ചങ്കൂറ്റമുള്ള പെണ്ണ്, ഡബിൾ സ്ട്രോങ് ആണ് ഭാവന; താരത്തിന്റെ മികച്ച പെർഫോമൻസുകൾ

അതിവേഗത്തിലായിരുന്നു മലയാളത്തിലെ മുൻനിര നായികമാരിലേക്ക് ഭാവന ഉയർന്നു വന്നത്.
Bhavana
ഭാവനഇൻസ്റ്റ​ഗ്രം

മലയാള സിനിമയിലെ ധീരയായ പെണ്ണ്, ധൈര്യത്തിന്റെ മുഖം, ചങ്കൂറ്റം കാണിച്ച സ്ത്രീ... നടി ഭാവനയെക്കുറിച്ച് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്ന വാക്കുകളാണിത്. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ഭാവന സിനിമയിലേക്കെത്തുന്നത്. അതിവേഗത്തിലായിരുന്നു മലയാളത്തിലെ മുൻനിര നായികമാരിലേക്ക് ഭാവന ഉയർന്നു വന്നത്. ഇതിനിടെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഭാവന സ്ഥാനമുറപ്പിച്ചു.

എന്നാൽ അഞ്ച് വർഷത്തോളം ഭാവന മലയാള സിനിമയിൽ നിന്ന് അപ്പാടെ മാറി നിന്നു. 2017ൽ പുറത്തിറങ്ങിയ ആദം ജോൺ എന്ന സിനിമയ്ക്ക് ശേഷമാണ് ഭാവന മലയാളത്തിൽ നിന്ന് മാറി നിന്നത്. ആ അഞ്ച് വർഷവും ഭാവനയെ തേടി മലയാളത്തിൽ നിന്ന് സിനിമകളും കഥകളുമൊക്കെ വന്നു, തിരികെ വരണമെന്ന് സുഹൃത്തുക്കളടക്കം നിർബന്ധിച്ചു. എന്നാൽ താരം അതെല്ലാം നിരസിച്ചു. "വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നതും ഒന്നും സംഭവിച്ചിട്ടില്ലെന്ന പോലെ പെരുമാറുകയെന്നതും എനിക്ക് പ്രയാസകരമായിരുന്നു. എന്റെ മന:സമാധനത്തിന് വേണ്ടിയാണ് മലയാള സിനിമയിൽ നിന്ന് ഞാൻ വിട്ടു നിന്നത്"- എന്ന് മലയാളത്തിലേക്കുള്ള തിരിച്ചുവരവിൽ ഭാവന തുറന്നു പറഞ്ഞു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെ ഭാവന വീണ്ടും മലയാളത്തിലേക്ക് തിരികെയെത്തി.

ആ തിരിച്ചുവരവിനെ ഇരുകൈയ്യും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചതും. ഡബിൾ സ്ട്രോങ്ങായാണ് തന്റെ തിരിച്ചുവരവെന്ന് ഭാവനയുടെ പിന്നീടുള്ള ഓരോ നീക്കത്തിലൂടെയും മലയാളികൾ കണ്ടറിഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഷാജി കൈലാസ് ചിത്രം ഹണ്ട് ആണ് ഭാവനയുടേതായി ഒടുവിലെത്തിയ മലയാള ചിത്രം. ചിത്രത്തിനു മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. താരത്തിന്റെ ശ്രദ്ധേയമായ ചില സിനിമകളിലൂടെ.

1. നമ്മൾ

Bhavana

ഭാവനയെ ഓർക്കുമ്പോൾ തന്നെ മലയാളികൾക്ക് ഓർമ്മ വരുന്നത് നമ്മളിലെ പരിമളത്തെ തന്നെയാകും. പതിനാറാം വയസിലാണ് നമ്മളിൽ അഭിനയിക്കുന്നത്. കമൽ സംവിധാനം ചെയ്ത ചിത്രത്തിൽ ജിഷ്ണു രാഘവൻ, സിദ്ധാർഥ്, രേണുക മേനോൻ, സുഹാസിനി തുടങ്ങിയവരും ഭാവനയ്ക്കൊപ്പം ചിത്രത്തിലെത്തി. 2002 ൽ പുറത്തിറങ്ങിയ ചിത്രത്തിനും സിനിമയിലെ ​ഗാനങ്ങൾക്കും ഇന്നും ആരാധകരേറെയാണ്. ചിത്രത്തിലെ അഭിനയത്തിന് ഭാവനയെ തേടി സംസ്ഥാന പുരസ്കാരവുമെത്തിയിരുന്നു.

2. ഒഴിമുറി

Bhavana

മധുപാൽ സംവിധാനം ചെയ്ത് 2012 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഒഴിമുറി. അഭിഭാഷകയായ ബാലാമണി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഭാവനയെത്തിയത്. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള 2012 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ചിത്രത്തിന് ലഭിച്ചു. ആസിഫ് അലി, ലാൽ, ശ്വേത മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി.

3. ദൈവനാമത്തിൽ

Bhavana

2005 ൽ ജയരാജ് സംവിധാനം ചെയ്ത ചിത്രമാണ് ദൈവനാമത്തിൽ. പൃഥ്വിരാജും ഭാവനയുമായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിലെ അഭിനയത്തിന് ഭാവനയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചിരുന്നു. സമീറ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഭാവനയെത്തിയത്.

4. ചിന്താമണി കൊലക്കേസ്

Bhavana

2006 ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ചിന്താമണി കൊലക്കേസ്. സുരേഷ് ഗോപി, ഭാവന, തിലകൻ, സായി കുമാർ, ബിജു മേനോൻ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ചിന്താമണി എന്ന ടൈറ്റിൽ കഥാപാത്രമായാണ് ചിത്രത്തിൽ ഭാവനയെത്തിയത്. താരത്തിന്റെ കരിയറിലെ വഴിത്തിരിവുകളിലൊന്നു കൂടിയായിരുന്നു ഈ ചിത്രം.

5. ഛോട്ടാ മുംബൈ

Bhavana

അൻവർ റഷീദ് സം‌വിധാനം ചെയ്ത ഛോട്ടാ മുംബൈയിൽ ഓട്ടോഡ്രൈവറായ ലതയെന്ന കഥാപാത്രമായാണ് ഭാവനയെത്തിയത്. മോഹൻലാൽ, കലാഭവൻ മണി, സായി കുമാർ, സിദ്ദിഖ്, ഇന്ദ്രജിത്ത്, ജഗതി ശ്രീകുമാർ, രാജൻ പി ദേവ് തുടങ്ങി വൻ താരനിര ചിത്രത്തിൽ അണിനിരന്നു. ചിത്രത്തിലെ ഭാവനയുടെ പ്രകടനവും ഏറെ കൈയടി നേടി.

6. ആദം ജോൺ

Bhavana

ജിനു എബ്രഹാം രചനയും സംവിധാനവും നിർവഹിച്ച ആദം ജോൺ 2017 ലാണ് പുറത്തുവന്നത്. പൃഥ്വിരാജ്, മിഷ്തി, നരേൻ, രാഹുൽ മാധവ്, ഭാവന എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. ശ്വേത എന്ന കഥാപാത്രമായാണ് ഭാവന ചിത്രത്തിലെത്തിയത്. ഇമോഷൻ രം​ഗങ്ങളിലും ആക്ഷനിലുമടക്കം ഭാവന കഥാപാത്രത്തെ കൂടുതൽ ആഴമേറിയതാക്കി. ഈ ചിത്രത്തിന് ശേഷം ഭാവന മലയാള സിനിമയിൽ നിന്ന് ചെറിയൊരു ഇടവേളയെടുത്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com