K R Gokul
K R Gokulസമകാലിക മലയാളം

'ടോക്സിക് മെന്റാലിറ്റിയെക്കുറിച്ചൊക്കെ ആളുകൾ ഇന്ന് ബോധവാൻമാരാണ്, ഒരു അഭിനേതാവിന്റെ ഏറ്റവും വലിയ പേടി അതാണ്'; കെ ആർ ​ഗോകുൽ അഭിമുഖം

ഇപ്പോഴുള്ള ആളുകൾ 'ടോക്സിക് മെന്റാലിറ്റി'യെക്കുറിച്ചൊക്കെ ബോധവാൻമാരാണ്.
Published on

ബ്ലെസി സംവിധാനം ചെയ്ത 'ആടുജീവിതം' സിനിമയിലെ ഹക്കീം എന്ന കഥാപാത്രത്തെ മലയാളികൾ അത്ര വേ​ഗം മറക്കാനിടയില്ല. സിനിമ കണ്ട ഓരോരുത്തരുടെയും മനസിൽ ഇന്നും ഒരു തീരാനോവാണ് കെ ആർ ​ഗോകുൽ അവതരിപ്പിച്ച ഹക്കീം. 'ആടുജീവിത'ത്തിലെ പ്രകടനത്തിന് സംസ്ഥാന പുരസ്കാരവും ​ഗോകുലിനെ തേടിയെത്തി. 'വലതു വശത്തെ കള്ളൻ' എന്ന ജീത്തു ജോസഫ് ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരെ വീണ്ടും ‍ഞെട്ടിച്ചിരിക്കുകയാണ് ​ഗോകുൽ ഇപ്പോൾ. ഫിലിപ് എന്ന കഥാപാത്രമായെത്തി അക്ഷരാർഥത്തിൽ ​ഗോകുൽ അമ്പരപ്പിച്ചിരിക്കുകയാണ്. 'വലതു വശത്തെ കള്ളനെ'ക്കുറിച്ചും തന്റെ മറ്റു സിനിമാ വിശേഷങ്ങളും സമകാലിക മലയാളത്തോട് ​ഗോകുൽ പങ്കുവയ്ക്കുന്നു.

Q

'വലതു വശത്തെ കള്ളൻ' കണ്ടവർക്ക് ചിത്രം പങ്കുവയ്ക്കുന്ന ചില ആശയങ്ങളോട് വിയോജിപ്പുകളുണ്ടാകാം. ഗോകുലിന്റെ അഭിപ്രായം എന്താണ് ?

A

എന്റെ കഥാപാത്രം സോഷ്യോപാത്ത് (ആന്റി സോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ) ആയിട്ടുള്ള കഥാപാത്രമാണ്. നമ്മുടെ സമൂഹത്തിൽ സൈക്കോപാത്തുകളും സോഷ്യോപാത്തുകളുമുണ്ടാകാം. സൈക്കോപാത്തുകൾക്ക് ജെനിറ്റിക്കലി പ്രശ്നമുണ്ടാകാം. മാനിപുലേറ്റ് ചെയ്യാനായിരിക്കും സൈക്കോപാത്തുകൾ എപ്പോഴും ശ്രമിക്കുക. മാനിപുലേറ്റ് ചെയ്ത് കാര്യങ്ങൾ നേടിയെടുക്കുന്നവരായിരിക്കും അവരിൽ കൂടുതലും. അവർ അവരായിരിക്കുന്ന സമയത്തായിരിക്കും ഒരു സൈക്കോ ആയി മാറുക.

പക്ഷേ സോഷ്യോപാത്തുകളുടെ ഇമോഷൻസ് പെട്ടെന്ന് ട്രി​ഗർ ആകും. പ്രത്യേകിച്ച് ദേഷ്യം, സങ്കടം, പ്രതികാര മനോഭാവം തുടങ്ങിയ വികാരങ്ങളിൽ അവർ പെട്ടെന്ന് ട്രി​ഗറാകും. ഹൈ ഫങ്ഷനിങ് സോഷ്യോപാത്തുകളും ഒരുപാടുണ്ട് നമ്മുടെ സമൂ​ഹത്തിൽ. അപ്പോൾ ഇവനെ (ഫിലിപ്) ഇങ്ങനെ വിട്ടു കഴിഞ്ഞാൽ എന്താകും എന്നൊരു ആശയമാണ് നമ്മൾ കൊണ്ടുവരാൻ ശ്രമിച്ചത്. പിന്നെ ഓരോരുത്തർക്കും ഓരോ കാഴ്ചപ്പാട് ഉണ്ടാകുമല്ലോ.

Valathu Vashathe Kallan
Valathu Vashathe Kallanഫെയ്സ്ബുക്ക്
Q

ടോക്സിക് പേരന്റിങ്ങിന്റെ ഇരയാണ് ഫിലിപ്. ആ കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പുകൾ എന്തൊക്കെയായിരുന്നു ? റെഫറൻസുകൾ ഉണ്ടായിരുന്നോ ?

A

ഫിലിപ് ഒരു സോഷ്യോപാത്ത് ആണെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. ഞാൻ ഫിലിപ്പിന്റെ കഴിഞ്ഞ കാലത്തെക്കുറിച്ചാണ് കൂടുതൽ ചികഞ്ഞത്. ആന്റണി (ബിജു മേനോൻ) ഇവനെ എന്തൊക്കെയായിരിക്കും ചെയ്തിട്ടുണ്ടാവുക എന്നതായിരുന്നു ഞാൻ ചിന്തിച്ചത്. സിനിമയിൽ കാണിക്കുന്ന ഒരു കാരണമുണ്ട്. അത് മാത്രമല്ല, ഫിലിപ് അങ്ങനെയാകാൻ കാരണം.

എല്ലാ കാര്യങ്ങളും സിനിമയിൽ കാണിക്കാൻ പറ്റില്ലല്ലോ. ഫിലിപ് അങ്ങനെയായി തീരാൻ അയാളുടേതായ ഒരുപാട് കാര്യങ്ങളുണ്ടാകാം. ഒരുപാട് രാത്രികളിൽ അയാൾ ചിലപ്പോൾ തനിച്ച് ഇരുന്നിട്ടുണ്ടാകാം. അച്ഛനെ വേണമെന്ന് തോന്നുന്ന സമയത്തും അയാൾ അങ്ങനെ ഇരുന്നിട്ടുണ്ടാകാം. അച്ഛൻ അവനെ ഒന്ന് അഭിനന്ദിക്കുക പോലും ചെയ്തിട്ടുണ്ടാകില്ല. അങ്ങനെ ഒരുപാട് കാരണങ്ങളുണ്ടാകാം അയാൾ ഇങ്ങനെയാകാൻ.

ഒരിക്കൽ ഞാൻ ഡൽ​ഹിയിൽ പോയപ്പോൾ അവിടെ രോഹിണി എന്നൊരു സ്ഥലത്ത് ഒരു കൊലപാതകം നടന്നിരുന്നു. ഒരു പയ്യൻ ഒരു പെൺകുട്ടിയെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവമായിരുന്നു അത്. പ്രണയം നിരസിച്ചതിന്റെ പേരിൽ ഒരു പെൺകുട്ടിയെ ഒരാൾ കല്ല് കൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു. ഇങ്ങനെയൊരു സംഭവം വർഷങ്ങൾക്ക് മുൻപേ എനിക്കറിയാം.

ഈ സിനിമയിലെ കാരക്ടറുമായി ഇത് കണക്ട് ചെയ്യുന്ന ഒന്നായി എനിക്ക് തോന്നുന്നു. പിന്നെ സോഷ്യോപാത്തുകളായിട്ടുള്ള ഒരുപാട് ആളുകളുടെ റെഫറൻസ് യൂട്യൂബിൽ നിന്നും റെഡിറ്റിൽ നിന്നും എടുത്തിരുന്നു. നൂറിൽ ഒരാൾ സോഷ്യോപാത്ത് ആണെന്നാണ് പഠനങ്ങൾ പോലും പറയുന്നത്. എന്നുവച്ച് എല്ലാവരും റോഡിലിറങ്ങി കൊല്ലുമെന്നല്ല. ഫിലിപ്പിനെ എന്താണ് വയലൻസിലേക്ക് എത്തിച്ചതെന്നാണ് ഞാൻ ആലോചിച്ചത്. അങ്ങനെയാണ് ആ കഥാപാത്രത്തിലേക്ക് എത്തുന്നത്.

KR Gokul
KR Gokulഇൻസ്റ്റ​ഗ്രാം
Q

ക്ലൈമാക്സ് രം​ഗങ്ങളുടെ ഷൂട്ടിങ് പ്രോസസ് എങ്ങനെയായിരുന്നു ?

A

സ്റ്റുഡിയോയിൽ ഒരു പെട്ടിയുടെ ഉള്ളിലിറങ്ങിയാണ് ആ രം​ഗം ഷൂട്ട് ചെയ്തത്. റിഹേഴ്സൽ ഒന്നും ചെയ്തിരുന്നില്ല. ഇത് ശരിക്കും ഒരു പരീക്ഷണം കൂടിയാണല്ലോ. എനിക്ക് തോന്നുന്നു 'ബറീഡ്', 'കിൽ ബിൽ' തുടങ്ങിയ സിനിമകളിൽ മാത്രമേ ഞാൻ ഇങ്ങനെ കുഴിച്ചിടുന്ന ഒരു സംഭവം കണ്ടിട്ടുള്ളൂ. അതുകൊണ്ട് തന്നെ ടെൻഷനേക്കാൾ കൂടുതൽ ചാലഞ്ചിങ് ആയിരുന്നു.

ഇതൊരു എക്സ്പിരിമെന്റായിട്ടാണ് ഞാൻ കണ്ടത്. അത് എത്രത്തോളം വർക്കായി എന്ന കാര്യമറിയില്ല. പിന്നെ ഒരു നടനെ സംബന്ധിച്ച് എപ്പോഴും എക്സിപിരിമെന്റ് ചെയ്യുക, റിസ്ക് എടുക്കുക എന്നതാണല്ലോ. റിസ്ക് എടുക്കുകയാണ് ഞാൻ ചെയ്തത്. പെട്ടിയുടെ ഉള്ളിൽ പാനിക് ആകുന്ന സംഭവമൊക്കെയുണ്ടല്ലോ. ആരെ മാനിപുലേറ്റ് ചെയ്തിട്ടായാലും എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്ന ചിന്തയായിരുന്നു ആ സമയത്ത്.

ഫിലിപ് അവന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വില കല്പിക്കുന്നത് അവനെ തന്നെയാണ്, വേറെ ആരെയുമല്ല. നിസാഹായവസ്ഥ അയാൾക്കൊരിക്കലും അനുഭവിക്കാൻ താല്പര്യമില്ലാത്ത ഒന്നാണ്. അതായിരുന്നു ജീവിതകാലം മുഴുവൻ അയാൾ അനുഭവിച്ചത്.

ആകെ ഒരു അരക്ഷിതാവസ്ഥയിലായിരുന്നു അയാൾ. 'അപ്പാ...' എന്ന് ഫിലിപ് വിളിക്കുന്നതു പോലും ഒരുതരം മാനിപുലേഷൻ ആണ്. അല്ലാതെ ചെറിയൊരു സമയം കൊണ്ട് അച്ഛനോട് അവന് സ്നേഹം വരുകയൊന്നുമില്ല. 'അപ്പാ' എന്ന് വിളിച്ചാൽ അയാൾ രക്ഷിക്കാനുള്ള ശ്രമങ്ങൾ കൂടുതൽ നടത്തും എന്നൊരു ചിന്തയായിരിക്കാം ഫിലിപ്പിന്റെ മനസിലൂടെ കടന്നു പോയിട്ടുണ്ടാവുക.

Q

ഈ സിനിമ ആളുകൾ കാണണം എന്ന് പറയാനുള്ള ഒരു കാരണം എന്താണ് ?

A

എന്റെ പേരന്റ്സിൽ നിന്ന് എനിക്ക് കിട്ടിയിട്ടുള്ള അനുഭവം ആയിരിക്കില്ല എന്റെ ചേട്ടന് കിട്ടിയിട്ടുണ്ടാവുക. ഒരുപക്ഷേ ചേട്ടൻ ജനിച്ച സമയത്ത് അച്ഛനും അമ്മയ്ക്കും മറ്റൊരു മാനസികാവസ്ഥ ആയിരിക്കാം. അതുകൊണ്ട് തന്നെ ചേട്ടനെ വളർത്തിയ രീതിയിൽ ആയിരിക്കില്ല എന്നെ വളർത്തിയത്. ചേട്ടനുണ്ടായി ആറ് വർഷത്തിന് ശേഷം അവർക്കുണ്ടായ ഒരുപാട് മാറ്റങ്ങളുണ്ട്.

ഫസ്റ്റ് ടൈം പേരന്റിങ് എന്ന് പറയുന്നത് തന്നെ വലിയൊരു ടാസ്ക് ആണ്. ആളുകൾക്കറിയില്ല അത് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന്. ആദ്യത്തെ കുട്ടിയെ വളർത്തി പഠിച്ചിട്ടായിരിക്കും ചിലപ്പോൾ രണ്ടാമത്തെ കുട്ടിയിലേക്ക് അവർ കടക്കുക. അതുകൊണ്ട് എല്ലാ രക്ഷിതാക്കളും ഈ സിനിമ കാണണം എന്നാണ് എനിക്ക് പറയാനുള്ളത്.

തെറാപ്പിയൊക്കെ എടുക്കുന്ന കുറേ സുഹൃത്തുക്കളുണ്ട് എനിക്ക്. പിന്നെ ഇപ്പോഴുള്ള ആളുകൾ 'ടോക്സിക് മെന്റാലിറ്റി'യെക്കുറിച്ചൊക്കെ കുറച്ചു കൂടി ബോധവാൻമാരാണ്. പണ്ടൊക്കെ അച്ഛനും അമ്മയും കുട്ടികളെ തല്ലി വളർത്തുക എന്നൊരു രീതിയായിരുന്നു. പക്ഷേ അത് 'ടോക്സിക്' ആയിരുന്നില്ല എന്നായിരുന്നു അന്നത്തെ കാഴ്ചപ്പാട്.

കാലം മാറിയപ്പോൾ ആളുകൾ കുറച്ചു കൂടി ഇത്തരം കാര്യങ്ങളിൽ ബോധവാൻമാർ ആകാൻ തുടങ്ങി. ചില പേരന്റ്സിനെങ്കിലും ഈ സിനിമയിലെ ചില കാര്യങ്ങൾ കണക്ട് ചെയ്യാൻ പറ്റിയേക്കാം. ​'ഗ്രേറ്റ് ഇന്ത്യൻ കിച്ചണൊ'ക്കെ ഒരു സോഷ്യൽ മെസേജ് നൽകിയ സിനിമയായിരുന്നു. എല്ലാവരെയുമല്ല, ചില പേരന്റ്സിനെ എങ്കിലും ചെറിയ രീതിയിൽ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു സിനിമ കൂടിയാണിത്.

KR Gokul
KR Gokulഇൻസ്റ്റ​ഗ്രാം
Q

ജീത്തു ജോസഫ് എന്ന സംവിധായകനൊപ്പം ?

A

ലീഡർഷിപ്പ് ക്വാളിറ്റിയാണ് അദ്ദേഹത്തിൽ എനിക്ക് തോന്നിയ ഏറ്റവും വലിയ കാര്യം. അദ്ദേഹത്തിന്റെ കയ്യിലാണ് ബാറ്റൺ ഇരിക്കുന്നത്. പക്ഷേ എല്ലാവരുടെയും അടുത്ത് വളരെ ചിൽ ആയി കംഫർട്ടബിൾ ആക്കി ഒരു ക്രിയേറ്റീവ് സ്പെയ്സിൽ നിർത്താൻ അദ്ദേഹത്തിന് പറ്റുന്നുണ്ട്. ആ ഒരു ലീഡർഷിപ്പ് ക്വാളിറ്റിയാണ് അദ്ദേഹത്തിൽ നിന്ന് എനിക്ക് സ്വീകരിക്കണമെന്ന് തോന്നിയത്.

പിന്നെ സെറ്റിൽ ഭയങ്കര കമ്പനിയാണ് അദ്ദേഹം. വലിയ നടനെന്നോ ചെറിയ നടനെന്നോ അങ്ങനെയുള്ള വകഭേദങ്ങളൊന്നുമില്ല. അതുകൊണ്ട് തന്നെ നമുക്ക് എന്ത് വേണമെങ്കിലും പറയാം. നമ്മൾ പറയുന്ന കാര്യങ്ങളിൽ ലോജിക്കലി എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് അദ്ദേഹം പറഞ്ഞു തരും.

ക്ലൈമാക്സിൽ ഞാൻ 'അപ്പാ' എന്ന് വിളിക്കുന്ന ഒരു സീനുണ്ട്. അത് ഞാൻ സാറിന്റെ അടുത്ത് അങ്ങോട്ട് ചോദിച്ച് ചെയ്തതാണ്. ക്ലൈമാക്സിൽ കാണിക്കുന്ന രം​ഗങ്ങളൊക്കെ എന്നോടും വൈഷ്ണവിയോടും ഇംപ്രവൈസ് ചെയ്തോളാൻ സാർ പറഞ്ഞിരുന്നു. ഞാനും വൈഷ്ണവിയും കഥാകൃത്ത് ഡിനുവും കൂടി ചേർന്ന് ഇംപ്രവൈസ് ചെയ്തതാണ് ആ രം​ഗം. അഭിനേതാവിനെ നന്നായി നിരീക്ഷിച്ച് അതിൽ നിന്ന് വേണ്ടത് എടുക്കുക എന്ന രീതിയാണ് ജീത്തു സാറിന്.

Valathu Vashathe Kallan
Valathu Vashathe Kallanഫെയ്സ്ബുക്ക്
Q

ബിജു മേനോൻ, ജോജു ജോർജ് തുടങ്ങിയ വലിയ നടൻമാർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു. ആ അനുഭവം എങ്ങനെയുണ്ടായിരുന്നു ?

A

ഇവർ രണ്ട് പേർക്കും ഒരു മാ​ഗ്നറ്റിക് ഓറ ഉണ്ട്. അതിപ്പോൾ സ്ക്രീനിൽ ആണെങ്കിലും യഥാർഥ ജീവിതത്തിലാണെങ്കിലും. നമുക്ക് നിർവചിക്കാൻ പറ്റാത്ത ഒരു ഓറയാണത്. രണ്ടു പേരും ഒരു മുറിയിലേക്ക് നടന്നു വരുമ്പോൾ തന്നെ നമുക്കത് മനസിലാകും. ആദ്യത്തെ രണ്ട് ദിവസമൊക്കെ ആന്റണി സേവ്യർ തന്നെയായിരുന്നു ബിജു ചേട്ടൻ. ഞാൻ സെറ്റിൽ അദ്ദേഹത്തെ കാണുന്നതും അങ്ങനെയാണ്.

ബിജു ചേട്ടന്റെ ആ മാനറിസത്തിൽ നിന്നാണ് എനിക്കും പേടിയും ദേഷ്യവുമൊക്കെ തോന്നുന്നത്. രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഞങ്ങൾ തമ്മിൽ സംസാരിക്കാൻ തുടങ്ങിയത്. വളരെ സിംപിൾ ആൻഡ് ചിൽ ആണ് ബിജു ചേട്ടനെന്ന് സംസാരിച്ചപ്പോഴാണ് മനസിലായത്. എല്ലാവരോടും സ്നേഹമുള്ളൊരു മനുഷ്യനാണ്. 'ഹൃദയമുള്ളൊരു കലാകാരൻ' എന്നൊക്കെ പറയില്ലേ അങ്ങനെയൊരാളായിട്ടാണ് എനിക്ക് ബിജു ചേട്ടനെ തോന്നിയത്.

ഒരു കലാകാരൻ എന്ന് പറയുന്നത് തന്നെ അങ്ങനെയാണല്ലോ. സമൂഹത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് സമൂഹത്തെ സ്നേഹിക്കുക എന്നതാണല്ലോ കലയിൽ നിന്ന് നമുക്ക് കിട്ടുന്നത്. അതാണ് അദ്ദേഹത്തിൽ നിന്ന് എന്റെ ജീവിതത്തിലേക്ക് ഞാൻ പകർത്താൻ ശ്രമിക്കുന്നത്. ഇനി അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ച് പറയുകയാണെങ്കിൽ ഫോക്കസ് ആണ് മെയിൻ. കാരക്ടറിൽ നിന്ന് വിട്ടു പോകാതെ കഥാപാത്രത്തിനായി മാക്സിമം എഫേർട്ട് ഇടുന്നതൊക്കെ കാണുമ്പോൾ നമുക്കും പ്രചോദനമാണല്ലോ.

ജോജു ചേട്ടന്റെ കൂടെ എനിക്ക് സീനുകളൊന്നും ഇല്ലായിരുന്നു ഈ സിനിമയിൽ. 'ആടുജീവിത'ത്തിന് ശേഷമാണ് ജോജു ചേട്ടനെ ആദ്യമായി കാണുന്നത്. അന്ന് സിനിമയെക്കുറിച്ച് നല്ല അഭിപ്രായങ്ങളൊക്കെ പറഞ്ഞു. 'എടാ സുന്ദരക്കുട്ടാ' എന്നാണ് അദ്ദേഹം എന്നെ വിളിക്കുക. പിന്നെ ഒന്ന് രണ്ട് അവാർഡ് ചടങ്ങിലൊക്കെ വച്ച് കണ്ടിരുന്നു. ഇങ്ങനെ ഇടയ്ക്കിടെ ഞങ്ങൾ തമ്മിൽ കാണാറുണ്ട്.

KR Gokul
KR Gokulഇൻസ്റ്റ​ഗ്രാം
Q

ബ്ലെസി, ജയരാജ്, ജീത്തു ജോസഫ്... വലിയ മൂന്ന് സംവിധായകർക്കൊപ്പം വർക്ക് ചെയ്യാനായി. ഒരു തുടക്കക്കാരന് കിട്ടാവുന്ന ഏറ്റവും നല്ല അവസരമാണിതൊക്കെ ?

A

ജയരാജ് സാറിന്റെ ശിഷ്യൻമാരാണ് ബ്ലെസി സാറും ജീത്തു സാറും. ​ഗുരുവിന്റെയും ശിഷ്യൻമാരുടെയും കൂടെ എനിക്ക് വർക്ക് ചെയ്യാൻ പറ്റി എന്നതാണ് വലിയ കാര്യം. മൂന്നു പേർക്കും അവരവരുടേതായ വർക്കിങ് സ്റ്റൈൽ ഉണ്ട്. ബ്ലെസി സാർ എങ്ങനെയാണെന്ന് വച്ചാൽ അദ്ദേഹത്തിന്റെ മനസിലൊരു വിഷൻ ഉണ്ട്. നമുക്ക് ഇംപ്രവൈസ് ചെയ്യാം. പക്ഷേ അദ്ദേഹത്തിന്റെ മനസിലുള്ള സംഭവം അങ്ങനെ തന്നെ ആർട്ടിസ്റ്റിൽ കിട്ടണമെന്ന് ആ​ഗ്രഹിക്കുന്ന ഒരാളാണ്.

ജയരാജ് സാർ ആണെങ്കിൽ നമുക്കെന്താണോ ആ കഥാപാത്രത്തെക്കുറിച്ച് തോന്നുന്നത് അത് ക്യാപ്ചർ ചെയ്യുക എന്ന രീതിയാണ്. ജീത്തു സാറും ഏകദേശം അങ്ങനെയാണ്. ഒരു സീൻ നമ്മൾ ചെയ്യുമ്പോൾ അതിൽ കറക്ഷനുണ്ടെങ്കിൽ തിരുത്തി തരുന്ന രീതിയാണ്. നമ്മുടെ ഭാ​ഗത്തു നിന്നുള്ള ഒരു വേർഷൻ വേണമെന്ന് ആ​ഗ്രഹിക്കുന്ന ഒരാളാണ്.

ഇത് മൂന്നും ഭയങ്കര അടിപൊളി മെത്തേഡ് ആണ്. നേരത്തെ പറഞ്ഞതു പോലെ ഓരോരുത്തരുടെയും കാഴ്ചപ്പാടുകളും വർക്കിങ് സ്റ്റൈലും വ്യത്യസ്തമാണ്. എനിക്ക് ഈ മൂന്ന് സ്റ്റൈലിലും വർക്ക് ചെയ്യാൻ പറ്റി എന്നതാണ്.

ഓരോ സംവിധായകരുടെ അടുത്ത് ചെല്ലുമ്പോഴും നമ്മളിങ്ങനെ ഓന്തിനെപ്പോലെ മാറിക്കൊണ്ടിരിക്കുകയാണല്ലോ. അവരുടെ രീതി നമ്മൾ അഡാപ്റ്റ് ചെയ്യുക. ഇംപ്രവൈസ്, അഡാപ്റ്റ്, ഓവർകം എന്നൊരു രീതിയാണ്. എല്ലാവരുടെയും കൂടെ വർക്ക് ചെയ്യുക എന്നത് രസമാണ്. അതുപോലെ അവരുടെ സ്റ്റൈൽ പഠിക്കുക എന്നതും.

Q

സിനിമ സെലക്ട് ചെയ്യുന്നത് എങ്ങനെയാണ് ?

A

ഒരു സിനിമയുടെ കഥ കേട്ട് കഴിഞ്ഞാൽ അത് ഞാൻ മനസിൽ വിഷ്വലൈസ് ചെയ്യും. എന്റെ കഥാപാത്രത്തിന് പെർഫോം ചെയ്യാനുള്ള സ്പെയ്സ് ഉണ്ടോയെന്ന് നോക്കും. കഥ ഈ ഒരു കാലഘട്ടത്തിൽ അല്ലെങ്കിൽ റെലവന്റ് ആണോ എന്നൊക്കെ നോക്കാറുണ്ട്. കൂടുതലും എനിക്ക് പെർഫോം ചെയ്യാനുള്ള സ്പെയ്സ് ഉണ്ടോയെന്നാണ് നോക്കാറുള്ളത്.

എന്റെ കഥാപാത്രത്തിന് എന്തെങ്കിലും ചെയ്യാനുണ്ടോ ?, എന്റേതായിട്ടുള്ള എന്തെങ്കിലും സി​ഗ്നേച്ചർ ടച്ച് കൊണ്ടുവരാൻ പറ്റുമോ ? എന്നൊക്കെയാണ് പൊതുവേ നോക്കാറ്. നായകന്റെ റോൾ മാത്രം ചെയ്യണമെന്ന് ആ​ഗ്രഹമുള്ള ഒരാൾ അല്ല ഞാൻ.

പണ്ട് നാടകം ചെയ്യുന്ന സമയത്ത് പ്രിയേട്ടൻ എന്ന നടൻ എന്നോട് പറയുമായിരുന്നു, 'അഭിനയത്തോട് നമുക്കൊരു ആർത്തി വേണമെന്ന്'. നാടകത്തിൽ ഒരു സീൻ ചെയ്യുമ്പോൾ, 'സംവിധായകന്റെ അടുത്ത് പോയി ഒരു സീനും കൂടി താ എന്ന് ചോദിക്കണമെന്ന്' അദ്ദേഹം പറയുമായിരുന്നു.

നമ്മുടെ മാക്സിമം ചെയ്യുക എന്നൊരു ആർത്തിയുണ്ട്. അങ്ങനെയൊരു ആർത്തി എനിക്ക് ഒരു സ്ക്രിപ്റ്റിൽ കിട്ടുകയാണെങ്കിൽ ഉറപ്പായും ഞാൻ യെസ് പറയും. വേറെയൊന്നും നോക്കില്ല. സംവിധായകന് വൃത്തിയായി അത് പ്രേക്ഷകരിലേക്ക് എത്തിക്കാനാകും എന്ന് എനിക്ക് തോന്നിയാൽ ഞാൻ അത് ചെയ്യും.

KR Gokul
KR Gokulഇൻസ്റ്റ​ഗ്രാം
Q

'ആടുജീവിത'ത്തിലെ ഹക്കീമും 'വലതു വശത്തെ കള്ള'നിലെ ഫിലിപ്പിനും അവസാനം ഒരു സമാന അവസ്ഥയുണ്ടാകുന്നുണ്ടല്ലോ...

A

'ആടുജീവിത'ത്തിന് ശേഷം കുറേ കഥകൾ ഞാൻ കേട്ടിരുന്നു. വളരെ നിഷ്കളങ്കനായ നമുക്ക് പാവം തോന്നുന്ന കുറേ കഥാപാത്രങ്ങളായിരുന്നു കൂടുതലും. അതുകൊണ്ട് മനപൂർവം ചില സിനിമകൾ ഞാൻ വേണ്ടെന്ന് വച്ചതാണ്. കാരണം, ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോ അല്ലെങ്കിൽ ഇങ്ങനെയുള്ള റോളുകൾ മാത്രമേ കിട്ടുകയുള്ളോ എന്ന പേടി കൊണ്ടാണ് അങ്ങനെ ചെയ്തത്.

'ടൈപ്പ് കാസ്റ്റഡ് ആയി പോകുമോ' എന്നതാണ് ഒരു അഭിനേതാവിനെ സംബന്ധിച്ചുള്ള ഏറ്റവും വലിയ പേടി എന്നാണ് എനിക്ക് തോന്നുന്നത്. കാരണം നമുക്ക് നമ്മുടെ മറ്റൊരു വശം അല്ലെങ്കിൽ ഇമോഷൻസ് എക്സ്പ്ലോർ ചെയ്യാൻ പറ്റില്ല. അതുകൊണ്ട് ഞാൻ മനപൂർവം ഒഴിവാക്കിയ കുറേ സിനിമകളുണ്ട്.

Q

നാടകത്തിൽ നിന്ന് സിനിമയിലേക്ക്...

A

പ്ലസ് ടുവിന് പഠിക്കുന്ന സമയത്ത് 'ന​ഗ്നനനായ തമ്പുരാൻ' എന്നൊരു നാടകം ഞാൻ ചെയ്തിരുന്നു. സംസ്ഥാനതലത്തിൽ ബെസ്റ്റ് ആക്ടറൊക്കെ ആയി. ആ നാടകം കണ്ടിട്ടാണ് 'ആകാശമിഠായി' എന്ന സിനിമയിലേക്ക് വിളിക്കുന്നത്. പേരില്ലാത്ത ഒരു കഥാപാത്രമായാണ് 'ആകാശ മിഠായി'യിൽ അഭിനയിച്ചത്. അതുകഴിഞ്ഞാണ് 'ആടുജീവിത'ത്തിന്റെ ഓഡിഷൻ കോൾ വരുന്നത്. ബ്ലെസി സാറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ വച്ചായിരുന്നു ഓഡിഷൻ. അങ്ങനെയാണ് 'ആ‍ടുജീവിത'ത്തിലേക്കുള്ള എൻട്രി.

KR Gokul
KR Gokulഇൻസ്റ്റ​ഗ്രാം
Q

സിനിമയ്ക്കപ്പുറം എന്താണ് ഇഷ്ടം ?

A

സിനിമയ്ക്കപ്പുറം യാത്രകളോടും പുസ്തകങ്ങളോടുമാണ് എനിക്ക് താല്പര്യം. പ്രധാനമായും യാത്രകൾ തന്നെ, അൺഫിൽറ്റേഡ് ആയിട്ടുള്ള യാത്രകൾ. പ്ലാൻ ചെയ്ത് പോകുന്നതിനേക്കാളുപരി അല്ലാതെ പോകുന്നതാണ് കൂടുതലിഷ്ടം. ആ സമയത്ത് നമ്മളൊരുപാട് മനുഷ്യരെ കണ്ടുമുട്ടും, ഒരുപാട് അനുഭവങ്ങളുണ്ടാകും. നമ്മുടെ ജീവിതം തന്നെ മാറുന്ന തരത്തിൽ അല്ലെങ്കിൽ നമ്മുടെ കാഴ്ചപ്പാടുകളെ തന്നെ മാറ്റി മറിക്കുന്ന അനുഭവങ്ങളുണ്ടാകും. സിനിമ കഴിഞ്ഞാൽ ഏറ്റവും ഇഷ്ടം യാത്രയോട് തന്നെയാണ്.

Summary

Cinema News: Aadujeevitham and Valathu Vashathe Kallan Actor KR Gokul Interview.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com