'പറ്റിക്കാൻ ചെയ്തതല്ല, ഇന്ന് എല്ലാവരും എന്നെ തെറി വിളിക്കുന്നു': തെറ്റ് ഏറ്റുപറഞ്ഞ് സൂരജ്; മാപ്പ് നൽകി പൃഥ്വി 

വ്യാജ പ്രൊഫൈൽ ഉണ്ടാക്കി തന്റെ ശബ്ദം അനുകരിച്ച സൂരജ് തെറ്റ് മനസ്സിലാക്കിയതിൽ സന്തോഷം പ്രകടിപ്പിച്ച് പൃഥ്വിരാജ്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
2 min read

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ക്ലബ് ഹൗസിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി തന്റെ ശബ്ദം അനുകരിച്ച സൂരജ് തെറ്റ് മനസ്സിലാക്കിയതിൽ സന്തോഷം പ്രകടിപ്പിച്ച് പൃഥ്വിരാജ്. നിരുപദ്രവകരമായ ഒരു തമാശയായിരുന്നു യുവാവ് ഉദ്ദേശിച്ചതെങ്കിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മനസ്സിലാക്കിയെന്ന് കരുതുന്നെന്നും പൃഥ്വി പറഞ്ഞു. ഓൺലൈൻ കുറ്റകൃത്യം മാപ്പർഹിക്കാൻ പറ്റാത്ത തെറ്റാണെന്നും താരം പറഞ്ഞു. 

പൃഥ്വിയുടെ പേരിലുള്ള വ്യാജ ക്ലബ് ഹൗസ് പ്രൊഫൈലിനെക്കുറിച്ച് താരം തന്നെ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെ സുരജ് വിശദീകരണ കുറിപ്പിടുകയും മാപ്പ് ചോദിക്കുകയുമായിരുന്നു. മിമിക്രിക്കാരനായ സൂരജ് പൃഥ്വിയുടെ ശബ്ദത്തിൽ മിമിക്രി ചെയ്ത് ക്ലബ് ഹൗസ് മീറ്റിങ് നടത്തിയത് കേൾക്കാൻ ആയിരക്കണക്കിന് ആളുകളാണ് ചേർന്നത്. പലരും ഇത് താരത്തിന്റെ യഥാർത്ഥ അക്കൗണ്ട് ആണെന്ന് കരുതിയാണ് കേട്ടുകൊണ്ടിരുന്നത്.

"ഒരുസമയത്ത് ഏകദേശം 2500ഓളം ആളുകളാണ് നിങ്ങളെ ശ്രവിച്ചുകൊണ്ടിരുന്നത്. അതിൽ വന്ന കൂടുതൽ ആളുകളും വിചാരിച്ചത്, അത് ഞാനാണെന്നാണ്. സിനിമയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും ഒരുപാട് കോളുകളും മെസേജുകളുമാണ് ഇതുമാിയ ബന്ധപ്പെട്ട് എനിക്ക് ലഭിച്ചത്. അതുകൊണ്ടാണ് ഞാൻ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെട്ടതും", പൃഥ്വി പറഞ്ഞു. 

സുരജിന്റെ വിശദീകരണക്കുറിപ്പിന്റെ പൂർണ്ണരൂപം

പ്രിയപ്പെട്ട രാജുഎട്ടാ...
ഞാൻ അങ്ങയുടെ ഒരു കടുത്ത ആരാധകൻ ആണ്..#club_house എന്ന പുതിയ പ്ലാറ്റ്ഫോമിൽ അങ്ങയുടെ പേരിൽ അക്കൗണ്ട് തുടങ്ങി എന്നു ഉള്ളത് സത്യം തന്നെ ആണ്,പക്ഷെ അതിൽ പേരും ,യൂസർ ഐഡി യും മാറ്റാൻ പറ്റില്ല എന്ന് അറിഞ്ഞത് അക്കൗണ്ട് സ്റ്റാർട്ട് ആയപ്പോൾ ആണ്.. അങ്ങു ചെയ്ത സിനിമയിലെ ഡയലോഗ് പഠിച്ചു അത് മറ്റുള്ളവരെ പറഞ്ഞു കേൾപ്പിച്ചു club house റൂമിലെ പലരെയും എന്റർടൈൻ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്..അതിനു പുറമെ, അങ്ങയുടെ പേരു ഉപയോഗിച്ച യാതൊരു തരത്തിലുള്ള കാര്യങ്ങളിലും ഞാൻ പങ്കു ചേർന്നിട്ടില്ല.. ജൂണ് 7 വൈകുന്നേരം 4 മണിക്ക് ഒരു റൂം ഉണ്ടാക്കാം, ലൈവായി രാജുവേട്ടൻ വന്നാൽ എങ്ങനെ ആളുകളോട് സംസാരിക്കും എന്നതായിരുന്നു, ആ റൂം കൊണ്ട് മോഡറേറ്റർസ് ഉദ്ദേശിച്ചിരുന്നത്..അതിൽ ഇത്രയും ആളുകൾ വരുമെന്നോ,അത് ഇത്രയും കൂടുതൽ പ്രശ്നം ആകുമെന്നോ ഞാൻ വിചാരിച്ചില്ല.. ആരെയും , പറ്റിക്കാനോ, രാജു ഏട്ടന്റെ പേരിൽ എന്തെങ്കിലും നേടി എടുക്കാനോ അല്ല ഈ ചെയ്തതൊന്നും..ചെയ്തതിന്റെ ഗൗരവം മനസ്സിലാവുന്നു, അതുകൊണ്ട് തന്നെ ആ club_house അക്കൗണ്ട് ഡിലീറ്റ് ചെയ്തു,ആ ഒരു ചർച്ചയിൽ പങ്കെടുത്ത, എന്നാൽ വേദനിക്കപ്പെട്ട എല്ലാ രാജുവേട്ടനെ സ്നേഹിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു...
പേര് മാറ്റാൻ സാധിക്കില്ല എന്ന അറിഞ്ഞപ്പോൾ തന്നെ ഞാൻ #club_house_bio യിൽ കൊടിത്തിട്ടുണ്ട് എന്റെ ഐഡന്റിറ്റി, അതിന്റെ കൂടെ ഇൻസ്റ്റാഗ്രാംമും #linked ആണ്.. ഞാൻ ഇതിനു മുന്നേ കയറിയ എല്ലാ റൂമുകളിലും, രാജുവേട്ടൻ എന്ന നടൻ അഭിനയിച്ചു വെച്ചേക്കുന്ന കുറച്ചു ഡയലോഗ് ഇമിറ്റേറ്റ് ചെയ്യാൻ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ.. കുറച്ചു നേരം മുൻപ് വരെ ഞാനും ഫാൻസ് ഗ്രൂപ്പിലെ ഒരു ആക്റ്റീവ് അംഗം ഒക്കെ ആയിരുന്നു.. എന്നാൽ, ഇന്ന് ഫാൻസ് എല്ലാവരും എന്നെ തെറി വിളിക്കുന്നു.. പക്ഷെ, അതൊന്നും ഞാൻ കാര്യമാക്കുന്നില്ല.. രാജുവേട്ടന്റെ ഐഡന്റിറ്റി യൂസ് ചെയ്‌തത്‌ തെറ്റു തന്നെ ആണ്.. ആ റൂമിൽ അങ്ങനെ അങ്ങയെ അനുകരിച്ചു സംസാരിച്ചതും തെറ്റ് തന്നെ.. നല്ല ബോധ്യമുണ്ട് !
ഒരിക്കൽ കൂടെ ആ റൂമിൽ ഉണ്ടായിരുന്നവരോടും, രാജുവേട്ടനോടും, ഞാൻ ക്ഷമ അറിയിക്കുന്നു..

എന്നു
ഒരു പൃഥ്വിരാജ് ആരാധകൻ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com