സൂക്ഷ്മദ്വാരങ്ങള്‍: തോപ്പില്‍ മുഹമ്മദ് മീരാന്‍ എഴുതിയ കഥ
കുറച്ചുകാലംകൂടി ജീവിച്ചിരിക്കാനായെങ്കില്‍... എന്റെ എക്കാലത്തേയും മോഹമാണത്. എന്നാല്‍, കിടക്കുമ്പോഴും ഇരിക്കുമ്പോഴും നടക്കുമ്പോഴും എന്തിന് യാത്ര ചെയ്യുമ്പോള്‍പോലും മരണഭയം മീശപിരിച്ച്... ഊരിപ്പിടിച്ച വാളുമായി എന്നെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു. നിസ്‌കരിക്കാന്‍ പള്ളിവാതില്‍ കടക്കുമ്പോള്‍ മതപണ്ഡിതനായ മൗലവിയും തെരുവിലൂടെ നടക്കുമ്പോള്‍ മതപ്രവാചകരും വരാനിരിക്കുന്ന മരണത്തെച്ചൊല്ലി എന്നെ നിരന്തരം ഭയപ്പെടുത്തുന്നു. ഇത്ര ഭയങ്കരമാണോ മരണമെന്ന ചോദ്യം എന്നില്‍ ഭയാരവങ്ങളോടെ ഇടയ്ക്കിടെ പൊങ്ങുകയും അതുപടി താഴുകയും ചെയ്തുകൊണ്ടിരുന്നു.
മരണത്തെ പുല്‍കിയവരാണ് എന്റെ ഉമ്മയും വാപ്പയും. മരണം വരച്ച വര മറികടക്കുന്നതിനു മുന്‍പും പിന്‍പും അവരുടെ മുഖങ്ങളില്‍ സമാധാനം തളംകെട്ടി കിടന്നിരുന്നു; പേടിച്ചരണ്ട ഭാവം ലവലേശംപോലും കാണാനുണ്ടായിരുന്നില്ല. ഉറങ്ങിക്കിടക്കുന്നതായേ തോന്നിയിരുന്നുള്ളൂ.
''അള്ളാ... എന്നെ കൊണ്ടുപോകാനെന്തേ താമസം...'' എന്നു നിരന്തരം മരണത്തെ വരവേല്‍ക്കാനെന്നപോലെ കൈനീട്ടിയപടി ഇരുന്നു പ്രാര്‍ത്ഥിക്കാറുള്ള അയല്‍ക്കാരി ഉമ്മുമ്മ. ഉമ്മുമ്മ വരവേല്‍ക്കുന്നതും മതപുരോഹിതന്മാര്‍ ഭയക്കുന്നതുമായ മരണം ഏതുരൂപത്തിലായിരിക്കുമെന്ന് അകലെ നിന്നെങ്കിലും ഒന്നു കാണാന്‍ എന്നില്‍ അടങ്ങാത്ത ത്വരയുണ്ടായി.
കാലൊച്ച കേള്‍പ്പിക്കാതെ ഏതു വാതിലിലൂടെ നുഴഞ്ഞുകേറിയാവാം, ആയുധധാരികളായ പടയാളികളുടെ നടുവിലിരിക്കുന്ന രാജാക്കന്മാരുടേയും മന്ത്രിമാരുടേയും മറ്റും അരികിലെത്തി അവരുടെ ചങ്ക് കൊത്തിക്കീറി ഉള്ളിലിരിക്കുന്ന ജീവനെ, പിടക്കുന്ന കോഴിക്കുഞ്ഞിനെയെന്നപോലെ റാഞ്ചിയെടുത്ത്, മായപോലെ മരണം മറഞ്ഞിട്ടുണ്ടാവുക? ഇനി ഒരുപക്ഷേ, ഈ മരണത്തിന്റെ രൂപം പരുന്തിന്റെയെങ്ങാനുമാണോ... അതോ കഴുകന്റേയോ... ഈച്ചയുടേയോ... കൊതുകിന്റേയോ...?
മദ്രസ്സയില്‍ ഖുറാന്‍ ഓത്തിനായി ചെന്നിരുന്നപ്പോഴൊക്കെ കുഞ്ഞുങ്ങളായ ഞങ്ങള്‍ക്ക് പണ്ട് ലെബ്ബ മരണത്തെപ്പറ്റി ചൊല്ലിത്തരുമായിരുന്നു. ''ഓരോരുത്തരുടേയും ആയുഷ്‌ക്കാലം അവരുടെ അനുവാദമില്ലാതെതന്നെ അതിത്രമാത്രമാണെന്ന് അള്ളാ അദ്ദേഹത്തിന്റെ ഡയറിയില്‍ കുറിച്ചുവച്ചിട്ടുണ്ട്. ആയുസ്സൊടുങ്ങിയാല്‍ അവരെ അള്ളാ തന്റെ മലക്കുകളുടെ പടയില്‍നിന്നും പ്രാണന്‍ ശേഖരിച്ചുകൊണ്ടുവരുന്ന മലക്കായ ഇസ്രയില്‍ എന്ന ദൂതനെ അയച്ച് ജീവനെടുക്കും. മയ്യത്ത് അടക്കിയശേഷം ബന്ധുക്കള്‍ വീട്ടിലേക്കു പോയാലുടന്‍ മുന്‍കര്‍, നക്കീര്‍ എന്നീ പേരുകളുള്ള രണ്ടു മലക്കുകള്‍ അദൃശ്യരായി പറന്നുവന്ന് ഖബറിനുള്ളില്‍ പ്രവേശിക്കും. അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മയ്യത്തായവര്‍ ശരിയായി ഉത്തരം നല്‍കണം. അല്ലെങ്കില്‍ ഖബറിന്റെ നാലുഭാഗത്തുനിന്നും തേളും പാമ്പും മറ്റു വിഷപ്രാണികളും പാഞ്ഞിറങ്ങിവന്ന് മയ്യത്തായവനെ ലോകാവസാനം വരെയും കൊത്തിക്കീറിക്കൊണ്ടിരിക്കും.''
ലെബ്ബയുടെ വിശദീകരണം കേട്ടതേ എന്നിലെ മരണഭയം ഇരട്ടിച്ചു. ശവക്കുഴിയില്‍വച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമറിയാതെ മറുപടി പറയുന്നതെങ്ങനെ? സംസാരിക്കാനറിയാത്ത കുട്ടികളും സംസാരശേഷിയില്ലാത്തവരും മറ്റും എങ്ങനെയാണുത്തരം പറയുക? ഇത്തരം നൂറായിരം ചോദ്യങ്ങള്‍ കുട്ടിക്കാലത്തുതന്നെ എന്റെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു. മരണവാര്‍ത്തകള്‍ കേള്‍ക്കുമ്പോഴൊക്കെ എന്നില്‍ ഒരുള്‍ക്കിടിലവും മരണമടഞ്ഞവരെക്കുറിച്ച് സഹതാപവും ഉണ്ടായിക്കൊണ്ടിരുന്നു.
മരിച്ചവര്‍ക്കെല്ലാം ഉത്തരം പറയാന്‍ കഴിയുമോ? മാങ്ങാ മോഷ്ടിക്കാനായി മാവില്‍ക്കയറിയ റഹിം, കൊമ്പൊടിഞ്ഞു താഴെ വീണപ്പോള്‍ത്തന്നെ മരിച്ചുപോയി. പാപം ഒന്നും ചെയ്യാത്തവര്‍ക്ക് ഖബറിനുള്ളില്‍വച്ചു നടത്തുന്ന ചോദ്യങ്ങള്‍ക്ക് സ്വയമേ ഉത്തരം തോന്നുമെന്നു കേട്ടിട്ടുണ്ട്. എന്നാല്‍ മാങ്ങയും തേങ്ങയും മോഷ്ടിച്ചു നടന്ന മദ്യപാനിയായ റഹിം എങ്ങനെ ഉത്തരം പറയും എന്ന ചിന്ത എന്നെ കുഴക്കി. മദ്യപാനികള്‍ക്കും അപഥസഞ്ചാരികള്‍ക്കുമായി ഇനി ചോദ്യങ്ങള്‍ വേറെയുണ്ടാകുമോ?
റഹിമിനെ ഖബറടക്കാനായി എടുത്തുകൊണ്ടു ചെല്ലുമ്പോള്‍ ബാല്യകാല സുഹൃത്ത് എന്ന നിലയില്‍ ഞാനും മൗനയാത്രയുടെ പിന്നില്‍ ചേര്‍ന്നുനടന്നു. കള്ളനായതിനാല്‍ വേണ്ടത്ര ആള്‍ക്കാര്‍ വിലാപയാത്രയിലുണ്ടായിരുന്നില്ല. ഇതുതന്നെ അവനുള്ള 'അള്ളാഹുവിന്റെ ശിക്ഷ' എന്നു പിന്നീടു ചിലര്‍ പറയുന്നതു കേട്ടു. വളരെക്കുറച്ചു പേരുള്ള വിലാപയാത്രയായിരുന്നതിനാല്‍ ഇടയ്ക്കുവച്ചു മുങ്ങിക്കളയാനാവാതെ ഭയാശങ്കകളോടെ നടന്ന് ശ്മശാനവളപ്പിലെത്തി. അവിടമാകെ തഴച്ചുവളര്‍ന്നു നില്‍ക്കുന്ന പുല്‍ച്ചെടികള്‍ ഒരു കുറ്റിക്കാടിന്റെ പ്രതീതി ജനിപ്പിച്ചിരുന്നു. പശുക്കളും ആടുകളും അവിടവിടായി മേഞ്ഞുനടക്കുന്നു. മരച്ചില്ലകളിലും ശ്മശാന ഭിത്തികളിലും മറ്റും നിര്‍ഭയരായി ചാടിക്കളിക്കുന്ന പറവകള്‍.
ശവമഞ്ചവുമായി ശ്മശാനവാതിലിനുള്ളില്‍ കാലെടുത്തുവച്ചതും ഒരു നടുക്കം എന്റെ നെഞ്ചിനുള്ളിലൂടെ കടന്നുപോയി. അവിടെ പുല്ലുമേഞ്ഞുകൊണ്ടിരുന്ന പശുക്കളും മറ്റും അലറിവിളിച്ചുകൊണ്ട് ദിശയറിയാതെ വിരണ്ടോടിയതും പറവകള്‍ കല്ലേറുകൊണ്ടിട്ടെന്നവണ്ണം ചിതറിപ്പറന്നതും കണ്ട് ഞാനൊന്നു ഞെട്ടി. ഖബറടക്കത്തിനെത്തിയ മറ്റുള്ളവര്‍ ഇതൊന്നും ശ്രദ്ധിക്കുന്നതായി തോന്നിയില്ല. അവരൊക്കെ ദുഃഖഭാരത്തോടുകൂടി മുഖം കുനിച്ചുനില്‍ക്കുമ്പോള്‍ കന്നുകാലികള്‍ വിരണ്ടോടിയതും കിളികള്‍ കലമ്പിപ്പറന്നതും എന്നെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു. ശ്മശാനവളപ്പിന്റെ ചുറ്റുപാടില്‍ ദൃഷ്ടികള്‍ പായിച്ചുകൊണ്ടു ഞാന്‍ നില്‍ക്കെ പിന്നിട്ടുപോയ അരമണിക്കൂറിനുള്ളില്‍ റഹിമിന്റെ ശവം മണ്ണിട്ടു മൂടിക്കഴിഞ്ഞിരുന്നു.
അകന്ന ബന്ധുമിത്രാദികള്‍ പിരിഞ്ഞുപോയിത്തുടങ്ങുകയും ചില അടുത്ത ബന്ധുക്കള്‍മാത്രം കബറിടത്തിനു ചുറ്റിപ്പറ്റിനില്‍ക്കുകയും ചെയ്യുമ്പോള്‍, പുകയുയരുന്ന ചന്ദനത്തിരി ഖബറിന്റെ തലഭാഗത്തുവച്ചുകൊണ്ട് ലെബ്ബ അവിടെത്തന്നെ കുത്തിയിരുന്നു. അല്പനേരം കഴിഞ്ഞ് അദ്ദേഹം തന്റെ വായ ഖബറിനോടു ചേര്‍ത്തുവച്ച് ശബ്ദം പുറത്തുകേള്‍പ്പിക്കാതെ, ശവത്തിനുമാത്രം കേള്‍ക്കാന്‍ പാകത്തില്‍ രഹസ്യമായി അറബിഭാഷയില്‍ എന്തോ പറഞ്ഞു. അടുത്തു നിന്നവരോട് ലെബ്ബ ചെയ്യുന്നതെന്താണെന്നു ഞാന്‍ തിരക്കി. 'തല്‍ക്കീന്‍' എന്ന് അവര്‍ ഉത്തരം തന്നു. മനസ്സിലാകായ്മ ഞാന്‍ ഒരു പുഞ്ചിരിയിലൊതുക്കുമ്പോള്‍ ഒരു കാരണവര്‍ ഭക്തിപരവശതയോടെ വിശദീകരിച്ചു തന്നു.
ഇപ്പോള്‍ ഇസ്രയിലിന്റെ 'മുന്‍കര്‍', 'നക്കീര്‍' കിങ്കരന്മാര്‍ കബറിനുള്ളില്‍ ചോദ്യങ്ങള്‍ ചോദിക്കുന്ന സമയം. അവിടെ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ ലെബ്ബ മരിച്ചുപോയവരെ ഇവിടിരുന്നു സഹായിക്കുന്നു.
വീണ്ടും എന്നില്‍ സംശയം മുളപൊട്ടി. ഖബറിനുള്ളില്‍ കിടക്കുന്നവരോടു ചോദിക്കുന്ന ചോദ്യങ്ങള്‍ വെളിയിലിരിക്കുന്ന ലെബ്ബയ്ക്കു കേള്‍ക്കാനാവുന്നതെങ്ങനെ? കേട്ടാല്‍ത്തന്നെ ഇദ്ദേഹം ചൊല്ലിക്കൊടുക്കുന്ന മറുപടികള്‍ കേട്ടു മനസ്സിലാക്കാന്‍ മാത്രമുള്ള കേള്‍വിശക്തി ആ ശവത്തിനുണ്ടോ? ചോദിക്കാന്‍ പാടില്ലാത്ത ഇത്തരം ചോദ്യങ്ങള്‍ എന്നെ ആകെ അലാഹത്തിലാക്കി, ഒപ്പം ഉള്ളില്‍ ചോദിക്കപ്പെടുന്ന ചോദ്യങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നറിയാനുള്ള ആകാംക്ഷയും ആശങ്കയും.
ഒന്നും മനസ്സിലാകാത്തപോലെയുള്ള എന്റെ നോട്ടത്തിന്റെ അര്‍ത്ഥം ഗ്രഹിച്ചിട്ടാകണം കാരണവര്‍ തുടര്‍ന്നു:
''ഓരോ ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും പറഞ്ഞുകൊടുക്കുകയാണ്''
എല്ലാവരോടും ഒരുപോലുള്ള ചോദ്യങ്ങളും അതിനു പൊതുവായുള്ള ഉത്തരങ്ങളുമാണോ എന്നു ഞാന്‍ വീണ്ടും തിരക്കിയതിന് 'അതെ' എന്ന് അദ്ദേഹം ഉത്തരം നല്‍കി. അങ്ങനെയെങ്കില്‍ ചോദ്യോത്തരങ്ങളെ ഓരോരുത്തര്‍ക്കും മനഃപാഠം ചെയ്താല്‍പ്പോരേ? ഞാന്‍ എന്റെ യുക്തി വ്യക്തമാക്കി.
ഇല്ല, ലോകത്ത് നന്മ ചെയ്യുന്നവര്‍ക്കു മാത്രമേ ചോദ്യങ്ങള്‍ക്ക് ഉടന്‍ ഉത്തരം നല്‍കാനാവൂ. അങ്ങനെ ഉടന്‍ ഉത്തരം നല്‍കുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ സ്ഥാനം കിട്ടും. മറുപടി പറയാന്‍ അമാന്തിക്കുന്നവരേയും ചൊല്ലാനാവാത്ത പാപികളേയും ലോകാവസാനം വരെ വിഷപ്പാമ്പുകള്‍ തീണ്ടിക്കൊണ്ടിരിക്കും.
ഇത്രയും കാലം മയ്യത്തായവര്‍ക്ക് അവരുടെ ഖബറിടങ്ങളില്‍ച്ചെന്ന് ചോദ്യങ്ങള്‍ക്കു മറുപടി ചൊല്ലിക്കൊടുത്തിരുന്ന ലെബ്ബ, അദ്ദേഹത്തിന്റെ ഉറക്കറയില്‍ മരിച്ചുകിടന്നു. ബാല്യത്തില്‍ എനിക്കു ഖുറാന്‍ ഓതിത്തന്നിരുന്നത് അദ്ദേഹമായിരുന്നതിനാല്‍ ആ മൗനജാഥയില്‍ എനിക്കു പങ്കെടുക്കാതിരിക്കാനായില്ല. അദ്ദേഹത്തെ അടക്കം ചെയ്ത കബറിടത്തിന്റെ തലഭാഗത്ത് വായ ചേര്‍ത്തുവച്ച്, വലിയപള്ളി ലെബ്ബ തല്‍ക്കീന്‍ ഓതിയത് എന്തിനെന്നു മനസ്സിലായില്ല.
അള്ളാഹുവിന്റെ ഹിതമനുസരിച്ചുമാത്രം ജീവിച്ചിരുന്ന ലെബ്ബയ്ക്കു തല്‍ക്കീന്‍ ചൊല്ലിക്കൊടുക്കേണ്ട ആവശ്യമെന്തെന്നു ചിന്തിക്കെ ഒരാള്‍ പറഞ്ഞു:
''ആരാണ് പാപി, ആരാണു പുണ്യവാന്‍ എന്നാര്‍ക്കറിയാം?''
കിട്ടിയ ഉത്തരം എന്റെ ചിന്തകളെ ആകെ കുഴച്ചുമറിച്ചുകൊണ്ടിരുന്നു. വിശുദ്ധ ഖുറാന്‍ മനഃപാഠമാക്കിയ ലെബ്ബയേയും മരണം വെറുതെ വിട്ടില്ല എന്നിരിക്കെ എന്നില്‍ മരണഭയം വീണ്ടും ഫണമുയര്‍ത്തി. രാപകലില്ലാതെ വീടിനായി ജീവിക്കുന്ന ഭാര്യയെ... പഠനം ഒന്നുമാകാത്ത കുട്ടികളെ... സഹോദരങ്ങളെ... എല്ലാവരേയും വിട്ടുപോകേണ്ടിവരുമല്ലോ. ഈ ദുഃഖവിചാരങ്ങള്‍ ലെബ്ബയുടെ മരണശേഷം എന്നില്‍ ആധിയായി മാറി.
മരണത്തോടു മല്ലടിച്ച് തോറ്റാലും കബറിനുള്ളിലെങ്കിലും സമാധാനം കിട്ടുമല്ലോ എന്നു ചിന്തിച്ചാല്‍ അവിടേയും ചോദ്യക്കണക്കുകള്‍! ശരിയായ ഉത്തരങ്ങള്‍ക്കായി നാവ് ഉയരണമല്ലോ... അല്ലെങ്കില്‍ വിഷജന്തുക്കളുടെ ഇടവിടാതുള്ള തീണ്ടല്‍ ലോകാവസാനം വരെ! ലോകാരംഭം മുതല്‍ ജനിച്ചു മരിച്ച എല്ലാ മനുഷ്യരേയും പുനരുജ്ജീവിപ്പിച്ച് മഹസര്‍ മൈതാനത്തില്‍ എല്ലാവരേയും ഒരുമിച്ചുകൂട്ടും. അവിടെവച്ച് അല്ലാഹു നേരിട്ടു പ്രത്യക്ഷപ്പെട്ട് ചില ചോദ്യങ്ങള്‍ ചോദിച്ചശേഷം സ്വര്‍ഗ്ഗവാസികളേയും നരകവാസികളേയും പ്രത്യേകം പ്രത്യേകം തിരിക്കുന്നു. ഇപ്രകാരം തരംതിരിച്ചവരെ നടക്കാനിരിക്കുന്ന ലോകാവസാന ദിനംവരെ കബറിനുള്ളില്‍ വേറെ ശിക്ഷകള്‍ അനുഭവിക്കാന്‍ വിധിക്കുമത്രേ! ഇത്തരം ചിന്തകള്‍ തീരാദുഃഖങ്ങളായി എന്നെ അലട്ടിക്കൊണ്ടിരുന്നു.
മൂത്തമ്മായുടെ അപകടമരണശേഷം കാറ്റ്, വെള്ളം, തീ, മരങ്ങള്‍, മൃഗങ്ങള്‍, കാടുകള്‍ എല്ലാംതന്നെ എന്നെ വല്ലാതെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു. ഏതു രൂപത്തില്‍, ഏതു നേരത്ത്, ഏതു സ്ഥലത്തുവച്ച് പരുന്തായി... കഴുകനായി... ആശങ്കാകുലമായ മനസ്സോടെയാണ് നടക്കുന്നതും കിടക്കുന്നതും യാത്രചെയ്യുന്നതുമൊക്കെ.
ഇങ്ങനെ കലങ്ങിമറിഞ്ഞ മനസ്സുമായി കണ്ണുചിമ്മിയിരിക്കുമ്പോഴാണ് എന്റെ മരണം നടന്നത്. ഒരു വെള്ളത്തുണികൊണ്ട് ഞാന്‍ മൂടപ്പെട്ടു. ഞാന്‍ ചെയ്യാത്ത പല നല്ല കാര്യങ്ങളേയും ചെയ്തതായി വാഴ്ത്തിപ്പറഞ്ഞുകൊണ്ട് എനിക്കു ചുറ്റും ബന്ധുക്കളിരുന്ന് കരയുന്നത് എനിക്കു നല്ലവണ്ണം കേള്‍ക്കാമായിരുന്നു. ഞാന്‍ മരിച്ചുപോയെന്നത് എനിക്കുതന്നെ മനസ്സിലായില്ല. നിങ്ങളൊക്കെ എന്തിനാണു കരയുന്നത് എന്നു ഞാനുറക്കെ ചോദിച്ചത് അവരുടെ ചെവിയില്‍ പക്ഷേ, വീണതേയില്ല.
വിദേശത്തുനിന്ന് അനിയന്‍ വന്നതും ഇനി താമസിപ്പിക്കണ്ട എന്നാരോ പറഞ്ഞതും എന്നില്‍ നടുക്കമുണ്ടാക്കി. എന്തിനായി എന്നെ അടക്കണം എന്നു ഞാനുറക്കെ ചോദിച്ചു. കിടത്തി തുണികൊണ്ട് മൂടിയിട്ടിരുന്ന എനിക്കെതിരെ ഭിത്തിയില്‍ പറ്റിയിരുന്ന ഒരു ഗൗളി എന്റെ ശബ്ദം കേട്ട് ഓടിയൊളിച്ചത് എങ്ങോട്ടെന്നു കണ്ടില്ല. എല്ലാരും 'ഷഹാത്ത് കലിമാ' എന്ന മൂലമന്ത്രം ഉരുവിട്ട് എന്നെ കട്ടിലോടുകൂടിത്തന്നെ പൊക്കിയെടുത്തു കൊണ്ടുപോയത് കുളിമുറിയിലേക്കാണ്. നിത്യേന വൃത്തിയായി കുളിക്കാറുള്ള എന്നെ നിര്‍ബന്ധപൂര്‍വ്വം പൊക്കിക്കൊണ്ടുപോയി കുളിപ്പിക്കേണ്ട ആവശ്യമെന്ത്? കുട്ടികളുടെ കല്യാണങ്ങളൊക്കെ മോടിയായി നടത്താനും വീണ്ടും കുറച്ചുകാലംകൂടി ജീവിച്ചിരിക്കാനും ആഗ്രഹിക്കുന്ന എന്നെ മരിച്ചുപോയതായി കരുതി കുളിപ്പിച്ച് എവിടെക്കൊണ്ടുപോകാനാണിവര്‍ ഒരുമ്പെടുന്നത്...?
ഞാന്‍ മരിച്ചിട്ടില്ല, എന്നുള്ള എന്റെ വിളിച്ചുകൂവല്‍ അവിടെ കൂടിയിരുന്നവരില്‍ ഒരാളുടെ ചെവിയില്‍പ്പോലും പതിച്ചില്ല. ഓരോരുത്തരും എന്നെ മറന്ന് അവരവരുടെ കാര്യങ്ങള്‍ സംസാരിച്ചു തുടങ്ങിയിരുന്നു. കുളിപ്പിച്ചശേഷം എന്നെ ചൂഴ്ന്നിരുന്ന് എന്റെ നന്മയ്ക്കായി കുറേപ്പേര്‍ ഖുറാന്‍ ഓതിക്കൊണ്ടിരുന്നു.
എന്റെ തടസ്സവാദങ്ങളെ വകവെക്കാതെ ബലമായി ഒരു കോടിത്തുണിക്കുള്ളില്‍ എന്നെ ചുറ്റിവരിഞ്ഞ് മൂന്നുകെട്ടുകള്‍ കെട്ടി മുറുക്കി. മൂന്നാമത്തെ ഭാര്യയും മക്കളും കരഞ്ഞു വിളിക്കെ, ശവപ്പെട്ടി വീടിനുള്ളിലേക്ക് എടുക്കുമ്പോള്‍ ഞാന്‍ ഉറക്കെ അലറി: ''എന്നെ ഖബറടക്കരുത്... ഞാന്‍ മരിച്ചിട്ടില്ല...''
പള്ളിയിലേക്ക് എന്നെ എടുത്തുകൊണ്ട് പോയത് ഞാനറിഞ്ഞു. ലെബ്ബയേയും മൂത്തമ്മയേയും റഹീമിനേയും മുന്നില്‍വച്ചു തൊഴുതതുപോലെ എന്നെയും മുന്നില്‍വച്ച് വലിയൊരു ജനക്കൂട്ടം എനിക്കായി ഒരു നമസ്‌ക്കാരച്ചടങ്ങു നടത്തി. നമസ്‌കാരം നടക്കുമ്പോള്‍ത്തന്നെ സന്തുക്കിനുള്ളില്‍ക്കിടന്ന് ഞാനുറക്കെയുറക്കെ പറഞ്ഞുകൊണ്ടിരുന്നു; ഞാന്‍... ഞാന്‍... മരിച്ചെന്നു കരുതി നിങ്ങളെന്നെ ഖബറടക്കാന്‍ ഒരുമ്പെടുന്നുവോ? ഞാന്‍ മരിച്ചിട്ടില്ല... മരിച്ചിട്ടില്ല... എന്റെ മോക്ഷത്തിനായി നിങ്ങള്‍ ചെയ്യുന്നതെല്ലാം എനിക്കു കാണാം. പക്ഷേ, ഞാന്‍ എത്രയോ ഉറക്കെ അലറിയിട്ടും എന്റെ ശബ്ദം നിങ്ങള്‍ക്കൊന്നും കേള്‍ക്കാനാവുന്നില്ലല്ലോ.
എന്റെ അലമുറയിടല്‍ അവരില്‍ ആരുടെയെങ്കിലും ചെവിയില്‍ വീണിരുന്നുവെങ്കില്‍ അയാളുടെ ചെകിട് പൊട്ടിത്തകര്‍ന്നേനെ! എന്റെ അലര്‍ച്ച ഉണ്ടാക്കുന്ന പ്രകമ്പത്തില്‍ അവരെന്നെ ഉപേക്ഷിച്ച് ഓടിക്കളയുമായിരുന്നു. അതിനാലാവാം എന്റെ ശബ്ദം അവരുടെ ചെവിയില്‍ എത്താത്തവിധം അവര്‍ക്കും എനിക്കും ഇടയില്‍ ഒരു ഭിത്തി ഉണ്ടാക്കപ്പെട്ടിരിക്കുന്നത്. ജീവനുള്ളവരേയും ഇല്ലാത്തവരേയും വേര്‍തിരിക്കുന്ന അതിസൂക്ഷ്മമായ... സുതാര്യമായ ഭിത്തി!
പള്ളിക്കു പുറത്തേക്ക് എടുത്തുകൊണ്ടു ചെല്ലുമ്പോള്‍ ഞാനുറക്കെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അരുതേ...എന്നെ ഖബറടക്കരുതേ...
ബലമായി ഷഹാത്ത് കലീമാ എന്ന മൂലമന്ത്രം ചൊല്ലിക്കൊണ്ട് പള്ളിക്കു തെക്കുവശത്തുള്ള ശ്മശാനവാതില്‍ കടക്കുമ്പോഴാണ് പലവട്ടം കണ്ടിട്ടും മനസ്സിലാകാതിരുന്ന ആ അത്ഭുതം സംഭവിച്ചത്. ശ്മശാന വളപ്പില്‍ പുല്ലുമേഞ്ഞുകൊണ്ടു നിന്ന കന്നുകാലികള്‍ എന്നെ നോക്കുന്നതായി ഞാന്‍ കണ്ടു. എന്നെ ഖബറടക്കല്ലേ എന്ന എന്റെ അലര്‍ച്ചകേട്ടു ഭയന്നുവിറച്ചവ ഓടി അകന്നു. പായല്‍ പിടിച്ചു കറുത്തുപോയ കല്‍ച്ചുവരുകളിലും മരക്കൊമ്പുകളിലും ചാടിനടന്നിരുന്ന പക്ഷികള്‍ ശബ്ദകോലാഹലത്തോടെ ആകാശത്തേക്കു പറന്നുയര്‍ന്നു. എന്റെ ശവത്തില്‍നിന്നും വമിച്ചുകൊണ്ടിരുന്ന ഗന്ധം ശവപ്പറമ്പിലെ നായകളെ ഭയാക്രാന്തരാക്കി. ശ്മശാനത്തിലെ കല്‍മതില്‍ ചാടിക്കടന്ന് അവയും ഓടിമറഞ്ഞു.
എന്നില്‍നിന്നും ഉയര്‍ന്നുകൊണ്ടിരുന്ന അരുതേ... എന്ന നിലവിളി കേള്‍ക്കാന്‍ ശക്തിയില്ലാത്ത മനുഷ്യര്‍ ആഴത്തിലുണ്ടാക്കിയ കുഴിയിലേക്ക് എന്നെ എടുത്തുവച്ച് വരിഞ്ഞുകെട്ടിയ മൂന്നു കെട്ടും അഴിച്ചുമാറ്റിയതും മേല്‍പ്പലകകൊണ്ട് മുകള്‍ഭാഗം മൂടിയതും ഇമ ചിമ്മുന്നതിനിടയില്‍ കഴിഞ്ഞിരുന്നു.
ശ്മശാനത്തിലെ സല്‍ക്കാരകര്‍മ്മത്തില്‍ പങ്കെടുക്കാനെത്തിയവര്‍ മൂന്നുപിടി മണ്ണുവീതം കൈയിലെടുത്ത് എന്റെ പുറത്തേക്കിട്ടു. നിന്നെക്കൊണ്ടുണ്ടായിരുന്ന ബുദ്ധിമുട്ടുകളില്‍നിന്നും മോചനമായി എന്നു ചൊല്ലി എന്റെ മേല്‍ മണ്ണിട്ടവര്‍ ധാരാളമുണ്ടായിരുന്നു. വഴുതിമാറി വെളിയിലിറങ്ങി രക്ഷപ്പെടാതിരിക്കാന്‍ ധാരാളം മണ്ണ് എന്റെ മേലിട്ട് അമര്‍ത്തി. പിന്നീട് എന്റെ തലഭാഗത്തിരുന്നുകൊണ്ട് ലെബ്ബ ചൊല്ലിത്തന്ന ചോദ്യങ്ങളും ഉത്തരങ്ങളും വ്യക്തമായി ഉള്ളില്‍ മുഴങ്ങിക്കേട്ടു.
''നിന്റെ ദൈവം ആര്?''
''അല്ലാഹു.''
''നിന്റെ നബി ആര്?''
''മുഹമ്മദു നബി.''
''നിന്റെ മാര്‍ഗ്ഗം?''
''ദീനുല്‍ ഇസ്ലാം.''
ചോദ്യങ്ങളും ഉത്തരങ്ങളും ചൊല്ലിത്തീരുന്നതിനു മുന്‍പ് ഖബറിന്റെ ഇരുവശത്തും വാതിലുകള്‍ തുറന്ന് രണ്ടു മലക്കുകള്‍ പ്രത്യക്ഷപ്പെട്ടു. പറന്നുവരാനായി അവര്‍ക്കു ചിറകുകള്‍ ഇല്ലായിരുന്നു. ഖബര്‍ ഭിത്തിയെ തുളച്ചാണ് അവരെത്തിയതെന്നും പറയാനാവില്ല. കാരണം അവരുടെ മുഖങ്ങള്‍ എലിയുടേതുമാതിരിയുമായിരുന്നില്ല. എനിക്കു മുന്‍പ് ഉള്ളില്‍ നുഴഞ്ഞുകയറി പതുങ്ങിയിരുന്നവര്‍ ആയിരുന്നെങ്കില്‍ അവര്‍ക്കു പുറത്തു കടക്കുവാനുള്ള വഴി...?
സി.ബി.ഐ. അധികാരികളുടേതുമാതിരി കര്‍ക്കശമായ മുഖഭാവമായിരുന്നതിനാല്‍ വന്നവര്‍ മലക്കുകളായ മുന്‍കര്‍, നക്കീര്‍ എന്നിവരെന്നു മനസ്സിലാക്കാനുള്ള ശക്തി എനിക്കുണ്ടായിരുന്നു.
ലെബ്ബ ചൊല്ലിത്തന്നത് ഒന്നുകൂടി ഓര്‍മ്മയില്‍ ഉരുവിട്ടു. കാരണം ഇനി ഞാന്‍ വിചാരിച്ചാല്‍ പോലും പുറത്തിറങ്ങുക അസാധ്യം. മണ്ണിനുള്ളിലിട്ട് അമര്‍ത്തി മൂടിക്കളഞ്ഞില്ലേ. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയേ മാര്‍ഗ്ഗമുള്ളൂ. മലക്കുകളെങ്കിലും അവര്‍ മനുഷ്യരെപ്പോലെത്തന്നെ തോന്നിച്ചു.
എന്നെ ഉറ്റുനോക്കിക്കൊണ്ട് ആദ്യ ചോദ്യം ചോദിക്കാനായി അവര്‍ തയ്യാറാകുമ്പോള്‍ ആദ്യ ഉത്തരവുമായി ഞാനും തയ്യാറായി. എന്നാല്‍ മുന്‍കര്‍ എന്ന മലക്ക് തൊടുത്തുവിട്ട ആദ്യ ചോദ്യം തന്നെ എന്നെ അപ്പാടെ തളര്‍ത്തിക്കളഞ്ഞു.
ഒന്ന്: നീ പഞ്ചായത്താഫീസറായിരുന്നപ്പോള്‍ ഗണപതിക്കടവില്‍ ഒരു പാലം പണികഴിപ്പിച്ചതോര്‍ക്കുന്നോ? ഒരാഴ്ചയ്ക്കുള്ളില്‍ ആ പാലം തകര്‍ന്ന് രണ്ടു സ്ത്രീകളടക്കം മൂന്നു കുട്ടികള്‍ മരിച്ചുപോയതിനു കാരണം നീയാണെന്നതു സമ്മതിക്കുന്നോ?
ഉത്തരം പറയാനായി നാവ് പൊങ്ങിയില്ല. പ്രതീക്ഷിക്കാത്ത ചോദ്യം. ബിനാമിയുടെ പേരില്‍ പാലം പണിയാന്‍ കരാര്‍ എടുത്തശേഷം ചാമ്പല്‍ കലര്‍ന്ന സിമന്റുകൊണ്ടു പണിത പാലം. ഒരാഴ്ച നിന്നില്ല. പെയ്ത്തുമഴയില്‍ ഇടിഞ്ഞുവീണു. രണ്ടു സ്ത്രീകളടക്കം മൂന്നു കുട്ടികള്‍... കൂടെയുണ്ടായിരുന്ന എന്‍ജിനീയറന്മാരുടെ തലയില്‍ പഴിചാരി തലയൂരി. ഇരുപതുവര്‍ഷം മുന്‍പു നടന്ന കഥ എന്തിനിപ്പോള്‍ പറയുന്നു?
രണ്ട്: നാട്ടിലെ കാര്യദര്‍ശിയായിരുന്നപ്പോള്‍ കള്ളക്കണക്കെഴുതി പൊതുമുതല്‍ കട്ടു സ്വന്തം കീശ വീര്‍പ്പിച്ചത് നീ ചെയ്ത അടുത്ത കുറ്റമെന്നു നീ സമ്മതിക്കുന്നോ?
ഇതിനും മറുപടി പറയാന്‍ നാവു പൊങ്ങിയില്ല. നാട്ടുകാര്‍ ഇന്നേവരെ അറിയാത്ത ആ രഹസ്യം പതിനഞ്ചുവര്‍ഷത്തിനുശേഷം ഇപ്പോള്‍ തിരക്കുന്നതെന്തിന്? നാട്ടിലെ മാന്യനായി അവര്‍തന്നെ അംഗീകരിച്ചവനല്ലേ താന്‍?
മൂന്ന്: പ്രസവിക്കാന്‍ കഴിയാത്ത നിന്റെ ആദ്യ ഭാര്യ, നിന്റെ ക്രൂരതമൂലം മരിച്ചു. നീ രണ്ടാമതും വിവാഹിതനായി. നീ മൂലം ഗര്‍ഭിണിയായ അവളില്‍ നീ ദുരാരോപണം നടത്തി. അവളെ തലാക്കു ചെയ്തു. ഇതു പൊറുക്കാനാവാത്ത കുറ്റമാണെന്നു നീ സമ്മതിക്കുന്നോ?
ഉത്തരങ്ങള്‍ നല്‍കാന്‍ നാവുയരാത്ത ചോദ്യങ്ങള്‍. അവള്‍ സുന്ദരിയല്ല. അതിനാലാണ് അവളെ തലാക്കു ചെയ്തത്. ഇപ്പോഴുള്ള മൂന്നാമത്തെ ഭാര്യയിലാണ് തനിക്കു കുട്ടികളുള്ളതെന്നൊക്കെ വിളിച്ചുപറയണമെന്നുണ്ടായിരുന്നു.
ചോദ്യങ്ങള്‍ മതി. ഒരെണ്ണത്തിനുപോലും ഇവനെക്കൊണ്ട് മറുപടി പറയാന്‍ കഴിയില്ല. ഈ മഹാപാപിയെപ്പറ്റിയുള്ള നമ്മുടെ അന്തിമ തീരുമാനം നമുക്ക് അല്ലാഹുവില്‍ സമര്‍പ്പിക്കാം. അല്ലാഹുവിന്റെ നാമം ആവര്‍ത്തിച്ചുച്ചരിച്ചുകൊണ്ടിരുന്ന നക്കീര്‍ എന്ന മലക്ക് ഇപ്രകാരം പറഞ്ഞു നിര്‍ത്തിയതും ഖബറിന്റെ ഇരുഭാഗത്തും വാതിലുകള്‍ മലര്‍ക്കെ തുറക്കപ്പെട്ടു. മലക്കുകള്‍ വന്നതുപോലെ അതുവഴി മറഞ്ഞതും ഖബറിനുള്ളില്‍ മലക്കുകളുടെ മുഖങ്ങളില്‍നിന്നും അതുവരെ വമിച്ചുകൊണ്ടിരുന്ന പ്രകാശം മങ്ങിത്താണ് എങ്ങും ഇരുട്ടു വ്യാപിച്ചതും പെട്ടെന്നായിരുന്നു. ഖബര്‍ചുമരില്‍ പൊടുന്നനെ അങ്ങിങ്ങ് സൂക്ഷ്മദ്വാരങ്ങള്‍ ഉണ്ടായിവന്നു. അതിലൂടെ കടന്നുവന്ന കൊടിയ വിഷപ്പാമ്പുകളുടെ കത്തുന്ന കണ്ണുകളില്‍നിന്നും പടര്‍ന്ന ചെമന്നവെളിച്ചം ഖബറിനുള്ളില്‍ നിറഞ്ഞു. വിഷപ്പല്ലുകളെ രാകിവിളക്കിയ പാമ്പുകള്‍ വാലിന്മേല്‍ ഊന്നിനിന്നുകൊണ്ട് കൊത്താനായി ആഞ്ഞപ്പോള്‍ ''അയ്യോ എന്നെ കൊല്ലല്ലേ...'' എന്നു ഞാനുറക്കെ അലറി. എന്റെ അലര്‍ച്ചയില്‍ എന്നെ മൂടിയിരുന്ന പലകയും മണ്ണും പൊട്ടിത്തെറിച്ച് പഞ്ഞിപോലെ പറക്കുന്നതു കണ്ട് ഞാനമ്പരന്നു.
കൈകാല്‍ വിറയ്ക്കെ, നെറുക മുതല്‍ ഉള്ളംകാല്‍വരെ വിയര്‍ത്തുകുളിക്കെ, ആഞ്ഞുമിടിക്കുന്ന ഹൃദയവുമായി കട്ടിലില്‍ എണീറ്റിരുന്ന് അങ്ങോട്ടുമിങ്ങോട്ടും മിഴിച്ചുനോക്കുന്ന എന്നെച്ചുറ്റി ഭാര്യയും കുട്ടികളും. ഭാര്യ എന്റെ നെഞ്ചു തടവിക്കൊണ്ടിരിക്കുന്നു.
''വാപ്പാ...വാപ്പാ...എന്താ...എന്തുപറ്റി?'' ആകെ പതറിനിന്ന കുട്ടികള്‍ തിരക്കി.
''ഒന്നുമില്ല, വാപ്പയ്ക്കൊന്നുമില്ല. നിങ്ങള്‍ പോയി കിടന്നോ'' ഞാന്‍ മെല്ലെ പറഞ്ഞു.
വിവര്‍ത്തനം: സന്ധ്യ ഇടവൂര്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

