ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഹോട്ട് ടോപ്പിക്ക്. ഒടിടിയിലൂടെ റിലീസ് ചെയ്ത ചിത്രത്തിനെ പ്രശംസിച്ചും വിമർശിച്ചും പോസ്റ്റുകൾ വരുന്നുണ്ട്. ചിത്രത്തിലെ കഥാപാത്രങ്ങൾ തെറി പറയുന്നതാണ് പ്രധാനമായും വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്. എന്നാൽ തെറിയുടെ പേരില്‍ ‘ചുരുളി’ കാണാത്തവര്‍ക്ക് നല്ലൊരു സിനിമ നഷ്ടമാകും എന്നാണ് നടി സീനത്ത് പറയുന്നത്.
'സിനിമ തന്നെ മറ്റൊരു ലോകത്തിൽ എത്തിച്ചു. സിനിമ തീര്‍ന്നിട്ടും കുറെ സമയത്തേക്ക് എനിക്ക് പുറത്തു പോകാന്‍ പറ്റാതെ ഞാന്‍ ആ കുറ്റവാളികളുടെ നടുവില്‍ പെട്ട ഒരു അവസ്ഥ. അതാണ് ‘ചുരുളി’'.- സീനത്ത് പറഞ്ഞു. സിനിമയില്‍ തെറി പറയുന്ന സീന്‍ മാത്രം എടുത്ത് ആരാണ് പ്രചരിപ്പിച്ചത്, അപ്പോള്‍ അവരാണ് ഏറ്റവും തെറ്റ് ചെയ്യുന്നത്. സിനിമയേക്കാള്‍ വേഗത്തില്‍ അവരാണ് ഇത് കുഞ്ഞുങ്ങളില്‍ എത്തിക്കുന്നത്. എന്നാൽ ഒന്നു രണ്ടു വാക്കുകൾ അതിരുവിട്ടുവെന്നും താരം കൂട്ടിച്ചേർത്തു.
സീനത്തിന്റെ കുറിപ്പ് വായിക്കാം
ചുരുളി കണ്ടു. വാട്‌സ്ആപ്പ് വഴിയുള്ള ‘ചുരുളി’യിലെ പ്രധാന സീനിലെ തെറിയുടെ പെരുമഴ കേട്ടപ്പോള്‍ ഏതായാലും തനിച്ചിരുന്നു കാണാന്‍ തീരുമാനിച്ചു. പലരും പറഞ്ഞിരുന്നു സിനിമയില്‍ കുറെ തെറി പറയുകയല്ലാതെ സിനിമ കണ്ടാല്‍ ഒന്നും മനസിലാകുന്നില്ല എന്ന്. ആ പരാതിയും എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കാണാന്‍ ഇരുന്നപ്പോള്‍ ഞാന്‍ വളരെ ശ്രദ്ധയോടെ ‘ചുരുളി’യെ കാണാന്‍ ശ്രമിച്ചു. സിനിമയുടെ തുടക്കത്തില്‍ പറയുന്ന നമ്പൂതിരിയുടെയും മാടന്റെയും കഥ വിടാതെ മുറുക്കെപ്പിടിച്ചുകൊണ്ട് ഞാന്‍ ഷാജീവന്‍, ആന്റണി എന്നീ രണ്ടു പൊലീസുകാര്‍ക്കൊപ്പം ‘ചുരുളി’യിലേക്കു പോയി. റോഡരികില്‍ നിര്‍ത്തിയിട്ട ഒരു ജീപ്പിലാണ് ‘ചുരുളി’യിലേക്കുള്ള യാത്ര. ജീപ്പിന്റെ ഡ്രൈവര്‍ ശാന്തനായ ചെറുപ്പകാരന്‍. യാത്രക്കാരാവട്ടെ പാവം കുറെ നാട്ടുംപുറത്തുകാര്‍. കളിയും ചിരിയും വര്‍ത്താനവുമായി ഉള്ള യാത്ര. ചുരുളിയിലേക്കുള്ള അപകടം നിറഞ്ഞ പാലം കടന്നപ്പോള്‍ ജീപ്പില്‍ ഉണ്ടായിരുന്നവരുടെ ഭാവം മാറി. അപ്പോള്‍ മനസ്സിലായി ഇതൊരു വേറെ ലെവല്‍ ലോകമാണ് കാണാന്‍ പോകുന്നതെന്ന്- കാണുന്നതെന്നും.
പിന്നീട് ഞാന്‍ ഓരോ ഫ്രയിമും വളരെ ശ്രദ്ധയോടെ കണ്ടു- ശരിക്കും പറഞ്ഞാല്‍ ആ സിനിമ തീരുന്നവരെ ഞാന്‍ മറ്റൊരു ലോകത്ത് എത്തിപ്പെട്ടു. ഒരുപാട് ക്രിമിനലുകളുടെ നടുവില്‍ ഞാന്‍ എത്തിച്ചേര്‍ന്ന പോലെ… പലതരം കുറ്റവാളികള്‍ ഒരുമിച്ചുച്ചേര്‍ന്ന ഒരിടം. അവരുടെ അനുവാദമില്ലാതെ ആര്‍ക്കും അവിടംവിട്ട് പോകാന്‍ പറ്റില്ലെന്ന് ആ പാലം കടന്നപ്പോള്‍ത്തന്നെ കൂടെയുള്ള യാത്രക്കാരുടെ ശരീരഭാഷയിലൂടെ വളരെ മനോഹരമായി നമ്മളെ മനസ്സിലാക്കിത്തന്നു സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയുടെ അവസാനംവരെ നമ്പൂരിയെയും നമ്പൂരി തലയില്‍ ഏറ്റിനടന്ന മാടനെയും നമ്മള്‍ ഓര്‍ക്കണം. എന്നാലേ കഥയിലെ പൊരുള്‍ മനസിലാകൂ. ഏതാണ് നമ്പൂരി തലയില്‍ ഏറ്റിയ മാടന്‍ എന്ന്. സൂപ്പര്‍.. സിനിമ തീര്‍ന്നിട്ടും കുറെ സമയത്തേക്ക് എനിക്ക് പുറത്തു പോകാന്‍ പറ്റാതെ ഞാന്‍ ആ കുറ്റവാളികളുടെ നടുവില്‍ പെട്ട ഒരു അവസ്ഥ. അതാണ് ‘ചുരുളി’.. അവിടെ പോയ ആരും പുറത്തു പോയിട്ടില്ല. അവരില്‍ ഒരാളായി ജീവിക്കും. അതേ പറ്റൂ. ഇനിയും അവിടെ പൊലീസുകാര്‍ വരും, മാടനെ തലയില്‍ ചുമന്ന്. മാടന്‍ കാണിക്കുന്ന വഴിയിലൂടെ മാടനെ തിരഞ്ഞുനടക്കുന്ന നമ്പൂരിയെപ്പോലെയുള്ള പൊലീസ് വരും.. വീണ്ടും വീണ്ടും കഥ തുടരും. അതാണ് ‘ചുരുളി’.
‘ചുരുളി’യിലെ ഓരോ കഥാപാത്രവും സൂപ്പര്‍. അഭിനയിച്ചവര്‍ എല്ലാവരും മനോഹരമായി. എന്തിന്, രണ്ടോ മൂന്നോ സീനില്‍ വന്ന ചുവന്ന കുപ്പായവും മുണ്ടും ഉടുത്ത ആന്റണിയെ ചികില്‍സിച്ച പുരുഷന്റെ കരുത്തുള്ള സ്ത്രീ കഥാപാത്രം സിനിമയ്ക്ക് വലിയ കരുത്തു നല്‍കി. ജോജു- സൗബിന്‍- വിനയ് ഫോര്‍ട്ട്- ചെമ്പന്‍ വിനോദ്- ജാഫര്‍ ഇടുക്കി എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ഒന്നുകൂടി പറയട്ടെ, ഇതൊരു തെറി പറയുന്ന സിനിമയായി മാത്രം കാണാതെ തീര്‍ച്ചയായും എല്ലാവരും കാണണം. പിന്നെ കുട്ടികള്‍ക്കൊപ്പം ഇരുന്നു കാണാമോ എന്നു ചോദിച്ചാല്‍ ഇല്ല എന്ന് പറയേണ്ടി വരും.
ഇതുപോലെയുള്ള ഭാഷപ്രയോഗം സിനിമയില്‍ ആവശ്യമോ? സെന്‍സര്‍ പ്രശ്‌നം ആയില്ലേ? ഈ ചോദ്യങ്ങള്‍ എല്ലാം മാറ്റികൊണ്ട് ഒരു കാര്യം പറയാം. പ്രായപൂര്‍ത്തി ആയവര്‍ക്ക് കാണാന്‍ വേണ്ടി തന്നെയാണ് ഈ സിനിമയെന്ന് സ്‌ക്രീനില്‍ എഴുതി വച്ചിട്ടുണ്ട്, (A) എന്ന് . സിനിമയില്‍ തെറി പറയുന്ന സീന്‍ മാത്രം എടുത്ത് ആരാണ് പ്രചരിപ്പിച്ചത്, അപ്പോള്‍ അവരാണ് ഏറ്റവും തെറ്റ് ചെയ്യുന്നത്. സിനിമയേക്കാള്‍ വേഗത്തില്‍ അവരാണ് ഇത് കുഞ്ഞുങ്ങളില്‍ എത്തിക്കുന്നത്.. ഇതില്‍ തെറി പറയുന്നവര്‍ എല്ലാവരും ക്രിമിനല്‍സ് ആണ്. പിന്നെ എന്തിനാണ് പൊലീസുകാര്‍ തെറിപറഞ്ഞത് എന്ന് ചോതിച്ചാല്‍ ക്രിമിനല്‍ സ്വഭാവമുള്ളവരെ കൈകാര്യം ചെയ്യാന്‍, അവരെ മാനസികമായി കീഴ്‌പ്പെടുത്താന്‍ അവരെക്കാള്‍ വലിയ തെറി പൊലീസിന് പറയേണ്ടിവരും. അതാണ് പൊലീസ്. ചുരുളിക്കാര്‍ പറയുന്ന തെറി- ഒന്ന് രണ്ടു വാക്കുകള്‍ അതിരു കടന്നു എന്ന അഭിപ്രായം എനിക്കുണ്ട്. എന്നാല്‍ തെറിയുടെ പേരില്‍ ‘ചുരുളി’ കാണാത്തവര്‍ക്ക് നല്ലൊരു സിനിമ നഷ്ടമാകും. അത് പറയാതെ വയ്യ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates