

ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ഗ്രേസ് ആന്റണി (Grace Antony). കോമഡി റോളുകളും കാരക്ടർ വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന നടി കൂടിയാണ് ഗ്രേസ്. പറന്ത് പോ എന്ന ചിത്രമാണ് ഗ്രേസിന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രം. ജൂലൈ നാലിനാണ് ചിത്രം തിയറ്ററുകളിലെത്തുക. പൊതുവേ കണ്ടുവരുന്ന നായിക സങ്കല്പങ്ങൾക്ക് യോജിച്ച ആളല്ല താനെന്ന് പറയുകയാണിപ്പോൾ ഗ്രേസ്.
ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ഗ്രേസ് ഇക്കാര്യം തുറന്നു പറഞ്ഞത്. "കോമഡി വേഷങ്ങൾ ചെയ്യാൻ എനിക്ക് ആത്മവിശ്വാസമുണ്ട്. എന്നാൽ നമ്മുടെ സിനിമകളിൽ പൊതുവേ കണ്ടുവരുന്ന തരത്തിലുള്ള ടിപ്പിക്കൽ നായിക വേഷങ്ങൾ എനിക്ക് യോജിക്കില്ല.
പ്രായമുള്ള അല്ലെങ്കിൽ ദുർബലരായ കഥാപാത്രങ്ങളൊക്കെ അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. എന്റെ കഴിവുകളും പരിമിതികളുമൊക്കെ എന്താണെന്ന് എനിക്കറിയാം. അതുകൊണ്ട് തന്നെ എനിക്ക് കാരക്ടർ റോളുകളും കോമഡി വേഷങ്ങളുമൊക്കെ ചെയ്യാനാണ് കൂടുതൽ താല്പര്യം. മാത്രമല്ല, ഭാഗ്യം കൊണ്ട് മലയാള സിനിമയിൽ ഇതുവരെ നായിക എന്ന് പറയുന്നത് വെറും ഗ്ലാമർ കാണിക്കാൻ മാത്രമുള്ള ഒരു പാവയായി ചുരുങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ നായികയും സ്ത്രീ കേന്ദ്രീകൃത വേഷങ്ങളും തമ്മിൽ വലിയ അന്തരമില്ല". -ഗ്രേസ് ആന്റണി പറഞ്ഞു.
"അഭിനയത്തിന് പുറമേ താനൊരു ഭരതനാട്യം നർത്തകി കൂടിയാണെന്നും നൃത്തം തന്റെ അഭിനയ ജീവിതത്തെ വളരെ സഹായിച്ചിട്ടുണ്ടെന്നും ഗ്രേസ് കൂട്ടിച്ചേർത്തു. സ്റ്റേജിൽ കയറാനുള്ള എന്റെ പേടി മാറ്റിയത് നൃത്തമാണ്. എനിക്ക് നല്ല മെയ്വഴക്കമുണ്ടായി. അത് ശരിക്കും അഭിനയിക്കാൻ തുടങ്ങിയപ്പോൾ എന്റെ ആത്മവിശ്വാസം കൂട്ടിയെന്ന് വേണം പറയാൻ.
നമ്മളിപ്പോൾ ഭരതനാട്യം പെർഫോമൻസ് ചെയ്യുമ്പോൾ സ്റ്റേജിൽ അവസാനത്തെ നിരയിലിരിക്കുന്ന വ്യക്തിക്കു പോലും അത് ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ നമ്മൾ ഭാവങ്ങളൊക്കെ പ്രകടിപ്പിക്കണം. പക്ഷേ കാമറയ്ക്ക് മുന്നിലെത്തുമ്പോൾ അത്രയും ഭാവങ്ങളൊന്നും വേണ്ട. അതുകൊണ്ട് എന്റെ ആ ശീലമൊക്കെ ഞാനിപ്പോൾ കുറച്ചു".- ഗ്രേസ് ആന്റണി പറഞ്ഞു. "ഹാപ്പി വെഡ്ഡിങിലൂടെയാണ് ഞാൻ സിനിമയിലെത്തുന്നത്. അതിലെ എന്റെ റാഗിങ് സീൻ വൈറലായി മാറി.
ശരിക്കും ആ സിനിമയാണ് എനിക്ക് കൂടുതൽ കോമഡി വേഷങ്ങളും അതുപോലെ കുമ്പളങ്ങി നൈറ്റ്സുമൊക്കെ തന്നത്. എനിക്കും അതുപോലെ എന്നെപ്പോലെ വളർന്നുവരുന്ന് മറ്റ് അഭിനേതാക്കൾക്കും ആ സിനിമ ഒരു ഇൻസ്റ്റിറ്റ്യൂട്ട് തന്നെയായിരുന്നു.
ഷോട്ടുകളേക്കുറിച്ചും ആംഗിളുകളെക്കുറിച്ചുമൊക്കെ പഠിക്കുന്നത് അവിടെ നിന്നാണ്. ഒരു രംഗം ടു-ഷോട്ട് ആണോ അല്ലെങ്കിൽ വൈഡ് ആണോ അതോ ക്ലോസ് ആണോ എന്നതനുസരിച്ച് ശരീരം എത്രമാത്രം ചലിപ്പിക്കണമെന്നും എങ്ങനെ അഭിനയിക്കണമെന്നുമൊക്കെ ഞാൻ പഠിക്കുന്നത് അവിടെ നിന്നാണ്". -ഗ്രേസ് ആന്റണി കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
