
യുദ്ധം പ്രമേയമാക്കി നിരവധി സിനിമകൾ വിവിധ ഭാഷകളിലായി പ്രേക്ഷകരിലേക്കെത്തിയിട്ടുണ്ട്. ഒന്നാം ലോക മഹായുദ്ധവും രണ്ടാം ലോക മഹായുദ്ധവുമൊക്കെ ഇപ്പോഴും സിനിമകൾക്ക് വിഷയമാകാറുണ്ട്. പലപ്പോഴും യുദ്ധത്തിന്റെ ഭീകരതയും മനുഷ്യരുടെ നിസഹായവസ്ഥയുമെല്ലാം ഇത്തരം ചിത്രങ്ങളിലൂടെ കൂടുതൽ മനസിലാക്കാനും കഴിയും. മറ്റ് ചിത്രങ്ങൾ കാണുന്നതു പോലെ ആസ്വദിച്ചിരിക്കാൻ പറ്റുന്ന ഒരു ഴോണറുമല്ല വാർ മൂവീസ് എന്നത്.
എല്ലാം നഷ്ടപ്പെട്ടവരെയും അതിജീവനത്തിനായി പെടാപാട് പെടുന്നവരെയുമൊക്കെ ഇത്തരം ചിത്രങ്ങളിൽ കാണാം. പേടിച്ചും വേദനിച്ചുമൊക്കെ ആയിരിക്കും പലപ്പോഴും വാർ മൂവീസ് നമ്മൾ കണ്ടു തീർക്കുക.
യുദ്ധത്തിന്റെ ഭീകരത നമ്മളിലേക്കെത്തിച്ച നിരവധി സിനിമകൾ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നുണ്ട്. അൺ ബ്രോക്കൻ, വാർ മെഷീൻ, ദ് വൈറ്റ് ഹെൽമറ്റ്സ്, ബീറ്റ്സ് ഓഫ് നോ നേഷൻ തുടങ്ങിയവയൊക്കെ അതിൽ ചിലത് മാത്രമാണ്. നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്ന വാർ മൂവീസിലൂടെ.
സാം മെൻഡസ് സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ ചിത്രമാണ് 1917. ഒന്നാം ലോക മഹായുദ്ധത്തെ ആസ്പദമാക്കിയൊരുക്കിയിരിക്കുന്ന ചിത്രമാണിത്. ജോർജ് മക് കെ, ഡീൻ ചാൾസ് ചാപ്മാൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ഒന്നാം ലോക മഹായുദ്ധത്തെ കുറിച്ച് സാം മെൻഡസ് അദ്ദേഹത്തിന്റെ മുത്തച്ഛനിൽ നിന്ന് കേട്ട കഥകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് 1917 ഒരുക്കിയിരിക്കുന്നത്. ചിത്രം ബോക്സോഫീസിൽ വൻ കളക്ഷൻ നേടുകയും മികച്ച നിരൂപക പ്രശംസ നേടുകയും ചെയ്തു. മികച്ച ഛായാഗ്രഹണം, മികച്ച ശബ്ദമിശ്രണം, മികച്ച വിഷ്വൽ ഇഫക്റ്റക്സ് എന്നിവയ്ക്ക് ഓസ്കർ പുരസ്കാരവും ചിത്രത്തെ തേടിയെത്തി. റോജർ ഡീക്കിൻസ് ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
റിഡ്‌ലി സ്കോട്ട് സംവിധാനം ചെയ്ത് 2002 ൽ പുറത്തിറങ്ങിയ ചിത്രം. അമേരിക്കൻ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ മാർക്ക് ബോഡെന്റെ ബ്ലാക്ക് ഹോക്ക് ഡൗൺ: എ സ്റ്റോറി ഓഫ് മോഡേൺ വാർ എന്ന പുസ്കത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ജോഷ് ഹാർട്ട്നെറ്റ്, എറിക് ബാന എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.
വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുത്ത സൈനികരോടുള്ള ആദരസൂചകമായി സ്പൈക് ലീ ഒരുക്കിയ ചിത്രമാണ് ഡാ 5 ബ്ലഡ്സ്. 2020 ലാണ് ചിത്രം റിലീസ് ചെയ്തത്. ഡെൽറോയ് ലിൻഡോ, ജോനാഥൻ മേജേഴ്‌സ്, ക്ലാർക്ക് പീറ്റേഴ്‌സ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.
മത്തിജ്സ് വാൻ ഹെയ്ജിൻഗെൻ ജൂനിയർ സംവിധാനം ചെയ്ത് 2020 ൽ പുറത്തിറങ്ങിയ ചിത്രമാണ് ദ് ഫൊർഗോട്ടൺ ബാറ്റിൽ. ഡച്ച് വാർ ഡ്രാമയായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ഗിജ്സ് ബ്ലോം, ജാമി ഫ്ലാറ്റേഴ്സ്, സൂസൻ റഡർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
രണ്ടാം ലോക മഹായുദ്ധ കാലത്തെ ഒരു നോർവേജിയൻ യുവാവിന്റെ ചെറുത്തു നിൽപ്പും പോരാട്ടവുമൊക്കെ തുറന്നു കാട്ടുന്ന ചിത്രമാണ് നമ്പർ 24. ജോൺ ആൻഡ്രിയാസ് ആൻഡേഴ്സൺ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സ്ജുർ വാട്നെ ബ്രീൻ, എറിക്, ഫിലിപ്പ് ഹെൽഗാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates