

സിദ്ധാർത്ഥ ശിവ സംവിധാനം ചെയ്യുന്ന പാർവതി തിരുവോത്ത് ചിത്രം 'വർത്തമാനം' തിയേറ്റർ റിലീസിന് ഒരുങ്ങുന്നു. സെൻസർ ബോർഡ് തള്ളിയ ചിത്രം കേന്ദ്ര സെൻസർ ബോർഡ് റിവൈസിംഗ് കമ്മറ്റിയുടെ അനുമതിയോടെയാണ് റിലീസിനെത്തുന്നത്. ദേശവിരുദ്ധത ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ ചിത്രത്തിന് വിലക്ക് വന്നത്.
സ്വാതന്ത്ര്യ സമരസേനാനി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെക്കുറിച്ച് ഗവേഷണം നടത്താൻ ഡൽഹിയിലേക്കുപോയ മലബാറിൽ നിന്നുള്ള പെൺകുട്ടി നേരിടുന്ന പ്രയാസങ്ങളും പ്രതിസന്ധികളുമാണ് ചിത്രത്തിൻെറ ഇതിവൃത്തം. ഫൈസാ സൂഫിയ എന്ന ഗവേഷക വിദ്യാർത്ഥിനിയായി എത്തുന്നത് പാർവതിയാണ്. റോഷൻ മാത്യു, സിദ്ദിഖ് എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഫെബ്രുവരിയിൽ ചിത്രം തിയേറ്ററിലെത്തിക്കാനുള്ള ഒരുക്കത്തിലാണെന്ന് സിദ്ധാർത്ഥ് പറഞ്ഞു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസറും, ആര്യാടൻ ഷൗക്കത്തും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആര്യാടൻ ഷൗക്കതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. ചിത്രത്തെ ദേശവിരുദ്ധ സിനിമയാക്കി പ്രദർശനാനുമതി നിഷേധിക്കാനുള്ള ശ്രമമാണ് സെൻസർ ബോർഡ് അംഗവും ബിജെപി നേതാവുമായ അഡ്വ വി സന്ദീപ് കുമാർ നടത്തിയതെന്ന് അണിയറപ്രവർത്തകർ ആരോപിച്ചു. ഇയാളെ സെൻസർ ബോർഡിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകുമെന്നും അവർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates