തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അല്ലു അർജുൻ. യുവാക്കൾക്കിടയിൽ മാത്രമല്ല കുട്ടികളുടേയും സൂപ്പർതാരമാണ് അല്ലു. ഓട്ടോഗ്രാഫ് ആവശ്യപ്പെട്ട കുട്ടി ആരാധകന് താരം നൽകിയ സർപ്രൈസാണ് ഇപ്പോൾ ആരാധകരുടെ മനം കവരുന്നത്. ഓട്ടോഗ്രാഫും കൈനിറയെ സമ്മാനങ്ങളുമായി സ്വന്തം മകനെയാണ് അല്ലു അർജുൻ ആരാധകന്റെ അരികിലേക്ക് വിട്ടത്.
ഹൈദരാബാദിലെ അനാഥാലയത്തിൽ കഴിയുന്ന സമീറിനാണ് പ്രിയതാരം സർപ്രൈസ് നൽകിയത്. അല്ലു അർജുന്റെ ഓട്ടോഗ്രാഫ് ക്രിസ്മസ് സമ്മാനമായി ലഭിക്കണമെന്നാണായിരുന്നു സമീറിന്റെ ആഗ്രഹം. ഇത് അറിഞ്ഞ നടി വിഥിക ഷേരുവാണ് സമീറിനെക്കുറിച്ച് അല്ലുവിനെ അറിയിച്ചത്.
അനാഥാലയത്തിലെ കുട്ടികൾക്കായി സീക്രട്ട് സാന്റ വീഡിയോ വിഥിക ഒരുക്കിയിരുന്നു. ഈ വീഡിയോയിൽ സമീറിനോട് ക്രിസ്മസ് സമ്മാനമായി എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ മറുപടി അല്ലുവിന്റെ ഓട്ടോഗ്രാഫ് വേണമെന്നായിരുന്നു. പിന്നാലെ ഡിസംബർ 17ന് വിഥിക ട്വിറ്ററിലൂടെ സമീറിന്റെ ആവശ്യം അല്ലുവിനെ അറിയിച്ചു. സമീറിന്റെ ആഗ്രഹം അറിഞ്ഞ താരം സമീറിനും കൂട്ടുകാർക്കും സമ്മാനമെത്തിക്കുകയായിരുന്നു.
ഭാര്യ സ്നേഹയ്ക്കൊപ്പം ചേർന്ന് സമീറിനായി ഓട്ടോഗ്രാഫും അനാഥാലയത്തിലെ മുഴുവൻ കുട്ടികൾക്കും ക്രിസ്മസ് സമ്മാനവും താരം ഒരുക്കി. സമ്മാനങ്ങൾ നൽകാനായി തന്റെ മകൻ അല്ലു അയാനെ അനാഥാലയത്തിലേക്ക് അയക്കുകയും ചെയ്തു. അനാഥാലയത്തിലെ കുട്ടികൾക്കൊപ്പം ഏറെ നേരം കളിയും വർത്തമാനങ്ങളും കഴിഞ്ഞാണ് അയാൻ തിരികേ പോയത്. ഇതിന്റെ വീഡിയോ വൈറലാകുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates