

റായക്കോട്ടെയിലെ പാറകൾക്ക് രൂപമാറ്റം വരുന്നുണ്ടെന്ന വാർത്ത സാവകാശമാണ് ജനങ്ങൾക്കിടയിൽ പ്രചരിച്ചു തുടങ്ങിയത്. കേട്ടവർക്കൊന്നും പെട്ടെന്നത് വിശ്വസിക്കാനായില്ല. പ്രത്യേകിച്ചും യുക്തിബോധത്തോടെ ചിന്തിക്കുന്ന യുവാക്കൾക്ക്. എന്നാൽ, പ്രായമായിരിക്കുന്നവരും അല്ലെങ്കിൽ അന്ധമായ പല വിശ്വാസങ്ങളേയും ഭീതിയോടെ പിന്തുടരുന്നവരും ഈ വാർത്തയെ ഭയാശങ്കകളോടെ എതിരേറ്റു.
റായക്കോട്ടെയുടെ നാലുചുറ്റുമുള്ള അതിർത്തികളിൽ ചെറിയ ചെറിയ പാറകളും കല്ലുകളുമാണ് ഇന്നുള്ളത്. ചുണ്ണാ മ്പിന്റെ നിറമാണ് അവയ്ക്ക്. എന്നാൽ, ഉള്ളിലേക്ക് ചെല്ലുന്തോറും പാറകളുടെ നിറവും രൂപവും വലുപ്പവും മാറുന്നു. ഏതാണ്ട് ദീർഘവൃത്താകൃതിയുള്ള കൂറ്റൻ പാറകളെ കുറച്ചു
ദിക്കിൽ കാണാം. അതൊരു സംരക്ഷണ ഭിത്തിപോലെയാണ് അനുഭവപ്പെടുക. അവയ്ക്ക് ഇളം തവിട്ടുനിറമോ ചന്ദനനിറമോ ആണ്. അതിനുശേഷമുള്ള ഭാഗത്താണ് റായക്കോട്ടെയിലെ അളക്കാൻ പറ്റാത്ത വലുപ്പമുള്ള പാറകളുള്ളത്. ആ ഭാഗത്തെ പാറകളുടെ നിറം കരിമ്പച്ചയാണെന്നും കരിനീലയാണെന്നും കരിങ്കറുപ്പാണെന്നും വാദങ്ങളുണ്ട്. അവിടേക്കെത്തണമെങ്കിൽ കുറച്ച് കയറ്റം കയറണം. കയറ്റത്തിന്റെ തുടക്കം വരെ പോയിട്ടുണ്ടെന്നാണ് പടിഞ്ഞാറൻ കളത്തിലെ കാലിപ്പിള്ളേരുടേയും ഫാൽഗുനിയെന്ന വൃദ്ധയുടേയും അവകാശവാദം.
സൂര്യൻ പടിഞ്ഞാറ് ദിശയിലേക്കെത്തിയാലോ ഇരുട്ടിക്കഴിഞ്ഞാലോ പിന്നെ റായക്കോട്ടെയിലെ പടുകൂറ്റൻ പാറകളുടെ നിഴലുകൾ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കിക്കളയും. അതിനാൽ ആട് മേയ്ക്കുന്ന പിള്ളേർപോലും റായക്കോട്ടെയുടെ അതിർത്തി കടന്ന് അധികം ഉള്ളിലേക്ക് പോയിട്ടില്ല. വിമാനങ്ങൾക്ക് താഴ്ന്നുപറക്കാൻ അനുവാദമില്ലാത്ത ഇടമെന്നും വിമാനപാതയില്ലാത്ത അന്തരീക്ഷമെന്നും റായക്കോട്ടെയെ മനസ്സിലാക്കാം. മുകളിലേക്ക് മുകളിലേക്ക് കൂർത്തുനിൽക്കുന്ന പാറകളുടെ തുഞ്ചങ്ങൾ മാത്രമേ പടിഞ്ഞാറൻ കളത്തിലെ ജനങ്ങൾപോലും കണ്ടിട്ടുള്ളൂ. പാറകളെ നോക്കി കൈകൂപ്പി തൊഴുതശേഷം പ്രദേശവാസികൾ അവരുടെ പ്രഭാതങ്ങൾ ആരംഭിക്കുന്നു.
റായക്കോട്ടയുടെ ഗതകാലം
പണ്ടുപണ്ട് ആദിമവാസികൾപോലും കടന്നുചെല്ലാതെ കിടന്ന പ്രദേശമാണ് റായക്കോട്ടെ. അന്ന് വന്മരങ്ങളാൽ നിബിഡമായിരുന്നു അവിടം. അതിനാൽ പാറകളുടെ ബാഹുല്യത്തേയോ ഉയരത്തേയോ നാട്ടുകാരോ മറ്റാളുകളോ മനസ്സിലാക്കിയിരുന്നില്ല. കാലാ ന്തരത്തിൽ ഹെക്ടറുകളോളം പരന്നുകിടന്ന പ്രദേശത്തെ വന്മരങ്ങൾ കടപുഴകി. അതിനു കാരണം നൂറ്റാണ്ടുകൾക്കു മുന്‍പ് അവിടെ സംഭവിച്ച കൊടുംവരൾച്ചയാണെന്ന് കരുതപ്പെടുന്നു. വരൾച്ചയ്ക്കു ശേഷം തെളിഞ്ഞുകാണപ്പെട്ടതാണ് നഗ്നമായ പാറകളുടെ വമ്പൻ കൂട്ടങ്ങൾ. വീണ്ടും കാലങ്ങൾ കഴിഞ്ഞാണ് നാടോടികളോ ആദിമവാസികളോ ആയ മനുഷ്യർ അവിടേക്കെത്തിയതെന്നു വിശ്വസിക്കപ്പെടുന്നു. ഇന്നു കാണുന്ന പടിഞ്ഞാറൻ കളമെന്ന ഗ്രാമത്തിലെ മനുഷ്യരുടെ പൂർവ്വികർ അവരാവാം.
പിന്നീട് അവിടം ഭരിച്ച നാട്ടുരാജാവ് തന്റെ പ്രവിശ്യയിലേക്ക് റായക്കോട്ടെയെക്കൂടി ചേർത്തെങ്കിലും റായക്കോട്ടെയുടെ ഉൾഭാഗങ്ങളിലേക്കും ഉയരങ്ങളിലേക്കും പ്രവേശിക്കാനോ വേട്ടയ്ക്കോ വിനോദങ്ങൾക്കോ പോകാനോ സാധിക്കാതെ ബുദ്ധിമുട്ടിയെന്നാണ് വാമൊഴി. ചെറുതും വലുതുമായ പാറകൾ വഴിതെറ്റിക്കുമായിരുന്നത്രേ. അതിനുകാരണമായി നാട്ടുകാർ പറയുന്ന മിത്തുണ്ട്. അതുകൂടിയൊന്ന് പരിശോധിക്കാം.
ലോകാരംഭകാലത്ത് റായക്കോട്ടെയിൽ വിഹരിച്ചിരുന്ന പേയും പിശാചുക്കളുമാണത്രേ അവിടുത്തെ വന്മരങ്ങളെ കടപുഴക്കി തീയിലിടുകയും മണ്ണിനടിയിൽനിന്നും കൂറ്റൻ പാറകളെ മാന്തിയെടുക്കുകയും ചെയ്തത്. ആ പേയുകളേയും പിശാചുക്കളേയും റായക്കോട്ടെയുടെ ഉൾഭാഗങ്ങളിലേക്ക് ആരോ പറഞ്ഞയച്ചിട്ടുണ്ട്. എന്നുമാത്രവുമല്ല, അവർ പുറത്തേക്കു വരാതിരിക്കാനായി മുട്ടയുടെ വലുപ്പമുള്ള കൂറ്റൻ കല്ലുകൾ അതിരുകളായി പെറുക്കിവയ്ക്കുകയും ചെയ്തു. ഇതിനൊന്നും യുക്തിയുടേയോ ബുദ്ധിയുടേയോ യാതൊരു പിന്തു ണയുമില്ല. ദേശത്തെ സംബ ന്ധിച്ച മിത്തെന്ന നിലയിൽ ചിലരതിനെ ഉദാഹരിക്കുന്നുണ്ടെന്നു മാത്രം.
റായക്കോട്ടെയുടെ ഭൂമിശാസ്ത്രം
ഭൂമിയെപ്പറ്റി പഠിച്ച വ്യക്തികളുടെ കണ്ടെത്തലുകളനുസരിച്ച് പ്രത്യേകതരം മണ്ണും പാറകളുമുള്ള ഏറെ വിചിത്രമെന്നു പറയാവുന്ന ഒരിടമാണ് റായക്കോട്ടെ. സാധാരണ കണ്ടുവരുന്നതരം മരങ്ങളോ പുല്ലുകളോ അവിടെയില്ല. ദേഹത്ത് നിറയെ മുള്ളുകളുള്ള ഉയരം കുറഞ്ഞ് പടരുന്ന ഒരുതരം മരങ്ങളും ചെടികളുമാണുള്ളത്. ഉത്തരദേശങ്ങളിലെങ്ങോ അതുപോലുള്ള ചെടികളും മരങ്ങളുമുള്ളതായി ഭൗമശാസ്ത്രജ്ഞർ അവകാശപ്പെടുന്നുണ്ടെങ്കിലും റായക്കോട്ടെയ്ക്ക് പുറത്ത് ദക്ഷിണ ദേശത്തെങ്ങും അവയില്ലെന്ന് ഉറപ്പിക്കുന്നു.
റായക്കോട്ടെയുടെ പ്രത്യേകത വെയിലിന്റേയും നിഴലിന്റേയും ആധിക്യമാണ്. അത് പാറകളുടെ ആകൃതിയാലും വലുപ്പത്തിനാലും സംഭവിക്കുന്നു. ഉദയസൂര്യൻ കയറിവരുമ്പോൾ റായക്കോട്ടെയ്ക്ക് പടിഞ്ഞാറേക്കുള്ള പ്രദേശങ്ങളെല്ലാം തണുത്ത നിഴലാൽ മൂടിക്കിടക്കും. ഏതാണ്ട് ഉച്ചയാവണം ആ പ്രദേശങ്ങളിൽ ചൂടുള്ള വെയിലെത്താൻ. വൈകുന്നേരം സൂര്യൻ മറയുന്നതിനുമുന്‍പേ കിഴക്കോട്ടുള്ള പ്രദേശം മുഴുവൻ നിഴലിലാവും. പകൽ മുഴുവൻ കിഴക്കും പടിഞ്ഞാറും അരണ്ട വെളിച്ചമുണ്ടാകും. പക്ഷേ, വെയിലോ ചൂടോ ഉണ്ടാകില്ല. അതിനാൽ റായക്കോട്ടെയ്ക്ക് പടിഞ്ഞാറ് സമൃദ്ധമായ കൃഷിഭൂമിയും കൃഷിചെയ്തു ജീവിക്കുന്ന രണ്ടു മൂന്ന് ഗ്രാമങ്ങളുമാണുള്ളത്. എന്നാൽ, റായക്കോട്ടെയ്ക്ക് കിഴക്ക് വിജനമായ വെളിമ്പറമ്പും നേരത്തെ പറഞ്ഞതരം മുള്ളു ചെടികളുമാണുള്ളത്.
കിഴക്കൻ ഭാഗങ്ങളിൽ മനുഷ്യസ്പർശമുണ്ടായിട്ടില്ല. അവിടുത്തെ വെളിമ്പറമ്പിൽ കാട്ടുകള്ളന്മാരോ ഇടയന്മാരോ പോലും കടന്നുചെല്ലാറുമില്ല. അങ്ങോട്ടുചെന്നാൽ ഇരുട്ടുന്നതിനു മുന്‍പ് പുറത്തുകടക്കാൻ ഒരുകാരണവശാലും സാധിക്കുകയില്ല എന്നതുറപ്പാണ്.
റായക്കോട്ടെയെക്കുറിച്ച് ഫാൽഗുനിയുടെ പുരാണം
ഫാൽഗുനിയുടെ വെളിപ്പെടുത്തലുകളും കണ്ടെത്തലുകളും സംഭവിക്കുന്നത് പതിറ്റാണ്ടുകൾക്കോ നൂറ്റാണ്ടുകൾക്കോ മുന്‍പായിരിക്കണം. ഒക്കെയിന്ന് ചെവി മാറിയെത്തിയിട്ടുള്ള കഥകളാണല്ലോ.
പടിഞ്ഞാറൻ കളത്തിലുള്ള ഗ്രാമങ്ങളിലൊന്നിലെ താമസക്കാരിയായിരുന്നു ഫാൽഗുനി. അവൾ വിവാഹിതയായിരുന്നില്ല. വ്യഭിചാരിണിയുമായിരുന്നില്ല. സഹോദരങ്ങളില്ലാത്തതിനാൽ മാതാപിതാക്കൾ മരിച്ചതോടെ ആടുകളേയും വളർത്തി തനിയെ ജീവിച്ചുവരികയായിരുന്നു. അവളാരോടും കാര്യമായി സംസാരിക്കാറുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വക്കാണത്തിനു പോകാതേയും ആരെയും അടുപ്പിക്കാതേയും തൻകാര്യം നോക്കി ജീവിക്കുന്ന ഏകയായ സാധു പെൺകുട്ടിയെന്ന പരിഗണനയോടെയാണ് ഗ്രാമീണർ ഫാൽഗുനിയെ കണ്ടിരുന്നത്. അവൾ കയ്യിലൊരു ചോറ്റുപാത്രത്തിൽ രണ്ടുനേരം കഴിക്കാനുള്ള പൊങ്കലും പച്ചമുളകും കരിമ്പിൻ തണ്ടുമായി റായക്കോട്ടെയിലേക്ക് പോകും. കൂട്ടത്തിൽ അവളുടെ ആടുകളുമുണ്ടാകും. വൈകുന്നേരമേ അവൾ തിരിച്ചെത്തൂ.
റായക്കോട്ടെയെ സംബ ന്ധിച്ച് കുറേ കഥകൾ പുറത്തേക്കെത്തിച്ചത് ഫാൽഗുനിയാണ്. വൈകുന്നേരങ്ങളിൽ ആടുകളുമായി തിരിച്ചെത്തിക്കഴിഞ്ഞാൽ അയൽപക്കത്തുള്ള മനുഷ്യരോട് ഫാൽഗുനി താൻ കണ്ട ചില അതിശയകഥകൾ പങ്കുവയ്ക്കും. പിന്നെപ്പിന്നെ അവൾ സന്ധ്യയ്ക്ക് വരുന്നതു കാത്തി രിക്കുന്ന ഒരുപറ്റം മനുഷ്യർ തന്നെ അവിടെയുണ്ടായത്രേ.
ഫാൽഗുനി പറയുന്നതനുസരിച്ച് റായക്കോട്ടെ എന്നത് പണ്ടുപണ്ട് ജീവിച്ചിരുന്ന രാജാവിന്റെ രാജ്യമാണ്. പക്ഷേ, അയാളുടെ കൊട്ടാരവും കുടുംബാംഗങ്ങളും റായക്കോട്ടെയിലായിരുന്നില്ല. നായാട്ടിനോ മറ്റോ വന്നപ്പോൾ റായക്കോട്ടെ സന്ദർശിക്കുകയും അവിടം ഇഷ്ടപ്പെടുകയും പിന്നീട് തന്റെ തലസ്ഥാനവും കൊട്ടാരവും അവിടേക്ക് മാറ്റാൻ ആലോചിക്കുകയും ചെയ്തു. അങ്ങനെ വർഷത്തിലെ ഏറിയ മാസങ്ങളും രാജാവ് റായക്കോട്ടെയിലെ സന്ദർശകനായതോടെ രാജ്യഭരണത്തിനു തക്കം പാർത്തിരുന്നവർ രാജ്യവും കൊട്ടാരവും പിടിച്ചടക്കുകയും രാജാവിനെ റായക്കോട്ടയ്ക്കുള്ളിൽ തടവിലാക്കുകയും ചെയ്തു. തടവിലാണെങ്കിലും കാലമേറെ സംതൃപ്തിയോടെ രാജാവ് അവിടെ കഴിഞ്ഞു. അന്ത്യനാളുകളായപ്പോൾ രാജാവ് മരണപ്പെടുകയോ സമാധിയാകുകയോ ചെയ്തില്ല. പകരം രൂപം മാറുകയാണുണ്ടായത്. അങ്ങനെയാണ് റായക്കോട്ടെയിലെ ആദ്യത്തെ പാറ സംഭവിച്ചതെന്ന് ഫാൽഗുനി ഗ്രാമീണരോട് പറഞ്ഞു.
നിങ്ങൾക്കറിയാം, ശാസ്ത്രീ യമായ സ്ഥിരീകരണമോ പരീക്ഷണ നിരീക്ഷണങ്ങളുടെ പിൻബലമോ ഇല്ലാത്ത കേൾവി മാത്രമാണിതെന്ന്. എന്നാൽ, ഫാൽഗുനി തറപ്പിച്ചു പറഞ്ഞത് ഒരിക്കൽ താനയാളെ മനുഷ്യരൂപത്തിൽ കണ്ടിട്ടുണ്ടെന്നാണ്. അതു കേട്ടപാടെ ഗ്രാമീണർ ഒന്നടങ്കം വിറച്ചുപോയി. നാട്ടിലെക്കാളും തികഞ്ഞ സ്വാതന്ത്ര്യവും സുരക്ഷിതത്വവും തനിക്കു കിട്ടിയിരുന്നത് റായക്കോട്ടെയിലെ പാറ കൾക്കുള്ളിലായിരുന്നെന്നും അതിനാൽ യഥേഷ്ടം അലഞ്ഞുനടന്നിട്ടുണ്ടെന്നും അങ്ങനെയാണ് വേഷം മാറി ഇന്നുമവിടെ മനുഷ്യരൂപത്തിൽ ജീവിക്കുന്ന രാജാവിനെ കണ്ടതെന്നും ഫാൽഗുനി തറപ്പിച്ചു പറഞ്ഞു. ആരോരുമില്ലാത്ത ഫാൽഗുനി വല്ലപാടും സന്തോഷം കണ്ടെത്തിക്കോട്ടെ എന്നൊരു മനോഭാവം അതിനെത്തുടർന്ന് അന്നാട്ടുകാർക്കുണ്ടായി. അതുകൊണ്ട് ഫാൽഗുനി പറയുന്നതിലെ നുണയും സത്യവും തിരയേണ്ടതില്ലെന്നും അവർ തീർച്ചയാക്കി.
താൻ പറയുന്നത് ആളുകൾ വിശ്വസിച്ചില്ലെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കിലും ഫാൽഗുനി കഥ പറച്ചിൽ അവസാനിപ്പിച്ചതേയില്ല. നാടകമോ നൃത്തമോ പോലുള്ള കലാപരിപാടികളൊന്നും പ്രചാരത്തിലില്ലാത്ത നാടായിരുന്നതിനാൽ പകലത്തെ അധ്വാനം കഴിഞ്ഞുവരുന്ന ഗ്രാമീണർ ഉറക്കം വരുന്നതുവരെ ഫാൽഗുനി പറയുന്നതെന്തായാലും അതു കേൾക്കാൻ തയ്യാറായി. റായക്കോട്ടെയിലെ പടുകൂറ്റൻ പാറകൾ പശ്ചാത്തലത്തിൽ കാണാവുന്നവിധത്തിൽ ഗ്രാമീണർ കൽത്തറയുണ്ടാക്കി. ഫാൽഗുനിയോട് അതിലിരുന്നു കഥ പറയാനാവശ്യപ്പെട്ടു.
ഒരു ദിവസം അവൾ പറഞ്ഞത്, റായക്കോട്ടെയിൽ ചെന്നപ്പോൾ ശിലാരൂപികളായ മനുഷ്യരെ താൻ കണ്ടെന്നാണ്. അവർ അങ്ങിങ്ങായി അനങ്ങാതെ നിൽക്കുകയായിരുന്നത്രേ. ആടുകൾക്ക് കയറിപ്പോകാൻ പാറകൾ ചരിഞ്ഞുകൊടുത്തെന്നും പറഞ്ഞു. കുത്തനെയുള്ള ഏതു പ്രതല ത്തിലും കയറിപ്പോകാൻ കഴിയുന്ന ആടുകൾക്കായി പാറകൾ ചരിഞ്ഞുകൊടുക്കേണ്ട കാര്യമില്ലെങ്കിലും അവയുടെ കനിവാണ് തനിക്കതിലൂടെ മനസ്സിലാക്കാൻ കഴിയുന്നതെന്നും അതെല്ലാം സൂചിപ്പിക്കുന്നത് പാറകൾക്ക് മനസ്സുണ്ടെന്നാണെന്നും ഫാൽഗുനി വിവരിച്ചു. പഴയ രാജാവാണ് ഓരോ ദിവസവും ഓരോരോ പാറകളായി സ്ഥാനം മാറി രസിക്കുന്നതെന്നും ആദ്യമായി കണ്ടപ്പോൾ ഭയന്നിട്ടുണ്ടെന്നും ഇതൊന്നും റായക്കോട്ടെയിലെ ഉൾവനത്തിലേയോ മലമുകളിലേയോ കാര്യങ്ങളല്ലെന്നും ചുണ്ണാമ്പുപാറകളും ചുവന്ന മണ്ണുമുള്ള റായക്കോട്ടെ സമതലത്തിലെ കാര്യങ്ങളാണെന്നും ഫാൽഗുനി തറപ്പിച്ചു പറഞ്ഞു.
ആദ്യമൊക്കെ വിനോദമെന്ന നിലയിലും കൗമാരക്കാരിയുടെ വായാടിത്തമെന്ന നിലയിലും ഗ്രാമീണർ കേട്ടിരുന്നെങ്കിലും വർഷങ്ങൾ പിന്നിട്ടപ്പോൾ ഭയപ്പാടോടെ അവളെ നോക്കിക്കാണുകയും ഫാൽഗുനിയെത്തന്നെ സംശയിക്കാൻ തുടങ്ങുകയും ചെയ്തു. കൗമാരത്തിലും യൗവ്വനത്തിലും മദ്ധ്യവയസ്സിലുമെല്ലാം ആട് മേയ്ക്കുന്ന ജോലിയായിരുന്നു ഫാൽഗുനിക്ക്. കഥ പറയുന്ന ഭൂതമാണ് ഫാൽഗുനിയെന്ന് പടിഞ്ഞാറെ കളത്തിലെ ഗ്രാമീണർ സംശയമില്ലാതെ വിശ്വസിച്ചതോടെ അവിടുത്തെ ജനജീവിതവും സ്തംഭിച്ചു. വൃദ്ധയായ ഫാൽഗുനി അതിനുശേഷം ഗ്രാമത്തിലേക്ക് വരുന്നത് കുറയ്ക്കുകയും മിക്കവാറും റായക്കോട്ടെയുടെ പുറംഭാഗങ്ങളിൽ തങ്ങുകയും ചെയ്തു. അവളെ സംബന്ധിച്ച് രണ്ടും ഒരുപോലെയായിരുന്നെന്ന് വേണം കരുതാൻ.
വിദേശ ഭരണകാലത്തെ റായക്കോട്ടെ
വിദേശ ഭരണകാലത്താണ് റായക്കോട്ടെയുടെ അരികുപറ്റി റെയിൽപ്പാത വന്നത്. ചുണ്ണാമ്പ് നിറമുള്ള കൽക്കൂട്ടങ്ങളെ തോണ്ടിമാറ്റിയും പൊട്ടിച്ചുമാറ്റിയും നിരന്ന പ്രദേശമാണെങ്കിലും ഒന്നുകൂടി മണ്ണ് തട്ടിനിരത്തി ക്രമപ്പെടുത്തിയും മുള്ളുള്ള ചെടികൾ മുറിച്ചുകളഞ്ഞും അവിടെ പാത പണിതു. ആ ജോലി ചെറിയ മട്ടിൽ റായക്കോട്ടെയെ ഒന്നു കീറിപ്പിളർത്തി എന്നു പറയാം. പടിഞ്ഞാറൻ കളത്തിന്റെ ഭാഗമാണ് റെയിൽപ്പാത പോകുന്നതിനായി തെരഞ്ഞെടുത്തത്. പാത പൂർത്തിയായതോടെ റായക്കോട്ടെയുടെ ചെറിയൊരു ഭാഗം മുറിഞ്ഞ് പടിഞ്ഞാറൻ കളത്തിനോട് ചേർന്ന് രൂപപ്പെട്ടു. താരതമ്യേന നിരുപദ്രവകരമായ ഭാഗമായിരുന്നു അത്. മുന്‍പു പറഞ്ഞതുപോലെ ചുണ്ണാമ്പുനിറമുള്ള കൊച്ചു കൊച്ചു പാറകളും കല്ലുകളും കള്ളിച്ചെടികളും മാത്രമുള്ള ഒരിടനാഴി.
ആദ്യകാലത്ത് അതിലെ ഓടിയത് ഒരു തീവണ്ടി മാത്രമായിരുന്നു. തെക്കോട്ട് പോകുന്ന തീവണ്ടി നാലു ദിവസത്തിനുശേഷം വടക്കോട്ട് തിരിച്ചോടും. യാത്രക്കാരുണ്ടായിരുന്നില്ല. പല ദേശങ്ങളിൽനിന്നും സംഭരിച്ച് പല ദേശങ്ങളിലേക്കയക്കുന്ന ചരക്കുകളാണ് അതിലെന്ന് ഗ്രാമീണർ മനസ്സിലാക്കി. കാലം കടന്നുപോകെ തീവണ്ടികളുടെ എണ്ണം വർദ്ധിച്ചു. യാത്രാവണ്ടികളും അക്കൂട്ടത്തിലുണ്ടായി. പുരോഗതിയുടെ ഈ കാലവേഗങ്ങൾക്കിടയിലെപ്പോഴോ ആണ് കെട്ടുകഥകളോ സത്യകഥകളോയെന്ന് ഉറപ്പില്ലാത്തതരം കഥകൾ ഉല്പാദിപ്പിച്ചു കൊണ്ടിരുന്ന ഫാൽഗുനി മുത്തശ്ശി കാലത്തിൽ മറഞ്ഞതും.
റായക്കോട്ടെയുടെ പരിണാമത്തെപ്പറ്റിയുള്ള നാട്ടുകാരുടെ അഭിപ്രായം
റെയിൽപ്പാതയ്ക്കായി റായക്കോട്ടെയെ തൊട്ടതിന്റെ അരിശം അവിടുത്തെ ഭൂമിക്കുണ്ടെന്നാണ് നാട്ടുകാർ പിന്നീട് വാദിച്ചത്. അതിനു തെളിവായി തുടരെത്തുടരെയുണ്ടായ ഭൂചലനത്തെ അവർ സാക്ഷ്യപ്പെടുത്തുന്നു.
ഭൗമശാസ്ത്രജ്ഞരുടെ നിരീക്ഷണത്തിലും കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ പട്ടികയിലും ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളുടെ കൂട്ടത്തിൽ വരാത്ത ഒരിടമായിരുന്നു അതുവരെ റായക്കോട്ടെ എന്ന വിശാല ദേശം. മഴക്കാലത്ത് സമൃദ്ധമായ മഴയും വേനലിൽ കടുത്ത വരൾച്ചയും ഇടയിലെ തണുപ്പുകാലത്ത് പുകപോലെ നിൽക്കുന്ന കട്ടിമഞ്ഞും കിട്ടുന്ന ഒരിടം. വരൾച്ചയുണ്ടെങ്കിൽപ്പോലും തണുപ്പിലും മഴയിലും വേനലിലും റായക്കോട്ടെയിലെ പാറകൾ നൽകുന്ന സംരക്ഷണത്തിന്റെ തിടം വച്ച നിശ്ശബ്ദത അവിടുത്തെ ജനജീവിതത്തേയും കൃഷിയേയും കാലിവളർത്തലിനേയും സുഗമമാക്കിയിരുന്നു. അങ്ങനെ തലമുറകളുടെ ഓർമ്മയിലില്ലാത്ത ഭൂകമ്പത്തിന് ഒരുകാലത്ത് പ്രദേശം സാക്ഷിയായി. അത് റെയിൽപ്പാത പൂർത്തിയായി ആദ്യത്തെ നാലഞ്ച് വണ്ടികൾ തറ കുലുക്കി ഓടിയതിനു ശേഷമാണ്.
പട്ടാപ്പകലിൽ ഭൂമി മുരളുന്നതുപോലെ തോന്നിയപ്പോഴാണ് പടിഞ്ഞാറൻ ഭാഗത്തുള്ള ഗ്രാമീണർ റായക്കോട്ടെയിലേക്ക് നോക്കി യത്. അത്രയും കാലം ആകാശത്തിനോടുരുമ്മി വൃദ്ധഭാവത്തിൽ നിലകൊണ്ടിരുന്ന പാറക്കെട്ടുകൾക്കെല്ലാം മറ്റൊരു ഭാവം വന്നിട്ടുള്ളതായി ഗ്രാമീണർക്ക് തോന്നിയത്രേ. മുരളൽ ശക്തിയായതിന്റെ പിന്നാലെ റായക്കോട്ടെയുടെ ഉച്ചിയിൽനിന്നും കട്ടിമഞ്ഞനിറമുള്ള പടുകൂറ്റൻ കല്ലുരുണ്ടുവന്ന് റെയിൽപ്പാതയ്ക്ക് സമീപത്തായി തൊട്ടുതൊട്ടില്ല എന്ന മട്ടിൽ നിന്നു. മഞ്ഞനിറമുള്ള പാറ അവരുടെ ആലോചനകളിൽപ്പോലും അതുവരെയില്ലാതിരുന്ന ഒന്നാണ്. മറ്റൊരു കാര്യം അങ്ങനെ ഉരുണ്ടുവന്നു നിന്ന പാറ റെയിലിനെ നശിപ്പിച്ചില്ല എന്നതാണ്. താക്കീത്പോലെയോ ഓർമ്മപ്പെടുത്തൽ പോലെയോ അതങ്ങനെ നിന്നു. ചുവന്ന മൺപരവതാനിക്കു മീതെ ഒരു മഞ്ഞപ്പാറ.
തുടർന്ന് ചരിത്രകാരന്മാരും ഭൗമഗവേഷകരും കാലാവസ്ഥാ വകുപ്പുമടങ്ങുന്ന പലരും രാജ്യത്തിന്റെ പലഭാഗത്തുനിന്നും റായക്കോട്ടെയുടെ താഴ്‌വരയിലെത്തി തമ്പടിച്ചു. അവർക്ക് മഞ്ഞപ്പാറയുടെ പൊരുൾ അറിയണമായിരുന്നു. ആ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രവും സാധ്യതകളും കാരണങ്ങളും അറിയണമായിരുന്നു. അതിനെല്ലാമപ്പുറം മനുഷ്യവിലാപംപോലെ നാട്ടുകാർ കേട്ട റായക്കോട്ടെയുടെ മുരളൽ അല്ലെങ്കിൽ ഉച്ചത്തിലുള്ള നിലവിളിയുടെ സത്യമറിയണമായിരുന്നു.
ഏതാനും മാസങ്ങൾ പഠനസംഘം അവിടെ തങ്ങി. മിക്കവരും റായക്കോട്ടെയുടെ ഉള്ളിൽ പോകാൻ ശ്രമിച്ചു. കഴിഞ്ഞില്ലെന്നു മാത്രം. ആധുനിക വഴികാട്ടികൾ ഉപയോഗിച്ചിട്ടുപോലും പാറകൾ അവരെ തമ്മിൽ തെറ്റിച്ചുകളഞ്ഞു. താഴ്‌വാരം പിന്നിട്ട് കുന്നുപോലെ ഉയർന്നുപോകുന്ന ഭൗമഘടനയാണ് റായക്കോട്ടെയുടെ മധ്യമെന്ന് ഊഹിക്കാൻ സാധിക്കുന്ന കേന്ദ്ര ഭാഗങ്ങൾക്കുള്ളത്. ആ കുന്നിലാണ് കരിമ്പച്ചയും കരിനീലയും നിറമുള്ള പാറകളുണ്ടെന്ന് കരുതപ്പെടുന്നത്. അവിടെയാണ് പഴയകാല വനത്തിന്റെ ഓർമ്മത്തെറ്റുപോലെ വന്മരങ്ങളും കാട്ടുമൃഗങ്ങളും പക്ഷികളുമുള്ളതും.
മഞ്ഞപ്പാറയുടെ നിഗൂഢത തേടി ഉൾപ്രദേശത്തേക്ക് ഗവേഷണത്തിനു ചെല്ലാൻ സാധിക്കാതേയും കരിനീലപ്പാറകളും കരിമ്പച്ചപ്പാറകളും ഉണ്ടോ എന്ന് ഉറപ്പു വരുത്താനാവാതേയും ഗവേഷകർ പിൻവാങ്ങി. അവരുടെ കൂടാരങ്ങൾ അഴിഞ്ഞു മൺപറ്റി. അവരുപയോഗിച്ച പാത്രങ്ങളും കടലാസുകളും മറ്റും താഴ്ന്നുവീശിയ ഉഷ്ണക്കാറ്റിൽ പറന്നു നിലം മാറി. റായക്കോട്ടെ അങ്ങനെ നിന്നു. പിന്നീട് വളരെക്കാലം റായക്കോട്ടെയിലെ പാറകൾക്ക് രൂപമാറ്റമുണ്ടായിട്ടില്ലെന്നാണ് ഗ്രാമീണർ ഊന്നിപ്പറയുന്നത്.
ഇന്നും റെയിൽമാർഗ്ഗം റായക്കോട്ടെയിലൂടെ യാത്ര ചെയ്യുന്നവർക്ക് പാതയുടെ സമീപത്തായി വെയിലും മഴയുമേറ്റ് നിറം മാറാതെ നിൽക്കുന്ന മഞ്ഞപ്പാറയെ കാണാം. വണ്ടി അവിടെ ഒരു കാരണവശാലും നിർത്താത്തതിനാൽ ആർക്കും സെൽഫിയെടുക്കാനോ പാറയോട് ചേർന്നുനിന്ന് ഫോട്ടോയെടുക്കാനോ കഴിയാറില്ലെന്നു മാത്രം. പക്ഷേ, വലിയൊരു മുട്ടപോലെ ഏതാണ്ട് ആറാളുയരത്തിൽ പാതയോട് തൊട്ടു നിൽക്കുന്ന മഞ്ഞപ്പാറയുടെ ചിത്രങ്ങൾ ഇന്ന് സമൂഹമാധ്യമങ്ങളിൽ എമ്പാടുമുണ്ട്.
കുടിയേറ്റ ഭീഷണിയിൽ
റായക്കോട്ടെയുടെ
പരിസരം
റായക്കോട്ടെ ഉൾപ്പെടുന്ന മാവട്ടത്തിന്റെ വിസ്തൃതമായ തരിശുഭൂമികൾ പുറമേനിന്നുവന്ന സമ്പന്നർ സ്വന്തമാക്കി. അവരും റായക്കോട്ടെയെ സ്പർശിച്ചില്ലെങ്കിലും അവരുണ്ടാക്കിയ ചെറുകിട ഫാക്ടറികളിലെ വിഷപ്പുക റായക്കോട്ടെയുടെ മേലാപ്പിനെ ലക്ഷ്യമാക്കിയാണ് നീങ്ങിയിരുന്നത്. കാറ്റിന്റെ ഗതി അങ്ങനെയായിരുന്നതിനാലും മനുഷ്യവാസമുള്ള പ്രദേശത്തക്കല്ല കാറ്റ് നീങ്ങുന്നത് എന്നതിനാലും ഫാക്ടറിയുടമകളും ആശ്വസിച്ചു. പ്രതിഷേധവുമായി റായക്കോട്ടെയുടെ വിജനതയിൽനിന്നും കാട്ടുമനുഷ്യരോ നാട്ടുമനുഷ്യരോ ഇറങ്ങിവരികയില്ലെന്നും അവർ ഊറ്റം പിടിച്ചു. ഫാക്ടറികളുടെ എണ്ണം പെരുകി. പക്ഷേ, എന്തുതരം ഫാക്ടറികളാണതെന്നോ അവിടെ പണിയെടുക്കാൻ തദ്ദേശീയരെ അനുവദിക്കാത്തതെന്തെന്നോ പാവങ്ങളായ ഗ്രാമീണർക്കു മനസ്സിലായില്ല. ദൂരെക്കൂടി വന്നുപോകുന്ന കൂറ്റൻ ലോറികളുടെ നിര അജ്ഞതയുടെ കൗതുകത്താലും നിസ്സംഗതയാലും ഗ്രാമീണർ നോക്കിക്കണ്ടു. എന്നാൽ, ‘റായക്കോട്ടെയിലെ പാറകൾ’ ആ കാഴ്ചയെ അങ്ങനെയല്ല നിരീക്ഷിച്ചതെന്നുവേണം മനസ്സിലാക്കാൻ. അത് വെളിപ്പെടുന്നത് പിന്നെയും കുറേക്കൂടി ഇടപെടലുകൾ സംഭവിച്ചുകഴിഞ്ഞതിനുശേഷമാണ്.
നാളുകൾ കഴിഞ്ഞപ്പോൾ റായക്കോട്ടെയുടെ കിഴക്കൻ സീമകൾക്കപ്പുറം ന്യൂക്ലിയർ പവർ പ്ലാന്റ് പ്രത്യക്ഷപ്പെട്ടു. ആയിരക്കണക്കിന് ഹെക്ടർ തരിശുനിലത്തിന്റെ അപ്പുറത്തെ വിജനതയിൽ ജനവാസ മേഖലയുടെ ഭീഷണിയില്ലാതെ സ്ഥാപിക്കപ്പെട്ട ആണവനിലയത്തിലെ അണുമാലിന്യം ഒഴുകിയെത്തിയത് റായക്കോട്ടെയുടെ അതിരുകളിലേക്കായിരുന്നു. അത് റായക്കോട്ടെയുടെ അടിത്തറയെ കനത്തിൽ സ്പർശിച്ചു. ആ ഭാഗത്തെ മുള്ളുചെടികൾ കരിഞ്ഞുണങ്ങി. അതിലെ പറന്നിരുന്ന പക്ഷികൾ അപ്രത്യക്ഷരായി. റായക്കോട്ടെയുടെ കിഴക്കൻ ഭാഗ ത്തെ മണ്ണിൽ മാലിന്യം അടിഞ്ഞുറഞ്ഞു എന്നാണ് പരിസ്ഥിതിവാദികൾ പഠനം നടത്തി റിപ്പോർട്ട് ചെയ്തത്. അതിന്റെ പൂർണ്ണരൂപം ഇപ്പോഴും ചില വെബ്‌സൈറ്റുകളിലുണ്ട്.
റായക്കോട്ടെയിലത്തിയ സർക്കസ്
അങ്ങനെയിരിക്കെ, അജ്ഞാതമായ ആശങ്കകളും ഉല്‍ക്കണ്ഠകളും പടിഞ്ഞാറൻ കളത്തിലെ ഗ്രാമീണരേയും അവരുടെ മണ്ണിനേയും സാരമായി ബാധിച്ചു തുടങ്ങിയ നാളുകളിൽ അവരെത്തി. ആകാശത്തോളം ഉയരമുള്ള മുഖം ചുളിഞ്ഞ മനുഷ്യനും അതിസുന്ദരിയായ യുവതിയുമായിരുന്നു സന്ദർശകർ. ചുളിഞ്ഞ മുഖമെന്നു പറഞ്ഞാൽ ലോഹത്തിൽ നിർമ്മിച്ച മുഖം തല്ലിച്ചളുക്കിയാൽ എങ്ങനെയിരിക്കുമോ അങ്ങനെയായിരുന്നു പുരുഷന്റെ മുഖം. ഒന്നിൽക്കൂടുതൽ തവണ ആ മുഖത്തേയ്ക്ക് നോക്കാൻ സാധാരണഗതിയിൽ ആർക്കും സാധിക്കില്ലായിരുന്നു.
മുതുകിൽ മാറാപ്പുകളും തോളിൽ കുറച്ച് മുളങ്കോലുകളും ഏറ്റി നഗ്നപാദനായി അയാൾ നടക്കുകയാണ് ചെയ്തത്. സുന്ദരിയായ യുവതിയാകട്ടെ, ചെമ്പൻനിറമുള്ള കഴുതയുടെ മേലെയിരുന്നാണ് വന്നത്. മുഖം മറയ്ക്കുന്ന വിധത്തിൽ സാരി ത്തലപ്പ് ശിരസ്സിൽനിന്നും മുന്നിലേക്ക് ഊർത്തിട്ടിരുന്നു. ലോലമായ സാരിക്കിടയിലൂടെയാണ് അവൾ മുന്നിലെ വഴിയേയും മനുഷ്യരേയും കണ്ടുകൊണ്ടിരുന്നത്. കാലുകളിൽ കട്ടിയുള്ള വെള്ളിത്തണ്ടകളും കൈകളിൽ മുട്ടുവരെ കുപ്പിവളകളും അവൾ ധരിച്ചിരുന്നു. അവളുടെ എട്ടുവിരലുകളിലേയും മോതിരങ്ങളുടെ കല്ലിൽത്തട്ടി പ്രകാശം ചിതറി. ഇരുവരും ആരാണെന്നോ എന്തിനാണ് വന്നതെന്നോ ആർക്കും മനസ്സിലായില്ല.
സർക്കസുകാരിയായിരുന്നു സുന്ദരി. ഗ്രാമീണർക്ക് അതു മനസ്സിലായത് വൈകുന്നേരമായപ്പോൾ അവൾ റായക്കോട്ടെയുടെ പശ്ചാത്തലഭംഗിയിൽ പിണച്ചുകെട്ടിയ മുളങ്കമ്പുകൾക്കു മീതെ വലിച്ചുകെട്ടിയ കയറിലൂടെ തലയിൽ മൂന്നു കുടവും വെച്ച് അങ്ങുമിങ്ങും നടന്നപ്പോഴാണ്. അപ്പോഴാണ് അവൾ മുഖത്തെ ആവരണവും നീക്കിയത്. ചന്ദ്രപ്രഭ ചൊരിയുന്ന വദനകാന്തിയായിരുന്നു സുന്ദരിക്ക്. അതിന്റെ ശോഭയേയോ ചൈതന്യത്തേയോ മഹത്വത്തേയോ പൂർണ്ണമായും വിവരിക്കാൻ ഇതെഴുതുന്ന ആൾക്കുപോലും കഴിയുന്നില്ല.
ആ ഗ്രാമത്തിൽ ആദ്യമായിട്ടായിരുന്നു സർക്കസ് വരുന്നത്. സുന്ദരിയുടെ പേരൊന്നും ആരും ചോദിക്കാൻ നിന്നില്ല. എല്ലാവരുമവളെ സുന്ദരികളിൽ സുന്ദരിയായിട്ടുതന്നെ അംഗീകരിക്കുകയും അങ്ങനെത്തന്നെ അവളെ വിളിക്കുകയും ചെയ്തു. സംസാരം കുറവായ ജീവിതശൈലിയായിരുന്നു അവരുടേതെല്ലാം എന്നതിനാൽ പേരും വിളിയും മിണ്ടലുമെല്ലാം വളരെ അത്യാവശ്യമുള്ള കാര്യങ്ങളായിരുന്നുമില്ല. വിരൂപനായ മനുഷ്യന്റെ പേര് സുന്ദരം എന്നായിരുന്നു. അവൾ അയാളെ സുന്ദരം എന്നു വിളിക്കുന്നതു കേട്ടാണ് നാട്ടുകാർ അക്കാര്യം തിരിച്ചറിഞ്ഞത്.
സുന്ദരം തീരെ സംസാരിക്കാത്ത ഒരാളായിരുന്നു. എല്ലാ ദിവസവും ഒന്നരമണിക്കൂറോളം പലതരം അഭ്യാസങ്ങൾ സുന്ദരവും സുന്ദരിയും കൂടി കാണിക്കും. ഗ്രാമീണർ കാശായിട്ടും ധാന്യങ്ങളായിട്ടും പച്ചക്കറികളായിട്ടും അവർക്ക് സംഭാവനകൾ നൽകും. അതിനുശേഷം അവർ മുളങ്കമ്പുകളും കയറും മറ്റ് സർക്കസ് ഉപകരണങ്ങളും മാറ്റിവെച്ച് കൂടാരത്തിനു പുറത്തിട്ട കട്ടിലിലിരിക്കും. അടുപ്പിൽ ഭക്ഷണം പാകം ചെയ്തിരുന്നതെല്ലാം സുന്ദരമായിരുന്നു. അയാളൊരു അസ്സൽ പാചകക്കാരനും അലക്കുകാരനും മെയ്‌വഴക്കമുള്ള സർക്കസ്സുകാരനുമായിരുന്നു. പാചകം നടക്കുന്ന നേരമത്രയും സുന്ദരി മുഖാവരണമിട്ട് കട്ടിലിലിരിക്കുകയോ ചരിഞ്ഞ് കിടക്കുകയോ ചെയ്യും. സുന്ദരം നിലത്തും സുന്ദരി കൂടാരത്തിനുള്ളിലേക്ക് മാറ്റുന്ന കട്ടിലിലുമായിട്ടായിരുന്നു കിടപ്പെന്ന് നാട്ടിലെ പുരുഷന്മാരും സ്ത്രീകളും ഒന്നുപോലെയുള്ള ഔത്സുക്യത്തോടെ കണ്ടുപിടിച്ചു.
എല്ലാ നാട്ടിലും പതിവുള്ളതുപോലെ ഭാര്യയുണ്ടായിട്ടും സുന്ദരിയെ കണ്ടപ്പോൾ ഇളക്കം തട്ടിപ്പോയ മനസ്സുള്ള ചില പുരുഷന്മാർ രാത്രികളിൽ കൂടാരത്തിനടുത്ത് വട്ടംചുറ്റുകയുണ്ടായി. അങ്ങനെയാണ് ഒന്നുംമിണ്ടാത്ത സുന്ദരം ഒന്നാന്തരം അഭ്യാസി കൂടിയാണെന്ന് നാട്ടിലെ പുരുഷന്മാർക്ക് മനസ്സിലായത്. അഭിമാനക്ഷതം വന്ന പുരുഷന്മാർ പിറ്റേന്ന് കൂടുതൽ ആണുങ്ങളെക്കൂട്ടി സുന്ദരത്തെ തല്ലാൻ ചെന്നിട്ടും രക്ഷയുണ്ടായില്ല. തന്റെ മൂന്നിരട്ടി നീളമുള്ള മുളങ്കമ്പെടുത്ത് തലങ്ങും വിലങ്ങും വീശിനിൽക്കുക മാത്രമേ സുന്ദരം ചെയ്തുള്ളൂ.
ആ സംഭവത്തോടെ ഗ്രാമത്തിലെ പെണ്ണുങ്ങൾക്കു സർക്കസുകാരിയോട് വെറുപ്പാവുകയും അവരോട് ഗ്രാമം വിട്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, സുന്ദരിയും സുന്ദരവും അത് കേട്ടതായി വകവെച്ചില്ല. അതിനകം സർക്കസ്സിൽ മനസ്സ് മയങ്ങിയ വൃദ്ധന്മാരും കുട്ടികളും സുന്ദരിയും സുന്ദരവും പോകരുതെന്ന് നിലപാടെടുക്കുകകൂടി ചെയ്തതോടെ പെണ്ണുങ്ങളടങ്ങി. പകരം അവർ ഭർത്താക്കന്മാരെ സർക്കസ് കാണുന്നതിൽനിന്നും വിലക്കി.
റായക്കോട്ടെയുടെ കിഴക്കൻ പ്രദേശങ്ങളിൽ ഫാക്ടറികളും ആണവനിലയവും വന്നതിനു പിന്നാലെ മനുഷ്യവാസമുള്ള പടിഞ്ഞാറൻ കളത്തിലേക്ക് സർക്കസുകാർ വന്നതെന്തിനെന്ന് ആരുമന്വേഷിച്ചില്ല. അങ്ങനെ ചുഴിഞ്ഞാലോചിച്ച് പ്രവർത്തിക്കാൻ മാത്രമുള്ളവരാരും ഗ്രാമത്തിലുണ്ടായിരുന്നില്ല. റായക്കോട്ടെയിലെ പാറകൾക്ക് ജീവനുണ്ടെന്ന് നമ്മൾപോലും സംശയിച്ചുപോകുന്ന ചില സംഭവങ്ങളുണ്ടായത് അതിനെത്തുടർന്നാണ്.
റായക്കോട്ടെയിലെ പേമഴ
ഇക്കാര്യവും അന്നാട്ടുകാർ ഓർത്തുവയ്ക്കുന്നു. സ്വതേ വരണ്ടു കാണപ്പെടുന്ന റായക്കോട്ടെയുടെ വിസ്തൃതമായ അതിരുകളൊക്കെയും മേഘങ്ങളുടെ നിഴലാൽ പൊടുന്നനെ മറയപ്പെട്ടു. വലിയ കരിമേഘങ്ങൾ റായക്കോട്ടെയ്ക്ക് മേലെ ഉരുണ്ടുകയറി നിലകൊണ്ടു. അനങ്ങാത്ത മേഘങ്ങൾ ഗ്രാമീണരെ ഭയപ്പെടുത്തി. മേഘങ്ങളുടെ ആ നിൽപ്പ് ദിവസങ്ങളോളം തുടർന്നതോടെ പടിഞ്ഞാറൻ ഭാഗത്ത് തീരെയും വെയിൽ കിട്ടാതായി. പകലുകളിൽ പ്രകാശംപോലും കുറഞ്ഞു. നവജാതശിശുക്കൾ പ്രകൃതിയുടെ മാറ്റം മനസ്സിലാവാതെ അസ്വസ്ഥരാവുകയും ഇടവിട്ട് കരയുകയും ചെയ്തു.
പതിവനുസരിച്ച് എന്തെങ്കിലും ഭയാശങ്ക വന്നാൽ ദൂരെയുള്ള പൊലീസ് സ്റ്റേഷനിലാണ് അവർ പരാതി പറയുക. നിശ്ചലരായ മേഘങ്ങളെപ്പറ്റി ആരോട് പരാതി പറയുമെന്ന് അവർക്ക് മനസ്സിലായില്ല. കരയുന്ന കുഞ്ഞുങ്ങളെ സാന്ത്വനിപ്പിക്കാനും സമാധാനിപ്പിക്കാനും ആര്യവേപ്പിന്റെ ശിഖരങ്ങൾ പൊട്ടിച്ച് മഞ്ഞൾവെള്ളത്തിൽ മുക്കി നാട്ടുകാർ കരിങ്കൽ ദേവതകളെ തഴുകിയെങ്കിലും ഫലമുണ്ടായില്ല. മയിൽപ്പീലി കെട്ടിയ കാവടി ഗ്രാമത്തിനു പുറത്തുള്ള കോവിലിന്റെ നടയ്ക്കൽ വെച്ചിട്ടും മേഘങ്ങൾ പിന്മാറിയില്ല.
പുതിയ ചെറുപ്പക്കാരാണ് ഇക്കാര്യം പത്രക്കാരേയോ
ടെലിവിഷൻകാരേയോ അറിയിക്കാമെന്ന് അഭിപ്രായപ്പെട്ടത്. അവരാണ് റായക്കോട്ടെയ്ക്ക് ചുറ്റിനുമുള്ള മാവട്ടങ്ങളിലെ ആളുകളെ വിളിച്ച് അവിടെയൊക്കെ കാർമേഘ സാന്നിദ്ധ്യമുണ്ടോ എന്നാരാഞ്ഞത്. നിരാശപ്പെടുത്തുന്നതായിരുന്നു മറുപടി. ഒരിടത്തും ആ തെളിഞ്ഞ വേനലിൽ കരിമേഘങ്ങളുണ്ടായിരുന്നില്ല. അതോടെ പത്രവാർത്തകൾ പുറപ്പെട്ടു. ടെലിവിഷനുകളിലെ വാർത്താവായനക്കാരികൾ ഇക്കാര്യം വെളിനാട്ടുകാരെ ബോദ്ധ്യപ്പെടുത്തി. അങ്ങനെ പുതിയ മട്ടിലുള്ള സഞ്ചാരികൾ റായക്കോട്ടെയുടെ താഴ്‌വരയിലേക്ക് മേഘങ്ങളെ കാണാൻ പുറപ്പെട്ടു.
വിചിത്രമായ മേഘജാലം കണ്ട് വന്നണഞ്ഞ സഞ്ചാരികൾ സായൂജ്യമടഞ്ഞു. കേട്ടറിഞ്ഞെത്തിയ സിനിമാസംഘം അവിടെ താമസിച്ച് അത്യന്തം അത്ഭുതകരമായ ഈ കാഴ്ചയുടെ പശ്ചാത്തലം അവരുടെ സിനിമയുടെ നിർണ്ണായക ഭാഗത്ത് ഉൾപ്പെടുത്തി. പോരാത്തതിന് സുന്ദരവും സുന്ദരിയും നടത്തിവരുന്ന സർക്കസും അവർ സിനിമയിൽ ചേർത്തു. സിനിമാസംഘത്തേയും സർക്കസുകാരേയും നിശ്ചലമേഘങ്ങളേയും കാണാനായി കൂടുതലാളുകളെത്തി. വാർത്താസംഘങ്ങളും. അതും ദിവസങ്ങളേ നീണ്ടുനിന്നുള്ളൂ. മഴ പെയ്യാൻ തുടങ്ങിയതോടെ എല്ലാം അവസാനിച്ചു. വന്നവരെല്ലാം തിരികെ മടങ്ങി. സർക്കസുകാരും അക്കൂട്ടത്തിൽ അപ്രത്യക്ഷരായി.
ഗ്രാമത്തിലെ പ്രായം ചെന്നവർ മഴയും കണ്ട് വീടുകളുടെ വരാന്തയിലിരുന്നപ്പോൾ നശിച്ചു മൂടിപ്പോയ അക്കൊല്ലത്തെ കൃഷിയെക്കുറിച്ചല്ല ഏറെനേരം സംസാരിച്ചത്. പകരം റായക്കോട്ടെയ്ക്ക് വരുന്ന ഭയാനകമായ മാറ്റങ്ങളെക്കുറിച്ചാണ്. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന മഴയത്ത് പുറത്തിറങ്ങാനാവാതെ ആടുകളും നായ്ക്കളും വിറങ്ങലിച്ചുനിൽക്കുമ്പോൾ പണ്ടെന്നോ സംഭവിച്ചതായി കേട്ടിട്ടുള്ള വരൾച്ചയുടെ മറുഭാഗമാണോ സംഭവിക്കാൻ പോകുന്നതെന്ന് ഗ്രാമീണർ ഭയപ്പെട്ടു. അതിനെത്തുടർന്ന് റായക്കോട്ടെയുടെ തുഞ്ചത്തുനിന്നും കൂടുതൽ പാറകൾ ഉരുണ്ടുവരുമോ എന്നും അവ തങ്ങളുടെ കൃഷിഭൂമിയും വീടുകളും ജീവിതത്തിന്റെ ക്രമബദ്ധമായിരുന്ന സ്വസ്ഥതയും തകർക്കുമോ എന്നും ആശങ്കപ്പെട്ടു. വർഷങ്ങളോളം നീണ്ടുനിന്ന വരൾച്ച സംഭവിച്ചതുപോലെ ഇനിയങ്ങോട്ട് നിലയ്ക്കുകയില്ലാത്ത പേമാരിയാണ് വരുന്നതെങ്കിൽ എല്ലാം ഇട്ടെറിഞ്ഞ് സർക്കാർ തരുന്ന ഭൂമിയിലേക്ക് കുടിയേറേണ്ടിവരുമെന്ന് അവർ നിനച്ചു.
പുതുതായി കല്യാണം കഴിച്ച് അയൽഗ്രാമങ്ങളിൽനിന്നുമെത്തിയ പെൺകുട്ടികളുടെ ഐശ്വര്യക്കേടാണ് മഴയെന്നും അതല്ല പുതിയ യുവാക്കളുടെ വഴിതെറ്റിയ ജീവിതത്തിന്റെ ഫലമാണെന്നും രണ്ടുമല്ല റായക്കോട്ടെയോടുള്ള മനുഷ്യരുടെ നയവും ഭക്തിയും നഷ്ടപ്പെട്ടതാണ് കാരണമെന്നും മഴയെ സംബന്ധിച്ച് പലതരം വർത്തമാനമുണ്ടായി. എന്തൊക്കെ സംഭവിച്ചിട്ടും മഴ മാത്രം നിലച്ചില്ല. റെയിൽപ്പാതയുടെ അടിയിലെ ചരലും മെറ്റലും കോൺക്രീറ്റ് പലകകളും ഒഴുകി സ്ഥാനചലനം വന്നതോടെ അതിലെയുള്ള റെയിൽ ഗതാഗതവും നിലച്ചു.
ഹെക്ടറുകളോളം വരുന്ന
പ്രദേശത്തുമാത്രം പെയ്യുന്ന മഴയുടെ രഹസ്യം കണ്ടെത്താനായി കാലാവസ്ഥാ നിരീക്ഷണ വകുപ്പിലെ സാഹസികരായ ചില ഉദ്യോഗസ്ഥർ മഞ്ഞപ്പാറയ്ക്ക് തെക്കുമാറി പ്ലാസ്റ്റിക് കൂടാരം കെട്ടി താമസിച്ചുനോക്കി. റായക്കോട്ടെയുടെ മുകളിൽനിന്നും ഒലിച്ചുവരുന്ന മണ്ണും കല്ലുകളും ശേഖരിക്കാനായി ഭൗമശാസ്ത്രജ്ഞരിലെ ചിലരും അവരുടെ കൂടെക്കൂടി. ഒടുക്കം കാര്യമായൊന്നും സംഘടിപ്പിക്കാനാവാതെ വന്നതോടെ ജലപ്രതിരോധ വസ്ത്രങ്ങളാൽ ദേഹം മൂടി അവരും റായക്കോട്ടെ വിട്ടുപോയി. അപ്പോഴും പെരുമഴ തോർന്നില്ല.
റായക്കോട്ടെയിലെ മണ്ണ് ബലമില്ലാത്തതാണെന്നും അതിന് എളുപ്പം ചെളിയാകാനും അതിലുമെളുപ്പം ഉറച്ച് പൊടിയാകാനും സാധിക്കുന്ന പ്രകൃതമാണുള്ളതെന്നും നിരീക്ഷണങ്ങൾ പുറത്തുവന്നു. റായക്കോട്ടെയിലെ കല്ലുകളുടെ സ്വഭാവം പഠിച്ചതിൽനിന്നും ലോകത്തിലെ വൻകരകളിലുള്ള മുഴുവൻ പാറകളുടേയും രീതികളുമായി അവിടുത്തെ കല്ലുകൾക്ക് ബന്ധമില്ലെന്നും റായക്കോട്ടെയിലെ കല്ലുകളുടെ ഘടനയും സ്വഭാവവും അവിടെ മാത്രമായി ഒതുങ്ങുന്നതാണെന്നും പഠനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. ഇതൊന്നും തദ്ദേശീയരായ ജനങ്ങളെ ബാധിച്ചില്ല. അവർക്ക് മഴ മാറിയാൽ മതിയായിരുന്നു. ശേഷം കൃഷി ചെയ്യാനും കുട്ടികളെ പള്ളിക്കൂടത്തിൽ വിടാനും സാധിക്കണം.
മാസങ്ങളുടെ കനത്ത പേമാരിക്കുശേഷം റായക്കോട്ടെയ്ക്ക് മുകളിലെ മഴ നിന്നു. കാർമേഘങ്ങൾ തെളിഞ്ഞു. നീലാകാശത്തേയും വെള്ളമേഘങ്ങളേയും മാസങ്ങൾക്കുശേഷം പുറത്തുകണ്ടു. അപ്പോളേക്കും ഗ്രാമം നശിച്ചുകഴിഞ്ഞിരുന്നു. പരിസരംപോലും കാണാൻ സാധിക്കാത്തവിധം കോരിച്ചൊരിഞ്ഞ കനത്ത മഴയിലൂടെ ജീവനവശേഷിച്ചവർ ദൂരേയ്ക്ക് നീങ്ങിപ്പോയിരുന്നു. അങ്ങിങ്ങായി ചിതറിക്കിടന്നത് ഗ്രാമജീവിതത്തിന്റെ അവശിഷ്ടങ്ങൾ മാത്രമാണ്.
മഴ മാറിയതറിഞ്ഞ് വന്നെത്തിയ സന്ദർശകർ ഏറെ സന്തോഷത്തോടെയും അത്ഭുതത്തോടെയും റായക്കോട്ടെയുടെ മുകളിലേക്ക് നോക്കി. അപ്പോളാണ് പാറകൾക്ക് ഉയരം വെച്ചിട്ടുണ്ടെന്ന് അവർ കണ്ടെത്തിയത്. അവിശ്വസനീയമായ അറിവായിരുന്നു അത്. പാറകളെ മാനത്തോളം വളർത്താനായി പെയ്ത മഴയായിരുന്നു സംഭവിച്ചതെന്ന കണ്ടെത്തലിൽ സകലരും സ്തബ്ധരായി. ഏതെങ്കിലും അളവുകോലുപയോഗിച്ച് അളക്കാനോ മുന്നളവുമായി താരതമ്യം ചെയ്ത് പരിശോധിക്കാനോ ആർക്കും സാധിക്കുമായിരുന്നില്ല. എന്നിട്ടും സന്ദർശകരും ശാസ്ത്രജ്ഞരും നിരീക്ഷകരും തറപ്പിച്ചു പറഞ്ഞത് പാറകൾ കുറച്ചധികം വളർന്നിട്ടുണ്ടെന്നു തന്നെയാണ്. ഉച്ചകഴിഞ്ഞിട്ടും പടിഞ്ഞാറൻ ഭാഗത്തുനിന്നും പാറകളുടെ നിഴൽ നീങ്ങിപ്പോകാത്തത് അതിനു തെളിവായി പലരും ചൂണ്ടിക്കാട്ടി. അതായത് പാറകൾക്ക് ഉയരം കൂടിയതോടെ ആ ഭാഗത്തു കിട്ടുന്ന ചൂടുവെയിൽ എന്നത് ദിവസത്തിൽ ഒന്നോ ഒന്നരയോ മണിക്കൂറായി ചുരുങ്ങി. വല്ലാത്തൊരു കഷ്ടമായിരുന്നു സഞ്ചാരികളിലെ പ്രായമായവരെ സംബന്ധിച്ചിടത്തോളം അത്. അവർക്ക് കൂടുതലായി ശീതം പിടിക്കാൻ തുടങ്ങി. അവരുടെ ദേഹത്തെ ചുറ്റാൻ കൂടുതൽ കട്ടിപ്പുതപ്പുകൾ വേണ്ടിവന്നു.
റായക്കോട്ടെയുടെ ഇന്നത്തെ അവസ്ഥ
മാസങ്ങളോളം നീണ്ടുനിന്ന മഴ റായക്കോട്ടെയിലെ പാറകളെ തെല്ലും ഇളക്കിയില്ലെങ്കിലും പടിഞ്ഞാറൻ കളത്തിലെ ഗ്രാമങ്ങൾക്കൊപ്പം കിഴക്കൻ പ്രദേശങ്ങളിൽ വേരുപടർത്തി വന്നിരുന്ന ഫാക്ടറികളേയും ആണവനിലയത്തേയും നിലംപൊത്തിച്ചു. നികത്താനാവാത്തവിധം അവിടങ്ങളിൽ രൂപപ്പെട്ട കിടങ്ങുകളിൽ ഇഷ്ടികകളും കല്ലുകളും ഇരുമ്പും ഉരുക്കും കോൺക്രീറ്റും വീണൊടുങ്ങി.
ഡ്രോണുപയോഗിച്ച് റായക്കോട്ടെയിലെ പാറകളെ പരിശോധിക്കണമെന്ന ആവശ്യം ഭരണകൂടത്തിനു മുന്നിലെത്തി. അതനുസരിച്ച് അത്യാധുനിക മികവുകളുള്ള ഡ്രോണുകൾ ദൗത്യത്തിനായി നിയോഗിച്ചെങ്കിലും റായക്കോട്ടെയിലേക്ക് പറന്ന ഡ്രോണുകൾക്കു തിരികെയെത്താനായില്ല. റായക്കോട്ടെയുടെ ഉള്ളകങ്ങളിലെങ്ങോ നിയന്ത്രണം നഷ്ടമായി അവ തുമ്പികളെപ്പോലെ അലയുന്നതായി ഊഹങ്ങളുണ്ടായി. റായക്കോട്ടെയിലെ പാറകൾ പറക്കുന്ന ഡ്രോണുകളെ ഉയരത്തിൽ പൊങ്ങി ആക്രമിച്ചിടുകയാണെന്നും നിഗമനങ്ങളുണ്ടായി. അങ്ങനെ വാദിച്ചവരും പാറകൾ വളരുന്നു എന്ന സഞ്ചാരികളുടെ അഭിപ്രായത്തെ ഖണ്ഡിക്കാൻ ശ്രമിച്ചില്ല. സൈനികരുടെ കാടുകയറാനുള്ള ശ്രമങ്ങളും ഡ്രോണുകളുടെ ദൗത്യവും വിഫലമായതോടെ വീണ്ടും അതിന്റെ കെട്ടുകഥകളിലേക്ക് റായക്കോട്ടെയിലെ പാറകൾ മടങ്ങി.
സമുദ്രത്തിലെ ബർമൂഡ മുക്കോണംപോലെയുള്ള കരയിലെ അത്ഭുതച്ചുഴിയാണ് റായക്കോട്ടെ എന്ന സമാധാനപ്പെടലായിരുന്നു ഒടുക്കം സംഭവിച്ചത്.
നാടൊഴിഞ്ഞുപോയ ഗ്രാമീണരിൽ ചിലർ പടിഞ്ഞാറൻ കളത്തിലേക്ക് മടങ്ങിയെത്തി. അക്കൂട്ടത്തിൽ പുതിയ കൃഷിക്കാരും വന്നു. അവരെല്ലാം കേടുപാടുപിടിച്ച ഭൂമിയെ നേരെയാക്കി അവിടവിടെയായി സങ്കേതങ്ങൾ തീർത്തു. കന്നുകാലികളും ഇരുമ്പ് പണിയായുധങ്ങളും വീണ്ടും കലമ്പലുണ്ടാക്കി. റായക്കോട്ടെയിലെ പാറകളുടെ രൂപമാറ്റങ്ങളും വലുപ്പം വയ്ക്കലും കാണാനെത്തിയ സഞ്ചാരികളും അക്കൂട്ടത്തിൽ കൂടി.
അപ്പോളേക്കും, അതായത് റായക്കോട്ടെയിലെ പാറകൾ വേഷം മാറി മനുഷ്യരാകുന്നുണ്ടെന്നും അവരെ നയിക്കുന്നത് പാറയായി രൂപംമാറിയ രാജാവാണെന്നും പണ്ടെന്നോ ഫാൽഗുനിത്തള്ള പറഞ്ഞുണ്ടാക്കിയ കഥ പുതിയ തലമുറ ഏറ്റെടുത്തുകഴിഞ്ഞിരുന്നു. അതിനൊരു പാഠാന്തരവുമുണ്ടായി. അതനുസരിച്ച്, സർക്കസ് കാണിക്കാൻ വന്ന സുന്ദരിയും സുന്ദരവും മടങ്ങിപ്പോയില്ലെന്നും അവർ റായക്കോട്ടെയുടെ ഉള്ളകങ്ങളിൽ ഇന്നും ജീവിച്ചിരിക്കുന്നു എന്നും ചിലർ വിശ്വസിച്ചു. ചില രാത്രികളിൽ റെയിൽപ്പാതയുടെ സമീപത്ത് സുന്ദരിയുടെ കഴുതയെ കണ്ടിട്ടുണ്ടെന്ന് ചിലർ പറഞ്ഞുപരത്തി. ചിലപ്പോൾ സുന്ദരിയെത്തന്നെ റെയിലിന്റെ സമീപത്തായി കാണാറുണ്ടെന്നും കഥകളുണ്ടായി. ചളുങ്ങിയ മുഖമുള്ള സുന്ദരത്തേയും വഴിയരികിൽ കാണാറുണ്ടെന്നും തീവണ്ടി കടന്നുപോകുമ്പോൾ അയാൾ ചിലപ്പോൾ കൈവീശാറുണ്ടെന്നും കഥകളുണ്ടായി. അതിനു പുറമെയാണ് റായക്കോട്ടെയിലെ പാറകൾ രൂപംമാറുന്നു എന്നും സ്ഥാനം മാറുന്നു എന്നുമുള്ള സ്ഥിരീകരിക്കാത്ത വാർത്തകളും പുറത്തുവന്നത്. ഇതെല്ലാം കെട്ടുകഥകളോ ഐതിഹ്യങ്ങളോ നാടോടി സാഹിത്യമോ ആയി നാടുനാടാന്തരം പ്രചരിച്ചുവരുന്നു.
ഇപ്പോൾ, റായക്കോട്ടെയിലേക്ക് പുതിയ സംഘം പുറപ്പെടുകയാണ്. എത്ര കഷ്ടപ്പെട്ടാലും ആ കന്യാഭൂമിയുടെ തുഞ്ചം കണ്ടുപിടിക്കണമെന്നതാണ് അവരുടെ മോഹം. ഡ്രോണുകൾ നഷ്ടപ്പെട്ടുപോയ, സുന്ദരിയും സുന്ദരവും മറഞ്ഞുപോയ, ഫാൽഗുനി മണ്ണിനടിയിൽ കാവൽ കിടക്കുന്ന റായക്കോട്ടെയുടെ താഴ്‌വാരത്തിലൂടെ തീവണ്ടികൾ പായുമ്പോൾ ദൗത്യസംഘം പാറകളുടെ ഇടയിലൂടെ മുകളിലേക്ക് നടക്കുകയായിരുന്നു.
അവരുടെ വാർത്താവിനിമയ സങ്കേതങ്ങൾ കെട്ടുപോകുമോ, പുറംലോകവുമായുള്ള ബന്ധം അവർക്ക് നഷ്ടമാകുമോ, അവർ തിരികെ വരുമോ, അതോ റായക്കോട്ടെയിലെ പാറകൾ അവരെ വളയുമോ? ഉത്തരം പറയാൻ ആർക്കും സാധിക്കുന്നില്ല. ഇതെഴുതുന്നയാൾക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates