

സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് മലയാളികൾക്ക് ബിജു മേനോൻ. സിനിമയിൽ എത്തിയ കാലം മുതൽ ഏത് വേഷവും ബിജു മേനോൻ ചെയ്യാറുണ്ട്. നായകനായും വില്ലനായും സഹനടനായും ഹാസ്യവേഷങ്ങളിലുമെല്ലാം ഒരുപോലെ തിളങ്ങാൻ താരത്തിനായി. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി ഏതറ്റം വരെയും പോകാനും ബിജു മേനോന് യാതൊരു മടിയുമില്ല.
സിനിമയിലെത്തിയിട്ട് മുപ്പത് വർഷം പൂർത്തിയാക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം. 1994 ൽ പുറത്തിറങ്ങിയ പുത്രൻ എന്ന ചിത്രത്തിലൂടെയാണ് ബിജു മേനോൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ മുപ്പത് വർഷത്തെ തന്റെ സിനിമ യാത്രയെ കുറിച്ചു പറയുകയാണ് താരം. ഒട്ടും പ്രതീക്ഷിക്കാതെ തുടങ്ങിയതാണ് തന്റെ ഈ യാത്രയെന്നും ഒരുപാട് സന്തോഷമുണ്ടെന്നും താരം പറഞ്ഞു. തന്റെ പുതിയ ചിത്രമായ തലവന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ബിജു മേനോൻ ഇക്കാര്യം പറഞ്ഞത്.
"ഒരുപാട് സന്തോഷമുണ്ട് ഇവിടെ വരെയെത്തിയതിൽ. മുപ്പത് വർഷത്തെ യാത്ര ഒട്ടും പ്രതീക്ഷിക്കാതെ തുടങ്ങിയതാണ്. അന്നൊന്നും ഒട്ടും സീരിയസ് ആയിരുന്നില്ല. എന്താണ് ചെയ്യേണ്ടതെന്ന് അറിയാതിരിക്കുന്ന സമയത്താണ് സിനിമയിലെത്തിയത്. സിനിമയിൽ വന്ന് കുറേ കാലം കഴിഞ്ഞ് നമ്മുടെ ജീവിത മാർഗം ഇതാണെന്ന് തിരിച്ചറിഞ്ഞു. കുറച്ചു കൂടി സിനിമയെ സീരിയസായി കാണാനും സ്നേഹിക്കാനും തുടങ്ങി. വളരെ സന്തോഷം, എല്ലാം ഒരു ഭാഗ്യമായി കരുതുന്നു"- ബിജു മേനോൻ പറഞ്ഞു.
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഏകദേശം 150 ലധികം സിനിമകളിൽ ബിജു അഭിനയിച്ചിട്ടുണ്ട്. ജിസ് ജോയ് സംവിധാനം ചെയ്യുന്ന തലവൻ ഈ മാസം 24 നാണ് തിയറ്ററുകളിലെത്തുക. ബിജു മേനോനൊപ്പം ആസിഫ് അലിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥരായാണ് ഇരുവരും ചിത്രത്തിലെത്തുക.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ത്രില്ലർ ചിത്രമായാണ് തലവൻ പ്രേക്ഷകരിലേക്കെത്തുക. കഴിഞ്ഞ ദിവസം പുറത്തുവന്ന തലവന്റെ ട്രെയിലറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അരുൺ നാരായണൻ പ്രൊഡക്ഷൻസ്, ലണ്ടൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മിയ, അനുശ്രീ, ദിലീഷ് പോത്തൻ, ശങ്കർ രാമകൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates