

അന്നലൂഞ്ഞാലിന്റെ അരികിലൂടെ നടന്ന് സുഗതൻ കഥാപ്രസംഗവേദിക്ക് അരുകിലെത്തി കടലയും കൊറിച്ചുനിന്നു. അയിലം ഉണ്ണിക്കൃഷ്ണന്റെ കഥാപ്രസംഗം തകർക്കുകയാണ്. ‘പ്രേമപൂജ’യാണ് കഥ. ആര്യനാട്ടെ പരിപാടി കഴിഞ്ഞുള്ള വരവാണ്. രണ്ടാമത്തെ പരിപാടി ആയതു കാരണമാകും ഒച്ച തീരെ അടഞ്ഞാണിരിക്കുന്നത്. അവതരണഗാനം കഴിഞ്ഞ് കാഥികൻ കഥാപരിസരം വർണ്ണിക്കുകയാണ്. എത്ര നൂറ്റാണ്ടുകൾ പിന്നിട്ടാലും മർത്ത്യൻ മറക്കാത്ത കഥ. കുത്തബ്മിനാറിന്റെ കല്‍പ്പടവുകളിലെ ഓർമ്മകളിൽ കഥ നീളുന്നു. ചക്രവർത്തിയുടെ പൊന്നോമന പുത്രി പുലാമിയുടെ ജന്മദിനമാണ്. പുലാമി കൊട്ടാരത്തിൽനിന്നിറങ്ങി മന്ദം മന്ദം പൂന്തോട്ടത്തിലൂടെ നടക്കുകയാണ്. മെല്ലെ
വാദ്യക്കാർ കസേരയിൽനിന്നെ ഴുന്നേൽക്കുന്നു. കാഥികൻ കവിതകളാൽ പുലാമിയെ വർണ്ണിക്കാൻ തുടങ്ങുകയാണ്. അടഞ്ഞ ശബ്ദത്തിൽ അയിലം പാടി അതാ നോക്കൂ...
“വള്ളിക്കുടിലിൽനിന്ന്
പുള്ളിമാൻപേടപോലെ
കള്ളിയൊരുവൾ
തുള്ളിക്കുതിച്ചുവരുന്നുണ്ടല്ലോ!”
ഗാനമാധുരിയിൽ ലയിച്ചുനിന്ന സുഗതനെ തൊട്ട് അലസമായി ഒരു ചെല്ലക്കാറ്റ് കടന്നുപോയി. സുഗതന്റെ ഓർമ്മകളിൽ താൻ അഞ്ചാംതരത്തിൽ പഠിച്ച ‘ഒരു കുടയും കുഞ്ഞുപെങ്ങളും’ കടന്നുവന്നു. അതിലെ ഓരോ വരിയും സുഗതനു മനഃപാഠമാണ്. ബേബിയുടേയും അവന്റെ കുഞ്ഞുപെങ്ങളുടേയും കഥ. ഗ്രേസിയെന്ന ദുഷ്ടയുടെ കഥ. തന്റെ ജീവിതവുമായി ഏറെ സാമ്യമുള്ളതുകൊണ്ടാകാം അക്കഥ ഒരിക്കലും മറക്കാൻ കഴിയില്ല. ഇരുട്ടിന്റെ മറുകരയിൽ വീണുറങ്ങിപ്പോയ സൂര്യൻ ഉണർന്നെണീക്കാൻ ഇനി അധികസമയമില്ല. ഓർമ്മയിലൊന്ന് ചുറ്റിത്തിരിഞ്ഞു വന്നപ്പോഴേയ്ക്കും കാഥികൻ കഥയവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. സുഗതന് ഉറക്കം വരാൻ തുടങ്ങി. അങ്ങനെ ഉറക്കം വരാൻ പാടില്ലാത്ത ദിവസവുമാണിന്ന്. ഞെട്ടിയെണീറ്റ് മൂട് തട്ടിക്കുടഞ്ഞ് ഇറക്കമിറങ്ങി നടന്നു.
പണ്ട് ഒരു മോഷണക്കേസിൽ പിടിക്കപ്പെട്ട് ഓടാൻ ശ്രമിക്കവേ പിന്നിൽനിന്നു ചാടി ആമപ്പൂട്ടിട്ട് നിലത്തിരുത്തിയ പോലീസുകാരൻ റിട്ടയർ ചെയ്യുന്ന ദിവസമാണ്. ചില കണക്കുകൾ തീർക്കാനുണ്ട്. കൊണ്ടാൽ കൊടുക്കണമല്ലോ! അപ്പോഴാണ് സുഗതന്റെ ചുണ്ടിൽ ഒരു പാട്ട് പൊട്ടിവീണത്.
‘’കൊണ്ടും കൊടുത്തും തീരുന്നു നരജന്മം.’’
രണ്ടാമത്തെ വരിക്കായി സുഗതൻ തിരഞ്ഞെങ്കിലും കിട്ടിയില്ല. അതുകൊണ്ട് ഒറ്റവരിതന്നെ ആവർത്തിച്ചു മൂളി വേഗത്തിൽ നടന്നു. പുഴക്കരയിലൂടെ നടക്കവേ സുഗതൻ
ശ്രദ്ധിച്ചു; ഏതോ പാതിരാപ്പക്ഷി ചിലയ്ക്കുന്നുണ്ട്. വഴിവക്കിൽ ചില ഇലയനക്കങ്ങൾ.
നടന്നുനടന്ന് സുഗതൻ പൊലീസുകാരന്റെ വീടിനു മുന്നിലെത്തി. നേർത്ത മിന്നൽ വെളിച്ചത്തിൽ വീടിനെയാകെയൊന്നു നോക്കി. സുഗതന് അയ്യോ പാവം തോന്നി. പായൽ പിടിച്ച മതിലിനുള്ളിലെ പഴയ ഓടിട്ട വീട്. മുന്നിൽ മിന്നിമിന്നിത്തെളിയുന്ന സീറോ വാൾട്ട് ബൾബ്. സർവ്വീസിലിരിക്കെ ഒരു നയാപൈസ കൈക്കൂലി വാങ്ങാത്ത ഒരുവനു കൊട്ടാരം പണിയാനൊന്നും ആവില്ലല്ലോ. എത്രയെത്ര കേസുകെട്ടുകളാവും
ഈ മരങ്ങോടന്റെ മുന്നിലൂടെ കടന്നുപോയിട്ടുണ്ടാവുക. ഏതെങ്കിലുമൊരു പീഡനപരാതി ഇരുചെവിയറിയാതെ ഒത്തുതീർപ്പാക്കിയിരുന്നെങ്കിൽ, പത്തു ലോഡ് മണൽലോറി കടത്താൻ ഒന്നു കണ്ണടച്ചിരുന്നെങ്കിൽ ഈ ക്ലാവുപിടിച്ച വീടൊക്കെ ഇടിച്ചുകളഞ്ഞ് എന്നേ ഒരു മണിമാളിക പണിയാമായിരുന്നു. കുനിഞ്ഞൊരു കുപ്പപോലുമെടുക്കാത്ത ലോക്കൽ സെക്രട്ടറിമാർ വരെ കോടീശ്വരന്മാരായി വിലസുന്ന ഇന്നാട്ടിൽത്തന്നെയല്ലേ ഈ മണ്ടശിരോമണിയും ജീവിക്കുന്നത്. ദൈവമേ! ദൈവവിചാരം കടന്നുവന്നപ്പോൾ സുഗതനു ചിരിപൊട്ടി. ദൈവമിങ്ങനെ ഇടയ്ക്കിടെ വന്നു ചാടുന്നുണ്ടല്ലോ. എന്തായാലും ഇക്കാര്യത്തിൽ മൂപ്പരെ ഇടപെടുത്താൻ കൊള്ളില്ല!
സുഗതനു കുറുകേനിന്ന ഒരു മതിൽ കണ്ട് മാറെടാ പുല്ലേ എന്ന് സുരേഷ് ഗോപി സ്‌റ്റൈലിൽ ഒരു ഡയലോഗ് കാച്ചി. എന്നിട്ടും മതിൽ ഉറച്ചുതന്നെ നിന്നതുകൊണ്ട് സുഗതൻ ഒറ്റക്കുതിപ്പിനു മറുപുറത്തെത്തി. ഗേറ്റ് തുറന്നു കിടന്നാലും അതാണ് ശീലം. തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജം സംഭരിക്കാനാണത് എന്ന് സുഗതഭാഷ്യം! മുണ്ടിനുള്ളിൽ ഇടുപ്പിലായി ചുറ്റിച്ചുറ്റി വച്ചിരുന്ന പ്ലാസ്റ്റിക് വടവുമായി, വീടിനോട് ചേർന്നുനിൽക്കുന്ന കിളിമരത്തിൽ ചവിട്ടിക്കയറി രണ്ട് ഓടുകൾ ഇളക്കി താഴേക്കു നോക്കി. പൊണ്ടാട്ടിയെ കെട്ടിപ്പിടിച്ച് സുഖനിദ്രയിലാണ് പൊലീസുകാരൻ. കൂർക്കംവലി മച്ചിൽ തട്ടുന്നുണ്ട്. മെല്ലെ പ്ലാസ്റ്റിക് വടത്തിൽ തൂങ്ങി നിലംതൊടാറായപ്പോഴാണ് പട്ടിക ഇളകി പൊത്തോന്ന് താഴെ വീണത്. പട്ടിക നേരെ പൊണ്ടാട്ടിയുടെ കാലിലേക്കാണ് വീണത്. ഞെട്ടിപ്പിടഞ്ഞെണീറ്റ പൊണ്ടാട്ടിയും പൊലീസുകാരനും ഒരു നിമിഷം കട്ടിലിൽ തരിച്ചിരുന്നു. പെട്ടെന്ന് തലയണയ്ക്കടിയിൽനിന്നു കൂറ്റൻ ടോർച്ചെടുത്തു ഞെക്കി ചുറ്റും പരതി. അപ്പോഴാണ് ശിലപോലൊരാൾരൂപം നിൽക്കുന്നതു കണ്ടത്. നേരെ സുഗതന്റെ മുഖത്തുതന്നെ വെളിച്ചം വീണു. കണ്ണു മഞ്ഞളിച്ചുപോയ സുഗതൻ എന്തും വരട്ടെ എന്നു കരുതി ഒരു നില്‍പ്പങ്ങുനിന്നു.
ഇപ്പോൾ സുഗതനും പൊലീസുകാരനും മുഖാമുഖം നിൽക്കുകയാണ്. സുഗതൻ ഒരടി പിന്നോട്ടുമാറി. ഒന്നു തിരിഞ്ഞെങ്കിൽ ഇയാളെ ആമപ്പൂട്ടിൽ കുരുക്കാമായിരുന്നു. പക്ഷേ, ഇയാളിങ്ങനെ വിരിഞ്ഞു മുന്നിൽ നിൽക്കുകയാണല്ലോ? പൊലീസുകാരൻ ഒരടി മുന്നോട്ടു വന്നു. പതിവുരീതിയനുസരിച്ച് അത്യാവശ്യഘട്ടങ്ങളിൽ പുറത്തേയ്ക്കോടിയിറങ്ങാൻ അടുക്കളവാതിൽ തുറന്നിടാറാണ് പതിവ്. പണ്ടാരമടങ്ങാൻ ഇന്ന് അതിനുള്ള സമയമൊന്നും കിട്ടിയില്ല. അങ്ങനെ എന്തും സംഭവിക്കാം എന്ന സാഹചര്യത്തിൽ ഒരു നിമിഷം കടന്നുപോയി. പെട്ടെന്നു പൊലീസുകാരൻ സൗഹൃദഭാവത്തിൽ ചോദിച്ചു:
“ങാ സുഗതാ നീയായിരുന്നോ?”
പൊലീസുകാരന്റെ സ്നേഹപ്രകടനം സുഗതനെ സംശയാലുവാക്കി. മറ്റാരെ
വിശ്വസിച്ചാലും ഒരു പൊലീസുകാരനെ വിശ്വസിക്കരുതെന്നാണ് മണിയൻ പിള്ളയുടെ ആത്മകഥയിൽ പറയുന്നത്. ‘തസ്കരൻ’ എന്ന ആത്മകഥയാണ് സുഗതന്റെ വേദപുസ്തകം. ലാഘവത്വം വരുത്തി നൈസായി പൂണ്ടടക്കം പിടിക്കാനുള്ള അടവാകാം. സുഗതൻ വീണ്ടും ഒരടി പിന്നിലേക്കു മാറി. ഇതിനിടെ പൊലീസുകാരന്റെ പൊണ്ടാട്ടി അയ്യോ അണ്ണനെയൊന്നും ചെയ്യല്ലേ എന്നു നിലവിളിക്കാൻ തുടങ്ങി. അതോടെ സുരേഷ് ഗോപി സ്‌റ്റൈലിൽ ഡയലോഗ് കാച്ചാനുള്ള ഊഴം പൊലീസുകാരന്റേതായി.
“കെടന്നു തൊള്ളതൊറക്കാതെടീ പുല്ലേ.”
ഭാര്യയെ ചീത്തപറഞ്ഞ് അടക്കിനിർത്തിയശേഷം പൊലീസുകാരൻ യാതൊരു ധൃതിയുമില്ലാതെ നടന്നുചെന്നു ലൈറ്റിട്ടു. സമ്പൂർണ്ണ വെളിച്ചത്തിൽ താൻ നഗ്നനായാണ് നിൽക്കുന്നത് എന്ന് സുഗതനു തോന്നിപ്പോയി. വളരെ ലാഘവത്തോടെത്തന്നെ പൊലീസുകാരൻ ചോദിച്ചു:
“സുഗതാ നീ വല്ലതും കഴിച്ചാരുന്നോ?”
സുഗതൻ ഒരു നിമിഷം അമ്പരന്നുനിന്നു. ഉത്സവപ്പറമ്പിൽനിന്നു വാങ്ങിയ ഒരു പൊതി കടലയല്ലാതെ ഇതുവരെ ഒന്നുമേ കഴിച്ചിട്ടില്ലെന്ന് ഇയാളെങ്ങനറിഞ്ഞു. അല്ല, ഇയാളിതെന്തിനുള്ള പുറപ്പാടാ? സുഗതന് ആകെ കൺഫ്യൂഷനായി. ഇനി ഈ വട്ടൻ ബഷീറിനു പഠിക്കുകയാണോ? ‘മനുഷ്യൻ’ എന്ന കഥയിലെപ്പോലെ ഷർട്ടും ചെരിപ്പും അടിവസ്ത്രവുമൊക്കെ അഴിച്ച് വയ്‌പിച്ചിട്ട് നഗ്നനാക്കി അറസ്റ്റു ചെയ്യിക്കാനാണോ ഭാവം. പെട്ടെന്ന് സുഗതൻ ഒരു ഞെട്ടലോടെ ഓർത്തു, ദൈവമേ താൻ അടിവസ്ത്രമൊന്നും ഇട്ടിട്ടില്ലല്ലോ. ഈ ദൈവമിങ്ങനെ വീണ്ടും വീണ്ടും ഇടിച്ചുകയറിവരുന്നതുകൊണ്ട് പണി മൊത്തം പാളുമോ എന്ന് സുഗതൻ ശങ്കിച്ചു നിൽപ്പായി. ശങ്കിച്ചതുതന്നെയാണ് സംഭവിച്ചതും.
പൊലീസുകാരൻ സ്നേഹം തുളുമ്പുന്ന ശബ്ദത്തിൽ പറഞ്ഞു: “സുഗതാ, നിന്റെ വാടിയ മുഖം കണ്ടാലറിയാം നീയിന്നൊന്നും കഴിച്ചിട്ടില്ലെന്ന്.” അനന്തരം പൊലീസുകാരൻ സുഗതനെ അടുക്കളയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ബലമായി കസേരയിൽ പിടിച്ചിരുത്തി. ഇതൊക്കെ കണ്ട് അമ്പരന്നുനിൽക്കുന്ന ഭാര്യയെ നോക്കി കണ്ണുരുട്ടിയപ്പോൾ മേശയിൽ ചോറും ചിക്കൻകറിയും നിരന്നു. പൊലീസുകാരൻ സുഗതന്റെ തോളിൽ തൊട്ടു പറഞ്ഞു: “കഴിക്ക്.”
സുഗതൻ ഉണ്ണുന്നതിനിടയിൽ പൊലീസുകാരൻ ഓർമ്മയുടെ ഒരു ഏട് തുറന്നു:
“അന്നു നിന്നെ ആമപ്പൂട്ടിട്ട് നിലത്തിരുത്തിയത് ഒരല്പം കടന്ന കയ്യായിപ്പോയി എന്നു പിന്നീടെനിക്കു തോന്നി. നീ മുൻപ് പലവട്ടം എന്നെ വെട്ടിച്ച് കടന്നുകളഞ്ഞതുകൊണ്ട് പറ്റിപ്പോയതാ. സർവ്വീസിലെ തിരക്കിനിടയിൽ പിന്നീട് നിന്നെ വന്നൊന്നു കാണാനും കഴിഞ്ഞില്ല.”
“നിന്റെ കഴുത്തെല്ലുവല്ലതും ഒടിഞ്ഞോടാ?”
സുഗതൻ പറഞ്ഞു: “ഓ സാരമില്ല സാറേ.”
പൊലീസുകാരൻ അതു വിടാൻ ഭാവമില്ല. അയാൾ പറഞ്ഞു:
“എന്നാലും അത്ര കടുപ്പിക്കണ്ടായിരുന്നു. എന്റെ തെറ്റുതന്നെ. നീ പിന്നെ മൂന്നാഴ്ച പന്നിയോട്ടെ സുകുമാരൻ
വൈദ്യന്റെ ചികിത്സയിലായിരുന്നു എന്നു കേട്ടു.”
പൊലീസുകാരന്റെ അലിവു കണ്ട് സുഗതനു സങ്കടം വന്നു. സുഗതൻ പറഞ്ഞു:
“അതു വിട്ടുകള സാറേ.”
അതിനിടെ ചോറും കറികളും പാത്രത്തിൽ നിറയുകയും ഒഴിയുകയും ചെയ്തു. കൈകഴുകാനായി വാഷ്‌ബേസിനിൽ കുനിയവേ പുറകിൽനിന്നു പൊലീസുകാരൻ സുഗതന്റെ പിൻകഴുത്തിൽ ഒന്നു തലോടി. പണ്ടെന്നോ മരിച്ചുപോയ അമ്മ വന്നു തലോടുംപോലെയാണ് സുഗതന് അനുഭവപ്പെട്ടത്. സുഗതന്റെ കണ്ണുകൾ നനഞ്ഞു. അപ്പോൾ പൊലീസുകാരൻ പറഞ്ഞു:
“സുഗതാ, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ നീയെന്നെ വന്നു കാണണം.”
സുഗതൻ അനുസരണയുള്ള കള്ളനായി മാറി. “വോ.”
പിന്നാലെ ‘മനുഷ്യൻ’ എന്ന ബഷീർക്കഥയിൽ പറയുന്നപോലെ പൊലീസുകാരൻ പറഞ്ഞു:
“ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.”
ബഷീറിന്റെ കഥയിലെ കട്ട ഡയലോഗ് തന്നെ സുഗതനും തിരിച്ചടിച്ചു.
“ദൈവം നിങ്ങളേയും എന്നേയും എല്ലാവരേയും രക്ഷിക്കട്ടെ.”
സൂര്യൻ മൂരിനിവർന്നതു കണ്ട് ആശ്വാസത്തോടെ പുറത്തിറങ്ങിയ സുഗതൻ
ദൈവത്തിനു നന്ദി പറയാനായി ആകാശത്തേയ്ക്ക് കൈകളുയർത്തി, പെട്ടെന്നുതന്നെ ഹോ, ഈ ദൈവം എന്നു ചിരിച്ച് കൈകൾ താഴ്ത്തി. വിളറിപ്പോയിട്ടും നക്ഷത്രങ്ങൾ പിൻവാങ്ങാൻ കൂട്ടാക്കിയില്ല. വെളിച്ചത്തിലൂടെ നടക്കവേ സുഗതൻ ഇങ്ങനെ വിചാരിച്ചു: ജീവിതത്തിൽ നിനയ്ക്കുന്നതല്ല ഭവിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates