
2024 അവസാനിക്കാനൊരുങ്ങുകയാണ്. ബിഗ് ബജറ്റിലും അല്ലാതെയും നിരവധി സിനിമകളാണ് ഈ വർഷം തെലുങ്കിൽ റിലീസ് ചെയ്തത്. പാൻ ഇന്ത്യൻ തലത്തിൽ റിലീസ് ചെയ്ത ചിത്രങ്ങളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. വലിയ ബജറ്റിലെത്തിയിട്ടും തിയറ്ററുകളിൽ യാതൊരുവിധ ചലനവുമുണ്ടാക്കാൻ കഴിയാതെ പോയ ചിത്രങ്ങളും അനവധിയുണ്ട്. പ്രഭാസ്, ജൂനിയർ എൻടിആർ, മഹേഷ് ബാബു, നാനി തുടങ്ങി സൂപ്പർ താര ചിത്രങ്ങളും ഈ വർഷം പ്രേക്ഷകരിലേക്കെത്തി.
ഇക്കൂട്ടത്തിൽ മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ നായകനായെത്തിയ ചിത്രവും മികച്ച പ്രേക്ഷക പ്രതികരണം നേടി. ഇപ്പോഴിതാ അല്ലു അർജുൻ നായകനായെത്തുന്ന പുഷ്പ 2 വും തെലുങ്കിൽ റിലീസിനൊരുങ്ങുകയാണ്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിലുള്ള ഹൈപ്പ് വളരെ വലുതാണ്.
എന്തായാലും 2024 ലെ ബോക്സോഫീസ് റെക്കോഡുകളെല്ലാം പുഷ്പ 2 തകർത്തെറിയുമോ എന്ന കാര്യം കാത്തിരുന്നു കാണാം. ഈ വർഷം തെലുങ്കിൽ ബോക്സോഫീസിൽ ഹിറ്റായി മാറിയ അഞ്ച് ചിത്രങ്ങളിലൂടെ.
നാഗ് അശ്വിൻ സംവിധാനം ചെയ്ത് പ്രഭാസ് നായകാനായെത്തിയ ചിത്രമായിരുന്നു കൽക്കി 2898 എഡി. പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോൺ, ദുൽഖർ സൽമാൻ, വിജയ് ദേവരകൊണ്ട തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. 600 കോടി ബജറ്റിലാണ് നിർമ്മിച്ചിരിക്കുന്നത്. വൈജയന്തി മൂവീസ് ആയിരുന്നു നിർമ്മാണം.
അതുവരെയുണ്ടായിരുന്ന ബോക്സോഫീസ് റെക്കോഡുകളെയെല്ലാം തകർത്തെറിഞ്ഞാണ് കൽക്കി കുതിച്ചത്. ലോകമെമ്പാടുമായി 1200 കോടിയോളം ചിത്രം കളക്ഷൻ നേടി. ഇതോടെ 2024 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ തെലുങ്ക് ചിത്രമായും കൽക്കി മാറി.
കൊരട്ടാല ശിവ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ദേവര പാർട്ട് 1. ജൂനിയർ എൻടിആർ ഡബിൾ റോളിലാണ് ചിത്രത്തിലെത്തിയത്. സെയ്ഫ് അലി ഖാൻ, ജാൻവി കപൂർ, പ്രകാശ് രാജ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. ജൂനിയർ എൻടിആറിന്റെ കരിയറിലെ 30-ാമത്തെ ചിത്രം കൂടിയായിരുന്നു ഇത്. യുവസുധ ആർട്‌സും എൻടിആർ ആർട്‌സും ചേർന്നായിരുന്നു ചിത്രം നിർമിച്ചത്. ആഗോളത്തലത്തിൽ 509 കോടിയോളം ചിത്രം നേടി. 200 - 300 കോടി ചെലവഴിച്ചാണ് ചിത്രം നിർമിച്ചത്.
ത്രിവിക്രം ശ്രീനിവാസ് രചനയും സംവിധാനവും നിർവഹിച്ച് മഹേഷ് ബാബു നായകനായെത്തിയ ചിത്രമാണ് ഗുണ്ടൂർ കാരം. ശ്രീലീല, മീനാക്ഷി ചൗധരി, ജഗപതി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. 200 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്. എന്നാൽ ആഗോളതലത്തിൽ വലിയൊരു ചലനമുണ്ടാക്കാൻ ചിത്രത്തിനായില്ല. ഏകദേശം 180 കോടി മാത്രമാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് തിരിച്ചു പിടിക്കാനായത്. ഹരിക ആൻഡ് ഹാസിൻ ക്രിയേഷൻസിന്റെ ബാനറിൽ എസ് രാധാകൃഷ്ണയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
വെങ്കി അറ്റ്‌ലൂരി രചനയും സംവിധാനവും നിർവഹിച്ച് ദുൽഖർ സൽമാൻ നായകനായെത്തി തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ ചിത്രമാണ് ലക്കി ഭാസ്കർ. സീതാ രാമം എന്ന തെലുങ്ക് ബ്ലോക്ബസ്റ്ററിന് ശേഷം ദുൽഖർ നായകനായെത്തിയ തെലുങ്ക് ചിത്രം കൂടിയായിരുന്നു ഇത്. മീനാക്ഷി ചൗധരിയാണ് ചിത്രത്തിൽ നായികയായെത്തിയത്. സൂര്യ ശ്രീനിവാസ്, രാംകി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി.
100 കോടി ബജറ്റിലായിരുന്നു ചിത്രം നിർമിച്ചത്. സിത്താര എൻ്റർടെയ്ൻമെൻ്റ്‌സ്, ഫോർച്യൂൺ ഫോർ സിനിമ, ശ്രീകര സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ എസ് നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ലോകമെമ്പാടും 112 കോടിയിലധികം ചിത്രം നേടുകയും ചെയ്തു.
പ്രശാന്ത് വർമ്മ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ഹനു-മാൻ. സൂപ്പർ ഹീറോ ചിത്രമായാണ് ഹനു-മാൻ പ്രേക്ഷകരിലേക്കെത്തിയത്. തേജ സജ്ജ, വരലക്ഷ്മി ശരത് കുമാർ, വിനയ് റായ്, അമൃത അയ്യർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. 40 കോടി മുതൽമുടക്കിലൊരുക്കിയ ചിത്രം ലോകമെമ്പാടും 250 കോടിയിലധികം കളക്ഷൻ നേടി. പ്രൈംഷോ എൻ്റർടെയ്ൻമെൻ്റ് ആണ് ചിത്രം നിർമ്മിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
