സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ ‘ഹുഡുഗി’

ചിത്രീകരണം/സചീന്ദ്രന്‍ കാറഡുക്ക
സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ ‘ഹുഡുഗി’
Updated on
10 min read

രണി രാവിലെ എണീറ്റപ്പോൾ കട്ടിലിൽ കൂടെ യാമിയില്ല. യാമീ... യാമീ...ന്ന് വിളിച്ചെങ്കിലും വിളി കേട്ടില്ല. വീടാകെ ഓടിനോക്കുന്നേരം, നിക്കർ മാത്രമിട്ടോണ്ട് തുള്ളിത്തുള്ളി വരികയായിരുന്ന പുനീതിനിട്ട് അറിയാതൊരിടി! താഴെ മലർന്നു വീണിട്ടും അക്കാ...ന്ന് വിളിച്ചു ചിരിച്ചോണ്ടാണ് ചെക്കൻ പൊങ്ങിയത്.

“യാമിയെ കാണുസ്ഥായില്ല കണോ” (യാമിയെ കാണുന്നില്ലെടാ) - ഒട്ടും ക്ഷമയില്ലായിരുന്നു തരണിക്ക്.

“ഹൊറഗഡെ ഹോഗിരബോതു അക്കാ. ഉച്ചേ മാടല്‍ക്ക് ഹോഗിരു ബേക്കു” (മുറ്റത്ത് കാണും ചേച്ചീ. മുള്ളാൻ പോയതായിരിക്കും).

തരണി വാതിലും തുറന്നു പുറത്തേയ്ക്കു ചാടി.

“യാമീ... യാമീ...”

മറുപടിയില്ല.

ഇവളിതെങ്ങോട്ടു പോയെന്നു വിചാരിച്ചു തരണി വിഷമിച്ചു നിൽക്കുമ്പോൾ പുനീത് മുറ്റത്തെ ചെമ്പകത്തിൽ കയറിനിന്നു നോക്കി. അപ്പോൾ ദൂരെ കണ്ടു; യാമിയെയല്ല, രച്ചനെ. അടയ്ക്കാമരങ്ങൾക്കിടയിലൂടെ ഓടി വരികയാണവൻ. ചെമ്പകത്തിൽനിന്നിറങ്ങി പുനീത് അടുക്കളയിലേയ്ക്കു പാഞ്ഞു. കഴിഞ്ഞ ശനിയാഴ്ച ഏറുപന്തു കളിച്ചപ്പോഴത്തെ ഒരു കടം ബാക്കി കിടപ്പുണ്ട്. അതു തന്റെ നടുമ്പുറത്തുതന്നെ വീട്ടാനാണ് അവന്റെ വരവെന്നു പുനീത് ഉറപ്പിച്ചു. രച്ചന്റെ പോക്കറ്റിൽ എപ്പോഴും ഒരു ഓലപ്പന്ത് കാണും. അതിനകത്ത് ഒരു മുഴുത്ത അടയ്ക്ക അവൻ തിരുകി വെച്ചിട്ടുണ്ടാവും. അയ്യോ...!

അടുക്കളയിൽ സീതമ്മയുണ്ടായിരുന്നില്ല. പറമ്പിൽ മഞ്ഞൾ പറിച്ചൊരുക്കുന്ന പണിക്കാർക്കടുത്തേക്കു കാപ്പി നിറച്ച തൂക്കുപാത്രവുമായി സീതമ്മ നടന്നുപോവുന്നതു പുനീത് ജനലിലൂടെ കണ്ടു. വാതിലടച്ച് അതിന്റെ പഴുതിലൂടെ അവൻ പുറത്തേയ്ക്കു നോക്കിയിരുന്നു.

രച്ചൻ മുറ്റത്തെത്തി നിന്നണയ്ക്കുകയാണ്.

“അല്ലിദെ, അല്ലി...ദെ” (അവിടെ, അവി...ടെ). തോട്ടത്തിന്റെ നടുവിലെ കളപ്പുരയുടെ നേർക്കു രച്ചൻ ചൂണ്ടി.

“അൽ ഏനു?” (അവിടെ എന്ത്?)

കളപ്പുരയിൽനിന്ന് അപ്പോൾ കരച്ചിൽ കേട്ടു. അടുത്ത കരച്ചിലിനു മുന്‍പ് തരണി ആദ്യവും രച്ചൻ പിന്നിലുമായി അവിടെയെത്തി. കളപ്പുരയ്ക്കു പുറകിലെ ചായ്‌പിൽ കൂട്ടിയിട്ടിരിക്കുന്ന അടയ്ക്കകൾക്കിടയിൽനിന്നു വെള്ളാരങ്കണ്ണുകൾ ഉയർത്തി യാമി, തരണിയെ നോക്കി. തരണിയുടെ നോട്ടം പക്ഷേ, യാമിയിലായിരുന്നില്ല. അവളുടെ ഉടലോടൊട്ടി ചുരുണ്ടുകിടക്കുന്ന, ഇത്തിരി മുന്‍പ് മാത്രം പുറത്തുവന്ന നാല് പഞ്ഞിക്കുട്ടികളിലായിരുന്നു. കണ്ണ് ഇനിയും തുറന്നിരുന്നില്ലെങ്കിലും ഇടയ്ക്കിടെ അവയുടെ ചുണ്ടുകൾ യാമിയുടെ അടിവയറ്റിൽ ചൂടുള്ള ഞെടുപ്പുകൾ തിരഞ്ഞുകൊണ്ടിരുന്നു. തരണി കുനിഞ്ഞു യാമിയെ ഉമ്മവെച്ചു.

“രാത്രീല് നീ ഒറ്റയ്ക്ക് ഇറങ്ങിപ്പോന്നതെന്തിനാ? എന്നെ വിളിക്കണ്ടാരുന്നോ? കാണാഞ്ഞ് ഞാൻ പേടിച്ചുപോയില്ലേ?”

തരണിയുടെ പരിഭവം കേട്ടപ്പോൾ യാമി ചെറുന്നനെ മൂളിക്കൊണ്ട് അവളുടെ ചെവിയിൽ നക്കി. ഭൂമിയെ തൊട്ടിട്ടു രണ്ടോ മൂന്നോ മണിക്കൂർ മാത്രമായ കുഞ്ഞുങ്ങൾ മെല്ലെയൊന്നനങ്ങി.

രച്ചന്റെ വീടിന്റെ മച്ചിൻപുറത്തു കിടന്ന പഴയ ഒരു പഞ്ഞിമെത്ത തപ്പിയെടുത്തുകൊണ്ടുവന്ന് അന്നുതന്നെ തരണി തന്റെ മുറിയിൽ യാമിക്കും മക്കൾക്കും കിടപ്പൊരുക്കി. അവരുടെയടുത്തുനിന്നു മാറാതുള്ള അവളുടെ ഇരുപ്പു കണ്ടു സീതമ്മ പലവട്ടം ശാസിച്ചു.

അതൊന്നും പക്ഷേ, അവളെ തൊട്ടതേയില്ല.

എന്നാൽ, അവളെ തൊടാനായി അടുത്ത തിങ്കളാഴ്ച ചിലതെല്ലാം കാത്തിരിപ്പുണ്ടായിരുന്നു. അന്നും സ്കൂളിൽനിന്നു വന്നതേ അവൾ യാമിയുടേയും മക്കളുടേയും അടുത്തേയ്ക്കോടി. കുഞ്ഞുങ്ങൾ മെത്തയിൽത്തന്നെയുണ്ട്. പക്ഷേ, യാമിയെ കണ്ടില്ല. കുഞ്ഞുങ്ങളെ കൊഞ്ചിക്കുന്നതിനിടയിൽ തരണി പലവട്ടം യാമീ... യാമീ...ന്ന് വിളിച്ചു. യാമി വന്നില്ല. പിൻവരാന്തയിലെ പൊട്ടിയ ഓടുകൾക്കിടയിലൂടെ താഴ്ന്നുവരുന്ന സൂര്യനെ കടന്നു മുറ്റത്തേക്കിറങ്ങുമ്പോൾ പുനീത് ഓടിവന്നു കയ്യിൽ പിടിച്ചു. അവന്റെ കണ്ണിലൊരു വിഷമം. എന്താടാ എന്നു ചോദിച്ചപ്പോഴേക്കും അത് ഒഴുകാൻ തുടങ്ങി.

ചിത്രീകരണം/സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം/സചീന്ദ്രന്‍ കാറഡുക്ക
തരണി കട്ടിലിൽ ചെന്നിരുന്നു. പകലെപ്പോഴോ യാമി ഇട്ടേച്ചുപോയ ചുളിവ്, വിരിപ്പിൽ അപ്പോഴും ബാക്കിയുണ്ടായിരുന്നു.

തരണി അവനെ പൊക്കിയെടുത്ത് ഉമ്മവെച്ചു.

“അമ്മ അടിച്ചോടാ?”

“ഇല്ല.”

“അപ്പോ... രച്ചന്റേന്ന് ഏറ് കിട്ടിക്കാണും! എത്തറെണ്ണം കൊണ്ടു?”

“അതൊന്നുമല്ലക്കാ”, കണ്ണടച്ചു പിടിച്ച് പുനീത് തലയിളക്കി.

“പിന്നെ? പറ.”

“യാമിയെ ഇനി കാണാമ്പറ്റത്തില്ല.”

“അതെന്താ?” - ഒരു ഞെട്ടൽ തരണിയെ കുലുക്കി.

“കളഞ്ഞു. യാമിയെ കൊണ്ടുക്കളഞ്ഞു.”

“യാ...രു?”

“നാനു” (ഞാൻ) - മറുപടി വന്നത് ഒക്കത്തിരിക്കുന്ന പുനീതിൽനിന്നായിരുന്നില്ല, പിന്നിലെ പരുത്തിമരത്തിന്റെ ചോട്ടിൽനിന്നായിരുന്നു. ഒരു കയ്യിൽ പിഴുതെടുത്ത പച്ചമഞ്ഞളും മറുകയ്യിൽ അറ്റം വളഞ്ഞ അരിവാളുമായി അപ്പാ നിൽക്കുന്നു!

തരണിപോലുമറിയാതെ തരണി കരഞ്ഞു.

“കീറ്റാണ്ട് പൊക്കോണം” - അരിവാളിരുന്ന കയ്യ്, വീടിനകത്തേയ്ക്കു ശ്രീനിവാസ ഉച്ചത്തിൽ ചൂണ്ടി. ഒരൊച്ചപോലും കേൾപ്പിക്കാതെ തരണി ആ ദിശയിൽത്തന്നെ പോയി. അവളുടെ ഒക്കത്തുനിന്നു ചാടിയിറങ്ങി പുനീത് ഓടിക്കളഞ്ഞു.

“കണ്ടെടത്തെല്ലാം പോയി, കണ്ടതിന്റെ കൂടെയെല്ലാം കെടന്നിട്ടു വന്നു പെറ്റുകൂട്ടാൻ ഒരു പെഴച്ച ജന്തുവിനെ ഇനിയും ഈ വീട്ടിൽ വേണ്ട” - പിഴുതുകൂട്ടിയ പച്ചമഞ്ഞളിനുമേൽ തഴച്ചുനിൽക്കുന്ന തണ്ടുകൾ വെട്ടിവെട്ടിയരിയുന്നതിനിടയിൽ ശ്രീനിവാസ അതുതന്നെ പറഞ്ഞുകൊണ്ടിരുന്നു, പലതവണ.

തരണി കട്ടിലിൽ ചെന്നിരുന്നു. പകലെപ്പോഴോ യാമി ഇട്ടേച്ചുപോയ ചുളിവ്, വിരിപ്പിൽ അപ്പോഴും ബാക്കിയുണ്ടായിരുന്നു. അതിനുമേലെ തൂത്തപ്പോൾ കയ്യിൽ യാമിയുടെ തവിട്ടുരോമങ്ങൾ പറ്റി. അമർത്തിപ്പിടിച്ച ഒരു വിളിയുമായി തരണി കിടക്കവിരി വലിച്ചെടുത്ത് എറിഞ്ഞു. അതിൽനിന്നു പൊങ്ങിയ പൂടകൾ മുറിയാകെ പറക്കാൻ തുടങ്ങി. വെയിൽ ആറിയിരുന്നു. ഒരു കീർത്തനവും പാടി തോർത്തുമെടുത്ത് അപ്പാ തോട്ടിലേക്കു പോകുന്ന ഒച്ച കേട്ടതും പിന്നിലത്തെ വാതിലിലൂടെ തരണി കുന്നിനു നേർക്ക് ഓടി.

കുന്നിന്റെ വടക്കേ ചരിവിൽ ഒരു ചതുപ്പുണ്ട്. കൃഷിക്കളങ്ങളിലേക്കെത്തുന്ന കുരങ്ങൻമാരെ കെണിവെച്ചു പിടിച്ച് എറിയാറുള്ളത് അവിടേക്കാണ്. അതിൽ വീണാൽപ്പിന്നെ തിരിച്ചുകയറാനാവില്ല. യാമിയെ ഉറക്കെ വിളിച്ചും കരഞ്ഞും തരണി ചതുപ്പിനു ചുറ്റും നടന്നു. അതിന്റെ കരയിലെ പൊത്തുകളിൽനിന്ന് ഇറങ്ങിവന്ന പാമ്പുകളും ഇരുട്ടുകളും ചീറ്റാൻ തുടങ്ങുന്നതു വരെ അതു തുടർന്നു.

മുറിയിലേക്കു മടങ്ങിവന്നപ്പോഴേക്കും മുള്ളിലും മരത്തിലും ഉരഞ്ഞ് തരണിയുടെ കാലാകെ മുറിഞ്ഞിരുന്നു. പൊടിച്ചുവരുന്ന ചോരയിലേക്ക് അവളൊന്നു നോക്കുകകൂടി ചെയ്തില്ല. നിർത്താതെ കരയുന്ന കുഞ്ഞുങ്ങളുടെ വായിലേക്കു പാൽ ഇറ്റിക്കുന്നതിനിടയിൽ തന്റെ കണ്ണിൽനിന്നൊഴുകുന്ന വെള്ളം അവരെ നനയിക്കാതിരിക്കാൻ പാവാടയുടെ അറ്റം പൊക്കി അവൾ മുഖം തുടച്ചു.

1”അല്ലി നോഡലു രാമ, ഇല്ലി നോഡലു രാമ

എല്ലെല്ലി നോഡിദാരല്ലി ശ്രീരാമ...”

തോട്ടിൽ അപ്പോഴും തുടരുകയായിരുന്നു ശ്രീനിവാസയുടെ കുളിയും കീർത്തനവും.

“രാവണന മൂലബെല കണ്ടു കപിസേനെ

ആവാഗെലെ ബദരി ഓഡിദെവു...”

സീതയെ വീണ്ടെടുക്കാൻ കടൽ കടന്നുചെന്ന വാനരസേന, രാവണന്റെ സേനാബലത്തിനു മുന്നിൽ പകച്ചു പിന്തിരിഞ്ഞോടുന്നതു കണ്ടുകൊണ്ട് ശ്രീനിവാസ സോപ്പു തേച്ചു. വെള്ളത്തിൽ പടരുന്ന സോപ്പുപതയ്ക്കിടയിൽ ലങ്ക തെളിഞ്ഞു. അവിടെയതാ കുലച്ച വില്ലുമായി ഒറ്റയ്ക്കു പോരിനിറങ്ങുകയാണ് ശ്രീരാമൻ. പെട്ടെന്ന് രാമൻ പെരുകാൻ തുടങ്ങി. ഇപ്പോഴിതാ നോക്കുന്നിടത്തെല്ലാം രാമൻ! പതിനായിരക്കണക്കിനു രാമൻമാർ! ഇവരിൽ ഏതാണു ശരിക്കുള്ള രാമൻ എന്നറിയാതെ രാവണപ്പട കുഴങ്ങി. പോർക്കളമാകെ ഓടിനടന്ന് അവർ വെട്ടി. തമ്മിൽത്തമ്മിൽ വെട്ടിയൊടുങ്ങി.

“ഈ വേളെ നരനാഗി ഇരബാര ദെന്ദെ-ണിസി

ദേവരാമചന്ദ്ര ജഗവെല്ല താനാദാ...”

രസിച്ചുപാടി ശ്രീനിവാസ വെള്ളത്തിൽ രണ്ടടിയടിച്ച് അലറി. അതുകേട്ടു തോട്ടിലെ മീനുകൾ സോപ്പുകുമിളകൾക്കിടയിലൂടെ പാഞ്ഞ് ലങ്കയെ പലതായി പിളർന്നു.

കരച്ചിലിന്റെ പഞ്ഞിമെത്തയിൽ കുഞ്ഞുങ്ങളെ കെട്ടിപ്പിടിച്ചു കിടക്കുകയായിരുന്നു തരണിയപ്പോൾ. അങ്ങനെ കിടന്നുറങ്ങിപ്പോയി. പാതിരാകഴിഞ്ഞ നേരത്ത് പാതി ചുവന്ന വെള്ളാരങ്കണ്ണുകളുമായി അവളുടെ ഉറക്കത്തിലേക്കു യാമി കയറിവന്നു. കറുത്ത മീശരോമങ്ങൾ വിറപ്പിച്ചുകൊണ്ട് ശ്രീനിവാസയുടെ കട്ടിലിലേക്കു യാമി ഓടിക്കയറി. അവളുടെ വിരലുകളിൽനിന്നു പുറത്തേക്കിറങ്ങിയ കൂർത്ത നഖങ്ങൾ, വെളുത്ത രോമങ്ങൾ തിങ്ങിയ ശ്രീനിവാസയുടെ നെഞ്ചിൽ ആഴ്ന്നു. അലറിയുണർന്ന അയാൾ അവളെ വലിച്ചൂരിയെടുത്തു പുറത്തേക്കെറിഞ്ഞു. കുലച്ച വില്ലുമായി മുറിയുടെ കോണിലൊരു പീഠത്തിൽ നിൽക്കുന്ന മൂർത്തിയുടെ തുടയിൽ ചെന്നിടിച്ചുവീണ യാമി, വട്ടംകറങ്ങിയെണീറ്റ് ശ്രീനിവാസയെ നോക്കി മുരണ്ടു: “ദുഷ്ടൻ! ചുമ്മതല്ലെടോ തന്റെ ഭാര്യ തന്നെ ഇട്ടേച്ചുപോയത്.”

ടിക്കാൻ അപ്പാവും അടികൊള്ളാതിരിക്കാൻ സീതമ്മയും വീടിനു ചുറ്റും ഓട്ടത്തോടോട്ടം! അതിനിടയിൽ, മഞ്ഞൾ പിഴുതുമാറ്റിയ കുഴിയിൽ കാല് കുടുങ്ങി സീതമ്മ വീണു.

ഉച്ചത്തിൽ ഒന്നുകൂടി മുരണ്ടിട്ട്, തരണിയുടെ ഉറക്കത്തിൽനിന്നു യാമി പുറത്തേയ്ക്കോടിപ്പോയി. അപ്പോഴേയ്ക്കും സ്വന്തം ഉറക്കത്തിൽനിന്നു തരണിയും പുറത്തിറങ്ങിയിരുന്നു. തരണിയുടെ നെഞ്ചിൽ പറ്റിക്കിടക്കുകയായിരുന്നു കുഞ്ഞുങ്ങൾ. അവരെ ഉണർത്താതെ കട്ടിലിനു കീഴിൽനിന്നു പഴയ ഇരുമ്പുപെട്ടി വലിച്ചടുപ്പിച്ച് അതിനുള്ളിൽ ഒരു നീലത്തുണിയിൽ പൊതിഞ്ഞുവെച്ചിരിക്കുന്ന, മഞ്ഞനിറം പടർന്ന ഫോട്ടോ അവൾ പുറത്തെടുത്തു. പൊടിക്കുഞ്ഞായ തന്നെ കെട്ടിപ്പിടിച്ച് ഒരു കൊച്ചുകവുങ്ങിൽ ചാരിയിരിക്കുന്ന അമ്മ. എല്ലാ രാത്രികളിലും അതിലേയ്ക്കു നോക്കി തരണി ചോദിക്കുമായിരുന്നു: “എന്നെ ഇവിടെ കളഞ്ഞിട്ട് ഏതോ ഒരുത്തന്റെ കൂടെ എന്തിനാ അമ്മ ഓടിപ്പോയത്? പോകുമ്പോ എന്നേംകൂടെ എടുത്തൂടാരുന്നോ?”

അമ്മ ഇന്നേവരെ ഉത്തരം പറഞ്ഞിട്ടില്ല.

ഭയങ്കര ബഹളം കേട്ടുകൊണ്ടാണ് തരണിയും വീടും പിറ്റേന്നു രാവിലെ എണീറ്റത്. വഴക്കുകളും തല്ലുകളും മിക്കപ്പോഴും സംഭവിക്കാറുണ്ടെങ്കിലും ഇതു കുറച്ചു കടുപ്പം കൂടിയതാണ്. അടിക്കാൻ അപ്പാവും അടികൊള്ളാതിരിക്കാൻ സീതമ്മയും വീടിനു ചുറ്റും ഓട്ടത്തോടോട്ടം! അതിനിടയിൽ, മഞ്ഞൾ പിഴുതുമാറ്റിയ കുഴിയിൽ കാല് കുടുങ്ങി സീതമ്മ വീണു. അവിടെയിട്ട് അപ്പാ, സീതമ്മയെ ചവിട്ടുന്നു, തൊഴിക്കുന്നു, ചവിട്ടുന്നു, തൊഴിക്കുന്നു... കരഞ്ഞുകൊണ്ട് അവർക്കിടയിലേക്ക് ഓടിക്കയറിയ പുനീത് മഞ്ഞളിന്റെ ഒരു കൂനയിലേക്കു തെറിച്ചുപോകുന്നു, തരണി വരാന്തയിലേക്കു ചാടിയിറങ്ങുന്നു...

“കൊല്ലുമെടാ നായേ എന്റെ കൊച്ചിനെ തൊട്ടാൽ” എന്നു ചീറ്റിക്കൊണ്ട് സീതമ്മ ഒരു മഞ്ഞൾച്ചെടി പിഴുതെടുത്തു ചുഴറ്റി അടിച്ചു. മുഖത്തേറ്റ പ്രഹരം ശ്രീനിവാസയെ വീഴ്ത്തി. അതിൽനിന്ന് അയാൾ എണീറ്റുവരുന്നതിനു മുന്‍പ് പുനീതിനെ തോളിലെടുത്തിട്ട് തോടും തോട്ടവും കടന്ന് മൺപാതയ്ക്കു നേരെ സീതമ്മ ഓടി. അതിനിടയിലും അവർ വിളിച്ചുപറയുന്നുണ്ടായിരുന്നു: “കെട്ട്യോളെ ഒഴിവാക്കിയപോലെ എന്നേം കൊച്ചിനേമങ്ങ് ഒഴിവാക്കിക്കളയാമെന്നാണ് തന്റെ വിചാരമെങ്കിൽ അത് വെറുതെയാ. എനിക്കുമൊണ്ടെടോ ആൾക്കാര്. അവരേം കൂട്ടി ഞാൻ വരും. കണ്ടോ.”

കൺമുന്നിൽ അപ്പോൾ കണ്ടതും കേട്ടതുമായ എല്ലാത്തിനേയും തരണിയുടെ മനസ്സ് പെട്ടെന്ന്, സീതമ്മ പറഞ്ഞ ഒറ്റവാക്കിലേക്കു ചുരുക്കി. അമ്മയെ അപ്പാ ഒഴിവാക്കിയതാണെന്നോ! അപ്പോ ഇത്രനാളും കേട്ട കഥകളൊക്കെയോ?

മുഖം പൊത്തി കുനിഞ്ഞിരിക്കുന്ന ശ്രീനിവാസയുടെ പിന്നിലൂടെ തരണി, സീതമ്മയ്ക്കു പുറകെ ഓടി. മൺപാതയിലൂടെ പായുന്ന സീതമ്മയ്ക്കൊപ്പമെത്താൻ അവൾ പാടുപെട്ടു. അമ്മയുടെ തോളിൽ കിടന്ന് ഏങ്ങലടിക്കുന്നതിനിടയിലും “അക്കാ...”ന്ന് നീട്ടിവിളിച്ച് പുനീത് അവളെ കണ്ടു. ഒപ്പമെത്തിയതും അവളുടെ ദേഹത്തേക്കവൻ ചാടിക്കയറി. കവുങ്ങുകൾ കായ്‌ചും പരുത്തിക്കായകൾ കൊഴിഞ്ഞും കിടക്കുന്ന വഴിയോരത്ത് അവർ നിന്നു. മണ്ണും വിയർപ്പും കുഴഞ്ഞ കൈവെള്ളയാൽ സീതമ്മ അവളുടെ തലയിൽ തൂത്തു: “അയാളൊരു മനുഷ്യനൊന്നുമല്ല കൊച്ചേ. നിവർത്തികേടുകൊണ്ടാ ഞാൻ കൂടെ കൂടിയത്. ഇത്രേംകാലോം എങ്ങനൊക്കെയോ നിന്നു. മതിയായി! ഇനീം ഇവിടെ നിന്നാൽ എന്നേം ഇവനേം അയാളാ ചതുപ്പില് ചവിട്ടിത്താഴ്ത്തും. അതിനു മുന്‍പ് ഞാനായിട്ടങ്ങ് പോകുന്നതല്ലേ നല്ലത്? അല്ലേ?”

തരണി ഒന്നും മിണ്ടിയില്ല.

പൂഴിയിൽ മുങ്ങിപ്പൊങ്ങി ദൂരെനിന്നു ബസ് വരുന്നുണ്ട്. തരണിയുടെ നെഞ്ചിൽനിന്നു പുനീതിനെ വലിച്ചെടുക്കുമ്പോൾ സീതമ്മ അവളുടെ താടിയിൽ പിടിച്ചു: “നീയും പോര് എന്റെ കൂടെ. അയാളവിടെ ഒറ്റയ്ക്ക് കെടന്ന് തല്ലുകയോ കൊല്ലുകയോ എന്താന്നു വെച്ചാ ചെയ്യട്ടെ.”

ബസ് അരികിൽ വന്നുനിന്നു. കണ്ടക്ടർ ഇറങ്ങി റോഡിനപ്പുറത്തെ ചായക്കടയിലേക്കു തിടുക്കത്തിൽ നടന്നു. കമ്പിയിൽ പിടിച്ചു കയറാൻ തുടങ്ങിയ സീതമ്മ, കൈത്തണ്ടയിൽ തരണിയുടെ പിടി മുറുകുന്നതറിഞ്ഞു തിരിഞ്ഞുനിന്നു: “ബാ മഗൂ, ബാ” (വാ മോളേ, വാ.)

ഒന്ന് അനങ്ങുകപോലും ചെയ്യാതെ സീതമ്മയുടെ കണ്ണിൽത്തന്നെ നോക്കി തരണി ചോദിച്ചു: “എന്റമ്മ എറങ്ങിപ്പോയതല്ലല്ലേ? ആരടേം കൂടെ ഓടിപ്പോയതല്ലല്ലേ?”

സീതമ്മയൊന്നു പതറി.

“അതിപ്പോ... അത് പോട്ട്. നീയിനി അതൊന്നും ആലോചിക്കണ്ട. എന്തിനാ വെറുതെ...”

“നിജ ഹേളു” (സത്യം പറ). തരണിയുടെ തല സീതമ്മയുടെ നേർക്കു കൂർത്തുചെന്നു.

പൂഴിക്കാറ്റ് കുറച്ചുനേരത്തേക്ക് എല്ലാം മറച്ചുപിടിച്ചു. കാറ്റടങ്ങി ബസും കാഴ്ചകളും വീണ്ടും തെളിഞ്ഞപ്പോഴും തരണി അതേ നോട്ടവുമായി നിൽക്കുകയാണ്. സീതമ്മയ്ക്കു പിന്നെയൊന്നും മൂടിവെക്കാൻ തോന്നിയില്ല: “എറക്കിവിട്ടതാ പെണ്ണേ.”

“എന്തിന്?”

“നിന്റമ്മയ്ക്ക്... വേറാരാണ്ടോട്... അടുപ്പമുണ്ടെന്ന് അങ്ങേർക്കങ്ങ് തോന്നി. അതിന്റെ പേരിൽ ഏതോ ഒരുത്തനെ അയാള് തോട്ടിലിട്ട് വെട്ടി. അവന്റെ വീടും കത്തിച്ചു. ഭ്രാന്ത്!

അല്ലാതെന്താ?”

രണ്ടുമൂന്നു ചോദ്യങ്ങൾ ചുണ്ടിലേക്ക് ഒന്നിച്ചു വന്നെങ്കിലും ഒറ്റച്ചോദ്യമേ തരണി ചോദിച്ചുള്ളൂ:

ചിത്രീകരണം/സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം/സചീന്ദ്രന്‍ കാറഡുക്ക
കറുത്ത തലയിൽ ഒരു പത്തി വിരിഞ്ഞു. നാക്ക് പുറത്തിട്ട് അതു ചീറ്റി. തേങ്ങയും കൊപ്രയും അടയ്ക്കയും മഞ്ഞളുമെല്ലാം വാരിയെടുത്തു തരണി എറിഞ്ഞുകൊണ്ടിരുന്നു.

“എറക്കിവിട്ടതും അമ്മ ഒന്നും മിണ്ടാതങ്ങ് പോയോ?”

“ഇല്ല. ആ രാത്രി മുഴുവൻ വീടിനു ചുറ്റും ആ പാവം കരഞ്ഞും വിളിച്ചും നടന്നു, നിന്നെ തന്നാലേ പോവൂന്ന് പറഞ്ഞ്.”

“എന്നിട്ട്?”

“ചോരേമൊലിപ്പിച്ച് താഴെ വീഴുന്ന വരെ അയാളവരെ തൊഴിച്ചൂന്നാ കേട്ടത്. പിന്നെ അവിടുന്നും പൊക്കിയെടുത്ത്...”

“പൊക്കിയെടുത്ത്...?”

വേണോ വേണ്ടയോ എന്നു സംശയിച്ചു സീതമ്മ ഇത്തിരി നേരം കിതച്ചു. ഒടുവിൽ കിതച്ചുകൊണ്ടുതന്നെ തുടർന്നു: “ഏതോ വണ്ടീല് കേറ്റി നേരം വെളുക്കുന്നേനു മുന്നേ എവിടോ... കൊണ്ടുവിട്ടു. അല്ല, കൊണ്ടുകളഞ്ഞു. അങ്ങനെതന്നാ പറയണ്ടത്... കൊണ്ടുകളഞ്ഞു!”

“എവിടെ?”

“അതെനിക്കറിയില്ല. ദാസറ ഹള്ളീല് അങ്ങേർക്കൊരു ശിങ്കിടിയില്ലേ? ബസവപ്പ. അയാളെ വിളിച്ചുവരുത്തി രണ്ടുപേരും കൂടാ എല്ലാം ചെയ്തെ. എന്റെ കുഞ്ഞേ ഞാനിതെല്ലാം അറിഞ്ഞത് അടുത്തിടെയാ. അല്ലാരുന്നേല് ഈ ശാപം കിട്ടിയെടത്തേക്ക് ഞാൻ വരത്തില്ലാരുന്നു. സത്യം.”

പ്രാതലിന്റെ രണ്ടു പൊതികളുമായി ചായക്കടയിൽനിന്നു കണ്ടക്ടർ മടങ്ങിയെത്തി.

“ഇതുവരെ കേറിയില്ലേ? ഹേ, ഹേ... കേറ് കേറ്”- വാതിൽക്കൽനിന്ന് അയാൾ തിടുക്കം കൂട്ടി.

സീതമ്മ എന്തോ ചോദിക്കാനാഞ്ഞതും അവരുടെ കയ്യിലെ പിടിവിട്ടു തരണി തിരിഞ്ഞോടി.

തരണി ചെന്നുകയറുമ്പോൾ വീട് അനക്കമറ്റു കിടക്കുകയായിരുന്നു. കുഞ്ഞുങ്ങൾ വീട്ടിലുണ്ടായിരുന്നില്ല. മുറ്റത്തോ തോട്ടത്തിലോ അവരെ കണ്ടില്ല. ചതുപ്പിനു നേർക്ക് അവൾ ആന്തലോടെ പായുന്നേരം കളപ്പുരയ്ക്കു പിന്നിലെ 2ഹലസിന മരത്തിന്റെ ചോട്ടിൽ വീണഴുകിക്കിടക്കുന്ന ചുളകൾക്കിടയിൽ ഒരനക്കം. പുള്ളികളുള്ള ഒരു വാൽ മാത്രമേ ആദ്യം കണ്ടുള്ളൂ. അതു മറഞ്ഞപ്പോൾ പുല്ലുകൾക്കിടയിൽനിന്ന് ഒരു കറുത്ത തല പുറത്തുവന്നു. കളപ്പുരയിലേക്കത് ഇഴഞ്ഞുകയറുന്നു. തരണിക്ക് ഒരു പരുത്തിക്കായയാണ് കയ്യിൽ കിട്ടിയത്. എറിഞ്ഞെങ്കിലും കൊണ്ടില്ല. കറുത്ത തലയിൽ ഒരു പത്തി വിരിഞ്ഞു. നാക്ക് പുറത്തിട്ട് അതു ചീറ്റി. തേങ്ങയും കൊപ്രയും അടയ്ക്കയും മഞ്ഞളുമെല്ലാം വാരിയെടുത്തു തരണി എറിഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ, പത്തി താഴ്ന്നു. തലയും വാലും വേരുകൾക്കിടയിലൂടെ ദൂരെയുള്ള പൊത്തിലേക്ക് ഓടിപ്പോയി.

ഒരു ഞരക്കം കേട്ടുവോ?

കേട്ടു.

എവിടെനിന്ന്?

പൊത്തിൽനിന്നല്ല.

കളപ്പുരയ്ക്കുള്ളിൽനിന്നാണോ?

അതെ.

അടുക്കിവച്ചിരിക്കുന്ന വിറകുകൾക്കകത്തുനിന്നല്ലേ?

ആവണം.

വിറകുകൾ അഞ്ചാറെണ്ണം മാറ്റിനോക്കിയപ്പോൾ അതിനിടയിൽ അതാ പാത്തിരിക്കുന്നു നാലു കരച്ചിലുകൾ. മടിയിൽ എടുത്തുവച്ചു കുറേനേരം കളിപ്പിച്ചപ്പോഴാണ് അവയുടെ പേടി മെല്ലെയൊന്ന് ആറിവന്നത്. ഒടുവിൽ ഒരു ബേസ്‌ബോർഡു പെട്ടിയിലേക്കു നാലിനേയും ഇറക്കിവച്ചു.

മൺപാതയിലൂടെ ദൂരെനിന്ന് ഒരു ഓട്ടോറിക്ഷ വരുന്നുണ്ട്. പെട്ടിയുമായി തരണി വിറകുകൂനയുടെ മറവിൽ പതുങ്ങി. മൂക്കിലും ഇടംകണ്ണിലുമാകെ നാട്ടുമരുന്നിന്റെ നനവും പൊതിഞ്ഞുകെട്ടുമായി ഓട്ടോയിൽനിന്ന് ഇറങ്ങിയതേ തരണീ... ന്ന് വിളിച്ച് ശ്രീനിവാസ ചെറുതായിട്ടൊന്ന് അലറി. അയാളും അലർച്ചയും കൂടി വരാന്തയിലേക്കു കയറിയതും പെട്ടി പൊക്കിയെടുത്തു തോട്ടത്തിലെ മഞ്ഞൾക്കൂനകളും കുഴികളും ചാടിക്കടന്നു തരണി ഓടാൻ തുടങ്ങി. രച്ചന്റെ വീട്ടുമുറ്റത്താണ് ഓട്ടം അവസാനിച്ചത്. ചുവരിൽ ചാരിനിന്ന് അണയ്ക്കുന്നേരം, തക്കാളിത്തോട്ടത്തിലെ നന കഴിഞ്ഞ് രച്ചൻ വരുന്നു; തൊട്ടുപുറകെ രേവമ്മയും.

“എന്താരുന്നു രാവിലെ അവിടെയൊരങ്കം?” - രേവമ്മ ആദ്യം ചോദിച്ചത് അതാണ്.

പെട്ടിയിൽ തൂത്തുകൊണ്ടു തരണി മിണ്ടാതെ നിന്നതേയുള്ളൂ.

“എന്താ നിന്റെ കയ്യില്?”

പെട്ടിയുടെ മൂടി തുറന്ന് അവൾ കാണിച്ചുകൊടുത്തു: “ഞാൻ സ്കൂളിൽ പോകുമ്പോ വീട്ടിൽ ഇവരിനി ഒറ്റയ്ക്കായിപ്പോം. വൈകുന്നേരം ഞാൻ വരുന്ന വരെ 3ചിക്കമ്മ നോക്കിക്കോളാമോ?”

“അത് നീ ചോദിക്കേണ്ട കാര്യമുണ്ടോ? അമ്മ നോക്കിക്കോളും”, രച്ചൻ ചിരിച്ചുകൊണ്ട് പെട്ടിക്കുനേരെ കൈ നീട്ടി.

“എന്നിട്ടു വേണം ഇവടെ അപ്പാ എന്നോടു യുദ്ധത്തിനു വരാൻ! എനിക്കു വയ്യ. നീ വേറെയാരോടേലും ചോദിക്ക് തരണീ”, കൂടുതലൊന്നും പറയാതെ രേവമ്മ അടുക്കളയിലേക്കു പോയി.

ചിത്രീകരണം/സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം/സചീന്ദ്രന്‍ കാറഡുക്ക
ആ രാവിലെ മുതൽ തരണിയുടെ മനസ്സിൽ പുതിയൊരു പദ്ധതി രൂപപ്പെടാൻ തുടങ്ങി. അതു നടപ്പാക്കാൻ പറ്റിയ ഒരവസരത്തിനുവേണ്ടി അവൾ കാത്തു.

രച്ചന്റെയമ്മ ഇത്ര നിർദ്ദയമായി തന്നെ ഉപേക്ഷിച്ചുകളയുമെന്നു തരണി കരുതിയിരുന്നില്ല. രച്ചനും ആകെ വിഷമത്തിലായി. എന്തെങ്കിലും പറഞ്ഞ് തരണിയെ ആശ്വസിപ്പിക്കണമെന്നുണ്ട്. പക്ഷേ, എന്തു പറയും? അവൻ ചിരിക്കാൻ ശ്രമിച്ചു. അതിലും പരാജയപ്പെട്ടു.

തരണി പിന്നെയവിടെ നിന്നില്ല.

വയറ്റിൽ അസുഖമാണെന്നു പറഞ്ഞ് അന്ന് അവൾ സ്കൂളിൽ പോയില്ല. പക്ഷേ, നാളെയോ? കള്ളം പറഞ്ഞ് എത്ര നാൾ പിടിച്ചുനിൽക്കും? അന്നത്തെ രാത്രിയിൽ തരണി ഉറങ്ങിയില്ല. നേരം വെളുക്കാതിരുന്നെങ്കിൽ എന്നു പലതവണ പ്രാർത്ഥിച്ചു. എന്നിട്ടും നേരം വെളുത്തു. കുഞ്ഞുങ്ങളേയുമെടുത്തു വീടുവിട്ടു പോകുന്നതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടാണ് അവൾ വാതിൽ തുറന്നത്. അപ്പോഴതാ മുറ്റത്ത് രച്ചൻ നിൽക്കുന്നു! കഴിഞ്ഞ ദിവസം കണ്ടതുപോലെയല്ല. ഇത്തവണ അവൻ ചിരിച്ചു. ശരിക്കും ചിരിച്ചു.

“അമ്മ സമ്മതിച്ചു”, അവൻ പറഞ്ഞു: “ഞാൻ സമ്മതിപ്പിച്ചു.”

ഇപ്പോൾ തരണിയും ചിരിച്ചു.

ആ രാവിലെ മുതൽ തരണിയുടെ മനസ്സിൽ പുതിയൊരു പദ്ധതി രൂപപ്പെടാൻ തുടങ്ങി. അതു നടപ്പാക്കാൻ പറ്റിയ ഒരവസരത്തിനുവേണ്ടി അവൾ കാത്തു. അധികം വൈകാതെ അങ്ങനെയൊരെണ്ണം ഒത്തുവന്നു. ശ്രീനിവാസ അതിരാവിലെ എണീറ്റു കേദര ശേഷാദ്രിയുടെ കച്ചേരി കേൾക്കാൻ നാഗമംഗലയിലേക്കു പോയ ദിവസമായിരുന്നു അത്. പോകുന്നത് അവിടേക്കാണെങ്കിൽ വരുന്നതു രാത്രിയേറെ വൈകിയായിരിക്കുമെന്ന് അവൾക്കറിയാം. എത്രയോ കാലമായി കാണുന്നതാണ്!

ശ്രീനിവാസ വീട്ടിൽനിന്നിറങ്ങിയതിനു പിന്നാലെ അവളും പുറപ്പെട്ടു. ആളുകളെ ഞെക്കിക്കയറ്റി മൺപാതയിലൂടെ ആടിയാടിവന്ന ജീപ്പിൽ കയറി പട്ടണത്തിലെത്തി. അവിടെനിന്നു കിട്ടിയ ആദ്യത്തെ ബസിൽ അവൾ ദാസറഹള്ളിയിൽ ചെന്നിറങ്ങുമ്പോൾ, സൂര്യൻ പടിഞ്ഞാറേയ്ക്കുള്ള ബസിൽ കയറിയിരുന്നു. ദാസറഹള്ളിയിൽനിന്നു പീനിയയിലേക്കുള്ള വഴിയിൽ ഒരു വമ്പൻ സിമെന്റു ഫാക്ടറിയുണ്ട്. അതിന്റെ മതിലിനോടു ചേർന്നുള്ള കുടുസ്സുവീടുകളിലൊന്നിലാണ് ബസവപ്പയുടെ താമസമെന്ന് അയാളും അപ്പാവും തമ്മിലുള്ള വർത്തമാനത്തിനിടയിൽ തരണി കേട്ടിട്ടുണ്ട്. ഇടയ്ക്കിടെ അയാൾ വീട്ടിൽ വരുമായിരുന്നു; കുറേക്കാലം മുന്‍പു വരെ. ചീർത്ത ദേഹവും കടുക്കനിട്ട കാതുമായി കസേരയിൽ അയാൾ നിറഞ്ഞിരിക്കും. ചിലപ്പോൾ നീട്ടിനീട്ടി ചിരിക്കും. അയാൾ പോയിക്കഴിഞ്ഞാലും ആ ചിരി പോവില്ല. ദിവസങ്ങളോളം അതു വീട്ടിൽ വട്ടംകറങ്ങി നിൽക്കും. അന്നൊന്നും തരണി അയാളോടു മിണ്ടിയിട്ടില്ല. എന്നാൽ ഇന്നു മിണ്ടും. “എന്റെ അമ്മയെവിടെ?” അവൾക്കു ചോദിക്കണം.

പലരോടും വഴി തിരക്കിയും പലവട്ടം വഴി തെറ്റിയും തരണി സിമന്റ് ഫാക്ടറിയുടെ മുന്നിലെത്തി. പക്ഷേ, ബസവപ്പ പറഞ്ഞ കുടുസ്സുവീടുകൾ ഇവിടെയെങ്ങും കാണുന്നില്ലല്ലോ? പകരം, കൊച്ചുകൊച്ചു ഫാക്ടറികളാണ് ചുറ്റും. ഇടയ്ക്കിടെ ചെറിയ കടകളും. ഉടുപ്പിലും പാന്റ്‌സിലുമാകെ പെയിന്റും ഗ്രീസും സിമെന്റുപൊടിയും പൊതിഞ്ഞ ഒരുപറ്റം ആളുകൾ ആ കടകൾക്കു മുന്നിൽനിന്നു ചായ കുടിക്കുകയും പുകവലിക്കുകയും ചെയ്യുന്നു. തരണി അവർക്കരികിലെത്തി.

“അണ്ണാ” -അവൾ വിളിച്ചു.

പുക പറത്തിക്കൊണ്ട് സിഗരറ്റുകൾ തിരിഞ്ഞുനോക്കി.

“ഇല്ലി ഒബ്ബ ബസവപ്പ ഗൊത്താ?” (ഇവിടെയുള്ള ഒരു ബസവപ്പയെ അറിയാമോ?)

“ഏത് ബസവപ്പ?” -അവരിലൊരാൾ തിരിച്ചു ചോദിച്ചു.

അടയാളങ്ങളിലൂടെ അവൾ ബസവപ്പയെ വിശദീകരിച്ചു. അതേ മട്ടിലുള്ള ഒരു ബസവപ്പയെ കണ്ടെത്താൻ ചായയും സിഗരറ്റുകളും കുറച്ചുനേരം തമ്മിൽത്തമ്മിൽ ആലോചിച്ചു.

“ബസവപ്പമാരിവിടെ മൂന്നുനാല് പേരുണ്ട്. പക്ഷേ... ഇപ്പറഞ്ഞമാതിരിയുള്ള ഒരാളെ അറിയില്ല.”

“അയാൾ ഇവിടെയെവിടെയോ ആണ് താമസിച്ചിരുന്നത്” -തരണി മുന്നിലെ ചെറുഫാക്ടറികളുടെ കൂട്ടത്തിനു നേരെ വിരൽ ചൂണ്ടി.

“ഇവിടുത്തെ വീടുകളൊക്കെ പോയിട്ട് കാലം കൊറേ കഴിഞ്ഞില്ലേ. കൂട്ടത്തിൽ അയാളും പോയിക്കാണും.”

കത്തിത്തീരാറായ സിഗരറ്റ് താഴെയിട്ടു ചവിട്ടുന്നതിനിടയിൽ അവരിലൊരാൾ ചിരിച്ചു. കണങ്കാലിൽനിന്നു മുകളിലേക്കു വീശിയ കാറ്റിൽ തരണിയുടെ പാവാട പറക്കാൻ തുടങ്ങി.

കുറച്ചു മാറിയുള്ള മരച്ചോട്ടിലെ ബെഞ്ചിൽ, നീണ്ട താടിയുള്ള ഒരാൾ പത്രം വായിച്ചുകൊണ്ട് ഒറ്റയ്ക്കിരിപ്പുണ്ടായിരുന്നു. തരണി വിഷമിച്ചു നിൽക്കുന്നതു കണ്ട് ചായക്കടക്കാരൻ പുറത്തേക്കിറങ്ങി വന്നു: “ദോ ആ അണ്ണന് ചെലപ്പോ അറിയാമാരിക്കും. ഇവിടത്തെ പഴയ ആളാ. മോള് ചെന്ന് ചോദിക്ക്. ഈ നിൽക്കുന്നവൻമാരൊക്കെ അവിടുന്നും ഇവിടുന്നും വന്നുകൂടിയവരല്ലേ, ഇവർക്കെന്തറിയാം!”

തരണി പതിയെ ചെന്നു ബെഞ്ചിന്റെ അറ്റത്തിരുന്നു. അയാൾ പത്രവായന നിർത്തുകയോ അവളെ നോക്കുകയോ ചെയ്തില്ല. കുറച്ചു നിമിഷങ്ങളുടെ നിശ്ശബ്ദതയ്ക്കൊടുവിൽ ചോദിക്കാനാഞ്ഞതു തരണിയാണെങ്കിലും ചോദിച്ചത് അയാളായിരുന്നു: “ബസവപ്പയെ എന്തിനാ അന്വേഷിക്കുന്നത്?”

ഇത്രനേരവും തങ്ങൾ സംസാരിച്ചതെല്ലാം അയാൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നെന്ന് തരണിക്കു മനസ്സിലായി.

“ഒന്ന് കാണാൻ” -അവൾ പറഞ്ഞു.

“എ... ന്തി... ന്?”

“ബസവപ്പയെക്കൊണ്ട്... എനിക്കൊരാവശ്യമുണ്ട്. അയാള് വിചാരിച്ചാൽ മാത്രേ... അത് നടക്കൂ.”

എന്ത് ആവശ്യം എന്നു താടിക്കാരൻ ഇപ്പോൾ ചോദിക്കുമെന്ന് തരണി പ്രതീക്ഷിച്ചു. പക്ഷേ, അതുണ്ടായില്ല. എവിടെനിന്നോ ഒരു ബീഡിയും പട്ടുനൂൽപ്പുഴുവിന്റെ പടമുള്ള തീപ്പെട്ടിയും അയാളുടെ കയ്യിലെത്തി. ബീഡിയുടെ, വലിക്കുന്നയറ്റം അയാൾ ഇറുത്തുകളഞ്ഞു: “ബസവപ്പയെ നിനക്ക് കാണാൻ പറ്റുമെന്നു തോന്നുന്നില്ല.”

“അതെന്താ?”- ആശങ്കയോടെ തരണി ചോദിച്ചു.

“ഇവിടെ ഇല്ലാത്തൊരാളെ എങ്ങനെ കാണും?”

“ഇവിടെയില്ലെങ്കിൽ പിന്നെയെവിടാ?”

അഞ്ചാറു നിമിഷങ്ങൾ താടിക്കാരൻ ഒന്നും മിണ്ടിയില്ല. അതിനിടയിൽ അയാൾ പത്രത്തിന്റെ ഒരു താൾ സൂക്ഷ്മതയോടെ മറിച്ചു. അതിന്റെ അരികുകൾ കൈകൊണ്ടു തൂത്തു നേരെയാക്കി. ശേഷം, വ്യക്തമായും കൃത്യമായും തരണിയെ നോക്കി: “നാലഞ്ചു കൊല്ലം മുന്‍പ് അവനിവിടുന്ന് ഓടിപ്പോയതാ. പിന്നിങ്ങോട്ട് വന്നിട്ടില്ല. എവിടാണെന്ന് ആർക്കും ഒരറിവുമില്ലാരുന്നു. കൊറച്ചു മാസം മുന്‍പാ അറിഞ്ഞത്, പൊലീസുകാര് അവനെ ഇടിച്ചുകൊന്നെന്ന്.”

“ഇടിച്ചുകൊന്നോ! എന്തിന്?”

അയാൾ ചിരിച്ചു.

“എന്റെ കൊച്ചേ, ഇത്രേം ആക്റ്റിങ്ങിന്റെ ആവശ്യം ഇപ്പോ ഇവിടെയില്ല. ബസവപ്പ എന്തായിരുന്നു, എങ്ങനായിരുന്നു എന്നൊക്കെ അത്യാവശ്യം നിനക്കറിയാമെന്ന് എനിക്കറിയാം. അല്ലെങ്കില് അവനെ തിരക്കി നീ ഈ ദാസറഹള്ളീല് വരത്തില്ലല്ലോ! വരുമോ?”

അയാൾ പത്രം മടക്കി ബെഞ്ചിൽ വച്ചിട്ടു ബീഡി കത്തിച്ചു.

തരണിക്കു തിരിച്ചൊന്നും പറയാൻ തോന്നിയില്ല. പറഞ്ഞിട്ടിപ്പോ എന്തു കാര്യം? ബസവപ്പ എന്ന വഴി അടഞ്ഞിരിക്കുന്നു. അപ്പോൾ, അമ്മയിലേക്ക് ഇനിയെങ്ങനെ എത്തും? അവൾ ആലോചിക്കാൻ തുടങ്ങി. ചിന്തകൾ പക്ഷേ, അവിടെ നിന്നില്ല... അന്നത്തെ ആ രാത്രിയിൽ അപ്പാവും ബസവപ്പയും കൂടി അമ്മയെ എങ്ങോട്ടാവും കൊണ്ടുപോയത്? അമ്മയ്ക്ക് അന്ന് എന്താവും സംഭവിച്ചിരിക്കുക?

ആ രാത്രിയെ അമ്മ അതിജീവിച്ചുകാണില്ലെന്നൊരു തോന്നൽ അപ്പോൾ ഓടിക്കയറിവന്ന് അവളെ അമർത്തിപ്പിടിച്ചു. താടിക്കാരൻ അവളെത്തന്നെ ശ്രദ്ധിച്ചിരിക്കുകയായിരുന്നു. അവളുടെ മുഖത്തെ അനക്കങ്ങൾ കണ്ടതും അയാൾ ബെഞ്ചിൽനിന്ന് എണീറ്റു.

“ബസവപ്പയെ കാണാൻ പറ്റുകേലെന്നു വിചാരിച്ച് നീ വിഷമിക്കുവൊന്നും വേണ്ട. അവനില്ലെങ്കിലും ഞങ്ങളൊക്കെ ഉണ്ടല്ലോ.”

തീപ്പെട്ടി അയാൾ ഉടുപ്പിന്റെ കൈമടക്കിനകത്തേക്കു കയറ്റി.

“നോക്ക്. ഈ 4ചിക്കപ്പയ്ക്കു വേണ്ടപ്പെട്ടയൊരു പാർട്ടിയൊണ്ട്. മടിവാളയിൽ. അവർക്ക് അവിടെ ചെല എടപാടുകാരൊക്കെയുണ്ട്. ഡീസന്റ് കക്ഷികളാ. താല്പര്യമൊണ്ടെങ്കി നീ എന്റെ കൂടെ അങ്ങോട്ട് പോര്. ബസവപ്പേടെ പന്നിക്കൂട് പോലത്തെ സ്ഥലമൊന്നുമല്ലത്. അതൊന്തു ഹൊസ സ്ഥല. യോഗ്യ മനെ! (അതൊരു പുതിയ സ്ഥലം. അന്തസ്സുള്ള വീട്!). നിനക്ക് കറക്റ്റാ. അല്ലേലും നിന്നെപ്പോലെ നല്ല ചോരയുള്ളൊരാളെ ഏതേലുമൊരു ഗുദാമിൽ കൊണ്ടുചെന്നു കേറ്റിയാൽ പോരല്ലോ! ആലോചിക്ക്. എന്നിട്ട് പെട്ടെന്നൊരു തീരുമാനം പറ.”

ദൂരെനിന്ന് ആരോ ചൂളമടിച്ചു വിളിച്ചപ്പോൾ ബീഡി ആഞ്ഞുവലിച്ച് അയാൾ തിടുക്കത്തിൽ നടന്നുപോയി. അതിനിടയിൽ ഒന്നു തിരിഞ്ഞു ചായക്കടക്കാരനെ വിളിച്ചു: “യേ നാഗൂ, പാപ്പുഗെ ഒള്ളയ ടീ മാടി കൊഡു. ലൈറ്റ്” (ഡേയ് നാഗൂ, കൊച്ചിനൊരു നല്ല ചായ കൊട്. ലൈറ്റ്).

തരണി വഴികളടഞ്ഞു നിന്നു.

പാലും പഞ്ചസാരയും നല്ലോണം ചേർത്തിളക്കി നാഗു ചായയടിച്ചു. ചുറ്റുമുള്ള എല്ലാ ഫാക്ടറികളും സൈറണടിക്കാൻ തുടങ്ങി. കടയുടെ മുറ്റം പതിയെ കാലിയായി. ഒടുവിൽ തരണി മാത്രം ബാക്കിയായപ്പോൾ ചിരിച്ചുകൊണ്ടു നാഗു വന്നു ചായ നീട്ടി: “കുടി. ആകെയൊന്ന് ഉഷാറാവട്ടെ. കാറുമായിട്ട് അണ്ണനിപ്പോ വരും!”

ഏതൊക്കെയോ മറവുകളിലിരുന്ന് ആരൊക്കെയോ മൂളുന്നതുപോലെ. മൂളിമൂളിയതു ചിരിയാവുന്നു. നീട്ടിനീട്ടിയുള്ള ചിരികൾ! ചിരിയുടെ സൈറണുകൾ! തരണി ചായയൊന്നു മൊത്തി. ചുണ്ടിൽ സിമന്റ് ചുവച്ചു. ഒന്നുകൂടി മൊത്തി. ഗ്രീസും പെയിന്റും ചുവച്ചു.

നീട്ടിത്തന്നെ ഹോണടിച്ച് റോഡിന്റെ അങ്ങേയറ്റത്ത് ഒരു കാർ പ്രത്യക്ഷപ്പെട്ടു. തരണിയിലേക്കുള്ള ദൂരം അത് അതിവേഗം കുറയ്ക്കാൻ തുടങ്ങി.

ഹുഡുഗീ, ഹുഡുഗീ... ന്ന് ചൂളംവിളിച്ചുകൊണ്ടൊരു ചുഴലിക്കാറ്റ്, ദാസറഹള്ളിയിലെ പൂഴിമണ്ണിന്റെ കൂനകളെ പാവാടയുരിഞ്ഞു തിരിച്ചും മറിച്ചും കിടത്തിക്കൊണ്ടിരുന്നു.

ചിത്രീകരണം/സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം/സചീന്ദ്രന്‍ കാറഡുക്ക

ചില്ലുഗ്ലാസ് താഴെയിട്ട്, തരണി ഊടുവഴികളിലൂടെ ഓടി...

ഗ്രാമത്തിൽ തരണി മടങ്ങിയെത്തിയപ്പോൾ വിളക്കുകൾ മിക്കതും അണഞ്ഞുകഴിഞ്ഞിരുന്നു. എന്നാൽ, ശ്രീനിവാസയുടെ വീടിനു മുന്നിൽ അപ്പോഴും ഒരെണ്ണം കത്തുന്നുണ്ട്. പരുത്തിക്കൊമ്പിൽ തൂങ്ങിക്കിടന്ന വെളുത്ത ഷെയ്ഡുള്ള ആ ലൈറ്റ്, കാറ്റിൽ ആടുകയും അടുത്തുള്ള സകല മരങ്ങളുടേയും നിഴലുകളെ അതിവേഗം മുന്നോട്ടും പിന്നോട്ടും ഓടിക്കുകയും ചെയ്യുന്നു. നോക്കിനിൽക്കവെ തരണിക്കു തോന്നി, ഓടുന്നത് നിഴലുകളല്ല; അമ്മയാണ്. ഇരുട്ടിലൂടെ അമ്മ പാഞ്ഞുവരികയാണ്. “നനഗെ നന്ന മഗളെ കൊടൂ...”ന്ന് നിലവിളിച്ച് വീടിനു ചുറ്റും ഓടുകയാണ്. 5എല്ലെല്ലി നോഡിദാരല്ലി...! എവിടെ നോക്കിയാലും അതുതന്നെ. അമ്മ തന്നെ! അമ്മ തന്നെ!

തരണി തളർന്നു കളപ്പുരയുടെ ചുവരിൽ ചാരിയിരുന്നു. ആറേകാലടി പൊക്കവും എൺപത്തഞ്ചു കിലോ തൂക്കവും നെഞ്ചാകെ വെളുത്ത രോമങ്ങളുമുള്ള ഒരാളെ വീട്ടിൽനിന്നു ചതുപ്പു വരെയുള്ള ദൂരമത്രയും ഒറ്റയ്ക്കു വലിച്ചുകൊണ്ടു പോകേണ്ടത് എങ്ങനെയെന്നു കണക്കുകൂട്ടുകയായിരുന്നു തരണിപോലുമറിയാതെ അവളുടെ മനസ്സപ്പോൾ. അങ്ങനെയിരുന്നങ്ങുറങ്ങിപ്പോയി.

ചെത്തിയൊരുക്കിയ കമുകിന്റെ അലക് ഊക്കോടെ പുറത്തുവന്നു വീണപ്പോഴാണ് അവൾ തുള്ളിക്കൊണ്ടുണർന്നത്. അടുത്ത പ്രഹരം മുറ്റത്തെ മണ്ണിലേക്കവളെ മലർത്തിയിട്ടു. അലകിന്റെയറ്റത്തെ ആരുകൾ അവളുടെ തുടയിൽ ചോരയുടെ ചെറുചാലുകൾ കീറി.

തരണി ഓടി വീട്ടിൽ കയറി. പിന്നാലെ ചെന്ന ശ്രീനിവാസയ്ക്ക് എത്ര തിരഞ്ഞിട്ടും അവളെ കണ്ടെത്താനായില്ല. അയാൾ തിരികെ കളപ്പുരയിലേക്കു പോകുന്ന നേരം വീടിനുള്ളിൽ വലിയൊരൊച്ച കേട്ടു. അണച്ചുചെന്ന ശ്രീനിവാസ കണ്ടത്, പീഠത്തിൽനിന്നടർന്നു മൂർത്തി തറയിൽ വീണുകിടക്കുന്നതാണ്. കുലച്ചുപിടിച്ചിരുന്ന വില്ല് തെറിച്ചുപോയിരിക്കുന്നു. മുറിഞ്ഞ കൈത്തണ്ടയിൽ പൊത്തിപ്പിടിച്ചു മുറിയുടെ കോണിൽനിന്നു തരണി എഴുന്നേറ്റുവരുന്നുണ്ട്. അലർച്ചയോടെ കുനിഞ്ഞ ശ്രീനിവാസ, മൂർത്തിയെ പൊക്കിയെടുത്തു. ആരും എടുക്കാതെ തനിയെ എഴുന്നേറ്റ തരണി പുറത്തേക്കോടി. അടുത്ത നിമിഷം അലകുമായി ശ്രീനിവാസയും അവൾക്കു പിന്നാലെ പായുകയായി. ചതുപ്പിനെ ഒരുവട്ടം ചുറ്റിക്കഴിഞ്ഞിട്ടും അയാൾ വിടാതെ പുറകെയുണ്ടെന്നു കണ്ടപ്പോൾ രക്ഷപ്പെടാനായി തരണി ദിശ മാറ്റി. പുലർന്നുവരുന്ന തോട്ടത്തിലെ മരങ്ങൾക്കിടയിലൂടെയായി പിന്നത്തെ ഓട്ടം. തോട് കടന്ന്, തോട്ടം കടന്ന്, മരങ്ങൾ കടന്ന്, മൺപാത കടന്ന് അവൾ മറഞ്ഞു. പാതയുടെ പാതിവരെ ചെന്ന് ശ്രീനിവാസ ഓട്ടം അവസാനിപ്പിച്ചു.

“പോ നാശമേ പോ...”

പൊട്ടിക്കീറിയ അലക് അയാൾ തരണി പോയ ദിക്കിലേക്കെറിഞ്ഞു.

തിരികെ വീട്ടിലെത്തിയതും വൃത്താകൃതിയിലുള്ള പീഠം ചുമലിലെടുത്തുകൊണ്ടുവന്നു ശ്രീനിവാസ മുറ്റത്തു വെച്ചു. ഏറെനേരം പണിപ്പെടേണ്ടി വന്നു, കഴുകി ശുദ്ധിവരുത്തി മൂർത്തിയെ തിരികെ അതിൽ ഉറപ്പിക്കാൻ. അമ്പും വില്ലും വീണ്ടും മൂർത്തിയുടെ വിരലുകൾക്കിടയിൽ പിടിപ്പിച്ചു കഴിഞ്ഞാണ് ശ്രീനിവാസയൊന്നു നിവർന്നത്. ആളുകളൊഴിഞ്ഞുപോയ വീട് അപ്പോൾ അതീവഭാരത്തോടെ ശ്രീനിവാസയെ നോക്കി. കറുത്ത കല്ലിൽ കൊത്തിയ ഉടലും കുലച്ചുപിടിച്ച വില്ലും, പൊടിച്ചുവരുന്ന വെയിലിൽ തിളങ്ങുന്ന കാഴ്ച ഉന്മാദത്തോടെ നോക്കിനിൽക്കുകയായിരുന്നു അയാൾ. എല്ലായിടത്തും അതു മാത്രം! ആ കാഴ്ച മാത്രം!

മറ്റൊന്നും ശ്രീനിവാസ കണ്ടില്ല.

  • അടിക്കുറിപ്പുകൾ :

  • * ഹുഡുഗി എന്നാൽ കന്നഡയിൽ പെൺകുട്ടി എന്ന് അർത്ഥം.

  • 1 ’അല്ലി നോഡലു രാമ...’ - കർണാടക സംഗീതത്തിന്റെ പിതാമഹൻ എന്നറിയപ്പെടുന്ന പുരന്ദരദാസന്റെ (1484-1564) കീർത്തനം.

  • 2 ഹലസിനമര - പ്ലാവ്.

  • 3 ചിക്കമ്മ - അമ്മായി.

  • 4 ചിക്കപ്പ - അമ്മാവൻ.

  • 5 എല്ലെല്ലി നോഡിദാരല്ലി... - എവിടെ നോക്കിയാലും അവിടെയെല്ലാം...

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com