"ഈ അമ്മച്ചിക്ക് വയസാം കാലത്ത് ഇതെന്തിന്റെ കേടാ!", എന്ന് ചോദിച്ച് രാജിനി ചാണ്ടിയെ വിമർശിക്കുന്നവരോട് താരത്തിന്റെ കിടിലൻ മറുപടിയെത്തി, ‘നിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പേ സ്വിം സ്യൂട്ടും ബിക്കിനിയുമൊക്കെ അണിഞ്ഞ് ഈ സീൻ വിട്ടതാണ്’. ഇതുകേട്ട് കണ്ണുമഞ്ഞളിച്ചിരുന്നവർക്ക് മുന്നിലേക്ക് ദേ ഫോട്ടോ സഹിതം തെളിവുമുണ്ട്.
അൻപത് വർഷം മുമ്പ് കടൽതീരത്ത് സ്വിം സ്യൂട്ട് അണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങൾ താരം ആരാധകർക്കായി പങ്കുവച്ചു. നടിയുടെ പുതിയ മേക്കോവർ ഫോട്ടോഷൂട്ടിനു നേരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ഇത്.
അറുപത് കഴിഞ്ഞ് ചട്ടയും മുണ്ടും ഇട്ടു സിനിമയിലേക്ക് വന്ന ആന്റി എന്ന നിലയിൽ തന്നെ കാണുന്നവരോട് പിൽക്കാല ജീവിതത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം. "1970 ൽ വിവാഹം കഴിഞ്ഞു ബോംബെയിൽ പോയപ്പോൾ ഇതുപോലെയൊന്നുമായിരുന്നില്ല ജീവിതം. നല്ല പൊസിഷനിൽ ജോലി ചെയ്തുകൊണ്ടിരുന്ന എന്റെ ഭർത്താവിന്റെ ഒപ്പം ഔദ്യോഗിക മീറ്റിങ്ങുകളിലും പാർട്ടികളിലും ഞാൻ പോയിരുന്നു. അവിടുത്തെ ലൈഫ് സ്റ്റൈൽ അനുസരിച്ച് വേഷവിധാനം ചെയ്തിരുന്നു. ഫോർമൽ മീറ്റിങ്ങിനു പോകുമ്പോൾ സാരി ധരിക്കും. എന്നാൽ കാഷ്വൽ മീറ്റിങ്ങിനും പാർട്ടിക്കും പോകുമ്പോൾ ജീൻസ് ടോപ്, മറ്റു മോഡേൺ വസ്ത്രങ്ങൾ എന്നിവ ധരിച്ചിരുന്നു. അതുപോലെ സ്വിം സ്യൂട്ട്, ബിക്കിനി ഒക്കെ ഇടേണ്ട അവസരത്തിൽ അതും ധരിക്കുമായിരുന്നു. വൈകുന്നേരങ്ങളിൽ ടാജിലും ഒബ്‌റോയ് ഹോട്ടലിലും ഒക്കെ കോക്ക്ടെയ്ൽ ഡിന്നറും മറ്റും ഉണ്ടായിരുന്നു. എന്റെ ചെറുപ്പകാലം ഇങ്ങനെയൊക്കെയായിരുന്നു. ഒട്ടുമിക്ക രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്. ഇപ്പോഴും ഞാൻ ജീൻസ് ടോപ്പ് ഒക്കെ ധരിക്കാറുണ്ട്. ഇങ്ങനെയാണ് ജീവിച്ചിരുന്നതെന്നു ആരോടും പറഞ്ഞു നടക്കേണ്ട ആവശ്യം ഇല്ലാത്തതുകൊണ്ട് ഞാൻ ആരോടും പറഞ്ഞില്ല, ഇപ്പോൾ പറയാൻ അവസരം വന്നതുകൊണ്ട് പറഞ്ഞു എന്നെ ഉള്ളൂ."
നെഗറ്റിവ് കമന്റ് ഇടുന്നവർക്ക് താൻ എങ്ങനെ ജീവിക്കണം എന്ന് പറയാൻ അധികാരമില്ലെന്ന് പറയുകയാണ് രാജിനി. മറ്റുള്ളവരെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞു സ്വന്തം ജീവിതം നശിപ്പിക്കുന്നതെന്നു എന്തിനാണെന്നാണ് ഇവരോടുള്ള താരത്തിന്റെ ചോദ്യം. "നിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പേ എനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിച്ച് ഇപ്പോഴും നന്നായി ജീവിതം കൊണ്ടു പോകുന്ന ഒരാളാണ്. കുടുംബ ജീവിതത്തിലായാലും സാമൂഹ്യ ജീവിതത്തിലായാലും ഞാൻ സന്തോഷവതിയാണ്", രാജിനി ചാണ്ടി പറയുന്നു. ജീവിതം തനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാനാണ് തീരുമാനമെന്നും അവർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates