31-ാം പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടിയും അവതാരകയുമായ ആര്യ. പ്രണയത്തകർച്ചയും തുടർന്ന് അനുഭവിച്ച വിഷാദവും തുറന്നെഴുതിയിരിക്കുകയാണ് ആര്യ. പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിൽ മത്സരാർത്ഥി ആയി എത്തിയപ്പോൾ ആര്യ തന്റെ പ്രണയത്തെക്കുറിച്ച് പങ്കുവച്ചിരുന്നു. എന്നാൽ പിന്നീട് ഈ ബന്ധം അവസാനിക്കുകയായിരുന്നു. അതുമായി പൊരുത്തപ്പെടാൻ പ്രയാസമായിരുന്നെന്ന് ആര്യ തന്നെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഓരോരുത്തരുടെയും സന്തോഷം അവരുടെ കൈകളിലാണെന്ന് ഓർമ്മിപ്പിച്ചിരിക്കുകയാണ് നടി.
ആര്യയുടെ കുറിപ്പ്
കഴിഞ്ഞ വർഷം ഇതേ ദിവസം എന്റെ ജീവിതത്തിലെ വളരെ മോശം ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോയത്. വിഷാദം എന്നെ ഇത്രയധികം ഉലയ്ക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഞാൻ അനുഭവിച്ച വികാരങ്ങൾ വിശദീകരിക്കാൻ പോലും ബുദ്ധിമുട്ടാണ്. യുഎഇയിൽ തനിച്ച് ഒരു അപ്പാർട്ട്മെന്റിൽ, ആ ദിവസത്തെ അതിജീവിക്കാൻ എനിക്ക് മറ്റ് വഴികൾ ഉണ്ടായിരുന്നില്ല, ഒരു കുപ്പി വൈനും, ബാക്കിയുണ്ടായിരുന്ന കുറച്ച് ഭക്ഷണവും മാത്രം. അതേ ഞാൻ വല്ലാതെ തകർന്നുപോയി, എന്റെ അവസ്ഥ വളരെ മോശമായിരുന്നു, ഞാൻ എന്തെങ്കിലും കടുംകൈ ചെയ്യുമായിരുന്നു. പക്ഷെ എങ്ങനെയോ ഞാൻ അത് കടന്നുപോന്നു. എന്തോ പന്തികേടുണ്ടെന്ന് മനസ്സിലാക്കി വൈകുന്നേരത്തോടെ എന്റെ അടുക്കൽ വരാൻ തീരുമാനിച്ച ആ വ്യക്തിക്ക് നന്ദി.
ഇതായിരുന്നു എന്റെ കഴിഞ്ഞ ജന്മദിനം, എനിക്ക് 30 വയസ്സ് തികഞ്ഞ ദിവസം !!! പക്ഷെ ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ഞാൻ ശരിയായ തീരുമാനം എടുത്തിരുന്നെങ്കിൽ എല്ലാം മാറ്റൊന്നാകുമായിരുന്നു. എനിക്ക് എന്റെ സുന്ദരിയായ മകൾക്കും എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം കഴിയുകയും സന്തോഷകരമായ ജന്മദിനം ആഘോഷിക്കാമായിരുന്നു... പക്ഷെ എന്നെ വേണ്ടാത്ത ഒരാൾക്കൊപ്പം ജന്മദിനം ആഘോഷിക്കാനായി യുഎഇയിലേക്ക് യാത്രചെയ്യാൻ മാത്രം വിഡ്ഢിയായിരുന്നു ഞാൻ. തെറ്റായ തീരുമാനം എന്റേതായിരുന്നു. അതിന് ആരെയും കുറ്റപ്പെടുത്തേണ്ടതില്ല...
ഇന്ന് എന്നെ നോക്കൂ. എനിക്ക് ഇന്ന് 31 വയസ്സ് തികഞ്ഞു, എന്റെ മുഖത്ത് ഏറ്റവും അത്ഭുതകരമായ പുഞ്ചിരിയുണ്ട്, എന്റെ ഹൃദയം സ്നേഹവും സമാധാനവും നന്ദിയും കൊണ്ട് നിറഞ്ഞിരിക്കുന്നു. ജീവിതത്തിൽ ടോക്സിക് ആയ ആളുകൾ ഉണ്ടാകുന്നതിൽ കുഴപ്പമില്ല, കാരണം അപ്പോൾ മാത്രമേ യഥാർത്ഥ വ്യക്തികൾ ആരാണെന്ന് നിങ്ങൾക്ക് മനസ്സിലാകൂ. ഞാൻ ഉദ്ദേശിക്കുന്നത് നിങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ, നിങ്ങളെ കുറിച്ചോർക്കും എന്നാണു. ഞാൻ പറയാൻ ശ്രമിക്കുന്നത് ഇത്രമാത്രം, ചോയിസ് നിങ്ങളുടേതാണ്, സന്തോഷിക്കണോ അതോ നിങ്ങളുടെ ഹൃദയം തകർക്കണോ എന്ന്. എപ്പോഴും ഓർക്കുക നിങ്ങളുടെ സന്തോഷം നിങ്ങളുടെ കൈകളിലാണ് എപ്പോഴും വിവേകപൂർവ്വം തിരഞ്ഞെടുക്കാൻ സ്വയം ഓർമ്മിപ്പിക്കുക. നിങ്ങളെ നിരുപാധികമായി സ്നേഹിക്കുന്ന, എപ്പോഴും നിങ്ങളോടൊപ്പമുള്ള ആളുകളെ തിരഞ്ഞെടുക്കുക. ഇന്ന് ഞാൻ വളരെ സന്തുഷ്ടയാണ് എന്റെ 31 -ആം ജന്മദിനം എനിക്ക് ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും മികച്ചതായിരുന്നു. എനിക്ക് വേണ്ടപ്പെട്ടവരിൽ ചിലരെ മിസ് ചെയ്യുന്നു എങ്കിലും, എനിക്ക് സന്തോഷവും ഏറ്റവും പ്രധാനമായി സമാധാനവുമുണ്ട് എന്റെ പ്രിയപ്പെട്ട കുടുംബത്തിന് ഒരു വലിയ നന്ദിയും സ്നേഹവും കുടുംബത്തെപ്പോലുള്ള സുഹൃത്തുക്കൾ എപ്പോഴും എപ്പോഴും ഉണ്ടായിരുന്നതിനും എന്റെ സന്തോഷത്തിന് കാരണമായതിനും നന്ദി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates