ഗ്രേസി എഴുതിയ കഥ 'മല്ലനും മാതേവനും'

ഗ്രേസി എഴുതിയ കഥ 'മല്ലനും മാതേവനും'
Updated on
4 min read

രുഭൂമി പതിവിലും കൂടുതല്‍ ചുട്ടുപഴുത്ത ഒരു നട്ടുച്ചയ്ക്കാണ് ചെറുപ്പക്കാരനായ കഥാകൃത്തിന്റെ ഉള്ളില്‍ ഒരു സ്വപ്നത്തിന്റെ കുളിര്‍വിത്ത് പാറിവീണത്. ഏതെങ്കിലും കാനനമദ്ധ്യത്തില്‍ത്തന്നെയാവണം പുതിയ

പുസ്തകത്തിന്റെ പ്രകാശനം എന്ന് അയാള്‍ തീര്‍ച്ചപ്പെടുത്തിയത് അപ്പോഴാണ്. വിമാനമിറങ്ങി നേരെ പ്രസാധകന്റെയടുത്തേയ്ക്കാണ് ചെറുപ്പക്കാരന്‍ പോയത്. പുസ്തകക്കെട്ടെടുത്ത് അരുമയോടെ ഒന്ന് തലോടി കാറിന്റെ ബാക്ക്സീറ്റില്‍ ചാരിവെച്ചു. പുസ്തകങ്ങള്‍ക്ക് ജീവനുണ്ടെന്ന് അയാള്‍ക്ക് അത്രമേല്‍ തീര്‍ച്ചയുണ്ടായിരുന്നു. പ്രകാശം പരത്തുന്ന അക്ഷരങ്ങള്‍ കാടിന്റെ ഹൃദയം വിസ്മയം കൊണ്ട് നിറയ്ക്കുമെന്നും പക്ഷിമൃഗാദികള്‍ക്കുപോലും ജീവിതത്തെ

കൂടുതല്‍ സ്നേഹിക്കാനാവുമെന്നും അയാള്‍ വിശ്വസിച്ചു.

പത്തരമണി നേരത്തെ പുസ്തകപ്രകാശ ചടങ്ങിലേയ്ക്ക് നാനാദിക്കില്‍നിന്നും ആണ്‍പെണ്‍ഭേദമില്ലാതെ ചെറുപ്പക്കാരായ ധാരാളം കഥാകൃത്തുക്കള്‍ എത്തിച്ചേര്‍ന്നു. ഒരു നിമിഷംപോലും മുന്നോട്ടോ പിന്നോട്ടോ ചായാതെ പുസ്തകം പ്രകാശിപ്പിച്ചത് മലയാളത്തിലെ മികച്ച കഥാകൃത്തായ മാതേവനാണ്. സമയനിഷ്ഠ മാത്രമല്ല, ഈ കഥാകൃത്തിന്റെ രൂപവും സവിശേഷം തന്നെ. ഏത് ശബ്ദവും പിടിച്ചെടുക്കാന്‍ പോന്ന വലിയ ചെവികള്‍. ബുദ്ധി വിളഞ്ഞ് കിടക്കുന്ന വിശാലമായ നെറ്റിത്തടം. ഏത് ലക്ഷ്യത്തേയും ഭേദിക്കുന്ന ജ്വലിത നേത്രങ്ങള്‍. അവയില്‍നിന്നൂര്‍ന്നിറങ്ങുന്ന ചൂടേറ്റ് വരണ്ടുപോയ കവിള്‍ത്തടങ്ങള്‍. വിശ്വസാഹിത്യം മുഴുവന്‍ വിഴുങ്ങിയതുകൊണ്ട് നിരന്തരം താളുകള്‍ മറിയുന്ന മര്‍മ്മരം നിറഞ്ഞ് ഘടസമാനമായ ഉദരം. അയാള്‍ ഏതോ അത്ഭുതവിളക്കില്‍നിന്ന് ഇറങ്ങിവന്ന ഒരു പുരാതനഭൂതം പോലെയാണല്ലോ എന്നു പുസ്തകം ഏറ്റുവാങ്ങിയ അതീവ സുന്ദരിയായ പെണ്‍കുട്ടിക്ക് പ്രഥമദൃഷ്ട്യാ തോന്നി. അവള്‍ അണിവിരലിലെ മോതിരത്തില്‍ തെരുപ്പിടിച്ച് ഇതൊന്ന് ഉരസിനോക്കാനുള്ള മാന്ത്രികവിളക്ക് എവിടെ കണ്ടെത്താന്‍ പറ്റുമെന്ന് ആലോചിക്കാന്‍ തുടങ്ങി. പുക തെളിഞ്ഞ് കഥാകൃത്താവുന്ന രംഗം ഓര്‍ത്ത് അവള്‍ ചിരിച്ചു. പൊടുന്നനെ ഒന്ന് ഞെട്ടി അവള്‍ ഇടംവലം നോക്കി. ആരും കണ്ടില്ലെന്നറിഞ്ഞിട്ടും അവളുടെ ഉടല്‍ വിയര്‍ത്ത് തീക്ഷ്ണഗന്ധിയായി.

പുസ്തകം പരിചയപ്പെടുത്താനെത്തിയത് പ്രശസ്തനായ ഒരു നിരൂപകനാണ്. മല്ലന്‍ എന്ന പേര് അയാള്‍ക്ക് എത്ര നന്നായി ഇണങ്ങുന്നുണ്ടെന്ന് ആരും നിരൂപിച്ചു പോവും. ഒതുങ്ങിയ അരക്കെട്ടും വിടര്‍ന്ന നെഞ്ചും തോളില്‍നിന്ന് കാല്‍മുട്ടുവരെ കനത്ത് നീണ്ട് പ്രതാപികളായിത്തീര്‍ന്ന ബാഹുക്കളും അയാളെ ഒരു ഗംഭീരപുരുഷനാക്കിത്തീര്‍ത്തു. രോമശൂന്യമായ തലയും ചുവന്ന കല്ലുവെച്ച വില്ലുകടുക്കനും മല്ലന്റെ രൂപത്തിനു കൗതുകമേറ്റി. കഥ വായിച്ച് ആരും നല്ല മനുഷ്യരായിത്തീരുകയില്ലെന്ന് ഒരു പ്രകാശവലയം അയാളുടെ തലയ്ക്ക് ചുറ്റും പരിഹാസച്ചിരി മിന്നിക്കുന്നത് കണ്ട് കഥാകൃത്ത് അമ്പരന്നു. എങ്കിലും പുസ്തകത്തിലെ ഓരോ കഥയും അയാള്‍ ഇതളിതളായി പരിശോധിക്കാന്‍ തുടങ്ങി. ഉറക്കെയുള്ള ഒരു ആത്മഗതത്തില്‍ അയാള്‍ മുഴുകിപ്പോയതായി തോന്നിച്ചു.

കാനനത്തിലൊളിച്ച് നിന്ന്, അതിഥികള്‍ അടുത്തെത്തുമ്പോള്‍ യാന്ത്രികമായൊരു ചിരിയോടെ വെളിപ്പെടുന്ന ഒരു റിസോര്‍ട്ടില്‍ വിഭവസമൃദ്ധമായ ഉച്ചഭക്ഷണം ഏര്‍പ്പാടാക്കിയിരുന്നു. നീളന്‍ മേശയില്‍ നിരന്ന് വിഭവങ്ങള്‍ മണം ചുരത്തിയപ്പോള്‍ നിരൂപകനും കഥാകൃത്തും അത്ഭുതപരതന്ത്രരായി. അവര്‍ രണ്ടും കൊതി അമര്‍ത്തിപ്പിടിച്ച് വിഭവങ്ങള്‍ രുചിക്കാന്‍ തുടങ്ങി. ആദ്യമായാണ് അവര്‍ ഇടിയിറച്ചി കഴിക്കുന്നത്. എത്രയും സ്വാദിഷ്ഠമായ ആ വിഭവം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നിരൂപകന്‍ അടുക്കളയില്‍ ചെന്ന് പ്രധാന പാചകനോട് ചോദിച്ചറിയുകയും ചെയ്തു. പോത്തിറച്ചി, കാട്ടുപോത്തായാല്‍ ബഹുകേമം, കഷണങ്ങളാക്കി ഉപ്പും മഞ്ഞളും തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂര്‍ അടച്ചുവെച്ച് കമ്പിയില്‍ കോര്‍ത്ത് വെയിലത്തുണക്കി കനലില്‍ നിരത്തി ചുട്ടെടുത്ത് ചതച്ച് മസാല ചേര്‍ത്ത് വെന്ത വെളിച്ചെണ്ണയില്‍ വറുത്തെടുക്കുകയാണെന്ന് ഒറ്റശ്വാസത്തില്‍ പാചകന്‍ ഉരുക്കഴിച്ചത് കേട്ട് നിരൂപകന്‍ നിരാശനായി. സ്ത്രീവിമോചനത്തിന്റെ തലപ്പോരാളികളില്‍ ഒരുവളായ ഭാര്യ അതിനൊന്നും മെനക്കെടുകയില്ലെന്ന് അയാള്‍ക്ക് തീര്‍ച്ചയുണ്ടായിരുന്നു. ഒരു നെടുവീര്‍പ്പോടെ അയാള്‍ അടുക്കളയില്‍നിന്ന് നിഷ്‌ക്രമിച്ചു.

ഭക്ഷണശേഷം കഥാകൃത്തുക്കള്‍ ഉച്ചയുറക്കത്തിന് ഊര് വിലക്ക് കല്പിച്ച് കേവലം നൂറ്റി നാല്പത്തിനാല് പേജുകളുള്ള

പുസ്തകം വായിക്കണം. പിന്നെ ചൂടുചായയും കലത്തപ്പവും കഴിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാകേണ്ടതാണ്. അത്താഴസമയം വരെ നീളുന്ന ചര്‍ച്ച കഴിഞ്ഞാല്‍ ചപ്പാത്തിയും കാട്ടിറച്ചി ഉലര്‍ത്തിയതും തിന്ന് താന്താങ്ങള്‍ക്കനുവദിച്ച മുറികളിലേയ്ക്ക് പോകുകയുമാവാം. ആര്‍ക്കെങ്കിലും ആ സമയത്തിനുള്ളില്‍ ഒരു ഇണയെ സമ്പാദിക്കാന്‍ കഴിഞ്ഞാല്‍ സുരതത്തിനുള്ള സൗകര്യവും ലഭ്യമാണ്.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

ഉച്ചഭക്ഷണം കഴിഞ്ഞപ്പോള്‍ മല്ലനും മാതേവനും ചുറ്റുവട്ടത്തുള്ള കാട്ടിലൊരു നടത്തയാകാമെന്ന ഒത്തുതീര്‍പ്പിലെത്തി. മല്ലന്റെ വിരിമാറില്‍നിന്ന് കാട്ടുപുല്ലുകള്‍പോലെ ബലത്ത രോമങ്ങള്‍ അഹമഹമികയാ തല നീട്ടുന്നത് കണ്ട് മാതേവന് നേരിയ വൈക്ലബ്യം അനുഭവപ്പെട്ടു. രോമരഹിതമായ സ്വന്തം നെഞ്ച് തടവി മാതേവന്‍ ഒരു ദീര്‍ഘനിശ്വാസമുതിര്‍ത്തു. അന്നേരം മല്ലന്‍ പറഞ്ഞു:

“നിങ്ങള്‍ ഈയിടെ ഒരു കഥയെഴുതുകയുണ്ടായല്ലോ? അതില്‍ നിങ്ങള്‍ ഒരു കടുത്ത സ്ത്രീവാദിയുടെ വേഷത്തിലായിരുന്നു. കുറേ നാളായിട്ട് ആ കുപ്പായത്തില്‍നിന്ന് പുറത്തിറങ്ങാന്‍ നിങ്ങള്‍ കൂട്ടാക്കുന്നില്ല. ഈ പെണ്ണുങ്ങള്‍ക്കുവേണ്ടി വാദിച്ചിട്ട് വല്ല കാര്യവുമുണ്ടോ? അവറ്റ വെറും...”

വാക്കുകള്‍കൊണ്ട് അമ്മാനമാടി ഇവിടെയെത്തിയപ്പോള്‍ അയാള്‍ക്ക് സ്വന്തം ഭാര്യയെ ഓര്‍മ്മവന്നു. തിടുക്കത്തില്‍ അയാള്‍ നാവ് കടിച്ചു. വേദന ഉമിനീരിലലിയിക്കുമ്പോള്‍ അയാളുടെ വാക്കുകള്‍ മുടന്തി.

“സത്യത്തില്‍ ആ കഥയില്‍ അങ്ങനെയൊരു സാഹചര്യത്തിനുള്ള സാധ്യത...”

മാതേവന്റെ കഫക്കൂറുള്ള ശബ്ദം തിടുക്കത്തില്‍ നുഴഞ്ഞുകയറി.

“ഒരിക്കലും ഉണ്ടാവുകയില്ല എന്നല്ലേ നിങ്ങള്‍ പറയാന്‍ വന്നത്?

നിങ്ങള്‍ ഒരു നിരൂപകനാണെന്നത് ശരിതന്നെ. പക്ഷേ, സുഹൃത്തേ! നിരൂപകന് സൃഷ്ടിയുടെ രഹസ്യം ഒരിക്കലും പിടികിട്ടുകയില്ല. നിരൂപകന്‍ എപ്പോഴും സൃഷ്ടിക്ക് പുറത്ത് തന്നെയായിരിക്കും. അവിടെനിന്ന് അന്വേഷണബുദ്ധിയോടെ അകത്തേയ്ക്ക് ഉറ്റുനോക്കി ക്കൊണ്ടിരിക്കുകയും ചെയ്യും. എന്നാലും അതിനകത്ത് കാര്യങ്ങള്‍ എങ്ങനെ ഉരുവപ്പെട്ടുവരുന്നു എന്ന് അയാള്‍ക്ക് പിടികിട്ടുകയില്ല! അത് അനുഭവിച്ചു മാത്രം അറിയേണ്ട ഒന്നാണ്!”

അപ്പോള്‍ നിരൂപകന് വിചിത്രമായ ഒരു അനുഭവമുണ്ടായി. അയാള്‍ ആള്‍രൂപത്തില്‍ ഊതിവീര്‍പ്പിച്ച ഒരു ബലൂണായി. മാതേവന്റെ ഏതു വാക്കാണ് കൂര്‍ത്ത് വന്ന് ബലൂണില്‍ തുള വീഴ്ത്തുകയെന്ന് തിരയുമ്പോഴേയ്ക്കും അയാള്‍ ചുരുങ്ങാന്‍ തുടങ്ങി. കാല്‍വിരല്‍ത്തുമ്പില്‍നിന്ന് ഒരു വിറ പടര്‍ന്ന് അയാളുടെ മൂര്‍ദ്ധാവില്‍ കയറി. മല്ലന്റെ അവസ്ഥാന്തരം കണ്ട് മാതേവന്‍ ഗൂഢമായി ആനന്ദിച്ചു. അയാള്‍ അത്യുത്സുകനായി തുടര്‍ന്നു.

“ഒരിക്കല്‍ പറക്കും തളികയില്‍ എനിക്കൊരു കഥ എത്തിച്ചേര്‍ന്നിട്ടുണ്ട്. കഥയെഴുതിയിട്ട് കുറേക്കാലമായല്ലോ എന്ന് അധീരനായി ഉച്ചയൂണ് കഴിക്കാന്‍ കൂട്ടാക്കാതെ ‍ഞാന്‍ കിടപ്പുമുറിയുടെ ജാലകം മലര്‍ക്കെ തുറന്നുവെച്ച് കിടക്കുകയായിരുന്നു. അന്നേരം നരച്ച് ശൂന്യമായിത്തീര്‍ന്ന ആകാശത്ത് ഒരു വെള്ളിപ്പൊട്ട് പ്രത്യക്ഷപ്പെട്ടു. നെടുമ്പാശ്ശേരി അടുത്തായതുകൊണ്ട് ഏതെങ്കിലും വിമാനമാകുമെന്നാണ് ഞാന്‍ കരുതിയത്. മുന്‍പും അങ്ങനെ പോകുന്ന വിമാനങ്ങളെ കണ്ടിട്ടുണ്ട്. പക്ഷേ, ഈ വെള്ളിപ്പൊട്ട് വട്ടംവെച്ച് എന്റെ നേര്‍ക്ക് കുതിച്ചുവന്നു. അടുത്തെത്തിയപ്പോഴാണ് അതൊരു പറക്കുംതളികയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. അതെന്നെ വന്ന് ഇടിക്കുമെന്നായപ്പോള്‍ ഞാന്‍ കണ്ണുകള്‍ ഇറുകെയടച്ചു. എന്നിട്ടും കണ്ണില്‍ നിറഞ്ഞ വെള്ളിവെളിച്ചത്തില്‍ ഒരു കഥയുടെ ദൃശ്യങ്ങളങ്ങനെ തെളിഞ്ഞു. എന്റെ ആ കഥയില്‍ നിറയെ ദൃശ്യങ്ങളുണ്ടായത് അങ്ങനെയാണ്.”

വിഭ്രാന്തിയില്‍നിന്ന് കരകയറി മല്ലന്‍ പൊട്ടിച്ചിരിച്ചു.

“ശുദ്ധഭ്രാന്ത്!”

മാതേവന്റെ പരുക്കന്‍ ചുണ്ടുകള്‍ മൃദുവായൊരു ചിരി പരന്ന് മയപ്പെട്ടു.

“ഭ്രാന്തില്ലാതെ എങ്ങനെ കഥയെഴുതും? ഇതാണ് ഞാന്‍ മുന്‍പ് പറഞ്ഞത്, കഥ വരുന്ന വഴി നിങ്ങള്‍ക്കറിയില്ലെന്ന്!”

അത് ശരിവയ്ക്കുന്ന മട്ടില്‍ അപ്പോള്‍ കാടകത്ത് നിന്ന് ഒരു അലര്‍ച്ച കേട്ടു. മാതേവന്‍ പ്രേതസമാനം വിളറിവെളുത്തു. അയാള്‍ പിറുപിറുത്തു.

“ആ പഴയ കഥ ആവര്‍ത്തിക്കുകയാണ്! അത് ഒരു കരടി തന്നെ!”

പറഞ്ഞ് തീര്‍ന്നതും പൊന്തക്കാടിന്റെ പച്ചപ്പ് വകഞ്ഞ് ഒരു കരടിയുടെ തല പ്രത്യക്ഷപ്പെട്ടു. മല്ലന്‍ ഞെട്ടിത്തരിച്ച് നിന്നുപോയി! അയാള്‍ക്ക് മല്ലന്റേയും മാതേവന്റേയും പഴങ്കഥ ഒരു മിന്നല്‍പോലെ ഓര്‍മ്മ വന്നു. അയാള്‍ അടുത്തുകണ്ട ഒരു മരത്തിലേയ്ക്ക് പാഞ്ഞുകയറി ഇലച്ചാര്‍ത്തിലൊളിച്ചു. മാതേവന് മരം കയറാനറിയില്ലായിരുന്നു. ഒന്ന് ശ്രമിച്ചു നോക്കാമെന്നുവെച്ചാല്‍ത്തന്നെ അയാളുടെ കുടവയറ് അതിനു വിഘാതമായി. കഥകൊണ്ട് ജീവിതപ്രശ്നങ്ങളെ തരണം ചെയ്യാനാവില്ലെന്ന് അപ്പോള്‍ അയാള്‍ തിരിച്ചറിഞ്ഞു. ശേഷിക്കുന്ന ഒരേയൊരു പോംവഴി പഴങ്കഥയിലെ മാതേവനാവുകയാണെന്ന് ഉറപ്പിച്ച് അയാള്‍ മരിച്ചവനെപ്പോലെ നിലത്ത് കിടന്നു. അപ്പോഴാണ് അയാളെ ഒരു സംശയം പിടികൂടിയത്. കഥയിലെ മാതേവന്‍ മലര്‍ന്നാണോ കമിഴ്ന്നാണോ കിടന്നത്? ബുദ്ധിമാനായ മാതേവന്‍ ചിന്തിച്ച് സമയം പാഴാക്കാതെ കമിഴ്ന്ന് കിടന്ന് ശ്വാസം പിടിച്ചുനിര്‍ത്തി. ശവാഭിനയത്തില്‍ പ്രാണനര്‍പ്പിച്ച് കരടിയുടെ കാലൊച്ചയ്ക്ക് കാതോര്‍ത്തു.

കരടി മാതേവനെ മണത്തുനോക്കി. പിന്നെ ഇങ്ങനെ പറഞ്ഞു:

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

“മാതേവാ! ഞാന്‍ സക്കറിയയുടെ കഥയില്‍ നിന്നിറങ്ങിവന്ന തേന്‍കരടിയാണ്. എന്റെ ഭാര്യ ഒരു മനുഷ്യസ്ത്രീയാണ്. അതുകൊണ്ടുതന്നെ ഞാന്‍ നിന്നെ കൊല്ലുകയില്ല. എന്നാല്‍, ഉപദേശം ഒഴിവാക്കാനാവുകയില്ല. പക്ഷേ, പൃഷ്ഠം നോക്കി ഒരുവനെ ഉപദേശിക്കുന്നത് സൗന്ദര്യശാസ്ത്രത്തിനു

നിരക്കുന്നതല്ല. അതുകൊണ്ട് എഴുന്നേറ്റിരിക്ക്!”

മാതേവന്‍ മരണത്തില്‍നിന്ന് തിരിച്ച് വന്നവനെപ്പോലെ അഭിനയിച്ച് എഴുന്നേറ്റിരുന്നു. അതുകണ്ട് തേന്‍കരടി പൊട്ടിച്ചിരിച്ചു.

“നീ അതിബുദ്ധിമാന്‍ തന്നെ! മുന്നേ പോയ ഒരു കഥാകൃത്തിനെ എങ്ങനെയാണ് ചരിത്രത്തില്‍നിന്നു മായ്‌ചുകളയാന്‍ നീ ശ്രമിച്ചതെന്ന് ഓര്‍ക്കുമ്പോള്‍ പ്രത്യേകിച്ചും! ‘കാതിലോല’ എന്നൊരു കഥ ഇരുപതാം വയസ്സിലെഴുതിയ ആ കഥാകൃത്തിനെ നീ സമാഹരിച്ച പുസ്തകത്തില്‍നിന്ന് ഒഴിവാക്കിയല്ലോ! അയാള്‍ ആരും നടക്കാത്ത വഴിയേ നടന്ന് മലയാളത്തിലെ മികച്ചൊരു നോവലിലെത്തുകയും ചെയ്തു. ‘കുതിരയും കന്യകയും.’ ഇതൊക്കെയും എന്റെ സ്ത്രീ പറഞ്ഞുതന്നതാണ്. അവള്‍ നല്ലൊരു വായനക്കാരിയാണ്. എല്ലാ ആഴ്ചയിലും പബ്ലിക് ലൈബ്രറിയില്‍ പോയി പുസ്തകങ്ങളെടുത്തുവരും. എന്നെ വായിച്ച് കേള്‍പ്പിക്കുകയും ചെയ്യും.”

തേന്‍കരടി എന്തോ ഓര്‍ത്ത് ഒരു നിമിഷം മൗനിയായി. പിന്നെ ഒന്നിരുത്തി മൂളി തുടര്‍ന്നു:

“എന്തൊക്കെ പറഞ്ഞാലും അവള്‍ക്ക് നിന്റെ കഥകളൊക്കെ വലിയ ഇഷ്ടമാണ് കേട്ടോ? എസ്കോബര്‍ എന്ന ഒരു പന്ത് കളിക്കാരനെക്കുറിച്ച് നീയൊരു കഥയെഴുതിയില്ലേ? ഓര്‍ക്കാപ്പുറത്ത് സ്വന്തം ഗോള്‍ പോസ്റ്റിലേയ്ക്ക് പന്തടിച്ച് കയറ്റിയ ആ പാവം ചെറുപ്പക്കാരനെ പേപിടിച്ച നാട്ടുകാര്‍ വെടിവെച്ച് കൊന്നത് വായിച്ച് അവള്‍ തരിച്ചിരുന്നു. ആ ചെറു പ്പക്കാരന്റെ കാമുകിപോലും അവനെ ഉപേക്ഷിച്ചതറിഞ്ഞ് എന്റെ സ്ത്രീ പൊട്ടിക്കരഞ്ഞു. അപ്പോള്‍ ആ കഥ പകര്‍ത്തിയെഴുതിയ നിന്നോട് എനിക്ക് സത്യമായും ദേഷ്യം തോന്നി. എന്റെ സ്ത്രീ എപ്പോഴും സന്തോഷവതിയായി ഇരിക്കണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. എന്തെന്നാല്‍ ഞാനൊരു മനുഷ്യനല്ലല്ലോ!”

തേന്‍കരടി ഒരു നെടുവീര്‍പ്പിട്ടു. ഏതൊക്കെയോ ഓര്‍മ്മകള്‍ അവന്റെ കണ്ണുകളെ കൂടുതല്‍ ഇരുണ്ടതാക്കി.

“ഇനി സ്വന്തം നിലയില്‍ ഞാനൊരു ഉപദേശം തരാം. ഏത് മനുഷ്യന്റേയും ജീവിതത്തില്‍ ധര്‍മ്മവും കര്‍മ്മവുമാണ് പരമപ്രധാനം.”

തലയൊന്ന് കുടഞ്ഞ്

തേന്‍കരടി പിന്നേയും പറഞ്ഞു:

“എന്റെ സ്ത്രീക്ക് തേന്‍ കുടിക്കാനുള്ള സമയമായി. ഞാന്‍ വിടപറയുകയാണ്. ഒരു കാര്യം ഓര്‍ത്തുകൊള്ളൂ! നിരൂപകരെ ഒരിക്കലും വിശ്വസിക്കരുത്! ദസ്തയേവ്സ്കിയെ താഴ്ത്തിക്കെട്ടിയ നിരൂപകര്‍ക്ക് എന്ത് സംഭവിച്ചു? ഒക്കെയും ചത്ത് തുലഞ്ഞില്ലേ? ദസ്തയേവ്സ്കി ഇപ്പോഴും ജീവിക്കുന്നു! ഇതും എന്റെ സ്ത്രീ പറഞ്ഞുതന്നതാണ്. അവള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള എഴുത്തുകാരനാണ് ദസ്തയേവ്സ്കി. അങ്ങേരെഴുതിയ ഒരു പുസ്തകത്തെക്കുറിച്ച് അവളൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. അതിന്റെ പേര് പിടികിട്ടുന്നില്ല. പക്ഷേ, അതിനു കാരമുള്ളുമായി എന്തോ ബന്ധമുണ്ട്!”

കരടി മറഞ്ഞപ്പോള്‍ മാതേവന്‍ ബാധയൊഴിഞ്ഞതുപോലെ ചാടിയെഴുന്നേറ്റു. കരടിയോട് മറുത്ത് ഒന്നുംതന്നെ പറയാത്ത സ്വന്തം നാവിന്റെ ബുദ്ധിയില്‍ അയാള്‍ക്ക് അഭിമാനം തോന്നി. അന്നേരം മരത്തില്‍നിന്നു താഴേയ്ക്കിറങ്ങി വന്ന മല്ലന്‍ ഉദ്വേഗത്തോടെ ചോദിച്ചു:

“അവന്‍, ആ കരടി എന്താണ് ഉപദേശിച്ചത്?”

ചിന്താധീനനായി മാതേവന്‍ പറഞ്ഞു:

“ഗീതയില്‍നിന്ന് ഒരു ഭാഗം!”

മല്ലന്‍ അവിശ്വാസത്തോടെ മാതേവനെ ചുഴിഞ്ഞ് നോക്കി. പിന്നെ അത്ര ഉറപ്പില്ലാത്ത ശബ്ദത്തില്‍ ചോദിച്ചു:

“ഏത് ഭാഗം?”

ശരീരത്തില്‍ പറ്റിപ്പിടിച്ച കരിയിലത്തുണ്ടുകള്‍ തട്ടിക്കളയുന്നതില്‍ വ്യാപൃതനായി മാതേവന്‍ പറഞ്ഞു:

“യദാ യദാഹി ധര്‍മ്മസ്യ!”

മല്ലന്‍ ചുണ്ട് കോട്ടി.

“ഇത്രേം നേരം ഈ ധര്‍മ്മവരി ആവര്‍ത്തിക്കുകയായിരുന്നോ?”

മാതേവന്റെ മുഖം മ്ലാനമായി.

“ഏയ്! ഇങ്ങനേംണ്ടായി. കര്‍മ്മണ്യേവാധികാരസ്തേ! അപ്പോള്‍ ധര്‍മ്മോം കര്‍മ്മോമായല്ലോ!”

മല്ലന്‍ ക്ഷുഭിതനായി.

“ഇയാളെന്താ ആളെ കളിയാക്കുകയാണോ?”

അലങ്കോലപ്പെട്ട മുടി മാടിയൊതുക്കി മാതേവന്‍ മനസ്താപത്തോടെ പറഞ്ഞു.

“സക്കറിയയുടെ കഥയില്‍ താമസിച്ച് അവന്‍ ജ്ഞാനിയായി!”

നിരൂപകന്‍ നിരാശനായി വലംകൈത്തലം സ്വന്തം നെറ്റിയിലടിച്ചു.

“ഇയാള്‍ക്ക് പേടിച്ച് ഭ്രാന്തായീന്ന് തോന്നുന്നു.”

ചവിട്ടിക്കുതിച്ച് മല്ലന്‍ റിസോര്‍ട്ടിലേയ്ക്ക് നടന്നു. മാതേവന്‍ വിഷണ്ണനായി അവിടെത്തന്നെ നിന്നു. പിന്നെ ഒരുള്‍പ്രേരണയില്‍ കരടിപോയ വഴിയേ നടക്കാന്‍ തടങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com