

ബംഗലൂരു: ബ്ലാക്ക് മെയിലിങ്ങിന് ഇരയായാണ് താന്‍ സ്വര്‍ണക്കടത്ത് നടത്തിയതെന്ന് കന്നഡ നടി രന്യ റാവു. ചോദ്യം ചെയ്യലിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. ബംഗലൂരു ലാവലി റോഡിലെ അപാര്‍ട്ട്‌മെന്റില്‍ പരിശോധന നടത്തിയ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ 2.06 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും 2.67 കോടി രൂപയും പിടിച്ചെടുത്തു.
സ്വര്‍ണവും പണവും ഉള്‍പ്പെടെ 17.29 കോടിയുടെ വസ്തുക്കളാണ് ഇതുവരെ പിടികൂടിയിട്ടുള്ളത്. മൂന്ന് വലിയ പെട്ടികളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട നടി രന്യ റാവുവിനെ പരപ്പന അഗ്രഹാര ജയിലില്‍ അടച്ചു. ദുബായില്‍ നിന്നും സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെ ഞായറാഴ്ച വൈകീട്ടാണ് രന്യ റാവുവിനെ ബംഗലൂരു വിമാനത്താവളത്തില്‍ വെച്ച് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
14.2 കിലോ സ്വര്‍ണമാണ് രന്യ റാവുവില്‍ നിന്നും കണ്ടെടുത്തത്. ശരീരത്തില്‍ അണിഞ്ഞും വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. വിപണിയില്‍ 12.56 കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. കഴിഞ്ഞ വര്‍ഷം 30 തവണയാണ് രന്യ റാവു വിദേശയാത്ര നടത്തിയത്. ഓരോ തവണയും സ്വര്‍ണം കടത്തി. ഓരോ യാത്രയിലും 12 മുതല്‍ 13 ലക്ഷം രൂപ വരെയാണ് രന്യ റാവു സമ്പാദിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
കടത്തുന്ന സ്വര്‍ണത്തിന് ഒരു കിലോയ്ക്ക് ഒരു ലക്ഷം രൂപയാണ് നടി പ്രതിഫലമായി ഈടാക്കിയിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നടിക്കോ ഭര്‍ത്താവിനോ വിദേശത്ത് അടുത്ത ബന്ധുക്കള്‍ ഒന്നും ഇല്ലാതിരുന്നിട്ടും, അടിക്കടിയുള്ള ഗള്‍ഫ് യാത്രകളാണ് ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ടാക്കിയത്. തുടര്‍ന്നാണ് നടിയെ നിരീക്ഷിക്കാന്‍ തുടങ്ങിയത്. കര്‍ണാടകയിലെ ഉന്നത ഐപിഎസ് ഓഫീസറുടെ മകളായതിനാല്‍ പൊലീസ് എസ്‌കോര്‍ട്ടോടെ പരിശോധന ഒഴിവാക്കിയാണ് രന്യ റാവു വിമാനത്താവളത്തില്‍ നിന്നും പുറത്തു കടന്നിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates