വി.കെ.സുധീര്‍കുമാര്‍ എഴുതിയ കഥ: 100k ലൈക്ക്

ചിത്രീകരണം സചീന്ദ്രന്‍ കാറഡുക്ക
വി.കെ.സുധീര്‍കുമാര്‍ എഴുതിയ കഥ: 100k ലൈക്ക്
Updated on
8 min read

ച്ഛന് മദ്യത്തിന്റെ മണവും അടുക്കളയ്ക്ക് ചിക്കന്റെ മണവുമുള്ള പതിവ് അവധിദിനം പോലെയായിരുന്നില്ല തേജോമയന് അന്നത്തെ ഞായറാഴ്ച. അതുകൊണ്ടുതന്നെ അവൻ നേരത്തെ എണീറ്റിരുന്നു. നിരാശയുടേയും കണ്ണീരിന്റേയുമെല്ലാം ഇമോജികൾ നിറഞ്ഞ ദിവസങ്ങൾക്ക് ഇന്നത്തോടെ വിരാമമാകുമെന്നാണ് അവന്റെ പ്രതീക്ഷ. അതിലേയ്ക്കുള്ള യാത്രയിലാണ് തേജോമയൻ.

“എല്ലാ മൊഞ്ചന്മാർക്കും മൊഞ്ചത്തികൾക്കും എന്റെ മിഡിൽ ഫിങ്കർ ചാനലിലേക്ക് സ്വാഗതം.” ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാവുന്നതാണല്ലോ ലൈക്കും കമന്റ്‌സും ഷെയറുംകൊണ്ട് എന്റെ ഈ വീഡിയോയും എന്റെ എല്ലാ ചങ്കുകളും കളറാക്കിത്തരുമെന്ന് എനിക്കറിയാം...

“നമുക്കു തുടങ്ങാം.” വ്ലോഗറും യൂട്യൂബറുമായ തേജോമയൻ ചെറിയൊരു ഇടവേളയ്ക്കുശേഷം വീണ്ടുമൊരു വിഷയത്തിൽ വീഡിയോ ചെയ്യുകയാണ്.

പതിനേഴിന്റെ താരുണ്യം കൂടുകൂട്ടിയ മുഖവും നിഷ്‌കളങ്കമായ ചിരിയുമാണ് തേജോമയന്റെ ആകർഷണം. അതുകൊണ്ടുതന്നെ ആയിരക്കണണക്കിനു വ്യൂവേഴ്‌സുള്ള താരമാണിവൻ. ഇവന്റെ പോസ്റ്റുകൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന നിമിഷം തന്നെ ലൈക്കുകളും കമന്റുകളും പറന്നു തുടങ്ങും. അൽപ്പം തമാശ, റൊമാൻസ് അതുപോലെ രാഷ്ട്രീയം, തത്ത്വചിന്ത എന്നിങ്ങനെ എല്ലാം ചേർത്തുള്ള ഒരു മസാലയായതിനാൽ എല്ലാത്തരം ആളുകളേയും സുഖിപ്പിക്കാനുള്ള ഐറ്റം ഓരോ വീഡിയോയിലും കാണാം.

മടങ്ങിയ മറ്റു വിരലുകൾക്കിടയിൽ നിവർന്നുനിൽക്കുന്ന നടുവിരലും ആ വിരലിന്റെയറ്റത്ത് ചിറകുവിടർത്തി നിൽക്കുന്ന ഒരു ചിത്രശലഭവുമാണ് മിഡിൽ ഫിംഗറിന്റെ ലോഗോ. തേജിന്റെ വീഡിയോയ്ക്ക് മുന്നിലേയ്ക്ക് ന്യൂജെൻ തള്ളിക്കയറുന്നതിനു മറ്റൊരു യമണ്ടൻ കാരണം കൂടിയുണ്ട്. അതാണ് പായൽ. നീലക്കണ്ണുള്ള സുന്ദരി. ഇവർ രണ്ടുപേരും പ്ലസ്ടൂവിന് ഒരേ ക്ലാസ്സിലാണ്. ഇരുവരും കട്ടയ്ക്ക് കട്ട പ്രണയത്തിലാണ്. തേജിന്റെ ഭാഷയിൽ പറഞ്ഞാൽ “എന്നെക്കുറിച്ചു മാത്രം ചിന്തിക്കാൻ തലച്ചോറും എന്നെ മാത്രം സ്നേഹിക്കാനായി ഹൃദയവും എന്നെ മാത്രം കാണാനായി കണ്ണുകളും നൽകി ദൈവം ഭൂമിയിലേക്കയച്ച മാലാഖ. തേജിന്റെ മിക്ക വീഡിയോകളിലും പായലുമുണ്ടാകും.

“നമ്മൾ ഇന്നൊരു യാത്രയിലാണ്...”

തേജിന്റെ വീഡിയോ തുടരുകയാണ്.

“ഈ ദിവസത്തിന്റെ പ്രത്യേകത എന്താണെന്നു ഞാൻ നിങ്ങളോട് പറയുന്നില്ല. പ്രേക്ഷകരുടെ വിപുലമായ അറിവിനെ ബഹുമാനിച്ചുകൊണ്ട് അവൻ ഇടയ്ക്കിടെ അതു പറയുന്നുണ്ടായിരുന്നു. എന്നാൽ, ഒരു സസ്‌പെൻസ് എന്നോണം തേജ് ആ വിഷയത്തിൽ മൗനം തുടർന്നു.

ഈ കാറിൽ നമുക്കിന്ന് ഒരു പ്രത്യേക അതിഥി തന്നെയുണ്ട്. അവർ ആരാണെന്നു വഴിയെ മനസ്സിലാകും. മറ്റുള്ളവർ ആരൊക്കെയാണെന്നു നമുക്കു കാണാം. ഇതു പായൽ.” പുതിയ വേർഷൻ ആപ്പിൾ ഫോൺ ഘടിപ്പിച്ച ട്രൈപോഡ് പായലിനു നേരെ തിരിഞ്ഞു. ഡെനിം നീല ട്രൗസറും സ്ലീവ്‌ലെസ് ടോപ്പുമാണ് അവളുടെ വേഷം. ക്യാമറ അവളെ ഫോക്കസ് ചെയ്തപ്പോൾ ചന്ദനനിറമുള്ള തുടകളിൽ വിശ്രമിക്കുകയായിരുന്ന കൈകളുയർത്തി അവൾ ഹായ് പറഞ്ഞു. പിന്നെ ഒരു പറക്കും ചുംബനവും നൽകി.

“ഇതു നമ്മുടെ സ്വന്തം ഡ്രൈവർ ശ്രീകുമാർ എന്ന ശ്രീയേട്ടൻ.” അയാൾ ലൈക്ക് ചിഹ്നം കാണിച്ചു.

തുടക്കം മുതൽ അവസാനം വരെ നിലനിർത്തുന്ന സസ്‌പെൻസ് ആണ് ഇവരുടെ ഓരോ പരിപാടിയുടേയും ഹൈലൈറ്റ്‌സ്.

ഹൈവെയിൽ യാത്ര പാതിദൂരം പിന്നിട്ടപ്പോൾ ഒരു സൂപ്പർ മാർക്കറ്റിനു മുന്നിൽ കാർ നിർത്തി. അവൻ ട്രൈപോഡ് പായലിനു കൈമാറി.

“ഇവിടെനിന്നും ഞാൻ രണ്ട് സാധനങ്ങൾ വാങ്ങും.” പായലിന്റെ ക്യാമറയിലേയ്ക്ക് നോക്കി അവൻ പറയാൻ തുടങ്ങി. “ഒന്നു ഞാൻ നിങ്ങളെ കാണിക്കും. രണ്ടാമത്തെത് സസ്‌പെൻസ് ആണ്.” ഇരയെ കാത്തുകിടന്ന ഒരു ഭീകരജീവിയെപ്പോലെ സൂപ്പർ മാർക്കറ്റിന്റെ ചില്ലുവായ അവർക്കു മുന്നിൽ തുറന്നു.

പൂക്കൾ നിരത്തിവെച്ച ഒരു കോർണറിലേയ്ക്ക് അവൻ പോയി. അതിൽനിന്നും വെള്ളത്തുള്ളികൾ വീണു തുടുത്ത ഒരു പനിനീർ പൂവെടുത്ത് പ്രേക്ഷകർക്കായി ക്ലോസപ്പിൽ കാണിച്ചു. ഇനി എനിക്ക് ഒരു സാധനം കൂടി വാങ്ങണം. “ഞാൻ പറഞ്ഞിരുന്നല്ലോ അത് എന്താണെന്നിപ്പോൾ പറയില്ല.” ഇതോടെ പായൽ ക്യാമറ വേറൊരു ആംഗിളിലേയ്ക്ക് തിരിച്ചു.

ചിത്രീകരണം -സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം -സചീന്ദ്രന്‍ കാറഡുക്ക

അവൻ മുന്നിൽ നിരത്തിവെച്ച അനേകം മോഡലുകൾ എടുത്തുനോക്കി. അപ്പോൾ അവനരികിലേയ്ക്ക് ചുണ്ടിൽ കൃത്രിമമായി വരുത്തിയ ചിരിയുമായി കറുത്ത ഓവർകോട്ടിൽ ഒരു പെൺകുട്ടി കടന്നുവന്നു. “ഇതെടുത്തോ സർ. ഇതിനു നല്ല ഡിമാന്റാണ്.” അവൻ അവളുടെ കയ്യിൽനിന്നും സാധനം വാങ്ങി തിരിച്ചും മറിച്ചും നോക്കുന്നതിനിടയിൽ അവൾ വേറൊന്ന് എടുത്തു. “ഇത് ബട്ടനുള്ളതാണ് ഒന്ന് ഞെക്കിയാൽ നിവരുകയും മടങ്ങുകയും ചെയ്യും. നേപ്പാളിൽ നിന്നുള്ളതാണ്. ചെറുതായതിൽ പോക്കറ്റിലുംകൊണ്ട് നടക്കാം.” അവളത് പറഞ്ഞപ്പോൾ അതവനിഷ്ടായി. അവനത് വാങ്ങി.

“സാർ ഇനിയന്തെങ്കിലും...?”

വേണ്ടെന്നർത്ഥത്തിൽ അവൻ തലയാട്ടി.

“പാക്ക് ചെയ്യേണ്ടേ?” അതിനും അവൻ നിഷേധാർത്ഥത്തിൽ തലയാട്ടി. കൗണ്ടറിൽ ക്യാഷ് ചെയ്തതോടെ അവൻ വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തി.

തേജിന്റെ ഇന്നത്തെ വീഡിയോയ്ക്ക് പിന്നിൽ വലിയൊരു ലക്ഷ്യമുണ്ട്. 100 കെ ലൈക്കിന്റെ പട്ടികയിൽ ഇടം നേടുകയെന്നതാണ് ആ ലക്ഷ്യം. 100 കെ ലൈക്ക് ഏറെ കാലമായി അവന്റെ സ്വപ്നമാണ്. യൂട്യൂബിൽ അവനൊപ്പം വന്നവരും അവനു ശേഷം വന്നവരിൽ ചിലരും ഈ നേട്ടം കൈവരിച്ചതോടെ വെർച്വൽ പ്ലാറ്റ്‌ഫോമിൽ താൻ ഭീഷണി നേരിടുകയാണെന്ന് അവനു തോന്നി. ഇതിനു മുന്‍പ് ചെയ്ത ഒരു വീഡിയോയിലൂടെ ആ ലക്ഷ്യം കൈവരിക്കാമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സാധിച്ചില്ല.

മെൻസ്ട്രുവൽ കപ്പിനെക്കുറിച്ചായിരുന്നു ആ വീഡിയോ. മെൻസ്ട്രുവൽ കപ്പ് വിപണിയിൽ ഇറങ്ങിയ കാലം. പുതിയകാലത്ത് കപ്പിന്റെ ആവശ്യകത, സാനിറ്ററി പാഡുകൾ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ, പരിസ്ഥിതി പ്രശ്നങ്ങൾ, ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങൾ, ആദ്യകാലങ്ങളിൽ വീടിനോടുള്ള ചേർന്നുള്ള തീണ്ടാരിപ്പുരകൾ തുടങ്ങിയവ വിശദീകരിച്ച് സമഗ്രമായ പോസ്റ്റായിരുന്നു അത്. ശബരിമല വിഷയം കൂടി ചേർത്ത് ആർത്തവത്തിന്റെ രാഷ്ട്രീയവും പറഞ്ഞു. എന്നാൽ, പ്രേക്ഷകർ കാത്തുനിന്നത് ഇതിനൊന്നുമായിരുന്നില്ല. വീഡിയോയിൽ മെൻസ്ട്രുവൽ കപ്പ് പിടിച്ചിരുന്നത് പായലായിരുന്നു. ഈ കപ്പ് എങ്ങനെ ഉപയോഗിക്കാമെന്ന് പായൽ സോദോഹരണം വിശദമാക്കുമെന്ന് തേജ് ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. ബാക്കിയെല്ലാം അവഗണിച്ചാലും ആരാധകർ ഈ ചൂണ്ടയിൽ കൊത്തുമെന്ന് അവനറിയാമായിരുന്നു. വീഡിയോയുടെ അവസാനഭാഗം അതിനായി ആരാധകർ മറ്റെല്ലാം മറന്ന് കാത്തുനിന്നു.

ഒടുവിൽ ആ നിമിഷം വന്നുചേർന്നു. പായൽ കപ്പിന്റെ ഓരോ ഭാഗവും എടുത്ത് കാണിച്ച് ഒരു പ്രത്യേക ക്ലാസ് തന്നെയെടുത്തു. പിന്നെ ഇത് എങ്ങനെ ഉപയോഗിക്കാമെന്നു പറഞ്ഞ് അവൾ ചുരിദാറിന്റെ പാന്റ്‌സ് ഊരി ട്രൗസറിൽ പ്രത്യക്ഷമായി. ആരാധകർ ആകാംക്ഷയോടെ മൊബൈൽ സ്‌ക്രീനിൽ കണ്ണുകൾ സമർപ്പിച്ചു. പൊടുന്നനെയാണ് അൽപ്പമകലെയുള്ള ഒരു പെൺകുട്ടിയുടെ ഡമ്മിയിലേയ്ക്ക് ക്യാമറ തിരിഞ്ഞത്. പായലിന്റെ ശരീരപ്രകൃതിപോലെ മെലിഞ്ഞതായിരുന്നു ആ ഡമ്മിയും. ആ ഡമ്മി തനിക്കരികിലേയ്ക്ക് ചേർത്തുനിർത്തി ഒട്ടും ഭാവവ്യത്യാസം കൂടാതെ അതിൽ ധരിപ്പിച്ചിരുന്ന പാന്റീസ് മാറ്റി അവൾ കപ്പ് നിക്ഷേപിക്കുന്നത് എങ്ങനെയെന്ന് വിശദമായി കാണിച്ചു.

ധാരാളം ആരാധകർ ഈ വീഡിയോ ഏറ്റെടുത്തെങ്കിലും 100 കെയിലേയ്ക്ക് എത്താതായപ്പോൾ ആ നിരാശ തേജിനെ വല്ലാതെ വേട്ടയാടി. പിന്നെ കുറച്ച് കാലത്തേയ്ക്ക് വീഡിയോ ചെയ്യാതെ മാറിനിൽക്കുകയായിരുന്നു.

അങ്ങനെ ഡിപ്രഷനടിച്ച് പണ്ടാരമടങ്ങി നിൽക്കുന്ന ഒരു ദിവസമാണ് പായൽ അവനെ കാണാനെത്തിയത്.

“നമുക്കൊരു കിടുക്കാച്ചി ഐറ്റം ട്രൈ ചെയ്താലോ?”

അവന്റെ അവസ്ഥ കണ്ടിട്ടാവണം അവൾ മുഖവുരയൊന്നും കൂടാതെ ചോദിച്ചു.

“ഇനിയുള്ള കാലം സെക്സ് ടോയ്സുകളുടേതാണ്.”

അതുവെച്ച് നമുക്കൊന്നു കളിച്ചാലോ?

കേട്ടപ്പോൾ അതു ക്ലച്ച് പിടിക്കുമെന്നൊരു തോന്നൽ വന്നതുകൊണ്ടാകും തേജിന്റെ മുഖം പതുക്കെ മാറാൻ തുടങ്ങി. അതോടെ പായലും ഉഷാറായി. മലയാളികളുടെ കിടപ്പറകളെ ഇനി പ്രകമ്പനം കൊള്ളിക്കാൻ പോകുന്നത് വൈബ്രേറ്ററുകൾ ഉൾപ്പെടെയുള്ള സെക്സ് ടോയ്സുകളാണ്. ഇതിൽത്തന്നെ പല വെറൈറ്റികൾ ഉണ്ട്. നമുക്കിതൊന്നു പരിചയപ്പെടുത്തുന്ന തരത്തിൽ ഒരു വീഡിയോ ചെയ്യാം.

“പുരുഷലിംഗത്തെ ഞാനും സ്ത്രീലിംഗത്തെ നീയും വിശദീകരിച്ചാൽ പോരെ” -തേജ് ചോദിച്ചു.

അത് അങ്ങനെത്തന്നെയാണല്ലോ.

അവൾ ഒരു കണ്ണിറുക്കി ചിരിച്ചു.

രണ്ടു ടോയ്സുകളും ഓൺലൈനിൽ ഓർഡർ ചെയ്യാമെന്നും തേജ് പറഞ്ഞു.

“ഇത് ഉപയോഗിക്കുന്നതിൽ പലർക്കും പലവിധ സംശയങ്ങളും പേടിയുമെല്ലാം ഉണ്ട്. അതുകൊണ്ട് സെക്സോളജിസ്റ്റിന്റേയും ആനന്ദ പരിശീലകരുടേയും ക്വാട്ടിങ് നമുക്കിതിൽ ഉപയോഗിക്കാം.”

“നീ ഇതിൽ ഒരു റിസേർച്ച് നടത്തിയ ലക്ഷണമുണ്ടല്ലോ?”

“ചാമ്പക്ക വാറ്റിയ വൈൻ രണ്ട് ഗ്ലാസ് അകത്താക്കിയപ്പോൾ തോന്നിയ ഐഡിയ. എങ്ങനെയുണ്ട്?”

ഡീൽ ഉറപ്പിച്ച് അവർ അന്നത്തേയ്ക്ക് പിരിഞ്ഞു.

എന്നാൽ, സംഭവിച്ചത് മറ്റൊന്നാണ്. ദിവസങ്ങൾക്കുശേഷം തേജിന്റെ വാട്സ് ആപ്പിലേക്ക് ഒരു ലിങ്ക് വന്നു. അവനത് ഓപ്പൺ ചെയ്തപ്പോൾ ഞെട്ടി. സെക്സ് ടോയ്സുകളെക്കുറിച്ചുള്ള മലയാളത്തിലെ വീഡിയോ. ചെയ്തത് അവന്റെ തന്നെ സുഹൃത്തും.

സംഭവിച്ചതെന്തെന്നറിയാതെ തരിച്ചുനിൽക്കുമ്പോഴാണ് പായലിന്റെ കോൾ വന്നത്.

“എനിക്കൊരു ലിങ്ക് വന്നിരുന്നു. ഞാനത് ഓപ്പൺ ചെയ്തപ്പോൾ...”

“എനിക്കും വന്നു.” അവൾ പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്‍പേ തേജ് പറഞ്ഞു.

“നീ ആരോടെങ്കിലും ഈ ഐഡിയ ഷെയർ ചെയ്തോ?”

“ഇല്ല.”

“പിന്നെ എങ്ങനെയിത് ലീക്കായി...?”

അവളുടെ സംസാരത്തിൽ ദേഷ്യം നിറഞ്ഞിരുന്നു.

അവൾ ഫോൺ കട്ട് ചെയ്തു.

അവൻ ഓർമ്മകൾ റിവൈൻഡ് ചെയ്യാൻ തുടങ്ങി. അത് എത്തിനിന്നത് വിവേകുമായുള്ള സംഭാഷണത്തിലാണ്. അവൻ ഉടനെ പായലിനെ വിളിച്ചു.

ഒറ്റിയത് വിവേകാണ്.

എങ്ങനെ?

ഒരു കോഫി ഷോപ്പിലാണ് ഞങ്ങൾ അവസാനം കണ്ടുമുട്ടിയത്. ഞാൻ എഫ്ബി നോക്കുകയായിരുന്നു. സെക്സ് ടോയ്സുകളെക്കുറിച്ച് നിരവധി നോട്ടിഫിക്കേഷനുകൾ അതിൽ വരുന്നുണ്ടായിരുന്നു. അതു കണ്ടപ്പോൾ അവൻ ചോദിച്ചിരുന്നു.

“എന്താമോനെ നിനക്ക് ഗേൾ ഫ്രണ്ടിനെ മടുത്തോയെന്ന്?”

“അതൊന്നുമല്ലടാ... നീ നോക്കിക്കോ ഒരു വലിയ കാര്യം വരാനുണ്ടെന്നു ഞാൻ പറഞ്ഞിരുന്നു.”

“തലയിൽ ആൾത്താമസം ഉള്ളവർക്ക് അത്രയും മതി തേജ്” -അവൾ പറഞ്ഞു.

“ഇപ്പം വീഡിയോ ചെയ്തവൻ വിവേകിന്റെ ഉറ്റ ചങ്ങാതിയല്ലേ. നിനക്ക് ഡിപ്രഷനടിക്കാനാണ് വിധി. ഭൂമിയെപ്പോലെ തന്നെയാണ് ഈ വെർച്വൽ ലോകവും. ചതിയും കള്ളവുമില്ലാത്ത സ്വർഗ്ഗലോകമൊന്നുമല്ല അത്. ഇനിയെങ്കിലും ഓർത്തോ. ഇനി വിവേകിനെ തല്ലാനും കൊല്ലാനുമൊന്നും പോകണ്ട. ആമസോണിൽ ഓർഡർ ചെയ്ത സാധനങ്ങൾ ക്യാൻസൽ ചെയ്തേക്ക്.” അത്രയും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു.

പിന്നെ മാസങ്ങളുടെ ഇടവേളയ്ക്കുശേഷം ഇപ്പോഴാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ഇതിലെങ്കിലും ലക്ഷ്യം കണ്ട് തന്റെ മറ്റ് യൂട്യൂബർ സുഹൃത്തുക്കൾക്കു മുന്നിൽ തലയുയർത്തി നിൽക്കണം. അതിനാണ് ഈ യാത്ര.

കാറിപ്പോൾ ഒരു ജങ്ഷനിൽ സിഗ്നൽ കാത്തുകിടക്കുകയാണ്. തേജ് പോക്കറ്റിൽനിന്നും മിഠായിപോലുള്ള എന്തോ സാധനം നാവിനടിയിലേയ്ക്ക് വെച്ചു. ഒരെണ്ണം പായലിനും നൽകി. അവളും അതുപോലെ ചെയ്തു.

ഒരു നാടോടി സ്ത്രീ ഒരു കുഞ്ഞിനെ ചേലത്തുമ്പിലെ തൊട്ടിലിട്ട് അവരുടെ കാറിനു മുന്നിലെത്തി. കുഞ്ഞിന്റെ ദൈന്യതയാർന്ന നോട്ടവും വിശക്കുന്നുവെന്ന സൂചനയോടെ അവൾ വിരലുകൾ ചുരുട്ടി ചുണ്ടോട് ചേർത്ത് ഏതോ ഭാഷയിൽ പറഞ്ഞ വാക്കുകളും ആരുടേയും കാരുണ്യത്തിലേക്ക് വിവർത്തനം ചെയ്യപ്പെടാതെ ഇന്നോവാ കാറിന്റെ കറുത്ത ഗ്ലാസിൽ തട്ടി റോഡിലേയ്ക്ക് തന്നെ പിടഞ്ഞുവീണു.

സിഗ്നലിൽ പച്ചവിളക്ക് തെളിഞ്ഞപ്പോൾ ഇന്നോവ അവരേയും മറികടന്നു മുന്നോട്ട് പോയി. നാടോടി സ്ത്രീയും മകനും പിന്നെയും സിഗ്നൽ ചുവക്കുന്നതും കാത്തിരുന്നു. ഹൈവേയ്ക്ക് അരികിലായി ആകാശത്തെ തൊടാനെന്നോണം തലയുയർത്തി നിൽക്കുന്ന മാൾ പ്രത്യക്ഷമായി. ഇവിടെയാണ് തേജിന്റെ ലക്ഷ്യസ്ഥാനം. തേജ് മൊബൈൽ വീണ്ടും ട്രൈപോഡിൽ ഘടിപ്പിച്ച് പായലിനു നൽകി. കാർ എവിടെയെങ്കിലും പാർക്ക് ചെയ്യാൻ പറഞ്ഞ് തേജും പായലും അതിഥിയും കാറിൽനിന്നിറങ്ങി. അതിഥിക്ക് ഇനിയും ക്യാമറയിലേയ്ക്ക് പ്രവേശനം ലഭിച്ചിട്ടില്ല. മാളിന്റെ പേരും താഴെയായി എഴുതിയിട്ടുള്ള വാക്കുകളിലേക്കും പായൽ ക്യാമറ സൂം ചെയ്തു.

‘പാരഡൈസ്.’ “ആനന്ദം തേടിയുള്ള നിങ്ങളുടെ യാത്ര ഇവിടെയവസാനിക്കുന്നു” എന്നും അൽപ്പം ചെറിയ അക്ഷരത്തിൽ കുറിച്ചിട്ടുണ്ട്. “എന്ത് അർത്ഥവത്തായ വാക്കുകൾ.” പായൽ സ്വയം പറഞ്ഞു. അവർ മാളിലേക്കുള്ള വഴിയിലൂടെ നടന്നു. യുവത്വത്തിന്റെ ഉത്സവപ്പറമ്പുകളാണ് മാളുകൾ. ആൺപെൺ ഭേദമില്ലാതെ അവരുടെ ആഘോഷങ്ങളും വികാരങ്ങളും ഇവിടെ കൊടിയേറുന്നു. ഒന്നും ഇവിടെ അന്യമല്ല. എല്ലാം പരസ്പരം തൊട്ടുചേർന്നു കിടക്കുന്നു. ചുണ്ടുകൾ പരസ്പരം കോർത്തിരിക്കുന്ന പ്രണയവും കൈകൾ കോർത്ത് നീങ്ങുന്ന സൗഹൃദങ്ങളുമായിരുന്നു അവർക്ക് ചുറ്റിലും. മാളിലെ മൂന്നാം നിലയിലായിരുന്നു തേജിന്റെ തുടർന്നുള്ള പ്രോഗ്രാം.

“പായൽ നിനക്ക് മാളുകളുടെ ഒരു പ്രത്യേകതയറിയുമോ?”

മുകളിലത്തെ നിലയിലേക്ക് എസ്‌കലേറ്ററിൽ ഒഴുകുന്നതിനിടയിൽ അവൻ ചോദിച്ചു.

“ഇല്ല. പറ.”

“ഇവിടെ എവിടെയും ക്ലോക്കുകൾ കാണില്ല. ഇതിനകത്ത് കടന്നാൽപ്പിന്നെ നിങ്ങൾ സമയത്തിന്റെ തടവുകാരല്ല. അതുപോലെ ജാലകങ്ങളും കാണില്ല. പുറംലോകത്തെക്കുറിച്ച് യാതൊരു ചിന്തയും നിങ്ങളെ അലട്ടാതിരിക്കാനാണത്.”

പായൽ അവനെ നെറ്റിയൽപ്പം ചുളിച്ച് രൂക്ഷമായൊന്നു നോക്കി.

“നീ ഔട്ട് ഡേറ്റഡായി തുടങ്ങിയോ?”

“ഞാൻ കരുതി നീ പുതിയ കാര്യമെന്തെങ്കിലും പറയുമെന്ന്.” ചമ്മൽ മറയ്ക്കാൻ തേജ് വല്ലാതെ ബുദ്ധിമുട്ടി.

എന്നാൽ, വേറൊരു കാര്യം ഞാൻ പറയാം. അവൾ പറഞ്ഞു.

അവൻ ചോദ്യഭാവത്തിൽ അവളെ നൊക്കി.

“ഇതിനകത്ത് ഒരിക്കലും ഇരുട്ട് കടന്നുവരില്ല. ഏതു പാതിരായ്ക്കും ഇവിടം പകൽപോലെയായിരിക്കും. ഒന്നൂടി മനോഹരമായി പറഞ്ഞാൽ സൂര്യനസ്തമിക്കാത്ത ആനന്ദങ്ങളുടെ സാമ്രാജ്യം.” ഇത്രയും പറഞ്ഞവൾ എങ്ങനെയുണ്ടെന്നർത്ഥത്തിൽ പുരികം മുകളിലേയ്ക്ക് ഞെട്ടിച്ചു. അവൻ കൈകൂപ്പി നിന്നു. അതോടെ അവൾ ചിരിച്ചുകൊണ്ട് അവന്റെ ചീകിയൊതുക്കാത്ത മുടിയിൽ പിടിച്ച് വലിക്കുകയും കവിളിൽ നുള്ളുകയും ചെയ്തു. ഒരോ നിലയിലും ഓഫറുകളുടെ നെറ്റിപ്പട്ടം കെട്ടിയ ബ്രാൻഡഡ് ഷോറൂമുകൾ അവരെ മാടിവിളിച്ചു. ഒരു കോർണറിൽ പ്രമുഖ കാർ നിർമ്മാണ കമ്പനിയുടെ പുതിയ മോഡൽ പരിചയപ്പെടുത്തുന്നതിന്റെ ആരവം കേൾക്കാം. അവതാരകൻ ആഡംബരക്കാറിന്റെ സവിശേഷതകൾ വിവരിക്കുന്നുണ്ട്. ചിലയിടങ്ങളിൽ ന്യൂജെൻ പിള്ളേർക്കായി പ്രത്യേക ഗെയിമുകളും ചില കമ്പനികൾ ഒരുക്കിയിട്ടുണ്ട്.

ഇപ്പോഴവർ നിശ്ചയിക്കപ്പെട്ട സ്ഥലത്തെത്തി. എന്നാൽ, അവിടെയപ്പോൾ ഒരു ബർത്ത്‌ഡേ പാർട്ടി നടക്കുകയായിരുന്നു. ഹൃദയത്തിന്റെ ആകൃതിയുള്ള ഒരു ചുവന്ന വെൽവെറ്റ് കെയ്ക്കിനെ അവിടെ അലങ്കരിച്ച് കിടത്തിയിട്ടുണ്ട്.

“ചേട്ടാ... ഒരഞ്ച് മിനുട്ടേ... ഇപ്പം കഴിയും.” ആ സ്ഥലത്ത് അടുത്ത ഊഴം ഇവരുടേതാണെന്നു മനസ്സിലാക്കിയ ഒരു പയ്യൻ തേജിന്റെയടുത്തേയ്ക്ക് വന്നു പറഞ്ഞു. തേജ് അവനൊരു ലൈക്ക് ചിഹ്നം കാണിച്ചു.

ഏതോ ഒരു പെൺകുട്ടിയുടെ ബർത്ത്‌ഡേയാണ്. അവൾ തൊപ്പിയണിഞ്ഞ് ഒരുങ്ങിയിട്ടുണ്ട്. അവളുടെ ലവർ എന്നു തോന്നിക്കുന്ന ഒരു പയ്യൻ തൊട്ടടുത്തുണ്ട്. സമയമായപ്പോൾ അവർ രണ്ടുപേരും കെയ്ക്കിന്റെ ഹൃദയത്തിലേയ്ക്ക് കത്തിയാഴ്ത്തി. ഹോളി ആഘോഷംപോലെ അവിടം വർണ്ണങ്ങൾ പൊട്ടിവിരിഞ്ഞു. ഷാംപെയ്ൻ നുരഞ്ഞുപൊന്തി. കെയ്ക്കിലെ ക്രീമുകൾ കമിതാക്കളുടെ മുഖങ്ങളിൽ അവ്യക്ത ചിത്രങ്ങളെഴുതി. ആഘോഷമൊക്കെ കഴിഞ്ഞ് അൽപ്പസമയത്തിനകം അവർ പിരിഞ്ഞുപോവുകയും തേജും കൂട്ടരും ആ സ്ഥലം ഏറ്റെടുക്കുകയും ചെയ്തു.

മാളിൽ തേജിനെ കണ്ടതോടെ ചെറിയൊരു ആൾക്കൂട്ടം അവിടെ തടിച്ചുകൂടി. കൂടുതലും ന്യൂജെൻ പിള്ളേരായിരുന്നു.

“നമ്മൾ ഇവിടെയെത്തിയിരിക്കുകയാണ്.” പായലിന്റെ ക്യാമറ നോക്കി തേജ് വീണ്ടും വീഡിയോയിൽ വന്നു.

“ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ഇനിയും ഞാൻ മറച്ചുവെയ്ക്കുന്നില്ല. മെയ് മാസത്തിലെ രണ്ടാംഞായർ ആണിന്ന്. അതായത് മാതൃദിനം. അമ്മമാരെ സ്നേഹിക്കാൻ നമുക്കൊരു ദിവസത്തിന്റേയും ആവശ്യമില്ലെന്ന ക്ലീഷെ ഞാനുപയോഗിക്കുന്നില്ല. ഈ ദിനത്തിൽ ഇന്ന് എന്നോടൊപ്പം ആരാണുള്ളത് എന്ന സസ്‌പെൻസ് ഇവിടെ അവസാനിക്കുകയാണ്.” ക്യാമറ അതിഥിക്കു നേരെ തിരിച്ചപ്പോൾ തട്ടമിട്ട ഒരു മുസ്‌ലിം സ്ത്രീയുടെ മുഖം സ്‌ക്രീനിൽ തെളിഞ്ഞു. ചുരിദാറാണ് വേഷം. മുഖത്ത് ഏതു സമയവും ചിരിയുണ്ട്. ചരിത്രത്തിൽ ബിരുദം. തുടർന്നും പഠിക്കണമെന്നാഗ്രഹിച്ചിരുന്നെങ്കിലും റിഫൈനറിയിൽ ജോലിയുള്ള ഒരു ഗൾഫുകാരന്റെ പണക്കൊഴുപ്പിൽ വീട്ടുകാർ വീണപ്പോൾ അവളും പെട്ടു. “കല്യാണം കഴിഞ്ഞാലും പഠിക്കാമല്ലോ” എന്നു വിവാഹം ഉറപ്പിക്കാൻ വന്നവരുടെ കൂട്ടത്തിൽ ഏതോ ഒരാൾ പറഞ്ഞ പ്രലോഭനവാക്കിൽ അവൾ തലവെച്ചു. വീണ്ടും പഠിക്കണമെന്ന ആഗ്രഹം ഭർത്തൃവീട്ടിലെ ബെഡ്‌റൂമിനു മുകളിലെ കോൺക്രീറ്റ് തട്ടിൽ ചിതലരിച്ചുപോയത് അവൾ പോലുമറിഞ്ഞിരുന്നില്ല.

ഇപ്പോൾ വീടിനുള്ളിൽ ഒതുങ്ങിക്കഴിയുന്ന ഒരു കുടുംബിനിയുടെ ശരീരഭാഷയായിരുന്നു അവർക്ക്.

“ഇതാണ് എന്റെ അമ്മ.”

“എന്നെ പ്രസവിച്ച് രണ്ട് ദിവസത്തിനുള്ളിൽ എന്റെ അമ്മ മരിച്ചു. പിന്നെ എന്റെ അമ്മ അയൽപ്പക്കത്തുള്ള ഈ സുഹറത്തയായിരുന്നു. ഇവരുടെ അമ്മിഞ്ഞപ്പാലിലാണ് ഞാൻ ജീവിച്ചത്. കിളിമുട്ടയെന്നു പറഞ്ഞ് ഇവർ ഉരുട്ടി തീറ്റിച്ച ചോറുരുളയാണ് എന്റെ ഈ ശരീരം. മാതൃദിനത്തിൽ ഇവരെയല്ലാതെ ഞാൻ ആരെയാ ഓർക്കേണ്ടത്?”

“ഇനി സുഹറത്താ നിങ്ങളോട് സംസാരിക്കും.”

മൊബൈൽ ഫോൺ സുഹറയുടെ നേരെ തിരിഞ്ഞു. “ഞാൻ പ്രസവിച്ച് ഒരു മാസായപ്പോഴാ ഷീജേച്ചി ഇവനെ പെറ്റത്. ഓപ്പറേഷനായിരുന്നു. പക്ഷേ, രണ്ടീസം കയിഞ്ഞിട്ടും ബോധം വന്നില്ല. ഒരു രാത്രി ഷീജേച്ച്യങ്ങ് പോയ്... പിറ്റേന്ന് ഒരു തുണീൽ പൊതിഞ്ഞ് രാജീവേട്ടൻ ഇവനേം കൊണ്ട് വന്നപ്പം ഞാൻ വാങ്ങിയതാണ് ഇവനെ. എന്റെ മോൻ റിസ്വാനും ഇവനേം ഒന്നിച്ചായിരുന്നു മൊലകൊടുത്തുറക്കുക. രണ്ട് വയസ്സായപ്പോഴേക്കും ഇവൻ മൊല കുടിക്കുമ്പം ഒരു കൈ കൊണ്ട് മറ്റേ മൊല പിടിച്ചുവെയ്ക്കും റിസ്വാൻ കുടിക്കാതിരിക്കാൻ. പണ്ടേ കുശുമ്പ്കാരനാ.

ഒട്ടും സങ്കോചമില്ലാതെയുള്ള സുഹറയുടെ വാക്കുകൾ പിള്ളേർക്കിഷ്ടമായി. “പാവം റിസ്വാൻ ഇവനെ പേടിച്ച് മൂന്നാം വയസ്സിൽ മൊലകുടി നിർത്തി. ഇവനുണ്ടല്ലോ ഈ കള്ളൻ നാലരവയസ്സ് വരെ കുടിച്ചിക്ക്. പലരും പറഞ്ഞ് ചെന്നിനായകം തേയ്ക്കാൻ. പക്ഷേ, ഞാനതു ചെയ്തില്ല. ഞാനങ്ങനെ പോറ്റിയ എന്റെ മോനാണിത്.”

സുഹറ കണ്ണ് തുടച്ചപ്പോൾ അതുവരെയുള്ള ആഘോഷം നിറഞ്ഞ അന്തരീക്ഷം ഒന്നാർദ്രമായി.

“ചെലപ്പോളൊക്കെ ഒറക്കവും ഞങ്ങളെ കൂടെയാ.”

അപ്പോൾ തേജ് തന്റെ പൊക്കറ്റിൽനിന്നും പനിനീർ പൂ എടുത്ത് സുഹറയ്ക്ക് നേരെ നീട്ടി.

“അമ്മമാരുടെ ദിനത്തിന് എന്റെ സമ്മാനം.”

“റിസ്വാനും ഇവനും അടീംപിടീം ആയിരുന്നേലും തീറ്റേം കുടീം കളിയൊക്കെ ഒന്നിച്ചായിരുന്നു. റിസ്വാന്റെ ഉപ്പ ഗൾഫീന്നു വരുമ്പം രണ്ടാക്കും ഒരേപോലെത്തെ കളിപ്പാട്ടം വാങ്ങും. ഇല്ലെങ്കിൽ അതുമതി ഇവനു സങ്കടം വന്ന് കൊറേ ദെവസത്തേയ്ക്ക് വീട്ടിൽ വരാതിരിക്കാൻ.”

പൂവ് സ്വീകരിച്ചുകൊണ്ട് ഇത്രയും കൂടി അവർ പറഞ്ഞു.

“ഇപ്പം നിങ്ങൾക്ക് എന്നെപ്പറ്റിയും എന്റെ ഉമ്മ സുഹറത്തയെക്കുറിച്ചും നല്ലൊരു ചിത്രം കിട്ടിക്കാണുമല്ലോ. ഇനിയും സുഹറത്ത പറഞ്ഞാൽ ഞാൻ വലുതായിട്ടും കിടക്കയിൽ മൂത്രമൊഴിക്കുന്ന കാര്യമല്ലാം പറയാൻ തുടങ്ങും.”

“അതു മാത്രല്ല. വേറെം ഉണ്ട് പറയാൻ. പറേട്ടെ...”

സുഹറ ഒരു ഭീഷണിപോലെ ചോദിച്ചപ്പോൾ അവൻ കൈകൂപ്പി നിന്നു.

“ഞാനിപ്പം വരാട്ടോ. ഇനി കുറച്ചു നേരം പായലും സുഹറത്തയും നിങ്ങളോട് സംസാരിക്കും.” തേജ് തൊട്ടടുത്ത വാഷ്‌ റൂമിലേയ്ക്ക് നടന്നു.

“സുഹറത്ത...”

അവരെ ഫോക്കസ് ചെയ്ത് ട്രൈപോഡ് ശരിയായ ദിശയിൽ പിടിച്ച് പായൽ വിളിച്ചു.

“എന്തോ?”

അതേ ടോണിൽ സുഹറത്തയുടേയും മറുപടി.

“കെട്ട്യോൻ നാട്ടിലുണ്ടോ?”

“ഇല്ലല്ലോ.”

“അദ്ദാണ്. ഈ വിരഹം. മിസ് ഫീലിങ് ഉണ്ടായാൽത്തന്നെ മുഖമൊക്കെ ഇതുപോലെ തുടുത്ത് മൊഞ്ചത്തിയാകും.” അതു കേട്ടപ്പോൾ സുഹറ ഒന്നൂടി ചുവന്നു.

“നീം ഓനേപ്പോലെ വികൃതിയായിട്ടുണ്ടല്ലേ?”

അവർ അവളുടെ കവിളിൽ നുള്ളി.

“സുഹറത്ത കാണാൻ സുന്ദരിയാണെങ്കിലും ഈ വേഷമാണ് പ്രശ്നം. നല്ല കിടിലൻ സ്ലീവ്‌ലെസ് കുർത്തയും പാന്റ്‌സുമിട്ട് ഒരു വീഡിയോ ചെയ്ത് നോക്ക്, നിങ്ങളായിരിക്കും പിന്നെ വൈറൽ ഗേൾ.”

“നമുക്കൊരു വീഡിയോ കാച്ചിയാലൊ?” -പായൽ ചോദിച്ചു.

“ഓ അതിനെന്താ. സ്ലീവ്‌ലെസ് ആക്കണ്ട. തുണി തന്നെ വേണ്ട. അപ്പം പിന്നെ കൂടുതൽ വൈറലാകില്ലേ?” സുഹറ തിരിച്ചടിച്ചു.

“ആക്കിയതാണല്ലേ?”

“സംഗതി നിങ്ങൾ കിടു ലുക്ക് തന്നെയാണ്.” പായൽ വിട്ടുകൊടുത്തില്ല.

അപ്പോഴേയ്ക്കും മറ്റൊരു വേഷത്തിൽ തേജ് കടന്നുവന്നു. കറുത്ത കാർഗോ പാന്റ്സും ടീ ഷർട്ടുമായിരുന്നു വേഷം. എന്തോ വായിലിട്ട് നുണഞ്ഞുകൊണ്ടായിരുന്നു അവൻ കടന്നുവന്നത്.

“നമ്മൾ ഈ പരിപാടിയുടെ അവസാനത്തിലേയ്ക്ക് കടക്കുകയാണ്. ഈ മാതൃദിനത്തിൽ ഞാനും സുഹറത്തയും നിങ്ങൾക്കായി ഒരു പ്രത്യേക കാഴ്ച തന്നെയൊരുക്കുന്നുണ്ട്.”

“എടാ ഇനീം കയിഞ്ഞില്ലേ. എനിക്കു പോണം.

റിസ്വാൻ വരുമ്പം ഞാനാടയില്ലെങ്കി അവനെന്താ കാട്ടിക്കൂട്ട്വാന്നു പറയാനാകില്ല.”

സുഹറയുടെ വാക്കുകളിൽ ആശങ്ക നിഴലിച്ചു.

“ഉമ്മാ...” എത്രയോ ആർദ്രമായിരുന്നു തേജിന്റെ ആ വിളി.

“ഉമ്മാ ഒന്ന് കണ്ണടച്ചേ. എന്നിട്ട് ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണെ. ഞാൻ പറയാതെ കണ്ണു തുറക്കരുത്.”

സുഹറ സമ്മതമെന്നോണം ഒന്നു മൂളുകയും കണ്ണുകൾ പതിയെ അടയ്ക്കുകയും ചെയ്തു.

“ഉമ്മാ ഞാനൊരു കൊച്ചുകുഞ്ഞാവാൻ പോവുകയാണ്. ഉമ്മയുടെ മടിയിൽ ഗർഭപാത്രത്തിലെന്നോണം ചുരുണ്ടുകൂടി കിടന്നിരുന്ന ആ കുഞ്ഞുവാവ.”

“ഉം.”

സുഹറയുടെ ഓർമ്മകളിൽ ഭൂതകാലത്തിന്റെ പാൽ ചുരന്നു. അവർ അവന്റെ അമ്മയായി. അവരുടെ മുലഞെട്ടിൽ അവന്റെ കുഞ്ഞുപല്ലുകൾ പതിഞ്ഞു. പോയകാലത്തിന്റെ ഓർമ്മകളിലേയ്ക്ക് സുഹറ നടന്നു...

പറമ്പിലെ മാവിൽ കെട്ടിയ ഊഞ്ഞാലിന്റെ കയർ പാതിയറുത്ത് വെച്ച് തേജ് അതിൽ റിസ്വാനെ കയറ്റിയതും ആടുന്നതിനിടയിൽ അവൻ വീണ് കയ്യെല്ലു പൊട്ടിയതും മാവിന്റെ മറവ് ചാരി തേജ് ആർത്ത് ചിരിച്ചത്... മറ്റൊരിക്കൽ അങ്കണവാടിയിൽ പോയി റിസ്വാന് കുത്തിവെയ്‌പെടുത്തു തിരിച്ച് വന്നപ്പോൾ മുറ്റത്തുനിന്ന് കുളിക്കുകയായിരുന്നു തേജ്. എന്നാൽ, തൊട്ടടുത്ത് വെള്ള കന്നാസ് കണ്ടപ്പോഴാണ് സുഹറയുടെ ഉള്ള് കാളിപ്പോയത്. ഭർത്താവിന്റെ ഉപ്പ ഹജ്ജ് കഴിഞ്ഞുകൊണ്ട് വന്ന സംസം വെള്ളത്തിലായിരുന്നു മൂന്നര വയസ്സുകാരന്റെ കുളി. ഭർത്താവിന്റെ ഉപ്പ മുകളിലത്തെ നിലയിൽ ഉറങ്ങുകയായിരുന്നു. അതിനാൽ അവരും അറിഞ്ഞില്ല. സംസം വെള്ളമെടുത്ത് കുളിക്കുന്ന രംഗം മുൻകോപക്കാരനായ അവരെങ്ങാൻ കണ്ടിരുന്നെങ്കിൽ തേജ് ഇന്നുണ്ടാകുമോ എന്നുപോലും പലപ്പോഴും സുഹറ ആലോചിച്ചിരുന്നു. സംഭവം ആരും അറിയാതിരിക്കാൻ സുഹറ കന്നാസിൽ പകരം വെള്ളം നിറച്ച് വെയ്ക്കുകയായിരുന്നു. അമ്മയില്ലാത്ത ഒരു കുഞ്ഞ് സങ്കടപ്പെടാതിരിക്കാൻ തെറ്റോ ശരിയോ എന്നൊന്നും നോക്കാതെ അവർ ചെയ്തതെല്ലാം ഓരോന്നായി അവരുടെ ഓർമ്മകളിൽ തെളിഞ്ഞുവന്നു.

“എനിക്ക് ഒരിക്കൽകൂടി ഉമ്മയുടെ പാൽ കുടിക്കണം.”

ആ വാക്കുകൾ സുഹറയെ ഓർമ്മകളിൽ നിന്നുണർത്തി.

“നീ എന്താ പറഞ്ഞത്?” സുഹറ കേട്ടത് ഒന്നൂടി ഉറപ്പിക്കാൻ വേണ്ടി ചോദിച്ചു.

“ഞാൻ അമ്മയുടെ കുഞ്ഞല്ലേ?”

“എനിക്ക് ഉമ്മയുടെ മടിയിൽ കിടന്ന് പാല് കുടിക്കണം.”

അവൻ കുഞ്ഞിനെപ്പോലെ വീണ്ടും കെഞ്ചി.

“പോട... നീ കളിക്കല്ലേ...” സുഹറ ചൊടിച്ചു.

“നീ കിന്നാരം പറയാതെ വേഗം പരിപാടി അവസാനിപ്പിച്ച് വരാൻ നോക്ക്. റിസ്വാൻ വരാൻ സമയമായി.” സുഹറ തിരക്ക് കൂട്ടി.

പതിയെ തേജിന്റെ മുഖം മാറി.

“അമ്മയുടെ മോനും 100 കെ ലൈക്കിന്റെ പട്ടികയിൽ ഇടം നേടേണ്ടേ? ഒരു ലക്ഷംപേർ നമ്മുടെ വീഡിയോ കാണുകയെന്നത് എന്റെ സ്വപ്നമാണ്. പിന്നെയത് രണ്ട് ലക്ഷം... മൂന്ന് ലക്ഷം... നാല് ലക്ഷം... അഞ്ച് ലക്ഷം... അങ്ങനെ... അങ്ങനെ...” ഏതോ സ്വപ്നലോകത്തെിലെന്നപോലെ തേജ് മന്ത്രിച്ചുകൊണ്ടേയിരുന്നു.

“ഞാനിപ്പോഴും ഉമ്മയുടെ കുഞ്ഞല്ലേ...?”

“പിന്നെയെന്തിനാണ് മടി?” അവൻ പിന്നെയും കെഞ്ചുകയാണ്.

“അതൊക്കെ വന്നോളും മോനെ. നീ സമാധാനായിരിക്ക്. ഞാൻ കണ്ണു തൊറന്നോട്ടെ?” സുഹറ ചോദിച്ചു.

“ആയിട്ടില്ല.” ആദ്യമായി തേജിൽനിന്നും അവന്റെ രൂപത്തിനും ഭാവത്തിനും ചോരാത്ത പരുക്കനായ ശബ്ദം സുഹറ കേട്ടു.

“ഞാനിപ്പം വരാം.” തേജ് പറഞ്ഞു. അവന്റെ ഭാവമാറ്റം പായൽ ശ്രദ്ധിച്ചു. അവളുടെ മുഖത്ത് ഭയം നിഴലിച്ചു.

“അവനെങ്ങോട്ടാ പോയെ?” സുഹറ ചോദിച്ചു.

“അറിയില്ല.” പായൽ പറഞ്ഞു.

വാഷ്റൂമിൽ പോയ തേജ് മുഖം കഴുകി. അവൻ കാർഗോ പാന്റ്സിന്റെ പോക്കറ്റിൽ കയ്യിട്ടു. സൂപ്പർ മാർക്കറ്റിൽനിന്നു വാങ്ങിയ നേപ്പാൾ നിർമ്മിത കത്തിയുടെ ബട്ടണിൽ വിരൽ അമർത്തിയപ്പോൾ അതു മൂർച്ഛയുള്ള നാവ് നീട്ടി. അവൻ വീണ്ടും സുഹറയുടെ മുന്നിലെത്തി.

“തീരുമാനത്തിൽ മാറ്റമൊന്നും ഇല്ലല്ലോ?”

“ഇല്ല. നീ വേഗം കളിയവസാനിപ്പിക്ക്.”

സുഹറ അക്ഷമ കാണിച്ചു.

---

“വാ നമുക്കവിടെയെന്താണ് സംഭവമെന്നു നോക്കാം അവിടെ ആളുകൾ കൂടിയിട്ടുണ്ട്. എന്തോ രസമുള്ള ഗെയിം ആണെന്നു തോന്നുന്നു.” എസ്‌കവേറ്ററിൽ ഒഴുകിവന്ന ഒരാണും പെണ്ണും തേജും സംഘവും നിന്ന സ്ഥലത്തേയ്ക്ക് നടന്നു. പരസ്പരം ഒട്ടിച്ചേർന്ന അവരെ കണ്ടാൽ ഇണപ്പാമ്പുകളെ പോലെയായിരുന്നു.

തേജും സംഘവും നിന്നിടത്തുനിന്നും മാളിലെ തിളങ്ങുന്ന തറയിലൂടെ ഒരു ചോരച്ചാൽ നിശ്ശബ്ദമായി ഒഴുകി. എന്നാൽ, അസ്വാഭാവികമായി ഒന്നും സംഭവിക്കാത്തതുപോലെ മാളിലെ ഓരോ കാലുകളും ആ ചോരച്ചാലിനെ കവച്ചുവെച്ച് ഒന്നിൽനിന്നും മറ്റൊരു മായക്കാഴ്ചയിലേയ്ക്ക് നടന്നുകൊണ്ടേയിരുന്നു. അഭയമില്ലാതെ ആ ചോരച്ചാൽ പല കൈവഴികളായി പിരിഞ്ഞാഴുകുകയും നിമിഷങ്ങൾക്കകം തന്നെ ഓരോ മൊബൈൽ ഫോണുകളിലേക്കും ആ ചോര പടരുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com