Kuberaa, Ajithlal Sivalal
അജിത്‌ലാൽ ശിവലാൽ (Kuberaa)സമകാലിക മലയാളം

'ധനുഷ് സെറ്റില്‍ നടന്നത് യാചകനായി, കോളറില്‍ പിടിക്കാന്‍ നേരം പതറിപ്പോയി'; 'കുബേര'യിലെ മലയാളി താരം

ധനുഷിന്റെ കോളറിൽ പിടിക്കുന്ന ഒരു രം​ഗമായിരുന്നു എന്റെ ഫസ്റ്റ് സീൻ.
Published on

എന്നും മനസിൽ ആരാധനയോടെ കണ്ടിരുന്ന സൂപ്പർ സ്റ്റാറുകളായ ധനുഷ്, നാ​ഗാർജുന എന്നിവർക്കൊപ്പം അഭിനയിക്കാൻ പറ്റുക; നൂറ് കോടി കടന്ന ഒരു ചിത്രത്തിന്റെ ഭാ​ഗമാകുക, കരിയറിന്റെ തുടക്കത്തിൽ തന്നെ ഒരു പാൻ ഇന്ത്യൻ ബി​ഗ് പ്രൊജക്ട് തേടി വരുക - എന്നൊക്കെ പറയുമ്പോൾ കൊല്ലം കരുനാ​ഗപ്പള്ളി സ്വദേശിയും നടനുമായ അജിത്‌ലാൽ ശിവലാലിന്റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു.

ശേഖർ കമ്മുല സംവിധാനം ചെയ്ത കുബേര എന്ന ചിത്രം ഒരു പുതുമുഖ താരമെന്ന നിലയിൽ തനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാ​ഗ്യമാണെന്ന് അജിത് പറയുന്നു. അജിത്തിന്റെ കുബേരയിലെ കേളു എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. പന്ത്രണ്ട് വർഷത്തോളം നാടക രം​ഗത്ത് സജീവമായ അജിത് തന്റെ സിനിമാ വിശേഷങ്ങളും കുബേര എന്ന ബി​ഗ് പ്രൊജക്ടിലേക്കുള്ള തന്റെ യാത്രയും സമകാലിക മലയാളത്തോട് പങ്കുവയ്ക്കുന്നു.

Q

രണ്ട് സൂപ്പർ സ്റ്റാറുകളുള്ള ഒരു ചിത്രം, അതും പാൻ ഇന്ത്യൻ റിലീസ്. എങ്ങനെയാണ് കുബേരയിലേക്ക് അവസരം വരുന്നത്?

A

കുബേരയുടെ നിർമാതാക്കളിൽ ഒരാളായ അമി​ഗോസ് ക്രിയേഷൻസിന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ നിന്ന് ഒരു ദിവസം എനിക്കൊരു മെസേജ് വന്നു. ധനുഷിന്റെ ഒരു സിനിമ വരുന്നുണ്ട്, ശേഖർ കമ്മുലയാണ് സംവിധായകൻ. ഓഡിഷന് പങ്കെടുക്കുമോ എന്നായിരുന്നു അവരുടെ മെസേജ്. സാധാരണ ചെയ്യുന്നതു പോലെ ഞാൻ സ്വയം പരിചയപ്പെടുത്തുന്ന ഒരു വിഡിയോയും ഫോട്ടോസുമൊക്കെ അവർക്ക് അയച്ചു കൊടുത്തു.

കുറച്ചു ദിവസങ്ങൾക്ക് ശേഷം ഓൺലൈനിലൂടെ അവർ മോക് ടെസ്റ്റിനുള്ള രം​ഗങ്ങളൊക്കെ എനിക്ക് അയച്ചു തന്നു. അതും ഞാൻ ചെയ്ത് തിരിച്ചയച്ചു. ഏകദേശം, രണ്ട് മൂന്ന് തവണയോളം ഓൺലൈൻ ഓഡിഷനുണ്ടായിരുന്നു. പിന്നെ അവരുടെ ഒരു ടീം കൊച്ചിയിലെത്തി, വീണ്ടും കുറച്ചു സീനുകളൊക്കെ ചെയ്യിപ്പിച്ചിട്ട് പോയി. കുറേ നാളുകൾക്ക് ശേഷം സ്ക്രീൻ ടെസ്റ്റിനായി ഹൈദരാബാദിലേക്ക് വിളിപ്പിക്കുകയും പിന്നെ ചിത്രത്തിന്റെ ഭാ​ഗമാകുകയുമായിരുന്നു.

Q

ഇന്ത്യയൊട്ടാകെ ആരാധകരുള്ള താരങ്ങളാണ് ധനുഷും നാ​ഗാർജുനയും. ഇത്രയും വലിയ സീനിയർ താരങ്ങൾക്കൊപ്പം അജിത്തിന് കോമ്പിനേഷൻ രം​ഗങ്ങളുമുണ്ട്. എങ്ങനെയായിരുന്നു ആ അനുഭവം?

A

വ്യക്തിപരമായി എനിക്ക് ഇഷ്ടമുള്ള ഒരു നടനാണ് ധനുഷ്. ഈ പടത്തിൽ സെലക്ടായി അവരും ഈ പ്രൊജക്ടിന്റെ ഭാ​ഗമാണെന്നറിഞ്ഞപ്പോഴാണ് ഞാൻ കൂടുതലും ആവേശത്തിലായത്. ധനുഷ് സാർ എപ്പോഴും ആ കഥാപാത്രമായി തന്നെയാണ് സെറ്റിലേക്ക് വരുക. അതുകൊണ്ട് തന്നെ അദ്ദേഹവുമായി സെറ്റിൽ ഇടപെടാനുള്ള അവസരങ്ങൾ കുറവായിരുന്നു. ധനുഷ് സാറിനേക്കാൾ കൂടുതൽ സംസാരിക്കാനും അടുത്തിടപെടാനുമൊക്കെ കഴിഞ്ഞത് നാ​ഗ് സാറി (നാ​ഗാർജുന) നൊപ്പമായിരുന്നു.

നാ​ഗ് സാർ ഭയങ്കര ജോളിയായി നിൽക്കുന്ന ഒരാളാണ്. അദ്ദേഹം എല്ലാ കാര്യങ്ങളും വളരെ ആകാംക്ഷയോടെ നമ്മളോട് ചോദിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യും. കുബേരയുടെ ഷൂട്ട് നടക്കുന്ന സമയത്ത് മലയാളത്തിൽ മമ്മൂട്ടിയുടെ കാതൽ ദ് കോറിന്റെ റിലീസ് ആയിരുന്നു. മമ്മൂക്കയെക്കുറിച്ചും അദ്ദേഹം ഒരു സിനിമയ്ക്ക് എടുക്കുന്ന എഫേർട്ടിനെപ്പറ്റിയുമൊക്കെ നാ​ഗ് സാർ സംസാരിക്കുമായിരുന്നു.

അഭിനയരീതി നോക്കുകയാണെങ്കിൽ രണ്ട് പേരുടെയും (ധനുഷ്, നാ​ഗാർജുന) രീതി രണ്ട് തരത്തിലാണ്. ധനുഷ് സാർ സെറ്റിലേക്ക് വരുന്നത് തന്നെ ആ കാരക്ടർ ആയിട്ടാണ്. നാ​ഗ് സാറാണെങ്കിൽ ആ ഷോട്ടിന് തൊട്ടുമുൻപാണ് ആ കഥാപാത്രത്തിലേക്ക് കയറുന്നത്. ചിലപ്പോൾ അവരുടെ കഥാപാത്രങ്ങൾ തമ്മിലുള്ള വ്യത്യാസം കൊണ്ടായിരിക്കും അങ്ങനെ. നാ​ഗ് സാറിന്റെ കഥാപാത്രം അദ്ദേഹത്തിന്റെ ജീവിതത്തോട് കുറച്ചു കൂടി ചേർന്നു നിൽക്കുന്ന ഒന്നാണ്. ധനുഷ് സാറിന്റേത് കുറച്ച് മാനറിസങ്ങളൊക്കെ ആവശ്യമുള്ള കഥാപാത്രമാണ്.

ഇവരിൽ രണ്ട് പേരിൽ നിന്നും എനിക്കൊരുപാട് കാര്യങ്ങൾ മനസിലാക്കാനും പഠിക്കാനും കഴി‍ഞ്ഞു. കഥാപാത്രത്തിന്റെ സ്വഭാവത്തിനനുസരിച്ച് നമുക്ക് മാറാം, അല്ലെങ്കിൽ എല്ലാ സമയത്തും ഒരു മെതേഡ് ആക്ടിങ് സ്റ്റൈൽ പിടിക്കണമെന്നില്ല. ചില കാരക്ടറുകൾക്ക് അതാവാം. ഓരോ കഥാപാത്രത്തെയും നിർമിക്കുന്നത് ആ പ്രൊജക്ടിന്റെ സ്വഭാവമനുസരിച്ചാകണം എന്നൊക്കെ എനിക്ക് മനസിലായത് ധനുഷ് സാറിനെയും നാ​ഗ് സാറിനെയും കണ്ടപ്പോഴാണ്.

ഇവർ രണ്ടു പേരും ശരിക്കും വലിയ താരങ്ങളാണ്. കൂടെ അഭിനയിക്കുന്ന മറ്റുള്ളവർക്കും കൃത്യമായി അഭിനയിക്കാൻ സ്പെയ്സ് നൽകുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അപ്പോൾ നമുക്കും നന്നായി പെർഫോം ചെയ്യാൻ കഴിയും. അത് അവരുടെ പെർഫോമൻസിനെയും ചിലപ്പോൾ സ്വാധീനിക്കാം, പ്രത്യേകിച്ച് കോമ്പിനേഷൻ സീനുകളിലൊക്കെ.

സിനിമ എന്ന് പറയുന്നത് ഒരു ഷോ ബിസിനസ് കൂടി ആണല്ലോ. നമ്മൾ എത്രയൊക്കെ വളർന്നാലും വന്ന വഴി മറക്കാതെയിരിക്കുക എന്ന കാര്യം രണ്ട് പേരിലൂടെയും എനിക്ക് പഠിക്കാൻ കഴിഞ്ഞു. അത് ശരിക്കും എന്റെ ജീവിതത്തിലേക്ക് കൂടി ഞാൻ പകർത്താൻ ആ​ഗ്രഹിക്കുന്ന ഒരു കാര്യമാണ്. കുബേര പ്രൊമോഷന്റെ സമയത്ത് ഞങ്ങൾ പുതുമുഖ താരങ്ങളുടെ പേര് വിളിച്ച് ധനുഷ് സാർ വേദിയിലേക്ക് വിളിച്ചിരുന്നു. അതൊക്കെ എന്റെ ജീവിതത്തിലെ വളരെ സ്പെഷ്യലായ നിമിഷങ്ങളാണ്.

Q

കുബേര ഷൂട്ടിങ് അനുഭവം?

A

ധനുഷിന്റെ കോളറിൽ പിടിക്കുന്ന ഒരു രം​ഗമായിരുന്നു എന്റെ ഫസ്റ്റ് സീൻ. കോസ്റ്റ്യൂമും മേക്കപ്പുമൊക്കെ ചെയ്ത് കഴിഞ്ഞ് ഒന്ന് രണ്ട് തവണ നമ്മൾ റിഹേഴ്സൽ ചെയ്യും. റിഹേഴ്സലിന് ശേഷമാണ് ധനുഷ് സാറും നാ​ഗ് സാറും സെറ്റിലേക്ക് വരുക. റിഹേഴ്സൽ ചെയ്യുന്ന സമയത്ത് അസിസ്റ്റന്റ് ഡയറക്ടമാരൊക്കെയാണ് മെയിൻ ആർട്ടിസ്റ്റിന് പകരം നിൽക്കുക. കോളറിൽ പിടിക്കുന്ന രം​ഗമായതു കൊണ്ട് തന്നെ ധനുഷ് സാർ വന്നപ്പോൾ എനിക്കൊരു മടിയുണ്ടായിരുന്നു. ഞാൻ പിടിച്ചാൽ ശരിയാകുമോ? അദ്ദേഹത്തിന് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുമോ എന്നൊക്കെ മനസിൽ തോന്നി.

ധനുഷ് സാർ ആണെങ്കിൽ മിക്കപ്പോഴും കാരക്ടർ ആയി തന്നെയാണ് സെറ്റിലെത്തുക. അവസാനം എന്റെ ആശങ്കകൾ ഞാൻ സംവിധായകനോട് പറഞ്ഞു. 'നീ അദ്ദേഹത്തോട് നേരിട്ട് പോയി തന്നെ ചോദിച്ചോളൂ' എന്നായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞത്. പിടിച്ചു നോക്കട്ടേയെന്ന് ധനുഷിനോട് ചോദിച്ചപ്പോൾ അദ്ദേഹം ഓക്കെ പറയുകയും ചെയ്തു.

ആദ്യം പതുക്കെയാണ് ഞാൻ പിടിച്ചത്. ധനുഷ് സാർ പറഞ്ഞു, 'നീ നിന്റെ ഇഷ്ടത്തിന് പിടിച്ചോ' എന്ന്. അത് ശരിക്കും എന്നെ സംബന്ധിച്ച് ഒരു ഐസ് ബ്രേക്കിങ് മൊമന്റ് തന്നെയായിരുന്നു.

എല്ലാവരും വളരെ ഫ്രീ ആയിരുന്നു സെറ്റിൽ. ചെയ്യേണ്ട കാര്യങ്ങളൊക്കെ നമുക്ക് പറഞ്ഞു തരും. ഓരോ ഷോട്ട് പോകുന്നതിന് മുൻപും നാലഞ്ച് തവണ റിഹേഴ്സൽ ചെയ്യും. കുറച്ചു ഡയലോ​ഗെ ഉള്ളൂവെങ്കിലും ഓരോ തവണയും ഞാനത് ഇംപ്രവൈസ് ചെയ്യുമായിരുന്നു. അത് അവർക്ക് ഇഷ്ടപ്പെട്ടാൽ ഈ രീതിയിൽ ചെയ്തോളൂ എന്ന് പറയും.

മെയിൻ ആർട്ടിസ്റ്റിനൊപ്പമുള്ള റിഹേഴ്സലുമൊക്കെ വളരെ രസകരമായിരുന്നു. അവർ കഥാപാത്രത്തിലേക്ക് ഇറങ്ങി ചെല്ലുന്നത് നേരിട്ട് കാണാൻ കഴിയുന്നത് തന്നെ വളരെ സന്തോഷകരമായ കാര്യമാണ്.

Q

ഹാപ്പി ഡേയ്സ്, ഫിദ പോലുള്ള നിരവധി ഹിറ്റുകൾ സമ്മാനിച്ച ഒരു സംവിധായകനാണ് ശേഖർ കമ്മുല. വളരെ ഡൗൺ ടു എർത്ത് ആണ് അ​ദ്ദേഹമെന്ന് കേട്ടിട്ടുണ്ട്?

A

അഭിനേതാക്കളുമായി വളരെയധികം കോപറേറ്റ് ചെയ്യുന്ന സംവിധായകനാണ് ശേഖർ കമ്മുല. 45 ദിവസത്തോളം എനിക്ക് ഷൂട്ട് ഉണ്ടായിരുന്നു. ധനുഷ് സാറിനോട് എങ്ങനെയാണോ ഒരു സീൻ ചെയ്യാൻ പറയുന്നത്, അതേ രീതിയിൽ തന്നെയാണ് ശേഖർ സാർ നമ്മളോട് പറയുന്നതും. കാരക്ടറിനെക്കുറിച്ചൊക്കെ വളരെ രസകരമായി നമ്മളോട് പറഞ്ഞു തരും. അഭിനയിക്കുമ്പോൾ അത് നമുക്ക് നന്നായി സഹായകരമാകും.

ഒട്ടും ടെൻഷനില്ലാതെ വർക്ക് ചെയ്യാൻ പറ്റിയ സെറ്റായിരുന്നു കുബേരയുടേത്. വലിയ തിരക്കുകളോ ബഹളമോ ഒന്നുമില്ലാതെയായിരുന്നു ഷൂട്ടൊക്കെ. പെർഫോം ചെയ്യുന്നതിന് മുൻപ് ശേഖർ സാർ കുറേ കാര്യങ്ങൾ പറഞ്ഞു തരും. അതിൽ നിന്നാണ് മെയിൻ പ്ലോട്ടിലേക്ക് കടക്കുന്നത്. അതിന് ശേഷം കാരക്ടറിനെക്കുറിച്ച് വിശ​ദമായി പറഞ്ഞു തരും. അങ്ങനെ ചെയ്യുമ്പോൾ ആദ്യം മുതൽ നമുക്കും ആ കഥാപാത്രത്തെക്കുറിച്ച് നല്ല വ്യക്തതയുണ്ടാകും.

പിന്നെ അദ്ദേഹത്തിന് സൂരി എന്ന് പേരുള്ള അസിസ്റ്റന്റ് ഡയറക്ടർ ഉണ്ട്. അദ്ദേഹം നമ്മളെ ഹൈദരാബാദിലെ യാചക മേഖലകളിലൊക്കെ കൊണ്ടു പോകും. നമ്മുടെ ഇവിടുത്തെ പോലെയല്ല, ഹൈദരാബാദിലെ അവസ്ഥ നമുക്ക് കുറച്ചു വിഷമമുണ്ടാക്കുന്ന അവസ്ഥയാണ്. തിരികെ വരുമ്പോൾ അവിടെ കണ്ട് കാഴ്ചകളെക്കുറിച്ച് എല്ലാവരും സംസാരിക്കും,

ചില കാര്യങ്ങളൊക്കെ ചെയ്ത് നോക്കും. എന്നെ സംബന്ധിച്ച് ഇതൊക്കെ വളരെ സ്പെഷ്യലാണ്. ചില സംഭവങ്ങൾ ഞാൻ കൈയിൽ നിന്ന് ഇട്ടിരുന്നു. അത് ശേഖർ സാർ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞിരുന്നു. രണ്ട് മൂന്ന് മണിക്കൂർ കൊണ്ടാണ് മേക്കപ്പ് ചെയ്യുന്നത്. ശരീരം മുഴുവനും ഈ പറഞ്ഞ കണക്കിന് കരിയൊക്കെ തേക്കണമല്ലോ. ആ കാരക്ടർ ഭം​ഗിയാക്കുന്നതിൽ മേക്കപ്പും നന്നായി സഹായിച്ചിട്ടുണ്ട്.

പിന്നെ എല്ലാവരെയും നന്നായി പരി​ഗണിക്കുന്നതു കൊണ്ട് തന്നെ, സംവിധായകൻ കഥയെക്കുറിച്ച് ആദ്യം എന്നോട് ചർച്ച ചെയ്തിരുന്നു. നമ്മുടെ അഭിപ്രായമൊക്കെ ചോദിച്ചു. ഓഡിഷൻ സമയം മുതൽ ഷൂട്ടിങ് തീരുന്നതുവരെ നമ്മളോട് ഒരു ബഹുമാനം അവർക്കുണ്ടായിരുന്നു. അതുകൊണ്ട് നമ്മളും വളരെ കംഫർട്ടബിളായി.

ഓഡിഷനായി അവർ തന്നെ ഫ്ലൈറ്റ് ബുക്ക് ചെയ്താണ് നമ്മളെ ഹൈദരാബാദിലേക്ക് കൊണ്ടുപോയത്. തിരിച്ച് വരാനായി രാത്രിയ്ക്കുള്ള ഫ്ലൈറ്റ് ആണ് ഞാൻ ബുക്ക് ചെയ്തത്. ഫ്ലൈറ്റ് രാത്രി ആയതുകൊണ്ട് എയർപോർട്ടിന് അടുത്ത് ഹോട്ടൽ ബുക്ക് ചെയ്ത് തരണോ എന്നൊക്കെ അവർ ചോദിച്ചിരുന്നു.

Q

ബോക്സോഫീസിൽ നൂറ് കോടി കടന്നു കഴിഞ്ഞു കുബേരയിപ്പോൾ. മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നതും. ഈ നിമിഷം എന്താണ് തോന്നുന്നത്?

A

എനിക്ക് ഇതെല്ലാം ഒരു ബോണസ് ആയിട്ടാണ് തോന്നുന്നത്. ഇങ്ങനെയൊരു പ്രൊജക്ടിന്റെ ഭാ​ഗമാകാൻ കഴിഞ്ഞത് തന്നെ ഒരു ഭാ​ഗ്യമാണ്. ഒരാഴ്ചയുടെ വ്യത്യാസത്തിലാണ് ഞാൻ അഭിനയിച്ച രണ്ട് സിനിമകൾ (റോന്ത്, കുബേര) റിലീസ് ആകുന്നത്. ചെറിയ കഥാപാത്രമാണെങ്കിൽ പോലും ആളുകൾ നമ്മളെ വിളിച്ച് അഭിനന്ദിക്കുന്നു.

12 വർഷമായിട്ട് തുടർച്ചയായി നാടകം ചെയ്യുന്ന ആളാണ് ഞാൻ. നാടകവും സിനിമയും തമ്മിൽ നല്ല വ്യത്യാസമുണ്ട്. ഇത്രയും വർഷം നാടകം ചെയ്തതിനേക്കാൾ കൂടുതൽ അഭിനന്ദനം രണ്ട് സിനിമ ചെയ്ത് കഴിഞ്ഞപ്പോൾ എനിക്ക് കിട്ടി കൊണ്ടിരിക്കുന്നു.

Q

കുബേരയിലെ കേളുവിൽ നിന്ന് വളരെ വ്യത്യസ്തമാണല്ലോ റോന്തിലെ നവീൻ?

A

ഓഫിസർ ഓൺ ഡ്യൂട്ടി എന്ന സിനിമയിലെ വില്ലൻ ​ഗ്യാങിന് വേണ്ടി ഞാൻ ആക്ടേഴ്സ് ട്രെയിനിങ്ങ് നൽകിയിരുന്നു. അങ്ങനെയാണ് ഷാഹി സാറിനെ (ഷാഹി കബീർ) പരിചയം. അങ്ങനെയാണ് റോന്തിലേക്ക് വരുന്നത്.

സെറ്റിലെത്തിയപ്പോഴാണ് നവീൻ എന്ന കഥാപാത്രത്തെക്കുറിച്ച് ഷാഹി സാർ പറയുന്നത്. നവീൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. ശരിക്കും നവീനെപ്പോലെയുള്ള കഥാപാത്രങ്ങളെക്കുറിച്ച് ഞാൻ വായിക്കുകയും ചിന്തിക്കുകയുമൊക്കെ ചെയ്യാറുണ്ട്. അതുകൊണ്ട് കുറച്ച് എളുപ്പമായിരുന്നു.

Q

അഭിനയം മാത്രമല്ല, കാസ്റ്റിങ് ഡയറക്ടർ കൂടിയാണ് അജിത്. സിനിമാ മോഹം കുട്ടിക്കാലത്ത് തുടങ്ങിയതാണോ?

A

ഞാൻ തിരുവല്ല മാർത്തോമ കോളജിലാണ് പഠിച്ചത്. അധ്യാപകൻ ആകാനായിരുന്നു എനിക്കിഷ്ടം. സ്കൂളിൽ പഠിക്കുന്ന സമയം മുതൽ നാടകം ചെയ്യുമായിരുന്നു. നാഷ്ണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നാണ് അഭിനയം പ്രൊഫഷണൽ ആയി പഠിക്കുന്നതൊക്കെ. പിന്നെ നാടകത്തിലേക്ക് തിരിഞ്ഞു. കോവിഡിന് ശേഷമാണ് കാസ്റ്റിങ് ഡയറക്ഷനിലേക്ക് വരുന്നത്. ഇതിനിടെ ശാലിനി ഉഷാദേവി സംവിധാനം ചെയ്ത എന്നെന്നും എന്നൊരു സിനിമയിലും അഭിനയിച്ചിരുന്നു.

കഴിഞ്ഞ വർഷം ഐഎഫ്എഫ്കെയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഇപ്പോൾ കുറച്ച് ഇന്റർനാഷണൽ ഫെസ്റ്റുകളിലൊക്കെ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. ഒരു പ്രധാന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. ഞാൻ ചെയ്തതിൽ വലിയ കഥാപാത്രം എന്നെന്നും സിനിമയിലേതാണ്.

ഒരു അഭിനേതാവ് എന്ന നിലയിൽ കുറച്ചു കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്ന് തോന്നിയതും ഈ സിനിമയിലാണ്. പിന്നെ എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും വളരെ ഓർ​ഗാനിക് ആയാണ് സംഭവിക്കാറുള്ളതും.

Summary

Malayalam Actor Ajithlal Sivalal talks about Pan Indian Movie Kuberaa and Dhanush, Nagarjuna performance.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com