അഖില കെ.എസ്. എഴുതിയ കഥ മൃതസഞ്ജീവനി

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
അഖില കെ.എസ്
അഖില കെ.എസ്
Updated on
7 min read

കൃത്യം എട്ടുപത്തിന് ഡോക്ടര്‍ മനോഹര്‍ തന്റെ ക്ലിനിക്കിലെത്തി. കാറില്‍ നിന്നിറങ്ങിയപ്പോള്‍, മുറ്റമടിക്കുകയായിരുന്ന ബെന്‍സണ്‍ ഡോക്ടറിന്റെയടുത്തേക്ക് ഓടിവന്നു. നീളവും വീതിയും ഏറാതെയും കുറയാതെയുമുള്ള ഓരോ പുഞ്ചിരികള്‍ പരസ്പരം കൈമാറി. അത്രമാത്രം. അവര്‍ തമ്മില്‍ അധികം സംസാരിക്കുക പതിവില്ല. ഡോക്ടര്‍ കാത്തിരിപ്പ് മുറിയിലേക്ക് കയറിയപ്പോള്‍ അവിടെയുണ്ടായിരുന്ന രോഗികള്‍ ആദരവോടെ എഴുന്നേറ്റു. അയാള്‍ അവരുടെ ഓരോരുത്തരുടെയും അടുത്തേക്ക് ചെന്നു പ്രത്യേകമായി അന്വേഷണം നടത്തി. ഒരു ചെറു മന്ദഹാസം, തോളിലൊരു തട്ടല്‍, കാല്‍മുട്ടിലെ നീരില്‍ വിരലമര്‍ത്തല്‍: ''ഇതു നമുക്ക് ശരിയാക്കാം'' എന്ന സമാധാനിപ്പിക്കല്‍...

പിന്നെ എല്ലാവരോടുമായി ക്ഷമാപണസ്വരത്തില്‍ പറഞ്ഞു: ''ടോക്കണ്‍ കിട്ടിയല്ലോ അല്ലേ? അല്പസമയത്തിനകം തന്നെ വിളിക്കാം.''

ഡോക്ടര്‍ പരിശോധനാമുറിയുടെ വാതില്‍ തുറന്നു; ചുമരിലെ പഴകിച്ച മഞ്ഞനിറത്തിലൊന്ന് തലോടി; ക്ലോക്കിലെ സമയവും ടേബിള്‍ കലണ്ടറിലെ തീയതിയും കൃത്യമാണെന്ന് ഉറപ്പുവരുത്തി. ശേഷം അതിനടുത്തുള്ള ചെറിയ മുറിയിലേക്ക് കടന്നു പ്രഭാതഭക്ഷണം കഴിക്കാന്‍ തുടങ്ങി. അടുത്തൊരു വീട്ടില്‍നിന്നാണ് ഭക്ഷണമെത്തിക്കാറ്. കഴിച്ച് പാത്രങ്ങള്‍ കഴുകിവയ്ക്കുക കൂടി ചെയ്തിട്ട് വീണ്ടും പരിശോധനാമുറിയിലേക്ക്. ധാരാളം ജനാലകളുള്ള മുറിയാണത്. ബെന്‍സണ്‍ എല്ലാ ദിവസവും പൊടിതുടച്ചു വൃത്തിയാക്കുന്നുണ്ടെങ്കിലും ഡോക്ടര്‍ വന്നിട്ടേ അവ തുറന്നിടാറുള്ളൂ. തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള ജനാല വലുതാണ്. അതിനഭിമുഖമായി വലിയൊരു മേശയുണ്ട്. രോഗികള്‍ എല്ലാവരും പോയിക്കഴിയുമ്പോള്‍ അവിടെയിരുന്നാണ് ഡോക്ടര്‍ എഴുതാറുള്ളത്. കട്ടിയേറിയ പുറംചട്ടയുള്ള കുറേ നോട്ടുപുസ്തകങ്ങളും മഷിനിറയ്ക്കുന്ന പേനയുമുണ്ട് മേശപ്പുറത്ത്. അന്നന്ന് വന്നതില്‍ ഏറ്റവും അപൂര്‍വ്വവും വിഷമം പിടിച്ചതുമായ ഏതെങ്കിലും രോഗത്തെയോ രോഗിയെയോ കുറിച്ച് വിസ്തരിച്ചെഴുതും. കഴിയുമെങ്കില്‍ ഒരു രേഖാചിത്രം ചേര്‍ക്കും. അവര്‍ പറഞ്ഞതില്‍ ആശ്ചര്യപ്പെടുത്തിയ കാര്യങ്ങള്‍ ചുവന്ന മഷിവട്ടത്തിനുള്ളിലാക്കും. അപ്പോഴേയ്ക്കും വെയില്‍ പാടെ മങ്ങിയിരിക്കും. ബെന്‍സണ്‍ കഴിക്കാനുള്ളത് മേശപ്പുറത്ത് വെച്ചിട്ട് അതറിയിക്കാനായി ചെറുതായി മുരടനക്കും. ഡോക്ടറിന്റെ പുഞ്ചിരിയും അഭിനന്ദനമറിയിക്കുന്ന തലകുലുക്കലും പ്രതിഫലമായി വാങ്ങി തിരികെപ്പോകും. ആഹാരം കഴിഞ്ഞ് ഡോക്ടര്‍ തന്റെ ലാപ്ടോപ്പ് തുറക്കും. ആരോഗ്യരംഗത്തെ പുതിയ വാര്‍ത്തകളെക്കുറിച്ചും അസാധാരണമാംവിധം കാണപ്പെട്ട രോഗലക്ഷണങ്ങളെയും അവയുടെ പ്രതിവിധികളെയും പറ്റിയും വായിക്കുകയും കുറിച്ചുവയ്ക്കുകയും ചെയ്യും. ഏഴുമണിയോടെ തിരികെ വീട്ടിലേക്ക്. അതിനുശേഷം ക്ലിനിക്കടച്ചു പൂട്ടി ബെന്‍സണും പോകും.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

ഭക്ഷണത്തിനുശേഷം ഡോക്ടര്‍ പരിശോധനയാരംഭിച്ചു. വരുന്നവരെയെല്ലാം അയാള്‍ക്കറിയാം. ആ ഗ്രാമം അയാള്‍ക്കു സ്വന്തംപോലെയാണ്. രണ്ടു മണിക്കൂറോളം കാറോടിച്ചാണ് ഇവിടേയ്ക്കു വരുന്നത്. കേള്‍ക്കുന്നവര്‍ക്ക് അതൊരത്ഭുതമായി തോന്നാം. അപൂര്‍വ്വമായ കൈപ്പുണ്യമുള്ള ഒരാള്‍ ഇത്ര ദൂരെ, ഒരു ചെറിയ ക്ലിനിക്കിലേക്ക് ദിവസേന വരിക; അവിടെയുള്ള രോഗികളെ സ്വന്തമെന്നപോലെ കണ്ട് ചികിത്സിക്കുക; ന്യായമായ പ്രതിഫലം മാത്രം വാങ്ങുക! അയാള്‍ക്ക് എത്രയോ വലിയ ആശുപത്രികളില്‍ ജോലി ചെയ്യാമായിരുന്നു! അതുമല്ലെങ്കില്‍ ഈ ക്ലിനിക്കിന്റെ അടുത്തായി ഒരു താമസസൗകര്യം ശരിപ്പെടുത്താവുന്നതല്ലേയുള്ളൂ. പലരും ഇതേപ്പറ്റി ചോദിച്ചിട്ടുണ്ട്. പക്ഷേ, തന്റെ സ്വതസിദ്ധമായ പുഞ്ചിരിയാല്‍ ഡോക്ടര്‍ ആ സംശയങ്ങളെയൊക്കെ തണുപ്പിച്ചുകളഞ്ഞു.

ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ അവസാന രോഗിയും പോയെന്നുള്ള സൂചനയായി ബെന്‍സണ്‍ വാതില്‍ക്കല്‍നിന്നു തലയെത്തിച്ചു നോക്കിയിട്ട് മടങ്ങിപ്പോയി. ഇനി അയാള്‍ വൈകുന്നേരം ഭക്ഷണവുമായി തിരികെ വരും. ഉച്ചയ്ക്ക് കഴിക്കുന്ന പതിവ് ഡോക്ടര്‍ക്കില്ല. എഴുതുന്നതിനു മുന്‍പ് ലഘുവായ ചില വ്യായാമങ്ങളോ മറ്റോ ചിലപ്പോള്‍ ചെയ്യുന്നതു കാണാം.

ബെന്‍സണ്‍ പോയിക്കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ കാത്തിരിപ്പു മുറിയിലേക്ക് വന്നു. അയാള്‍ അസ്വസ്ഥനാണ്. ആരെയോ പ്രതീക്ഷിക്കുന്ന മട്ടില്‍ ഇടയ്ക്കിടെ പുറത്തേയ്ക്ക് നോക്കുന്നുമുണ്ട്. കുറച്ചുകഴിഞ്ഞപ്പോള്‍ വീണ്ടും അകത്തേയ്ക്ക് പോയി, തന്റെ കനത്ത നോട്ടുപുസ്തകം തുറന്ന്, താളുകള്‍ പുറകിലേക്ക് മറിച്ച്, രണ്ടുമാസങ്ങള്‍ക്കു മുന്‍പുള്ള ഒരു തീയതിയിലെത്തി. മെലിഞ്ഞ ദേഹവും ചുരുണ്ടമുടിയുമുള്ള ഒരു സ്ത്രീയുടെ രേഖാചിത്രം അയാളവിടെ വരച്ചിട്ടിരിക്കുന്നു. അതിനൊപ്പമൊരു കുറിപ്പ്. ഡോക്ടറുടെ കയ്യക്ഷരം നല്ലതാണ്; ഇഷ്ടം തോന്നുന്നവിധത്തില്‍ ഉരുണ്ടുകൊഴുത്തത്. കുറിപ്പ് ഇപ്രകാരം വായിക്കാം:

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

രാത്രിസഞ്ചാരിണിയായ മധുമതി! കൃത്യസമയത്തിന് ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന മധുമതി അതിനിടയ്ക്കുള്ള ഏഴു മണിക്കൂറുകള്‍ യാത്ര ചെയ്യാനുപയോഗിക്കുന്നു. കേട്ടറിവ് മാത്രമുള്ളയിടങ്ങളില്‍പ്പോലും ഈ വിധത്തില്‍ പോവുകയും അവിടെയുള്ള കാഴ്ചകളെക്കുറിച്ച് വ്യക്തമായ ധാരണയോടെ ഉണരുകയും ചെയ്യുന്നു. ഇങ്ങനെ യാത്ര ചെയ്യുന്നതിനെക്കുറിച്ച് അവര്‍ക്ക് വേവലാതിയില്ല. പക്ഷേ, ഉണരുമ്പോഴുള്ള അതികഠിനമായ ക്ഷീണമാണ് അവരെ അസ്വസ്ഥയാക്കുന്നത്. ''ആ യാത്രയ്ക്കിടയില്‍ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യാന്‍ എന്താണ് ഞാന്‍ ചെയ്യേണ്ടത് ഡോക്ടര്‍?'' ഇതാണ് അവരുടെ സംശയം. നഗരത്തിലെ ഏറ്റവും പ്രഗത്ഭനായ മനോരോഗവിദഗ്ദ്ധനുള്ള കത്തുമായി ഞാനവരെ പറഞ്ഞയച്ചു.

പിന്നെ താളുകള്‍ മുന്നിലേക്കു മറിഞ്ഞ് കൃത്യം ഒരാഴ്ച പിന്നിടുമ്പോള്‍ അതേ ചിത്രത്തിന്റെ ഒരു ചെറുരൂപത്തിനൊപ്പം വീണ്ടുമൊരു കുറിപ്പ്:

തലേ രാത്രിയില്‍ ശ്മശാനത്തില്‍ പോവുകയും ജീവിതത്തിന്റെ നിരര്‍ത്ഥകതയെക്കുറിച്ചോര്‍ത്ത് കല്ലറകള്‍ക്കിടയിലൂടെ നടക്കുകയും ചെയ്തുവെന്ന് ആ സ്ത്രീ പറഞ്ഞു. കഴിഞ്ഞയാഴ്ച കൊടുത്തയച്ച മനോരോഗ ചികിത്സകനുള്ള കത്ത് അവര്‍ മടക്കിക്കൊണ്ടുവന്നു. എത്രയോ നാളുകളായി മനസ്സിനിണങ്ങിയ ഒരു ചികിത്സകനുവേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും അതു കണ്ടുകിട്ടിയെന്ന് ഉറപ്പുള്ളപ്പോള്‍ മറ്റൊരിടത്ത് പോകുന്നതെന്തിനെന്നുമൊക്കെ വാദിച്ചു. നിവൃത്തിയില്ലാതെ ഞാന്‍ സമ്മതിച്ചു. പക്ഷേ, അടുത്തതവണ വരുമ്പോള്‍ രക്തപരിശോധന ഉള്‍പ്പെടെയുള്ള ചില ടെസ്റ്റുകള്‍ നടത്തുകയും വീട്ടിലുള്ള ആരെയെങ്കിലും കൂട്ടിവരികയും ചെയ്യണമെന്നു നിര്‍ബ്ബന്ധം പറഞ്ഞു. പിന്നീട് ഞാന്‍ ബെന്‍സണോടും മറ്റുചില സ്ഥിരം രോഗികളോടും അവരെക്കുറിച്ച് അന്വേഷിച്ചിരുന്നു. ഈ ഗ്രാമത്തിനു പുറത്തുനിന്നുള്ള സ്ത്രീയാകാമെന്ന് അവരൊക്കെ സംശയം പറഞ്ഞു. ഇനി വരുമ്പോള്‍ നോക്കാം.

കുറച്ചു പേജുകള്‍ കഴിഞ്ഞപ്പോള്‍ മറ്റൊരു കുറിപ്പ്. ഇത്തവണ കുറിപ്പിനൊപ്പം ഒരു പൂച്ചക്കുട്ടിയുടെ ചിത്രം വരച്ചു ചേര്‍ത്തിരിക്കുന്നു:

വേണ്ടപ്പെട്ട ഒരാളെ ഒപ്പം കൊണ്ടുവരാന്‍ പറഞ്ഞപ്പോള്‍ അവര്‍ അഥീനയെ കൊണ്ടുവന്നു. അപ്പോളോയും സീയുസുമടക്കമുള്ളവരെക്കുറിച്ച് ധാരാളം പറഞ്ഞു. പ്രത്യേകതയെന്തെന്നാല്‍ ആ പട്ടികയില്‍ മനുഷ്യരാരും തന്നെയില്ല. പൂച്ചയും നായയും തത്തയും തുടങ്ങി അണ്ണാറക്കണ്ണന്‍ വരെയുണ്ട്. ഇനി വരുമ്പോള്‍ ഒറ്റയ്ക്കു തന്നെ വന്നാല്‍ മതിയെന്നു പറയേണ്ടിവന്നു. അവര്‍ക്ക് മൊബൈലില്ല. രജിസ്റ്ററില്‍ മേല്‍വിലാസം പൂരിപ്പിച്ചിട്ടില്ല. ആകെയൊരു പേര് മാത്രം - മധുമതി. എന്നാല്‍, അവര്‍ എപ്പോഴും സന്തോഷത്തോടെയാണ് പെരുമാറുന്നത്. പരിശോധനാഫലങ്ങള്‍ പറയുന്നത് ശാരീരികമായ മറ്റു വൈഷമ്യങ്ങളൊന്നുമില്ലെന്നാണ്. രാത്രിതോറുമുള്ള യാത്രകള്‍ അവര്‍ ആസ്വദിക്കുന്നു. രാവിലെ അനുഭവപ്പെടുന്ന ആ ക്ഷീണം മാത്രമാണ് അവര്‍ക്കുള്ള ബുദ്ധിമുട്ട്. ''ഡോക്ടര്‍ക്കത് മാറ്റാനാകുമെന്ന് എനിക്കുറപ്പുണ്ട്'', ഇന്നവര്‍ മേശപ്പുറത്ത് വച്ചിരുന്ന എന്റെ കയ്യില്‍ അമര്‍ത്തിപ്പിടിച്ചു. എനിക്കത് പ്രത്യേകമായ ഒരനുഭവമായി. നെഞ്ചില്‍ക്കൂടി മിന്നല്‍പ്പിണര്‍ പാഞ്ഞതുപോലെ. എത്രയോ പേരെ മുറുകെപ്പുണര്‍ന്ന് ഞാന്‍ സാന്ത്വനിപ്പിച്ചിട്ടുണ്ട്! പക്ഷേ, ഇങ്ങനെയൊരനുഭവം ആദ്യമാണ്. അവര്‍ തീര്‍ച്ചയായും ഒരു സാധാരണ സ്ത്രീയല്ല; ചുരുങ്ങിയപക്ഷം എന്നെ സംബന്ധിച്ചെങ്കിലും. അവര്‍ വീണ്ടും വരണമെന്നാണ് എന്റെ ആഗ്രഹം (ഒരു ഡോക്ടറെന്ന നിലയില്‍ ഞാനങ്ങനെ ആഗ്രഹിക്കാന്‍ പാടില്ലാത്തതാണ്. എങ്കിലും...)

അഖില കെ.എസ്
കെ.ടി.സതീശന്‍ എഴുതിയ കഥ: ദേശീയപാത

അതു വായിച്ചപ്പോള്‍ അന്നത്തെയാ ആ മിന്നല്‍പ്പിണര്‍ ഡോക്ടര്‍ക്കു വീണ്ടും അനുഭവിക്കാനായി. അതിനടുത്ത രണ്ടു നാളുകളില്‍ അവര്‍ അവരുടെ സ്വപ്നയാത്രകളിലേയ്ക്ക് തന്നെക്കൂടി വിളിച്ചിരുന്നെങ്കിലെന്ന ദുരാശ അയാളെ വല്ലാതെ ബാധിച്ചിരുന്നു. എത്ര കഷ്ടപ്പെട്ടാണെന്നോ അതില്‍നിന്നു പുറത്തുകടന്നത്.

കുറച്ചുനാളുകള്‍ക്കുശേഷമാണ് പിന്നീട് മധുമതിയുടെ ചിത്രം വരുന്നത്. പിന്നീട് തുടര്‍ച്ചയായി രണ്ടു കുറിപ്പുകള്‍ കൂടി:

മഹാബലിപുരത്തായിരുന്നുവത്രെ കഴിഞ്ഞ ദിവസം. പാറകള്‍ക്കു പുറത്തു വലിഞ്ഞുകയറിയും അതിനുള്ളിലെ ഗുഹാമുഖങ്ങള്‍ക്കുള്ളില്‍ ഒളിച്ചുകളിച്ചും നേരം പോയതറിഞ്ഞില്ല. വേഗത്തില്‍ തിരികെ വരാന്‍ തുടങ്ങിയപ്പോള്‍ വഴുതിവീണു. ചെറുവിരല്‍ പാറക്കല്ലിലിടിച്ചു. വേദനയും നീരുമുണ്ട്. ''നോക്കു ഡോക്ടറേ, രാവിലെ ഒരുങ്ങി ഇവിടെവരെയെത്താന്‍ ബുദ്ധിമുട്ടി. നല്ല ക്ഷീണവുമുണ്ട്. എനിക്കു കുടിക്കാന്‍ ഇടയ്‌ക്കൊരു ഹെല്‍ത്ത് ഡ്രിങ്ക് ഉറപ്പായും വേണം. സമയമെടുത്തോട്ടെ. പക്ഷേ, ഡോക്ടര്‍ തന്നെയത് ശരിയാക്കിത്തരണം'', എന്നുപറഞ്ഞു ചിരിക്കുന്നു. വിചിത്രയായ സ്ത്രീ! അവരുടെ കാലില്‍ മരുന്നുവച്ച് കെട്ടിക്കൊടുത്തു. നീരും വേദനയും കുറയാനുള്ള ഗുളികകള്‍ കൊടുത്തു.

''നിങ്ങള്‍ പകല്‍സമയത്ത് ഒരു യാത്രയും നടത്താറില്ലേ?'' കാലില്‍ മരുന്നു വയ്ക്കുമ്പോള്‍ ഞാന്‍ ചോദിച്ചു.

''ആഹാ ഡോക്ടര്‍ക്കിതു വരെ മനസ്സിലായില്ലേ?'' അവര്‍ അതിശയം നടിക്കുന്നു: ''ഞാന്‍ ഒരു യക്ഷിയാണ്. എന്നെ ആ വീട്ടിനുള്ളില്‍ തളച്ചിട്ടിരിക്കുകയാണ്.''

എനിക്കു മനസ്സിലായി. എനിക്കല്ലെങ്കില്‍ മാറ്റാര്‍ക്കാണ്! പക്ഷേ, ഞാനത് ഭാവിച്ചില്ല.

മധുമതി ഇന്നു വീണ്ടും വന്നു. കാലില്‍ വേദന കുറവില്ലാത്തതു കാരണം ദൂരേയ്ക്ക് പോകാതെ രാത്രി മുഴുവന്‍ ബീച്ചില്‍ വെറുതെയിരുന്നുവെന്നും അതുകാരണം ക്ഷീണം അത്രകണ്ട് തോന്നുന്നില്ലെന്നും പറഞ്ഞു. പക്ഷേ, കടല്‍ക്കാറ്റില്‍ തൊണ്ട വരളുകയും ചെവിയടയുകയും ചെയ്തുവെന്നു പറഞ്ഞു. ഇടയ്ക്കിടെ തുമ്മുന്നുമുണ്ടായിരുന്നു. പനിവരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് മരുന്നുമായിട്ടാണ് തിരികെപ്പോയത്. ഒരു അന്‍പത്തിരണ്ടുകാരിക്ക് വേണ്ടുന്നതില്‍ കൂടുതല്‍ പകിട്ടും ഊര്‍ജ്ജവും അവര്‍ക്കുണ്ട്. അടുത്തവരവില്‍ അവരുടെ ഒഴിഞ്ഞുമാറലുകളെ തട്ടിമാറ്റി കൃത്യമായ ഉത്തരങ്ങള്‍ പറയിപ്പിക്കേണ്ടിയിരിക്കുന്നു.

വീണ്ടും വന്നു. ഈ തുടര്‍ച്ചയായ വരവുകള്‍ അതിശയിപ്പിക്കുന്നു. ഇന്നലത്തേതിനേക്കാള്‍ ഊര്‍ജ്ജസ്വലയായിട്ടാണ് ഇന്നു വന്നത്. തലേരാത്രി മുഴുവന്‍ വിശ്രമത്തിനുവേണ്ടി മാറ്റിവെച്ചു എന്നവര്‍ പറഞ്ഞു. ''രാത്രി സഞ്ചാരത്തിനോടുള്ള ആഭിമുഖ്യം കുറഞ്ഞുവരുന്നതായി തോന്നുന്നുണ്ടോ?'', ഞാന്‍ ചോദിച്ചു. അവര്‍ മറുപടി പറയുന്നതിനുപകരം എന്നെ ഉറ്റുനോക്കിയിരുന്നു. എനിക്ക് ആശങ്കയ്ക്കു പകരം സന്തോഷം തോന്നി. കണ്ണില്‍ രണ്ടുതുള്ളി മരുന്നിറ്റിച്ചു കൊടുത്തിട്ട് അവരെ ഞാന്‍ മാറ്റിയിരുത്തി. അവസാനത്തെ രോഗിയും പോയിക്കഴിഞ്ഞ് അവര്‍ വീണ്ടും എന്റെ മുന്നിലെത്തി. ഞാനവരോട് സംസാരിച്ചു തുടങ്ങി. വഴുതിപ്പോയിയെന്നു തോന്നിയ ഇടത്തുനിന്നു തിരികെ ജീവിതത്തിലേക്കു പിടിച്ചുകയറിയ ഒരുവന്റെ കഥ പറഞ്ഞാണ് ഞാന്‍ തുടങ്ങിയത്. അവര്‍ താല്പര്യത്തോടെ ശ്രദ്ധിക്കുകയും ചിന്തിക്കുകയും ചെയ്യുന്നുണ്ടെന്നു തോന്നി. വളരെ സ്വാഭാവികമെന്നവണ്ണം പറഞ്ഞുതുടങ്ങിയിട്ട് അവരുടെ ചുറ്റുപാടുകളെക്കുറിച്ച് കൂടുതലറിയണമെന്നാണ് ഞാനാഗ്രഹിച്ചത്. പക്ഷേ, അതവര്‍ക്കു മനസ്സിലായെന്നു തോന്നുന്നു. പെട്ടെന്നവര്‍ എഴുന്നേറ്റ് പുറത്തേക്കു നടന്നു. ഞാന്‍ പുറകേ പോയെങ്കിലും അവര്‍ തിരിഞ്ഞുനോക്കാന്‍പോലും മിനക്കെട്ടില്ല. ഞാന്‍ ബെന്‍സണോട് അവരെ പിന്തുടരാന്‍ ആവശ്യപ്പെട്ടു. അല്പനേരത്തിനകം തന്നെ ബെന്‍സണ്‍ തിരികെയെത്തി. ഓട്ടോസ്റ്റാന്റിലും ബസ് സ്റ്റോപ്പിലും അവന്‍ അന്വേഷിച്ചിരുന്നു. പക്ഷേ, അങ്ങനെയൊരു സ്ത്രീയെ അവര്‍ക്കാര്‍ക്കും പരിചയമില്ലത്രെ. കുറച്ചപ്പുറം സ്വന്തം വാഹനം നിര്‍ത്തിയിട്ട് അവര്‍ നടന്നു വരുന്നതായിരിക്കാം എന്നാണ് ബെന്‍സന്റെ അഭിപ്രായം. അങ്ങനെയാകുമെന്ന് എനിക്കും തോന്നി. അവരിനി തിരിച്ചുവരില്ലേയെന്നു ഞാന്‍ ഭയപ്പെടുന്നു.

ഡോക്ടര്‍ നോട്ടുപുസ്തകമടച്ചു വച്ചു. പന്ത്രണ്ടു ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു ആ സംഭവം. അതിനു ശേഷം അവര്‍ വന്നിട്ടേയില്ല. എല്ലാ ദിവസവും അയാളവരെ പ്രതീക്ഷിക്കുന്നുണ്ട്.

പുറത്ത് ഉച്ചവെയില്‍ മദിക്കുന്നു. മധ്യാഹ്നത്തില്‍ ഈയൊരു തിളച്ചുമറിയലാണ് പ്രകൃതിയുടെ രീതി. അതു കഴിയുമ്പോള്‍ മെല്ലെ തണുത്തു തുടങ്ങും. ഒടുവില്‍ തൊട്ടടുത്തുള്ള ചുമരില്‍ ചാരിയിരിപ്പാവും. പക്ഷേ, താനങ്ങനെയല്ല; ഡോക്ടര്‍ അഭിമാനത്തോടെ വെള്ളമുടിയിഴകള്‍ തഴുകി. അറുപത്തിനാലിലേക്കാണിനി! ഇരുപതു വര്‍ഷമായിരിക്കുന്നു ഈ ക്ലിനിക്ക് തുടങ്ങിയിട്ട്. അതിനുമുന്‍പ് എത്രയെത്ര ആശുപത്രികള്‍, രോഗികള്‍, സുഹൃത്തുക്കള്‍... വേണ്ടെന്നു വയ്ക്കാനാകാത്തതായി ഒന്നും തന്നെയില്ലെന്നു ജീവിതം പഠിപ്പിച്ചു. പിന്നെന്തിനാണിങ്ങനെ? അയാള്‍ എഴുത്തുമേശക്കരികില്‍ പോയി ഇരുന്നു; നോട്ടുപുസ്തകമെടുത്ത് നിവര്‍ത്തിവെച്ചു. അരക്കെട്ട് തടിച്ച ചുവന്നമഷിപ്പേനയെ വിരലുകള്‍ക്കിടയിലുരുട്ടി. ഒന്നും എഴുതാന്‍ തോന്നുന്നില്ല. എന്തോ ഒരു പോരായ്മ!

''എനിക്കാകുമെങ്കില്‍ മറ്റാര്‍ക്കാകില്ല! കഴിഞ്ഞുപോയതും കൊഴിഞ്ഞുവീണതുമായ ദുഃഖങ്ങളെ തിന്നു ജീവിക്കുന്നതില്‍ എന്താണര്‍ത്ഥമുള്ളത്? ആ കുറ്റബോധങ്ങളെയൊക്കെ വളക്കൂറുള്ള മണ്ണാക്കി അതില്‍ സേവനത്തിന്റേയും സ്‌നേഹത്തിന്റേയും ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാനായാല്‍ അതാണ് ഏറ്റവും വലിയ കാര്യം'', അയാളുടെ ആദ്യ നോട്ടുപുസ്തകത്തിലെ ഒന്നാംതാളിലെ വാചകം ഇതാണ്. ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ താനൊരു പോരാളിയായിരുന്നുവെന്നു സ്വയമോര്‍മ്മിപ്പിച്ചപ്പോള്‍ ഉത്സാഹം തോന്നി.

ഡോക്ടര്‍ മനോഹര്‍ വാതില്‍ ചാരി പുറത്തേക്കിറങ്ങി; കാറെടുത്തു. കുറച്ചുദൂരം മുന്നോട്ട് പോയപ്പോള്‍ ഒരു സ്ത്രീ നടന്നുവരുന്നത് കണ്ടു. അത് മധുമതിയാണെന്നു കണ്ട് അയാളത്ഭുതപ്പെട്ടു. അവരുടെ സമീപത്തേക്ക് കാറൊതുക്കി നിര്‍ത്തി.

''ഡോക്ടര്‍!'', അവരുടെ മുഖത്തും ആശ്ചര്യം നിറഞ്ഞു. ''ഞാന്‍ അവിടേക്കു വരികയായിരുന്നു. ഇന്നു നേരത്തെ പോകുന്നോ?'', അവര്‍ വാച്ചിലേക്കു നോക്കി: ''ഓ, ഞാനിന്നു വൈകിപ്പോയി.''

''ഒരു ഡ്രൈവിനിറങ്ങിയതാണ്; പക്ഷേ, മധുമതി വന്ന സ്ഥിതിക്ക് തിരിച്ചുപോകാം'', നഷ്ടപ്പെട്ടതെന്തോ തിരിച്ചുകിട്ടിയതുപോലെയൊരു സന്തോഷം തോന്നി ഡോക്ടര്‍ക്ക്.

''വേണ്ട, വേണ്ട. ഒരു നിമിഷം'', അവര്‍ തിരിഞ്ഞുനടന്നു. കുറച്ചകലെയായി നിര്‍ത്തിയിട്ടിരുന്ന ഓട്ടോയ്ക്കരികില്‍ ചെന്ന് എന്തോ പറഞ്ഞിട്ട് തിരികെ വന്നു: ''കുട്ടനാണ് എന്നെ കൊണ്ടുവരാറ്. ഇന്നു തിരിച്ചു പൊക്കോളാന്‍ പറഞ്ഞു. ഡ്രൈവിനു ഞാനും വരാം.''

''വന്നോട്ടെ'' എന്നല്ല, ''വരാ''മെന്ന്; അധികാരസ്വരത്തില്‍. ഡോക്ടര്‍ക്ക് അതിഷ്ടമായി. അയാള്‍ക്ക് ആ ഓട്ടോക്കാരനോട് സംസാരിക്കണമെന്നുണ്ടായിരുന്നു. ഒരുപക്ഷേ, അവരെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഏകകണ്ണിയാണ് കുട്ടന്‍ എന്നുപോലും തോന്നിപ്പോയി. പക്ഷേ, അതൊരു വിഷയമല്ല, പിന്നീടൊരിക്കല്‍ ബെന്‍സണ്‍ വിചാരിച്ചാല്‍ നടക്കാവുന്നതേയുള്ളൂ അക്കാര്യം.

എവിടേക്കാണെന്ന് നിശ്ചയമില്ലാതെയാണ് യാത്ര തുടങ്ങിയത്. പക്ഷേ, ഇപ്പോള്‍ മാന്ദ്യമകന്നു പോയി. വര്‍ഷങ്ങള്‍ക്കുശേഷമാണ് മറ്റൊരാള്‍ ഡോക്ടറുടെ കാറില്‍ കയറുന്നത്. കയറിയയുടന്‍ തന്നെ മധുമതി സംസാരിക്കാനാരംഭിച്ചു. അവരുടെ പ്രസന്നത അല്പം കുറഞ്ഞതുപോലെ തോന്നി. കഴിഞ്ഞ പന്ത്രണ്ടു ദിവസങ്ങളില്‍ ഒരിക്കല്‍പ്പോലും അവര്‍ രാത്രിയാത്ര പോയിട്ടില്ലത്രെ.

''ഞാന്‍ ഉറങ്ങുക മാത്രം ചെയ്തു'', അവര്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു: ''പിന്നീടൊരു പുലര്‍ച്ചയിലും എനിക്കു ക്ഷീണത്തോടെ എഴുന്നേല്‍ക്കേണ്ടിവന്നില്ല.''

''എങ്ങനെ?'', ഡോക്ടര്‍ക്ക് അത്ഭുതമടക്കാനായില്ല.

''അതാണെനിക്കുമറിയാത്തത്. അന്നു വന്നപ്പോള്‍ ഡോക്ടറെന്നോട് ധാരാളം സംസാരിച്ചില്ലേ? അതിനിടയിലെയെന്തോ ഒന്ന് എന്റെ രോഗത്തിനെ ചൂണ്ടക്കൊളുത്തിട്ടു പിടിച്ചിരിക്കുന്നു.'' അവര്‍ അയാളുടെ ഇടതുകയ്യില്‍ തൊട്ടു. മുന്‍പ് സംഭവിച്ചതുപോലെയൊരു മിന്നല്‍പ്പിണര്‍ അയാളുടെ ഹൃദയത്തിലൂടെ പാഞ്ഞു.

''എന്തായിരുന്നു അത്?'' ഹൃദയം വിറച്ചത് പുറത്തുകാണിക്കാതെ അയാള്‍ ചോദിച്ചു.

''അതെനിക്കെങ്ങനെയറിയാം'', അവര്‍ ചിരിച്ചു. അവരുടെ പല്ലുകള്‍ക്ക് അസാധാരണമാംവിധം വെണ്മയുണ്ടെന്നയാള്‍ കണ്ടു. പിന്നെയവര്‍ ചിരി നിര്‍ത്തി പുറത്തേക്കു നോക്കി: ''പക്ഷേ, ഞാനാഗ്രഹിച്ചത് ഇതായിരുന്നില്ല.''

ഡോക്ടര്‍ നിരാശ പുറത്തുകാണിക്കാതെ ചിരിച്ചു. ഏതാനും വാക്കുകള്‍കൊണ്ട് ഒരു മനോരോഗം ചികിത്സിക്കാന്‍ മാത്രം മഹാനാണോ താന്‍?

കാര്‍ ലക്ഷ്യമില്ലാതെ തന്നെ മുന്നോട്ടു പാഞ്ഞു. നഗരാതിര്‍ത്തി പിന്നിട്ട് കൂറ്റന്‍ കെട്ടിടങ്ങളുടെ ഇടയിലെത്തിയപ്പോള്‍ അവര്‍ വീണ്ടും അയാളുടെ കൈപിടിച്ചു: ''ഒന്നു നിര്‍ത്തൂ. ഞാനിവിടെ ഇറങ്ങാം.''

ഹൃദയത്തിന്റെ കുതിച്ചുചാട്ടം ഡോക്ടര്‍ക്കു നിയന്ത്രിക്കാനാവാതെയായി. എന്തൊരു ശല്യമാണ്! കാര്‍ നിര്‍ത്തിയിട്ട് സ്വയം പിറുപിറുത്തുകൊണ്ട് അയാള്‍ അവരുടെ കൈ കവര്‍ന്നു: ''സത്യത്തില്‍ നമ്മള്‍ രണ്ടുപേരും ഒരുപോലെയാണ്.'' തുടര്‍ന്നെന്തു പറയണമെന്നറിയാതെ അയാള്‍ അല്പം വിഷമിച്ചു. എങ്കിലും കൈകള്‍ വേര്‍പെടുത്തിയില്ല: ''വീടെവിടെയെന്ന് പറയൂ; അവിടെ കൊണ്ടുവിടാം.''

അവര്‍ ആശ്ചര്യത്തോടെ നോക്കി: ''വേണ്ട വേണ്ട. ഇതില്‍ക്കൂടുതല്‍ ബുദ്ധിമുട്ടിക്കുക വയ്യ. പക്ഷേ, ഒരു കാര്യം പറയട്ടെ, നിങ്ങള്‍ വളരെ നല്ലൊരു മനുഷ്യനാണ്. ഒരുപക്ഷേ, ഞാന്‍ കണ്ടതില്‍ മനുഷ്യനെന്നു വിളിക്കാവുന്ന ഒരേയൊരാള്‍.'' അവര്‍ അയാളുടെ കൈവിടുവിച്ച് പുറത്തേക്കിറങ്ങി: ''അഥവാ വീണ്ടും യാത്രകള്‍ പോയിത്തുടങ്ങിയാല്‍ നിങ്ങളെ കാണാന്‍ തീര്‍ച്ചയായും വരും. ഹെല്‍ത്ത് ഡ്രിങ്കിന്റെ ഗവേഷണം മുടക്കണ്ട.''

ക്ഷീണമകന്നു പോയപ്പോള്‍ മധുമതിയുടെ പുഞ്ചിരി കൂടുതല്‍ സുന്ദരമാകുന്നതിനുപകരം ദുഃഖത്തില്‍ പൊതിഞ്ഞിരിക്കുകയാണെന്നു തോന്നി. സ്വപ്നംപോലെ വിചിത്രവും അടുക്കില്ലാത്തതുമായ നഗരത്തിരക്കിലേക്ക് മധുമതി അലിഞ്ഞുചേരുന്നതുവരെ അയാള്‍ നോക്കിയിരുന്നു.

തന്റെ നോട്ടുപുസ്തകങ്ങള്‍ തീരെ പോരാ; ഡോക്ടര്‍ക്കു തോന്നി. അന്നു സംസാരിച്ചത് മുഴുവന്‍ എഴുതിയിടാന്‍ എന്തുകൊണ്ട് തോന്നിയില്ല? ആ വരികള്‍ പിന്നീടൊരിക്കല്‍ വായിക്കുമ്പോള്‍ അതിനിടയിലൊരു വാചകം ചൂണ്ടക്കൊളുത്തായി മാറുന്നതും തന്റെ സങ്കടങ്ങളുടെ അടിവേരിനെ പിഴുതെറിയുന്നതായും സങ്കല്‍പ്പിച്ചപ്പോള്‍ ഇച്ഛാഭംഗം തോന്നി. എപ്പോഴും മറ്റുള്ളവരെ കേള്‍ക്കുകയും പരിഹാരങ്ങള്‍ പറയുകയും മാത്രം ചെയ്യുന്ന ഒരാളായിരുന്നു മനോഹര്‍; ജനിച്ചപ്പോള്‍ തന്നെ മുതിര്‍ന്നുപോയ ഒരാള്‍! അയാളുടെ ആശങ്കകള്‍ കേള്‍ക്കാന്‍ ഒരിക്കലും ആരുമുണ്ടായില്ല.

വീടിന്റെ മുറ്റത്തേക്ക് കാര്‍ കടക്കുമ്പോള്‍ ഡോക്ടര്‍ക്ക് അസ്വസ്ഥത തോന്നി. വടക്കുഭാഗത്തെ ചുമരിനപ്പുറത്തുനിന്ന് മാധവന്‍ ഏതു നിമിഷവും ചാടിവീണ് തന്നെ ഭയപ്പെടുത്തിയേക്കാം. ഒരുപാടുനാള്‍ അവനൊപ്പം നിന്ന് അവനുവേണ്ടി പൊരുതി. എന്നിട്ടും ആ നശിച്ചവന്‍ ആത്മഹത്യ ചെയ്തു. പലനിറത്തിലുള്ള ഗുളികകളാല്‍ ഒരു പൂക്കളം തൊട്ടടുത്ത് ഒരുക്കിവച്ചിട്ടാണ് പോയത്. അന്ന് അമ്മയുണ്ടായിരുന്നു. അമ്മയ്ക്ക് പ്രിയപ്പെട്ടവനായിരുന്നു മാധവന്‍. ''നീ വേണ്ട വിധത്തില്‍ ശ്രദ്ധിക്കാഞ്ഞിട്ടാണ് എന്റെ കുഞ്ഞു പോയത്'', എന്ന മട്ടില്‍ ശാപവാക്കുകള്‍ പറഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെ തന്നെ മരിച്ചു.

ഒരിക്കലും സ്വസ്ഥത തന്നിട്ടില്ലാത്ത വീട്! പക്ഷേ, ഇവിടേയ്ക്ക് തിരികെവരാതെ ഉറങ്ങാനാവുന്നില്ല.

ഒരിക്കലും പിടികിട്ടാത്ത മനസ്സ്! എന്നിട്ടും അതിനെ ചികിത്സിക്കാന്‍ ശ്രമിച്ച് കുഴപ്പത്തിലാക്കിയിരിക്കുന്നു.

കാര്‍ കണ്ടപ്പോള്‍ ലക്ഷ്മി ഓടിവന്നു. ചോദിക്കാതെ തന്നെ ചെടിച്ചട്ടിക്കുള്ളില്‍നിന്നു താക്കോലെടുത്ത് നീട്ടി: ''തുണികളലക്കി തേച്ചത് കൊണ്ടുതന്നിട്ടുണ്ട്. എടുത്തു തരട്ടെ?''

''ഇപ്പൊ വേണ്ട'', ഡോക്ടര്‍ കയ്യുയര്‍ത്തി വിലക്കി. എന്നിട്ടൊരു തമാശ പറയാന്‍ ശ്രമിച്ചു: ''ഇപ്പൊ ഞാനാണോ നിങ്ങളാണോ വാടകക്കാര്‍?''

അങ്ങനെയെന്തെങ്കിലും ചോദിക്കുന്നത് ലക്ഷ്മിക്കിഷ്ടമാണ്. ഭാവം അനുകൂലമാണെന്നു കണ്ടാല്‍ അവള്‍ ഒരുപാട് സംസാരിക്കും. വീട് മുഴുവന്‍ ചിതലരിച്ചു തുടങ്ങിയതും തട്ടിന്‍പുറത്ത് എലിശല്യം കൂടുന്നതും അടുക്കള സ്ലാബിലെ ടൈല്‍ ഇളകിപ്പോകുന്നതും തുടങ്ങി നിര്‍ത്താതെ പറയും. അയാള്‍ വെറുതെ മൂളും. ഒടുവില്‍, ''ഗോപാലകൃഷ്ണന്‍ പണികഴിഞ്ഞ് വന്നില്ലേ?'' എന്നു ചോദിച്ചുകൊണ്ട് ധൃതിയില്‍ അകത്തേയ്ക്ക് കയറിപ്പോകും. പക്ഷേ, ഇത്തവണ അയാള്‍ അവിടെത്തന്നെ നിന്നു. അവള്‍ പറയുന്നതു മുഴുവന്‍ കേട്ടു. ഒടുവില്‍ പറഞ്ഞു: ''നോക്ക് ലക്ഷ്മീ, സത്യത്തില്‍ ഇതിന്റെയെല്ലാം പരിഹാരം നിന്റെയുള്ളില്‍ തന്നെയുണ്ട്. നിനക്കറിയാം എന്തുചെയ്യണമെന്ന്. അതുതന്നെ ചെയ്യൂ. ഞാനത്ര വിദഗ്ദ്ധനൊന്നുമല്ല.''

ലക്ഷ്മി അമ്പരന്നു നിന്നു. ഡോക്ടര്‍ മുറിതുറന്ന് അകത്തേയ്ക്കു കയറി.

അവിടമാകെ അലങ്കോലമായിരുന്നു. ക്ലിനിക്കിലെപ്പോലെയല്ല; അടുക്കും ചിട്ടയുമില്ലാത്ത ഒരിരുണ്ട നരകം. ഒരുഭാഗത്ത് തുണികളുടെ കൂമ്പാരം, മറുഭാഗത്ത് പുസ്തകങ്ങളുടെയും. ഒരു ചുമരിനപ്പുറത്ത് ലക്ഷ്മിയും ഗോപാലകൃഷ്ണനുമുണ്ട്. അവര്‍ക്കു കൂട്ടായി കുഞ്ഞുങ്ങളിലാത്ത ദുഃഖവും സ്വന്തമായി ഒരുപിടി മണ്ണെന്ന സ്വപ്നവുമുണ്ട്. കണ്ണുകള്‍ മുറുക്കിയടച്ചുകൊണ്ട്, പ്രത്യാശയിലേയ്ക്ക് മനസ്സെറിഞ്ഞ്, ജീവിപ്പിക്കുന്ന ചിലതിനെ അവര്‍ പിടിച്ചെടുക്കുന്നു. വീടിന്റെ ഏതോ ഒരു ഭാഗത്ത് വിടുതല്‍ കിട്ടാത്ത രണ്ട് ദുരാത്മാക്കളുണ്ട്. ശകാരിച്ചും ശാപം ചൊരിഞ്ഞും അവര്‍ മനോഹറിനെ മരണലോകത്തുനിന്നകറ്റി നിര്‍ത്തുന്നു. കുറ്റബോധങ്ങളും നിരാശകളും എമ്പാടുമുണ്ട്. അയാളുടെ സ്‌നേഹസൂത്രങ്ങളെല്ലാം അവയില്‍നിന്നു മുളപൊട്ടി വന്നതാണ്. അതിനൊക്കെയിടയ്ക്കുള്ള ഇത്തിരി സ്ഥലത്ത് ഒരു കട്ടില്‍. അതില്‍ക്കിടന്ന് ഡോക്ടര്‍ മനോഹര്‍ ഉറങ്ങുന്നു. വിദൂരമായൊരു സ്ഥലത്ത് മനോഹരമായ ഒരു ക്ലിനിക്കിനേയും അധികം സംസാരിക്കാത്ത ഒരു സഹായിയേയും നിറയെ ആളുകളുള്ള ഒരു കാത്തിരിപ്പ് മുറിയേയും കനംകൂടിയ പുറംചട്ടയുള്ള നോട്ടുപുസ്തകങ്ങളേയും കുടവയറന്‍ മഷിപ്പേനയേയും സ്വപ്നം കാണുന്നു. എഴുത്തു പുസ്തകങ്ങളുടെ താളുകള്‍ മറിയുന്നു. അയാളവിടെ എഴുതുകയാണ്: ''സുതാര്യമായ ദേഹമുള്ള ഒരു വിചിത്രജീവി ചോരയൊലിക്കുന്ന ആകാശത്തിന്റെ അട്ടത്ത് പറ്റിനില്‍ക്കുന്നതുപോലെയാണ് ചിലരുടെ ജീവിതം. കട്ടികൂടിയ പുറം താളുകള്‍ക്കുള്ളില്‍ ഒളിച്ചിരുന്നും കവിതയെഴുതിയും അവരത് മറികടക്കുന്നു.'' താളുകള്‍ മറിഞ്ഞുകൊണ്ടേയിരിക്കുന്നു. അടുത്ത രാത്രിയില്‍ തിരികെ വീട്ടിലെത്തുന്നതുവരെ അയാള്‍ക്കീ സ്വപ്നം തുടരേണ്ടിയിരിക്കുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com