പഹൽഗാം ഭീകരാക്രമണവും തുടർന്നുണ്ടായ ഓപ്പറേഷൻ സിന്ദൂറും പ്രമേയമാക്കി ഒരുങ്ങുന്ന ബഹുഭാഷാ ചിത്രത്തിന്റെ പൂജാച്ചടങ്ങുകൾ അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ നടന്നു. നടനും സംവിധായകനുമായ അർജുൻ സർജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് വിരമിച്ച കരസേനാ ഉദ്യോഗസ്ഥൻ മേജർ വിജയ് ഭാർഗവാണ്.
പ്രസിഡൻഷ്യൽ മൂവീസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അനൂപ് മോഹനാണ് ചിത്രം നിർമിക്കുന്നത്. സംവിധായകൻ അർജുൻ സർജയും ഭാര്യ നിവേദിത അർജുനും പൂജാച്ചടങ്ങിൽ പങ്കെടുത്തു. ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ പൂജ നടത്തി ആരംഭിക്കുന്ന ആദ്യ ഇന്ത്യൻ സിനിമയാണിതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
പഹൽഗാം ഭീകരാക്രമണവും അതിനു പിന്നാലെയുണ്ടായ സൈനിക നീക്കങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. സംഭവങ്ങളുമായി ബന്ധപ്പെട്ട സൈനിക നടപടികളും അതിന്റെ പശ്ചാത്തലവുമാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. സൈനികജീവിതത്തെക്കുറിച്ചുള്ള അനുഭവപരിചയം തിരക്കഥയിൽ ഉൾപ്പെടുത്താനാണ് മേജർ വിജയ് ഭാർഗവിന്റെ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി.
ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഹിന്ദിയിൽ ഒരുങ്ങുന്ന സിനിമ ഒമ്പത് ഭാഷകളിൽ റിലീസ് ചെയ്യാനാണ് പദ്ധതി. ചിത്രീകരണം വരും മാസങ്ങളിൽ ആരംഭിക്കും. 2027 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് നിർമാതാക്കളുടെ തീരുമാനം.
ആക്ഷൻ സിനിമകളിലൂടെ ശ്രദ്ധേയനായ അർജുൻ സർജ ആദ്യമായാണ് ഓപ്പറേഷൻ സിന്ദൂറും പഹൽഗാം ഭീകരാക്രമണവും പശ്ചാത്തലമാക്കിയുള്ള ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ മറ്റ് അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും സംബന്ധിച്ച വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
നേരത്തെ ഇതേ നിർമാതാക്കളുമായി ചേർന്ന് മേജർ രവിയും ഓപ്പറേഷൻ സിന്ദൂർ, ഓപ്പറേഷൻ മഹാദേവ് എന്നീ സൈനിക മുന്നേറ്റങ്ങൾ പ്രമേയമാക്കി സിനിമ പ്രഖ്യാപിച്ചിരുന്നു. ‘പഹൽഗാം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പൂജ മൂകാംബികാ ക്ഷേത്രത്തിൽ നടന്നിരുന്നു. അതേ പ്രോജക്ട് തന്നെയാണോ അർജുൻ സർജയുടേത് എന്ന കാര്യം വ്യക്തമല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates