

മറ്റൊരാളെ കുറ്റപ്പെടുത്തിക്കൊണ്ടാകരുത് തന്റെ വളർച്ചയെന്ന് ഗായിക അഭയ ഹിരണ്മയി. തനിക്ക് സംഗീതത്തിൽ ഉയരണം. ഇത്രയും കാലത്തെ റിലേഷൻഷിപ്പിനെ കുറിച്ച് മാറി നിന്ന് കുറ്റം പറയുന്നത് ആ ബന്ധത്തോട് കാണിക്കുന്ന നീതികേടായിരിക്കുമെന്നും ഗായിക ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമ പിന്നണി ഗാന രംഗത്ത് വ്യത്യസ്ത ശബ്ദ സാന്നിധ്യം കൊണ്ട് തന്റെതായ ഒരു ഇരിപ്പിടം സൃഷ്ടിച്ച വ്യക്തിയാണ് അഭയ ഹിരണ്മയി. എന്നാൽ സംഗീത സംവിധായകൻ ഗോപി സുന്ദറുമായുണ്ടായിരുന്ന ബന്ധവും ശേഷമുണ്ടായ വേർപിരിയലും കാരണം അവർക്ക് നിരന്തരമുള്ള സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നു.
വേർപിയലിന് ശേഷം പല അഭ്യൂഹങ്ങളും വിമർശനങ്ങളും ഗോപി സുന്ദറിനെതിരെ വന്നെങ്കിലും കുറ്റപ്പെടുത്താൻ അഭയ തയ്യാറായിട്ടില്ല. പ്രണയിച്ച ആളോട് കലഹിക്കാൻ താൽപര്യമില്ലെന്നായിരുന്നു അഭയയുടെ പ്രതികരണം. ഇപ്പോഴിതാ എന്തുകൊണ്ട് അങ്ങനെ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ഗായിക.
"ഞാൻ വളരണമെന്ന് എനിക്ക് ഭയങ്കരമായ ആഗ്രഹമാണ്. എനിക്ക് എന്നെ വളർത്തിക്കൊണ്ട് വരണം. ആരേയും കുറ്റം പറഞ്ഞുകൊണ്ട് വളരാൻ സാധിക്കില്ല. എന്റെ ഇത്രയും കാലത്തെ റിലേഷൻഷിപ്പിനെ കുറിച്ച് ഞാൻ മാറി നിന്ന് കുറ്റം പറയുന്നത് ആ ബന്ധത്തോട് ഞാൻ കാണിക്കുന്ന നീതികേടാകും. അത് ശരിയല്ലെന്ന് എനിക്ക് തോന്നിയിരുന്നു. ലിവിംഗ് ടുഗെദർ ബന്ധത്തിൽ ഒന്നുകിൽ മരണം വരെ ഒന്നിച്ച് പോകാം. അല്ലെങ്കിൽ എപ്പോഴെങ്കിലും ബ്രേക്കപ്പ് ആവാം. അത് എല്ലാ ബന്ധത്തിലും അങ്ങനെയാണ്. ബ്രേക്കപ്പ് ആയാൽ കുറ്റം പറയാതെ മാന്യമായി ബഹുമാനത്തോടെ തന്നെ മാറി നിൽക്കണം എന്നുണ്ടായിരുന്നു. സ്നേഹമുള്ളത് കൊണ്ടാണ് ഇത് എനിക്ക് മറികടക്കാൻ പറ്റിയത്. സ്നേഹമില്ലെങ്കിൽ എനിക്ക് ആ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ല.
മാറണം എന്ന് കരുതി വെറുതെ വീട്ടിൽ ഇരുന്നിട്ട് കാര്യമില്ല. ലൈഫിൽ മാറ്റം വരുത്തണം. അതൊരു വലിയ വേദന തന്നെയാണ്. പെട്ടന്ന് അത്രയും കാലത്തെ ബന്ധം അവസാനിപ്പിച്ച് പുറത്ത് കടക്കുന്നത് എളുപ്പമല്ല. പാട്ടിലൂടെയാണ് ഞാന്‍ അതിനെ മറികടന്നത്. വർക്കൗട്ട് തുടങ്ങി. അത്രയും കാലം ഫാമിലി ആയിരുന്നെങ്കിൽ പിന്നീട് സംഗീതത്തിൽ ആയി- അഭയ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates