

ഖാസിഹിൽസിൽ തലേദിവസം തോരാമഴയായിരുന്നു. വിങ്ങിപ്പൊട്ടിനിന്ന് ഒടുവിലൊരു പെയ്ത്ത്. അവളതു മുഴുവനും നനഞ്ഞു. മഴ നനയിക്കാതെ വളർത്തിയ മോളെയോർത്തു ഞാൻ. കുന്നിന്റെ എടുപ്പുകളിലെ ചെറുകെട്ടിടങ്ങളുടെ ഇറയത്ത് കയറി നിൽപ്പായിരുന്നു ഞാനും യാത്രാസംഘത്തിലെ മറ്റംഗങ്ങളും. അവൾ മാത്രം മഴ നനഞ്ഞ് കുന്നു കയറിയിറങ്ങി. ഇങ്ങനെ നനയരുതെന്നു പറയണമെന്നുണ്ടായിരുന്നു എനിക്ക്.
പിറ്റേന്നും ആ തണുപ്പ് അവളെ വിട്ടൊഴിഞ്ഞിരുന്നില്ല. ഒരു കപ്പ് ചായയും രണ്ട് ബിസ്‌കറ്റുമായി ഞാൻ അരികിലേയ്ക്ക് ചെന്നു. യാത്രയുടെ നാലാം ദിവസമാണ്. ഒരേ യാത്രാസംഘത്തിൽ ഉൾപ്പെട്ടവരായിട്ടും അന്നാദ്യമായാണ് അത്രയടുപ്പത്തിൽ. അവൾ ചായ കുടിച്ചു. ബിസ്‌കറ്റുകളിൽ ഒന്നു കഴിച്ചു. ജലദോഷത്തിന്റെ അസ്വസ്ഥയിലാണെന്ന് എനിക്കു മനസ്സിലായി.
ഇംഗ്ലീഷ് മരുന്നിനോട് എതിർപ്പില്ലെങ്കിൽ പ്രതിവിധി എന്റെ കയ്യിലുണ്ടെന്നു ഞാൻ പറഞ്ഞതും അവൾ ചിരിച്ചു. യാത്രകളിൽ ഒപ്പമുള്ള മരുന്നുപെട്ടി തുറന്ന് ഒരു ഗുളിക കൊടുത്തു. അന്നു വൈകുന്നേരത്തോടെ അവൾ വീണ്ടും തലേന്നത്തെ ചുറുചുറുക്കിലേയ്ക്ക് മടങ്ങിയെത്തി. മോസ്മി ഗുഹകളിലേക്കുള്ള പടവുകൾ ഞങ്ങൾ ഒന്നിച്ചാണ് കയറിയത്.
തിരിച്ചറിയാനുള്ള അടയാളംപോലെ ഞാൻ കഴുത്തിൽ തൂക്കിയ ക്യാമറയിലേയ്ക്ക് അവൾ വിരൽചൂണ്ടിയത് ഒടുവിലെ ദിവസമായിരുന്നു. കാസിരംഗയുടെ കാഴ്ചകൾ കണ്ട് ഹാജോയിൽ ബ്രഹ്മപുത്രാതീരത്ത് തകർച്ചയുടെ അടയാളങ്ങൾ പേറുന്ന പ്രാചീന ബുദ്ധവിഹാരത്തിനരികിലെത്തിയ ദിവസം.
മഞ്ഞുകാലത്തിന്റെ തുടക്കമാണ്. ഭൂമി ഉറക്കത്തിലാണെന്നു തോന്നിപ്പോകും. നിബിഡമായി ഒഴുകുന്ന നദിയിലേയ്ക്ക് നോക്കി ഞങ്ങൾ അടുത്തെങ്ങോ കടപുഴകിയ ഒരു കൂറ്റൻ മരത്തിന്റെ മേനിയിൽ ഇരുന്നു. തൂകിയൊഴുകുന്ന ബ്രഹ്മപുത്രയുടെ ഗതി പകർത്തി ഞാൻ ക്യാമറ തിരികെ കഴുത്തിലിട്ട നേരത്തായിരുന്നു ആ ചോദ്യം...
ഫോട്ടോഗ്രഫി പാഷനാണോ.
അതെ എന്നു ഞാൻ പറഞ്ഞു.
ബ്രഹ്മപുത്രയിലേയ്ക്ക് ആകാശം മഞ്ഞുതുള്ളികളെ കുടഞ്ഞു. കാറ്റിൽ നദിയുടെ ജലഗീതം നിറഞ്ഞു. നമുക്കൊരു ചായ കുടിച്ചാലോ എന്നായി അവൾ. പഴഞ്ചാക്കുകൾകൊണ്ട് പൊതിഞ്ഞ മുറിക്കുള്ളിലെ ഉള്ളിച്ചൂരിലിരുന്ന് ഇഞ്ചിയും ഏലയ്ക്കയും ചതച്ചിട്ട ചായ കുടിക്കുമ്പോൾ അകന്നകുന്നു പോകുന്ന ഓളങ്ങളിലേയ്ക്കു നോക്കി അവൾ നിശ്ശബ്ദയായി. “യാത്രകൾ പതിവാണോ...” ഞാൻ ചോദിച്ചു.
“അല്ല... ഇത്ര ദൂരേക്ക് ഇതാദ്യമായാണ്. ഒരാളെ തിരഞ്ഞിറങ്ങിയതാണ്...” അങ്ങനെയൊരു കാരണം പ്രതീക്ഷിച്ചിരുന്നില്ല ഞാൻ. ആരെ എന്ന ചോദ്യത്തിനൊപ്പം തളർച്ചയറിഞ്ഞ ഒരു തിരച്ചിൽക്കാലത്തിന്റെ ഓർമ്മകളും മനസ്സിലിരമ്പി.
തടിമേശയിൽ ഇറ്റുവീണ ചായത്തുള്ളിയെ ചൂണ്ടുവിരൽകൊണ്ട് ഒരു ചോദ്യചിഹ്നമാക്കുന്നതിനിടെ അവൾ പറഞ്ഞു: “ജീവിച്ചിരിപ്പുണ്ടോ എന്ന് ഉറപ്പില്ലാത്ത ഒരു വൃദ്ധനെ തിരഞ്ഞ്.”
ബാഗ് തുറന്ന് അവളൊരു പിച്ചളപ്പാത്രം പുറത്തെടുത്തു. രണ്ടിതളുകൾ അടർന്ന ഒരു പൂവ് അതിനുള്ളിൽ. മഞ്ഞിന്റെ മരവിപ്പിലേയ്ക്ക് ഒരു പൂക്കാലത്തിന്റെ ഗന്ധം അതൊഴുക്കിവിട്ടു.
“വഴികാണിച്ചുതരാൻ ഉണങ്ങിയ ഈ പൂവ് മാത്രമേ കയ്യിലുള്ളൂ. ഒരു മനുഷ്യനെ കണ്ടെത്താൻ ഇതിൽപ്പരം രസമുള്ള വഴി വേറെയുണ്ടോ?” നരച്ച കടലാസുകൊണ്ട് അവൾ മേശപ്പുറത്തെ ചോദ്യചിഹ്നം മായ്‌ചുകളഞ്ഞു.
പൂവ് ബാക്കിയാക്കിയ ഗന്ധം അവിടെമാകെ തങ്ങിനിന്നു. “ഇത് അയാൾ നട്ട ചെടിയുടെ പൂവാണ്. അയാളെ കണ്ടെത്താനായി കുറെയേറെ മാസങ്ങളായി ഞാനീ പൂവിനു പുറകെ അലയുന്നു. ഈ നദീതീരത്തു മാത്രം വളരുന്ന ചെടിയാണെന്ന് അടുത്താണ് കണ്ടെത്തിയത്. അങ്ങനെ പുറപ്പെട്ടു. വെറുതെയാകില്ലെന്ന് ഒരുറപ്പുമില്ലാത്ത ദീർഘയാത്ര. നിസ്സാരക്കാരൻ എന്നു കരുതിയൊരു വയസ്സൻ ഇത്രയും കുഴപ്പിച്ചുകളയുമെന്ന് ആരറിഞ്ഞു.”
കാറ്റിൽ തണുത്ത പരുക്കൻ വിരലുകളായി നദി ഞങ്ങളെ വന്നുതൊട്ടു. ഇത്രദൂരം സഞ്ചരിച്ച് കണ്ടെത്താൻ മാത്രം ആ വൃദ്ധൻ അവൾക്ക് ആരായിരുന്നുവെന്ന് എനിക്ക് അറിയണമെന്നുണ്ടായിരുന്നു. വിരലിലെണ്ണാവുന്നത്ര ദിവസം മാത്രം പരിചയമുള്ള ഒരു പെൺകുട്ടിയെ, അതും തീർത്തും അപരിചിതനായൊരാൾ ചോദ്യങ്ങൾകൊണ്ട് ബുദ്ധിമുട്ടിക്കുന്നതു ശരിയല്ലെന്ന തോന്നലിൽ ചോദ്യം അലിഞ്ഞു.
മൺപാത്രത്തിനുള്ളിലെ ചായയെ വാശിയോടെ ആറ്റിത്തണുപ്പിക്കുന്നുണ്ട് മഞ്ഞ്. കുറച്ചുനേരം അവളൊന്നും മിണ്ടിയില്ല. നിശ്ശബ്ദതയ്ക്ക് ചില പ്രശ്നങ്ങളുണ്ട്. തെറ്റായ ഉത്തരങ്ങൾ കടലാസിൽ എഴുതിച്ചേർക്കുന്ന പേനയാണത്. ചായപ്പുരയ്ക്കുള്ളിലെ സമോവറിൽനിന്നുയർന്ന ആവിപ്പുക വിവർത്തകനായി. അന്തരീക്ഷത്തിൽ പുക ഏതോ ലിപി കുറിച്ചു. തണുപ്പ് ജയിച്ചുനിന്നു.
“മോത്തി എന്നായിരുന്നു അയാളുടെ പേര്.” തുടർച്ച പ്രതീക്ഷിക്കാൻ ഇടയില്ലാത്ത നേരത്ത് അവൾ കഥ പറഞ്ഞുതുടങ്ങി. ഞങ്ങൾക്കു മുന്നിൽ ഒഴിഞ്ഞ മൺകോപ്പകളിൽ വീണ്ടും ഇഞ്ചിച്ചുവയുള്ള ചായ നിറഞ്ഞു. അവളുടെ ജീവിതത്തിന്റെ ഏടുകളെല്ലാം എനിക്കറിയാമെന്ന മട്ടിൽ ഏതോ വിരാമചിഹ്നത്തിന്റെ ഒരറ്റത്തുനിന്ന് അവൾ തുടങ്ങി. മഞ്ഞുതുള്ളികളുടെ നൃത്തം നിലച്ചു. നദി മധുരനിദ്രയിലാഴ്ന്നു.
അറ്റുതൂങ്ങിയ ബന്ധത്തിൽനിന്നു വിടുതൽ നേടിയ കാലത്ത് കോടതിയാണ് വിധിച്ചത് ആ വീട് എനിക്കുള്ളതാണെന്ന്. ഒന്നിച്ചു താമസിച്ചിടത്ത് ഒറ്റയ്ക്കായതോടെ എനിക്കാ വീടിനോട് വെറുപ്പായി. എവിടെയും കലഹങ്ങളുടേയും കരച്ചിലിന്റേയും മാറ്റൊലികൾ. പുതുക്കിപ്പണിയേണ്ടത് എന്നെ മാത്രമല്ല, വീടിനെക്കൂടിയാണെന്നൊരു തോന്നൽ.
വീടുപണി ഏറ്റെടുത്ത കരാറുകാരന്റെ സഹായിയായിരുന്നു മോത്തി. പിൻകഴുത്ത് മറച്ച നരച്ചമുടിയും കറ കട്ടപിടിച്ച പല്ലുകളുമുള്ള വയസ്സൻ. അയാളെ ആദ്യം കണ്ടത് ഞാനിപ്പോഴും ഓർക്കുന്നു. മൾബറിപ്പടർപ്പുകൾക്കിടയിൽനിന്നു തലനീട്ടി കറപിടിച്ച ചിരിയോടെ അയാൾ ചോദിച്ചു: “നിങ്ങളിവിടെ ഒറ്റയ്ക്കാണോ?” ഒറ്റയ്ക്കാവുക എന്നതൊരു കുറ്റമാണെന്ന മുൻവിധി അയാളുടെ ചോദ്യത്തിൽ ഞാൻ കണ്ടു. തല്‍ക്കാലം ഒറ്റയ്ക്കാണ്... എന്നുമാത്രം മറുപടി.
രണ്ടുപേരൊന്നിച്ചു മോഹിച്ചു പണിത വീടാണ്. പൊളിച്ചുകളയുന്നത് പഴയ ഇഷ്ടങ്ങളെക്കൂടിയാണ്. കോൺക്രീറ്റ് കട്ടറുകൾ പാരപ്പറ്റുകൾ പൊളിച്ചുതുടങ്ങി. ഇഷ്ടികയുടെ ചോരപ്പാളികൾ നിലം നിറച്ചു. ചുവന്ന പൊടി മുറ്റത്തും മുറിക്കുള്ളിലും നിറഞ്ഞു.
“ഈ പൊടികണ്ട് പേടിക്കണ്ട. വേണ്ടാത്തത് ഒഴിവാക്കുമ്പോൾ ഇത്തരം ചില പ്രയാസങ്ങൾ ഉണ്ടാകും” എന്നു പറഞ്ഞ് കോൺട്രാക്ടർ ഊണുമുറിയിലേയ്ക്കു കയറിവരുമ്പോൾ മോത്തി ഒപ്പമുണ്ടായിരുന്നു. പൊളിക്കലും ഏച്ചുകെട്ടലും ഒക്കെയായി കുറച്ചുമാസത്തേക്ക് ഇത് ഇങ്ങനൊക്കെയായിരിക്കും. എല്ലാമൊന്ന് വെടിപ്പാകും വരെ മറ്റൊരു താമസസ്ഥലത്തേയ്ക്ക് മാറാവുന്നതല്ലേ എന്ന് അയാൾ ചോദിച്ചു: “ഞാൻ എവിടേക്കും പോകുന്നില്ല. ഇവിടെത്തന്നെ നിൽക്കും...” പലരോടും പറഞ്ഞു തഴമ്പിച്ച മറുപടികൊണ്ട് ഞാൻ അയാളെ നിശ്ശബ്ദനാക്കി. “എങ്കിൽപ്പിന്നെ വീടു വൃത്തിയാക്കാൻ മോത്തിയെ ഏല്പിക്കാം. നിങ്ങൾക്ക് ഈ പൊടിയിൽ കിടന്നുറങ്ങണ്ടല്ലോ.” അനുനയത്തിലേയ്ക്ക് അയാൾ ചുവടുമാറി. എതിർത്തില്ല. ഉടമ്പടിക്ക് മൗനംകൊണ്ട് സമ്മതം പറയുമ്പോൾ മോത്തി വീണ്ടും ചിരിച്ചു.
അപകടകാരിയല്ലെന്നും വിശ്വസിക്കാമെന്നുമുള്ള ഉറപ്പിന്റെ പുറത്ത് ഞാൻ ഓഫീസിലായിരിക്കുന്ന പകൽനേരങ്ങളിൽ മോത്തി വീടിന്റെ അവകാശിയായി. കിടപ്പുമുറിയുടേതൊഴികെയുള്ള താക്കോലുകളുടെ കൂട്ടം അയാൾക്കു കൈമാറിയതോർത്ത് തുടക്ക ദിവസങ്ങളിൽ പലതവണ ഞാൻ അസ്വസ്ഥതയറിഞ്ഞിരുന്നു.
പക്ഷേ, മോത്തി എന്നെ അത്ഭുതപ്പെടുത്തി. ഒരുതരി പൊടിയില്ലാതെ വെള്ളിത്തളികപോലെ വീട് വൈകുന്നേരങ്ങളിൽ എന്നെ കാത്തുകിടന്നു.
അങ്ങനെയൊരു ദിവസം ഉച്ചനേരത്ത് മോത്തി എന്റെ ഫോണിലേയ്ക്ക് വിളിച്ചു: “നിങ്ങൾക്കെന്തെങ്കിലും വയ്യായ്കയുണ്ടോ?” അയാൾ ചോദിച്ചു. “മുറിയിൽ മരുന്നുകൾ ഒരുപാട് കണ്ടു... അതുകൊണ്ട് ചോദിച്ചതാണ്.” അയാൾ എന്റെ മുറിക്കുള്ളിൽ കയറിയെന്ന് എനിക്കു മനസ്സിലായി. രാവിലത്തെ തിരക്കിൽ മുറി പൂട്ടാൻ ഞാൻ മറന്നിരുന്നു. ഇഷ്ടക്കേട് പ്രകടിപ്പിക്കാനായിത്തന്നെ മറുപടി പറയാതെ ഞാൻ ആ സംഭാഷണം അവസാനിപ്പിച്ചു.
അന്നു വൈകിട്ട് വീട്ടിൽ എത്തിയപ്പോൾ ശേഷിച്ച ക്ഷമയും മനസ്സൊഴിഞ്ഞു. അയാൾ വെടിപ്പായി വിരിച്ചിട്ടുണ്ട് കിടക്ക. കസേരമേൽ ഞാൻ കൂട്ടിവെച്ച തുണികളിലും തൊട്ടിട്ടുണ്ട്. എന്റെ അടിയുടുപ്പുകളടക്കം മടക്കിയൊതുക്കി കട്ടിലിന്റെ ഓരത്തു വെച്ചിരിക്കുന്നു. ആശങ്കപ്പെടുമ്പോഴൊക്കെയുമുള്ളതുപോലെ എനിക്കു ശരീരം തിണർത്തുപൊന്തി.
പിറ്റേന്നു പതിവുപോലെ മോത്തി വന്നു. ഞാൻ അയാളെ ഗൗനിച്ചതേയില്ല. താക്കോൽക്കൂട്ടം കൊടുത്തതുമില്ല. പിന്നെ മോത്തി വീടിനുള്ളിലേയ്ക്കു കടന്നിട്ടില്ല. പക്ഷേ, അയാൾ ജോലി തുടർന്നു. താക്കോലിട്ട് തുറക്കേണ്ടതില്ലാത്ത വീടിന്റെ ഭാഗങ്ങളൊക്കെയും അയാൾ തുടച്ചു വെടിപ്പാക്കിയിട്ടു. പുറംചുമരിലെ മാറാലകൾ തട്ടിക്കുടഞ്ഞു. വീടുപണിയുമായി ബന്ധപ്പെട്ട് അടിയന്തരമായി എന്തെങ്കിലും അറിയിക്കേണ്ടിവന്നാൽ മാത്രം എന്റെ ഫോണിലേയ്ക്കു വിളിച്ചു. പതിയെപ്പതിയെ അയാളുടെ സാന്നിധ്യം എന്നെ ബാധിക്കാതെയായി. എന്റെ ചുറ്റുവട്ടത്ത് അയാളുണ്ടെന്നതുപോലും ഞാൻ അറിയാതായി.
മോത്തിയുടെ മൂളിപ്പാട്ട് കേട്ടാണ് അന്നു രാവിലെ ഞാൻ ഉണർന്നത്. ചെടി നനയ്ക്കുകയാണ്. ഞാൻ അതു നോക്കിനിന്നു. കുഞ്ഞുങ്ങളെ കുളിപ്പിക്കുംപോലെ. നനഞ്ഞ ചെടികളെ തോർത്തുകൊണ്ട് തുടയ്ക്കുന്നു. അവരോട് മിണ്ടുന്നു. എനിക്കു രസം തോന്നി. എനിക്കയാളോട് മിണ്ടാൻ തോന്നി.
രണ്ട് ഗ്ലാസ്സുകളിൽ ചായ പകർന്ന് വാതിൽ തുറന്നു ഞാൻ പുറത്തിറങ്ങി. “ചായകുടിക്കാം” ഞാൻ പറഞ്ഞു... കാലങ്ങളായുള്ള ശീലമെന്ന മട്ടിൽ മോത്തി കൈ തുടച്ചുകൊണ്ട് ചെടികൾക്കിടയിൽനിന്ന് ഇറങ്ങിവന്നു. ചായവാങ്ങി വെറുംനിലത്തിരുന്നു.
“ചെടികൾക്കു സ്നേഹം വേണം. ഏതൊക്കെയോ മണ്ണിൽ വളരേണ്ടവരല്ലേ. പിടിച്ചു ചട്ടിയിലിറക്കി വെക്കുമ്പോൾ അവർക്കു സങ്കടം കാണും. നനച്ചാൽ മാത്രം പോരാ. അവരോട് മിണ്ടണം. നമ്മുടെ കാര്യങ്ങളൊക്കെ പറയണം.” മോത്തി ചൂടുചായ കുടിച്ചിറക്കുന്നതിനിടെ പറഞ്ഞുകൊണ്ടിരുന്നു.
മുറ്റത്തെ ചെടികളൊക്കെയും സന്തോഷത്തിലാണ്. ഞാൻ കാണാത്ത പൂക്കൾ, തളിരുകൾ. വിള്ളലുകളും പോറലുകളും വീണ തകർച്ചയറിഞ്ഞ വീട്ടുമുറ്റത്താണെന്ന് അവരെ അറിയിക്കാതിരിക്കാൻ എന്തു മായാജാലമാകും മോത്തി ചെയ്തതെന്ന് ഞാനോർത്തു. എനിക്കയാളെ ഇഷ്ടമായി.
പിന്നെയങ്ങോട്ട് എനിക്കത് പതിവായി. രാവിലെയൊരു ചായ ഞങ്ങളൊന്നിച്ചായി. അതു കഴിഞ്ഞാൽ മോത്തിക്കൊപ്പം ഞാനും ചെടികൾക്കിടയിലേക്കിറങ്ങും. മോത്തിക്കു ഞാൻ വീണ്ടും താക്കോൽ കൊടുത്തുതുടങ്ങി. വീട് അയാളുടെ സ്പർശത്താൽ മുറിവുകളുണക്കി.
വീടുപണി കഴിയാറായി. വിളറിയ വേനൽപകലുകളിൽ ആകാശം കരിമേഘങ്ങളെ പെറ്റിട്ടുതുടങ്ങി. “മഴക്കാലം വരുന്നൂ... നിങ്ങൾക്കിനി മുകൾ നിലയിലിരുന്ന് മഴകാണാം...” മോത്തി പറഞ്ഞുകൊണ്ടിരുന്നു.
അവധിക്കു നാട്ടിലേയ്ക്ക് പോകുമ്പോൾ അത്തവണ വീട് പൂർണ്ണമായും മോത്തിയുടെ കയ്യിലായിരുന്നു. ഇടയ്ക്കു മോത്തി എന്നെ വിളിച്ചു. മഴ തുടങ്ങിയിരുന്നു. വലിയൊരു മിന്നൽ ആകാശത്തെ നെടുകെ പിളർത്തിയ ഒരു സന്ധ്യയിലാണ് മോത്തിയുടെ ശബ്ദം ഞാൻ അവസാനമായി കേട്ടത്. “മുകളിലെ ബാൽക്കണിയിൽ ഞാൻ നിങ്ങൾക്കൊരു സമ്മാനം കൊണ്ടുവച്ചിട്ടുണ്ട്. എന്റെ വീട്ടുമുറ്റത്തു നിന്നൊരു സമ്മാനം.” ഇടിയൊച്ചയിൽ മുറിഞ്ഞുപോയ ഫോൺകോളിൽ മോത്തി അവസാനമായി എന്നോട് പറഞ്ഞത് അതായിരുന്നു.
മടങ്ങിച്ചെല്ലുമ്പോൾ മോത്തിക്കായി ഒരു ജോടി ചെരുപ്പുകളും ഒരു മഴക്കോട്ടും പിന്നെയൊരു ഡയറിയും ഞാൻ ബാഗിൽ കരുതി.
മുകൾനിലയിൽ മിനുക്കുപണികൾ നടക്കുകയാണ്. പുറത്ത് മഴ തിമിർത്തു. മോത്തിയെവിടെ ഞാൻ ചോദിച്ചു: “അയാൾ പോയി...” ചുവരിനു ചായം തേച്ചുകൊണ്ടിരുന്ന ചെറുപ്പക്കാരനാണ് പറഞ്ഞത്.
“എവിടേക്ക്...”
“അയാളുടെ നാട്ടിലേക്ക്...” അയാൾ ചുമരിൽനിന്നു കണ്ണെടുക്കാതെ മറുപടി തന്നു.
“നാടോ...” ആ ചോദ്യത്തിന്റെ മുനകൾ എന്നെ വേദനിപ്പിക്കുന്നുണ്ടായിരുന്നു. ഇത്രകാലവും അയാളെന്നോട് പറഞ്ഞതിലെല്ലാം ഞാൻ മാത്രമാണുണ്ടായിരുന്നതെന്നും അയാളുണ്ടായിരുന്നില്ലെന്നും അപ്പോൾ മാത്രമാണ് ഞാനോർത്തത്.
തൂക്കുവിളക്കിൽ ബൾബുകൾ തിരുകിക്കൊണ്ടിരുന്ന ആൾ എനിക്കടുത്തേയ്ക്ക് വന്നു. “രണ്ടു ദിവസം മുന്‍പ് മോത്തിക്കൊരു ഫോൺ വന്നു. ഞങ്ങളെല്ലാവരും ഓരോ പണികളിലായിരുന്നു. ഫോണിൽനിന്ന് ഒരു സ്ത്രീയുടെ ഉറക്കെയുള്ള കരച്ചിൽ കേട്ടു. ഫോൺ പെട്ടെന്നു കട്ടായി. മോത്തി തിരികെ വിളിച്ചിട്ടും പിന്നെ മറുപടിയൊന്നും കിട്ടിയില്ല. നാട്ടിൽനിന്നു ഭാര്യയാണെന്നു മാത്രം പറഞ്ഞ് അയാൾ അപ്പോൾത്തന്നെ ഇവിടെനിന്നു പോയി.”
അയാളിത്രയും പറയുന്നതിനിടെ ഞാൻ ഫോണിൽ മോത്തിയുടെ നമ്പർ ഡയൽ ചെയ്തു. ഇനി വിളിക്കേണ്ടതില്ലെന്ന മുന്നറിയിപ്പെന്നോണം എന്നെ കേൾക്കാനാവാത്ത, ഉത്തരമില്ലാത്തത്ര ദൂരത്തുനിന്നു ശൂന്യത എന്നെ വന്നു തൊട്ടു.
വാക്കുപാലിച്ചിട്ടാണ് അയാൾ പോയത്. മുകൾനിലയിലെ ബാൽക്കണിയിൽ ഭംഗിയുള്ളൊരു മൺപാത്രത്തിൽ മഴയിലേയ്ക്ക് നാമ്പുനീട്ടിയൊരു ചെടി. ആദ്യം മോത്തിയെ കണ്ടപ്പോഴെന്നപോലെ തീർത്തും അപരിചിതം. ചെടി വളർന്നു. മോത്തി മടങ്ങിവന്നില്ല. ആരും അയാളെ അന്വേഷിച്ചതുമില്ല.
ഒരു രാത്രി ബാൽക്കണിയിലെ മോത്തിയുടെ സമ്മാനം പൂവിട്ടു. കിടപ്പുമുറിയുടെ ജനാല കടന്ന് ആ ഗന്ധം എന്നെ ഉണർത്തി. വാടിവീഴും മുന്‍പ് ഞാനാ പൂവിനെ ഇറുത്തു സൂക്ഷിച്ചു. ഏതോ ദേശത്തുനിന്ന് എന്നോ സൂക്ഷിച്ച വിത്തിൽ എനിക്കായി അയാൾ മുളപ്പിച്ചെടുത്ത സമ്മാനത്തിൽ പിറന്നതല്ലേ. അയാളെ കണ്ടെത്താൻ അതെന്നെ സഹായിക്കാതിരിക്കില്ല എന്നെനിക്ക് അറിയാമായിരുന്നു...
ഞങ്ങളുടെ മൺകോപ്പകൾ വീണ്ടും ശൂന്യമായി. അവൾ മേശയുടെ പ്രതലത്തിൽ വിരൽകൊണ്ട് എന്തൊക്കെയോ വരച്ചുകൊണ്ടിരുന്നു. “നമുക്കൊന്ന് നടന്നാലോ...” ഞാൻ ചോദിച്ചു. “യാത്രാ സംഘം മടങ്ങിയെത്താൻ ഇനിയും നേരമെടുക്കും. അതിനിടയ്ക്ക് ആ ചെടി കണ്ടെത്താനാകുമോ എന്നു നോക്കാം.”
വെളിച്ചത്തിനു നിറം കുറഞ്ഞുതുടങ്ങിയിരുന്നു. മഞ്ഞ് അതാര്യമായൊരു തിരശ്ശീലയായി നദിയെ പൊതിഞ്ഞു. “ദാ അവിടേക്കാദ്യം...” നദീതീരത്തെ മരങ്ങൾക്കിടയിലൂടെ അവൾക്കു പിന്നിലായി ഞാൻ നടന്നു. ഏതോ പ്രഹരത്താലെന്നപോലെ കല്ലുകൾ ഇളകിയടർന്ന വഴിയിലൂടെ ഏറെ ദൂരം നിശ്ശബ്ദരായും പിന്നെ അല്ലാതെയും.
മഞ്ഞിന്റെ വിരിപ്പിനു കട്ടികൂടുന്നുണ്ട്. “അല്പനേരം ഇവിടെ ഇരിക്കാം...” അവളതു പറയുമ്പോൾ കാലം തെറ്റി പൂത്ത റോഡോഡെൻഡ്രോണുകളുടെ ഭാരത്താൽ ചില്ലതാഴ്ത്തിയൊരു പാവം മരത്തിലേയ്ക്ക് ഞാൻ ക്യാമറ തിരിക്കുകയായിരുന്നു. മരത്തിന്റെ നിഴലിനെ പുണർന്നു മണ്ണിൽ വിലങ്ങനെ കിടന്ന പ്രായംചെന്നൊരു വേരിൽ അവൾ ഇരുന്നു. ഞാൻ ക്യാമറയുടെ സ്‌ക്രീനിൽ അവളെ പൂക്കളെ പേറിയ ചില്ലയുടെ ചിത്രം കാണിച്ചുകൊടുത്തു. “ഇതിലുള്ള ഫോട്ടോകൾ ഞാനൊന്നു നോക്കിക്കോട്ടേ...” -അവൾ ചോദിച്ചു.
മറ്റാരും സ്പർശിക്കരുതെന്നെനിക്കു നിർബ്ബന്ധമുള്ള നിധിയാണതെന്നു പറയാതെ ഞാൻ ക്യാമറ അവളുടെ കയ്യിൽ വെച്ചുകൊടുത്തു. ചെറിയ സ്‌ക്രീനിൽ ഓരോ ചിത്രങ്ങളിലേക്കും നോക്കി നിർത്താതെ സംസാരിച്ചുകൊണ്ടിരുന്ന ആ പെൺകുട്ടി പെട്ടെന്നാണ് നിശ്ശബ്ദയായത്. ആ നേരത്ത് ഒരു കുഞ്ഞു വൃക്ഷത്തലപ്പും കൊത്തിയെടുത്ത് കടും നിറമുള്ളൊരു പക്ഷി മഞ്ഞിന്റെ മറകൾ കടന്ന് നദിക്കു കുറുകേ പറക്കുന്നതും നോക്കിനിൽക്കുകയായിരുന്നു ഞാൻ. തുടച്ചു മായ്ക്കാനാവാത്തൊരു കറ മാത്രമാണ് ഓർമ്മയെന്ന് അപ്പോഴെനിക്കു തോന്നി. “ഈ ഫോട്ടോ നിങ്ങൾ എടുത്തതാണോ...” അവളുടെ ശബ്ദത്തിനു മഞ്ഞിന്റെ തണുപ്പ്.
അല്ല എന്നു പറയാൻ ഒട്ടും വൈകിയില്ല ഞാൻ.
“പിന്നെ...”
“എന്റെ മകൾ...”
അവൾ തുടർന്നൊന്നും ചോദിച്ചതില്ല. ചോദിക്കരുതെന്ന യാചന എന്റെ മുഖത്തുനിന്നു വായിച്ചെടുത്തിട്ടുണ്ടാവും.
അപ്പോൾ വീശിയ കാറ്റിൽ ആ പൂവിന്റെ ഗന്ധം. അതിശയപ്പെട്ട് ഞാനതിന്റെ ദിശ തേടി. അവൾ ക്യാമറ തിരികെത്തന്നു പതിയെ എഴുന്നേറ്റു. നമുക്കു മടങ്ങാം... അവളുടെ ശബ്ദത്തിന് അപ്പോഴും തണുപ്പായിരുന്നു. നമുക്കാ ചെടി കാണണ്ടേ... ഞാൻ ചോദിച്ചു. വേണ്ട... തിരികെയുള്ള നടത്തത്തിൽ അവളെന്നെ ഏറെ പിന്നിലാക്കി. നദിക്കരയിൽ കാത്തുകിടന്ന ബസിലേയ്ക്ക് കയറാൻ ഞാൻ വരുംവരെ അവൾ കാത്തുനിന്നു. പിറ്റേന്നു രാവിലെ ഇരുവഴിക്ക് എന്നേക്കുമായി പിരിയും മുന്‍പ് അവളെന്റെ അരികിൽ വന്നു. ആ പിച്ചളപ്പാത്രം അവളെന്റെ കയ്യിൽ തിരുകി. ഇതെന്റെ ഓർമ്മയ്ക്ക്. പിന്നെയൊന്നും പറയാതെ അവളിറങ്ങി.
അസമിൽ നാലുനാൾ കൂടി തങ്ങിയ ശേഷമാണ് ഞാൻ വീട്ടിൽ മടങ്ങിയെത്തിയത്. എത്തിയപാടേ മകളുടെ മുറിയിലേയ്ക്ക് കയറി. വർണ്ണനൂലുകളിൽ തലങ്ങും വിലങ്ങും അവൾ കൊരുത്തിട്ട ഫോട്ടോഗ്രാഫുകൾ കണ്ണീരിന്റെ മറയ്ക്കപ്പുറം വീണ്ടും. അലമാര തുറന്ന് ഞാൻ അവളുടെ ബാഗ് പുറത്തെടുത്തു. പിടിച്ചുവെച്ച കണ്ണീരൊക്കെയും വീണുപോയി. അപ്പോൾ ഞാനാ പെൺകുട്ടിയെ വീണ്ടുമോർത്തു. ഹാജോയിലെ എന്റെ കൂട്ടുകാരിയെ.
മകളുടെ ബാഗിൽ ആ കത്ത് ഇപ്പോഴുമുണ്ട്. ആരെന്നറിയാത്തൊരാളിൽനിന്നു കൈപ്പറ്റിയ കത്ത്. അതിൽ ഇത്രമാത്രം കുറിച്ചിരുന്നു... നിങ്ങളുടെ മകളെ നദിയെടുത്തു. ഇനി തിരയേണ്ടതില്ല...
മടക്കമില്ലാത്ത യാത്രയ്ക്കൊടുവിൽ അവളെ കാത്തിരുന്ന് മടുത്ത ബാഗും അതിനുള്ളിലെ ക്യാമറയും നാട്ടിലെ വിലാസത്തിലേയ്ക്ക് തിരികെയെത്തുകയായിരുന്നു. നനവുതട്ടി ബാഗിന്റെ പുറംപാളി വിണ്ടുതുടങ്ങിയിരുന്നു. അതിനുള്ളിൽ ഒരു കവറിൽ ക്യാമറയും കുറച്ചു രേഖകളും. അതിൽനിന്നു കിട്ടിയ വിലാസത്തിലേയ്ക്ക് ആരോ അയച്ചതാണ്. എവിടെയെല്ലാമൊക്കെയോ അവളെ തിരഞ്ഞു വീട്ടിൽ മടങ്ങിയെത്തിയ അതേ ദിവസമാണ് അതെന്റെ കയ്യിലെത്തുന്നത്. അന്നു മുതൽ എനിക്ക് ആ ക്യാമറ മകളുടെ കണ്ണാണ്. മകൾ കണ്ടുതീർക്കാത്ത, കാണാൻ ബാക്കിവച്ച ദൃശ്യങ്ങൾ തേടി ഞാൻ സഞ്ചാരിയായി.
ഞാൻ വീണ്ടും ക്യാമറ കയ്യിലെടുത്തു. അതിന്റെ ഇടുങ്ങിയ ചതുരവെളിച്ചത്തിനുള്ളിൽ നദീതീരത്ത് എന്റെ സഹയാത്രികയെ നിശ്ശബ്ദയാക്കിയ ചിത്രം പരതി. മകൾ പകർത്തിയ അവസാനത്തെ ചിത്രം.
രണ്ടുവിരലുകളുടെ ചലനത്താൽ ആ ചെറുചതുരത്തിനുള്ളിൽ ചിത്രം വലുതായി. കലങ്ങിയൊഴുകുന്ന നദി. ജലപ്പരപ്പിനു മുകളിലേക്കുയർന്ന രണ്ട് കൈകൾ. അതൊരു വൃദ്ധന്റേതാണെന്നുറപ്പാണ്. ഒരു കൈയിൽ പച്ച കുത്തിയിട്ടുണ്ട്. പരിചിതമായൊരു പൂവിന്റെ ചിത്രം.
ഞാനാ പിച്ചളപ്പാത്രം തുറന്നില്ല. പക്ഷേ, അതിനുള്ളിൽ അടർന്നുവീണ രണ്ടിതളുകൾ അതേ നദിയിലൊഴുക്കാൻ ഒരിക്കൽകൂടി അവിടേക്ക് മടങ്ങിപ്പോകുമെന്നുറപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates