മണി മായമ്പിള്ളി/ ഫേസ്ബുക്ക്
മണി മായമ്പിള്ളി/ ഫേസ്ബുക്ക്

നടൻ മണി മായമ്പിള്ളി അന്തരിച്ചു

കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവായ അദ്ദേഹം പ്രൊഫഷണൽ നാടകങ്ങളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. സീരിയൽ, സിനിമ രം​ഗത്തും സജീവമായിരുന്നു
Published on

കൊച്ചി; നടൻ മണി മായമ്പിള്ളി (മണികണ്ഠൻ) അന്തരിച്ചു. 47 വയസായിരുന്നു. പറവൂർ ചേന്ദമംഗലം തെക്കുംപുറത്തെ വീട്ടിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവായ അദ്ദേഹം പ്രൊഫഷണൽ നാടകങ്ങളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. സീരിയൽ, സിനിമ രം​ഗത്തും സജീവമായിരുന്നു. 

തൃശൂർ മണപ്പുറം കാർത്തിക നാടകവേദിയുടെ കുട്ടനും കുറുമ്പനും എന്ന നാടകം മുതൽ ഇദ്ദേഹം നാടകരംഗത്തു സജീവമായിരുന്നു. തൃശൂർ യമുന എന്‍റർടെയ്‌നേഴ്‌സിന്‍റെ കടത്തനാടൻ പെണ്ണ് തുമ്പോലാർച്ച എന്ന നാടകത്തിലെ അഭിനയത്തിനായിരുന്നു 2015-16 വർഷത്തെ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടകനടനുള്ള അവാർഡ് ലഭിച്ചത്. ഈ നാടകത്തിൽ തുമ്പോലാർച്ചയുടെ ഭർത്താവ് പാക്കനാരും മുത്തച്ഛനുമായി ഇരട്ടവേഷത്തിൽ മികച്ച പ്രകടനമാണ് അവാർഡ് നേടികൊടുത്തത്.

തിരുവനന്തപുരം സംഘചേതന, ഓച്ചിറ നിള, രാജൻ പി. ദേവിന്‍റെ ചേർത്തല ജൂബിലി തുടങ്ങി ഒട്ടേറെ നാടകസമിതികളുടെ നാടകങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കുങ്കുമപ്പൂവ്, ഇന്ദുലേഖ, ചന്ദനമഴ, ദേവീ മാഹാത്മ്യം, ഭാഗ്യജാതകം, നിലവിളക്ക്, അൽഫോൻസാമ്മ, ബാലഗണപതി, അലാവുദ്ദീനും അത്ഭുതവിളക്കും തുടങ്ങി നിരവധി സീരിയലുകളിലും വേഷമിട്ടു. കൂടാതെ ചൈതന്യം, സത്യൻ അന്തിക്കാടിന്‍റെ ജോമോന്‍റെ സുവിശേഷങ്ങൾ തുടങ്ങി സിനിമകളിൽ ചെറിയ റോളുകളിലും അഭിനയിച്ചു. 

തൃശൂർ കോട്ടപ്പുറം മായമ്പിള്ളി ഇല്ലത്ത് നീലകണ്ഠൻ ഇളയതിന്‍റെയും ദേവകി അന്തർജ്ജനത്തിന്‍റെയും മകനാണ്. 15 വർഷത്തോളമായി പറവൂർ ചേന്ദമംഗലത്താണ് താമസം. ശ്രീകുമാരിയാണ് ഭാര്യ. അക്ഷയ്, അഭിനവ് എന്നിവർ മക്കളാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com