

ആറാമത്തെ നിലയിൽ ഇടത്തേ അറ്റത്തുള്ള മുറി: അങ്ങനെയാണ് റിസപ്ഷനിൽനിന്നും പറഞ്ഞത്.
വാതിലിൽ മുട്ടിയപ്പോൾ മെലിഞ്ഞ്, സാമാന്യം ഉയരമുള്ള ഒരു സ്ത്രീ വന്ന് മുഖം കാണിച്ചു.
മുറിയുടെ നമ്പർ ഒന്നുകൂടി ഓർമ്മിച്ചു. വാതിലിൽ എഴുതിവച്ചിട്ടുള്ളതു നോക്കി, അതുതന്നെ: 632.
കുറച്ചുനേരം അങ്ങനെ നിന്നപ്പോൾ ഒട്ടൊരു അലോസരഭാവത്തിൽ അവർ തിരക്കി: “എന്താ വേണ്ടത്?”
“മൂർത്തി...” -ഞാൻ പറഞ്ഞു.
“ങേ?”
“മ്യൂസിയം സൂക്ഷിപ്പുകാരനായിരുന്ന മൂർത്തി കിടക്കുന്നത് ഈ മുറിയിലല്ലേ?” ഞാൻ ചോദിച്ചു. കിതപ്പുകൊണ്ട് എന്റെ വാക്കുകൾ ഇടയ്ക്കിടെ മുറിയുന്നുണ്ടായിരുന്നു.
നിശ്ശബ്ദത.
“ആരാണ്?” അവർ ചോദിച്ചു.
“...മ്യൂസിയത്തിൽ ഉണ്ടായിരുന്ന കാലത്തെ പരിചയമാണ്.”
“കൂടെ ജോലി ചെയ്തിരുന്ന ആരെങ്കിലുമാണോ? മുന്‍പു കണ്ടതായി ഓർക്കുന്നില്ലല്ലോ.” അവരുടെ സംശയം മാറുന്നില്ല.
“നേരത്തേയുള്ള പരിചയമാണ്...” വീണ്ടും പറഞ്ഞു.
“ചോദിച്ചതിൽ ക്ഷമിക്കണം.” അവർ എന്നെ ഒന്നുകൂടി നോക്കിയ ശേഷം തുടർന്നു:
“ആദ്യമായിട്ടാണ് ഒരാൾ മൂർത്തിയെ കാണാൻ വരുന്നത്.”
അതിനുശേഷം അവർ
വാതിലിന്റെ രണ്ടുപാളികളും തുറ ന്ന് എന്നെ ഉള്ളിലേയ്ക്കു വരാൻ അനുവദിച്ചു.
“ഇരിക്കൂ”, ആകെയുള്ള ഒരു സ്റ്റൂളിന്റെ നേർക്ക് അവർ വിരൽചൂണ്ടി.
ആ മുറി തീരെ ചെറുതായിരുന്നു. അയാൾക്കു കിടക്കാൻ മാത്രമുള്ള ഒരു ചെറിയ കട്ടിലും ഞാനിരിക്കുന്ന സ്റ്റൂളും മാത്രമേ ഫർണിച്ചർ എന്നു പറയാനുള്ളൂ. മുഷിഞ്ഞ മഞ്ഞനിറമുള്ള ഒരു ഫ്ലാസ്‌ക് ജനൽപ്പടിയിൽ ഇരിപ്പുണ്ട്. ഒപ്പംതന്നെ ഏതാനും മരുന്നുപൊതികൾ. ശസ്ത്രക്രിയ ചെയ്യുന്നവർ ധരിക്കുന്നതുപോലെ ഇളംനീല നിറമുള്ള രണ്ടു കയ്യുറകൾ ഒന്നിനു മുകളിലൊന്നായി അതിനടുത്തുതന്നെ വെച്ചിരിക്കുന്നു. ഒരല്പംമാറി പല നിറങ്ങളിലുമുള്ള നൂലുകൾ ഉണ്ടയാക്കി വെച്ചിരിക്കുന്നതും കണ്ടു. ഒരു ആശുപത്രിമുറിയിൽ അതെന്തിനാണെന്നു മനസ്സിലായില്ല.
ആ സ്ത്രീക്കുവേണ്ടിയാവണം, ഒരു പായ അയാളുടെ കട്ടിലിനു കീഴെ ചുരുട്ടിവെച്ചിട്ടുണ്ട്. മുകളിൽ പൊടിപിടിച്ച ഫാൻ കറങ്ങുന്നു. കുളിമുറിയിലേയ്ക്കുള്ള വാതിലിനരികിലായി ഒരു
വാഷ്ബേസിൻ. അതിനു തൊട്ടു മുകളിൽ മുഖം നോക്കാനുള്ള ഒരു ചെറിയ കണ്ണാടി പിടിപ്പിച്ചിരിക്കുന്നു. കട്ടിലിനോട് ചേര്‍ന്നുള്ള സ്റ്റാന്റിൽ കുറച്ചുയരത്തിലായി വച്ചിരിക്കുന്ന ഗ്ലൂക്കോസ് കുപ്പി, അതിൽനിന്നും വേണമെന്നുണ്ടെങ്കിൽ അയാളുടെ ശരീരത്തിലേയ്ക്കു ഘടിപ്പിക്കാവുന്ന കുഴലുകൾ.
“കിടപ്പാണെന്ന് നിങ്ങൾ എങ്ങനെയാണ് അറിഞ്ഞത്?” അവർ ചോദിച്ചു.
കുറേക്കാലത്തിനുശേഷം ഇക്കഴിഞ്ഞ ഒരു ദിവസം മ്യൂസിയത്തിൽ പോയിരുന്ന കാര്യം ഞാൻ പറഞ്ഞു. അവിടെ തിരക്കിയപ്പോൾ ജീവനക്കാരിൽ ഒരാൾ പറഞ്ഞതാണ്.
“ഓ! അങ്ങനെയാണോ, അവരിപ്പോഴും മൂർത്തിയെ ഓർക്കുന്നുണ്ടോ? പക്ഷേ, ആരും ഇവിടെ വന്ന് അന്വേഷിക്കുകയുണ്ടായില്ല” -അവർ പറഞ്ഞു.
“ആശുപത്രിയിൽ വരാനുള്ള വിഷമം കൊണ്ടാവും” -ഞാൻ പറഞ്ഞു. അവർ വെറുതെ ഒന്നു മൂളുകമാത്രം ചെയ്തു.
വാസ്തവത്തിൽ ആശുപത്രികളിൽ പോകുന്നത് എനിക്കും ഇഷ്ടമുണ്ടായിട്ടല്ല. രോഗികളുടെ ദൈന്യമോ രോഗം പകരും എന്ന പേടിയോ ഒന്നുമല്ല അവയുടെ ഉയരമാണ് പ്രശ്നം. ഈ ആശുപത്രികളെല്ലാം ഇപ്പോൾ കൂറ്റൻ കെട്ടിടസമുച്ചയങ്ങളാണല്ലോ. പോയാൽ ലിഫ്റ്റുകളിൽ സഞ്ചരിക്കേണ്ടിവരും. ആ അടഞ്ഞ പേടകങ്ങൾക്കുള്ളിൽ കഴിച്ചുകൂട്ടുന്ന സമയത്തെക്കാൾ ഭീതിദമായ ഒന്നുംതന്നെയില്ലെന്നാണ് എന്റെ വിശ്വാസം. മുൻവാതിൽ അടഞ്ഞ് ലിഫ്റ്റ് ചലിച്ചു തുടങ്ങുമ്പോഴേ ഞാൻ ശ്വാസം പിടിക്കാൻ തുടങ്ങും. വാതിലിനുമുകളിൽ പ്രത്യക്ഷപ്പെടുന്ന ചുവന്ന അക്കങ്ങളെ നോക്കി, തോക്കിൻമുനയിലെന്നോണം അനങ്ങാതെ നിൽക്കും. ഒറ്റയ്ക്കാണെങ്കിലും കൂടെ ആളുകളുണ്ടെങ്കിലും അതുതന്നെ എന്റെ ശീലം.
ആശുപത്രിയിൽ വന്നപ്പോൾ മൂർത്തി കിടക്കുന്നത് ആറാമത്തെ നിലയിലാണെന്നുകേട്ട് തിരിച്ചുപോയാലോ എന്നാലോചിച്ചു. എന്നാലും ഇത്രദൂരം വന്നതല്ലേ, കാണാതെ പോവുന്നതെങ്ങനെ? പക്ഷേ, ഞാൻ ലിഫ്റ്റ് ഉപയോഗിച്ചില്ല. ഓരോ നില യിലും കുറച്ചുനേരം നിന്നും ശ്വാസമെടുത്തും വളരെ സാവധാനത്തിൽ ചവിട്ടുപടികൾ നടന്നുകയറുകയായിരുന്നു.
ഞാൻ അയാളുടെ രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമൊക്കെ തിരക്കി. വശം ചെരിഞ്ഞ് അയാൾ ഉറങ്ങുന്നു. ശബ്ദമില്ലാത്ത, അനക്കമില്ലാത്ത ഉറക്കം. അങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായിപോലും. മുന്‍പൊക്കെ വശംമാറിക്കിടക്കണം എന്നു പറയാറുണ്ടായിരുന്നത്രേ. ഇപ്പോൾ അതുമില്ല. ഓർമ്മകളും കൈവിട്ടു കാണണം. അങ്ങനെ ഓരോന്നു സംസാരിച്ചു വന്നപ്പോഴാണ് ആ സ്ത്രീ മൂർത്തിയുടെ ഭാര്യയാണെന്നു മനസ്സിലായത്. അവരെ കണ്ടാൽ അത്രയും പ്രായം തോന്നിക്കുകയില്ല. നരച്ചു എന്നു തോന്നിക്കാവുന്ന മുടിയിഴകളെല്ലാം മൈലാഞ്ചിയോ മറ്റോ പുരട്ടി നിറംമാറ്റിയെടുത്തിരിക്കുന്നു. നീല പടർന്ന കണ്ണുകൾ, ചെറിയൊരു കുങ്കുമപ്പൊട്ട്, മൂക്കുത്തി, ചെമപ്പുമായാത്ത ചുണ്ടുകൾ. നല്ല ചന്തമുണ്ട്,
നോക്കിയിരിക്കാൻ തോന്നും.
കുറേനേരം കഴിഞ്ഞിട്ടും അയാൾ ഉണരാനുള്ള ലക്ഷണമൊന്നുമില്ലെന്നു കണ്ടപ്പോൾ ഞാൻ എഴുന്നേറ്റു. ഇനി ഉണരുകയാണെങ്കിലും എന്നെ തിരിച്ചറിയുമായിരുന്നോ? ഈ മൂർത്തി എന്നു പറയുന്നയാളെ - അയാളുടെ മുഴുവൻപേരും പണ്ടും എനിക്കറിഞ്ഞുകൂടാ - കണ്ടിട്ടോ അയാളോടു സംസാരിച്ചിട്ടോ കൊല്ലങ്ങളായി.
രൂപംപോലും മറന്നു. ആശുപത്രിയിൽ വന്നപ്പോൾ അയാളുമായി എവിടെയൊക്കെയോ ചില സാദൃശ്യങ്ങളുണ്ടെന്നു തോന്നിച്ച, എന്നാൽ, അയാളെക്കാൾ കൂടുതൽ പ്രായംചെന്ന, കൂടുതൽ ക്ഷീണിച്ച, കണ്ണുകൾ കൂടുതൽ ആഴത്തിലേക്കുപോയ, കൂടുതൽ നരച്ച, കൂടുതൽ നിറംമങ്ങിയ, വരണ്ടുചുളിഞ്ഞ വയസ്സൻ തൊലിയുള്ള മറ്റൊരാളെ കണ്ടതാണെന്നു സംശയമായി.
അത്രയൊന്നും അടുപ്പമില്ലെങ്കിൽ പിന്നെ എന്തിനാണ് മൂർത്തി എന്നയാളെ പോയി കണ്ടത്?എന്തെന്നാൽ ചില മനുഷ്യരെ നമുക്കു മറക്കാനാവില്ല. ഉദാഹരണത്തിനു മറ്റെല്ലാവരും നിങ്ങളെ പരിഹസിക്കുന്ന ഒരു നിർണ്ണായക ഘട്ടത്തിൽ, സംശയമേതുമില്ലാതെ ഒരാൾ നിങ്ങളുടെ കൂടെ നിന്നിട്ടുണ്ടെന്നു കരുതുക. നിങ്ങൾ പറയുന്നത് അയാൾ ശരിയായ അർത്ഥത്തിൽ മനസ്സിലാക്കുന്നു, വിശ്വസിക്കുന്നു. വലിയ കാര്യമല്ലേ? അങ്ങനെയൊരു അനുഭവം ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ട്. അതു കഴിഞ്ഞിട്ടു കുറേയായി. പിന്നീട് ഞങ്ങൾ തമ്മിൽ വലിയ അടുപ്പമൊന്നും ഉണ്ടായിരുന്നില്ല എന്നതും ശരിയാണ്. എന്നാലും ആ പഴയ ജീവിതസന്ദർഭത്തിന്റെ ഓർമ്മ ഇടയ്ക്കിടെ എന്നെ വന്നു സന്ദർശിക്കുമായിരുന്നു.
ഇതെല്ലാം വളരെക്കാലം മുന്‍പാണ്. അക്കാലത്ത് അയാൾ പരിപാലിച്ചിരുന്ന ആ വലിയ മ്യൂസിയത്തിന്റെ അടുത്തായിരുന്നു ഞാൻ തൊഴിലെടുത്തിരുന്ന സ്ഥാപനം. പലതരം സാധനങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കു കയറ്റി അയക്കുന്ന ഒരു ട്രാൻസ്‌പോർട്ടേഷൻ കമ്പനിയായിരുന്നു അത്. പരിമിതമായ സ്ഥലസൗകര്യമുള്ള അതിന്റെ പരിസരങ്ങളിലേയ്ക്ക് അനേകം ചരക്കുവാഹനങ്ങൾ വരുകയും പോവുകയും
ചെയ്തുകൊണ്ടിരുന്നു. കയറ്റിറക്കു തൊഴിലാളികളുടേയും ഡ്രൈവർമാരുടേയും ഒച്ചകൾകൊണ്ട് മുഖരിതമായിരുന്നു അവിടം. കുറേ നേരം അവിടെയിരുന്നാൽ ഈ ബഹളങ്ങൾ കാരണം തല മരവിക്കുന്നതുപോലെയുണ്ടാവും. അല്പനേരം ഒറ്റപ്പെട്ട, ശബ്ദങ്ങളില്ലാത്ത ഒരു സ്ഥലത്ത് ചെന്നിരിക്കണം എന്നു തോന്നും. അതിനു പറ്റിയ ഇടമായിരുന്നു ആ മ്യൂസിയം. വളരെ വിശാലമായ ഒരിടം, അനേകം ഇരിപ്പിടങ്ങൾ. സന്ദർശകരും കുറവ്.
ഞാനാ ജോലിയിൽ അധികകാലമൊന്നും തുടർന്നില്ല. ഇപ്പോൾ ആ കമ്പനിതന്നെ ഉണ്ടോ എന്തോ! ഉണ്ടെങ്കിൽത്തന്നെയും ആ സ്ഥലത്താവില്ല അതിന്റെ പ്രവർത്തനം. കാരണം പിൽക്കാലത്ത് അത്രയും പഴക്കമുള്ള മ്യൂസിയങ്ങൾക്കു ചുറ്റും ജനവാസമോ വ്യാപാരമോ പാടില്ലെന്നുള്ള നിയന്ത്രണം വന്നെന്നു കേട്ടു. അതിനടുത്തുള്ള വീടുകളേയും കച്ചവടസ്ഥാപനങ്ങളേയും സർക്കാർ ഒഴിപ്പിച്ചു കാണണം.
പണ്ടെന്നോ കാലത്തെ ഒരു രാജകൊട്ടാരമാണ് മ്യൂസിയമായി സംരക്ഷിച്ചിരുന്നത്. ചെങ്കല്ലുകൊണ്ടു പണിത, പായൽ സ്പർശമുള്ള ചുവരുകൾ, ഉരുളൻ കൽത്തൂണുകൾ നിരയിട്ട നെടുനീളൻ ഇടനാഴികൾ, വെട്ടിനിർത്തിയ പുൽത്തടങ്ങൾ നിറഞ്ഞ മുറ്റം, അവയ്ക്കു മധ്യത്തിലൂടെയുള്ള വിശാലമായ നടപ്പാതകൾ, ആയ കാലത്ത് പ്രതാപികളായിരുന്ന ആരുടെയൊക്കെയോ പ്രതിമകൾ, ഉപേക്ഷിക്കപ്പെട്ട ഒരു ജലചക്രം, ആകാശത്ത് സൂര്യൻ മാറുന്നതനുസരിച്ച് വലുപ്പച്ചെറുപ്പം ഭാവിക്കുന്ന നിഴലുകൾ... ഞങ്ങളുടെ ഓഫീസിന്റെ മുകളിലത്തെ നിലയിൽനിന്നും നോക്കിയാൽ ആ വലിയ
കൊട്ടാരത്തിന്റെ ഗോളാകൃതിയിലുള്ള മകുടവും അതിനോടൊപ്പം വളർന്നുനില്‍ക്കുന്ന കിഴവൻ മരങ്ങളും കാണാമായിരുന്നു. എന്നാൽ, അതൊന്നുമല്ല, നേരത്തേ പറഞ്ഞ അവിടുത്തെ ഏകാന്തതയാണ് എന്നെ കൂടുതൽ ആകർഷിച്ചിരുന്നത്. ഒഴിവു കിട്ടുമ്പോഴൊക്കെ മ്യൂസിയത്തിന്റെ ഉദ്യാനത്തിലേയ്ക്കും മുളങ്കാടുകളിലേയ്ക്കും ഒളിച്ചു പോയിരിക്കാൻ ഞാൻ ഉത്സാഹിച്ചിരുന്നു. അനേകം ഏക്കറുകളിൽ വ്യാപിച്ചുകിടക്കുന്ന, വിസ്തൃതമായ ആ നിശ്ശബ്ദത: മ്യൂസിയത്തെക്കുറിച്ചോർക്കുമ്പോൾ എന്റെ മനസ്സിൽ വരുന്നത് അതൊന്നാണ്.
കൊട്ടാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രദർശനവസ്തു ഒരു വിശുദ്ധന്റെ മൃതദേഹമായിരുന്നു. മൂന്നു നൂറ്റാണ്ടു പ്രായമുണ്ടായിരുന്നു അതിന്. നൂറു വയസ്സുവരെ ജീവിച്ചിരുന്ന ആളാണെന്നുകൂടി പരിഗണിച്ചാൽ മൊത്തം നാനൂറു വർഷത്തെ പഴക്കം. രാജാവിന്റെ ഗുരുവോ ഉപദേശിയോ മറ്റോ ആയിരുന്നു. മരിച്ചപ്പോൾ പ്രദർശനത്തിനായി മൃതദേഹം കൊട്ടാരവളപ്പിലേയ്ക്കു കൊണ്ടുവന്നതാണ്. അയാളെ അവസാനമായി ഒന്നു കാണുന്നതിനായി അവിടെയപ്പോൾ ആൾക്കൂട്ടം നിറഞ്ഞുതൂവി. നാലഞ്ചു ദിവസം കഴിഞ്ഞിട്ടും കാഴ്ചക്കാരുടെ നിര അവസാനിച്ചില്ല. അതല്ല അത്ഭുതം; അത്രയും ദിവസത്തിനുശേഷവും ആ ശരീരത്തിന് ഒരു കേടുപാടുമില്ലായിരുന്നു. അത് അഴുകുന്നതിന്റെ ഒരു ലക്ഷണവും കാണിച്ചില്ല. ദുർഗന്ധവുമുണ്ടായില്ല. അങ്ങനെയാണ് മൃതദേഹം സംരക്ഷിക്കണമെന്നു തീരുമാനിച്ചത്. കൊട്ടാരത്തിന്റെ താഴത്തെ നിലയിൽ, ഒരു പ്രത്യേക മുറിയിൽ, മേലെ സ്ഫടിക പാളികളുള്ള ഒരു സ്വർണ്ണപേടകത്തിൽ അതു സൂക്ഷിച്ചു. ചീനത്തുകാരായ ചില വ്യാപാരികളുടെ ഉപദേശ പ്രകാരം ഭൂതകാലത്തെ അഴുകാതെ സൂക്ഷിക്കാൻ കെല്പുള്ള അപൂർവ്വമായ പച്ചമരുന്നുകൾ തേച്ചുപിടിപ്പിച്ചു.
കുറേക്കാലം കഴിഞ്ഞപ്പോൾ രാജാക്കന്മാരും അവരുടെ ഭരണവും അവസാനിച്ചു. എന്നിട്ടും ആരും വിശുദ്ധനെ ഒഴിവാക്കിയില്ല. കാലക്രമേണ കൊട്ടാരംതന്നെ ഒരു പുരാവസ്തു മ്യൂസിയമായി മാറി. ഛായാചിത്രങ്ങളും സിംഹാസനങ്ങളും കിരീടങ്ങളും ഉടുപ്പുകളും വാളുകളും ഊന്നുവടികളും ബിലാത്തിയിൽനിന്നുള്ള കണ്ണടകളും പാരീസിൽനിന്നും വരുത്തിയ വയ്പുപല്ലുകളും ജർമ്മൻ കാറുകളും ദേശവിദേശ യാത്രകളിൽ രാജാക്കന്മാർക്കു ലഭിച്ചിരുന്ന വിലകൂടിയ പാരിതോഷികങ്ങളുമെല്ലാം പ്രദർശിപ്പിക്കാനുള്ള ഇടം. എന്നാലും ഏറ്റവും വലിയ പ്രദർശനവസ്തു വിശുദ്ധന്റെ ജഡം തന്നെയായിരുന്നു. മ്യൂസിയത്തിലെ ജീവനക്കാർ ഇടയ്ക്കിടെ അതുയർത്തിയെടുത്ത് കുറേക്കൂടി പച്ചമരുന്നുകൾ ചേർക്കും. അയാളുടെ ജന്മദിനത്തിനും മരണദിവസത്തിനും ഏതാനും ചില ചടങ്ങുകൾ നടത്തും, അത്രമാത്രം.
ഒരു ദിവസം ഉച്ചസമയത്ത് ഒരുൾവിളിയുണ്ടായി. വിശുദ്ധനെ ഒന്നു കാണണം. മിക്കവാറും ദിവസങ്ങളിൽ അവിടത്തെ ഉദ്യാനങ്ങളിൽ വന്നിരിക്കും എന്നുണ്ടെങ്കിലും ഞാനൊരിക്കലും മ്യൂസിയത്തിന്റെ അകത്തേക്കു പോയിട്ടേയില്ലായിരുന്നു.
പതിവുപോലെ അന്നും കാഴ്ചക്കാർ കുറവായിരുന്നു. അകത്തേക്കുള്ള ആ വലിയ കവാടം പിന്നിടുമ്പോൾ വേറൊരു കാലാവസ്ഥയിലേയ്ക്കു പ്രവേശിക്കുന്നതുപോലെ തോന്നി. കൂടുതൽ തണുപ്പുണ്ട്, ഈർപ്പവും. നാമാവശേഷമായ ഒരു ലോകത്തിന്റെ ഗന്ധം. ഇടനാഴികളിൽ നിഴലുകൾ
തുന്നിച്ചേർത്തതുപോലെ നേർത്ത ഇരുട്ട്. താഴത്തെ നിലയിൽ ഒരറ്റത്തായിട്ടാണ് വിശുദ്ധനെ സൂക്ഷിച്ചിരിക്കുന്ന മുറി. അതിന്റെ ചുവരിൽ
വായിച്ചു മനസ്സിലാക്കാനാവാത്ത ഭാഷയിൽ ഏതോ
മാന്ത്രിക വാക്യങ്ങൾ എഴുതിവെച്ചിട്ടുണ്ടായിരുന്നു. ഉള്ളിൽ കടന്നപ്പോൾ ശ്രദ്ധിച്ചു, ഞാനവിടെ ഒറ്റയ്ക്കാണ്.
കാവൽക്കാരോ മറ്റു കാഴ്ചക്കാരോ ആരും ഉണ്ടായിരുന്നില്ല. അനേകകാലം പഴക്കമുള്ള ഒരു മൃതദേഹത്തോടൊപ്പം ഒറ്റയ്ക്ക് ഒരു മുറിയിൽ നില്‍ക്കാൻ എനിക്കു പേടിയുണ്ടായിരുന്നു. പക്ഷേ, പുറത്തേക്കു കടക്കാനും മനസ്സുവന്നില്ല.
മറ്റു മുറികളെക്കാളുമൊക്കെ ചെറുതായിരുന്നു അത്. പ്രകാശവും തീരെ കുറവ്. അവശേഷിച്ചിരുന്ന വെളിച്ചമാകട്ടെ, ആ മൃതദേഹത്തിലേയ്ക്കു കേന്ദ്രീകരിച്ചിരിക്കുന്നുവെന്നു തോന്നി. വെളിച്ചത്തിന്റെ ഒരു കുഴൽ സ്വർണ്ണപേടകത്തിലേയ്ക്കു നീളുന്നതുപോലെ. കുറച്ചുകൂടി അടുത്തുചെന്ന് ആ ചില്ലുമൂടിയിലൂടെ നോക്കുമ്പോൾ ഒരു ഈജിപ്ഷ്യൻ മമ്മിയെപ്പോലെ വരണ്ടു വികൃതമായ ഒരു മനുഷ്യശരീരം കിടക്കുന്നതു കണ്ടു. ഭൂമിയിൽ സാധാരണമായി ജീവിച്ചു മരിച്ചുപോയവർക്കൊന്നും സാധ്യമല്ലാത്ത വിചിത്രമായൊരു മുഖഭാവമായിരുന്നു വിശുദ്ധന്. നിശ്ശബ്ദമായി അലറിവിളിക്കുന്നതുപോലെ തോന്നും. മരണനേരത്തുണ്ടായിരുന്ന അസഹ്യമായ ചില വേദനകളെക്കൂടി ആ മുഖത്ത് ഉണക്കി സൂക്ഷിച്ചിരിക്കുന്നതുപോലെ. കാലപ്പഴക്കത്താൽ നിറംമങ്ങിയ വസ്ത്രങ്ങൾ, ചുക്കിച്ചുളിഞ്ഞ തൊലി, അല്പം തുറന്നുപിടിച്ച വായിൽ ബാക്കി നില്‍ക്കുന്ന ദ്രവിച്ച പല്ലുകൾ. പോയ നൂറ്റാണ്ടുകളിൽനിന്നുമുള്ള തണുപ്പ് ദംശിച്ചതുപോലെ അയാൾ കൈകാലുകൾ ചുരുക്കി തന്റെ ശരീരത്തോടു ചേർത്ത് ഒതുക്കിവെച്ചിരിക്കുന്നു.
കുറച്ചുനേരം അങ്ങനെ നിന്നപ്പോൾ വിശുദ്ധന്റെ കണ്ണുകൾ തുറന്നടഞ്ഞതായി എനിക്കു തോന്നി. വെറും തോന്നലാണോ! ഞാൻ പേടിയോടെ ശവപേടകത്തിലേയ്ക്കുതന്നെ നോക്കി. സംശയമില്ല, അതുതന്നെ; വിശുദ്ധന്റെ കണ്ണുകൾ ഒന്നുകൂടി തുറന്നു, പൊടുന്നനെ അടയുകയും ചെയ്തു. ഇത്തിരി കഴിഞ്ഞപ്പോൾ അതാ, സ്വർണ്ണപേടകത്തിന്റെ ചില്ലുവാതിൽ തുറന്നുവരുന്നു. തുരുമ്പിച്ച വിജാഗിരികൾ കരയുന്ന ശബ്ദം. ആ സമയത്ത് മഞ്ഞനിറമാർന്ന, കൂടുതൽ തണുപ്പുള്ള ഒരു വെയിൽ മുറിയിലാകെ വ്യാപിച്ചു. ഒപ്പംതന്നെ ആദിമമായൊരു പൊടിപടലം പേടകത്തിൽനിന്നും ഉയരുന്നതു കണ്ടു. പിന്നീടുണ്ടായതാണ് കൂടുതൽ വിചിത്രം; ആ പൊടിപടലം ശ്വസിച്ചിട്ടെന്നവണ്ണം വിശുദ്ധൻ ഒന്നു തുമ്മി. വളരെ ദുർബ്ബലമായൊരു ശബ്ദത്തിലായിരുന്നു അത്. എന്നാലും ആ ഒച്ചയിൽ മുറിയാകെ പ്രകമ്പനം കൊണ്ടു. പൊടിപടലം കാറ്റിൽപ്പെട്ടതുപോലെ നൃത്തം ചെയ്തു. അതൊന്ന് അടങ്ങിയപ്പോൾ അയാൾ തന്റെ വലതുകയ്യിലുണ്ടായിരുന്ന ജപമാല ഇടതുകയ്യിലേക്കു മാറ്റി. ശേഷം, മെലിഞ്ഞു ദുർബ്ബലമായ ഇരുകൈകളും തന്റെ നെഞ്ചിനോടു ചേർത്തു പഴയപടി തുടർന്നു. പേടകത്തിന്റെ വാതിൽ സാവധാനം അടഞ്ഞു.
എനിക്ക് ഉറക്കെ നിലവിളിക്കണം എന്നു തോന്നി. പക്ഷേ, ഒച്ച പൊങ്ങുന്നില്ല. അവിടെനിന്നും ഓടിപ്പോകണം എന്നു
വിചാരിച്ചു, കാലുകൾ ഉറച്ചുപോയിരിക്കുന്നതുപോലെ. അപ്പോൾ പുറത്തുനിന്നും ആരൊക്കെയോ നടന്നുവരുന്നതിന്റെ ഒച്ച കേൾക്കുന്നു. ഞാൻ പ്രതീക്ഷയോടെ, ആശ്വാസത്തോടെ അവിടെത്തന്നെ നിന്നു.
6
“അത്ഭുതം തന്നെ”, ഞാൻ പതിഞ്ഞ ശബ്ദത്തിൽ അവരോടു പറഞ്ഞു. “വിശുദ്ധൻ മരിച്ചിട്ടില്ല.”
“സ്വാഭാവികം.” അവരിലൊരാൾ പറഞ്ഞു. “വിശുദ്ധന്മാർ ഒരിക്കലും മരിക്കുകയില്ല.”
“അതുകൊണ്ടാണല്ലോ നമ്മളവരെ വിശുദ്ധന്മാർ എന്നു വിളിക്കുന്നത്.” വേറൊരാൾ മൃതദേഹത്തിന്റെ നേർക്കു കൈകൂപ്പിക്കാണിച്ചു.
“അങ്ങനെയല്ല” -ഞാൻ പറഞ്ഞു. “ഈ വിശുദ്ധന്റെ കൺപോളകൾ തുറന്നടയുന്നു.”
“അതു നിങ്ങൾക്കു തോന്നിയതാവണം.” ആദ്യത്തെയാൾ ആ മൃതദേഹത്തിലേയ്ക്കു നോക്കിക്കൊണ്ടു ഗൗരവം ഭാവിച്ചു. “വെളിച്ചം കുറഞ്ഞ മുറികളിൽ വരുമ്പോൾ അങ്ങനെയൊക്കെ തോന്നാറുണ്ട്.”
“ശരിയാണത്” രണ്ടാമൻ തുടർന്നു. “ഇരുട്ടുപോലെയല്ല, വെളിച്ചം. അതിന് മനുഷ്യരെ വഴിതെറ്റിക്കാൻ സാധിക്കും.”
“ഞാൻ കണ്ടത് അതൊന്നുമല്ല” -ഞാൻ പറഞ്ഞു. “അദ്ദേഹം പൊടി ശ്വസിച്ച് തുമ്മുകയും ചെയ്തു.”
“പൊടിയോ? ഇവിടെ എവിടെയാണ് പൊടി!” അവർ ചുറ്റുപാടും നോക്കി. കൂടെയുണ്ടായിരുന്ന ചിലർ ചിരിക്കാൻ തുടങ്ങി. ഇത്രയും നേരം അവിടെയുണ്ടായിരുന്ന നേർത്ത പൊടിപടലം എവിടെപ്പോയി? എനിക്കു മനസ്സിലായില്ല.
“സുഹൃത്തുക്കളേ, സത്യമാണ് പറയുന്നത്.” ഞാൻ സ്വയം വിശദീകരിക്കാൻ ശ്രമിച്ചു. “എന്നെ വിശ്വസിക്കണം. ഇതെല്ലാം ഉണ്ടായതാണ്.”
“ഒന്നോർക്കണം. ശരിയായ വിശുദ്ധന്മാർ നിങ്ങൾ പറഞ്ഞതുമാതിരിയുള്ള നുറുങ്ങ് അത്ഭുതങ്ങൾ പ്രവർത്തിച്ചു കാണിക്കുകയില്ല. അവർ അതിനൊക്കെ മുകളിലാണ്.” ഒരു ചെറുപ്പക്കാരൻ പറഞ്ഞു.
“അപ്പറഞ്ഞതാണ് കാര്യം. ഞാൻ ചെറുപ്രായത്തിലേ ഇവിടം സന്ദർശിച്ചിട്ടുണ്ട്. ഇദ്ദേഹം എല്ലാ അത്ഭുതങ്ങൾക്കും മുകളിലാണ്.” കൂട്ടത്തിൽ വയസ്സുചെന്നയാൾ പറഞ്ഞു.
അപ്പോൾ പെട്ടെന്ന് എനിക്ക് ആ ജപമാലയുടെ കാര്യം ഓർമ്മവന്നു. “ഒരു നിമിഷം നിൽക്കൂ” -ഞാൻ പറഞ്ഞു. “നിങ്ങളുടെ എല്ലാ സംശയവും ഞാൻ തീർത്തുതരാം. ഇപ്പോൾ അദ്ദേഹത്തിന്റെ ഏതു കയ്യിലാണ് ജപമാലയുള്ളത്?”
“ഇടതുകയ്യിൽ.” കാഴ്ചക്കാർ ആ പേടകത്തിനുള്ളിലേയ്ക്ക് ഒരിക്കൽക്കൂടി നോക്കിയശേഷം നിസ്സാരമായി പറഞ്ഞു.
“എന്നാൽ അത് ഒരല്പം മുമ്പുവരെ വലതുകയ്യിലായിരുന്നു.” ഒരു വിജയിയെപ്പോലെ ഞാൻ അറിയിച്ചു. “മാല കൈമാറുന്നത് ഞാൻ കണ്ടതാണ്.”
അവരുടെ മുഖത്ത് പരിഹാസം പടരുന്നത് ഞാൻ വേദനയോടെ കണ്ടു.
“വിശുദ്ധന്റെ പഴയ ഫോട്ടോകൾ പരിശോധിക്കണം” -ഞാൻ പറഞ്ഞു. “അപ്പോൾ ഞാൻ പറഞ്ഞത് സത്യമാണെന്ന് അറിയാമല്ലോ.”
“ശരിക്കും പറഞ്ഞാൽ പരിശോധിക്കേണ്ടത് നിങ്ങളുടെ തലയാണ്” പിറകിൽ നിന്നിരുന്ന ഒരാൾ ഉറക്കെപ്പറഞ്ഞു. അവിടെനിന്നവരെല്ലാം അതുകേട്ടു പൊട്ടിച്ചിരിക്കുകയും ചെയ്തു.
7
എന്തിനാണ് യാതൊരു പരിചയവുമില്ലാത്ത ആ ആൾക്കൂട്ടം എന്നെ പരിഹസിച്ചു ചിരിച്ചത്? ഞാൻ പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്ന് അവർ എന്തുകൊണ്ടു വിധിച്ചു? സാമാന്യയുക്തി എന്നാണ്
നിങ്ങളുടെ ഉത്തരമെന്നുണ്ടെങ്കിൽ ഇത്തരം കാര്യങ്ങളിൽ അങ്ങനെ പരിചയമില്ലാത്ത ഒരാളല്ല ഞാൻ. ചെറുപ്പത്തിൽ പല യുക്തിഭദ്രമായ പുസ്തകങ്ങളും വില കൊടുത്തു വാങ്ങിക്കുകയും വായിക്കുകയും ചെയ്തിട്ടുണ്ട്. അവയിലൂടെ ഈ പ്രപഞ്ചത്തിന്റെ രീതികളെക്കുറിച്ച് സാമാന്യമായി ഞാൻ മനസ്സിലാക്കിയിട്ടുമുണ്ട്. എന്നാൽ, എന്റെ ഇന്ദ്രിയങ്ങൾ എന്നെ കബളിപ്പിക്കുമെന്നുണ്ടോ? വിശുദ്ധന്റെ കൺപോളകൾ തുറന്നടയുന്നത് ഞാൻ കണ്ടതല്ലേ! അയാൾ ആദിമമായ ആ പൊടിപടലം ശ്വസിച്ചു തുമ്മുന്നതു കേട്ടതല്ലേ? തീരെ വെളിച്ചം കുറഞ്ഞ ആ മുറിയിൽ മഞ്ഞനിറമാർന്ന ഒരു വെയിൽ പടർന്നുപരക്കുന്നത് വെറും മായക്കാഴ്ചയാണോ!
എന്തിനാണ് കൂടുതൽ വിശദീകരിക്കുന്നത്? തെളിവിനായി ഏവരുടേയും മുന്നിൽ വിശുദ്ധന്റെ ജപമാലയുണ്ടല്ലോ! വലതുകയ്യിലുണ്ടായിരുന്ന അതിന്റെ സ്ഥാനം ഇപ്പോൾ എവിടെ? കാണൂ, കണ്ടു പരിശോധിച്ചു ബോധ്യപ്പെട്ടതിനുശേഷം മാത്രം വിശ്വസിക്കൂ. അതല്ലേ ഞാൻ പറഞ്ഞുള്ളൂ?
അപ്പോൾ ആരാണ് യുക്തിഹീനമായി ചിന്തിക്കുന്നത്? ആരാണ് മുൻവിധിയോടെ ലോകത്തെ കാണുന്നത്?
8
അപരിചിതരായ ആ മനുഷ്യർ എന്നെ പരിഹസിച്ചതിന്റെ വേദന വിട്ടുമാറിയില്ല. ഞാൻ മുറിയുടെ പുറത്തുകടന്നു. ഒരല്പദൂരം നടന്നപ്പോൾ കുറേക്കൂടി വിശാലമായ ഒരു മുറിയിലെത്തി. അവിടെയുണ്ടായിരുന്ന ഒരേയൊരു കസേരയിൽ ഞാനിരുന്നു. വിശുദ്ധനെ കണ്ടു മടങ്ങിപ്പോകുമ്പോഴും അവരിൽ ചിലർ എന്നെ തിരിഞ്ഞുനോക്കുകയും പരസ്പരം ഓരോന്നു പറഞ്ഞു ചിരിക്കുകയും ചെയ്തു. അവരുടെ പരിഹാസം അവസാനിക്കുകയില്ലെന്നു തോന്നി. ഞാൻ സമാധാനിക്കാൻ
ശ്രമിച്ചു: ഇതാണ് ലോകത്തിന്റെ അവസ്ഥ. എല്ലാവരും വലിയ ജ്ഞാനികളായി നടിക്കുന്നു. സ്വന്തം ബുദ്ധിക്ക് എത്തിപ്പിടിക്കാനാവാത്ത കാര്യങ്ങളെ പുച്ഛത്തോടെ കാണുന്നു. അങ്ങനെ ഓരോന്നാലോചിച്ച് ഞാൻ അവിടെത്തന്നെ തുടർന്നു.
ആ സമയത്ത് ഒരു മണികിലുക്കം കേട്ടു. ഇടനാഴിയിലൂടെ അടുത്തുവരുകയാണ് അത്. നോക്കുമ്പോൾ കുറച്ചു തടിച്ച, അത്ര ഉയരമില്ലാത്ത ഒരാൾ. അയാളുടെ കയ്യിൽ വലിയ ഒരു താക്കോൽക്കൂട്ടമുണ്ടായിരുന്നു. അയാൾ എന്നെ ശ്രദ്ധിക്കാതെ വിശുദ്ധൻ കിട ക്കുന്ന മുറിയിലേക്കു പോയി, അല്പസമയത്തിനുശേഷം ആ മുറിയുടെ കൂറ്റൻ വാതിൽ ചേർത്തടയ്ക്കുന്ന ഒച്ച കേട്ടു. ഓടാമ്പലിന്റെ ലോഹശബ്ദം. പിന്നീട് അയാൾ അതുവഴിതന്നെ തിരിച്ചുപോയി. അപ്പോഴും എന്നെ ശ്രദ്ധിച്ചതേയില്ല. പക്ഷേ, കുറച്ചുസമയം കഴിഞ്ഞപ്പോൾ വീണ്ടും മണികിലുക്കം കേൾക്കാനായി. അയാൾ മടങ്ങിവരുകയായിരുന്നു.
“പുറത്ത് ഒരു ജോഡി ചെരിപ്പ് ബാക്കി കിടക്കുന്നതു കണ്ടിട്ട് നോക്കാൻ വന്നതാണ്” -അയാൾ പറഞ്ഞു. “സമയം കഴിഞ്ഞു. നിങ്ങൾ പോയിട്ടുവേണം എനിക്ക് കൊട്ടാരത്തിന്റെ മുൻവാതിലുകൾ അടയ്ക്കാൻ. വേണമെങ്കിൽ ഇനി മറ്റൊരു ദിവസം വരൂ.”
സമയം കുറേയായി എന്ന് എനിക്കപ്പോഴാണ് മനസ്സിലായത്. ഇനി ഓഫീസിലേക്കു മടങ്ങിപ്പോയിട്ടു കാര്യമില്ല.
ഞാൻ സൂക്ഷിപ്പുകാരനെ നോക്കി. അയാൾ എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു.
“എന്തെങ്കിലും പറഞ്ഞോ?” ഞാൻ തിരക്കി.
“ങേ?” അയാൾ എന്നെ തിരിഞ്ഞുനോക്കി. “ഇല്ല, കാര്യമായൊന്നുമില്ല. ഇനി നിങ്ങൾ വന്നിട്ടും കാര്യമുണ്ടെന്നു തോന്നുന്നില്ല. അതാണ് പറഞ്ഞത്.”
“അതെന്തുപറ്റി?”
“ഈ വിശുദ്ധന്റെ കാലം കഴിഞ്ഞു എന്നു തോന്നുന്നു” -അയാൾ പറഞ്ഞു.
അയാൾ എന്താണ് അങ്ങനെ പറഞ്ഞതെന്നു സംശയിച്ചുകൊണ്ട് ഞാൻ അയാളെത്തന്നെ നോക്കി. അല്ലെങ്കിൽത്തന്നെ വിശുദ്ധന്റെ ശരിയായ കാലം എന്നേ കഴിഞ്ഞതാണ്!
“ഇനിയധികകാലം ഇല്ല” -അയാൾ ആവർത്തിച്ചു. “ദേഹം മറവു ചെയ്യേണ്ടിവരും.”
“പച്ചമരുന്നുകൾ തേയ്ക്കാമല്ലോ?” ഞാൻ ചോദിച്ചു.
“അതുകൊണ്ടു കാര്യമില്ല. അങ്ങനെ ചെയ്യാവുന്നതിനും സമയപരിധിയുണ്ട്.” അയാൾ സ്വയം സംസാരിക്കുന്നതുപോലെ തോന്നിച്ചു. “ആ പറങ്കിപ്പാതിരിയുടെ കാര്യത്തിലും ഇതുതന്നെയായിരുന്നു അവസ്ഥ.”
“ആരാണ് പറങ്കിപ്പാതിരി?” ഞാൻ ചോദിച്ചു.
“അതു മുന്‍പാണ്. ഇവിടെ വരുന്നതിനുമുന്‍പ് ഞാൻ
തെക്കുള്ള ഒരു പട്ടണത്തിലായിരുന്നു. അവിടേയും ഒരു ദേഹം ഇങ്ങനെ സൂക്ഷിച്ചുവെച്ചിട്ടുണ്ടായിരുന്നു” -അയാൾ പറഞ്ഞു.
9
സൂക്ഷിപ്പുകാരന്റേത് പതിഞ്ഞ ശബ്ദമായിരുന്നു. അയാൾ മറ്റാരുടേയോ അനുഭവം വിവരിക്കുന്നതുപോലെ തോന്നി.
ആ പട്ടണത്തിലാണ് അയാൾക്ക് ആദ്യമായി ജോലി കിട്ടിയത്. മ്യൂസിയം സൂക്ഷിപ്പുകാരനായിട്ടു തന്നെ. അതിനുവേണ്ടുന്ന പഠിപ്പെല്ലാം അയാൾക്കുണ്ടായിരുന്നു. അവിടെയാകട്ടെ, ഒരു പള്ളിയാണ് മ്യൂസിയമാക്കി സൂക്ഷിച്ചിരുന്നത്. നൂറ്റാണ്ടുകൾക്കു മുന്‍പ് പറങ്കികൾ സ്ഥാപിച്ചതാണ് ആ ദേവാലയം. അവരോടൊപ്പം കപ്പൽ കയറിവന്നതായിരുന്നു പാതിരി. അയാൾ ദീർഘകാലം ആ പള്ളിയിലെ പുരോഹിതനായി പ്രവർത്തിച്ചു.
അതൊരു കടൽത്തീര പട്ടണമായിരുന്നു. അന്നാട്ടിലെ മീൻപിടുത്തക്കാരെയെല്ലാം പാതിരി മതം മാറ്റാൻ പ്രലോഭിപ്പിച്ചു. അതിനായി ചില അത്ഭുതവിദ്യകൾ കാണിച്ചിരുന്നു. ഒട്ടേറെപ്പേർ മാറി. കാരുണ്യത്തിന്റെ പാതയിലേയ്ക്കു മാറാത്തവരെ അയാൾ വിചാരണചെയ്ത് ക്രൂരമായി കൊന്നുകളഞ്ഞു.
പാതിരി കാലംചെയ്തപ്പോൾ പറങ്കികൾ അയാളുടെ ജഡം മറവുചെയ്യാതെ സൂക്ഷിക്കുകയായിരുന്നു.
“അത്തരം മനുഷ്യരെ മറവുചെയ്യാതെ സൂക്ഷിക്കുന്നതെന്തിനാണ്?” -ഞാൻ ചോദിച്ചു.
“എനിക്കറിഞ്ഞുകൂടാ. ചില മനുഷ്യർ മരിക്കുന്നതേയുള്ളൂ, മൺമറയുന്നില്ല.”
സൂക്ഷിപ്പുകാരൻ തുടർന്നു: “അവിടെ നാലഞ്ചു വർഷം ഞാൻ ജോലി ചെയ്തിട്ടുണ്ട്. ഇതുപോലെയല്ല, പാതിരിയെ കാണാനും പ്രാർത്ഥിക്കാനും നിരവധിപേർ വരും. മരിച്ചിട്ടും വിശ്വാസികൾക്കുവേണ്ടി അയാൾ അത്ഭുതങ്ങൾ പ്രവർത്തിക്കുമായിരുന്നു. വൈകുന്നേരംവരെ ആളുകളുടെ വലിയ നിരയുണ്ടാവും. ഒടുവിൽ ഒരു ദിവസം വിചിത്രമായ ഒരു സംഗതിയുണ്ടായി.”
അതു പറയുമ്പോൾ സൂക്ഷിപ്പുകാരന്റെ ശബ്ദം പിന്നേയും താഴ്ന്നു.
“ഞാൻ മ്യൂസിയം തുറന്നിട്ടേ ഉണ്ടായിരുന്നുള്ളൂ, കാഴ്ചക്കാരെ പ്രവേശിപ്പിച്ചു തുടങ്ങിയിട്ടില്ല. ആ വലിയ അറയുടെ വാതിൽ തുറന്നപ്പോൾ, അതാ ആ ശവപ്പെട്ടിയിൽനിന്നും ഒരു ഞരക്കം കേൾക്കുന്നു. പിന്നെ പിഞ്ഞിയ ളോഹ നീളത്തിൽ കീറുന്നതിന്റെ ശബ്ദം. പൊടുന്നനെ പെട്ടിയുടെ മൂടി അടർന്നുപോയി. ജാലകങ്ങളൊന്നും തുറന്നിട്ടിരുന്നില്ല. എന്നിട്ടും കടൽക്കാറ്റിന്റെ ഇരമ്പം കേട്ടു. വിസ്മയം തന്നെ, തലേന്നത്തെ ഉറക്കത്തിൽനിന്നെന്നതുപോലെ ആ പാതിരി എഴുന്നേറ്റു. അത്രയും നേരം ഞാൻ സ്തംഭിച്ചുനില്‍ക്കുകകയായിരുന്നു.
തെല്ലുനേരം എന്റെ മുഖത്തേക്കു സൂക്ഷിച്ചു നോക്കിക്കൊണ്ട് അയാൾ പറഞ്ഞു: “നീ പാപിയാണ്.”
എനിക്കു ശബ്ദം പൊങ്ങുന്നില്ല. അയാൾ അതുതന്നെ ആവർത്തിക്കുന്നു. വിറയലോടെ ഞാൻ ചോദിച്ചു: “എന്താണ് പാപം?”
അതിനു മറുപടിയെന്നോണം പാതിരി നിർത്താതെ സംസാരിച്ചു.
“പിടിതരാത്ത ഒരു ഭാഷയിലായിരുന്നു ആ സംസാരം. തുരു തുരാ വെടിവയ്ക്കുന്നതുപോലെ. എല്ലാം പറഞ്ഞുതീർത്തതിനുശേഷം അയാൾ പഴയതുപോലെ പെട്ടിയിലേയ്ക്ക് ഇറങ്ങി, മരണതുല്യമായ തന്റെ ഉറക്കം തുടരുകയും ചെയ്തു. പെട്ടിയുടെ മൂടി മാത്രം നിലത്തുവീണു കിടന്നു. ചുറ്റുപാടും വല്ലാത്തൊരു ദുർഗന്ധം പടരുന്നതായി എനിക്കു തോന്നി. പാതിരിയുടെ ജഡം മാത്രമല്ല, അയാൾ കൊല ചെയ്തുവിട്ട അനേകം മനുഷ്യരുടെ ശവങ്ങൾകൂടി കൂട്ടത്തിൽ അഴുകുന്നതായി എനിക്കു മനസ്സിലായി.”
“ഇക്കാര്യം നിങ്ങൾ ആരോടെങ്കിലും പറഞ്ഞോ?” ഞാൻ ചോദിച്ചു.
“എന്തു കാര്യം! ഞാൻ ആ മൂടിയെടുത്ത് ശവപേടകം അടച്ചു. അത്രതന്നെ. ഇനി പറഞ്ഞാലും ഇതൊക്കെ വിശ്വസിക്കാൻ മാത്രം ബുദ്ധി യുള്ള മനുഷ്യരാരെങ്കിലും നമ്മുടെ ലോകത്തുണ്ടോ? ഞാൻ ഒരാളോടും പറയാൻ പോയില്ല. പക്ഷേ, ഏതാനും ദിവസം കഴിഞ്ഞപ്പോഴേക്കും ദുർഗന്ധം സഹിക്കാൻ കഴിയാതായി. കടലിലെ മീനുകൾ ചത്തു കരയ്ക്കടിഞ്ഞു. വീണ്ടും പച്ചമരുന്നുകൾ തേച്ചുപിടിപ്പിച്ചുനോക്കി. എന്തു ഫലം! ഒരു മാസത്തിനകംതന്നെ അയാളെ മറവു ചെയ്യേണ്ടി വന്നു.”
സൂക്ഷിപ്പുകാരൻ കഥ പറയുന്നതു നിർത്തി. അയാൾ തന്റെ താക്കോൽക്കൂട്ടം വലതുകയ്യിൽനിന്നും ഇടതുകയ്യിലേക്കു മാറ്റി. എനിക്ക് വിശുദ്ധന്റെ ജപമാല എനിക്കോർമ്മ വന്നു.
10
“ജപമാല കൈമാറുന്നത് ഞാൻ കണ്ടു.” ഞാനപ്പോൾ ഒരു സ്വകാര്യംപോലെ പറഞ്ഞു.
“ഓ, നിങ്ങളാണ് അതു കണ്ടതല്ലേ?” അയാൾ എന്നെ നോക്കി. “മടങ്ങിപ്പോകുന്നവരിൽ ചിലർ അക്കാര്യം പറഞ്ഞു പരിഹസിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. അപ്പോഴേ അത് ഒരു അടയാളമാണെന്ന് എനിക്കു മനസ്സിലായി. പോയി നോക്കിയപ്പോൾ എത്ര കൃത്യം! പിന്നെ നിങ്ങൾ ശ്രദ്ധിച്ചോ എന്നറിയില്ല, ശവപേടകത്തിൽനിന്നും മണവും വരുന്നുണ്ട്. വിശുദ്ധന് ഇനി ഭൂമിയിൽ അധികകാലമില്ല. മറവു ചെയ്തേ മതിയാകൂ.”
ഈ മനുഷ്യൻ, അതും എത്രയോ കാലം വിശുദ്ധനു കാവൽനിന്ന ഒരാൾ, ഈ വലിയ മ്യൂസിയത്തിന്റെ പ്രതാ പിയായ സംരക്ഷകൻ ഒരു മുൻപരിചയവുമില്ലാത്ത എന്നെ വിശ്വസിച്ചല്ലോ എന്ന കാര്യം എനിക്കു വലിയ ഒരാശ്വാസമായി. മനസ്സിൽനിന്നും ഒരു ഭാരം ഒഴിഞ്ഞുപോയതുപോലെ എനിക്കു തോന്നി. മറ്റു വാതിലുകൾ പൂട്ടാനായി അയാളെ സഹായിക്കണമെന്നു വിചാരിച്ച് ഞാൻ എഴുന്നേറ്റു. അപ്പോഴാണ് അത്രയുംനേരം ഞാൻ അതേ ഇരിപ്പിടത്തിൽ ഇരിക്കുകയായിരുന്നു എന്ന് എനിക്കു മനസ്സിലായത്. മനപ്രയാസം കൊണ്ടാണെങ്കിൽക്കൂടിയും എന്റെ ഔചിത്യമില്ലായ്മയിൽ ഞാൻ പരിതപിച്ചു. കഷ്ടം, ഈ വലിയ മ്യൂസിയത്തിന്റെ മേധാവി വന്നിട്ടും ഇത്രനേരം എന്റെ മുന്നിൽനിന്നുകൊണ്ടു സംസാരിച്ചിട്ടും ഒന്ന് എഴുന്നേറ്റു നില്‍ക്കുകപോലും ചെയ്തില്ലല്ലോ.
“ഇരിക്കാൻ പാടില്ലായിരുന്നു.” എന്റെ മനസ്സു വായിച്ചതുപോലെ ആ ഇരിപ്പിടത്തിലേയ്ക്കു ചൂണ്ടിക്കൊണ്ട് അയാൾ പറഞ്ഞു.
“ക്ഷമിക്കണം” -ഞാൻ പറഞ്ഞു.
“കാരണം അതൊരു കസേരയല്ല, സിംഹാസനമാണ്” -അയാൾ പറഞ്ഞു.
11
അന്നത്തെ ആ സംഭവത്തിനുശേഷം കൊട്ടാരത്തിന്റെ അകത്തളത്തിൽനിന്നും മാറാവ്രണങ്ങളിൽനിന്നെന്നപോലെ ഒരു ദുഷിച്ച ഗന്ധം പ്രസരിക്കാൻ തുടങ്ങി. മ്യൂസിയത്തിനു പുറത്തും തിരക്കിട്ട ചില പ്രവർത്തനങ്ങൾ നടക്കുന്നു. മേലധികാരികളെന്നു തോന്നിക്കുന്ന ചിലർ തിടുക്കത്തിൽ അതിനുള്ളിലേക്കു പോവുകയും തിരിച്ചുവരികയും ചെയ്തുകൊണ്ടിരുന്നു. അവരുടെ കൂടെ എല്ലായ്‌പോഴും ആ സൂക്ഷിപ്പുകാരനും ഉണ്ടായിരുന്നു. എന്നെ കാണുമ്പോഴെല്ലാം തിരിച്ചറിഞ്ഞു എന്ന മട്ടിൽ അയാൾ തലയാട്ടുകയും അപൂർവ്വം ചിലപ്പോൾ ഒന്നു പുഞ്ചിരിക്കുകയും ചെയ്തു.
ഏതായാലും അന്ന് ആ മ്യൂസിയം സൂക്ഷിപ്പുകാരൻ പറഞ്ഞത് കൃത്യമായി വന്നു. ഒന്നുരണ്ടാഴ്ച കഴിഞ്ഞപ്പോൾ കൊട്ടാരവളപ്പിൽനിന്നും കുറച്ച് ആളുകളുടെ ഒരു ജാഥ പുറത്തേയ്ക്കു നീങ്ങുന്നത് ഞാൻ എന്റെ ഓഫീസിന്റെ മുകൾനിലയിലിരുന്നു കണ്ടു. ഏറ്റവും പിന്നിലായി നാലഞ്ചു പേർ ചേർന്ന് ഒരു പേടകം തോളിലെടുത്തിരുന്നു. ദീർഘവൃത്താകൃതിയിലുള്ള ഉദ്യാനങ്ങൾ ചുറ്റി ആ മനുഷ്യർ പുറത്തുകടന്നു. ചരക്കുകയറ്റി വരുന്ന ലോറികളെ മറികടന്ന് എത്രയും പതുക്കെ അതു പാത യുടെ ഓരത്തുകൂടെ നീങ്ങി. നഗരത്തിന്റെ ഏതോ വിദൂരകോണിലുള്ള ശ്മശാനത്തിലേയ്ക്കു പോവുകയാവാം. ഒച്ചയോ അനക്കമോ ഉണ്ടായിരുന്നില്ല. ശബ്ദങ്ങളെക്കൂടി മറവുചെയ്യുന്ന മട്ടിലുള്ള അത്തരമൊരു ജാഥ അതിനു മുന്‍പോ ശേഷമോ ഞാൻ കണ്ടിട്ടേയില്ല.
പിന്നീടുള്ള ദിവസങ്ങളിലും ഞാനാ ഉദ്യാനത്തിൽ പോയി ഇരിക്കുമായിരുന്നു. വിശുദ്ധൻ കിടന്നിരുന്ന മുറിയിൽ ഇപ്പോഴെന്താണ് എന്നറിയാനുള്ള ഒരു കൗതുകം എനിക്കുണ്ടായിരുന്നു എന്നതു നേരാണ്. പക്ഷേ, അപമാനിക്കപ്പെട്ടുവെന്നു തോന്നിയ ആ ഇടത്തേക്കു പോകാൻ മനസ്സു മടിച്ചു.
അങ്ങനെയിരിക്കെ, ഒരു ദിവസം സൂക്ഷിപ്പുകാരൻ കൊട്ടാരത്തിന്റെ വിശാലമായ തിണ്ണയിൽ ഒരു കൈകൊണ്ടു തല താങ്ങി നീണ്ടുനിവർന്നു കിടക്കുന്നതു കണ്ടു. ദൂരെ വെയിൽ പടർന്നു തുടങ്ങിയ ആകാശത്തിലേക്കു നോക്കിക്കൊണ്ടു കിടക്കുകയാവണം. മ്യൂസിയം തുറന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. എന്താണ് അയാൾ ഇത്രയും നേരത്തേ അവിടെവന്നു വിശ്രമിക്കുന്നതെന്ന് എനിക്കു മനസ്സിലായില്ല. ഞാൻ അയാളുടെ അടുത്തേക്കു നടന്നുചെന്നു.
“ഇനി ഒന്നും ചെയ്യാനില്ല” -അയാൾ പറഞ്ഞു. “വിശുദ്ധൻ പോയതോടെ ഇവിടേക്ക് ആരും വരാതായി.”
“മറ്റെന്താണ് ഇവിടെ കാണാനുള്ളത്?” അയാൾ തുടർന്നു: “പഴയ ഇരിപ്പിടങ്ങളും വസ്ത്രങ്ങളും വാളുകളും മൃഗത്തലകളും ഛായാപടങ്ങളുമൊക്കെ ആർക്കു കാണണം? അത്തരം സംഗതികൾ സൂക്ഷിക്കുന്ന എത്രയോ സ്ഥലങ്ങൾ ഈ നഗരത്തിന്റെ നാലു ഭാഗത്തും ഉണ്ടല്ലോ.”
ഞാൻ അയാൾ പറയുന്നതു കേൾക്കുകയല്ലാതെ തിരിച്ചൊന്നും പറഞ്ഞില്ല.
“എനിക്കിനി ജോലിയൊന്നും ഇല്ല.” അയാളുടെ വാക്കുകൾ പതറുന്നതുപോലെ തോന്നി. ഇത്രയും നിരാശനായി അയാളെ മുന്‍പൊരിക്കലും കണ്ടിരുന്നില്ല.
“അപ്പോൾ ഈ മ്യൂസിയം അടച്ചുപൂട്ടുമോ?” ഞാൻ ചോദിച്ചു.
“അങ്ങനെ ചെയ്യാൻ വഴിയില്ല.” തെല്ലുനേരം ആലോചിച്ചുകൊണ്ട് അയാൾ പറഞ്ഞു. “പക്ഷേ, അതാവും കൂടുതൽ നന്നാവുക.”
“അപ്പോൾ നിങ്ങളെ മറ്റേതെങ്കിലും മ്യൂസിയത്തിലേയ്ക്കു മാറ്റുമോ?”
“അതിനു പഴക്കംചെന്ന ജഡം സൂക്ഷിച്ചുവെച്ചിട്ടുള്ള വേറെ ഏതു മ്യൂസിയമാണുള്ളത്!” അയാൾ തുടർന്നു: “കഷ്ടം തന്നെ, നമ്മുടെ കാലത്ത് ഒക്കെയും എളുപ്പത്തിൽ അഴുകിത്തീരുന്നു.”
ഞാൻ ഉദ്യാനത്തിലേക്കു തിരികെപ്പോന്നു. കുറേനേരം കഴിഞ്ഞു മടങ്ങുമ്പോഴും സൂക്ഷിപ്പുകാരൻ അങ്ങനെത്തന്നെ കിടപ്പായിരുന്നു. അയാൾ ആകാശത്തിലേക്കല്ല, പകരം മുന്നിൽ ഒരു മഹാകംബളംപോലെ നീണ്ടുനിവർന്നു കിടക്കുന്ന ശൂന്യതയിലേക്കാണ് കൺപായിക്കുന്നതെന്ന് എനിക്കപ്പോൾ മനസ്സിലായി. ഞാൻ തിരിഞ്ഞുനോക്കിയില്ല.
2
എന്നാൽ, ഇപ്പോൾ വർഷങ്ങൾക്കുശേഷം ഈ ആശുപത്രിമുറിയിൽ നിന്നിറങ്ങുമ്പോൾ ഞാനൊന്നു തിരിഞ്ഞുനോക്കുകയുണ്ടായി. എന്നെ യാത്രയാക്കാനെന്നോണം മൂർത്തിയുടെ ഭാര്യ വാതിൽക്കൽ നില്‍ക്കുന്നതു കണ്ടു. ഒഴിഞ്ഞുപോകുന്ന വെയിലിന്റെ തെളിച്ചം അവരുടെ മൂക്കുത്തിയിൽ ജ്വലിക്കുന്നു. ഇളംകാറ്റിൽ മുടിയിഴകൾ പാറിക്കളിക്കുന്നു. ചലിക്കുന്ന ഒരു ചിത്രം പോലെയായിരുന്നു അവരപ്പോൾ.
“നിങ്ങളുടെ നമ്പർ തരാമോ?” അവർ ചോദിച്ചു. സംശയിച്ചു; അവർക്കെന്തിനാണ് എന്റെ നമ്പർ?
“ബുദ്ധിമുട്ടാണെന്നുണ്ടെങ്കിൽ വേണ്ട” അവർ തുടർന്നു: “മൂർത്തിയെ അന്വേഷിച്ചുവന്ന ആളല്ലേ, വല്ല മാറ്റവുമുണ്ടായാൽ അറിയിക്കാമെന്നു കരുതി.”
ഞാൻ എന്റെ നമ്പർ പറഞ്ഞുകൊടുത്തത് അവർ ഫോണിൽത്തന്നെ പകർത്തിയെടുക്കുന്നതു കണ്ടു. പക്ഷേ, അവരുടെ ഫോൺനമ്പർ ചോദിക്കാൻ ഞാൻ മടിച്ചു.
ഒരു മണിക്കൂർ കഴിഞ്ഞതേയുള്ളൂ, അപരിചിതമായൊരു നമ്പറിൽനിന്നും എനിക്കൊരു ഫോൺ വന്നു: “ഞാനാണ്, മൂർത്തിയുടെ ഭാര്യ. നിങ്ങൾ വീട്ടി ലെത്തിയോ എന്നറിയാൻ വിളിച്ചതാണ്.”
“ഇപ്പോൾ എത്തിയതേയുള്ളൂ” -ഞാൻ പറഞ്ഞു.
“അങ്ങേർ അതുപോലെത്തന്നെ” -അവർ രോഗിയുടെ വിശേഷം പങ്കുവച്ചു. “ഒന്നുവശം മാറിക്കിടക്കുന്നതുപോലുമില്ല.”
“ശരി.” മറ്റെന്തു പറയണം എന്നറിയാതെ ഞാൻ നിന്നു. അവർ ഫോൺ വയ്ക്കുമോ എന്നു ഭയന്നു.
“നിങ്ങൾ വന്നതു നന്നായി” -അവർ പറഞ്ഞു. “എനിക്കത് വലിയ ആശ്വാസമായി.”
“അദ്ദേഹത്തെ കണ്ടല്ലോ, സന്തോഷം” -ഞാൻ പറഞ്ഞു.
പക്ഷേ, ശരിക്കും അയാളെ കണ്ടുവോ? ശീതനിദ്രയിൽ കിടക്കുന്ന അയാളുടെ രൂപം മനസ്സിൽ വന്നതേയില്ല.
“ബുദ്ധിമുട്ടില്ലെങ്കിൽ ഒരു കാര്യം ചെയ്യണേ” അപ്പോൾ അവർ പറഞ്ഞു. “നിങ്ങളുടെ ഒരു ഫോട്ടോ അയച്ചുതരൂ, ഫോൺനമ്പറിനൊപ്പം ഫോട്ടോ സേവ് ചെയ്യുന്ന പതിവുണ്ട്. പെട്ടെന്ന് ഓർമ്മ കിട്ടാനാണ്.”
“നോക്കട്ടെ” അത്ര ഉത്സാഹം കാണിക്കാതെ ഞാൻ പറഞ്ഞു. എങ്കിലും അയക്കാൻ പോന്ന ചിത്രങ്ങളുടെ ഒരു നിര അപ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞു.
തെല്ലിട ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടിയില്ല.
“ഇനിയെന്താ പരിപാടി? നേരത്തേ ഉറങ്ങുമോ?” അവർ ചോദിക്കുന്നു.
“അങ്ങനെയൊന്നുമില്ല.”
“ഞാൻ വൈകും” -അവർ പറഞ്ഞു. “ഉറക്കം വരുന്നതുവരെ തുന്നിക്കൊണ്ടിരിക്കും.”
ആശുപത്രിമുറിയിലെ ജനൽപ്പടിയിൽ പലനിറമുള്ള നൂലുകൾ ഉണ്ടയാക്കി വെച്ചിരിക്കുന്നത് ഞാനോർത്തു.
“എന്താ തുന്നുന്നത്?” ഞാൻ ചോദിച്ചു.
“എന്തെങ്കിലുമൊക്കെ” -അവർ ചിരിച്ചു. “കിളികൾ, പൂക്കൾ, അരുമമൃഗങ്ങൾ, കപ്പൽ, വിളക്ക്... അങ്ങനെയൊക്ക. നേരം പോണ്ടേ?”
“ശരിയാണ്” ഞാൻ പറഞ്ഞു.
“ഭക്ഷണം കഴിച്ചോ?” -അവർ ചോദിച്ചു.
“ഇല്ല. പുറത്തുപോണം.”
“അതെന്താ വീട്ടിലെ ഭക്ഷണം ഇഷ്ടമല്ലേ?”
“ഉണ്ടാക്കിയിട്ടില്ല” -ഞാൻ പറഞ്ഞു. “ആശുപത്രിയിൽ വന്നതുകൊണ്ട് നേരം കിട്ടിയില്ല.”
“ചോദിക്കുമ്പോൾ ഒന്നും തോന്നരുതേ, ഒറ്റയ്ക്കാണോ താമസം?”
“അതെ. ഇപ്പോൾ ഇവിടെ ഞാൻ മാത്രമേയുള്ളൂ.”
“അപ്പോൾ മറ്റെവിടെയൊക്കെയോ ആളുകൾ കൂട്ടുണ്ട് എന്നർത്ഥം.” ആ സ്ത്രീ ചിരിച്ചു. “എന്താ, സംസാരത്തിൽ വലിയ പിശുക്കുണ്ട് അല്ലേ? ഞാൻ വെറുതേ ചോദിച്ചെന്നേയുള്ളൂ. ഒന്നു പരിചയപ്പെടാൻ.”
ഞാൻ ഒന്നും പറഞ്ഞില്ല. അത്ര ഗൗരവമില്ലാത്ത എന്തോ ചിലതുകൂടി പറഞ്ഞുകൊണ്ട് അവർ ഫോൺ വെച്ചു.
13
അന്നു രാത്രി എനിക്ക് ഉറക്കം കിട്ടിയില്ല. കണ്ണടയ്ക്കുമ്പോൾ ആ സ്ത്രീയുടെ രൂപം തെളിയുന്നു. രോഗിയും അയാൾ കിടക്കുന്ന മുറിയും ആ ആശുപത്രിതന്നെയും മാഞ്ഞുപോകുന്നു. ലിഫ്റ്റുപോലെ അടഞ്ഞ ഒരു പേടകത്തിൽ ഒറ്റയ്ക്ക് മുകളിലേക്കും താഴേക്കും ഞാൻ സഞ്ചരിക്കുന്നു. ഒറ്റക്കണ്ണിൽനിന്നും പുറപ്പെടുന്ന ചുവന്ന വെളിച്ചവുമായി ആരോ എന്നെ നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു.
പിറ്റേന്നു കാലത്ത് ഫോൺ നോക്കിയപ്പോൾ അവരുടെ രണ്ടു സന്ദേശങ്ങൾ വന്നു കിടപ്പുണ്ട്. ഒന്ന് തലേന്നു രാത്രി വൈകി അയച്ച “ഗുഡ്‌നൈറ്റ്.” പിന്നെ അതിരാവിലെത്തന്നെ അയച്ച “ഗുഡ് മോണിംഗ്.” ഈ സ്ത്രീക്ക് ഉറക്കമൊന്നുമില്ലേ എന്നു സംശയിച്ചു. എന്തായാലും ഫോണിൽ വളരെ നേരം തിരഞ്ഞ് ഏറ്റവും നല്ലതെന്നു തോന്നിച്ച എന്റെയൊരു ഫോട്ടോ ഞാൻ ആ നമ്പറിലേക്ക് അയച്ചുകൊടുത്തു.
അതിനടുത്ത ദിവസങ്ങൾ ഇങ്ങനെ ആവർത്തിച്ചു. രാവിലേയും രാത്രിയിലുമുള്ള സന്ദേശങ്ങൾ, പലരിൽനിന്നും ഷെയർ ചെയ്തുകിട്ടുന്ന ഫലിതം നിറഞ്ഞ ചില വീഡിയോകൾ, പാട്ടുകൾ... അങ്ങനെ പലതും. ഞാൻ എല്ലാം കാണും, കേൾക്കും. ചിലപ്പോൾ മാത്രം നന്ദി പറഞ്ഞുകൊണ്ട് ഒരു സന്ദേശം അയക്കും. ഒരു ദിവസം അവർ സ്വന്തം നാലഞ്ചു പഴയ ഫോട്ടോകൾ അയച്ചുതന്നു. ഛായ കണ്ടിട്ട് അവർ വളരെ ചെറുപ്പമായിരുന്നപ്പോഴുള്ള ചിത്രങ്ങളാണെന്നു തോന്നുന്നു. കറുപ്പിലും വെളുപ്പിലുമുള്ളവയെങ്കിലും അസാധാരണമായ രൂപഭംഗിയുള്ള ചിത്രങ്ങളായിരുന്നു അവയെല്ലാം. ഓരോ ചിത്രവും ഞാനിടയ്ക്കിടെ എടുത്തുനോക്കും, അവർ എനിക്ക് അവ അയച്ചുതന്നുവല്ലോ എന്നതിൽ ആഹ്ലാദിക്കും. എങ്കിലും അതു തുറന്നുപറയാനുള്ള ലജ്ജ കൊണ്ടോ എന്തോ ഞാനതിനു മറുകുറിപ്പയക്കാൻ പോയില്ല. അങ്ങനെയിരിക്കെ ആ ആഴ്ചയുടെ അവസാനം അവർ വീണ്ടും വിളിച്ചു.
“തിരക്കിലാണോ?” അവർ ചോദിച്ചു. അല്ലെന്നു ഞാൻ പറഞ്ഞു.
“ഞാൻ ചില ഫോട്ടോസ് അയച്ചിരുന്നു” -അവർ പറഞ്ഞു.
“അതേ, കണ്ടതായി ഓർക്കുന്നു.”
“എന്നിട്ടെന്താ കണ്ടെന്ന് എഴുതാതിരുന്നത്?”
ഞാനതിനു മറുപടി പറഞ്ഞില്ല.
“അതെല്ലാം വിവാഹസമയത്തുള്ള ഫോട്ടോസാണ്” -അവർ ചിരിച്ചു. “കൊള്ളാമോ?”
“വിവാഹസമയത്തെ ഫോട്ടോകളോ! എന്നിട്ട് ഒന്നിൽപ്പോലും മൂർത്തിയെ കാണുന്നില്ലല്ലോ.”
“എഡിറ്റു ചെയ്തതാ. അങ്ങേർ ഇതുപോലൊക്കെത്തന്നെ അന്നും. ഒരു മാറ്റവും ഇല്ല.”
“എന്താ വിളിച്ചത്?” പിന്നെ അങ്ങനെ ചോദിക്കേണ്ടിയിരുന്നില്ലെന്നു തോന്നി.
“ബുദ്ധിമുട്ടായോ?” അവർ ചോദിച്ചു. “ഡോക്ടർ പറഞ്ഞിട്ടു വിളിച്ചതാണ്.”
“ഡോക്ടറോ?”
“ഉം. മൂർത്തിയുമായി അടുപ്പമുള്ള ആരെങ്കിലുമുണ്ടെങ്കിൽ വന്നു വിളിച്ചാൽ ചിലപ്പോൾ...”
“ചിലപ്പോൾ...”
“...ഉണർന്നേക്കും എന്നു പറഞ്ഞു.”
“അതു ശരി.”
“ഒഴിവുണ്ടോ? ഒന്ന് ഇത്ര ദൂരം വരാമോ? സുഹൃത്തായിട്ട് അദ്ദേഹത്തിനു നിങ്ങൾ മാത്രമല്ലേയുള്ളൂ?”
“നോക്കാം” ഞാൻ പറഞ്ഞു.
“എന്നു വരും?”
“അടുത്തയാഴ്ചയോ മറ്റോ.”
“അത്രയ്ക്കും വൈകണോ? എന്താണ് സംഭവിക്കുക എന്നു നമുക്കറിയില്ലല്ലോ... ബുദ്ധിമുട്ടിക്കുകയാണെന്നു തോന്നരുതേ. പറ്റിയാൽ നാളെത്തന്നെ... കുറച്ചുനേരം... എന്തു പറയുന്നു?”
“അല്പം ജോലിത്തിരക്കുള്ള സമയമാണ്” -ഞാൻ പറഞ്ഞു.
14
അങ്ങനെ പറഞ്ഞെങ്കിലും പിറ്റേന്നുതന്നെ ഞാൻ ആശുപത്രിയുടെ ആറാമത്തെ നിലയിലേക്കുള്ള പടികൾ കയറി. മൂർത്തിയുടെ ഭാര്യ മുറിക്കു പുറത്തു കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവർ കുറച്ചുകൂടി ചെറുപ്പമായതുപോലെയുണ്ട്. കുളിച്ചിട്ട് അധികനേരമായിട്ടില്ലെന്നു തോന്നിക്കുംവിധം വെള്ളം കിനിയുന്ന, കൂടുതൽ എണ്ണമയമുള്ള മുടിയിഴകൾ, ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴികൾ.
വാതിൽക്കൽത്തന്നെ നിന്നുകൊണ്ട് അവർ സംസാരിച്ചു. വർഷങ്ങൾക്കു മുന്‍പ് ആ പട്ടണത്തിലേക്കു വന്ന കാര്യം, മ്യൂസിയത്തിനടുത്തായി ഒരു തുന്നൽക്കടയിൽ ജോലി ചെയ്തിരുന്ന കാലം. ആ സമയത്ത് ഒഴിവുള്ളപ്പോഴെല്ലാം അവിടുത്തെ ഉദ്യാനത്തിൽ പോകുമായിരുന്നു.
ഞാൻ അതിനടുത്തുതന്നെ ജോലി ചെയ്തിരുന്നല്ലോ എന്നു സൂചിപ്പിച്ചു. സ്ഥാപനത്തിന്റെ പേര് പറഞ്ഞു.
“ഓഹോ, എനിക്കറിയാം ആ സ്ഥലം. അവിടുത്തെ ഡ്രൈവ ർമാർ ഞങ്ങളെ കണ്ടാൽ ചൂളമടിക്കാറുണ്ടായിരുന്നു.”
“മഹാപോക്കിരികളായിരുന്നു അവർ” -ഞാൻ പറഞ്ഞു.
“സംശയമെന്ത്! എന്നാലും ഞങ്ങളെല്ലാം രഹസ്യമായി അവരെ കാത്തുനില്‍ക്കുമായിരുന്നു. പക്ഷേ, ഒരു കാര്യം എനിക്കു മനസ്സിലാവുന്നില്ല. നമ്മൾ ഇത്രയടുത്തു താമസിച്ചിട്ടും സ്ഥിരമായി കൊട്ടാരത്തിൽ വരാറുണ്ടായിരുന്നിട്ടും അന്ന് ഒരിക്കൽപ്പോലും കണ്ടില്ലല്ലോ എന്നുള്ളത്. അത്ഭുതം തന്നെ.”
“ശ്രദ്ധിക്കാഞ്ഞിട്ടാവും” -ഞാൻ പറഞ്ഞു.
“ഹഹ, നിങ്ങളുടെ കാര്യത്തിൽ അതു ശരിയാവും.” പരിഭവിക്കുന്ന മട്ടിൽ അവർ പറഞ്ഞു. “നിങ്ങൾക്ക് ഒരു
ശ്രദ്ധയുമില്ല. പക്ഷേ, ഞാൻ അങ്ങനെയല്ല. നിങ്ങളെപ്പോലെ ഒരാളെ കണ്ടിട്ടുണ്ടായിരുന്നുവെങ്കിൽ തീർച്ചയായും ഞാനത് ഓർത്തുവയ്ക്കുമായിരുന്നു.”
ഓർത്തുവയ്ക്കാൻ മാത്രം സവിശേഷതകളുള്ള ഒരാളാണെന്നു കേട്ടപ്പോൾ എനിക്കു വലിയ സന്തോഷമായി. അതു പുറത്തുകാണിക്കാതെ ഞാൻ പറഞ്ഞു: “ഇപ്പോഴെങ്കിലും കാണാനായല്ലോ.”
“മഹാഭാഗ്യം!” അവർ പറഞ്ഞു. “നിങ്ങൾ ഇങ്ങനെ സംസാരിച്ചതുതന്നെ അത്ഭുതമാണ്.”
കുറച്ചുനേരം അങ്ങനെ തുടർന്നിട്ടും അവർ മൂർത്തിയെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ എന്നു ഞാനോർമ്മിച്ചു. അയാളെ കാണുകയല്ലേ എന്റെ ഉദ്ദേശ്യം! ഞാൻ മുറിക്കുള്ളിലേക്കു നോക്കി. അന്നു വന്നതുപോലെത്തന്നെ അയാൾ; ദീർഘമായ ഉറക്കത്തിന്റെ വലയിൽ ഒരു പ്രാണിയെപ്പോലെ കുടുങ്ങിക്കിടക്കുന്നു.
“വിളിച്ചു നോക്കണോ?” ഞാൻ ചോദിച്ചു.
“വേണ്ട” അവർ പൊടുന്നനെ പറഞ്ഞു. “ഉറങ്ങുകയല്ലേ!”
അതെന്തു കാര്യം! അയാളെ ഉണർത്തുന്നതിനു വേണ്ടിയല്ലേ എന്നെ ഇവിടെ വിളിച്ചു വരുത്തിയിട്ടുള്ളത്? അവരതു മറന്നുപോയിരിക്കുന്നുവെന്നു തോന്നി.
മൂർത്തിയുടെ ഭാര്യ പഴയ കഥകൾ തുടർന്നു. പതിനാറോ പതിനേഴോ വയസ്സു പ്രായം. കൊട്ടാരത്തിൽ പ്രദർശിപ്പിച്ചിരുന്ന ചില മേലങ്കികൾ കീറിയതു തുന്നാനും തിരശ്ശീലകളിൽ ഞൊറിവുകൾ പിടിപ്പിക്കാനുമായിട്ടായിരുന്നു അവൾ ആദ്യമായി അതിനുള്ളിലേക്കു
പോയിരുന്നത്. ആ പരിചയംവെച്ച് പിന്നീടെപ്പോഴും അവൾക്ക് അതിനുള്ളിൽ പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്നു. അക്കാലത്തെല്ലാം അവൾ വലിയ ആദരവോടെയാണ് സൂക്ഷിപ്പുകാരനെ കണ്ടിരുന്നത്. ഇത്രയും വലിയ കൊട്ടാരം സൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് അയാളുടെ ചുമതലയല്ലേ! സൂക്ഷിപ്പുകാരന് ഇരിക്കാനായി ആ കൊട്ടാരത്തിന്റെ താഴത്തെ നിലയിൽ വലിയൊരു മുറിയുണ്ടായിരുന്നു. എപ്പോഴും കറങ്ങുന്ന പങ്കകൾ, വിളിപ്പുറത്തു സേവകർ. അകലെനിന്നും നോക്കുമ്പോൾ കൊട്ടാരത്തിലെ ഏറ്റവും ഉന്നതനായ പ്രതിമയെപ്പോലെ അയാൾ ഒരു വലിയ കസേരയിൽ ഇരിക്കുന്നു. കനത്ത താക്കോൽക്കൂട്ടവുമെടുത്തുകൊണ്ട് ഇടനാഴിയിൽ വന്നുനില്‍ക്കുന്നു. ഉദ്യാനത്തിലെ ജോലികൾ നിരീക്ഷിക്കുന്നു. എന്തൊരു പ്രതാപമായിരുന്നു അയാൾക്ക്! ഒറ്റനോട്ടം കൊണ്ടുതന്നെ ആ വലിയ സമുച്ചയത്തെ നിയന്ത്രിക്കാൻ അയാൾക്കു കഴിയുമായിരുന്നു.
“പക്ഷേ, അതെല്ലാം വെറുതെയാണെന്നു മനസ്സിലായി” -അവർ പറഞ്ഞു. “ജീവിതത്തിൽ അത്തരം വലിയ അധികാരികളെക്കൊണ്ട് ഉപകാരമൊന്നുമില്ല.”
ഞാൻ ഒന്നും മിണ്ടിയില്ല.
അവർ തുടർന്നു: “വീട്ടിൽ ഒരു മുതലയെ വളർത്തുന്നതുപോലിരിക്കും. പുറത്തുള്ളവർക്കു കേൾക്കുമ്പോൾ ഭയഭക്തി തോന്നും. അതാ, അവരുടെ വീട്ടിൽ ഭയങ്കരനായ ഒരു മുതല! അല്ലെങ്കിൽ വമ്പൻ മുതലയുള്ള ഒരു വീട്. ഹോ! ഒന്നും പേടിക്കാനില്ല. എന്നാൽ സത്യമെന്താണ്? വീട്ടുകാരുടെ ഓരോ നെടുവീർപ്പിലും പേടി പുതയുന്നു. ഓരോ ചവിട്ടടിയിലും രക്തം പുരളാമെന്നു വരുന്നു.”
“മുതല ഉറങ്ങുകയാണെന്നു നമുക്കു തോന്നും. പക്ഷേ, ശരിക്കും അങ്ങനെയാണോ? ഉറക്കം നടിക്കുകയല്ലേ?” എന്റെ നേർക്ക് ഉറ്റുനോക്കിക്കൊണ്ട് അവർ ചോദിച്ചു.
“വെയിലിൽ അവ ധ്യാനിച്ചിരിക്കുന്നതു കണ്ടിട്ടുണ്ട്.” വിഷയം മാറ്റാനെന്നോണം ഞാൻ പറഞ്ഞു. അവർ അതു കേട്ടതായി തോന്നിയില്ല.
“എല്ലാം ശാഠ്യമാണ്” -അവർ പറഞ്ഞു. “അല്ലെങ്കിൽത്തന്നെ ഇത്രയും മുകളിലത്തെ നിലയിൽ വന്നു കിടക്കേണ്ട കാര്യമില്ലല്ലോ. ഇനി ചികിത്സിക്കാനൊന്നും ബാക്കിയില്ലാത്തവർക്കുള്ള മുറികളെല്ലാം താഴെ, ആദ്യത്തെ നിലയിലാണ്.”
“എന്നിട്ടെന്തിന് ഇവിടേയ്ക്കു വന്നു?” ഞാൻ തിരക്കി. ആറുനിലകൾ കയറിയിറങ്ങുന്നതിന്റെ കിതപ്പ് അപ്പോളെന്നെ ബാധിച്ചു.
“വാശി!” അവർ പറഞ്ഞു.
“താഴത്തെ മുറിയിലിരുന്നാൽ പുറത്ത് കാറ്റിൽ വൃക്ഷക്കൊമ്പുകൾ ഉലയുന്നതു കാണാം” -അവർ പറഞ്ഞു.
“അതുകൊണ്ടെന്ത്?”
“ഇഷ്ടമല്ല, അത്രതന്നെ.”
“ഓ, അതെന്താ?”
“എന്തോ! മരക്കൊമ്പുകൾ കാറ്റിൽ ഉലയുന്നതു കണ്ടാൽ കോപമായി. ആ ചില്ലകൾ വെട്ടിമാറ്റൂ, എന്തിനാണ് അവ ഇങ്ങനെ ആടിക്കളിക്കുന്നത് എന്നു ചോദിച്ചു. ഡോക്ടറേയും ആശുപത്രിയിലെ ജീവനക്കാരേയും വിളിച്ചുവരുത്തി. അവരോടു കയർത്തു. അവർ പറഞ്ഞു, നിങ്ങൾക്കു മരച്ചില്ലകൾ കാണേണ്ടാ എന്നുണ്ടെങ്കിൽ മുകളിലെ നിലയിലേക്കു പോകൂ. വേറെന്തു പറയാൻ! അങ്ങനെയാണ് ഈ ആറാമത്തെ നിലയിലെത്തിയത്.”
“അവിടെയെത്തിയപ്പോൾ പിന്നേയും പ്രശ്നമായി” -അവർ പറഞ്ഞു.
“പിന്നേയും? ആറുനിലപ്പൊക്കമുള്ള മരങ്ങളോ?” ഞാൻ തിരക്കി.
“ഏയ്, മരങ്ങളല്ല.”
“പിന്നെ?”
“മേഘങ്ങൾ.”
“മേഘങ്ങളോ!”
“ഉം. അവ ചലിക്കുന്നു. അവയെ നിലയ്ക്കു നിർത്തൂ, അല്ലെങ്കിൽ ഒഴിവാക്കൂ, എന്നായി.”
“നിങ്ങളെന്തു ചെയ്തു?”
“എന്തു ചെയ്യും! നിങ്ങൾതന്നെ പറയൂ. ഒരു പുതപ്പുകൊണ്ട് ജനൽ മൂടിയിട്ടു. അല്ലാതെന്ത്! മുന്‍പ് ഇത്തിരിക്കീറ് ആകാശം കാണാമായിരുന്നു. അതും ഇല്ലാതായി.”
രോഗിയെ കാണാൻ വന്നിട്ട് ഇങ്ങനെ സംസാരിച്ചുകൊണ്ടു നില്‍ക്കുകയാണല്ലോ എന്നൊരു ഖേദം എനിക്കുണ്ടായി. ഞാൻ വീണ്ടും അകത്തേക്കു പാളിനോക്കി.
“ഒന്നു നില്‍ക്കൂ” -അവർ പറഞ്ഞു. അതിനുശേഷം അകത്തേക്കുപോയി എന്തോ ഒന്നു ചുരുട്ടിക്കൊണ്ടുവന്ന് എനിക്കു നീട്ടി.
“ഇതു നിങ്ങൾക്കുള്ളതാണ്” -അവർ പറഞ്ഞു.
“എന്താണിത്?”
“ഒരു തൂവാല” -അവർ പറഞ്ഞു. “എന്റെയൊരു സമ്മാനമായി കൂട്ടിക്കോളൂ.”
ഞാനതിലേക്കു നോക്കി. വെളുത്തനിറമുള്ള ഒരു തുണിശ്ശീല, അതിന്റെ നടുക്ക് ഒരു ചുവന്ന പാടുപോലെ എന്തോ.
“നിവർത്തിനോക്കരുതോ!” കുസൃതി നിറഞ്ഞ ഗൗരവത്തോടെ അവർ പറഞ്ഞു.
ഞാനതു നിവർത്തിയപ്പോൾ അമ്പരന്നുപോയി. നടുവിലായി ചെമന്നുതുടുത്ത ചുണ്ടുകളുടെ ചിത്രം. തൂമഞ്ഞിൽ ഇറ്റുവീണ രണ്ടു ചോരത്തുള്ളികൾപോലെ തോന്നും.
“ഇതു തുന്നിയതാണോ!” ഞാൻ അത്ഭുതം കൂറി.
“എന്തു തോന്നുന്നു?”
“നന്നായിട്ടുണ്ട്.” മടിച്ചുമടിച്ചുകൊണ്ട് ഞാൻ ആ ചുണ്ടുകളിൽ തൊട്ടു. ഒരു നിമിഷം വൈദ്യുതാഘാതമേറ്റതുപോലെ സ്തംഭിച്ചു.
“എന്നാൽ, അതു തുന്നിയതല്ല.” അവരുടെ കണ്ണുകൾ കുസൃതികൊണ്ടു വിടരുന്നു, മുഖം തുടുക്കുന്നു.
“പിന്നെ?”
“ഊഹിച്ചു പറയൂ.”
ഞാനൊന്നും പറഞ്ഞില്ല. എനിക്കറിഞ്ഞുകൂടാ; ഊഹത്തിനും എത്രയോ അപ്പുറത്താണ് തൂവാലയിൽ പതിഞ്ഞ ആ ചുണ്ടുകളുടെ ലയം.
“ഒന്നുമില്ല, ആ തൂവാലയിൽ ഞാനൊന്നു ചുംബിച്ചു. അതാണ്.” അവർ പൊട്ടിച്ചിരിക്കുന്നു.
ഒരാശുപത്രിയിലാവുമ്പോൾ അത്രയും ഉച്ചത്തിൽ ചിരിക്കാൻ പാടുണ്ടോ എന്ന് എനിക്കു സംശയമായി.
15
പിന്നീടുള്ള ദിവസങ്ങളിലും സന്ദേശങ്ങളും പാട്ടുകളും വീഡിയോകളും വന്നുകൊണ്ടിരുന്നു. എന്തെങ്കിലും കാരണവശാൽ അവരുടെ സന്ദേശങ്ങൾ വരാതായാൽ പ്രഭാതങ്ങളും രാത്രികളും ശൂന്യമായിരിക്കുന്നതുപോലെ എനിക്കു തോന്നുമായിരുന്നു. അപ്പോൾ ഞാൻ നെറ്റിൽനിന്നും മൂർത്തിയുടെ ചികിത്സയുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ശേഖരിച്ച് അയച്ചുകൊടുക്കും. അതെല്ലാം കാണുന്നു എന്ന ഇരട്ടനീലവരകൾ ഉണ്ടായിരുന്നെങ്കിലും അവർ പ്രതികരിച്ചില്ല.
“ഈ മെഡിക്കൽ വിവരങ്ങൾ മാത്രമേ നിങ്ങൾക്ക് അയക്കാനുള്ളൂ!” ഒരു ദിവസം അവർ ഫോണിൽ അതിനെക്കുറിച്ചു പറഞ്ഞു. “അതൊക്കെത്തന്നെയല്ലേ ഞാനിവിടെ എപ്പോഴും കാണുന്നതും കേൾക്കുന്നതും?”
“മൂർത്തിയുടെ കാര്യത്തിൽ...”
“മൂർത്തിയുടെ ചികിത്സ ഡോക്ടർമാർതന്നെ ഉപേക്ഷിച്ചതാണ്.” “നിങ്ങളെന്തിനു കഷ്ടപ്പെടുന്നു?”
“എന്തെങ്കിലും വ്യത്യാസമുണ്ടായാലോ?”
“ഓ!”
“മുന്‍പ് അങ്ങേരു മരിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. എന്തിന് ഇങ്ങനെ കിടക്കണം! പിന്നെ ആദ്യമായി നിങ്ങൾ കാണാൻ വന്നപ്പോൾ ഞാൻ മറിച്ചു വിചാരിച്ചു. ഇങ്ങനെ കിടക്കുകയാണെങ്കിൽ ഒന്നുകാണാനായിട്ടെങ്കിലും ഇടയ്ക്ക് ഒരാൾ വരുമല്ലോ.”
“ഇപ്പോൾ തുന്നൽപ്പണിയൊന്നുമില്ലേ?” വിഷയം മാറ്റാനായി ഞാൻ ചോദിച്ചു.
“ഭാഗ്യം! അതെങ്കിലും ചോദിക്കാൻ തോന്നിയല്ലോ.” അവർ പറഞ്ഞു. “ഇപ്പോൾ കാര്യമായിട്ടൊന്നും ഇല്ല.”
അങ്ങനെ പറഞ്ഞെങ്കിലും അല്പം കഴിഞ്ഞപ്പോൾ താൻ പുതുതായി തുന്നിയ ഒന്നുരണ്ടു തൂവാലകളുടെ പടമെടുത്ത് അവർ എനിക്കയച്ചു. അങ്ങനെ പറയാൻമാത്രം ഒന്നുമില്ല, ഒരു നക്ഷത്രത്തിന്റേയോ ദൈവത്തിന്റേയോ ചിത്രം. ഞാനൊരു കൂപ്പുകൈ ഇമോജി അയച്ചു. അതവർക്ക് ഇഷ്ടമായില്ലെന്നു തോന്നുന്നു. മറുപടിയുണ്ടായില്ല.
ഒരു ഹൃദയചിഹ്നമെങ്കിലും അയക്കാമായിരുന്നില്ലേ എന്ന് പിന്നീട് സ്വയം ശാസിച്ചു.
ഒരു രാത്രി, ഏറെ വൈകി അവരെന്നെ വിളിച്ചു. ഞാൻ ഉറങ്ങുകയായിരുന്നു. ആ അസമയത്ത് എന്തിനാണ് അവർ വിളിക്കുന്നത്? മൂർത്തിക്ക് എന്തെങ്കിലും സംഭവിച്ചിരിക്കുമോ എന്നു സംശയമായി.
അവരുടെ ശബ്ദത്തിൽ പക്ഷേ, സമയത്തെക്കുറിച്ചുള്ള വേവലാതികളൊന്നും ഇല്ലായിരുന്നു.
“ഞാനിപ്പോൾ ഈ ആശുപത്രിയിൽനിന്നും ഇറങ്ങിപ്പോവുകയാണെന്നു വയ്ക്കൂ. എന്തു സംഭവിക്കും?” അവർ ചോദിച്ചു.
“അവർ നിങ്ങളെ തേടിപ്പിടിക്കും.” ക്ഷീണിച്ച സ്വരത്തിൽ ഞാൻ പറഞ്ഞു.
“ദൂരത്തേക്കു പോയാലോ?”
“ഇപ്പോൾ അങ്ങനെ ദൂരം എന്നൊക്കെപ്പറയാൻ എവിടെയാണുള്ളത്?”
“അതു ശരിയാണ്” -അവർ പറഞ്ഞു. “എന്നാലും ചിലപ്പോഴൊക്കെ ഇവിടെനിന്നും ഒളിച്ചോടിപ്പോകാൻ തോന്നുന്നുണ്ട്.”
“എല്ലാം ശരിയാവും. ഓരോ ജീവിതത്തിലും ഇത്തരം ചില ഘട്ടങ്ങളുണ്ടാവും...” ഞാൻ അർത്ഥമില്ലാത്ത ആശ്വാസവാക്കുകൾക്കു ശ്രമിച്ചു, പിന്നെ അതു നിർത്തി. കുറച്ചുനേരം ഞങ്ങൾ മൗനം തുടർന്നു. പതിവിലുമേറെ നിശ്ശബ്ദമായ ഒരു രാത്രിയായിരുന്നു അത്.
“ഒന്നു ചോദിക്കട്ടെ? അങ്ങേരു മരിച്ചാൽ അടക്കിനു നിങ്ങൾ വരുമോ?” പൊടുന്നനെ അവർ ചോദിച്ചു. ഞാൻ മിണ്ടിയില്ല.
അപ്പോൾ എന്റെ മനസ്സിൽ ഏറെക്കാലം മുമ്പുള്ള ഒരു പകൽ തെളിഞ്ഞുവന്നു. ഒരു ശവഘോഷയാത്രയുടെ വിദൂരദൃശ്യങ്ങൾ... ദീർഘവൃത്താകൃതിയിലുള്ള ഉദ്യാനങ്ങൾ ചുറ്റി ആ ജാഥ പുറത്തേക്കു പോകുന്നു. നിരത്തിന്റെ ഓരം ചേർന്ന് അതു സാവധാനം നഗരത്തിനു വെളിയിലേയ്ക്കു സഞ്ചരിക്കുന്നു.
എന്നാൽ, മൂർത്തിയുടെ ശവം ആരാണ് കൊണ്ടുപോവുക! അയാൾക്കാരെങ്കിലും സ്നേഹിതരുണ്ടോ? ഈ സ്ത്രീ ഒറ്റയ്ക്ക് ഒരു ജഡം ചുമന്നുകൊണ്ടു പോകുന്നതിന്റെ ചിത്രം ഞാൻ ആലോചിച്ചു. അപ്പോൾത്തന്നെ ആ കാഴ്ചയിൽനിന്നും മനസ്സു മാറ്റുകയും ചെയ്തു.
“ഹേയ്, അവിടെത്തന്നെയുണ്ടോ?” കുറച്ചുനേരത്തിനുശേഷം അവർ ചോദിച്ചു.
“ഉവ്വ്” -ഞാൻ പറഞ്ഞു.
“ഒരു കാര്യം ചോദിക്കണം എന്നു കുറച്ചായി വിചാരിക്കുന്നു.”
“ചോദിക്കൂ.”
“നിങ്ങൾ ഒറ്റയ്ക്കു താമസിക്കുകയാണെന്നല്ലേ പറഞ്ഞത്? നിങ്ങളുടെ ഭാര്യ എവിടെയാണ്? കുടുംബം, കുട്ടികൾ...”
“കുറച്ചു ദൂരെയാണ് അവരെല്ലാം.” ഞാൻ അലസമായി പറഞ്ഞു.
“ചോദിക്കുന്നതു ശരിയാണോ എന്നറിയില്ല; നിങ്ങൾ അവിടെ പോവാറില്ലേ?”
“ഉം.”
“അവസാനം പോയത് എപ്പോഴാണ്?”
“കുറച്ചു മുന്‍പ്...”
“എന്നുവെച്ചാൽ...?”
“കുറച്ചു മുന്‍പുതന്നെ.”
നിശ്ശബ്ദത...
“അവർക്കെല്ലാം സുഖമല്ലേ?”
“ങേ?”
“സുഖമല്ലേ എന്ന്...”
“അതെ.”
“എന്റെ അന്വേഷണം പറയൂ.”
“പറയാം.”
“നിങ്ങളുടെ ഭാര്യയ്ക്ക് മൂർത്തിയെ അറിയാമോ?”
“ഉണ്ടാവില്ല. ഞങ്ങളുടെ വിവാഹത്തിനു മുന്‍പാണ് ഞാൻ മൂർത്തിയെ പരിചയപ്പെടുന്നത്.”
“ഉം.”
16
കുറച്ചുനാൾ കഴിഞ്ഞു. ഒരു തുന്നൽച്ചിത്രംപോലും വരാതായി. ഞാൻ എന്നും ഫോണിൽ നോക്കും. നല്ല പ്രഭാതം നേർന്നുകൊണ്ടുള്ള ഒരാശംസ, ഒരു ശുഭരാത്രി, ഒന്നുമില്ല. ഫോൺ തുറക്കുമ്പോൾ അഗാധമായൊരു ശൂന്യതയിലേയ്ക്കു വഴിതിരിയുന്നതുപോലെ എനിക്കു തോന്നി.
ഒരു വൈകുന്നേരം ഞാൻ വീണ്ടും ആശുപത്രിയിൽ ചെന്നു. പതിവുപോലെത്തന്നെ ലിഫ്റ്റ് ഉപയോഗിക്കുകയുണ്ടായില്ല. ഇത്തവണ കയറ്റം കഠിനമായിരുന്നു. ആശുപത്രിയുടേതല്ല, പ്രതീക്ഷയുടേയും ഉല്‍ക്കണ്ഠയുടേയും പടവുകളാണ് കയറുന്നതെന്നു സംശയിച്ചു. കൂടുതൽ കിതച്ചു.
മുറിയിലെത്തുമ്പോൾ മൂർത്തിയുടെ ഭാര്യയെ കണ്ടില്ല. കട്ടിലിൽ അയാൾ പഴയതുപോലെത്തന്നെ കിടക്കുന്നു. അരികിലായി അതേ സ്റ്റാൻഡും സ്റ്റാന്റിനുമേൽ ഗ്ലൂക്കോസ് ബോട്ടിലും അതിനെ ശരീരത്തിലേയ്ക്കു ഘടിപ്പിക്കാനുള്ള കുഴലുകളും കണ്ടു. ജനൽപ്പടിയിൽ പലനിറങ്ങളിൽ വിടർന്നുകിടക്കുന്ന നൂലുകൾ, പാതിതുന്നിയ തുണിശ്ശീലകൾ. കാഴ്ചയിൽ ഒന്നിനും ഒരു വ്യത്യാസവുമില്ല. എങ്കിലും അവരില്ലാത്ത ആ മുറി അപ്പാടെ ശൂന്യമായിരിക്കുന്നതായി എനിക്കു തോന്നി. ഞാൻ കുറച്ചുനേരം അയാളുടെ ഉറക്കം കണ്ടുനിന്ന ശേഷം സ്റ്റൂളിൽ ഇരുന്നു.
ഇവരിതെവിടെപ്പോയി? മുന്‍പു പറഞ്ഞതുപോലെ ആരോടും പറയാതെ അവർ കടന്നുകളഞ്ഞിരിക്കുമോ?
അപ്പോളതാ മൂർത്തിയുടെ കട്ടിലിൽനിന്നും ഒരനക്കം... അതുതന്നെ, അയാൾ കട്ടിലിന്റെ വശങ്ങളിൽ കൈകുത്തി എഴുന്നേൽക്കുന്നു. ശരീരത്തിൽനിന്നും മുഷിഞ്ഞ പുതപ്പ് ഊർന്നുവീഴുന്നു. ദീർഘകാലം അടഞ്ഞുകിടന്ന കണ്ണുകൾ തുറക്കുന്നു.
അയാൾ എന്റെ നേർക്ക് ഉറ്റുനോക്കിക്കൊണ്ട് കുറച്ചുനേരം അതേ മട്ടിൽ ഇരുന്നു. ഞാൻ പതറി. എന്താണ് പറയേണ്ടതെന്ന് അറിഞ്ഞുകൂടാ.
“സ്നേഹിതാ” -ഞാൻ പരിഭ്രമത്തോടെ വിളിച്ചു. “എത്ര നാളായി നമ്മൾ തമ്മിൽ കണ്ടിട്ട്!”
അയാൾ അപ്പോൾ എന്നെ ഒന്നുകൂടി സൂക്ഷിച്ചുനോക്കി. ഞാൻ മുഖം താഴ്ത്തി.
“അത്രയധികമൊന്നും ആയിട്ടില്ല.” അയാൾ പരിഹാസത്തോടെ പറഞ്ഞു. “നിങ്ങൾ മുന്‍പ് രണ്ടുതവണ ഇവിടെ വന്നിരുന്നുവല്ലോ.” മറ്റൊരു തൊണ്ടയിൽനിന്നും പുറപ്പെടുന്നതുപോലെ അയാളുടെ വരണ്ട സ്വരം. ഞാൻ മിണ്ടിയില്ല.
നേർത്തതെങ്കിലും അസുഖകരമായൊരു ഗന്ധം അവിടെ പടരുന്നതായി എനിക്കപ്പോൾ തോന്നി. ഞാൻ പുറത്തേയ്ക്കു കടക്കാൻ തുനിഞ്ഞു.
“നില്‍ക്കൂ” -അയാൾ വിളിച്ചു. “എന്തിനാണ് നിങ്ങൾ ഇവിടെ വരുന്നത്?”
“എന്നെ ഓർമ്മയില്ലേ?” ഞാൻ തിരക്കി.
“എന്തിനു മറക്കണം?” അയാൾ പിറുപിറുത്തു. “ഓർമ്മകൾ ഒടുങ്ങുന്നില്ല എന്നതാണ് എന്റെ പ്രശ്നം.”
അതിനുശേഷം അയാൾ മുമ്പു കിടന്നതിനു എതിർവശത്തേക്കു തിരിഞ്ഞ് വീണ്ടും ഉറക്കത്തിലേയ്ക്കു പോയി.
ആ സമയത്ത് മൂർത്തിയുടെ ഭാര്യ മുറിയിലേക്കു വന്നു.
17
“വന്നിട്ടു കുറേ നേരമായോ?” അവർ പ്രത്യേകിച്ചൊരു ഭാവവും കാണിക്കാതെ എന്നോടു ചോദിച്ചു. അവരുടെ കയ്യിൽ ഫ്ലാസ്‌കും ന്യൂസ് പേപ്പറിൽ പൊതിഞ്ഞ പലഹാരങ്ങളും ഉണ്ടായിരുന്നു. പലഹാരത്തിൽനിന്നുള്ള എണ്ണ കടലാസ്സിലേയ്ക്കു കിനിഞ്ഞിറങ്ങുന്നതു കണ്ടു.
അവർ ഫ്ലാസ്‌ക്കിൽനിന്നും ഒരു ചില്ലുഗ്ലാസ്സിലേയ്ക്ക് കുറച്ചു ചായ പകർന്നു. കടലാസുപൊതി തുറന്ന് എണ്ണമയമുള്ള ഒരു സമോസയെടുത്ത് കവിടിപ്പിഞ്ഞാണത്തിൽ വെച്ചു. “കഴിക്കൂ” -അവർ പറഞ്ഞു. പിന്നെ മറ്റൊരു ഗ്ലാസ്സിൽ സ്വയം ചായ പകർന്നെടുത്തു. അവരപ്പോൾ കൈകളിൽ കയ്യുറകളിട്ടിരിക്കുന്നുവെന്ന് ഞാൻ ശ്രദ്ധിച്ചു.
അത്ഭുതം അതല്ല, മൂർത്തി വശം തിരിഞ്ഞുകിടന്നത് അവർ ശ്രദ്ധിച്ചതായി തോന്നിയില്ല.
അവരുടെ രൂപത്തിലും വലിയ മാറ്റം വന്നിരിക്കുന്നു. എണ്ണമയമില്ലാത്ത വരണ്ട മുടിയിഴകൾ. അവയിൽ പാതിയും നരച്ചതായി കണ്ടു. മുഖത്ത് ചായം തേക്കുകയോ പൊട്ടുതൊടുകയോ ചെയ്തിട്ടില്ല. കണ്ണുകൾ കുറേക്കൂടി ആഴത്തിലേക്കു പോയിരിക്കുന്നു.
“എണ്ണപ്പലഹാരങ്ങൾ എനിക്കു പറ്റില്ല” -ഞാൻ പറഞ്ഞു. അവർ ഒന്നും പറയാതെ ആ സമോസ തിരിച്ചു കടലാസുപൊതിയിൽ വച്ചു. ജനൽപ്പടിയിലിരിക്കുന്ന വിടർന്ന നൂൽക്കെട്ടുകളിലേയ്ക്ക് ഞാൻ നോക്കുന്നത് അവരപ്പോൾ കണ്ടു.
“തുന്നൽ ശരിയാവുന്നില്ല” -അവർ പറഞ്ഞു.
“നമുക്ക് പുറത്തുനിന്നു സംസാരിച്ചാലോ?” മൂർത്തി കേൾക്കാതിരിക്കാൻ ഞാൻ ശബ്ദം കുറച്ചുകൊണ്ടാണ് ചോദിച്ചത്.
ഞങ്ങൾ പുറത്തേയ്ക്കിറങ്ങി. ഇടനാഴിയിലൂടെ രോഗികളുടെ ബന്ധുക്കൾ വേഗത്തിൽ നടന്നുപോകുന്നു. താഴെ നഗരത്തിന്റെ പാതകൾ അതിദ്രുതം ചലിക്കുന്നു.
“നിങ്ങൾക്കു തിരക്കല്ലേ! ശല്യപ്പെടുത്തേണ്ടെന്നു കരുതി” -അവർ പറഞ്ഞു. “അതാണ് പിന്നെ വിളിക്കാതിരുന്നത്.”
മൂർത്തി ഉണർന്നെഴുന്നേറ്റ് എന്നോടു സംസാരിച്ച കാര്യം ഞാൻ പറഞ്ഞില്ല.
താഴെ ആശുപത്രിയുടെ വളപ്പിലേക്ക് ഒരാംബുലൻസ് പാഞ്ഞുവന്നു നിന്നു. അതിനടുത്തേയ്ക്ക് ജീവനക്കാർ ഒരു സ്‌ട്രെച്ചറുമായി ഓടിപ്പോകുന്നു. വാതിൽ തുറന്ന് രോഗിയെ പുറത്തിറക്കുന്നു. ആംബുലൻസിന്റെ ചുഴറ്റുന്ന ശബ്ദം നിലയ്ക്കുന്നതേയില്ല.
ഞങ്ങൾ പരസ്പരം ശ്രദ്ധിക്കാത്ത മട്ടിൽ കുറച്ചുനേരം അങ്ങനെ നിന്നു. ഇടയ്ക്കിടെ ഞാൻ മുറിയിലേയ്ക്കൊന്നു പാളിനോക്കും. മൂർത്തിയുടെ നിശ്ചലമായ കിടപ്പ് തുടർന്നുപോവുകയാണല്ലോ എന്നുറപ്പു വരുത്തും.
“നോക്കൂ, എനിക്കുവേണ്ടി ഒരു കാര്യം ചെയ്യാമോ?” അവർ ചോദിച്ചു. ഞാൻ ചിന്തകളിൽനിന്നും ഉണർന്ന് അവരെ നോക്കി.
“മുന്‍പ് ഞാനയച്ച സന്ദേശങ്ങളെല്ലാം മായ്‌ച്ചുകളയൂ” -അവർ പറഞ്ഞു. “ഞാനെന്തൊക്കെയോ... കുട്ടികളെപ്പോലെ...”
“ഏയ്” -ഞാൻ പറഞ്ഞു.
“മറ്റൊന്നു ചോദിച്ചാൽ വിഷമമാവുമോ?” അവർ തിരക്കി.
“പറയൂ.”
“അന്നു ഞാൻ തന്നില്ലേ, ആ... തൂവാല. അതെവിടെയാണ്?”
“അവിടെ കാണും. തിരയണം.” ഞാൻ അശ്രദ്ധ നടിച്ചു.
“അതെനിക്കു മടക്കിത്തരാമോ?”
“എന്തിനാണത്? വേണമെന്നുണ്ടെങ്കിൽ ഇനിയും തുന്നരുതോ?” ഞാൻ ചോദിച്ചു.
“സാധിക്കും എന്നു തോന്നുന്നില്ല. സൂചി പാളുന്നു. ഇന്നലെ വിരൽ കുത്തിമുറിഞ്ഞു ചോരവന്നു...” അവർ പതുക്കെപ്പറഞ്ഞു. “അല്ലെങ്കിൽത്തന്നെ പകർപ്പെടുക്കുന്നതിൽ എന്തു കാര്യം?”
എന്റെ മനസ്സിലപ്പോൾ ആ രക്തചുംബനത്തിന്റെ മുദ്ര വിടർന്നുവന്നു. ആശുപത്രിയിൽനിന്നും ശബ്ദങ്ങളെല്ലാം വാർന്നുപോയി.
“അതു തുന്നരുതായിരുന്നു എന്നു തോന്നുന്നു...” എന്റെ കണ്ണുകളിലേയ്ക്കു നോക്കിക്കൊണ്ട് അവർ തുടർന്നു. “ഒരു കാര്യം ചോദിക്കട്ടേ, നിങ്ങൾ... നിങ്ങളുടെ... ഭാര്യയെ ഉമ്മവച്ചിട്ടുണ്ടോ?”
എന്തൊരു ചോദ്യം!
“ശരിക്കും പടർന്നു കത്തുന്ന ഒരു ചുംബനം... തീപ്പൊള്ളിക്കുന്ന ഒന്ന്? അല്ലെങ്കിൽ വേണ്ടാ, ഇതു പറയൂ, എപ്പോഴാണ് അവസാനം ചുംബിച്ചത്?”
“...കുറച്ചു മുന്‍പാണ്” -ഞാനവരെ നോക്കിയില്ല.
“എത്ര മുന്‍പെന്നാണ്?”
“കുറച്ചു മുന്‍പുതന്നെ” -ഞാൻ പറഞ്ഞു. “അങ്ങനെ... സമയമൊന്നും ഓർമ്മയില്ല.”
ക്ഷണനേരത്തേയ്ക്ക് അവരുടെ മുഖത്ത് വിഷാദം കലർന്ന ഒരു പുഞ്ചിരി വിരിഞ്ഞു. ഞങ്ങൾ നിശ്ശബ്ദരായി.
“അപ്പോൾ അവൾ എന്തു ചെയ്തു?” തെല്ലുനേരം കഴിഞ്ഞപ്പോൾ അവർ ചോദിച്ചു.
“...എപ്പോൾ?”
“അവസാനം ചുംബിച്ചപ്പോൾ...”
എന്താണ് ചെയ്തത്? അതെല്ലാം എങ്ങനെ ഓർമ്മിക്കാൻ! ശരിക്കും എന്താണ് അവൾ ചെയ്തത്?
അപ്പോൾ എനിക്കോർമ്മ വന്നു. മുഷിഞ്ഞ സാരിത്തലപ്പുകൊണ്ട് അവൾ സ്വന്തം കവിൾ തുടച്ചു. ആ ചുംബനം മായ്ക്കാനെന്നതുപോലെ.
കൊടുംചൂടുള്ള വേനൽക്കാലമായിരുന്നു അത്. പുരാതനമായൊരു അങ്ങാടിയിലേക്കു തുറക്കുന്ന ജാലകങ്ങളുള്ള ഒറ്റമുറി വാടകവീട്ടിലെ താമസക്കാരായിരുന്നു ഞങ്ങളപ്പോൾ. വഴിവാണിഭക്കാരും കാൽനടക്കാരും മൃഗങ്ങളും സൈക്കിൾറിക്ഷകളുമെല്ലാം ചേർന്ന് തെരുവുകളെ ബന്ദിയാക്കിയ ഒരു വൈകുന്നേരം.
പിന്നീടവളെ കണ്ടിട്ടേയില്ല. ഏറെ കാലമായി, അതെല്ലാം. എത്രയോ വർഷങ്ങൾ...
18
“നോക്കൂ, ഒരു കാര്യമുണ്ട്...” ഞാൻ പറഞ്ഞു. “നിങ്ങൾ ചോദിച്ചില്ലേ, മൂർത്തി എപ്പോൾ മരിക്കുമെന്ന്? അതു ഞാൻ പറയട്ടെ, ഇനി അധികനാൾ ഉണ്ടാവുമെന്നു തോന്നുന്നില്ല.”
ഞാൻ അങ്ങനെ പറഞ്ഞതിന്റെ കാരണം അവർ ചോദിച്ചില്ല. അത്തരമൊരു അറിവ് അവരെ ബാധിക്കുന്നില്ലെന്നു തോന്നി. അവർ വിദൂരതയിലേക്കുള്ള ആ നോട്ടം തുടർന്നു.
“പിന്നെ കാണാം.” പോകാൻ തയ്യാറെടുത്തുകൊണ്ട് ഞാൻ പറഞ്ഞു.
ഞാൻ ചവിട്ടുപടികളുടെയടുത്തേക്കു പോകുമ്പോൾ അവർ വിളിച്ചു: “ഇതാ ഇപ്പോൾ ലിഫ്റ്റ് വരും.”
“എനിക്ക് സമയമുണ്ട്” -ഞാൻ പറഞ്ഞു. “പടികളിറങ്ങുന്നതാണ് ഇഷ്ടം.”
“ഒന്നു നില്‍ക്കണേ” -അങ്ങനെ പറഞ്ഞുകൊണ്ട് അവർ എന്റെയടുത്തേയ്ക്കു വന്നു. പിന്നെ ഹസ്തദാനത്തിനെന്നപോലെ ഇരുകൈകളും നീട്ടി. അവർ കയ്യിലണിഞ്ഞിരുന്ന ഇളംനീലനിറമുള്ള ഉറകളിലേയ്ക്കു ഞാൻ നോക്കി... അവ വല്ലാതെ മുഷിഞ്ഞിരിക്കുന്നു. അവർ വിഷാദം കലർന്ന ഒരു ചിരിയോടെ അവ ഊരി നിലത്തേക്കിട്ടു. പിന്നെ വീണ്ടും കൈകൾ നീട്ടി.
ആ കൈകളിൽ പിടിക്കുമ്പോൾ വലിയ തണുപ്പു തോന്നി. ചെറിയ പക്ഷിക്കുഞ്ഞുങ്ങളെപ്പോലെ ആ കൈകൾ എന്റെ കരങ്ങൾക്കുള്ളിലിരുന്നു വിറയ്ക്കാൻ തുടങ്ങി.
നൂലുകൾകൊണ്ട് ചുംബനം നെയ്ത ആ വിരലുകൾ! അവയിൽ സൂചികുത്തി മുറിഞ്ഞ പാടുകൾ... സ്പർശിക്കുമ്പോൾ കുഴലുകളിലെന്നവണ്ണം ഇരുശരീരങ്ങളിലേക്കും ചോരയൊഴുകുന്നുവെന്നു തോന്നി.
“മനുഷ്യരെ തൊട്ടിട്ട് കുറേക്കാലമായി” -അവർ പതുക്കെ പറഞ്ഞു. ഞാനുമതേ, പക്ഷേ, അതു പറയാൻ എനിക്കു വാക്കുകൾ കിട്ടിയില്ല.
വൈകുന്നേരത്തെ വെയിൽ മായുകയായിരുന്നു അപ്പോൾ. പുറത്ത് നേരിയ തണുപ്പനുഭവപ്പെടാൻ തുടങ്ങി. ശരത്കാലം.
ഞാൻ പടികൾ ഓരോന്നായി ഇറങ്ങി. ഓരോ നിലയിലും ഓരോ രോഗത്തിനുള്ള ചികിത്സകളാവണം. പലതരത്തിലുള്ള യന്ത്രസംവിധാനങ്ങൾ, ഉപകരണങ്ങൾ. ഒരാൾക്കൂട്ടത്തിൽനിന്നും വിലാപമുയരുന്നതു കേട്ടു. അവിടേക്ക് തിരക്കിട്ട് ഓടുന്ന ജീവനക്കാർ.
മൂന്നാമത്തെ നിലയിലെത്തിയപ്പോൾ വെളുത്ത ഉടുപ്പുകൾ ധരിച്ച ഒരു ചെറുപ്പക്കാരൻ വീൽചെയറിലിരുത്തിയ ഒരു രോഗിയുമായി ലിഫ്റ്റിനു മുന്നിൽ നില്‍ക്കുന്നതു കണ്ടു. വൈകിയില്ല, ലിഫ്റ്റിന്റെ വാതിലുകൾ തുറക്കുകയും അവർ രണ്ടുപേരും അതിനുള്ളിലേയ്ക്കു കയറിപ്പോവുകയും ചെയ്തു. വാതിൽപ്പാളികൾ അടഞ്ഞു. അവർ മുകളിലേയ്ക്കാണോ താഴേയ്ക്കാണോ? മനസ്സിലാക്കാനായില്ല. ഞാൻ വീണ്ടും രോഗങ്ങളുടെ വിതാനങ്ങളിലേയ്ക്ക് പടികളിറങ്ങി.
ഏറ്റവും താഴത്തെ നിലയിലായിരുന്നു ചികിത്സയില്ലാത്ത രോഗങ്ങളുടെ ഇടം. സാന്ത്വനം കൊണ്ടുമാത്രം മരണത്തിലേയ്ക്കു കൊണ്ടുപോകാവുന്ന രോഗികൾ അവിടത്തെ മുറികളിൽ കിടക്കുന്നുണ്ടാവും. പുറത്ത് കാത്തുനില്‍ക്കുന്നവർക്കോ ശുശ്രൂഷകർക്കോ ഒരു ധൃതിയും ഇല്ല. എല്ലാം പതുക്കെയായിരിക്കുന്നു. മുന്നിലെ കസേരകളിൽ അപാരമായൊരു വിശ്രാന്തിയിലെന്നവണ്ണം ധ്യാനിച്ചിരിക്കുന്ന മനുഷ്യരെ കണ്ടു.
പിന്നീടൊരിക്കലും ഞാൻ ആ ആശുപത്രിയിൽ പോയിട്ടില്ല.
19
പക്ഷേ, പിറ്റേന്നു മുതൽ ഞാൻ പത്രങ്ങളിലെ ചരമവാർത്തകൾ വിടാതെ വായിക്കാൻ തുടങ്ങി. പണ്ട് മ്യൂസിയം സൂക്ഷിപ്പുകാരനായിരുന്ന ഒരു മൂർത്തിയുടെ മരണം അതിൽ അച്ചടിച്ചു വന്നിട്ടുണ്ടോ? അയാളോടു സാദൃശ്യമുള്ള ഒരു ഫോട്ടോയെങ്കിലും?
എത്രയോ നാളായി ഞാൻ അതേ ശീലം തുടരുന്നു. ഓരോ ദിവസവും അത്തരമൊരു വാർത്ത കാണാതെ പത്രം മടക്കിവയ്ക്കുന്നു.
20
വർഷാന്ത്യത്തിൽ ഒരു വെളുപ്പാൻകാലത്ത് മ്യൂസിയത്തിനെ ചുറ്റിക്കൊണ്ടുള്ള പാതയിലൂടെ സഞ്ചരിക്കേണ്ടിവന്നു. ഒരു പഴഞ്ചൻ ബസ്സിലായിരുന്നു യാത്ര. ആ നേരമായതുകൊണ്ടാവാം, ബസ്സിനുള്ളിൽ ആളുകൾ കുറവായിരുന്നു. ഉള്ളിലെ വിളക്കുകൾ കെടുത്തിയിരുന്നു. കട്ടികൂടിയ കമ്പിളിപ്പുതപ്പുകളിൽ സ്വയം മൂടി യാത്രക്കാർ ഉറങ്ങുകയാണ്. എവിടേയും ഒരനക്കവുമില്ല. എന്തോ ഓർമ്മിക്കുന്നതുപോലെ ചിലപ്പോഴെല്ലാം ഡ്രൈവർ ഹോൺ മുഴക്കി. പിന്നേയും നിശ്ശബ്ദത തുടർന്നു. ഞാൻ പുറത്തേക്കു നോക്കി. ഇരുട്ടു വിട്ടുമാറുന്നതേയുള്ളൂ. ഒന്നും വ്യക്തമാവുന്നില്ല. ഗാഢമായ മഞ്ഞ് കാഴ്ചകളെയൊക്കെയും മറച്ചുപിടിക്കുന്നതായി എനിക്കു തോന്നി.
കുറച്ചുദൂരം പോയപ്പോൾ കിഴക്ക് വെളിച്ചത്തിന്റെ സ്പർശം. അകലെ, ശൂന്യതയിൽ ആ കൊട്ടാരത്തിന്റെ മകുടം തെളിയുന്നു. പിന്നിൽ തൂമഞ്ഞു തിരശ്ശീലയിട്ട വെളുത്ത ആകാശം. അതിനുമേൽ ഒരു രക്തത്തുള്ളി കണക്ക് തണുത്ത സൂര്യൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates