
മലയാളികള്‍ മറക്കാത്ത ഒട്ടനേകം പാട്ടുകളും ഈണങ്ങളുമുണ്ട്. മലയാള സിനിമാ ഗാന ശാഖയില്‍ തന്‍റേതായ ഇടം സൃഷ്ടിച്ച കൈതപ്രത്തിന്റെ വരികളും ഈണങ്ങളും എന്നും മലയാളിയുടെ ചുണ്ടിലുണ്ടാകും. മായാമയൂരമായി പീലിനീര്‍ത്തി നില്‍ക്കുന്ന അദ്ദേഹത്തിന്റെ പാട്ടുകള്‍ എല്ലാം ഒന്നിനൊന്ന് മികച്ചതാണ്. എല്ലാ പാട്ടുകളും മലയാളിയുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞവയും ആണ്. പ്രണയമില്ലെങ്കില്‍ മനുഷ്യന് ജീവിക്കാന്‍ പറ്റില്ലെന്ന് കൈതപ്രം തന്നെ പറഞ്ഞിട്ടുണ്ട്. കൈതപ്രത്തിന്റെ പ്രണയ ഗാനങ്ങളില്‍ പലതിലും ദുഃഖം അന്തര്‍ലീനമായി കിടക്കുന്നത് കാണാം. പ്രണയവും വിരഹവും ഗ്രാമീണതയും പരിഭവവും ദുഃഖവും ഒക്കെ ചേര്‍ത്തു വെക്കുന്നു അദ്ദേഹം തന്റെ ഗാനങ്ങളില്‍. 74 ാം പിറന്നാളിന്റെ നിറവില്‍ നില്‍ക്കുന്ന അദ്ദേഹത്തിന്റെ ചില ഗാനങ്ങളിലൂടെ....
ജയരാജ് സംവിധാനം നിര്‍വഹിച്ച് 1997ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദേശാടനം. സംസ്ഥാന ദേശീയ പുരസ്‌കാരങ്ങള്‍ ഈ ചിത്രം സ്വന്തമാക്കി. ഈ സിനിമയിലെ എല്ലാ ഗാനങ്ങളും പ്രേക്ഷകര്‍ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. കളിവീടുറങ്ങിയല്ലോ കളിവാക്കുറങ്ങിയല്ലോ... എന്നു തുടങ്ങുന്ന ഗാനം കേള്‍ക്കുമ്പോള്‍ കണ്ണു നനയ്ക്കാത്ത മലയാളികള്‍ ഉണ്ടാകില്ല.
തഴുകുന്ന തിരമാലകളേ ചിരിക്കുന്ന പൂക്കളേ
തഴുകുന്ന തിരമാലകളേ ചിരിക്കുന്ന പൂക്കളേ
അറിയില്ല നിങ്ങള്‍ക്കെന്റെ അടങ്ങാത്ത ജന്മദുഃഖം
ഇനിയെന്നു കാണുമെന്നാ പിടഞ്ഞുപോയി
എന്റെ ഇടനെഞ്ചിലോര്‍മ്മകള്‍ തുളുമ്പിപ്പോയി.... എന്നു കേള്‍ക്കുമ്പോള്‍ മനസ് പിടയാത്തവര്‍ ആരും ഉണ്ടാകില്ല. മോഹന രാഗത്തില്‍ അദ്ദേഹം ചിട്ടപ്പെടുത്തിയ ഈ പാട്ട് അത്രയേറെ മലയാളിയുടെ മനസിനെ പിടിച്ചുലച്ചതായിരുന്നു.
ദേശാടനത്തിലെ തന്നെ യാത്രയായീ...എന്നു തുടങ്ങുന്ന ഗാനം കേള്‍ക്കുമ്പോള്‍ മനസില്‍ ദുഃഖത്തിന്റെ കാര്‍മേഘം തന്നെയാണുണ്ടാവുന്നത്. പ്രധാന കഥാപാത്രമായ പാച്ചു എന്ന പരമേശ്വരന്‍ വേദപഠനത്തിനായി പോകുന്ന സമയത്തെ ഈ ഗാനം കണ്ണു നനയിക്കുകയാണ്.
യാത്രയായീ യാത്രയായീ
കണ്ണീരില്‍ മുങ്ങീ ശുദ്ധനാമുണ്ണി തന്‍
ദേശാടന വേളയായി
അനുഗ്രഹിക്കൂ അമ്മേ അനുവദിക്കൂ
പോകാനനുവദിക്കൂ....
തിരമാലകളാടിയുലഞ്ഞു...എന്ന് അമരം സിനിമയില്‍ യേശുദാസിന്റെ ശബ്ദത്തില്‍ കൈതപ്രം രചിച്ച വരികള്‍ ഇന്നും മലയാളികളുടെ പ്രിയപ്പെട്ട ഗാനങ്ങളിലുണ്ട്. ഇതിലും ദുഃഖ ഭാവം തന്നെയാണ് തെളിഞ്ഞു നില്‍ക്കുന്നത്. മധ്യമാവതി രാഗത്തില്‍ ചിട്ടപ്പെടുത്തിയ ഈ പാട്ട് മലയാളി ഒരിക്കലും മറക്കാത്ത ഗാന ശേഖരത്തിലൊന്നാണ്.
എന്നിളം കൊമ്പില്‍ നീ പാടാതിരുന്നെങ്കില്‍
ജന്മം പാഴ്മരം ആയേനെ,
ഇലകളും കണികളും മരതക വര്‍ണ്ണവും
വെറുതെ മറഞ്ഞേനെ എന്നാണ് കവി അവസാനമായി പറഞ്ഞുവെക്കുന്നത്.
മോഹൻലാല്‍ അഭിനയിച്ച അദ്വൈതം എന്ന ചിത്രത്തില്‍ അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ... എന്ന ഗാനം എം ജി ശ്രീകുമാറും ചിത്രയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. കൈതപ്രം എഴുതിയ വരികള്‍ സംഗീതം ചെയ്തിരിക്കുന്നത് എം ജി രാധാകൃഷ്ണനും. ഈ വരികളില്‍ കവി പറയുന്നത് എല്ലാം പരിഭവങ്ങളാണ്. പ്രണയം പകര്‍ന്നു കൊടുക്കാന്‍ കഴിയാത്ത കവിയുടെ ദുഃഖം ഉള്ളിലടക്കിയാണ് ഗാനം എഴുതിയിരിക്കുന്നത്.
പീലു എന്ന രാഗത്തില്‍ ജോണ്‍സണ്‍ മാഷിന്റെ കയ്യൊപ്പ് പതിഞ്ഞ ഗാനം എഴുതിയത് കൈതപ്രം ആണ്. മോഹൻലാലും തിലകനും മത്സരിച്ചഭിനയിച്ച ചിത്രത്തിലെ ഈ ഗാനം യേശുദാസിന്റെ ശബ്ദത്തില്‍ കേള്‍ക്കാത്ത മലയാളികള്‍ വിരളമായിരിക്കും. ജീവിതത്തിലെ ദുഃഖം തന്നെയാണ് ഈ വരികളിലെല്ലാം നിഴലിച്ചു കാണുന്നത്.
ചേതോവികാരമേ നിറയൂ വീണ്ടുമെന്‍
ലോലമാം സന്ധ്യയില്‍ ആതിരാത്തെന്നലില്‍.... എന്നാണ് കവി പറയുന്നത്....
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates