ടി.പി.വേണുഗോപാലന്‍ എഴുതിയ കഥ'മോബിയസ്'
സംവിധാനം
കൊല നടത്തിയശേഷം പിസ്റ്റളുപേക്ഷിച്ചു പോകത്തക്കവിധം ബുദ്ധിയില്ലാത്തവനാണ് ഘാതകനെന്ന് തോന്നുന്നില്ല.”
ഇടതുകൈ പാന്റ്‌സിന്റെ പോക്കറ്റിൽ തിരുകി, വലതുകയ്യിലെ പിസ്റ്റൾ തിരിച്ചുംമറിച്ചും നോക്കി തെല്ലുവേഗത്തിൽ നടന്നുകൊണ്ട് സോമൻ പറഞ്ഞു:
“അസീസുമായി ഒരു മൽപ്പിടുത്തത്തിന്റെ...”
“കട്ട്, കട്ട്.”
ട്രോളിയിൽ പതുക്കെ നീങ്ങുകയായിരുന്ന ക്യാമറയെ വിട്ട് ശശിസാർ അടുത്തുവന്നു.
“സോമൻ, ആ മൂവ്‌മെന്റ് ഒന്നുകൂടി സ്ലോ ചെയ്യണം. ഞാൻ ടൈറ്റായിട്ട് ഫോളോ ചെയ്യാം.”
തുടർന്ന്, ക്യാമറമാൻ ജയറാമിനു നിർദ്ദേശം കൊടുക്കുന്നതിനിടയിലാണ്, ആൾക്കൂട്ടത്തിൽനിന്ന് “സാർ, സാർ” എന്നുരുവിട്ട് ഒരാൾ ശശിസാറിന്റെ മുന്നിൽ തെറിച്ചുവീഴുന്നത്. ഇരുനിറം, കുറിയ രൂപം, ഇളംനീല ഷർട്ടും കറുത്ത പാന്റ്‌സും വേഷം, ശരീരമാകെ ഒരു പരവേശം, ആളും തരവും തിരിച്ചറിയാത്ത മുഖഭാവം...
“സാർ, സാർ, ഞാൻ വീട്ടിൽ പോയിരുന്നു.”
ശശിസാറിനെ തൊട്ടുവിളിച്ച് അയാൾ പറഞ്ഞു.
“സീമച്ചേച്ചിയാണ് പറഞ്ഞത് സാർ ഇവിടെയുണ്ടെന്ന്. അഭിനയിക്കാൻ ഒരു ചെറിയ ചാൻസ്...?”
“അങ്ങോട്ട് മാറിനിൽക്ക്.”
ശശിസാറിന്റെ മുഖത്ത് നീരസം.
“ഞാൻ അഭിനയിക്കും, സാർ.”
“അഭിനയിച്ചോ.”
ശശിസാർ, മഞ്ഞുപോലെ വെളുത്ത ക്യാപ്പ് തലയിൽ ഒന്നുകൂടി ഒതുക്കിവെച്ചു.
“പുതുമുഖങ്ങളെ അവഗണിക്കരുത്.”
അപേക്ഷയുടേയോ അധികാരത്തിന്റേയോ എന്നു തിരിച്ചറിയാനാവാത്ത സ്വരം. പതർച്ചയുടേയോ പരിഭ്രമത്തിന്റേയോ എന്നറിയാത്ത നോട്ടം. ഭ്രാന്തമായ ശരീരചലനങ്ങൾ.
“എന്തായിത്?”
ചിട്ടയോടെയും ഗൗരവത്തോടെയും സൂക്ഷ്മതയോടെയും എടുത്തുകൊണ്ടിരിക്കുകയായിരുന്ന ടേക്കിൽ, അവിചാരിതമായുണ്ടായ അസ്വാരസ്യം സോമനെ ചൊടിപ്പിച്ചു.
“ഗായത്രിയിൽ വരുമ്പോ സോമേട്ടനും ഒരു പുതുമുഖമായിരുന്നല്ലോ. ഒന്ന് പറഞ്ഞുകൊടുക്ക്.”
അയാൾ അടിച്ചവടിയിൽ ചുറയുന്ന പാമ്പായി.
കോപം ഇരച്ചുകയറിയ ശശിസാർ സച്ചിയെ വിളിച്ച് അയാളെ പിടിച്ചുമാറ്റാൻ നിർദ്ദേശിച്ചശേഷം വീണ്ടും “സ്റ്റാർട്ട്, ആക്ഷൻ” പറഞ്ഞു. സച്ചി അയാളെ തോളിൽ കയ്യിട്ടുപിടിച്ച് ആൾക്കൂട്ടത്തിനു പിറകിലേയ്ക്ക് വലിച്ചുകൊണ്ടുപോയി. മൂപ്പർക്കത് രസിച്ചില്ല. കൂട്ടിലിട്ട വെരുകിനെപ്പോലെ വെപ്രാളപ്പെട്ട അയാൾ പൊടുന്നനെ സച്ചിയുടെ പിടിയിൽനിന്നു കുതറിത്തെറിക്കുകയും ഫീൽഡിലേയ്ക്ക് ചാടിവീഴുകയും ചെയ്തു.
ജയറാം ക്യാമറ ഓഫ് ചെയ്ത്, അയാളെ പിടിക്കാനായി പിറകെ പാഞ്ഞു. സി.ഐ രാജശേഖരൻ എന്ന തന്റെ കഥാപാത്രത്തിന് എടുപ്പും ഭാവവും പകർന്നുകൊണ്ടിരിക്കുന്ന സോമന്റെ തന്മയത്വമുള്ള ചുവടുകളിൽ വിസ്മയിച്ചിരിപ്പായിരുന്ന സ്‌ക്രിപ്റ്റ് റൈറ്റർ സ്വർണ്ണകുമാർ പൂമംഗലം ഇപ്പോൾ മുന്നിൽ കാണുന്നത് സിനിമയോ യാഥാർത്ഥ്യമോ എന്ന് ഒരുവേള സംശയിച്ചു. അടുത്തനിമിഷം തന്നെ അപകടം മണക്കുകയും ക്യാമറാമാന്റെ പിറകെ എടുത്തുചാടുകയും ചെയ്തു. എന്താണ് സംഭവിക്കുന്നത് എന്ന് ആർക്കുമറിയാത്ത അവസ്ഥ. സെറ്റ് പൊടുന്നനെ പന്നി കയറിയ പിഞ്ഞാണക്കടയായി.
അക്രമി ഉരുണ്ടുപിരണ്ട് ചെന്നുവീണത് സ്തംഭിച്ചുനിൽപ്പായിരുന്ന സോമന്റെ പിരടിയിൽ. ഇസ്തിരിവടിവിന് ഉലച്ചിൽ തട്ടുന്നത് കാര്യമാക്കാതെ സോമൻ ചെറുത്തുനിന്നു. ഉന്തും തള്ളും നടക്കുന്നതിനിടയിൽ സോമന്റെ കയ്യിലുണ്ടായിരുന്ന തോക്ക് തെറിച്ച് അക്രമിയുടെ ദേഹത്ത് വന്നുവീണു. ഭയംകൊണ്ടോ പരിസരബോധം നഷ്ടമായതുകൊണ്ടോ അതുമല്ല, തന്നെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്ത ഈ സിനിമക്കാർക്ക് ഒരു പണി കൊടുക്കണമെന്ന ഉദ്ദേശംകൊണ്ടോ, അയാൾ തോക്കുമായി ഓടിപ്പോയി. നിസ്സഹായതയും നിരാശതയും കലർന്ന ശബ്ദത്തിൽ സോമൻ “തോക്ക്, തോക്ക്” എന്നു വിളിച്ചുപറയുന്നുണ്ടെങ്കിലും ഫലമുണ്ടായില്ല. സച്ചിയും കൂട്ടരും പിറകെ ഓടുമ്പോഴേക്കും അക്രമി മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടിരുന്നു.
ചിത്രീകരണത്തിന്റെ ആദ്യദിവസം തന്നെ ഇങ്ങനെയൊരു ദുരവസ്ഥ വന്നുപെട്ടതിൽ സോമനും ശശിസാറുമടക്കം സർവ്വരും സംഭ്രമിച്ചു. ആകപ്പാടെയുണ്ടായിരുന്ന എയർപിസ്റ്റളാണ് ആ അറാംപിറന്നവൻ അടിച്ചുകൊണ്ടുപോയത്. അതു തിരിച്ചുകിട്ടാതെ ഇന്നത്തെ ഷൂട്ടിംഗ് നടക്കില്ല. പകരം
സംഘടിപ്പിക്കുമ്പോഴേയ്ക്കും നേരം കറുക്കും. പിസ്റ്റൾവെച്ചുള്ള സീനുകൾ കുറേ ഫിലിമിലാക്കിയ സ്ഥിതിക്ക് അതേ ആകൃതിയിലും വലുപ്പത്തിലും ഉള്ളതുതന്നെ വേണം. ശശിസാർ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല.
സെറ്റ് ഇപ്പോൾ ചത്തവീടുപോലെ. അത്താഴം മുടക്കിയ ആ നീർക്കോലിയെ കണ്ണിൽപ്പെട്ടാൽ പച്ചമടലെടുത്ത് തല്ലിക്കൊല്ലാനുള്ള അരിശമുണ്ട്, എല്ലാവർക്കും. ഷാമിയാനയുടെ തണലിൽ കൂപ്പുകയ്യിൽ നെറ്റി ചായ്‌ച്, വിശറിക്കാറ്റിന്റെ ഓളത്തിൽ, ഗാർഡൻ ചെയറിൽ കണ്ണുപൂട്ടിയിരിപ്പായിരുന്ന സോമനെ ശശിസാർ നോക്കി. അറുത്തിട്ട വാഴപോലുണ്ട് ആ ഇരിപ്പ്. തോക്ക് പോയത് തന്റെ കയ്യിൽനിന്നായതുകൊണ്ടാവാം, ചെറിയ തടസ്സങ്ങളിൽപോലും ചൊടി വരാറുള്ള സോമൻ ഇപ്പോൾ വാ തുറക്കാതിരിക്കുന്നത്. ‘ഏഴാംകടലിനക്കരെ’യുടെ ചിത്രീകരണസമയത്ത് അമേരിക്കയിൽ വെച്ചുണ്ടായ പടലപിണക്കം മറന്നിട്ടില്ല. അടുത്ത പടമായ ‘അങ്ങാടി’യിൽ ഇദ്ദേഹത്തിനുപകരം ജയനെ കാസ്റ്റ് ചെയ്യാനും തുടർന്ന് ആറേഴു വർഷക്കാലം പരസ്പരം സഹകരിക്കാതിരിക്കാനുംവരെ കാരണമായി ആ പിണക്കം. ഒടുവിൽ കമലഹാസന് ഇടപെടേണ്ടിവന്നു വീണ്ടും ഒരുമിപ്പിക്കാൻ. പുനസ്സമാഗമത്തിന്റെ ആദ്യദിവസം തന്നെ ലക്ഷണക്കേടും മാനഹാനിയുമായി.
സംഭാഷണം
അന്നത്തെ ഷൂട്ടിംഗ് പാതിവഴിക്ക് അവസാനിപ്പിക്കേണ്ടിവന്നതിൽ ശശിസാർ വിഷണ്ണനായിരുന്നു. ആരോടും അധികം സംസാരിക്കാൻ നിൽക്കാതെ സ്റ്റുഡിയോയിൽനിന്നു സ്വയം കാറോടിച്ച് സാലിഗ്രാമിലുള്ള വസതിയിലേയ്ക്ക് മടങ്ങി.
“ഇന്നെന്തു പറ്റീ?”
സീമ ചോദിച്ചു.
“ചില ദിവസങ്ങൾ അങ്ങനെയാണ്.”
സോഫയിൽ ഇരുന്നശേഷം കാലുകൾ രണ്ടും ടീപ്പോയിലേയ്ക്ക് ഉയർത്തിവെക്കവേ ശശിസാർ പറഞ്ഞു. കാര്യമറിയാനായി സീമയും അടുത്ത് ചേർന്നിരുന്നു.
“ഒരു ഭ്രാന്തൻ...”
ശശിസാർ പറയാൻ തുടങ്ങുകയായിരുന്നു. അന്നേരമാണ് അന്തരീക്ഷം വിറപ്പിക്കുന്ന മട്ടിൽ ഫോൺ ഒച്ചവെച്ചത്. ശശിസാർ റിസീവർ എടുത്തു.
“സംഗതി അറിഞ്ഞു.”
മറുതലയ്ക്കൽ പ്രൊഡ്യൂസർ.
“ചക്രം ഇറക്കുന്നവന്റെ ചങ്കിടിപ്പ് ആരും മനസ്സിലാക്കുന്നില്ല...”
സംസാരത്തിൽ പതിവിനു വിപരീതമായി കനം. എത്രവേഗമാണ് ഒരു ഇലയനക്കംപോലും കൊടുങ്കാറ്റായി പടരുന്നത്! ഇയാളോട് എന്തു സമാധാനം പറയും എന്റെ വരക്കൽ ഭഗവതീ...
“...കാസ്റ്റിംഗും ലൊക്കേഷനും ഷൂട്ടിങ്ങ് ഡേറ്റുമടക്കം എല്ലാം കോരസ്സാറിന്റെ ഉറപ്പിന്മേലാണ് നിശ്ചയിച്ചത്. പക്ഷേ, ആരംഭത്തിൽത്തന്നെ അപശകുനമുണ്ടാകുമെന്നു കരുതിയില്ല...”
പ്രൊഡ്യൂസറുടെ വാക്കുകളിൽ എന്തോ കരിഞ്ഞുകത്തുന്ന മണം. ശശിസാറിന്റെ മുഖത്ത് അതിന്റെ ചെടിപ്പ് ദൃശ്യമാകുന്നത് സീമ ശ്രദ്ധിച്ചു.
“...ഇനിയെന്ത് എന്നറിയാൻ വടപളനി ജ്യോത്സ്യർ വെട്രിവേൽ മുരുകനുമായി ബന്ധപ്പെട്ടു...”
പ്രൊഡ്യൂസർ തുടരുകയാണ്.
“...മുന്നോട്ടുകൊണ്ടുപോണംന്ന് നിർബ്ബന്ധാണോന്നാണ് ജ്യോത്സ്യരുടെ ചോദ്യം. തുടക്കത്തിൽ തന്നെയുള്ള മുടക്കം പല അത്യാഹിതങ്ങളും വിളിച്ചുവരുത്തുമെന്ന് ഉറപ്പ്. തൊട്ടത് തൊട്ടത് ചെലവ്, പുതിയ ഏടാകൂടങ്ങൾ, കാലവിളമ്പം... എല്ലാം സഹിച്ച് കംപ്ലീറ്റാക്കിയാൽത്തന്നെ തിയേറ്ററിൽ എത്തണംന്നില്ല. എത്തീന്നു വെച്ചാലും എട്ടുനിലയിൽ പൊട്ടും...”
പ്രൊഡ്യൂസർ പറഞ്ഞുവരുന്നതിന്റെ ഉള്ള് ശശിസാറിനു പിടികിട്ടി. മറുത്തൊന്നും മിണ്ടാൻ തോന്നിയില്ല.
“...വെട്രിവേൽ മുരുകൻ ഗണിച്ചാൽ ഗണിച്ചതാണ്. ഒന്നും നോക്കണ്ട. പാക്കപ്പ് പറഞ്ഞോളൂ. ഇതുവരെ ചെലവായത് സഹിച്ചോളാം. ആർക്കെങ്കിലും നഷ്ടം വന്നിട്ടുണ്ടെങ്കിൽ അതും തീർത്തുകൊടുക്കാം. വരാനിരിക്കുന്ന വമ്പിച്ച ലോസ്സ് വെച്ചുനോക്കുമ്പോൾ ആ ചെലവ് നിസ്സാരം.”
പ്രൊഡ്യൂസർ മറുപടിയൊന്നും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ശശിസാർ നിശ്ശബ്ദനായി. സീമ “എന്താ, എന്താ” എന്ന്, മുഖംകൊണ്ടും കൈകൊണ്ടും ചോദിക്കുന്നുണ്ടായിരുന്നു. അപ്പുറത്തെ സംസാരത്തിൽ ചെറിയ വിടവ് വന്ന തക്കത്തിന് ശശിസാർ റിസീവർ സ്റ്റാൻഡിലേക്കിട്ടു. തലയിൽ ഇറുകിക്കിടന്നിരുന്ന ക്യാപ്പ് അഴിച്ച് ടീപ്പോയിൽ വെച്ചു. സോഫയിൽ ചാരിയിരുന്ന്, കഷണ്ടി കയറാൻ തുടങ്ങിയ നെറ്റിമേൽ വിരലോടിച്ചു. പൊടുന്നനെ എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ എഴുന്നേറ്റുപോയി റിസീവർ കയ്യിലെടുത്ത് ധൃതിയിൽ ഡയൽ ചെയ്തു.
“മിസ്റ്റർ ജോൺ പോൾ, പ്രൊഡ്യൂസറോട് ഗണപതി കോപിച്ചു. ‘അസീസ് വധക്കേസ്’ അലസി. യെസ് യെസ്. സ്‌ക്രിപ്റ്റ് റൈറ്റർ ഒരു സ്വർണ്ണകുമാർ പൂമംഗലം. അതെ, ഫീൽഡിൽ ഫ്രഷാണ്. ചില്ലറ നാടകങ്ങളൊക്കെ എഴുതിയിട്ടുണ്ട്. ഒന്നു കൈപിടിച്ചാൽ ഉയർന്നുപോയ്ക്കോളും എന്നു കരുതി. നടന്നില്ല. നമുക്ക് ഈ ഗ്യാപ്പിൽ ‘വ്രതം’ സ്റ്റാർട്ട് ചെയ്യണം. യെസ്, യെസ്. സെൻട്രൽ പിക്‌ചേഴ്‌സ് തന്നെ. അവർ ധൃതികൂട്ടുന്നുണ്ട്. ടി.ഡി അന്നുപറഞ്ഞ ത്രഡ് മനസ്സിലുണ്ടല്ലോ. സ്‌ക്രിപ്റ്റ് റെഡിയാക്കണം. വിത് ഇൻ വൺ വീക്ക്. ഓ കെ?”
ശശിസാർ റിസീവർ താഴെവെച്ചു.
ഏതു പ്രതിസന്ധിയിലും തളരാത്ത ആളാണ് ശശിസാർ. അത് സീമക്കറിയാം. എങ്കിലും “എന്താണ് ഉണ്ടായത്” എന്ന അർത്ഥത്തിൽ മുഖം കോട്ടി.
“ഷൂട്ടിംഗ് നിർത്തിവെക്കണമെന്ന് പ്രൊഡ്യൂസർ.”
“കാരണം?”
“അപശകുനം. ഒരു ഭ്രാന്തൻ വന്ന് ഷൂട്ടിംഗ് അലങ്കോലമാക്കി.”
“ഭ്രാന്തൻ?”
“അതെ, അഭിനയഭ്രാന്തൻ.”
ശശിസാർ സെറ്റിലുണ്ടായ സംഭവങ്ങൾ ഒരു സിനിമാക്കഥപോലെ വിസ്തരിച്ചു.
“ഒരു കുറിയ മനുഷ്യൻ?”
“അതെ.”
“ലൈറ്റ് ബ്ലൂ ഷർട്ട്?”
“അതെ.”
“മുട്ടയിടാൻ നടക്കുന്ന
കോഴിയുടെ വെപ്രാളം?”
“അതെ, അതെ.”
“അയാൾ ഇവിടെയും വന്നിരുന്നു.”
“എന്തിന്?”
“ശശിയേട്ടനുണ്ടോന്നറിയാൻ.”
“എന്നിട്ട് നീയെന്തു പറഞ്ഞു?”
“ശശിയേട്ടൻ ഭരണിയിലാണെന്ന്.”
തിരക്കഥ
നാടകകൃത്ത് സ്വർണ്ണകുമാർ പൂമംഗലത്തിന്റെ ഏറെനാളത്തെ അദ്ധ്വാനഫലമാണ് ‘അസീസ് വധക്കേസി’ന്റെ തിരക്കഥ. ഊണും ഉറക്കവും ഉപേക്ഷിച്ചാണ് എഴുതിത്തീർത്തത്. അസീസ് എന്ന പ്രശസ്തനായ ഫിലിം ഡയറക്ടർ വെടിയേറ്റ് മരിക്കുന്നതും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും ആണ് പ്രമേയം. നടന്ന സംഭവമാണ്. ആവശ്യത്തിനു പൊടിപ്പും തൊങ്ങലും ചേർത്ത് സ്വർണ്ണകുമാർ പൂമംഗലം തിരക്കഥയാക്കുകയായിരുന്നു.
...തന്റെ പുതിയ സിനിമയ്ക്കുവേണ്ടി സ്‌ക്രിപ്റ്റ് എഴുതാൻ, ഗ്രാമത്തിലെ ഒറ്റപ്പെട്ടു കിടക്കുന്ന വീട്ടിലേയ്ക്ക് വാടകയ്ക്ക് താമസിക്കാൻ വന്നതാണ് അസീസ്. എഴുതാനുള്ള കടലാസുകളും മറ്റ് അത്യാവശ്യ സാധനങ്ങളും നിറച്ച ഒരു
സ്യൂട്ട്‌കേസ് മാത്രമേ ഒപ്പമുണ്ടായിരുന്നുള്ളൂ. വീട് വൃത്തിയാക്കാനും ഭക്ഷണം എത്തിച്ചുകൊടുക്കാനും ഗുണവാൻ എന്ന ഒരാളെ നേരത്തെത്തന്നെ ഏർപ്പാടാക്കിയിരുന്നു. താമസം തുടങ്ങിയതിന്റെ പിറ്റേദിവസം പ്രഭാതഭക്ഷണവുമായി വീട്ടിലെത്തിയ ഗുണവാൻ, കതക് തുറന്നുകിടക്കുന്നതുകണ്ട് നേരെ അകത്തുകയറി. അന്നേരമാണ് കിടപ്പുമുറിയിലെ കട്ടിലിൽ അസീസ് അരക്കെട്ടിനു കീഴെ ചോരയൊലിച്ച് കിടക്കുന്നതു കണ്ടത്. അടുത്തുപോയി നോക്കിയപ്പോൾ, വെടിയേറ്റതാണെന്നും ജീവൻ പോയിട്ട് കുറെ മണിക്കൂറുകൾ കഴിഞ്ഞുവെന്നും മനസ്സിലാക്കിയ ഗുണവാൻ തിരിഞ്ഞോടുകയായിരുന്നു. എങ്ങുനിന്നോ കുറച്ചാളുകളെ കൂട്ടിക്കൊണ്ടുവന്നു. പിന്നെ പൊലീസ് ജീപ്പിന്റെ വരവായി, അന്വേഷണമായി, സി.ഐ രാജശേഖരൻ അന്വേഷണച്ചുമതല ഏറ്റെടുക്കലായി...
ഡെഡ്‌ബോഡിക്കടുത്തുനിന്നു പിസ്റ്റൾ കണ്ടെത്തിയതിനാലും മൽപ്പിടുത്തത്തിന്റെ ലക്ഷണങ്ങൾ കാണാതിരുന്നതിനാലും കൊലപാതകമല്ല എന്ന നിഗമനത്തിലായിരുന്നു ആദ്യമേ, സി.ഐ രാജശേഖരൻ. കൊല്ലാൻ പോയിട്ട്, ഒന്നു തല്ലാനോ ചീത്ത പറയാനോ ഉള്ള ശത്രുക്കൾ അസീസിന് ഉള്ളതായി അറിയില്ല. കഴുത്തിലെ സ്വർണ്ണചെയിനും തൊട്ടടുത്ത് തുറന്നുകിടക്കുന്ന സ്യൂട്ട്കേസിലെ ഒരു കെട്ട് പണവും അതേപടി കിടക്കുന്നതുകൊണ്ട്, ഏതെങ്കിലും
മോഷ്ടാവ് ചെയ്ത പണിയാണെന്നും പറയാനാവില്ല. ഇനി ആത്മഹത്യയാണെന്ന നിഗമനത്തിലെത്തണമെങ്കിൽ അതിനുള്ള കാരണവും കണ്ടെത്താനായില്ല. ഏതെങ്കിലും തരത്തിലുള്ള ഡിപ്രഷനോ സാമ്പത്തിക പരാധീനതയോ അനുഭവിക്കുന്ന ആളല്ല അസീസ്. മാത്രമല്ല, ആത്മഹത്യയാണെങ്കിൽ തലയിലോ കഴുത്തിലോ നെഞ്ചത്തോ ആണ് വെടിയുതിർക്കുക. ഇത് അസ്ഥാനത്താണ്. ആരും ആലോചിക്കുകപോലും ചെയ്യാത്ത ഇടത്താണ്.
സ്വയംരക്ഷയ്ക്ക് കരുതിയ തോക്ക് പെട്ടിയിൽനിന്ന് അലമാരയിലേയ്ക്ക് മാറ്റുന്നതിനിടയിൽ പറ്റിയ കയ്യബദ്ധം. പൊലീസ് തീർപ്പുകൽപ്പിച്ചു. വിളിക്കാനോ പറയാനോ അടുത്തൊന്നും ആരുമില്ലാത്തതുകൊണ്ട് കട്ടിലിൽത്തന്നെ കിടക്കേണ്ടിവന്നു. ഒടുവിൽ ചോരവാർന്നു ജീവൻ പോയി...
സിനിമാരംഗത്തുള്ളവർക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും അങ്ങനെയല്ലെന്നു പറയാൻ കാരണങ്ങളൊന്നും ഉണ്ടായില്ല.
അസീസ് എന്ന ചലച്ചിത്രകാരന്റെ ആരാധകനും നാടകകൃത്തുമായ സ്വർണ്ണകുമാർ പൂമംഗലത്തിനു പക്ഷേ, ആ തീർപ്പുകല്പിക്കലിനോട് പൊരുത്തപ്പെടാനായില്ല.
വെടിയേറ്റ സ്ഥാനമാണ് അയാളെ സംശയാലുവാക്കിയത്. അസീസിന്റെ അരക്കെട്ടിനു കീഴെ തുടകൾക്കിടയിലാണ് വെടിയുണ്ട തുളച്ചുകയറിയതെങ്കിൽ അത് അബദ്ധത്തിലാകാൻ സാധ്യതയില്ല. അദ്ദേഹത്തിന്റെ മുൻകാല ചലച്ചിത്രങ്ങളും പത്രങ്ങളിലും വാരികകളിലും വന്ന അഭിമുഖങ്ങളും പൊതുവേദികളിലെ പ്രസംഗങ്ങളും ആയിരുന്നു സ്വർണ്ണകുമാർ പൂമംഗലത്തിന്റെ സാഹചര്യത്തെളിവുകൾ. ഒരു കുറ്റാന്വേഷകന്റെ കൂർമതയോടെ അയാൾ ഓരോന്നും ചികഞ്ഞെടുത്ത് പരിശോധിച്ചു.
ആണധികാര വ്യവസ്ഥയെ പല്ലും നഖവും ഉപയോഗിച്ച് നേരിടുന്ന സിനിമകളാണ് അസീസിന്റേത്. സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന അവഹേളനങ്ങളും അതിക്രമങ്ങളും അതേ തീവ്രതയോടെ അദ്ദേഹം സിനിമകളിൽ അവതരിപ്പിച്ചു. ഹിംസാത്മകമായ ആൺകോയ്മക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമായിരുന്നു അവ.
തന്റെമേൽ ആധിപത്യം സ്ഥാപിക്കാൻ വന്ന പുരുഷനെ അതേ നാണയത്തിൽ തിരിച്ചടിക്കുന്ന സ്ത്രീ. തൊഴിലിടങ്ങളിൽ അപമാനിക്കപ്പെടുമ്പോൾ സർവ്വശക്തിയും ഉപയോഗിച്ച് ചെറുത്തുനിൽക്കുന്ന സ്ത്രീ. ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന സ്വന്തം വീട്ടിൽ അടുത്ത ബന്ധുവിന്റെ പീഡനത്തിനിരയാകുമ്പോൾ അയാളുടെ കഴുത്തിനു പിടിച്ചു ചുമരിൽ ആഞ്ഞിടിച്ച് അവശനാക്കുന്ന സ്ത്രീ...
ശക്തരായ സ്ത്രീകഥാപാത്രങ്ങൾ. സ്ത്രീസമൂഹത്തിന്റെ സമരായുധങ്ങളാകുന്ന പ്രമേയങ്ങൾ. അവർക്കു പോരാട്ടവീര്യം പകർന്നുനൽകുന്ന ആവിഷ്‌കാരരീതി...
“...ബോംബേർഡ് ദി ഹെഡ് ക്വാർട്ടേഴ്‌സ്! ആണിന്റെ അധികാരകേന്ദ്രത്തെ തകർക്കണം...”
വാരികയ്ക്ക് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ അസീസ് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.
“അവന്റെ തുടയിടുക്കാണ് ആ ദുഷിച്ച അധികാരകേന്ദ്രം.”
അതുംപറഞ്ഞ് അസീസ്
നിശ്ശബ്ദനായി. അദ്ദേഹത്തിന്റെ സിനിമയിലേതുപോലെത്തന്നെ ആ നിശ്ശബ്ദതയ്ക്ക് ഭീകര മുഴക്കമായിരുന്നു.
“ഫീലിംഗ് ഗിൽറ്റി ഏസ് എ മാൻ...”
വികാരാധീനനായ അസീസിനു വാക്കുകൾ മുറിഞ്ഞു.
“നാശം പിടിച്ച ഈ മസ്‌കുലിനിറ്റി...”
അയാൾ കൈകൾ രണ്ടും കൂട്ടിത്തിരുമ്മി...
തന്റെ സിനിമകളിലൂടെ, പോരാടാൻ സ്ത്രീകൾക്ക് ആയുധങ്ങൾ നിർമ്മിച്ചുനൽകുമ്പോഴും തന്റെ ഉള്ളിൽ ‘ആണായിപ്പിറന്നല്ലോ’ എന്ന കുറ്റപ്പാട് കനക്കുന്നുണ്ടായിരുന്നു. ആത്മസംഘർഷത്തിന്റെ നാളുകൾ. പശ്ചാത്താപത്തിന്റെ നിലയില്ലാക്കയങ്ങളിൽ അകപ്പെട്ട അവസ്ഥ. എത്രയെത്ര സിനിമകൾ ഉണ്ടാക്കിയിട്ടും ആൺമുഷ്‌കരതയെ അല്പംപോലും മാറ്റിമറിക്കാനാവുന്നില്ലല്ലോ എന്ന പാപബോധം. സ്വന്തം സിനിമകൾ തന്റെമേൽ സൃഷ്ടിച്ച സ്വാധീനം... ശത്രുനിഗ്രഹം, സിനിമയിലൂടെയല്ല, നേരിട്ട് നടത്തണം. അതുതന്നെ ഏറ്റവും പുതിയ ‘സിനിമ!’
സ്വർണ്ണകുമാർ പൂമംഗലത്തിന്റെ പേനത്തുമ്പിൽ അസീസ് സ്വയം കുറ്റവാളിയായി പ്രഖ്യാപിക്കുകയും ശിക്ഷാവിധിക്കുകയും ചെയ്യുന്നു.
സിനിമകൊണ്ടെന്നപോലെ സ്വജീവിതംകൊണ്ടും സമരം ചെയ്യുന്ന ചലച്ചിത്രകാരന്റെ കഥ. നൂതനമായ ഇതിവൃത്തം. അപ്രതീക്ഷിതമായ ക്ലൈമാക്സ്. പ്രേക്ഷകനെ ആദ്യന്തം മുൾമുനയിൽ നിർത്തുംവിധമാണ് സ്വർണ്ണകുമാർ പൂമംഗലം ‘അസീസ് വധക്കേസി’ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അസീസിന്റെ സിനിമകളിലെ രംഗങ്ങളുടേയും വാരികകൾക്കും മറ്റും നൽകിയ അഭിമുഖങ്ങളുടേയും പൊതുവേദികളിലെ പ്രസംഗങ്ങളുടേയും പുനരാവിഷ്‌കാരം തിരക്കഥയ്ക്ക് മിഴിവേകി. സിനിമയ്ക്കുള്ളിലെ സിനിമയായതുകൊണ്ട് പ്രേക്ഷകർക്ക് കൗതുകമാവും. എല്ലാറ്റിനുമുപരി ഒരു സൈക്കോളജിക്കൽ ത്രില്ലർ. ഏത് സംവിധായകന്റെ മുന്നിൽ കാട്ടിയാലും അപ്പോൾത്തന്നെ കൊത്തിക്കൊണ്ടുപോകും.
പക്ഷേ, സ്വർണ്ണകുമാർ പൂമംഗലം നാട്ടിൻപുറത്തുകാരനായ, അത്രയൊന്നും പ്രശസ്തനല്ലാത്ത നാടകകൃത്താണ്. സിനിമകൾ കാണാറുണ്ട്. ആഴത്തിൽ പഠിക്കാറുണ്ട്. കൂട്ടുകാരുമായി ചർച്ച ചെയ്യാറുണ്ട്. പക്ഷേ, സിനിമയിലേയ്ക്കുള്ള വഴി അറിഞ്ഞുകൂടാ. അവസാനം ഒരു നാടകസുഹൃത്ത് മുഖാന്തിരം കോഴിക്കോട്ട് ചെന്ന് ടി. ദാമോദരൻ സാറിനെ ചെന്നുകണ്ടപ്പോഴാണ് പ്രതീക്ഷയുടെ ചെറുവെളിച്ചം ദൃശ്യമായത്. സ്‌ക്രിപ്റ്റുമായി മദ്രാസിൽ ചെന്ന് ഡയറക്ടർ ഐ.വി. ശശിയെ നേരിട്ട് കാണാൻ പറയുകയായിരുന്നു. അടുത്ത ദിവസം തന്നെ പുറപ്പെട്ടു. സാലിഗ്രാമിലെ വസതി കണ്ടുപിടിക്കാൻ പ്രയാസമുണ്ടായില്ല. കയറിച്ചെന്നപ്പോൾ നടി സീമയെയാണ് കണ്ടത്. ‘അക്ഷരങ്ങളി’ലും ‘അതിരാത്ര’ത്തിലും ‘ആൾക്കൂട്ടത്തിൽ തനിയെ’യിലും കണ്ട അതേ രൂപം. ഈ ജന്മത്തിൽ ഒരു സിനിമാനടിയെ കാണാനോ, സംസാരിക്കാനോ കഴിയുമെന്നു കരുതിയതല്ല.
ശശിസാർ വീട്ടിലെത്തുന്നത് എപ്പോഴാണെന്ന് സീമയ്ക്ക് തിട്ടമില്ല. ചിലപ്പോൾ വൈകിട്ടെത്തും. അല്ലെങ്കിൽ രാത്രിയാകും. അതുമല്ലെങ്കിൽ വന്നില്ലെന്നും വരും. ഒരാഴ്ച കാത്തുനിന്നശേഷമാണ് സ്വർണ്ണകുമാർ പൂമംഗലത്തിന് ശശിസാറിനെ നേരിട്ട്
കാണാനൊത്തത്. ആദ്യം അത്ര ഗൗനിച്ചില്ല. ടി. ദാമോദരൻ സാർ പറഞ്ഞയച്ചതാണെന്ന് അറിയിച്ചപ്പോൾ അല്പം അയവുണ്ടായി.
“പന്ത്രണ്ടിനു ശനിയാഴ്ച കാലത്ത് പത്തുമണിക്ക് മറീന ഹോട്ടലിൽ വന്നോളൂ, നോക്കാം.”
ശശിസാറിന്റെ “നോക്കാം” എന്ന വാക്ക് മരുഭൂമിയിൽ പെയ്ത ചാറ്റൽമഴയാണെന്നു സ്വർണ്ണകുമാർ പൂമംഗലത്തിനു തോന്നുകയുണ്ടായി.
കഥ
‘അസീസ് വധക്കേസി’ന്റെ പ്രമേയവും ട്രീറ്റ്‌മെന്റും ശശിസാറിനു നന്നെ പിടിച്ചു. സ്വരാക്ഷരത്തിൽ, അതും ‘അ’യിൽ തുടങ്ങുന്നതുകൊണ്ട് ടൈറ്റിൽ അതിനെക്കാൾ പിടിച്ചു. ശശിസാറിനെക്കൊണ്ട് സിനിമ ചെയ്യിക്കാൻ പ്രൊഡ്യൂസർമാർ ക്യൂവിലാണ്. തൊട്ടത് പൊന്നാകുമെന്നുറപ്പ്. ഇതുവരെ പറയാത്ത എന്തെങ്കിലും ഉണ്ടെന്നും പ്രേക്ഷകർ ഏറ്റെടുക്കുമെന്നും ഉറപ്പുണ്ടായാലേ ശശിസാർ സ്‌ക്രിപ്റ്റ് അംഗീകരിക്കൂ എന്നു പ്രൊഡ്യൂസർമാർക്കറിയാം. അതുകൊണ്ട് ‘അസീസ് വധക്കേസി’ന് ഒന്നാന്തരം പണച്ചാക്കിനെത്തന്നെ
പ്രൊഡ്യൂസറായി കിട്ടി.
ശശിസാർ സ്പീഡിന്റെ ആളാണ്. പറഞ്ഞ ദിവസം തന്നെ ചർച്ച പൂർത്തിയാക്കി. കാസ്റ്റിംഗ് നടത്തി. ഷെഡ്യൂൾ തയ്യാറാക്കി. റിക്കാർഡിംഗ് തീർത്തു. ഒട്ടും വൈകാതെ ഭരണി സ്റ്റുഡിയോയിൽ ഷൂട്ടിംഗ് തുടങ്ങുന്നതുവരെയെത്തി
കാര്യങ്ങൾ. തന്റെ പേനത്തുമ്പിൽ പിറന്ന കഥാപാത്രങ്ങൾ പേരുകേട്ട താരങ്ങളിലൂടെ അതേപടി മുന്നിൽ വന്നു നിൽക്കുന്നതിന്റെ ആഹ്ലാദം ആദ്യദിവസത്തെ ഷൂട്ടിങ്ങിൽത്തന്നെ സ്വർണ്ണകുമാർ പൂമംഗലം അനുഭവിച്ചു. തന്റെ തലയിൽ വെള്ളിവെളിച്ചത്തിന്റെ പരിവേഷം പ്രത്യക്ഷപ്പെടുന്നതായി സ്വപ്നം കണ്ടു. മനസ്സിൽ പണിതുകൊണ്ടിരുന്ന കോട്ട ആകാശത്തോളം ഉയർന്നുനിൽക്കുകയായിരുന്നു. അന്നേരമാണ് ആ ദ്രോഹി പേപ്പട്ടിയായി ചാടിവീണ്, തന്റെ സിനിമാമോഹത്തെ കടിച്ചെടുത്ത് ഓടിപ്പോയത്.
സ്വർണ്ണകുമാർ പൂമംഗലം പക്ഷേ, അടങ്ങിയിരുന്നില്ല. ആകാവുന്നിടത്തൊക്കെ നുഴഞ്ഞുകയറി. പല സംവിധായകരേയും കാട്ടി. പ്രൊഡ്യൂസർമാരോട് സങ്കടം പറഞ്ഞു. നടന്മാരെ കഥ കേൾപ്പിച്ചു. പക്ഷേ, ശശിസാർ ഉപേക്ഷിച്ച സാധനത്തെ തലയിലെടുത്തുവെക്കാൻ ആരും തയ്യാറായിരുന്നില്ല. വടപളനി വെട്രിവേൽ മുരുകൻ ചുവപ്പുകാട്ടിയതാണെന്നുകൂടി, പാട്ടായപ്പോൾ ‘അസീസ് വധക്കേസി’ന് ഓട്ടക്കാലണ വിലയില്ലാതായി. തന്റെ പരിശ്രമം അവസാനിപ്പിക്കുമ്പോഴേക്കും സ്വർണ്ണകുമാർ പൂമംഗലം വാർദ്ധക്യത്തിലേയ്ക്ക് കാലെടുത്തുവെച്ചിരുന്നു. അതിനിടയിലെപ്പൊഴോ, നാടകമെഴുതാനുള്ള തന്റെ കഴിവും താൽപ്പര്യവും കുറഞ്ഞുകുറഞ്ഞ് ഇല്ലാതായിരുന്നു. ആരുമറിയാത്ത മനുഷ്യനായി മാറിയിരുന്നു.
മൂലകഥ
കിം കിം ഡുക്കിന്റെ ‘മോബിയസ്’ കാച്ചിക്കുറുക്കി, മലയാളീകരിച്ച് ഏകപാത്രനാടകമായി അവതരിപ്പിക്കുന്നതിന്റെ ഒരുക്കത്തിലായിരുന്നു സുശാന്തിനി. ഡയലോഗിന്റെ ഊന്നുവടിയില്ലാതെ ഇടവിടാതുള്ള ഞരക്കത്തിന്റേയും മുരൾച്ചയുടേയും വിതുമ്പലിന്റേയും ചീറ്റലിന്റേയും പശ്ചാത്തലത്തിൽ ശരീരചേഷ്ടകളും ഭാവഹാവാദികളുംകൊണ്ട് കാലത്തിനും ദേശത്തിനും അനുയോജ്യമായി ‘മോബിയസി’നെ പുന:സൃഷ്ടിക്കണമെന്ന് സുശാന്തിനിയുടെ ഏറെനാളത്തെ ആഗ്രഹമായിരുന്നു. അത് ഏതാണ്ട് സാധിതപ്രായമായതിന്റെ ആഹ്ലാദത്തിലായിരുന്നു അവർ. ഡ്രസ്ഡ് റിഹേഴ്‌സലിന്റെ ഇടവേളയിൽ വിശ്രമിക്കവേ നേരമ്പോക്കിന് മൊബൈലെടുത്ത് വാട്‌സ്ആപ്പ് ചിള്ളിമാന്തുമ്പോഴാണ്,
‘നാടകക്കൂട്ടായ്മ’ ഗ്രൂപ്പിൽ വന്ന ആ വാർത്തയിൽ കണ്ണുടക്കിയത്.
“പൂമംഗലം വടക്കേക്കാവിനു സമീപത്തെ പാലനിൽക്കും പറമ്പിൽ സ്വർണ്ണകുമാർ (71) അന്തരിച്ചു. പഴയകാല നാടകകൃത്താണ്. ദീർഘനാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. എൺപതുകളുടെ അവസാനം, ‘അസീസ് വധക്കേസ്’ എന്ന സിനിമയ്ക്കുവേണ്ടി കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരുന്നു. പ്രശസ്ത ചലച്ചിത്രകാരനായ അസീസിന്റെ മരണവുമായി ബന്ധപ്പെട്ട രചനയായിരുന്നു അത്. അസീസിന്റെ കയ്യിൽനിന്നു തോക്ക് അബദ്ധത്തിൽ പൊട്ടിയതല്ലെന്നും...”
സുശാന്തിനി ഒരു നിമിഷം മൊബൈലിൽനിന്നു കണ്ണെടുത്തു.
അസീസ്!
ആ പേര് അവരുടെ ഉള്ളിൽ കാരമുള്ളായി കുത്തിക്കയറി. അതിന്റെ നോവ് മേലാസകലം നുരഞ്ഞുപൊന്തി.
...വിമൻസ് കോളേജിലെ പഠനകാലം. നാടകമത്സരം ഉദ്ഘാടനം ചെയ്യാനെത്തിയ വിഖ്യാത ചലച്ചിത്രകാരൻ അസീസ്. സ്ത്രീകൾ അഭിമുഖീകരിക്കുന്ന അവഹേളനങ്ങളും അതിക്രമങ്ങളും കലയിലൂടെ അതിനെ പ്രതിരോധിക്കേണ്ടതിന്റെ അനിവാര്യതയും കത്തിക്കയറിയ പ്രസംഗം. നാടകം കഴിഞ്ഞപ്പോൾ അടുത്തുവിളിച്ചുള്ള അഭിനന്ദനം. സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന ചോദ്യം. സഹോദരതുല്യമായ വാത്സല്യം. നിർഭയമായി ഇടപഴകാവുന്ന പെരുമാറ്റം. പുതിയ ചിത്രം തുടങ്ങുന്നു, അതിന്റെ രചനയ്ക്കായി തൊട്ടടുത്ത ഗ്രാമത്തിലെ ഇന്ന സ്ഥലത്ത് ഇത്രാം തീയതി മുതൽ ഉണ്ടാകും എന്ന സൂചന. സിനിമാമോഹമുള്ളതുകൊണ്ട് ആദ്യദിവസം തന്നെയുള്ള യാത്ര...
മുറിയിൽ സാധനങ്ങൾ അടുക്കിവെയ്ക്കുന്ന തിരക്കിലായിരുന്നു അസീസ്. സുശാന്തിനിയുടെ വരവോടെ അതു പാതിയിൽ നിർത്തി. തുടർന്നു കഥയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും വിശദീകരണം. “എഴുതിവരുന്നതേയുള്ളൂ, അഭിനയിക്കുന്നവരെ മുന്നിൽ കണ്ടാൽ പാത്രസൃഷ്ടിക്ക് തെളിമയും തനിമയും കൂടു”മെന്ന ആശ്വാസപ്രകടനം. അതിനിടയിൽ പതുക്കെ പെരുമാറ്റത്തിൽ ഗതിഭേദം. അതിക്രമത്തിന്റെ അടയാളങ്ങൾ. അതിർത്തി ലംഘിക്കുന്നു എന്നു ബോധ്യമായപ്പോൾ അസ്വസ്ഥയാവുന്ന സുശാന്തിനി. കണ്ണിൽപ്പെട്ടത്, തുറന്നുകിടക്കുന്ന സ്യൂട്ട്‌കേയ്‌സിലെ കടലാസുകൾക്കിടയിൽനിന്ന് എത്തിനോക്കുന്ന തോക്ക്. അറിയാതെ അതു കയ്യിൽ വന്നുചേരുന്നു. എവിടെയോ തട്ടി. എന്തോ സംഭവിച്ചു. ഒരു ഇരമ്പൽ. നേർത്ത പുക. സീൽക്കാരത്തോടെ അയാൾ മറിഞ്ഞുവീണു. തോക്ക് അവിടെത്തന്നെയിട്ട് പുറത്തേക്കോടി.
ഭയം അടിമുടി വിറപ്പിച്ചു. ഇനിയെന്ത്?
വരുന്നതുവരട്ടെയെന്നു കരുതി നേരെ ചെന്നത് സി.ഐ രാജശേഖരന്റെ വീട്ടിൽ. ഭാര്യ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരോടെങ്കിൽ അവരോട്. നടന്ന കാര്യങ്ങൾ വിറച്ചുവിറച്ച്, വാക്കുകൾ മുറിഞ്ഞുമുറിഞ്ഞ്, അതേപടി വിസ്തരിക്കാൻ തുടങ്ങി.
സി.ഐ രാജശേഖരന്റെ ഭാര്യ മുഴുവൻ കേൾക്കാൻ നിന്നില്ല. “തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണം” എന്നു പറഞ്ഞ് അവർ സുശാന്തിനിയെ വെളിയിലാക്കി ഗേറ്റടച്ചു.
പൊലീസ് ജീപ്പിന്റെ വരവും കാത്ത് സുശാന്തിനി വീട്ടിൽത്തന്നെ കഴിഞ്ഞു. ആരും വന്നില്ല. പിന്നെ പത്രത്തിൽ കണ്ടത് മാറിവന്ന ചിത്രം. അസീസിനു പറ്റിയ കയ്യബദ്ധം.
പുറമേയ്ക്ക് എല്ലാം എരിഞ്ഞടങ്ങിയെങ്കിലും സുശാന്തിനിയുടെ ഉള്ളിൽ ഒരു കനൽ പതിഞ്ഞുകത്തുന്നുണ്ടായിരുന്നു. ഇപ്പോഴിതാ ആ കനൽ ആരോ ഊതിക്കത്തിക്കാൻ ശ്രമിക്കുന്നതുപോലെ.
സുശാന്തിനിയുടെ ആധിപൂണ്ട കണ്ണുകൾ വീണ്ടും വാട്‌സാപ്പ് മെസ്സേജിലേയ്ക്ക് പാഞ്ഞു.
“...അസീസിന്റെ കയ്യിൽനിന്നു തോക്ക് അബദ്ധത്തിൽ പൊട്ടിയതല്ലെന്നും സ്ത്രീപീഡകർക്കെതിരെയുള്ള താക്കീതായി സ്വന്തം ജനനേന്ദ്രിയം
വെടിവെച്ച് നശിപ്പിച്ചതാണെന്നും പ്രതിജ്ഞാബദ്ധ കലാകാരന്റെ പ്രതീകാത്മകമായ പോരാട്ടമാണതെന്നും ആയിരുന്നു, തിരക്കഥയിൽ സ്വർണ്ണകുമാറിന്റെ കണ്ടെത്തൽ. ഐ.വി. ശശി സംവിധാനച്ചുമതല ഏറ്റെടുത്തിരുന്നെങ്കിലും എന്തോ കാരണംകൊണ്ട് പടം പൂർത്തിയാക്കാനായില്ല. അതിന്റെ ദുഃഖവും നിരാശതയും അവസാന നാൾ വരെ സ്വർണ്ണകുമാർ പൂമംഗലത്തെ അലട്ടിയിരുന്നു...”
“ത്ഫൂ...”
ഒച്ചകേട്ട്, റിഹേഴ്‌സൽ കാണാനെത്തിയ വിശിഷ്ടാതിഥികൾ ഞെട്ടിത്തരിച്ചു.
ഹാളിനകവും പുറവും പ്രകമ്പനം കൊള്ളിച്ച ശക്തമായ ചീറ്റലായിരുന്നു അത്. ‘മോബിയസ്’ എന്ന സംഭാഷണരഹിത, ഒറ്റയാൾ നാടകത്തിന്റെ, ഇടവേളയ്ക്കുശേഷമുള്ള ആദ്യത്തെ ആട്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

