവിയും അടിച്ചുപോവില്ലേ എന്ന് ലാലു ചോദിച്ചു. പക്ഷേ, കരയുമ്പോൾ കാതിലെ പേശികൾ അമർത്തി അടച്ചുവയ്ക്കാനും ഉല്പാദിപ്പിച്ച ശബ്ദം പ്രതിധ്വനിച്ച് മടങ്ങി എത്തുമ്പോൾ മാത്രം കാതുകൾ തുറക്കാനുമുള്ള കഴിവ് വവ്വാലിനുണ്ട്. ധനുവിന്റെ അച്ഛൻ ഉച്ചത്തിലാണ് സംസാരിക്കുക, അമ്മ പതിഞ്ഞ ശബ്ദത്തിലും. അച്ഛൻ ശക്തമായി ആണ് വാതിലടയ്ക്കുക, അമ്മ മെല്ലെയും. അച്ഛൻ മുറ്റത്തുനിന്നു വീട്ടിലേക്ക് നടന്നുകയറുന്നത് അമ്മയ്ക്ക് അടുക്കളയിൽനിന്നും അറിയാനാകുമായിരുന്നു, ഭൂമി ചവുട്ടിപ്പിളർന്നാണ് അച്ഛന്റെ നടപ്പ്.

വീട്ടിൽ അച്ഛനെടുത്ത അമ്മയുടെ ചിത്രങ്ങളുണ്ട്, അമ്മ എടുത്ത അച്ഛന്റേതുമുണ്ട്. അവർ മൂവരും ഒരുമിച്ചിരിക്കുന്നവയും ഉണ്ട്. പക്ഷേ, പ്രതാപും ലിസിയും ഒരുമിച്ചുള്ള വിവാഹചിത്രമല്ലാതെ മറ്റൊന്നുമില്ല. ഒരു അതിശയകരമായ കണ്ടെത്തൽപോലെ ധനു അതു പറഞ്ഞപ്പോൾ: “അവര് ചേരത്തില്ല മോനെ, രണ്ടും രണ്ടു ലോകത്താ” എന്നു പറഞ്ഞു ലാലു. ആ ലോകങ്ങൾ ക്രമേണ സങ്കീർണ്ണമായ ഉംവെൽറ്റുകളായി മാറിയതാവാം. അവൻ അമ്മയുടെ പുസ്തകങ്ങൾ അടങ്ങിയ മുറിയുടെ വാതിൽ മെല്ലെ ചാരിയിട്ടു. തുടർന്ന് അച്ഛന്റെ വായനാമുറിയും. “ഇനി മുതൽ ഞാനെന്റെ ഉംവെൽറ്റിൽ ജീവിക്കും, എനിക്കു കേൾക്കാനാവുന്ന ശബ്ദങ്ങൾ ഞാൻ ആരുമായും പങ്കുവയ്ക്കില്ല, എന്റെ കാഴ്ചകളെ ഞാൻ എന്റെയുള്ളിൽത്തന്നെ ശവമടക്കും, എന്റെ ഗന്ധങ്ങളിൽ ഞാൻ സ്വയം അഭിരമിക്കും.” ആ തീരുമാനം ഒരു ഇടക്കാലാശ്വാസംപോലെ അവനിൽ കിളിർത്തു.

രാത്രിയിൽ ധനു ഹോസ്റ്റലിലേക്ക് മടങ്ങിപ്പോകാനുള്ള ബാഗ് തയ്യാറാക്കാൻ തുടങ്ങി. ജനാലയിൽക്കൂടി നോക്കുമ്പോൾ അങ്ങ് ദൂരെ ആകാശത്ത് വെള്ളനിറത്തിൽ ഒഴുകുന്ന പായ പോലെ ഒരുപറ്റം കൊക്കുകൾ ദേശാടനയാത്രയ്ക്ക് തുടക്കമിടുന്നത് കണ്ടു. അവ തണുപ്പ് കാലമായപ്പോൾ സൈബീര്യ വിട്ടു പറന്നുവന്നു കുറച്ചുകാലം നമ്മുടെ നാട്ടിൽ തങ്ങി ഇതാ വീണ്ടും മടക്കയാത്ര തുടങ്ങിയിരിക്കുന്നു. അവൻ ആകാശത്തുനിന്നും കണ്ണെടുക്കാതെ ഓരോ ഉടുപ്പുകളായി മടക്കി ബാഗിനുള്ളിൽ വെച്ചു. കൂടെ ലാലുവും ഉണ്ട്. “ഇനി ഓണത്തിനു വരുവോ?”

ധനുവിന്റെയുള്ളിലെ ജൈവഘടികാരം താളം തെറ്റി മിടിക്കാൻ തുടങ്ങി. ഋതുമാറ്റം സംഭവിക്കുമ്പോൾ ദേശാടനപക്ഷികൾ വല്ലാതെ അസ്വസ്ഥരാകും. നാടുവിട്ടേ മതിയാകൂ എന്ന ഉള്ളിളക്കത്തിൽ അവ ചഞ്ചലചിത്തരാകും, സ്വൈര്യത നഷ്ടപ്പെടുന്ന അവ പല ചപലതകളും പ്രകടമാക്കും. കൂട്ടിനുള്ളിൽ അടച്ചിട്ട പക്ഷികൾപോലും ഋതുഘടികാരത്തിന്റെ മാറ്റത്തിൽ വെറിപിടിക്കും, കൂട്ടിനുള്ളിൽ കിടന്നു ഭ്രാന്തുപിടിച്ച് ഓടുകയും ചിറകടിച്ച് പറന്നുപൊങ്ങാൻ ശ്രമിക്കുകയും ചെയ്യും. അടങ്ങാത്ത ദേശാടനോല്‍ക്കണ്ഠ!

ധനു മറുപടി ഒന്നും പറയുന്നില്ലെന്നു കണ്ട് ലാലു ചോദ്യം ഒന്നുകൂടി ഉച്ചത്തിലാക്കി: “ഇനി എന്നാ വരുന്നേന്ന്...”

“എനിക്ക് എത്രയും വേഗം പോണം.”

“അതിനെന്താ! നാളെ പോകാമല്ലോ, ക്ലാസ് തുടങ്ങാൻ രണ്ടു ദിവസമില്ലേ, അച്ഛൻ തന്നെ കൊണ്ടാക്കും.”

“അതല്ല, എനിക്കിനി ഇവിടെ നിന്നാൽ പറ്റില്ല.”

അവൻ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി. ജഗ്ഗിൽ ഇരുന്ന വെള്ളം മുഴുവൻ ഒറ്റയിരുപ്പിനു കുടിച്ചുവറ്റിച്ചു. ശേഷം കിടക്കയിൽ കയറിനിന്നു ജനാലയഴികളിൽ ശക്തമായി പിടിച്ചുകുലുക്കാൻ ശ്രമിച്ചു. ലാലു ഏറെ പണിപ്പെട്ടാണ് അവനെ നിലത്തിറക്കിയത്. രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അവൻ ഒരു ജനാലപ്പാളി തുറന്നിട്ടിരുന്നു. ആകാശത്ത് വെളുത്ത കൊറ്റികളുടെ കൂട്ടത്തോടെയുള്ള വിളികൾ കേൾക്കുമ്പോഴെല്ലാം അവൻ എണീറ്റിരുന്നു നോക്കി. അവർ പോവുകയാണ്, തന്നെ വിളിക്കാതെ, തന്നോട് ചോദിക്കാതെ. അവന്റെ മനം വിങ്ങി. ധനു കിടപ്പറയുടെ വാതിലിനരികിലേക്ക് ഓടിച്ചെന്നു, പക്ഷേ, വാതിൽ ആരോ പുറത്തുനിന്നും പൂട്ടിയിരുന്നു. അവൻ വാതിലിൽ അടിച്ചുവിളിച്ചു: “അച്ഛാ, ലാലുച്ചേട്ടാ തുറക്ക്, എനിക്ക് പോകാൻ നേരമായി...” ധനു മുറിയിലുണ്ടായിരുന്ന കണ്ണാടി എറിഞ്ഞുടക്കുകയും ഗ്ലാസ്സുകൾ പൊട്ടിക്കുകയും ചെയ്യവേ പ്രതാപ് കതക് തുറന്നു വന്നു, ദേഹത്ത് സൂചി അമരുന്നത് അവനോർമ്മയുണ്ട്. മയങ്ങി എണീറ്റത് ആശുപത്രി കിടക്കയുടെ വെളുപ്പിലാണ്.

അച്ഛനാവാൻ ആഗ്രഹിക്കുന്നൊരു അമ്മക്കുക്കുട്ടിയാണല്ലോ അവനെന്നോർത്ത് നെടുവീർപ്പിട്ടുകൊണ്ട് പ്രതാപ് അവനരികിൽ ഇരിക്കുന്നു. അവൻ ശാസ്ത്രത്തിന്റെ വ്യാഖ്യാനം കണ്ടെത്തുന്നത് കഥകൾ മെനഞ്ഞാണെന്ന് ധനുവിനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കുമെന്നറിയാതെ പ്രതാപ് സങ്കടപ്പെട്ടു.

പ്രതാപ് ഓട്ട്‌സ് മിശ്രിതം സ്പൂണിൽ കോരി വായിൽ വച്ചുകൊടുക്കുമ്പോൾ അവന്റെ കണ്ണുകൾ അങ്ങ് വിദൂരതയിലേയ്ക്ക് പറന്നകലുന്ന കൊറ്റികൾക്കൊപ്പമായിരുന്നു. ധനു മൈഗ്രെഷൻ എന്ന അനിമേഷൻ ചിത്രത്തിലെ ഗ്വേൻ മല്ലാർഡ് എന്ന താറാവ് കുഞ്ഞിനെ ഓർത്തു. ഇംഗ്ലണ്ടിലെ ഒരു തടാകത്തിൽ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഒപ്പം ഒതുങ്ങിയ ജീവിതം നയിച്ചിരുന്ന ഗ്വേൻ മല്ലാർഡിനെ കുളത്തിനു പുറത്തുള്ള അപകടകരമായ ലോക ത്തെക്കുറിച്ചു പറഞ്ഞ് അച്ഛൻ എന്നും ഭയപ്പെടുത്തിയിരുന്നു. ഈ കുളത്തിനപ്പുറം നമ്മളെ പിടിച്ചുതിന്നാനും അപായപ്പെടുത്താനും കെണികൾ വിരിച്ച് ക്രൂരന്മാരായ ഹിംസ്രജന്തുക്കൾ പതിയിരിക്കുന്നു എന്ന ഭീഷണിയിൽ അവൻ ദിവസങ്ങൾ തള്ളിനീക്കുമ്പോഴാണ് ഒരു പറ്റം താറാവുകൾ ജമൈക്കയിലേയ്ക്ക് ദേശാടനം ചെയ്യുന്ന വഴിക്ക് അവരുടെ കുളത്തിൽ വിശ്രമിക്കാൻ ഇറങ്ങുന്നത്. അവരിൽനിന്നും ജമൈക്ക എന്ന അത്ഭുതലോകത്തെക്കുറിച്ചും ആ പൊട്ടക്കുളത്തിനപ്പുറമുള്ള ലോകാത്ഭുതങ്ങളെക്കുറിച്ചും ഗ്വേൻ അറിയുകയാണ്. തുടർന്ന് കുടുംബത്തിനൊപ്പം സാഹസികമായ ഒരു ദേശാടനയാത്രയിലേക്ക് ഗ്വേൻ കടക്കുന്നു.

ധനു ഒരു കഷണം ബ്രഡ് എടുത്തു കടിച്ചുകൊണ്ട് ചോദിച്ചു: “അച്ഛാ അവരിപ്പോ സൈബീര്യയിൽ എത്തിക്കാണുമോ?”

