

മുംബൈയിലെ ദാദറില്‍ റെയിൽവേ സ്റ്റേഷനു സമീപത്തുവച്ച് തട്ടിപ്പിനിരയായെന്ന് വെളിപ്പെടുത്തലുമായി നടി ലാലി പി.എം. മക്കളായ സിനിമാതാരം അനാര്‍ക്കലിക്കും ലക്ഷ്മിക്കുമൊപ്പം ദാദര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ ലാലി, ഒരു ഓട്ടോസ്റ്റാന്റില്‍ എത്തിയ ശേഷം തങ്ങൾക്കുണ്ടായ വിചിത്രമായ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. തനും മക്കളും ഓട്ടോസ്റ്റ്റ്റാന്റിൽവെച്ച് കബളിപ്പിക്കപ്പെട്ടെന്നും അത് മനസ്സിലാക്കാൻ തന്നെ തങ്ങൾക്ക് ഏറെ സമയമെടുത്തെന്നും അതൊരു വല്ലാത്ത അനുഭവമായിരുന്നുവെന്നും നടി പറഞ്ഞു.
ലാലിയുടെ കുറിപ്പ്:
ലോണാവാലയിൽ നിന്നും മുംബെയിലേക്കുള്ള ട്രെയിൻ യാത്ര അതി മനോഹരമായിരുന്നു. പിന്നിട്ട നാല് ദിവസത്തെ ഓർമകൾ അയവിറക്കി കളിച്ചും ചിരിച്ചും മനോഹരമായ യാത്ര. കാണാൻ പോയ സ്ഥലങ്ങളും ആസ്വദിച്ച ഭക്ഷണവും ഫോണിലെ ഫോട്ടോകളും എല്ലാം വീണ്ടും വീണ്ടും പറഞ്ഞു പറഞ്ഞു സന്തോഷിച്ച് ദാദറിൽ എത്തുകയാണ്. ദാദർ മഴ നനഞ്ഞ കുതിർന്ന വൃത്തിയില്ലാത്ത പ്ലാറ്റ്ഫോമുകളും ആൾക്കൂട്ടവും ബഹളവും കോലാഹലവും എല്ലാം നിറഞ്ഞ് നമ്മളെ വല്ലാതെ വീർപ്പുമുട്ടിക്കും. എത്രയും പെട്ടെന്ന് പുറത്ത് കടന്നേ മതിയാവു, പുറത്തെത്തിയ ഉടനെ ഓട്ടോക്കാരും ടാക്സിക്കാരും ചേർന്ന് നമ്മുടെ ശ്രദ്ധയാകർഷിക്കാനുള്ള വിളിയാണ്. ആദ്യം കണ്ട ഒരാളെ തന്നെ സമീപിച്ചു പോകേണ്ട സ്ഥലം പറഞ്ഞു. 300 രൂപയാകും എന്ന് പറഞ്ഞു. ഊബറിൽ 289 രൂപയായിരുന്നു സെർച്ച് ചെയ്തപ്പോൾ കണ്ടത്. ഞാനാണ് പറഞ്ഞത് ഒരു 11 രൂപയുടെ പ്രശ്നമല്ലേ ഇവരുടെ ഓട്ടോയിൽ തന്നെ പോകാം. (ഞാൻ പൊതുവേ മറ്റ് ഓപ്ഷനുണ്ടെങ്കിൽ ഊബറൊഴിവാക്കും)
പിന്നെ എല്ലാം പെട്ടെന്നാണ്. ആദ്യം കിടക്കുന്ന ഓട്ടോയിലേക്ക് ഞങ്ങളെ സമീപിച്ച മനുഷ്യൻ ഞങ്ങളെ നയിച്ചു, നല്ല വെള്ള ദോത്തിയും വെള്ള ജുബ്ബയും നെഹ്റു തൊപ്പിയും വെച്ച് നെറ്റിയിൽ മുമ്പ് എപ്പോഴോ വരച്ച സിന്ദൂരത്തിന്റെ പാടുമായി ഐശ്വര്യമുള്ള ഒരു മനുഷ്യൻ. ഓട്ടോയും തരക്കേടില്ലായിരുന്നു. സാമാന്യം വലിയ ഓട്ടോ, ഫ്രണ്ടിലും വേണമെങ്കിൽ ഒരാൾക്ക് ഇരിക്കാം. ബാക്കിൽ ലഗേജ് വെക്കാനും സ്ഥലമുണ്ട്.
ഞങ്ങൾ കയറിയിരുന്നു, പോകേണ്ട സ്ഥലം പറഞ്ഞു, എല്ലാം ഒക്കെയും കംഫർട്ടബിളും ആയിരുന്നു. പക്ഷേ ഞങ്ങളെ നയിച്ച ആളല്ല ഓട്ടോക്കാരൻ. അത് മറ്റൊരാളാണ്. അയാൾ വന്നു കേറി ഇരുന്ന് സ്റ്റാർട്ട് ചെയ്യും മുമ്പേ 200 രൂപയുടെ 7 നോട്ടുകൾ എടുത്തു തന്നിട്ട് മൂന്ന് അഞ്ഞൂറിന്റെ നോട്ടുകൾ തരാമോ എന്നും ബാക്കി 100 രൂപ ഓട്ടോ ചാർജിൽ കുറച്ചാൽ മതിയെന്നും പറഞ്ഞു. ചെറിയൊരു അസ്വഭാവികത തോന്നിയെങ്കിലും എടിഎമ്മിൽ ഇടാനാണ് ബാക്കിയെല്ലാം 500 നോട്ട് ആണ് എന്നും പറഞ്ഞു. അതെല്ലാം തന്നെ കൺവിൻസിങ് ആയിരുന്നു. അപ്പോൾ ഞാൻ പച്ച മലയാളത്തിൽ മോളോട് പറഞ്ഞു, ശ്രദ്ധിക്കണം കേട്ടോ കള്ളനോട്ട് ആണെങ്കിലോ എന്ന്. അത് ഒറ്റനോട്ടത്തിൽ ഒറിജിനൽ എന്ന് തിരിച്ചറിയാവുന്ന നോട്ടുകൾ തന്നെയായിരുന്നു.
അങ്ങനെ സംസാരിച്ചിരിക്കെ ഓട്ടോയിൽ നീല വെളിച്ചം നിറഞ്ഞു. ഒരു ബൾബ് അല്ല. മാല പോലെ നിരന്നു നിൽക്കുന്ന കുറേയേറെ നീല ബൾബുകൾ. ഞാൻ നോട്ട് തിരിച്ചും മറിച്ചും നോക്കുന്നതിന്റെ തിരക്കിലും ലക്ഷ്മി ഞങ്ങളെ ഇങ്ങോട്ട് കൊണ്ടുവന്ന ആളോട് എന്തോ പറയുന്ന തിരക്കിലുമായിരുന്നു. അന്നക്കിളിയുടെ (അനാർക്കലി) ബാഗിൽ നിന്നാണ് പൈസ എടുത്തു കൊടുത്തത്. കൊടുത്ത ഉടൻ തന്നെ ഇത് നൂറിന്റെ നോട്ടുകൾ ആണ് എന്നുപറഞ്ഞ് അയാൾ പൈസ തിരിച്ചു തന്നു. അവൾ ഒന്നും ഞെട്ടിയെങ്കിലുംഅവൾക്ക് തെറ്റിയത് ആയിരിക്കുമെന്ന് ധാരണയിൽ സോറി പറഞ്ഞ് വേറെ പൈസ ഇല്ല എന്ന് പറയുകയും ഒരു നിമിഷം വല്ലാത്ത കൺഫ്യൂഷനിൽ ആവുകയും ഞാൻ നീല വെളിച്ചം ഓഫ് ചെയ്യാൻ പറയുകയും ഓട്ടോറിക്ഷക്കാരൻ വണ്ടി പോകുന്നില്ല എന്ന് പറയുകയും ഇറങ്ങിപ്പോവുകയും ചെയ്തു. (എല്ലാം കൂടി അര മിനിറ്റ് എടുത്ത് കാണും)
ഞങ്ങളെ ആ ഓട്ടോയിലേക്ക് നയിച്ച ആൾ വന്ന് വേറെ വണ്ടി കാണിച്ചു തരാമെന്ന് പറഞ്ഞ് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി മറ്റൊരു കാറിൽ കയറി അതേ 300 രൂപയ്ക്ക് പറഞ്ഞ് സമ്മതിപ്പിച്ചു ഞങ്ങൾ യാത്ര തുടങ്ങുകയും ചെയ്തു.പെട്ടെന്ന് ഒരു കൺകെട്ടിൽ നിന്നും ഉണർന്ന പോലെയാണ് ഞങ്ങൾക്ക് തോന്നിയത്. അന്നക്കിളി ഉറപ്പിച്ചു പറഞ്ഞു അവളുടെ കയ്യിൽ അഞ്ഞൂറിന്റെ മൂന്ന് നോട്ടുകൾ ഉണ്ടായിരുന്നു എന്ന്, പിന്നെ കുറെ ചില്ലറകളും. കാരണം ട്രെയിനിൽ നിന്നും ഞാൻ ചില സാധനങ്ങൾ വാങ്ങിച്ചപ്പോഴും അവളാണ് പൈസ എടുത്തു കൊടുത്തത്.
ഇതെങ്ങനെ സംഭവിച്ചു എന്ന് എത്ര ആലോചിച്ചിട്ടും ഞങ്ങൾക്ക് മനസ്സിലായില്ല. കബളിപ്പിക്കപ്പെട്ടു എന്ന് അറിയാൻ തന്നെ ഞങ്ങൾക്ക് വീണ്ടും ചില മിനിറ്റുകൾ എടുത്തു. അതൊരു വല്ലാത്ത അനുഭവമായിരുന്നു. നമ്മൾ പോലും അറിയാതെ നമ്മളെ കുടുക്കുന്ന അസ്വാഭാവികമായ കൺകെട്ട് വിദ്യ ഞങ്ങളെ വല്ലാതെ പേടിപ്പിച്ചു. നഷ്ടപ്പെട്ട 1200 രൂപ ഓർത്തിട്ട് അല്ലായിരുന്നു (300 അയാൾ തിരിച്ച് തന്നിരുന്നല്ലോ) ഇതെങ്ങനെയെന്ന് കൃത്യമായി തിരിച്ചറിയാൻ പോലും പറ്റാത്ത അവസ്ഥ! ഈ കബളിപ്പിക്കലിന്റെ തിരക്കഥയും രംഗസജ്ജീകരണങ്ങളും കൃത്യം ആയിരുന്നു.ഞങ്ങളുടെ മുഖങ്ങളും ഞങ്ങളുടെ ഭാഷയും ഒരു ഇരയെ തിരഞ്ഞെടുക്കാനുള്ള ആദ്യ പടിയായിരുന്നു. ഒരാളെ ആകർഷിക്കാനുള്ള എല്ലാ ഭാവഹാവാദികളും ഉള്ള ആളായിരുന്നു ഞങ്ങളെ നയിച്ച ആ മനുഷ്യൻ. സൗമ്യതയും സഹായമനസ്ഥിതിയും ഉള്ള മനുഷ്യൻ. പൈസ ഒട്ടും കൂടുതൽ പറയാതെ അയാൾ ഞങ്ങളിൽ ഒരു ഇമേജ് ക്രിയേറ്റ് ചെയ്തു, 200ന്റെ 7 നോട്ട് ആദ്യമേ കയ്യിലേക്ക് തന്ന നിമിഷം ഓട്ടോക്കാരൻ ഞങ്ങളുടെ വിശ്വാസം നേടിയെടുത്തു. ഞങ്ങളെ മൂന്നു പേരെയും മൂന്നു തരത്തിൽ എൻഗേജ്ഡ് ആക്കി. ആ നീല വെളിച്ചം ഞങ്ങളെ കുറച്ച് സമയത്തേക്ക് മായക്കാഴ്ചയിലാക്കി. ഞങ്ങളുടെ പ്രജ്ഞ തിരിച്ചു കിട്ടും മുമ്പേ ഓട്ടോക്കാരൻ അപ്രത്യക്ഷനായി. അതേ മായക്കാഴ്ചയുടെ പ്രഭയിൽ നിന്നും പുറത്തു കടക്കും മുമ്പേ മറ്റൊരു കാറിലേക്ക് ഞങ്ങൾ കയറുകയും ചെയ്തു. ആ ഓട്ടോ ദാദറിന്റെ പുറത്ത് ഏറ്റവും ആദ്യം തന്നെ ഇപ്പോഴും കിടപ്പുണ്ടാവും. തന്റെ കയ്യടക്കത്തിലും നീല വെളിച്ചത്തിലും മുഖമടച്ച് വീഴുന്ന അടുത്ത ഇരയെയും കാത്ത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates