തന്റെ അതിജീവനത്തെക്കുറിച്ച് തുറന്നു പറഞ്ഞ നടിക്ക് പിന്തുണയുമായി യുവതാരം ഐശ്വര്യ ലക്ഷ്മി. ഇത്രയും കാലം അവൾ പെരുമാറിയ രീതിയോട് ബഹുമാനമുണ്ടെന്നും മാനസികാഘാതത്തിനും അപ്പുറം ഒരു ജീവിതമുണ്ടെന്ന് കാണിച്ചുതന്നെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകൾ
ഈ സമയത്തെല്ലാം അവൾ പെരുമാറിയ രീതിയോട് ബഹുമാനം, അവൾക്ക് ചുറ്റും നടക്കുന്ന പലതരത്തിലുള്ള ചർച്ചകളോടും ഒരിക്കലും പ്രതികരിക്കാതെ ക്ഷമയോടെ കാത്തിരിക്കുന്നു. മാനസികാഘാതത്തിനും അപ്പുറം ഒരു ജീവിതമുണ്ടെന്ന് ഞങ്ങൾക്ക് കാണിച്ചുതന്നതിന് അവളെ കൂടുതൽ ബഹുമാനിക്കുന്നു. അതിജീവിക്കുന്നതിന് മാത്രമല്ല, അവളുടെ ജീവിതം മനോഹരമായി ജീവിക്കുന്നതിനും അവളുടെ കഥയ്ക്ക് ഈ ലോകം നൽകുന്ന പല വ്യാഖ്യാനങ്ങൾക്കും യാതൊരു പരിഗണനയും നൽകാത്തതിനും അവളോട് ആരാധനയുണ്ട്.
നടിയുടെ ഇൻസ്റ്റഗ്രാം കുറിപ്പ്
ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. 5 വർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ടുവന്നു. എനിക്കു വേണ്ടി സംസാരിക്കാൻ, എന്റെ ശബ്ദം നിലക്കാതിരിക്കാൻ. ഇന്ന് എനിക്കു വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.
നീതി പുലരാനും തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാർക്കും ഉണ്ടാവാതെയിരിക്കാനും ഞാൻ ഈ യാത്ര തുടർന്ന് കൊണ്ടേയിരിക്കും. കൂടെനിൽക്കുന്ന എല്ലാവരുടേയും സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates