താലിബാൻ ഭരണം നിലവിൽവന്നതോടെ അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ അവകാശങ്ങൾക്കുമേൽ വന്ന അടിച്ചമർത്തലുകൾ ആശങ്കപ്പെടുത്തുന്നതാണ്. അഫ്ഗാനിസ്ഥാൻ സ്വദേശിയായ ഒരു പെൺകുട്ടി തനിക്കയച്ച കത്ത് പങ്കുവച്ച് അഫ്ഗാനിലെ സ്ത്രീകളെയും പെൺകുട്ടികളെയും മറക്കരുതെന്ന് പറയുകയാണ് നടി ആഞ്ജലീന ജോളി. താലിബാൻ ഭരണത്തിന് കീഴിൽ സ്ത്രീകളുടെ അവകാശങ്ങൾക്ക് സംഭവിക്കുന്നതെന്താണെന്ന് ലോകത്തിന് വെളിപ്പെടുത്തുകയാണ് ഈ കത്ത്.
"അഫ്ഗാനിസ്ഥാനിലെ ഒരു പെൺകുട്ടി എനിക്ക് അയച്ച കത്താണിത്. അവൾ ആരാണെന്ന് ഞാൻ വെളിപ്പെടുത്തുന്നില്ല. താലിബാൻ ഭരണം ഏറ്റെടുത്തതോടെ അവൾക്ക് സ്കൂളിൽ പോകാൻ സാധിച്ചിട്ടില്ല. ഇപ്പോൾ, സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് സ്ത്രീകൾ അറസ്റ്റിലാകുന്നതിനാൽ, "ഞാൻ ഒരു പെൺകുട്ടിയായതിനാൽ എനിക്ക് ഇനി ഒരിക്കലും പുറത്തുപോകാനോ സംസാരിക്കാനോ പോലും കഴിഞ്ഞേക്കില്ല" എന്ന് അവൾ എഴുതിയിരിക്കുന്നു", തനിക്ക് ലഭിച്ച കത്തിന്റെ ചിത്രവും കുറിപ്പിനൊപ്പം നടി പങ്കുവച്ചിട്ടുണ്ട്.
"കത്തിലെ ഒരു ഭാഗം ഇങ്ങനെയാണ്: “സ്ത്രീകൾക്ക് സംസാരിക്കാനോ അവരുടെ അഭിപ്രായങ്ങൾ മുന്നോട്ട് വയ്ക്കാനോ അവകാശമില്ലെന്ന് എനിക്ക് തോന്നുന്നു. സ്ത്രീയുടെ അവകാശങ്ങൾ അവരിൽ നിന്ന് എടുത്തുകളയുന്നു, അവർക്ക് രാജ്യത്ത് ഒന്നും ചെയ്യാൻ അനുവാദമില്ല. സ്ത്രീകളുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദമുയർത്തിയ 2 സ്ത്രീകളെ ഏതാനും ആഴ്ചകൾക്ക് മുമ്പ് താലിബാൻ അറസ്റ്റ് ചെയ്തു. ഇത് അവസാനമാണ്, എനിക്ക് ഇനി ഒരിക്കലും പുറത്തിറങ്ങാൻ കഴിയില്ല, ഞാൻ ഒരു പെൺകുട്ടിയായതിനാൽ സംസാരിക്കാൻ പോലും കഴിയില്ല, എന്ന് ഞാൻ ഓർത്തു."
"അഫ്ഗാനിസ്ഥാനിൽ എന്താണ് സംഭവിക്കുന്നതെന്ന് ദയവായി ശ്രദ്ധിക്കണം. രാത്രിയിൽ യുവതികളെ തോക്കിൻ മുനയിൽ നിർത്തി അവരുടെ വീടുകളിൽ നിന്ന് കൊണ്ടുപോകും പിന്നീട് അവരെ കാണാതാകും. സ്ത്രീകളുടെയും പെൺകുട്ടികളുടെയും സ്വാതന്ത്ര്യത്തിന്മേൽ അനുദിനം പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നു. അവരെ മറന്നിട്ടില്ലെന്ന് ഉറപ്പാക്കാൻ ദയവായി സഹായിക്കുക", നടി കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates