'അയാൾ അത് പറഞ്ഞതും ശ്രീനി എഴുന്നേറ്റ് കസേര എടുത്തു അടിക്കാനൊരുങ്ങി'; ലൊക്കേഷൻ അനുഭവം പങ്കുവെച്ച് മുകേഷ്

ശ്രീനിവാസന് പെട്ടന്ന് ദേഷ്യവരുകയും അത്രയും പെട്ടന്ന തണുക്കുകയും ചെയ്യും-മുകേഷ്
മുകേഷ്, ശ്രീനിവാസൻ/ ഫെയ്‌സ്‌ബുക്ക്
മുകേഷ്, ശ്രീനിവാസൻ/ ഫെയ്‌സ്‌ബുക്ക്
Updated on
3 min read

ശ്രീനിവാസന്റെ സിനിമകളില്‍ തമാശകളുണ്ടെങ്കിലും അദ്ദേഹം അത്ര തമാശക്കാരനല്ലെന്ന് നടന്‍ മുകേഷ്. ശ്രീനിവാസന് ദേഷ്യം വന്നാല്‍ അദ്ദേഹത്തെ പിടിച്ചു നിര്‍ത്താന്‍ വളരെ പ്രയാസമാണ്. അത്ര പെട്ടന്ന് തന്നെ തണുക്കുകയും ചെയ്യും. ഒരിക്കല്‍ ശ്രീനിവാസൻ അദ്ദേഹത്തെ അടുത്തിരുന്നു വര്‍ത്താനം പറഞ്ഞ് ശല്യപ്പെടുത്തിയ ഒരാളെ കസേരകൊണ്ട് തലയ്ക്ക് അടിക്കാന്‍ എഴുന്നേറ്റ സംഭവം പങ്കുവെക്കുകയാണ് താരം. 'മുകേഷ് സ്പീക്കിങ്' എന്ന യൂട്യൂബ് ചാനലിലൂടെയാണ് ശ്രീനിവാസനുമൊത്തുള്ള അനുഭവം അദ്ദേഹം പങ്കുവെച്ചത്. 

''വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അന്ന് ഏത് സിനിമ ഷൂട്ടിങ്ങിന് പോയാലും രാത്രി റൂമില്‍ ഭക്ഷണം ഉണ്ടാകും. അത് കഴിച്ച് നേരെ കിടക്കും. അതാണ് പതിവ്. ഒരുദിവസം എന്റെയും ശ്രീനിയുടെയും ഷൂട്ടിങ് അഞ്ച് മണിയോടെ കഴിഞ്ഞു. ഞാന്‍ ശ്രീനിയോട് പറഞ്ഞു 'ഇന്ന് നമ്മുക്ക് പുറത്തുപോയി എന്തെങ്കിലും വ്യത്യസ്തമായി കഴിച്ചാലോ?'. അദ്ദേഹവും അത് സമ്മതിച്ചു.

വിശ്രമിച്ച ശേഷം എട്ട് മണിയോടെ പോകാമെന്നും അദ്ദേഹം ഉറപ്പു നല്‍കി. അതുപ്രകാരം നേരത്തെ കുളിച്ച് എട്ടു മണിയോടെ ഞാന്‍ ശ്രീനിയുടെ റുമിയില്‍ എത്തി. എന്നാല്‍ അവിടെ കുറെ സിനിമക്കാരൊക്കെ വന്നിട്ടുണ്ടായിരുന്നു. എന്നെ കണ്ടയുടനെ- 'മുകേഷ് ഇരിക്കൂ' എന്നു പറഞ്ഞു. പുറത്തു പോകാമെന്ന് പറഞ്ഞ കാര്യം ആളു മറന്നു പോയെന്ന് അപ്പോള്‍ തന്നെ എനിക്ക് മനസിലായി. ഇടയ്ക്ക് ഭക്ഷണം കഴിക്കേണ്ടേ എന്ന് ആംഗ്യം കാണിച്ചു നോക്കി. 'എന്താ എന്താ' എന്ന് ചോദിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന് കാര്യം പിടികിട്ടിയില്ല. ഞാന്‍ വീണ്ടും ആംഗ്യം കാണിച്ചു അപ്പോഴാണ് അദ്ദേഹത്തിന് മനസിലായത്. അങ്ങനെ വന്നവരെയൊക്കെ പറഞ്ഞുവിട്ടപ്പോഴേക്കും സമയം വൈകി. 

പുറത്തുപോകാന്‍ തീരുമാനിച്ചതു കൊണ്ട് ലൊക്കേഷനില്‍ നിന്നും ഭക്ഷണം വേണ്ടന്നു പറയുകയും ചെയ്തു. കോക്കേഴ്‌സ് സിനിമയുടെ അടുത്ത് ഫ്രൈസ് എന്നൊരു കടയുണ്ടെന്നും അവിടുത്തെ ഭക്ഷണം നല്ലാണെന്നും അവിടേക്ക് പോകാമെന്നും തീരുമാനിച്ചു. എന്നാല്‍ അവിടെ എത്തിയപ്പോഴേക്കും കട അടച്ചിരുന്നു. പുറത്ത് വാച്ചറിനോട് ചോദിച്ചപ്പോള്‍ ഇനി ആളുകളെ കയറ്റില്ലെന്നും പറഞ്ഞു. 'മുതലാളി ഉണ്ടോ' എന്ന് ഞാന്‍ ചോദിച്ചു. ഉണ്ടെന്നു അയാള്‍ മറുപടി പറഞ്ഞു. 'മുതലാളിയോട് പറയണം ശ്രീനിവാസനും മുകേഷും വന്നിട്ടുണ്ടെന്ന്' എന്നിട്ടും വാച്ചര്‍ അടുക്കുന്നില്ല. 'ആരു വന്നാലും ഞങ്ങള്‍ ഇനി കട തുറക്കില്ല' എന്നായി അയാള്‍. ഉടനെ കഴിക്കാന്‍ അല്ല ഒരു കാര്യം ഡിസ്‌കസ് ചെയ്യാന്‍ വന്നതാണെന്ന് ഞാന്‍ ഒന്നു എറിഞ്ഞു നോക്കി. അയാള്‍  അകത്തു പോയി പറഞ്ഞതിന്റെ പിന്നാലെ കടയുടെ മുതലാളി ഓടി വന്നു. 'സോറി സര്‍, ഇവന് ആളെ മനസിലായില്ല, അതുകൊണ്ടാണ്, കയറി വരൂ' എന്ന് പറഞ്ഞു. അകത്തിരുത്തി കഴിക്കാന്‍ എന്താണ് വേണ്ടതെന്ന് ചോദിച്ചു. ഇവിടെത്തെ സ്‌പെഷ്യല്‍ എന്താണെന്ന് ചോദിച്ചു. 'ചപ്പാത്തിയും ചിക്കന്‍ ഫ്രൈയും' എന്നാല്‍ അതു മതി കൊണ്ടു വരൂ എന്ന് പറഞ്ഞു. 

ഇതിന് പിന്നാലെ കുറച്ചു തടച്ച കാണാനൊക്കെ സുമുഖനായ ഒരാള്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു. ഇയാള്‍ ഞങ്ങള്‍ക്ക് എതിരെ വന്നിരുന്നു. എറണാകുളത്താണ് വീടെന്ന് പറഞ്ഞ് പരിചയപ്പെട്ടു. എന്നിട്ട് ഓരോ കാര്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. ശ്രീനിക്ക് ആകെ ദേഷ്യം വന്നു തുടങ്ങി. എത് സിനിമയാണ്, ആരാണ് സംവിധാനം, ആരോക്കെ ഉണ്ട് എന്നൊക്കെ അറിയണം. ഇതിനൊക്കെ മറുപടി പറഞ്ഞു കഴിഞ്ഞാന്‍ ഇയാള്‍ എണ്ണീറ്റു പോകുമെന്നായിരുന്നു എന്റെ വിചാരം. എന്നാല്‍ അയാള്‍ അവിടെ തന്നെ തുടര്‍ന്നു. ഒടുവില്‍ ഞാന്‍ പറഞ്ഞു 'സുഹൃത്തേ, ഞങ്ങള്‍ക്ക് നാളെത്തെ കാര്യങ്ങള്‍ ഡിസിക്കസ് ചെയ്യണം'. ഉടനെ 'അതിനെന്താ... നിങ്ങള്‍ സംസാരിച്ചോളൂ... ഞാന്‍ ഇവിടെ ഇരുന്നോളം. നിങ്ങളുടെ സംസാരം എനിക്ക് കൂടി കേള്‍ക്കാമെല്ലോ'. നിങ്ങള്‍ക്ക് കേള്‍ക്കാനുള്ളതല്ല ഞങ്ങള്‍ക്ക് പറയാനുള്ളതെന്നും ഞാന്‍ മറുപടി പറഞ്ഞു.

അതിനിടെ ശ്രീനിവാസനെ നോക്കി 'ഇയാള്‍ കുറേ നേരമായല്ലോ മിണ്ടാതിരക്കുന്നു. ഇയാളുടെ വായില്‍ എന്താ പഴം തിരുകി വെച്ചിരിക്കുന്നോ' എന്ന് ചോദിച്ചു. ഇതു കേട്ടതും ശ്രീനി ചാടി എഴുന്നേറ്റു ഇരുന്ന കസേര എടുത്തു ഒറ്റയടി. ഞാന്‍ അയാളെ തള്ളി മാറ്റിയത് കൊണ്ട് അയാള്‍ ഇരുന്ന കസേരയില്‍ ആണ് അടിയേറ്റത്. പെട്ടന്ന് ഞാന്‍ ശ്രീനിയെ വട്ടം പിടിച്ചു. ഈ നേരം കൊണ്ട് ഇയാള്‍ ഇറങ്ങിയോടി. 'ഞാന്‍ ഇവിടെ ചുമ്മതിരുന്നതല്ലേ. എന്റെ വായില്‍ പഴം തിരുകിയിരിക്കുകയാണോ എന്ന് ചോദിക്കാന്‍ അയാള്‍ ആരാണ്' എന്ന് ശ്രീനി ചോദിച്ചു. അയാളുടെ ഭാഗത്താണ് തെറ്റെന്നും എന്നാല്‍ നമ്മള്‍ ഇങ്ങനെ പെരുമാറാന്‍ പാടില്ലെന്നും ഞാന്‍ അദ്ദേഹത്തെ പറഞ്ഞു മനസിലാക്കി. പിന്നാലെ കടയുടെ ഉടമയും മറ്റെല്ലാരും വന്ന് ക്ഷമ പറഞ്ഞു. ശ്രീനി വളരെ പെട്ടന്ന് തന്നെ ശാന്തമാവുകയും ചെയ്തു. 

ഞാന്‍ ആണ് ഈ സ്ഥലത്ത് കൊണ്ട് വന്നതെന്ന ഭാവത്തില്‍. ഇടയ്ക്കിടയ്ക്ക് എന്നെ കണ്ണുരുട്ടി കാണിക്കുന്നുണ്ട്. ഭക്ഷണം ഒക്കെ നല്ലതായിരുന്നു. അതുകൊണ്ട് അദ്ദേഹം അടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ കടയുടെ മുതലാളി വന്നിട്ട്- 'സാറേ, ചെറിയ പ്രശ്‌നമുണ്ട്... ഇവിടുന്ന് ഇറങ്ങിയോടിയ ആള്‍ ഒരു വലിയ രാഷ്ട്രീയ നേതാവിന്റെ മകനാണ്. എറണാകുളത്ത് വലിയ സെറ്റപ്പ് ഒക്കെയുള്ള ആളാണ്. അയാള്‍ നിങ്ങളെ കൈകാര്യം ചെയ്യാന്‍ വേണ്ടി കുറച്ചാളുകളുമായി ഇവിടെക്ക് വരുന്നുണ്ട്. പേടിക്കേണ്ട ഞങ്ങള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്' ഇതുകൂടി കേട്ടപ്പോള്‍ ശ്രീനിക്ക് വീണ്ടും ദേഷ്യമായി. സമാധനപ്പെട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് ഞാനും സമാധാനിപ്പിച്ചു. അങ്ങനെയിരുന്നപ്പോള്‍ നല്ല വേഷമൊക്കെ ധരിച്ച് കണ്ടാല്‍ ഓഫീസര്‍ ലുക്കുള്ള രണ്ട് ചെറുപ്പക്കാര്‍ വന്നു. 'എന്താണ് ഇവിടെ സംസാരം' എന്ന് ചോദിച്ചു.

ഇവര്‍ രണ്ടാളും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരാണ്. ഇവിടെ എന്തോ കശപിശയുണ്ടെന്ന് കേട്ട് അന്വേഷിക്കാന്‍ വന്നാതാണ്. അപ്പോഴാണ് ശ്രീനിവാസനും മുകേഷും ഇവിടെ ഉണ്ടെന്ന് അറിഞ്ഞത്. 'എന്റെ ജീവിതത്തില്‍ കാണാന്‍ ആഗ്രഹിച്ച ഒരാളാണ് നിങ്ങൾ' എന്ന് അതില്‍ ഒരു ചെറുപ്പക്കാരന്‍ ശ്രീനിവാസനോട് പറഞ്ഞു. അപ്പോള്‍ ശ്രീനി എടുത്ത വായിക്ക് ചോദിച്ചു 'ഞാന്‍ പറയുന്ന കാര്യം നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുമോ' അവര്‍ ശരി എന്ന് മറുപടിയും പറഞ്ഞു. ഉടനെ ശ്രീനി 'എനിക്ക് ഒരു ആയുധം വേണം, എന്നെ അടിക്കാന്‍ കുറച്ചു പേര്‍ വരുന്നുണ്ട്, അവരെ എനിക്ക് നേരിടണം. അതിൽ ഒരുത്തനെ എങ്കിലും ഞാന്‍ അടിച്ചിടും' ഇതുകേട്ട് ഉദ്യോഗസ്ഥര്‍ ഞെട്ടി. എന്നിട്ട് എന്നെ നോക്കി. ഞാന്‍ ചിരിക്കുന്നത് കണ്ട് എല്ലാവരും ചിരിക്കാന്‍ തുടങ്ങി. പിന്നീട് അവിടെയ്ക്ക് ആക്രമിക്കാന്‍ ആരും വന്നതുമില്ല. ഒരുവിധത്തില്‍ ശ്രീനിയെ വിളിച്ച് കാറില്‍ കയറ്റി തിരിച്ചെത്തി. അത് അങ്ങനെ അവസാനിച്ചു.

കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഇതുപോലെ ഒരു ദിവസം. മേഴ്‌സി ടൂറിസ്റ്റ് ഹോമിലെ കരിമീര്‍ നല്ലാതാണെന്ന് പറഞ്ഞ് ഞാനും ശ്രീനിയും കൂടി അവിടെ കഴിക്കാന്‍ പോയി. അപ്പോള്‍ ഒരാള്‍ വളരെ വിനയത്തോടെ ഞങ്ങളുടെ അടുത്തുവന്ന് ഇരുന്നോട്ടെ എന്ന് ചോദിച്ചു. 'ശരി ഇരുന്നോളൂ' എന്ന് ഞങ്ങളും പറഞ്ഞു. 'ഞാന്‍ നിങ്ങളുടെ രണ്ടു പേരുടെയും വലിയ ആരാധകനാണ്. ഞാന്‍ വന്നത് നിങ്ങളോട് മാപ്പ് പറയാനാണ്.' ഞങ്ങള്‍ക്ക് കാര്യം മനസിലായില്ല.

'നിങ്ങള്‍ പണ്ട് ഫ്രൈസ് എന്ന ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍  ഒരാൾ പഴത്തിന്റെ കാര്യം പറഞ്ഞത് ഓർമ്മ ഉണ്ടോ? അത് ഞാൻ ആയിരുന്നു. ക്ഷമിക്കണം... വെറി സോറി, ഞാൻ നിങ്ങളെ തിരക്കി നടക്കുകയായിരുന്നു.' ഉടനെ ശ്രീനിവാസന്‍ പഴയ ഭാവത്തില്‍ എത്തി. 'അത് താനായിരുന്നല്ലേ, തന്നെ ഞാനും തിരക്കി നടക്കുകയായിരുന്നു'. അപ്പോള്‍ ഞാന്‍ ഇടപ്പെട്ടു 'ഒന്നു ചുമ്മാതിരി, ആര് തിരക്കി നടന്നുന്നു. അയാള്‍ മാപ്പു പറയാന്‍ വന്നിരിക്കുകയാണ്. ഒരു ഷേക്ക് ഹാന്‍ഡ് കൊടുത്ത് കാര്യം ഇപ്പോള്‍ തീര്‍ക്കണം'. അങ്ങനെ എല്ലാവരും സന്തോഷത്തോടെ ഷേക്ക് ഹാന്‍ഡ് കൊടുത്ത് അയാള്‍ പോയി. 

ഞാന്‍ ശ്രീനിയോട് പറഞ്ഞു 'കണ്ടോ ഇത്രേയുള്ള മനുഷ്യരുടെ കാര്യം'. അങ്ങനെ ഞങ്ങള്‍ ഭക്ഷണം കഴിച്ചു. ഒടുവില്‍ ബില്ല് ചോദിച്ചപ്പോള്‍ സപ്ലൈയര്‍ ബില്ല് തരുന്നില്ല. ചോദിച്ചപ്പോള്‍ നിങ്ങളുടെ കൂടെയുണ്ടായിരുന്നയാള്‍ പണം നല്‍കിയെന്ന് പറഞ്ഞു. ശ്രീനി ചാടി എഴുന്നേറ്റു. 'ആരു പറഞ്ഞു വാങ്ങാന്‍. ഞാന്‍ അധ്വാനിച്ച് കാശു കൊണ്ട് എനിക്ക് ഭക്ഷണം കഴിക്കാന്‍ അറിയാം. അവന്‍ ആരാണ് എന്റെ ഭക്ഷണത്തിന്റെ കാശു കൊടുക്കാന്‍? അവനെ എന്റെ കയ്യില്‍ കിട്ടിയാല്‍ ഉണ്ടെല്ലോ.' അവിടെ നിന്നും ഞാന്‍ അദ്ദേഹത്തെ ഒരു വിധം ആശ്വസിപ്പിച്ച് തിരിച്ചു കൊണ്ടു പോയി. ഇങ്ങനെയാണ് ശ്രീനിവാസന്റെ ദേഷ്യം-മുകേഷ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com