12 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചിതനാവുകയാണെന്ന് വെളിപ്പെടുത്തി നടൻ നിതീഷ് ഭരദ്വാജ്. ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടയിലാണ് ഭാര്യ സ്മിതയുമായി വേർപിരിയുന്ന കാര്യം നിതീഷ് പറഞ്ഞത്. വിവാഹ മോചനം എന്നത് മരണത്തേക്കാൾ വേദനാജനകമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"2019 സെപ്റ്റംബറിൽ മുംബൈയിലെ കുടുംബ കോടതിയിൽ വിവാഹ മോചന കേസ് ഫയൽ ചെയ്തിരുന്നു. കേസ് നടന്നുകൊണ്ടിരിക്കുകയാണ്. പിരിയുന്നതിനു പിന്നിലെ കാരണം തൽകാലം പറയാൻ ആഗ്രഹിക്കുന്നില്ല", നിതീഷ് പറഞ്ഞു. നിതീഷിന്റെയും സ്മിതയുടെയും രണ്ടാം വിവാഹമായിരുന്നു. ഇരട്ട കുട്ടികളാണ് ഇവർക്ക്. മരണത്തെക്കാൾ വേദനാജനകമാണ് വേർപിരിയൽ എന്നും നിതീഷ് പറഞ്ഞു. "ഒരു കുടുംബം തകരുമ്പോൾ കുഞ്ഞുങ്ങളാണ് ഏറ്റവും പ്രയാസപ്പെടേണ്ടിവരിക. വേർപിരിയുകയാണെങ്കിലും കുഞ്ഞുങ്ങളെ അത് ഏറ്റവും കുറഞ്ഞ രീതിയിൽ ബാധിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം", അദ്ദേഹം പറഞ്ഞു.
മോനിഷ പട്ടേൽ ആണ് നിതീഷിന്റെ ആദ്യ ഭാര്യ. ഇവർക്കും രണ്ട് കുട്ടികളാണ്. ഇരുവരും അമ്മയ്ക്കൊപ്പമാണ് കഴിയുന്നത്. 1991ൽ വിവാഹിതരായ ഇവർ 2005ൽ ആണ് വേർപിരിഞ്ഞത്. പിന്നീട് 2009ൽ ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന സ്മിതയെ വിവാഹം ചെയ്തു.
ബി ആർ ചോപ്രയുടെ 'മഹാഭാരതം' എന്ന സീരിയലിലെ ശ്രീകൃഷ്ണനെ അവതരിപ്പിച്ചാണ് നിതീഷ് ശ്രദ്ധനേടിയത്. പദ്മരാജൻ സംവിധാനം ചെയ്ത 'ഞാൻ ഗന്ധർവ്വനി'ലൂടെ മലയാളത്തിലും സാന്നിധ്യമറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates