40 തൊഴിലാളികൾ, 70 ദിവസം!; ആ ഭീമൻ പരവതാനിക്ക് പിന്നിൽ ആലപ്പുഴയിലെ നെയ്ത്തുകാർ|Met Gala 2025

മെറ്റ് ​ഗാല ഫാഷന്‍ ഇവൻ്റിലെ പിന്നാമ്പുറക്കാഴ്ചകളും ശ്രദ്ധേയമാണ്.
Met Gala
മെറ്റ് ​ഗാലഇൻസ്റ്റ​ഗ്രാം
Updated on
2 min read

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാഷൻ ഇവന്റ് ആണ് മെറ്റ് ​ഗാല. സെലിബ്രിറ്റികള്‍, ഫാഷന്‍ ഡിസൈനര്‍മാര്‍, ഗായകര്‍ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവരെ അണിനിരത്തിയാണ് ഫാഷന്‍ വിസ്മയം അരങ്ങേറുന്നത്. ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടിൽ ആണ് ഇവന്റ് നടക്കുന്നത്. മെറ്റ് ​ഗാല ഫാഷന്‍ ഇവൻ്റിലെ പിന്നാമ്പുറക്കാഴ്ചകളും ശ്രദ്ധേയമാണ്. ലോകശ്രദ്ധ പിടിച്ചുപറ്റുന്ന ഫാഷൻ മാമാങ്കത്തിന് നമ്മുടെ കേരളത്തിന്റെ കൂടി കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. മെറ്റ് ഗാലയിലെ വെള്ള നിറത്തിലെ ഭീമൻ പരവതാനി നെയ്തത് ആലപ്പുഴയിൽ നിന്നാണ്.

ആലപ്പുഴ ചേർത്തലയിലുള്ള ‘എക്‌സ്ട്രാവീവ്’ എന്ന നെയ്ത്ത് സ്ഥാപനമാണ് ഈ വെള്ള പരവതാനിക്ക് പിന്നിൽ. തുടർച്ചയായ രണ്ടാം തവണയാണ് എക്സ്ട്രാവീവ് മെറ്റ് ​ഗാലയിൽ സാന്നിധ്യമറിയിക്കുന്നത്. 106 വർഷം പാരമ്പര്യമുള്ള ഇവർ ബക്കിംഗ്ഹാം കൊട്ടാരം, വൈറ്റ് ഹൗസ്, വിവിധ സെലിബ്രിറ്റികൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ എന്നിവയ്ക്ക് ഉൾപ്പെടെ പരവതാനികൾ നെയ്ത് നൽകിയിട്ടുണ്ട്.

ലോകത്തിലെ തന്നെ അതിപ്രശസ്തരായ ഡിസൈനർമാരുമായി സഹകരിച്ചു കൊണ്ട് പ്രശസ്തരായ സെലിബ്രിറ്റികൾ പങ്കെടുക്കുന്ന മെറ്റ് ​ഗാല ഫാഷൻ ഇവന്റ് ഓരോ വർഷവും ഓരോ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് സംഘടിപ്പിക്കുക. 2023 ൽ അന്തരിച്ച ജർമ്മൻ ഡിസൈനർ കാൾ ലാഗർഫെൽഡിന് ആദരമർപ്പിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ഡിസൈനുകളായിരുന്നു പ്രമേയം.

ഇതിനോട് നീതിപുലർത്തുന്ന രീതിയിൽ വെളുത്ത നിറമുള്ള പരവതാനി ചെയ്യണമെന്ന് സംഘാടകർ പ്രത്യേകം പറഞ്ഞിരുന്നു എന്ന് നെയ്ത്തിന്റെ സ്ഥാപകനും എക്സ്ട്രാവീവിന്റെ ഡയറക്ടറുമായ ശിവൻ സന്തോഷ് ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. 1917 മുതൽ തങ്ങൾ ഈ രം​ഗത്തുള്ളവരാണെന്നും ഈ വർഷത്തെ ഡിസൈനുകൾ പോലും പതിവിൽ നിന്ന് വ്യത്യസ്തമായിരുന്നുവെന്നും സന്തോഷ് കൂട്ടിച്ചേർത്തു.

"എന്റെ മുത്തച്ഛൻ കെ വേലായുധൻ 1917-ൽ ദ് ട്രാവൻകൂർ മാറ്റ്സ് ആൻഡ് മാറ്റിങ് കമ്പനി ആരംഭിച്ചു. 2000-ൽ എന്റെ അച്ഛൻ എക്സ്ട്രാവീവ് തുടങ്ങി. രണ്ട് വർഷം മുമ്പ് ഞാൻ നെയ്ത്ത് സ്ഥാപിച്ചു," -ശിവൻ പറഞ്ഞു. “അമേരിക്കയിൽ വിവിധ ഹൈ-എൻഡ് പ്രൊജക്ടുകൾ ചെയ്യുന്ന ഞങ്ങളുടെ കസ്റ്റമേഴ്സിൽ ഒരാളായ ഫൈബർ വർക്ക്സ് എന്ന കമ്പനി വഴിയാണ് ഞങ്ങൾക്ക് മെറ്റ് ഗാല വർക്ക് ലഭിച്ചത്. മഡഗാസ്കറിൽ നിന്ന് ഇറക്കുമതി ചെയ്ത അഗേവ് കള്ളിമുൾച്ചെടിയുടെ പുറംതൊലിയിൽ നിന്ന് ലഭിക്കുന്ന സിസില നാരുകൾ കൊണ്ടാണ് ഈ വർഷത്തെ മെറ്റ് ഗാലയ്ക്കുള്ള പരവതാനി നിർമ്മിച്ചത്," ശിവൻ വ്യക്തമാക്കി.

"58 റോളുകളായി ഏകദേശം 7000 സ്‌ക്വയർ മീറ്റർ കാർപ്പറ്റാണ് മെറ്റ് ​ഗാലയ്ക്കായി എക്‌സ്ട്രാവീവ്‌ നിർമിച്ചു നൽകിയത്. ഓരോന്നിനും 30 മീറ്റർ നീളവും 4 മീറ്റർ വീതിയുമുണ്ട്. 40 തൊഴിലാളികൾ ചേർന്ന് 70 ദിവസം കൊണ്ടാണ് ഇത് നെയ്ത് എടുത്തത്. ന്യൂയോർക്കിലെ കരകൗശല വിദഗ്ധർ സ്റ്റെൻസിൽ കൈ കൊണ്ട് പെയിന്റ് ചെയ്തു," ശിവൻ പറഞ്ഞു.

"കമ്പിളി കൊണ്ടുള്ള പരവതാനിയിൽ നിന്ന് മാറി പ്രകൃതിദത്ത നാരുകൾ ഉപയോ​ഗിച്ചുള്ള പരവതാനിയിലേക്ക് മാറാൻ മെറ്റ് ഗാല അടുത്തിടെ തീരുമാനിച്ചു. "കഴിഞ്ഞ വർഷം, ഫൈബർ ഉപയോഗിച്ച് ചുവപ്പ് നിറത്തിലുള്ള പരവതാനി ഞങ്ങൾ നിർമ്മിച്ചു," ശിവൻ വ്യക്തമാക്കി.

കാൾ ലാഗർഫെൽഡ്: എ ലൈൻ ഓഫ് ബ്യൂട്ടി എന്നതിന് ആദരസൂചകമെന്ന നിലയിൽ എസ് ആകൃതിയിലുള്ള വരകളും പരവതാനിയിൽ ചെയ്തിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ പ്രശസ്ത ഇംഗ്ലീഷ് ചിത്രകാരനായ വില്യം ഹൊഗാർത്താണ് 'എസ്' ആകൃതിയിലുള്ള വളഞ്ഞ വരകൾ ഉൾക്കൊള്ളുന്ന 'ലൈൻ ഓഫ് ബ്യൂട്ടി' എന്ന സൗന്ദര്യശാസ്ത്രം അവതരിപ്പിച്ചത്.

ഒഴുകുന്ന തരത്തിലുള്ള വരകളുള്ളപ്പോൾ അത് ആളുകൾ കൂടുതൽ ശ്രദ്ധിക്കുകയും അതുപോലെ ഒരു ലൈവ് ലുക്ക് നൽകുമെന്നും ശിവൻ വ്യക്തമാക്കി. ആലപ്പുഴയിൽ നെയ്‌തെടുത്ത കാർപ്പറ്റുകൾ ലോകത്തിന്റെയാകെ മനംകവർന്നുവെന്ന് മന്ത്രി പി രാജീവ് എക്സ്ട്രാവീവിനെ അഭിനന്ദിച്ചു കൊണ്ട് 2023 ൽ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com