പ്രതാപ് ഓട്ട്‌സ് പാത്രം മേശമേൽ വച്ചിട്ട് ധനുവിന്റെ കൈകൾ നെഞ്ചോട് ചേർത്തുവെച്ചു പറഞ്ഞു: “മോനേ, ഒരു ജന്തുവിനും മറ്റൊരു ജന്തുവിലേക്ക് ലയിക്കുവാനാവില്ല, അനുകരിക്കാനാവില്ല, പരിവർത്തനം ചെയ്യാനും ആവില്ല. ഒന്നാകൽ അല്ലെങ്കിൽ അലിഞ്ഞു ചേരൽ എന്നത് വളരെ റൊമാന്റിക്ക് ആയൊരു കൺസെപ്റ്റ് ആണ്. മേഡ് ഫോർ ഈച്ച് അദർ എന്നൊക്കെ പറയുന്നത് വെറും നോണ്‍സെന്‍സ് ആണ്. ഈ ലോകത്ത് ആരെയും ആർക്കും വേണ്ടി ഉണ്ടാക്കിയതല്ല.”

“ഉം, ഒരേ ജനുസ്സിൽപ്പെട്ട മനുഷ്യർ തമ്മിൽ പോലുമത് സാധ്യമല്ല!”

അവൻ ഉദ്ദേശിച്ചത് ലിസിയേയും പ്രതാപിനേയും ആണെന്നു മനസ്സിലാക്കിക്കൊണ്ടുതന്നെ അയാൾ കുനിഞ്ഞിരുന്ന് ഒന്നമർത്തി മൂളി. അയാളുടെ കണ്ണുകളിൽ മറവിനൽകുന്ന ശാന്തതയുടെ പടലം.

തിരികെ ബോർഡിംഗ് സ്കൂളിലേക്ക് പോകുന്ന യാത്രയിൽ ധനുവിന്റെ നിശ്ശബ്ദത മുറിക്കുവാനായി പ്രതാപ് ചോദിച്ചു: “നിന്റെ കൂട്ടുകാരൊക്കെ എത്തിക്കാണുമല്ലോ?”

“ഇല്ല, ഇഷാന്റെ പേരെന്റ്‌സ് വന്നിട്ടുണ്ട്, അവൻ ഒരാഴ്ച കഴിഞ്ഞേ എത്തൂ.”

ധനു റോഡിനിരുവശവും സൂചിപോലുള്ള ഇലകൾ കൂർപ്പിച്ചുനിൽക്കുന്ന പൈൻമരങ്ങളുടെ ഇടയിലേക്ക് ഉറ്റുനോക്കി. കുറെ കുരങ്ങന്മാർ ഒരു ഭക്ഷണപ്പൊതി പങ്കിട്ടു തിന്നുന്നു, അതിനരികിൽ ഒരു പശു നിന്നു പുല്ലു തിന്നുന്നു. പൈൻമരക്കൊമ്പിലെ കൂടിനുള്ളിലിരുന്ന് വണ്ണാത്തിക്കിളി കുരങ്ങന്മാരെ തല ചെരിച്ച് നോക്കുന്നു. അവർ മൂവരും ഒരേ കാടിനുള്ളിലാണെങ്കിലും ലക്ഷ്മണരേഖ വരച്ചതുപോലെ അവരുടേതായ ഉംവെൽറ്റുകളിലാണ്. പുറത്തുനിന്നാർക്കും അതിക്രമിച്ചു കടക്കാനാവാത്ത ഉംവെൽറ്റുകൾക്കുള്ളിൽ.

“നീ നിന്റെ ഇൻസെക്റ്റു ബോക്സ് എടുത്തില്ലേ ധനു?”

അവൻ ഇല്ലെന്നു തലകുലുക്കി.

“ഓഹ്, ഇനിയിപ്പോ വലിയ ക്ലാസിലേക്കല്ലേ, വണ്ടിനേയും പാറ്റയേയും നോക്കി നടക്കാൻ ആർക്കാ നേരം, അല്ലേ കുട്ടാ...?” പ്രതാപ് അവന്റെ മുടിയിൽ വിരലോടിച്ചുകൊണ്ട് ചിരിച്ചു.

സ്കൂളിൽ എത്തി ബാഗും തൂക്കി നടന്നകലവേ അവൻ പറഞ്ഞു: “അച്ഛാ സൂക്ഷിക്കണം, നമ്മുടെ പറമ്പിൽ ഒരുപാട് അണലികൾ ഉണ്ട്.”

“സാരമില്ലന്നേ, അവരുടെ ഉംവെൽറ്റിലേക്ക് ഇടിച്ചുകേറാതിരുന്നാൽ പോരെ?”

ഇരുവരും പുഞ്ചിരിച്ചു, കൈകൾ വീശി വിടപറഞ്ഞു.

തിരികെ വീട്ടിലെത്തിയ പ്രതാപ് നൊമ്പരം തൂങ്ങിനില്‍ക്കുന്ന ധനുവിന്റെ ഒഴിഞ്ഞ മുറിയിൽ വന്നിരുന്നു. മേശപ്പുറത്തിരുന്ന ഇൻസെക്ട്

ബോക്സിൽനിന്നും ജാർ നഷ്ടമായിരിക്കുന്നു. അയാളുടെ തലച്ചോറിനുള്ളിൽ പമ്പരംപോലൊന്ന് കറങ്ങി. ചിരിച്ച് കൈവീശി യാത്ര പറഞ്ഞുപോയ ധനുവിന്റെ ദൃശ്യം അയാളെ ഇളക്കിമറിച്ചുകൊണ്ടിരുന്നു. ആ ചിരിക്കു പിന്നിൽ ചിലന്തി വലപോലെ സങ്കീർണ്ണമായ ഏതോ ഒരു ജ്യാമിതീയ രൂപത്തിന്റെ നെയ്ത്തു പദ്ധതി പ്രതാപ് തെളിഞ്ഞു കണ്ടു.

പ്രതാപ് ഒറ്റക്കുതിപ്പിനു തിരികെ വണ്ടിയിൽ കയറി. മൂടൽമഞ്ഞിന്റെ അവ്യക്തതയിലും കാറിന്റെ വിൻഡ് ഷീൽഡിൽ ധനുവിന്റെ സംഭ്രമം നിറഞ്ഞ കണ്ണുകൾ തെളിഞ്ഞു - അവയിലെ അഗ്നിയും ആ അഗ്നിയിലേക്ക് പാഞ്ഞിറങ്ങുന്ന മെലനോഫില വണ്ടുകളും. നിർത്താതെ ചാഞ്ചാടുന്ന വൈപ്പറുകളെ വകവയ്ക്കാതെ വണ്ടുകൾ വന്നു പ്രതാപിന്റെ കാഴ്ചയെ കറുപ്പ് മൂടാൻ തുടങ്ങി. ഇരുട്ടിൽ പുളയുന്ന പാതകളിലൂടെ മഴയുടെ നേരിയ താളത്തിനൊപ്പിച്ച് തീവേട്ടക്കാർ അയാളുടെ മുഖത്തേക്ക് വർദ്ധിച്ച വീര്യത്തോടെ വന്നു കുത്തി. പൈൻമരത്തിന്റെ ഇലകളുടെ സൂചിമുനപ്പ് ഏറിയിരിക്കുന്നു. പ്രതാപ് മഴയേയും മെലനോഫിലകളേയും വകവയ്ക്കാതെ വണ്ടി പായിച്ചു.

അപ്പോൾ അങ്ങ് ദൂരെ മലമുകളിലെ ബോർഡിംഗ് മുറിയിൽ പെട്ടിക്കുള്ളിൽനിന്നും ധനു ജാർ പുറത്തേക്കെടുക്കുകയായിരുന്നു. അതിനുള്ളിലെ പാമ്പിൻ കുഞ്ഞിനെ കോരിയെടുത്ത് അവൻ മടിയിൽ വെച്ചു. പിരിഞ്ഞ നാവ് നീട്ടി അന്തരീക്ഷത്തെ മണക്കുന്ന അതിന്റെ ചലനങ്ങൾക്കൊപ്പം അവനും തലവെട്ടിച്ചുകൊണ്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com