

ഇന്നത്തെ സിനിമയില്‍ തമാശ ഇല്ലെന്ന് നടന്‍ സലിംകുമാര്‍. ഇപ്പോള്‍ പൊളിറ്റിക്കല്‍ കറക്ട്‌നസ് വിലങ്ങുതടിയാകുമെന്നും ഒരാളെ കഷണ്ടിത്തലയാ എന്നു വിളിക്കാന്‍ പറ്റാത്ത അവസ്ഥയാണ് എന്നുമാണ് സലിംകുമാര്‍ പറയുന്നത്. ദേശിയ പുരസ്‌കാരം ലഭിച്ചതിനു ശേഷം തനിക്ക് സിനിമയില്‍ നിന്ന് കോമഡി വേഷങ്ങള്‍ കിട്ടാതായെന്നും താരം കൂട്ടിച്ചേര്‍ത്തു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു.
ഇന്നത്തെ സിനിമയില്‍ തമാശ ഇല്ല. എഴുതാന്‍ ആളില്ലാത്ത അവസ്ഥയാണ്. ആളുകളുടെ ജീവിതത്തില്‍ തമാശയ്ക്കുള്ള അവസരങ്ങള്‍ ഇല്ലാതായി. ഒരു കമ്പ്യൂട്ടറും മൊബൈലും വെച്ചിട്ട് ഒരു മുറിക്കുള്ളില്‍ ഇരുക്കാന്‍ ഒരിക്കലും കോമഡിയുണ്ടാവില്ല. ഇപ്പോള്‍ എല്ലാത്തിനും വിലങ്ങുതടിയുണ്ട്. ഒരാളെ കഷണ്ടിത്തലയാ എന്നു വിളിക്കാന്‍ പറ്റില്ല. കറുത്തവന്‍ എന്നുവിളിക്കാന്‍ പറ്റില്ല. ഓരോ വാക്കിലും പൊളിറ്റിക്കല്‍ കറക്റ്റ്‌നസ് കണ്ടുപിടിക്കുകയാണ്. ഏതു വാക്കില്‍ കേസെടുക്കുമെന്ന് അറിയില്ല. ഒരു ചട്ടക്കൂട്ടില്‍ ഉണ്ടാക്കേണ്ടതല്ല തമാശ. അതിന് അതിര് പാടില്ല.
ബോഡിഷെയ്മിങ് പാടില്ല പക്ഷേ എന്തിനും ഏതിനും ബോഡിഷെയ്മിങ് എന്നു പറയരുത്. മമ്മൂട്ടിക്കുവരെ മുടിയില്ലാത്തവന്‍ എന്നു പറഞ്ഞതിന് സോറി പറയേണ്ടിവന്നു. കഷണ്ടി പുരുഷന്റെ ഉത്തമ ലക്ഷണമാണെന്ന് ചെറുപ്പത്തില്‍ പഠിച്ചിട്ടുണ്ട്. അയാളെ കഷണ്ടി എന്നുവിളിക്കുന്നത് എങ്ങനെയാണ് ബോഡി ഷെയ്മിങ് ആകുന്നത്. ജീവിതാനുഭവങ്ങളില്‍ നിന്നാണ് തമാശയുണ്ടാകുകയൊള്ളു.- സലിംകുമാര്‍ പറഞ്ഞു.
സിനിമയിലും പുറത്തും തന്നെ ഏറ്റവും ചിരിപ്പിക്കുന്നത് ഇന്നസെന്റാണ് എന്നാണ് സലിംകുമാര്‍ പറയുന്നത്. ഇന്നസെന്റ് ചേട്ടന്റെ തമാശകേട്ടാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ചിരിച്ചിട്ടുള്ളത്. ഇന്നസെന്റിന്റെ ചില ചേഷ്ടകള്‍ എല്ലാം എനിക്ക് ഇഷ്ടമാണ്. അതുപോലെ കുതിരവട്ടം പപ്പുവിനേയും ഇഷ്ടമാണെന്നും താരം പറഞ്ഞു.
സിനിമയില്‍ സീരിയസ് കഥാപാത്രങ്ങള്‍ ചെയ്യുന്നത് കോമഡി റോള്‍ ഇല്ലാത്തതുകൊണ്ടാണ് എന്നാണ് സലിംകുമാര്‍ പറയുന്നത്. തനിക്ക് താല്‍പ്പര്യം തമാശ കഥാപാത്രങ്ങള്‍ ചെയ്യാനാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ സിനിമയില്‍ ജീവിതങ്ങളോ തമാശയോ ഇല്ല. യുവാക്കള്‍ക്കുവേണ്ടിയുള്ള സിനിമയാണ്. ജീവിതം എന്നുപറഞ്ഞാല്‍ അത് മാത്രമല്ലല്ലോ. മോശമാണ് അത് എന്നല്ല. കുടുംബങ്ങളൊന്നും തിയറ്ററിലേക്ക് വരാതെയായെന്നും സലിംകുമാര്‍ പറഞ്ഞു. ആളുകള്‍ ഇപ്പോഴും തന്നെവിളിച്ച് വേഷങ്ങള്‍ തരുന്നുണ്ടെന്നും എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് ചെയ്യാത്തതെന്നും താരം വ്യക്തമാക്കി.
പഴയ കാലത്തു നിന്ന് ഇന്നത്തെ മലയാള സിനിമയില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടില്ല എന്നാണ് താരം പറയുന്നത്. കെജി ജോര്‍ജോ, അരവിന്ദനോ അടൂര്‍ ഗോപാലകൃഷ്ണനോ കൊണ്ടുവന്ന മാറ്റങ്ങളൊന്നും ഇവിടെ പുതിയ തലമുറയിലുള്ളവര്‍ കൊണ്ടുവന്നിട്ടില്ല. മാറ്റങ്ങള്‍ എന്നു വെറുതെ പറയുന്നത്. ഭരതന്‍, പത്മരാജന്‍ ചെയ്തതിന്റെ മറ്റൊരു രൂപമല്ലെ ഉണ്ടാകുന്നുള്ളൂ. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുന്നു എന്നേയുള്ളൂ. നമ്മള്‍ നമ്മുടെ കാലത്തെ സ്വര്‍ഗീയമായ തലമുറയെന്ന് പറയും. ഇപ്പോഴുള്ളവര്‍ അവരുടേതാണെന്ന് പറയും.- സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates