

നടനായും സംവിധായകനായും തിരക്കഥാകൃത്തായുമെല്ലാം മലയാളിയ്ക്ക് സുപരിചിതനായ വേണു നാഗവള്ളിയുടെ ഓര്‍മകള്‍ക്ക് ഇന്ന് 15 വയസ്. മലയാള സിനിമയിലെ ദുഃഖനായകനായിരുന്നു വേണു നാഗവള്ളി. എന്നാല്‍ അതേ വേണു നാഗവള്ളി ഏയ് ഓട്ടോ പോലൊരു എവര്‍ഗ്രീന്‍ സിനിമയൊരുക്കി ചിരിപ്പിക്കുകയും ചെയ്തു. ലാല്‍ സലാമും സര്‍വ്വകലാശാലയും സുഖമോ ദേവിയും കളിപ്പാട്ടവും ആയിരപ്പറയും രക്തസാക്ഷികള്‍ സിന്ദാബാദുമൊക്കെ തങ്ങള്‍ക്ക് സമ്മാനിച്ച സംവിധായകനെ മലയാളി മറക്കില്ല.
വേണു നാഗവള്ളിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ബാലചന്ദ്ര മേനോന്‍. ഇരുവരും കോളജ് കാലം മുതലുള്ള സുഹൃത്തുക്കളാണ്. ഒരുമിച്ച് പഠിച്ചവര്‍ പിന്നീട് സിനിമയിലും ഒരുമിച്ചെത്തി. ഇരുവരും കൈകോര്‍ത്തപ്പോഴൊക്കെ ലഭിച്ചത് നല്ല സിനിമകളായിരുന്നു. വേണു നാഗവള്ളിയുടെ മരണത്തിന്റെ നാലാം വാര്‍ഷികത്തില്‍ ബാലചന്ദ്ര മേനോന്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് അവരുടെ സൗഹൃദത്തിന്റെ അടയാളപ്പെടുത്തലായിരുന്നു. ആ വാക്കുകള്‍ ഇങ്ങനെയാണ്:
എന്നെ 'ബാലചന്ദ്രാ' എന്ന് മാത്രം വിളിക്കാറുള്ള വേണു. ഒരിക്കല്‍പോലും എല്ലാരെയുംപോലെ വേണു 'മേനോനെ ' എന്ന് വിളിച്ചുകേട്ടിട്ടില്ല. ആദ്യം യുണിവേഴ്‌സിറ്റി കോളജിലെ സീനിയര്‍ വിദ്യാര്‍ത്ഥി. നന്നായി പാടുമെന്നു ഇടനാഴികളില്‍ സംസാരം. പിന്നീട് ജേര്‍ണലിസത്തിനും സഹപാഠി.
ശാന്തനായിവരും...
സൌമ്യനായി മടങ്ങും...
ഒരിക്കല്‍ അലസസംഭാഷണങ്ങള്‍ക്കിടയില്‍ വേണു ചോദിച്ചു :
' ഇത് കഴിഞ്ഞാല്‍ ബാലചന്ദ്രനെന്താ പരിപാടി?'
ഒരു പടം സംവിധാനം ചെയ്‌തേ പറ്റു ...ഇല്ലെങ്കില്‍ ഭ്രാന്ത് പിടിക്കും...'
വേണു പൊട്ടിച്ചിരിച്ചത് ഓര്‍മ്മയുണ്ട്. എന്റെ ആത്മവിശ്വാസം കണ്ടപ്പോള്‍ എന്തിനു ഇനി ഭ്രാന്ത് പിടിക്കണം ഇപ്പോഴേ ഉണ്ടല്ലോ എന്ന് വേണുവിനു തോന്നിയതില്‍ തെറ്റില്ല.
പിന്നെ വേണുവിനെ കാണുന്നത് ആറു മാസങ്ങള്‍ക്ക് ശേഷം ആകാശവാണിയില്‍ വെച്ച് ഇപ്പോള്‍ വേണു അവിടുത്തെ ഉദ്യോഗസ്ഥനായി.. ...ഞാന്‍ മദിരാശിയില്‍ ഒരു സിനിമാ പത്രപ്രവര്‍ത്തകനും.
' അപ്പോള്‍ വേണു പാട്ടൊക്കെ നിര്‍ത്തിയോ?'
'അതൊന്നും കൊണ്ടുനടന്നാല്‍ ശരിയാവില്ല ബാലചന്ദ്രാ.....എന്തായി സംവിധാനം?'
'ഉടനെ ഉണ്ടാവും.....ഭ്രാന്ത് മൂത്തിരിക്കുവ....എനിക്ക് മാത്രമല്ലാ...എന്റെ പ്രൊഡ്യൂസര്‍ക്കും'
അങ്ങിനെ ഉത്രാടരാത്രിയിലൂടെ ഞാന്‍ സംവിധായകനാകുന്നു ...എന്നെ ഞെട്ടിച്ചു കൊണ്ട് വേണു കെ .ജി ജോര്‍ജിന്റെ ഉള്‍ക്കടലിലൂടെ നായകനടനാവുന്നു.
പിന്നെ കലികയിലൂടെ വീണ്ടും ഞങ്ങളുടെ അടുത്ത അങ്കം തുടങ്ങുന്നു.
ഇഷ്ടമാണ് പക്ഷെ, അണിയാത്ത വളകള്‍ ,താരാട്ട്, മണിയന്‍പിളള ,ആരാന്റെ മുല്ല കൊച്ചുമുല്ല,കിലുകിലുക്കം എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി ,ഒരു പൈങ്കിളിക്കഥ ഇത്തിരിനേരം ഒത്തിരി കാര്യം , പ്രശ്‌നം ഗുരുതരം , ഏപ്രില്‍ പതിനെട്ട് എന്നിങ്ങനെ പന്ത്രണ്ടു ചിത്രങ്ങളില്‍ നല്ലവേഷങ്ങള്‍ കൈകാര്യം ചെയ്ത് എന്റെ ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച നടന്‍ എന്ന ഖ്യാതിയും നേടി.
സുഖമോ ദേവി എന്ന ചിത്രത്തിലൂടെ വേണു സംവിധായകന്‍ ആകുന്നതില്‍ ഒരു മധ്യവര്‍ത്തിയാകാനും എനിക്ക് കഴിഞ്ഞു എന്നത് അതിന്റെ നിര്‍മ്മാതാവായ ഗാന്ധിമതി ബാലനറിയാം. ഒരു ഡസനോളം ചിത്രങ്ങള്‍ വേണു പിന്നീട് സംവിധാനം ചെയ്തു. എന്നാല്‍ ഒരു സിനിമയില്‍പ്പോലും സഹകരിക്കാനുള്ള ക്ഷണം എനിക്കുണ്ടായില്ല എന്നത് എന്റെ മനസ്സിനെ വേദനിപ്പിച്ചിട്ടുണ്ട് എന്ന് പറയാതെ പറ്റില്ല. അതിന്റെ കാരണം പറയാന്‍ കഴിയാത്തതിലും ചോദിക്കാന്‍ കഴിയാത്തതിലും ഞങ്ങള്‍ രണ്ടുപേരും ദുഃഖിതരാണെന്ന് മാത്രം പറഞ്ഞുകൊള്ളട്ടെ.
ഒരു ഗായകനാകാനുള്ള അദമ്യമായ ആഗ്രഹം കൊണ്ട് പലരുടെയും മുന്‍പില്‍ അപഹാസ്യനായ കഥകള്‍ വേണു പറഞ്ഞത് എന്റെ മനസ്സില് ഉണ്ടായിരുന്നത് കൊണ്ടാവാം ഞാന്‍ നിര്‍മ്മിച്ച പൈങ്കിളിക്കഥയില്‍ ഒരു പാട്ട് പാടണം എന്ന് പറഞ്ഞപ്പോള്‍ വേണുവിന്റെ മുഖത്തു കണ്ട പ്രകാശം മറക്കാന്‍ സാധിക്കുന്നില്ല.
ഏപ്രില്‍ 18 കണ്ടു പാര്‍ത്ഥാസ് തിയേറ്ററിന്റെ പടികള്‍ ഇറങ്ങുമ്പോള്‍ വികാരഭരിതനായി വേണു ചോദിച്ചു:
' ബാലചന്ദ്രോ...എന്തുവാ ഇത്! എന്റെ ഡയലോഗിന് കൈയടിയോ ? ദുഃഖനായകനും കൈയടിയോ, എനിക്ക് വിശ്വസിക്കാന്‍ മേലാ ..'
ചിത്രത്തില്‍ അവസാന രംഗത്ത് കോടതിക്ക് വെളിയില്‍ വെച്ച് വേണുവിന്റെ വക്കീല്‍കഥാപാത്രം അടൂര്‍ ഭാസിയെ നിലം പരിശാക്കുന്ന ഒരു സന്ദര്‍ഭം ഉണ്ട് .വേണു ആ രംഗത്ത് പ്രേക്ഷകരെ ശരിക്കും കൈയിലെടുക്കുകതന്നെ ചെയ്തു .
ഏതാണ്ട് ഒരേസമയത്തു ഞങ്ങള്‍ രോഗബാധിതരായി കിംസ് ഹോസ്പ്പിറ്റലില്‍ വെച്ച് കണ്ടുമുട്ടിയതാണ് അവസാനമായി കണ്ട നിമിഷം.പിന്നെ നീണ്ട രണ്ടു വര്‍ഷങ്ങള്‍ ഞാന്‍ ഹൈദരാബാദില്‍ അജ്ഞാതവാ സത്തിലായി. വേണു സ്ഥിരമായി എന്നെ ഫോണില്‍ വിളിക്കാന്‍ തുടങ്ങി...ആ വിളികള്‍ തികച്ചും അസാധാരണങ്ങളായിരുന്നു. ചിലപ്പോള്‍ അതിരാവിലെ ...അല്ലെങ്കില്‍ രാത്രി വൈകിയ വേളയില്‍ എന്റെ ഫോണ്‍ ശബ്ദിക്കും.
' ബാലചന്ദ്രോ ?..ഇത് വേണുവാ...'
ഒരിക്കല്‍ വേണു ചോദിച്ചു...
'ഒരു കാര്യം ബാലചന്ദ്രന് ഓര്മ്മയുണ്ടോ ? എന്റെ മോന്‍ വിവേകിന് ആദ്യമായി അഡ്വാന്‍സ് കൊടുത്തത് ബാലചന്ദ്രനാ. ചിത്രാഞാലിയില്‍ വെച്ച്.'
അങ്ങിനെ ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ ഫോണിലൂടെ പങ്കു വെച്ചു. ഒരു പക്ഷെ സംവിധായകന്റെ തത്രപ്പാടില്‍ വേണു എന്നോട് പറയാന്‍ വിട്ടു പോയ പലതും മന്ത്രം ജപിക്കും പോലെ വേണു പറഞ്ഞു തീര്‍ത്തു. അത് ശരിക്കും ഒരു കണക്കു തീര്‍ക്കലായിരുന്നു എന്ന് തന്നെ ഇപ്പോള്‍ തോന്നുന്നു.
വേണുവിന്റെ മരണത്തില്‍ എനിക്ക് നഷ്ട്ടമായത് ഒരു നല്ല കേള്‍വിക്കാരനെയാണ്. വേണുവു മൊത്തുള്ള കഥാ ചര്‍ച്ചവേളകള്‍ ഒരിക്കലും മറക്കാനാവില്ല. ഹോട്ടല്‍ ഗീതിലെ 501--നമ്പർ മുറി
എത്ര കഥകള്‍ക്കും കഥാപാത്രങ്ങള്‍ക്കും ജന്മം കൊടുത്തിട്ടുണ്ട് ! സന്ദര്‍ഭങ്ങള്‍ വിവരിക്കുമ്പോള്‍ തലമുടിയിലൂടെ വിരലുകള ഓടിച്ചു നിര്‍ന്നിമേഷനായി വേണു സാകൂതം കേട്ടിരിക്കുന്നത് ഇപ്പോഴും മനസ്സില് നിറഞ്ഞു നില്‍ക്കുന്നു. പുതിയ സിനിമയുടെ കഥ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ വേണുവിന്റെ ആ കുറവ് നന്നേ തോന്നുന്നു....പൈങ്കിളിക്കഥയില്‍ വേണു പാടിയ രണ്ടു വരികള്‍ കടമെടുത്തുകൊണ്ട് ഞാന്‍ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.
' എന്നന്നേക്കുമായ് നീ മറഞ്ഞു,
ഞങ്ങളെ വേര്‍ പിരിഞ്ഞു..'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates