

കേരളത്തിലെ എല്ലാ സർവകലാശാലകളിലും ആർത്തവ അവധി പ്രഖ്യാപിച്ച ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ കേരളം ഒന്നാകെയാണ് ഏറ്റെടുത്തത്. 18 വയസ് കഴിഞ്ഞ വിദ്യാർഥിനികൾക്ക് രണ്ട് മാസത്തെ പ്രസവ അവധിയും അനുവദിച്ചു. സർക്കാരിന്റെ ഈ തീരുമാനത്തെ പ്രശംസിച്ചും ഒപ്പം ഒരു അഭ്യർഥനയുമായി നടി സീമ ജി നായർ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.
സർക്കാർ കൈക്കൊണ്ട ഈ തീരുമാനം പ്രശംസനീയമാണ്. എന്നാൽ കോളജ് വിദ്യാർഥിനികളെ പരിഗണിക്കുന്നതിനൊപ്പം സ്കൂൾ വിദ്യാർഥിനികളെയും ഒന്ന് പരിഗണിച്ചു കൂടെ എന്നാണ് സീമയുടെ ചോദ്യം. ആർത്തവം എന്താണെന്ന് മനസ്സിലാകും മുന്നേ തന്നെ കുട്ടികൾക്ക് അത് വന്നു തുടങ്ങും. അവരുടെ പ്രായവും അവർ നേരിടുന്ന ബുദ്ധിമുട്ടും കണക്കിലെടുത്ത് ഈ തീരുമാനത്തിൽ സ്കൂൾ വിദ്യാർഥിനികളെ കൂടി ഉൾകൊള്ളിക്കണമെന്നാണ് സീമയുടെ അഭ്യർഥന.
സീമ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്
ശുഭദിനം.. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി "ആർത്തവാവധി" അനുവദിച്ചു കൊണ്ടുള്ള പ്രസ്താവനകൾ കണ്ടു.. വളരെ നല്ല ഒരു തീരുമാനം ആണ് മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായത്.. ആർത്തവ സമയത്ത് ഭൂരിഭാഗം സ്ത്രീകൾക്കും ഉണ്ടാവുന്ന ശാരീരിക മാനസിക അവസ്ഥകൾ ഭീകരം ആയിരിക്കും.. ആ വേദനകൾ താങ്ങാനാവാതെ പലരും കുഴഞ്ഞു വീഴുന്നത് കണ്ടിട്ടുണ്ട്..
ഛർദിൽ, തലവേദന, നടുവ് വേദന ഇങ്ങനെ ഒരു നീണ്ട വേദനകളുടെ അനുഭവം പലർക്കും ഉണ്ടാകും.. ഹോസ്പിറ്റലിൽ അഡ്മിറ്റാവുന്ന കേസുകൾ വരെ കണ്ടിട്ടുണ്ട്.. പക്ഷെ എന്റെ ഒരു ചെറിയ അഭിപ്രായത്തിൽ കോളേജുകളിയെയും സർവ്വകലാശാലകളിലെയും കുട്ടികൾ കുറച്ചും കൂടി മെച്വർഡ് ആണ്.. വേദനകൾ സഹിക്കാൻ ഒരു പരിധി വരെ അവർ പ്രാപ്തരായിരിക്കും.. അവരെ പരിഗണിക്കുമ്പോൾ നമ്മുടെ സ്കൂളുകളിൽ പഠിക്കുന്ന കുഞ്ഞുങ്ങളുടെ കാര്യമോ ? ഇപ്പോൾ 10 വയസ്സ് മുതൽ ആർത്തവം വന്നു തുടങ്ങുന്നുണ്ട്..
ആർത്തവം എന്താണെന്നു മനസ്സിലാകും മുന്നേ തന്നെ കുട്ടികൾക്ക് അത് വന്നു തുടങ്ങും.. പണ്ടൊക്കെ 14/15 വയസ്സിൽ ആവും ഇതൊക്കെ വരുക.. 10 വയസ്സിലൊക്കെ വരുന്നത് ഇപ്പൊളത്തെ ജീവിത സാഹചര്യങ്ങളും ഭക്ഷണത്തിൽ വന്ന മാറ്റങ്ങളും കൊണ്ടാവാം.. ഞാൻ പറഞ്ഞു വന്നത് സ്കൂൾ കുഞ്ഞുങ്ങളെയും കൂടി ഒന്ന് പരിഗണിച്ചു കൂടെ.. ആദ്യത്തെ രണ്ട് മൂന്ന് ദിവസങ്ങളിൽ 10 വയസ്സുള്ള ഈ കുഞ്ഞുങ്ങൾക്കൊക്കെ എങ്ങനെ ഈ വേദനകൾ താങ്ങാൻ പറ്റും..
സമൂഹത്തിൽ ഒരു ചലനം സൃഷ്ടിക്കുന്ന ഈ മാറ്റങ്ങൾ കൊണ്ടുവന്ന എല്ലാവർക്കും എന്റെ അഭിവാദ്യങ്ങൾ.. എന്റെ ഈ കുറിപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുമെന്ന് വിശ്വസിക്കുന്നു.. ഇതിന്റെ സാങ്കേതിക വശങ്ങൾ എനിക്കറിയില്ല, എന്റെ എളിയ അഭിപ്രായം പറഞ്ഞുവെന്നു മാത്രം.. എല്ലാവർക്കും നന്മകൾ നേരുന്നു..
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates