

മുണ്ടക്കൽ ശേഖരൻ എന്ന കഥാപാത്രത്തിലൂടെ മലയാളി സിനിമാപ്രേമികളുടെ മനം കവർന്ന താരമാണ് നെപ്പോളിയൻ. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ വില്ലനായി നിറഞ്ഞു നിന്നിരുന്ന താരം കുറച്ചുനാളായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ്. ഇപ്പോൾ നെപ്പോളിയനെ വാർത്തകളിൽ നിറക്കുന്നത് തമിഴ് സൂപ്പർതാരം വിജയുമായുള്ള ഒരു വഴക്കിന്റെ പേരിലാണ്. 15 വർഷമായി വിജയുമായി പിണക്കത്തിലാണ് നെപ്പോളിയൻ. എന്നാൽ പിണക്കം മാറ്റാനാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം ഇപ്പോൾ.
2007ൽ പോക്കിരി സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം തകരുന്നത്. അതിനു ശേഷം വിജയ് അഭിനയിച്ച സിനിമകൾ കാണുന്നതുപോലും നിർത്തി എന്നാണ് പറയുന്നത്. ‘‘പിണക്കം അവസാനിപ്പിക്കാൻ തയാറുണ്ടോ എന്ന് വിജയ്‌യോട് ചോദിക്കണമെന്നുണ്ട്. പതിനഞ്ച് വർഷമായി ഞങ്ങൾ തമ്മിൽ കാണുകയോ സംസാരിക്കുകയോ ചെയ്യാതായിട്ട്. ഇത്രയും ഇടവേളയ്ക്കുശേഷം അദ്ദേഹം എന്നോട് സംസാരിക്കാൻ തയാറാകുമോ എന്ന് അറിയില്ല. പക്ഷേ സംസാരിക്കാൻ ഞാൻ റെഡിയാണ്.” നെപ്പോളിയൻ പറഞ്ഞു. ഒരു അഭിമുഖത്തിനിടെയാണ് താരം വ്യക്തമാക്കിയത്.
വിജയ്‌യുമായി പിണങ്ങാനുണ്ടായ കാരണം
നെപ്പോളിയൻ തന്റെ ആരാധകരേയും കൂട്ടി പോക്കിരി സെറ്റിൽ എത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. വിജയ്‌യെ നേരിൽ കണ്ട് ഫോട്ടോ എടുക്കണമെന്ന് സുഹൃത്തുക്കൾ പറഞ്ഞതോടെ അവരേയും കൂട്ടി നെപ്പോളിയൻ പോക്കിരിയുടെ സെറ്റിൽ എത്തുകയായിരുന്നു. എന്നാൽ ഇവർ വരുന്ന കാര്യത്തെക്കുറിച്ച് നെപ്പോളിയൻ വിജയ്‌യോട് സൂചിപ്പിച്ചിരുന്നില്ല. സുഹൃത്തുക്കളുമായി നെപ്പോളിയൻ എത്തുമ്പോൾ ആക്‌ഷൻ ചിത്രീകരണം കഴിഞ്ഞ് കാരവനിൽ വിശ്രമിക്കുകയായിരുന്നു വിജയ്. ഇവര്‍ നേരെപോയ കാരവനിൽ തട്ടുകയായിരുന്നു. ഇതു കണ്ടെത്തിയ സെക്യൂരിറ്റി ഇവരെ തടഞ്ഞു. വിജയ്‌യോട് ചോദിച്ച് അനുവാദം വാങ്ങി കടത്തിവിടാമെന്ന് നെപ്പോളിയനോട് പറഞ്ഞു. എന്നാൽ ഇത് നെപ്പോളിയന് ഭയങ്കര നാണക്കേടുണ്ടാക്കി. അദ്ദേഹം സെക്യൂരിറ്റിയുമായി വഴക്കിട്ടു. പുറത്ത് ബഹളം കേട്ട വിജയ് കാരവാനിൽ നിന്നും പുറത്തെത്തി. വിജയ്‌യെ കണ്ടതും നെപ്പോളിയൻ തന്റെ ആവശ്യം പറഞ്ഞു. ഷൂട്ടിങിന്റെ ടെൻഷനിലും മറ്റും തളർന്നിരിക്കുകയായിരുന്ന വിജയ് പെട്ടന്ന് നെപ്പോളിയനോട് ദേഷ്യപ്പെടുകയായിരുന്നു. ഈ സംഭവത്തിനുശേഷം ഇരുവരും തമ്മിൽ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.
കുടുംബമായി അമേരിക്കയിലാണ് നെപ്പോളിയൻ ഇപ്പോൾ താമസിക്കുന്നത്. പ്രത്യേക പരിഗണനയർഹിക്കുന്ന മകനു വേണ്ടിയാണ് നെപ്പോളിയൻ അമേരിക്കയിൽ സ്ഥിര താമസമാക്കിയത്. ഹിപ്പ് ഹോപ്പ് ആദി നായകനായ അൻപറിവാണ് അദ്ദേഹത്തിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
