'നമ്മുടെ നാടിന്റെ ഒരു പോക്കേ'! എംപുരാനും ജാനകിയും മാത്രമല്ല വേറെയുമുണ്ട് ചിത്രങ്ങൾ

സെൻസർ ബോർഡ് അം​ഗങ്ങൾക്ക് യാതൊരു വിവരവുമില്ലേ എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.
JSK, Empuraan
എംപുരാൻ, ജെഎസ്കെ (JSK)ഫെയ്സ്ബുക്ക്

എംപുരാൻ എന്ന ബി​ഗ് ബജറ്റ് ചിത്രത്തിന് പിന്നാലെ ജെഎസ്കെയ്ക്കും സെൻസർ ബോർഡ് കത്രിക വച്ചിരിക്കുകയാണ്. എംപുരാനിൽ സിനിമയിലെ കഥാപാത്രത്തിന്റെ പേരും ഡ‌യലോ​ഗുകളുമൊക്കെ പ്രശ്നമായിരുന്നെങ്കിൽ ജെഎസ്കെയിൽ പേരിൽ തന്നെയാണ് സെൻസർ ബോർഡ് കടുംപിടിത്തം പിടിച്ചത്. ജാനകി എന്ന പേര് രാമായണത്തിലെ സീതയുടേതാണെന്നും ഇത് മതവികാരം വ്രണപ്പെടുത്തുമെന്നുമുള്ള വിചിത്രവാദം പറഞ്ഞാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നത്.

സെൻസർ ബോർഡ് പറഞ്ഞ കാര്യങ്ങൾ പുറത്തുപോലും പറയാൻ പറ്റാത്തതാണെന്ന് ജെഎസ്കെയുടെ സംവിധായകൻ പ്രവീൺ നാരായണനും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എംപുരാനിലെ പതിനേഴോളം രം​ഗങ്ങളാണ് റീ എഡിറ്റ് ചെയ്തത്. രണ്ട് രം​ഗങ്ങൾ മ്യൂട്ട് ചെയ്യണമെന്ന സെൻസർ ബോർ‌ഡിന്റെ നിർദേശവും ജെഎസ്കെ നിർമാതാക്കൾ അം​ഗീകരിച്ചു. എന്തായാലും ജെഎസ്കെ സിനിമയിലൂടെ സെൻസർ ബോർഡും അവരുടെ നിർദേശങ്ങ‌ളുമൊക്കെ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുകയാണ്.

'ആരാണ് ഇത്തരം വിചിത്രമായ വാദങ്ങൾ ഉന്നിയിക്കുന്നതെന്നും' 'സെൻസർ ബോർഡ് അം​ഗങ്ങൾക്ക് യാതൊരു വിവരവുമില്ലേ', 'നമ്മുടെ നാടിന്റെ ഒരു പോക്കേ'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. മുൻപും ഇന്ത്യയിൽ ഒട്ടേറെ സിനിമകൾക്ക് വിലങ്ങു തടിയായി സെൻസർ ബോർഡ് മാറിയിട്ടുണ്ട്. സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തി തിയറ്ററുകളിലെത്തിയ ആ ചിത്രങ്ങളിലൂടെ ഒന്ന് കടന്നു പോയാലോ.

1. ഇന്ത്യാസ് ഡോട്ടർ

India's Daughter
ഇന്ത്യാസ് ഡോട്ടർഇൻസ്റ്റ​ഗ്രാം

2012 ൽ നടന്ന ഡൽഹി കൂട്ടബലാത്സംഗത്തിന്റെ ഭയാനകമായ കഥ പറയുന്ന ബിബിസി ഡോക്യുമെന്ററിയാണ് ഇന്ത്യാസ് ഡോട്ടർ. ലെസ്‌ലി ഉഡ്വിൻ സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററി, ലിംഗസമത്വം, പുരുഷമനോഭാവം തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാലു പ്രതികളെ 30 മണിക്കൂറോളം അഭിമുഖം നടത്തിയാണ് ഈ ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. സ്ത്രീകൾക്കെതിരായ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന പേരിലാണ് കോടതി ചിത്രത്തിന് നിരോധനം ഏർപ്പെടുത്തിയത്.

2. പർസാനിയ

Parzania
പർസാനിയഇൻസ്റ്റ​ഗ്രാം

ഗുജറാത്ത് കലാപത്തെ ആധാരമാക്കി 2007 ൽ പുറത്തിറങ്ങിയ ചിത്രമാണ്‌ പർസാനിയ. രാഹുൽ ധൊലാക്കിയ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നസ്റുദ്ദീൻ ഷാ, സരിക എന്നിവരാണ്‌ പ്രധാന വേഷത്തിലെത്തിയത്. ഗുജറാത്ത് കലാപം നടന്ന സമയത്ത് കാണാതായ അസ്ഹർ മോഡി എന്ന പത്തു വയസുകാരന്റെ യഥാർഥ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. കാണാതായ മകനെ തേടി പാർസി കുടുംബം നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. 2005 ൽ ചിത്രം പൂർത്തിയായെങ്കിലും 2007 ലാണ് ചിത്രത്തിന് പ്രദർശനാനുമതി ലഭിക്കുന്നത്.

3. നീൽ ആകാശർ നീച്ചേ

Neel Akasher Neechey
നീൽ ആകാശർ നീച്ചേ

മൃണാൾ സെൻ സംവിധാനം ചെയ്ത് 1959 ൽ പുറത്തിറങ്ങിയ ചിത്രമാണ് നീൽ ആകാശർ നീച്ചേ. കാളി ബാനർജി, മഞ്ജു ഡേ, ബികാഷ് റോയ് എന്നിവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. മഹാദേവി വർമയുടെ ചെറുകഥയായ ചിനി ഫെരിവാലയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്ത്യ ഗവൺമെൻ്റ് നിരോധിച്ച ആദ്യ ചിത്രമായിരുന്നു ഇത്. രണ്ട് മാസത്തേക്കാണ് ചിത്രത്തിന് നിരോധനം ഏർപ്പെടുത്തിയത്. കൊൽക്കത്തയിലെ ബ്രിട്ടീഷ് രാജിന്റെ അവസാന നാളുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കുടിയേറ്റക്കാരനായ ചൈനീസ് കൂലിത്തൊഴിലാളിയായ വാങ് ലുവും ബസന്തിയെന്ന പെൺകുട്ടിയും തമ്മിലുള്ള വിശുദ്ധ പ്രണയവും മറ്റുമായിരുന്നു ചിത്രം പറഞ്ഞത്.

4. ദ് ഡേർട്ടി പിക്ചർ

The Dirty Picture
ദ് ഡേർട്ടി പിക്ചർഇൻസ്റ്റ​ഗ്രാം

സിൽക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി മിലൻ ലുത്രിയ ഒരുക്കിയ ചിത്രമാണ് ദ് ഡേർട്ടി പിക്ചർ. വിദ്യ ബാലൻ, തുഷാർ കപൂർ, നസ്റുദ്ദീൻ ഷാ, ഇമ്രാൻ ഹാഷ്മി എന്നിവരും പ്രധാനവേഷത്തിലെത്തി. ചിത്രത്തിലെ അഭിനയത്തിന് 2011 ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും വിദ്യയെ തേടിയെത്തിരുന്നു. ചിത്രത്തിന്റെ ഇന്ത്യൻ ടെലിവിഷൻ പ്രീമിയർ ആദ്യം സർക്കാർ തടഞ്ഞു. 56 ഓളം കട്ടുകളാണ് ആവശ്യപ്പെട്ടത്. എന്നാൽ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ അനുമതി ലഭിച്ചതിനെത്തുടർന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് പിന്നീട് ടെലികാസ്റ്റ് അനുവദിച്ചു.

5. പദ്മാവത്

Padmaavat
പദ്മാവത്ഇൻസ്റ്റ​ഗ്രാം

ഏറെ വിവാദങ്ങൾക്കൊടുവിൽ പുറത്തുവന്ന ചിത്രമാണ് സഞ്ജയ് ലീല ബൻസാലിയുടെ പദ്മാവത്. ചിറ്റോറിലെ രജപുത്ര മഹാരാജാവ് രത്തൻസെന്നിന്റെ പ്രിയ പത്നി, അതി സുന്ദരിയായ റാണി പദ്മാവതിയുടെ കഥയാണ് ചിത്രം പറഞ്ഞത്. അലാവുദീൻ ഖിൽജിക്ക് പദ്മാവതിയോടുള്ള പ്രണയമാണ് ചിത്രത്തെ വിവാദമാക്കിയത്. ചരിത്രം വളച്ചൊടിക്കുന്നുവെന്നാരോപിച്ച് കർണിസേനയാണ് പദ്മാവതിനെതിരെ രംഗത്തെത്തിയത്. ​ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ പേരുൾപ്പെടെ അഞ്ചോളം മാറ്റങ്ങളാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്.

6. ദ് കേരള സ്റ്റോറി

The Kerala Story
ദ് കേരള സ്റ്റോറിഇൻസ്റ്റ​ഗ്രാം

മുസ്ലിം വിരുദ്ധ നിലപാടുകളും വിദ്വേഷ പരാമര്‍ശങ്ങളുമായി വിവാദത്തിന് തുടക്കമിട്ട ഹിന്ദി ചിത്രമാണ് ദ് കേരള സ്റ്റോറി. കേരളത്തിലെ ഹിന്ദു പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റി സിറിയയിലേക്കും യെമനിലേക്കും മനുഷ്യ കടത്ത് നടത്തുന്നുവെന്ന ആരോപണമാണ് ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസിന് പിന്നാലെ ഉയർന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ കേരളത്തിലും ഉയര്‍ന്നിരുന്നു. പശ്ചിമ ബംഗാളിൽ ചിത്രത്തിന് നിരോധം ഏർപ്പെടുത്തിയിരുന്നു. സെൻസർ ബോർഡിന്റെ നിർദേശ പ്രകാരം ചിത്രത്തിൽ ചില മാറ്റങ്ങളും വരുത്തിയിരുന്നു.

7. എംപുരാൻ

Empuraan
എംപുരാൻഇൻസ്റ്റ​ഗ്രാം

എംപുരാൻ സിനിമയുടെ ഉള്ളടക്കത്തെ ചൊല്ലിയുണ്ടായ വിവാദത്തെ തുടര്‍ന്നാണ് ചിത്രം റീ എഡിറ്റ് ചെയ്യാൻ സെൻസർ ബോർഡ് നിർദേശിച്ചത്. ചിത്രത്തിലെ ചില രംഗങ്ങളും പരാമര്‍ശങ്ങളും ഒഴിവാക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. സിനിമയിലെ 17ലധികം രംഗങ്ങൾ റീ എഡിറ്റ് ചെയ്തു. വിവാദമുയര്‍ന്ന സാഹചര്യത്തില്‍ നടന്‍ മോഹന്‍ലാല്‍ സമൂഹ മാധ്യമങ്ങളിലൂടെ ഖേദ പ്രകടനം നടത്തിയിരുന്നു. സിനിമയുടെ സംവിധായകന്‍ പൃഥ്വിരാജ് സുകുമാരനും നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരും മോഹന്‍ലാലിന്‍റെ ഈ പോസ്റ്റ് പങ്കുവച്ച് പിന്തുണ അറിയിച്ചിരുന്നു.

Summary

Empuraan, JSK and 7 Re Censored Indian Movies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com