
ഭാഷാഭേദമന്യേ ഫാന്റസി ചിത്രങ്ങൾക്ക് വലിയൊരു ആരാധകനിര തന്നെയുണ്ട്. അതിന് തെളിവാണ് ഫാൻ്റസി ചിത്രങ്ങൾക്ക് ഇപ്പോൾ തിയറ്ററുകളിൽ നിന്ന് ലഭിക്കുന്ന വൻ സ്വീകാര്യത. മുൻപൊക്കെ മലയാളത്തിലും തമിഴിലുമൊക്കെ വിരലിലെണ്ണാവുന്ന ചിത്രങ്ങളേ ഈ വിഭാഗത്തിൽ പുറത്തിറങ്ങിയിരുന്നുള്ളൂ. പലപ്പോഴും ബിഗ് ബജറ്റ് തന്നെയായിരുന്നു ഇത്തരം സിനിമകളിൽ നിന്ന് നിർമാതാക്കളെ പിന്നോട്ട് വലിച്ചിരുന്ന ഒരു കാരണം.
നൂതന സാങ്കേതിക വിദ്യയുടെ വരവോടെ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പത്തിലായി. ഇതോടെ ഫാന്റസി വിഭാഗത്തിൽ എത്തുന്ന ചിത്രങ്ങളുടെ എണ്ണവും കൂടി വരുകയാണ്. ഇക്കൂട്ടത്തിലേക്ക് എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂര്യ നായകനായെത്തുന്ന കങ്കുവ. ആക്ഷൻ - ഫാന്റസി വിഭാഗത്തിലൊരുങ്ങുന്ന കങ്കുവ ഈ മാസം 14ന് റിലീസിനൊരുങ്ങുകയാണ്.
രണ്ട് കാലഘട്ടത്തെ പശ്ചാത്തലമാക്കിയാണ് കങ്കുവ ഒരുക്കിയിരിക്കുന്നത്. കങ്കുവ, ഫ്രാൻസിസ് തിയോഡോർ എന്നീ ഇരട്ട വേഷങ്ങളിലാണ് സൂര്യ ചിത്രത്തിൽ എത്തുന്നതും. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രം കൂടിയാണിത്. കങ്കുവ എന്ന ദൃശ്യ വിസ്മയം കാണാൻ പോകുന്നതിന് മുൻപ്, തമിഴ് സിനിമയിൽ ശ്രദ്ധിക്കപ്പെട്ട ചില ഫാന്റസി സിനിമകളെക്കുറിച്ച് കൂടുതലറിയാം.
ചിമ്പു ദേവൻ രചനയും സംവിധാനവും നിർവഹിച്ച് 2015 ൽ പുറത്തിറങ്ങിയ ഫാൻ്റസി ആക്ഷൻ അഡ്വഞ്ചർ ചിത്രമാണ് പുലി. മരുധീരൻ, പുലിവേന്ദൻ എന്നീ ഇരട്ട വേഷങ്ങളിലായിരുന്നു ചിത്രത്തിൽ നടൻ വിജയ് എത്തിയത്. ശ്രീദേവി, ശ്രുതി ഹാസൻ, പ്രഭു, ഹൻസിക, കിച്ച സുദീപ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരന്നു. ഏകദേശം 130 കോടിയോളം രൂപ ബജറ്റിലായിരുന്നു ചിത്രം നിർമ്മിച്ചത്. എന്നാൽ ബോക്സോഫീസിൽ ആവറേജ് പ്രകടനമേ ചിത്രത്തിന് കാഴ്ചവയ്ക്കാൻ കഴിഞ്ഞുള്ളൂ. തിരക്കഥയിൽ വന്ന പോരായ്മയായിരുന്നു ചിത്രത്തിന്റെ നെഗറ്റീവായി ഉയർന്നു കേട്ടത്.
നയൻതാര, കാർത്തി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയൊരുക്കിയ ചിത്രമാണ് കാഷ്മോറ. രാജ് നായക്, കാഷ്മോറ എന്നീ ഇരട്ട വേഷങ്ങളിലാണ് ചിത്രത്തിൽ കാർത്തിയെത്തിയത്. ഹൊറർ, ആക്ഷൻ, കോമഡി എല്ലാം കൂടിച്ചേർന്ന ചിത്രമായിരുന്നു ഇത്. ബോക്സോഫീസിൽ വൻ പരാജയമായി മാറി ചിത്രം.
മഡോൺ അശ്വിൻ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ ശിവകാർത്തികേയനായിരുന്നു നായകനായെത്തിയത്. അദിതി ശങ്കർ, മിഷ്‌കിൻ, യോഗി ബാബു, സുനിൽ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തി. കാർട്ടൂണിസ്റ്റ് സത്യ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എസ്കെ എത്തിയത്. ബോക്സോഫീസിൽ മികച്ച കളക്ഷൻ നേടുകയും നിരൂപക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു മാവീരൻ.
ടൈറ്റിൽ റോളിൽ ഒരു ടെഡി ബിയറും നടൻ ആര്യയും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ടെഡി. സയേഷ, സതീഷ്, കരുണാകരൻ, മഗിഴ് തിരുമേനി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. ഒരു ആനിമേഷൻ കഥാപാത്രത്തെ ഒരുക്കാൻ ആദ്യമായി ഇന്ത്യൻ ആനിമേഷൻ കമ്പനിയെ സമീപിച്ച ചിത്രം കൂടിയായിരുന്നു ഇത്. രജനികാന്തിന്റെ കൊച്ചടിയാന് ശേഷം തമിഴിലെ രണ്ടാമത്തെ മോഷൻ ക്യാപ്ചർ ചിത്രവും ടെഡി ആയിരുന്നു.
സെൽവരാഘവൻ രചനയും സംവിധാനവും നിർവഹിച്ച് 2013 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഇരണ്ടം ഉലകം. ആര്യയും അനുഷ്‌ക ഷെട്ടിയുമായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. രണ്ട് ലോകത്ത് നടക്കുന്ന കഥയായിരുന്നു ചിത്രം പറഞ്ഞത്. 55 കോടി ബജറ്റിലായിരുന്നു ചിത്രമൊരുങ്ങിയത്. സമ്മിശ്ര പ്രതികരണവും ചിത്രം നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates