
സൂര്യയുടെ പീരിഡ് ആക്ഷൻ ഡ്രാമ കങ്കുവ പ്രേക്ഷകരിലേക്കെത്തുകയാണ്. ശിവ സംവിധാനം ചെയ്യുന്ന ചിത്രം വൻ ഹൈപ്പോടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നതും. പ്രേക്ഷകർക്ക് കിടിലൻ ദൃശ്യവിസ്മയം തന്നെയായിരിക്കും കങ്കുവയെന്നാണ് ഇതുവരെ പുറത്തുവന്ന അപ്ഡേറ്റുകളിൽ നിന്നെല്ലാം മനസിലാകുന്നത്.
സൂര്യയുടെ ഇരട്ട വേഷങ്ങൾക്ക് പുറമേ ബോബി ഡിയോൾ, ദിഷ പടാനി, യോഗി ബാബു, റെഡിൻ കിങ്സ്‌ലി, നടരാജൻ സുബ്രഹ്മണ്യം, കോവൈ സരള, ആനന്ദരാജ്, കെഎസ് രവികുമാർ തുടങ്ങി വൻതാര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സിനിമയിൽ പ്രേക്ഷകർക്കായി ഒരു വലിയ സർപ്രൈസ് ഒരുക്കിയിട്ടുണ്ടെന്നും സൂര്യ സൂചന നൽകിയിരുന്നു.
കങ്കുവ ആദ്യ ഭാഗത്തിനൊപ്പം രണ്ടാം ഭാഗത്തിന്റെയും കഥ പൂര്‍ത്തിയായിട്ടുണ്ടെന്നും നിര്‍മാതാവ് അറിയിച്ചിരുന്നു. മാത്രമല്ല നടിപ്പിൻ നായകൻ സൂര്യയുടെ മികച്ച സിനിമകളിലൊന്നായിരിക്കും ഇതെന്നും വിലയിരുത്തലുകളുണ്ട്. സൂര്യയുടെ നൂറ് കോടി ക്ലബിൽ ഇടം നേടാനുള്ള ചിത്രമായിരിക്കും ഇതെന്നും ആരാധകർ പറയുന്നു. എന്തായാലും ഇതുവരെയുണ്ടായിരുന്ന പ്രതീക്ഷകൾ ചിത്രത്തെ കാക്കുമോയെന്നുള്ളത് നാളെ തിയറ്ററിൽ കണ്ടറിയാം. ചിത്രം കാണുന്നതിന് മുൻപ് കങ്കുവയുടെ ചില കൗതുകപരമായ കാര്യങ്ങൾ കൂടി അറിഞ്ഞാലോ.
സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 350 കോടി ബജറ്റിലാണ് കങ്കുവ ഒരുക്കിയിരിക്കുന്നത്. ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും വലിയ ബജറ്റിലെത്തുന്ന ചിത്രവും കങ്കുവയാണ്. മാത്രമല്ല സൂര്യയുടെ കരിയറിലേയും ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണിത്. ഏഴ് രാജ്യങ്ങളിലായാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്.
അത് കാർത്തിയോ?
കങ്കുവയിൽ കാർത്തിയുണ്ടോ എന്നാണ് ആരാധകരുടെ മറ്റൊരു ചോദ്യം. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിന്റെ അവസാന ഭാഗങ്ങളിൽ ഒരു കഥാപാത്രം സിഗാര്‍ വലിച്ച് പുക വിടുന്ന രംഗം കാണിക്കുന്നുണ്ട്. എക്സ്ട്രീം ക്ലോസപ്പിലുള്ള ആ ഷോട്ടില്‍ കഥാപാത്രത്തിന്റെ മുഖം പൂർണ്ണമായി കാണിക്കുന്നില്ലെങ്കിലും ഇത് കാർത്തിയാണെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ഇതിന് പുറമെ ട്രെയിലറിന്റെ മധ്യഭാഗത്തെ ഒരു എക്സ്ട്രീം ലോങ്ങ് ഷോട്ടിലും കാർത്തിയെ കാണാം എന്ന് ചിലർ പറയുന്നുണ്ട്.
കങ്കുവയിൽ കാർത്തിയുടെ കാമിയോ ഉണ്ടാകുമെന്നും ഇത് രണ്ടാം ഭാഗത്തേക്ക് നയിക്കുന്ന നിർണായക വേഷമാകും എന്നും നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഐഎംഡിബിയിലും കാർത്തിയുടെ പേര് കാമിയോ ആയി ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ വന്നിട്ടില്ല. എല്ലാവരും ഊഹിക്കുന്നത് പോലെ കാർത്തി ചിത്രത്തിലുണ്ടാകുമോയെന്ന് തിയറ്ററിൽ വച്ച് കാണാം.
150 ദിവസത്തിലധികം എടുത്താണ് കങ്കുവ ചിത്രീകരിച്ചതെന്നും അണിയറപ്രവർത്തകർ പ്രൊമോഷൻ പരിപാടിക്കിടെ പറഞ്ഞിരുന്നു. ചിത്രത്തിന്റെ ഏറ്റവും പ്രധാന ഹൈലൈറ്റ് യുദ്ധ രംഗമാണ്. ആയിരത്തിലധികം ആളുകളെ ഉൾപ്പെടുത്തിയാണ് ഈ യുദ്ധ രംഗം ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ഇത് ആദ്യമായിരിക്കും. അതുകൊണ്ട് തന്നെ പ്രേക്ഷകർക്കും പുതിയൊരു കാഴ്ചാനുഭവമായിരിക്കും ഇത്. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന തരത്തിലുള്ള ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നതെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സൂര്യ ചിത്രത്തിലെത്തുന്നത്. ഫ്രാൻസിസ്, കങ്കുവ എന്നിങ്ങനെയാണ് സൂര്യ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ. അപ്പോക്കാലിപ്റ്റൊയിൽ നിന്ന് റെഫറൻസ് എടുത്താണ് സൂര്യയുടെ ഉൾപ്പെടെയുള്ള കഥാപാത്രങ്ങളുടെ ലുക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ദിവസവും രാവിലെ അഞ്ചു മണിക്ക് മേക്കപ്പ് ആരംഭിച്ചാൽ മാത്രമാണ് എട്ടു മണിക്ക് ആദ്യ ഷോട്ട് എടുക്കാൻ സാധിക്കുകയുള്ളൂ. ഏകദേശം 100 ദിവസത്തോളം ഈ സമാന രീതി തുടരേണ്ടതായി വന്നുവെന്നും കങ്കുവ പ്രൊമോഷനിടെ സൂര്യ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിനായി ഉപയോഗിച്ച വസ്ത്രങ്ങളും ആയുധങ്ങളുമെല്ലാം നിർമാതാക്കൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
പ്രഖ്യാപിച്ചപ്പോൾ മുതൽ പ്രേക്ഷകർ ചർച്ച ചെയ്ത ഒന്നായിരുന്നു കങ്കുവ എന്ന വാക്കിനർഥം എന്താണെന്ന്. അഗ്നിയുടെ ശക്തിയുള്ള മനുഷ്യൻ എന്നാണ് കങ്കുവ എന്ന വാക്കിനർഥം. കങ്കുവയെ തീയോടാണ് ഉപമിച്ചതെങ്കിൽ ചിത്രത്തിലെ ഫ്രാൻസിസ് എന്ന കഥാപാത്രത്തെ കാറ്റിനോടാണ് സൂര്യ ബന്ധപ്പെടുത്തിയിരിക്കുന്നത്. കാറ്റ് പോലെയാണ് ഫ്രാൻസിസ് തിയോഡർ എന്ന കഥാപാത്രമെന്ന് സൂര്യ അടുത്തിടെ പറഞ്ഞിരുന്നു. മാത്രമല്ല ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന കുതിര, നായ, പരുന്ത് എന്നിവയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും സംവിധായകൻ മുൻപ് വെളിപ്പെടുത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
