

തന്റെ വീട്ടിലെ 14 നായകൾക്കുള്ള പരിഗണന പോലും തനിക്കും അമ്മയ്ക്കും വീട്ടിൽ ഇല്ലായിരുന്നുവെന്ന് നടി ലൗലി ബാബു. പത്തനാപുരം ഗാന്ധിഭവന്റെ വൈസ് ചെയർമാൻ അമൽ പങ്കുവച്ച വിഡിയോയിലാണ് ലൗലി ബാബു തന്റെ ദുരിത ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അമ്മയെ ഉപദ്രവിക്കുന്ന ലൗലി ബാബുവിന്റെ വിഡിയോ പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെയാണ് ഗാന്ധിഭവന്റെ വിഡിയോ എത്തിയിരിക്കുന്നത്. അമ്മയുടെ അവസ്ഥ കൂടുതൽ മോശമായി വന്നപ്പോൾ മനോനില തെറ്റി ജീവന് തുല്യം സ്നേഹിക്കുന്ന അമ്മയെപ്പോലും തനിക്ക് വേദനിപ്പിക്കേണ്ടി വന്നിട്ടുണ്ടെന്നും ലൗലി ബാബു വിഡിയോയിൽ പറയുന്നു. കുറച്ച് നാളുകൾക്ക് മുൻപാണ് ലൗലി അമ്മയേയും കൊണ്ട് ഗാന്ധിഭവനിൽ അഭയം തേടുന്നത്.
"എന്റെ വീട്ടിൽ 14 പട്ടിയുണ്ട് സാറേ. ഈ 14 പട്ടിക്കുള്ള പരിഗണന പോലും എനിക്കും എന്റെ അമ്മയ്ക്കും എന്റെ വീട്ടിൽ ഇല്ലായിരുന്നു. ഞാനൊരു വേലക്കാരി മാത്രമായിരുന്നു. വീട്ടു ചെലവ്, എന്റെ ചെലവ് ഇതിനിടയ്ക്ക് കാൻസർ വന്നപ്പോഴുള്ള ചികിത്സ, മക്കളുടെ പഠിത്തം. എന്റെ ഭർത്താവ് എപ്പോഴും പറയും പണമാണ് എന്റെ ദൈവമെന്ന്, പണമില്ലെങ്കിൽ ഒന്നുമില്ലെന്ന്.
പണമായിരുന്നു അദ്ദേഹത്തിന്റെ ദൈവം, ബന്ധങ്ങൾ അല്ല. ഒരു ദിവസം ഞാൻ 10 ദിവസം കഴിഞ്ഞേ വരത്തുള്ളൂ എന്ന് പറഞ്ഞു. ഞാൻ തിരിച്ചുവരുമ്പോൾ അമ്മ ഛർദ്ദിച്ചു കിടന്ന ആ ഛർദ്ദിൽ വരെ അവിടെ കിടപ്പുണ്ട്, പത്ത് ദിവസം. പിന്നെ ഞാൻ ഒരു ദിവസം ചെല്ലുമ്പോൾ ഡയപ്പർ മാറാതെ നാറ്റം വച്ച് എന്റെ അമ്മ കട്ടിലിൽ കുത്തിയിരിക്കുന്നു".- ലൗലി പറഞ്ഞു.
അമ്മയുടെ അവസ്ഥ കൂടുതൽ മോശമായി വന്നപ്പോൾ മനോനില തെറ്റി ജീവന് തുല്യം സ്നേഹിക്കുന്ന അമ്മയെപ്പോലും തനിക്ക് വേദനിപ്പിക്കേണ്ടി വന്നിട്ടുണ്ടെന്ന് അവർ പറയുന്നു. "ടോർച്ചറിങ്ങും ഹറാസ്മെന്റും ഭയങ്കരമാണ്. ഞാൻ മരിക്കാമെന്നാണ് ആദ്യം ആഗ്രഹിച്ചത്. പിന്നെ ഞാൻ ഓർത്തു, ഞാൻ മരിച്ചാൽ എന്റെ അമ്മ കിടന്നാൽ ഇതിനേക്കാൾ ഭയങ്കര മോശമായിരിക്കുമെന്ന്.
അപ്പോൾ രണ്ട് പേരും കൂടി അങ്ങ് തീർന്നേക്കാം എന്ന് കരുതി. പിറ്റേദിവസം അമ്മയ്ക്ക് മരുന്ന് വാങ്ങിക്കാൻ ഡോക്ടറുടെ അടുത്ത് ചെന്നപ്പോഴാണ് പറഞ്ഞത്. ചേച്ചി ഇതൊന്നും വേണ്ട, അപ്പോൾ ഞാൻ പറഞ്ഞു, ഞാൻ അമ്മയെ ഉപദ്രവിച്ചു. എനിക്ക് സഹിക്കാൻ പറ്റുന്നില്ല. മന:പൂർവം അല്ലല്ലോ, ചേച്ചിയുടെ മാനസികനില അങ്ങനെ ആയതു കൊണ്ടല്ലേ.
ഒന്നുകിൽ ചേച്ചി എങ്ങോട്ടെങ്കിലും മാറണം അമ്മയെയും കൊണ്ട് എന്ന് ഡോക്ടർ പറഞ്ഞു. അങ്ങനെയാണ് ഞാൻ ഇവിടെ വന്നത്. സത്യത്തിൽ ഗാന്ധിഭവൻ ഇല്ലായിരുന്നെങ്കിൽ വല്ല റെയിൽവേ സ്റ്റേഷനിലോ അല്ലേൽ വല്ല കുളത്തിലോ ഞങ്ങൾ ചാടി മരിച്ചു പോയേനെ. മക്കൾ ഇന്നും എന്നും എനിക്ക് ജീവൻ തന്നെയാണ്.
കർത്താവേ അവർക്കറിയാം അവരിപ്പോൾ ചെയ്തു പോകുന്നതാ. അവരോട് ക്ഷമിക്കണേ, നീ കണക്കിടരുത്. എന്റെ മക്കളോട് എനിക്കൊരു വൈരാഗ്യവുമില്ല. എന്റെ അനുഭവങ്ങളോ എന്റെ അമ്മയുടെ അനുഭവങ്ങളോ അവർക്ക് ഉണ്ടാകരുത് ഭാവിയിൽ.- ലൗലി പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates