'ഇന്നലെ ഗണപതി മിത്താണെന്ന് പറഞ്ഞു, ഇനി കൃഷ്ണനേയും ശിവനേയും പറയും; നമ്മൾ ദൈവങ്ങൾക്കു വേണ്ടി സംസാരിക്കണം': ഉണ്ണി മുകുന്ദൻ

'മറ്റ് മതങ്ങളെ നാം കണ്ടുപഠിക്കണം. അവരുടെ ആചാരങ്ങളെയോ ദൈവങ്ങളെയോ കുറിച്ചു പറയാൻ ആർക്കും ധൈര്യം പോലുമില്ല'
ഉണ്ണി മുകുന്ദൻ /ഫോട്ടോ: ഫെയ്സ്ബുക്ക്
ഉണ്ണി മുകുന്ദൻ /ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on
1 min read


കൊല്ലം: മിത്ത് വിവാദത്തിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. ഇന്ന് ​ഗണപതി മിത്താണെന്ന് പറഞ്ഞവർ നാളെ കൃഷ്ണനും ശിവനും മിത്താണെന്നു പറയും എന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്. മറ്റ് മതങ്ങളെ നാം കണ്ടുപഠിക്കണം. അവരുടെ ആചാരങ്ങളെയോ ദൈവങ്ങളെയോ കുറിച്ചു പറയാൻ ആർക്കും ധൈര്യം പോലുമില്ല. നമ്മൾ ദൈവങ്ങൾക്കു വേണ്ടി സംസാരിക്കണമെന്നും താരം പറഞ്ഞു. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർഥി ആഘോഷത്തിൽ പങ്കെടുത്തുകൊണ്ടാണ് താരം വിവാദവിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.

ഇന്നലെ ഗണപതി മിത്താണെന്ന് പറഞ്ഞു. ഇന്നലെ ശബരിമലയിൽ നടന്നതൊന്നും പറയേണ്ടല്ലോ. നാളെ കൃഷ്ണൻ മിത്താണെന്നു പറയും. മറ്റന്നാൾ ശിവൻ മിത്താണെന്ന് പറയും. ഇതെല്ലാം കഴിഞ്ഞ് നിങ്ങൾ ഒരു മിത്താണെന്ന് പറയും. ഇതെല്ലാം കേട്ടുകൊണ്ടിരിക്കുകയാണ്. മറ്റ് മതങ്ങളെ നാം കണ്ടുപഠിക്കണം. അവരുടെ ആചാരങ്ങളെയോ ദൈവങ്ങളെയോ കുറിച്ചു പറയാൻ ആർക്കും ധൈര്യം പോലുമില്ല. ഏറ്റവും കുറഞ്ഞത് അത്തരത്തിലെങ്കിലും നമ്മൾ മുന്നോട്ട് പോകണം. ആർക്കും എന്തും പറയാൻ സാധിക്കുന്ന രാജ്യമാണ് ഇന്ത്യ. അതാണ് ഈ രാജ്യത്തിന്റെ ഭംഗി.- ഉണ്ണി മുകുന്ദൻ പറഞ്ഞു. 

ഇത്തരം വിഷയങ്ങളിൽ വിഷമമുണ്ടായെങ്കിൽ അത് പറയണമെന്നും ഇതൊരു ഓർമപ്പെടുത്തലാണെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. ഹിന്ദുവിശ്വാസികളുടെ മനോഭാവം വിഷമിപ്പിക്കാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു. മറ്റുള്ളവരെ വേദനിപ്പിക്കാനോ ഉപദ്രവിക്കാനോ അല്ല, നിങ്ങൾ നിങ്ങളുടെ അവസ്ഥ മനസ്സിലാക്കണം. ഇപ്പോൾ ഈ നടന്നു കൊണ്ടിരിക്കുന്നത് എന്തിനാണെന്നു ചിന്തിക്കണം. ഇവിടെയിരിക്കുന്ന എല്ലാവരുടെയും വീട്ടിൽ‌ ഒരു ഗണപതി വിഗ്രഹമോ ചിത്രമോ ഉണ്ടാകും. വിഘ്നങ്ങളെല്ലാം ശരിയാക്കിത്തരണേ എന്നു പറയാനാണ് ഇവിടെ ക്ഷേത്രത്തിൽവന്നു പ്രാർഥിക്കുന്നത്. ഗണപതി ഇല്ലെന്ന് ആരെങ്കിലും പറയുമ്പോൾ, മര്യാദയുടെ പേരിലെങ്കിലും അദ്ദേഹത്തിനു വേണ്ടി നമ്മൾ സംസാരിക്കണം. - ഉണ്ണി മുകുന്ദൻ പറഞ്ഞു. 

നമ്മൾ ജനിച്ചു വളർന്ന സാഹചര്യത്തിൽ മാതാപിതാക്കൾ പറഞ്ഞ കാര്യമാണ്, ദൈവം ഉണ്ടെന്നത്. പക്ഷേ, ദൈവം എവിടെ ഉണ്ടെന്നു ചോദിച്ചാൽ നമുക്ക് അറിയില്ല. തൂണിലും തുരുമ്പിലും ഹനുമാൻ സ്വാമിയുണ്ടെന്നു പറയുമ്പോൾ, സാങ്കേതികവിദ്യയുടെ ഇന്നത്തെ കാലത്ത് കേൾക്കുമ്പോൾ ചിലർക്കു ചിരി വരും. ജീവിതത്തിൽ എന്തെങ്കിലും ബുദ്ധിമുട്ട് വരുമ്പോൾ, ആരെങ്കിലും സഹായിക്കാൻ വരുമെന്നും പുറത്തുകടക്കാൻ പറ്റുമെന്നും പറയാനുള്ള സങ്കൽപമാണു ദൈവം എന്നത് എനിക്കു നല്ല ബോധമുണ്ട്. ആ ബോധം നമുക്ക് എല്ലാവർക്കും ഉണ്ടാകണമെന്നു പ്രാർഥിക്കുകയാണ്. 

നമ്മുടെ ആചാരങ്ങളെക്കുറിച്ചും ദൈവങ്ങളെപ്പറ്റിയും പറയുമ്പോൾ സംസാരിക്കാൻ മടിക്കരുത്. അതിനു ചങ്കൂറ്റം ആവശ്യമില്ലെന്നും ഇ‌തേക്കുറിച്ച് സംസാരിക്കാനായി ആവേശത്തോടെയും ആർജവത്തോടെയും മുന്നോട്ടു വരണമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com