ഉർവശിയെ ചതിയിൽ വീഴ്ത്തിയ മുകേഷ്, ഇനി ജീവിതത്തിൽ വിശ്വസിക്കില്ലെന്ന് നടി; വിഡിയോ

തന്റെ യൂട്യൂബ് ചാനലായ മുകേഷ് സ്പീക്കിങ്ങിലൂടെയാണ് താരം രസകരമായ കഥ ആരാധകരോട് പറഞ്ഞത്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on
2 min read

ടി ഉർവശിയെ പറ്റിച്ച കഥ പറഞ്ഞ് നടൻ മുകേഷ്. തന്റെ യൂട്യൂബ് ചാനലായ മുകേഷ് സ്പീക്കിങ്ങിലൂടെയാണ് താരം രസകരമായ കഥ ആരാധകരോട് പറഞ്ഞത്. മുകേഷ്, ഉർവശി, ജയറാം തുടങ്ങിയവർ അഭിനയിച്ച നന്മ നിറഞ്ഞവൻ ശ്രീനിവാസൻ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവമുണ്ടാകുന്നത്. താനൊരു ​ഗാനരചയിതാവും സം​ഗീത സംവിധായകനുമാണ് എന്ന് പറഞ്ഞാണ് ഉർവശിയെ പറ്റിച്ചത്. മറ്റൊരു സിനിമയിലെ പാട്ടാണ് ഇതിനായി മുകേഷ് ഉപയോ​ഗിച്ചത്. എന്നാൽ ആ സിനിമ റിലീസായതോടെ കള്ളം പൊളിയുകയായിരുന്നു. തന്നെ പറ്റിച്ചതാണെന്ന് മനസിലാക്കിയ ഉർവശി ഇനി ജീവിതത്തിൽ വിശ്വസിക്കില്ലെന്ന് മുകേഷിനോട് പറയുകയായിരുന്നു. 

മുകേഷിന്റെ കഥ ഇങ്ങനെ

‘നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍ എന്ന ചിത്രത്തിൽ ഞാനും ജയറാമും ഉര്‍വശിയും രഞ്ജിനിയുമാണ് അഭിനയിക്കുന്നത്. കുട്ടനാട്ടിലാണ് ഷൂട്ടിങ്. വിജി തമ്പിയാണ് സംവിധാനം. ഷൂട്ടിങ്ങിനായി ഞാൻ രാവിലെ ലൊക്കേഷനിൽ ചെന്നു. ജയറാമിന്റെയും ഉര്‍വശിയുടെയും ഭാഗങ്ങളാണ് ഷൂട്ട് ചെയ്യുന്നതെന്നും കുറച്ച് നേരെ കാത്തിരിക്കാമോ എന്നും സംവിധായകൻ ചോദിച്ചു. ചെന്നൈയിൽ മറ്റൊരു സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് വന്നതിനാൽ അടുത്തുള്ള വീടിന്റെ ഒരു വശത്ത് ഏറുമാടം പോലെയൊരു സ്ഥലത്ത് വിശ്രമിക്കാൻ ചെന്നു. അവിടത്തെ കുട്ടികൾ പഠിക്കുന്ന സ്ഥലമായിരുന്നു അത്. പുസ്തകവും പേനയുമെല്ലാം ഇരിപ്പുണ്ട്. ഞാൻ ഇരിക്കുന്നതിന്റെ  അപ്പുറത്തായി ഷോട്ടിനു റെഡിയായി മേക്കപ്പ് ഒക്കെയിട്ട് ഉര്‍വശിയുമിരിപ്പുണ്ട്.

ഉര്‍വശി എന്നെ ശ്രദ്ധിക്കുന്നതു ഞാന്‍ കണ്ടു. സമയം പോകാനായി ഒരു തമാശയൊപ്പിക്കാമെന്ന് വിചാരിച്ച് അവിടിരുന്ന ഒരു പേപ്പറില്‍ എന്തൊക്കയോ ഗൗരവമായി എഴുതുന്നതായി കാണിച്ചു. ഞാൻ കാര്യമായി എന്തോ എഴുതുന്നതു  ഉർവശിയും ശ്രദ്ധിക്കുന്നുണ്ട്. ‘മുകേഷേട്ടന്‍ എന്താ എഴുതുന്നത്, ഇനി വല്ല ലവ് ലെറ്ററുമാണോ, അങ്ങനെയാണേല്‍ ഇങ്ങേരെ വെറുതേ വിടാന്‍ പറ്റില്ലല്ലോ’, എന്നൊക്കെ ഉര്‍വശി ചിന്തിക്കുന്നത് എനിക്ക് ഇവിടിരുന്നു ഊഹിക്കാന്‍ പറ്റും. ഉര്‍വശി എഴുന്നേറ്റ് ഒരു വശത്തുകൂടി പതുങ്ങി പതുങ്ങി വന്ന് എന്റെ പുറകില്‍ വന്ന് എഴുതുന്നത് നോക്കി.

ഞാനെഴുതിയത് ‘തിരുനെല്ലിക്കാട് പൂത്തു, തിന തിന്നാന്‍ കിളിയിറങ്ങി കിളിയാട്ടും പെണ്ണേ കണ്ണേ തിരുകാവില്‍ പോകാം, കരിവളയും ചാന്തും വാങ്ങി തിരിയെ ഞാന്‍ കുടിലിലാക്കാം’ എന്നായിരുന്നു. യഥാർഥത്തില്‍ ജോഷി സംവിധാനം ചെയ്യുന്ന ‘ദിനരാത്രങ്ങള്‍’ എന്ന സിനിമയിലും ഞാന്‍ അപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ പാര്‍വതിയുമൊത്തുള്ള പാട്ടില്‍ ഞാന്‍ പാടുന്ന വരികളാണ് ഇത്. കഴിഞ്ഞ രണ്ടു ദിവസമായി ആ പാട്ടിന്റെ ഷൂട്ടിങ്ങിലായിരുന്നു ഞാൻ. അതിനാൽ വരികളെല്ലാം ഹൃദിസ്ഥമായിരുന്നു. അതാണ് ഞാൻ പേപ്പറിൽ എഴുതിയത്. എന്നാല്‍ ഇത് ഉര്‍വശിക്ക് അറിയില്ലായിരു.

ഉര്‍വശി ആ പേപ്പര്‍ വലിച്ചെടുത്തു. അതെടുക്കരുതെന്ന് ഞാന്‍ പറഞ്ഞു. എന്താണ് മുകേഷേട്ടന്‍ എഴുതുന്നത് എന്ന് ഉര്‍വശി ചോദിച്ചു. ഞാന്‍ വെറുതെ ഇരിക്കുമ്പോള്‍ ചില വരികളൊക്കെ ഇങ്ങനെ കുത്തിക്കുറിക്കും, എന്നിട്ട് അതെടുത്ത് കളയുമെന്ന് പറഞ്ഞു. അതോടെ താനത് വായിച്ച് നോക്കട്ടെയെന്ന് പറഞ്ഞ് ഉര്‍വശി അതെടുത്തു. മുകേഷേട്ടാ ഇത് ഗംഭീരമായിരിക്കുന്നു. വളരെ നന്നായിരിക്കുന്നു. മുകേഷേട്ടന് എഴുതാനുള്ള കഴിവുണ്ട്. അത് കളയരുത്. നമുക്ക് പല കഴിവുകളുണ്ട്. ചിലര്‍ക്ക് സ്‌പോര്‍ട്സ്, ചിലര്‍ക്ക് കഥ, ചിലര്‍ക്ക് കവിത. ഏത് കഴിവും പരിപോഷിപ്പിക്കണം. ഇത് മനോഹരമായിട്ടുണ്ട്,’ ഉര്‍വശി എന്നോട് പറഞ്ഞു.

ഉര്‍വശി തന്റെ ചതിയിൽ വീണെന്ന് മനസ്സിലായി. അതിനു പിന്നാലെ താൻ എഴുതുന്ന വരികൾക്ക് ട്യൂണിടാറുണ്ടെന്നും ഒരു നമ്പറിറക്കി. എന്നിട്ട് ആ പാട്ട് പാടി കേൾപ്പിച്ചു. ‘എന്റെ ദൈവമേ ഇത് എന്തൊരു കഴിവാണ്. മുകേഷേട്ടന്‍ ഇത് കളയരുത്. അടുത്ത സിനിമയിലെ എന്റെ ഡയറക്ടറുടെ അടുത്ത് പറയാന്‍ പോവുകയാണ്. പാട്ടെഴുതുന്നതും മുകേഷേട്ടന്‍ സംഗീതം നല്‍കുന്നതും മുകേഷേട്ടന്‍,’–അദ്ഭുതത്തോടെ ഉർവശി പറഞ്ഞു. അതൊന്നും വേണ്ട, മനുഷ്യനെ നാണം കെടുത്തരുത് എന്ന് ഞാന്‍ പറഞ്ഞു. ഒന്നും പറയണ്ട, നമ്മള്‍ ടാലന്റിനെ അംഗീകരിക്കണം. ഞാനെന്തായാലും തീരുമാനിച്ചു കഴിഞ്ഞു എന്ന പറഞ്ഞ് ഉര്‍വശി ഷോട്ടെടുക്കാന്‍ നടന്നുപോയി.

പിന്നെ എപ്പോഴെങ്കിലും ഈ കുസൃതി തിരുത്താമെന്ന് വിചാരിച്ചു. പക്ഷേ അതിനു ശേഷം ഉര്‍വശിയെ കാണാന്‍ പറ്റിയില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ‘ദിനരാത്രങ്ങള്‍’ റിലീസ് ചെയ്തു. ആലപ്പുഴയിലെ തിയറ്ററിലും റിലീസ് ഉണ്ട്. ഇവരെല്ലാം കൂടെ പ്ലാന്‍ ചെയ്ത് ഷൂട്ടിങ്ങിന് ശേഷം സെക്കന്‍ഡ് ഷോയ്ക്ക് തന്നെ പോയി. ഞാനാണെങ്കില്‍ ഉര്‍വശിയോട് പറഞ്ഞതെല്ലാം മറന്നുപോയിരുന്നു. സിനിമ കണ്ടതിന്റെ പിറ്റേന്ന് ഉര്‍വശി വന്നു. ‘തിരുനെല്ലി കാടു പൂത്തൂ അയ്യട സംഗീത സംവിധായകന്‍, പാട്ട്, എന്തൊരു ആക്ടിങ് ആരുന്നു. ഇനി ഞാന്‍ ലൈഫില്‍ വിശ്വസിക്കില്ല’. എന്നും പറഞ്ഞ് ഉര്‍വശി നടന്നു നീങ്ങി, ഞാന്‍ പൊട്ടിച്ചിരിച്ചു. നിരവധി സിനിമകളിൽ കൗശലക്കാരിയായ കഥാപാത്രങ്ങളെ അഭിനയിച്ചിട്ടുണ്ടെങ്കിലും ഉർവശി വെറും സാധു ആണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com