

ദൃശ്യം ത്രീയില്‍ നിന്നും പിന്മാറിയ അക്ഷയ് ഖന്നയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ച് നിര്‍മാതാക്കളായ പനോരമ സ്റ്റുഡിയോസ്. നിര്‍മാതാവ് കുമാര്‍ മങ്കത് പഥക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തങ്ങളുമായുള്ള കരാര്‍ ലംഘിച്ചു കൊണ്ട് ചിത്രത്തില്‍ നിന്നും അക്ഷയ് ഖന്ന പിന്മാറിയെന്നാണ് മങ്കത് പറയുന്നത്. മെസേജ് അയച്ചാണ് അക്ഷയ് ഖന്ന അറിയിച്ചതെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ മാസമാണ് അക്ഷയ് ഖന്നുമായി ദൃശ്യം ത്രീയില്‍ അഭിനയിക്കാന്‍ കരാറില്‍ ഒപ്പിടുന്നത്. അഡ്വാന്‍സും നല്‍കിയിരുന്നു. അക്ഷയ് ഖന്ന പിന്മാറിയതോടെ ചിത്രത്തിലേക്ക് ജയ്ദീപ് അഹ്ലാവത്തിനെ കാസ്റ്റ് ചെയ്തതായും നിര്‍മാതാവ് അറിയിച്ചു. അഭിഷേക് പഥക് എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദൃശ്യം 3. സ്റ്റാര്‍ സ്റ്റുഡിയോ 18 നാണ് വിതരണം. മലയാളത്തില്‍ ദൃശ്യം 3യുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു.
രണ്ട് വര്‍ഷമായി തങ്ങള്‍ ദൃശ്യം 3യ്ക്കായി ജോലി ചെയ്തു വരികയാണ്. കഥ അക്ഷയ് ഖന്നയുമായി നേരത്തെ സംസാരിക്കുകയും അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. കരാറില്‍ ഒപ്പിടും മുമ്പായി രണ്ടാം ഭാഗത്തേക്കാള്‍ മൂന്നിരട്ടി പ്രതിഫലമാണ് അക്ഷയ് ഖന്ന ആവശ്യപ്പെട്ടത്. അത് സമ്മതിച്ചതോടെയാണ് കരാറില്‍ ഒപ്പിട്ടതെന്നും മങ്കത് പറയുന്നു.
മലയാളത്തില്‍ മുരളി ഗോപി അവതരിപ്പിക്കുന്ന കഥാപാത്രമാണ് ഹിന്ദിയില്‍ അക്ഷയ് ഖന്ന അവതരിപ്പിക്കുന്നത്. രണ്ടാം ഭാഗത്തില്‍ അജയ് ദേവഗ്ണും അക്ഷയ് ഖന്നയും തമ്മിലുള്ള ക്യാറ്റ് ആന്റ് മൗസ് ഗെയിം ആയിരുന്നു സിനിമയുടെ യുഎസ്പി. അതുകൊണ്ട് തന്നെ താരം പിന്മാറുമ്പോഴത് സിനിമയെ സാരമായി തന്നെ ബാധിക്കും. അക്ഷയ് ഖന്ന ദൃശ്യം ത്രീയ്ക്കായി 21 കോടി രൂപ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതിഫലത്തെ ചൊല്ലി മാത്രമല്ല ഖന്നയുടെ ചിത്രത്തിലെ ലുക്കിനെ ചൊല്ലിയും വാക്ക് തര്‍ക്കമുണ്ടായിട്ടുണ്ടെന്നാണ് നിര്‍മാതാവ് പറയുന്നത്. തനിക്ക് വിഗ്ഗ് വേണമെന്ന് അക്ഷയ് ഖന്ന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് കഥാപാത്രത്തെ ബാധിക്കുമെന്നതിനാല്‍ തങ്ങള്‍ സമ്മതിച്ചില്ലെന്നാണ് നിര്‍മാതാവ് പറയുന്നത്. കരാറില്‍ ഒപ്പിട്ടപ്പോള്‍ ഈ സിനിമ 500 കോടി നേടുമെന്ന് പറഞ്ഞ് സന്തോഷത്തോടെയാണ് അക്ഷയ് ഖന്ന സംവിധായകന്‍ അഭിഷേകിനെ കെട്ടിപ്പിടിച്ചതെന്നും നിര്‍മാതാവ് ഓര്‍ക്കുന്നുണ്ട്.
അക്ഷയ് ഖന്നയുടെ അലിബാഗിലെ ഫാം ഹൗസില്‍ വച്ചാണ് കരാറില്‍ ഒപ്പിട്ടത്. എന്നാല്‍ കഴിഞ്ഞ ദിവസം ഞാന്‍ ഈ സിനിമ ചെയ്യുന്നില്ല എന്ന് അക്ഷയ് ഖന്ന മെസേജ് അയക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ബന്ധപ്പെടാന്‍ പലവട്ടം ശ്രമിച്ചുവെങ്കിലും നടന്നില്ലെന്നും നിര്‍മാതാവ് പറയുന്നു. ധുരന്ധറിന്റെ റിലീസിന് രണ്ട് ദിവസം മുമ്പാണ് അക്ഷയ് ഖന്ന മെസേജ് അയച്ചതെന്നും അദ്ദേഹം പറയുന്നുണ്ട്.
ഇതോടെയാണ് താരത്തിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായതെന്നും അദ്ദേഹം പറയുന്നു. വക്കീല്‍ നോട്ടീസിനോടും അക്ഷയ് ഖന്ന ഇതുവരേയും പ്രതികരിച്ചിട്ടില്ല. സിനിമയുടെ ചിത്രീകരണം ഡിസംബര്‍ 18ന് തന്നെ ആരംഭിച്ചിരുന്നു. ഖന്നയുടെ വസ്ത്രത്തിന്റേയും ലുക്കിന്റേയും ജോലികള്‍ പുരോഗമിച്ചു വരികെയാണ് പിന്മാറ്റം. ധുരന്ധറിന്റെ വിജയം ഖന്നയുടെ തലയ്ക്ക് പിടിച്ചിരിക്കുകയാണെന്നും നിര്‍മാതാവ് പറയുന്നു.
അക്ഷയ് ഖന്നയ്‌ക്കൊപ്പം നേരത്തെ ആക്രോഷ്, സെക്ഷന്‍ 375 എന്നീ സിനിമകള്‍ ചെയ്തിട്ടുള്ളയാളാണ് മങ്കത്. അന്നൊന്നും തങ്ങള്‍ക്കിടയില്‍ യാതൊരു അഭിപ്രായ ഭിന്നതയും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം 2026 ഒക്ടോബര്‍ രണ്ടിനാണ് ദൃശ്യം ത്രീയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates