

അടുത്ത കാലത്തായി സോഷ്യൽ മീഡിയയിലും സിനിമാ ലോകത്തും തമിഴ് സിനിമാ താരം രവി മോഹനും ഭാര്യ ആരതി രവിയും ചർച്ചയാകാറുണ്ട്. രവി മോഹൻ വിവാഹമോചന കേസിനിടയിൽ വാടക വീട്ടിൽ താമസിക്കുന്നതിനെക്കുറിച്ചുള്ള പരാമർശമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ചര്‍ച്ചയാകുന്നത്. '3 ബിഎച്ച്‌കെ' എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ സംസാരിക്കവെയാണ് താൻ ആദ്യമായി ഒരു വാടക വീട്ടിൽ താമസിക്കുകയാണെന്ന് രവി മോഹൻ വെളിപ്പെടുത്തിയത്.
"ജനിച്ചത് മുതല്‍ ഞാൻ എന്‍റെ സ്വന്തം വീടുകളിൽ മാത്രമാണ് താമസിച്ചിരുന്നത്. ഇപ്പോൾ ഞാൻ ഒരു വാടക വീട്ടിലാണ്, അതിനാല്‍ എനിക്ക് ഈ ചിത്രം വളരെ പേഴ്സണലായി ബന്ധപ്പെട്ടിരിക്കുന്നു " എന്നാണ് രവിമോഹന്‍ പറഞ്ഞത്. എന്നാൽ, ഈ പരാമർശം സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്.
'3 ബിഎച്ച്‌കെ' ഒരു ഇടത്തരം കുടുംബത്തിന്‍റെ സ്വന്തം വീട് എന്ന സ്വപ്നത്തിന്‍റെ പ്രാധാന്യത്തെ ചുറ്റിപ്പറ്റിയുള്ള ഒരു കുടുംബ കഥയാണ്. ശരത് കുമാര്‍, സിദ്ധാര്‍ത്ഥ് എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഈ ചിത്രത്തിന്‍റെ ചടങ്ങിലാണ് രവിമോഹന്‍റെ പരാമര്‍ശം. "ഈ ചിത്രം എന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. ഇത് എനിക്ക് പ്രചോദനമായി, ഇനിയുള്ള ജീവിതം സന്തോഷത്തോടെ ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു." എന്നാണ് രവിമോഹന്‍ തുടര്‍ന്ന് പറഞ്ഞത്.
രവി മോഹന്റെ ഈ പരാമർശത്തിന് ശേഷം, സോഷ്യൽ മീഡിയയിൽ ചിലർ അദ്ദേഹത്തെ വിമർശിച്ചു. അദ്ദേഹത്തിന്റെ വാടക വീട്ടിലെ താമസം ഒരു 'നാടകീയ' പ്രസ്താവനയായി അവതരിപ്പിക്കേണ്ട കാര്യം അല്ലെന്നാണ് പലരും പറയുന്നത്. നിലവിൽ, രവി മോഹന്റെയും ആരതി രവിയുടെയും വിവാഹമോചന നടപടികൾ ചെന്നൈ കുടുംബ കോടതിയിൽ നടന്നുവരികയാണ്. ആരതി പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates